സ്വാമിനാഥന്‍: ഹരിത വിപ്ലവത്തിന്റെ മറുപേര്

സ്വാമിനാഥന്‍: ഹരിത വിപ്ലവത്തിന്റെ മറുപേര്

ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കുന്ന അന്താരാഷ്ട്ര സംഘടനകളുടെ 16 പ്രതിനിധികളുമായി റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ജോര്‍ജ് ഹറാര്‍ ഇറ്റലിയിലെ ബെല്ലാജിയോ പട്ടണത്തില്‍ ഒരു സമ്മേളനം നടത്തി; 1969 ഏപ്രിലില്‍. കാര്‍ഷിക ഗവേഷണത്തില്‍ ലോകമെമ്പാടുമുള്ള നേട്ടങ്ങള്‍ അവര്‍ വിലയിരുത്തി. ''കരുത്തുറ്റ, രോഗപ്രതിരോധശേഷിയുള്ള, വേഗം വളരുന്ന, രാസവളങ്ങളോടു പ്രതികരിക്കുന്ന'' യു.എസ് കാര്‍ഷിക ശാസ്ത്രജ്ഞന്‍ നോര്‍മന്‍ ബോര്‍ലോഗിന്റെ വിളയിനങ്ങളിലാണ് ആ യോഗത്തിന്റെ നോട്ടം പതിഞ്ഞത് എന്ന് അതില്‍ പങ്കെടുത്ത ലോവല്‍ എസ്. ഹാര്‍ഡിന്‍ വര്‍ഷങ്ങള്‍ക്കു ശേഷം 2008-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അത്യുല്പാദനശേഷിയുള്ള (എച്ച്.വൈ.വി) വിത്തിനങ്ങളുടെ വ്യാപക കൃഷിയിലൂടെ ഇന്ത്യയും പാകിസ്താന്‍ ഉള്‍പ്പെടെ വികസ്വര രാജ്യങ്ങളിലെ ഭക്ഷ്യക്ഷാമം പരിഹരിക്കുക എന്ന ആഗോള ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ ആരംഭം ബെല്ലാജിയോ സമ്മേളനം ആയിരുന്നു. ഉല്പാദനമികവില്‍ ഊന്നിയ ഈ കാര്‍ഷിക മുന്നേറ്റത്തെ 'ഹരിതവിപ്ലവം' എന്ന് ആദ്യമായി വിശേഷിപ്പിച്ചത് യു.എസ്. എയ്ഡ് എന്ന അന്താരാഷ്ട്ര ഏജന്‍സിയുടെ ചുമതലക്കാരില്‍ ഒരാളായ വില്യം എസ്. ഗോഡ് ആണ്. 1970-ല്‍ നോര്‍മന്‍ ബോര്‍ലോഗിനെ ഈ മുന്നേറ്റം നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കി. നൊബേല്‍ പുരസ്‌കാരം സ്വീകരിക്കുന്നതിനു മുന്‍പ് അദ്ദേഹം തന്റെ ഇന്ത്യക്കാരനായ സുഹൃത്തിന് ഇങ്ങനെ എഴുതി: ''ഹരിതവിപ്ലവത്തിന്റെ വിജയം അനേകം സംഘടനകളുടേയും ശാസ്ത്രജ്ഞരുടേയും കൃഷിക്കാരുടേയും കൂട്ടായ പരിശ്രമമാണ്. എങ്കിലും ഡോ. സ്വാമിനാഥന്‍, ഈ സമ്മാനത്തിന്റെ പങ്ക് താങ്കള്‍ക്കും അവകാശപ്പെട്ടതാണ്. താങ്കള്‍ മെക്സിക്കോയിലെ ഈ കുള്ളന്‍ ഇനങ്ങളെ കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ ഏഷ്യയിലെ ഹരിതവിപ്ലവം അസാധ്യമാകുമായിരുന്നു.'' ഇങ്ങനെ ഇന്ത്യയില്‍ ഹരിതവിപ്ലവത്തിന്റെ മറുപേരായി ഡോ. എം.എസ്. സ്വാമിനാഥന്‍ മാറിയത് സ്വന്തം കഠിനാദ്ധ്വാനംകൊണ്ടും മനുഷ്യത്വത്തിലൂന്നിയ ലോകവീക്ഷണംകൊണ്ടുമാണ്.

1925-ല്‍ തമിഴ്നാട്ടിലെ കുംഭകോണത്തു ജനിച്ച മങ്കൊമ്പു സാംബശിവന്‍ സ്വാമിനാഥന്‍ കേരള സര്‍വ്വകലാശാലയില്‍നിന്നും അന്നത്തെ കോയമ്പത്തൂര്‍ കാര്‍ഷിക കോളേജില്‍നിന്നും നേടിയ ബിരുദങ്ങളോടെയാണ് കോശ ജനിതകശാസ്ത്രത്തില്‍ ഉപരിപഠനത്തിന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (..ആര്‍.) എത്തുന്നത്. 1949-ല്‍ അദ്ദേഹം യുനെസ്‌കോ സ്‌കോളര്‍ഷിപ്പോടെ നെതര്‍ലാന്‍ഡ്‌സിലേക്ക് ഗവേഷണത്തിനായി പോയി. പിന്നീട് ഇംഗ്ലണ്ടിലും അമേരിക്കയിലും ഗവേഷണ പരിചയം നേടിയാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തിയത്. 1943-ലെ ഭക്ഷ്യക്ഷാമവും സ്വാതന്ത്ര്യസമരവും ഗാന്ധിയന്‍ ചിന്തകളും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. 1960-കളില്‍ നോര്‍മന്‍ ബോര്‍ലോഗുമായി ചേര്‍ന്ന് ഡോ. സ്വാമിനാഥന്‍ നടത്തിയ ജനിതക ശാസ്ത്രഗവേഷണങ്ങള്‍ പ്രധാനമായും ഗോതമ്പ്, നെല്ല്, ഉരുളക്കിഴങ്ങ് മുതലായ പ്രധാന ഭക്ഷ്യവിളകളെ കേന്ദ്രീകരിച്ചായിരുന്നു.

ഇടപെടലുകള്‍

ശാസ്ത്രഗവേഷണത്തില്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ വൈഭവം. ഇന്ത്യയില്‍ ധാന്യങ്ങളുടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഈ ഗവേഷണഫലങ്ങളെ കൃഷിഭൂമിയിലേക്ക് എത്തിക്കുന്നതിനു വേണ്ട നയരൂപീകരണം നടത്താന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താനും അദ്ദേഹം ശ്രദ്ധിച്ചു; ഗവേഷണ നേട്ടങ്ങള്‍ കര്‍ഷകരിലും അതുവഴി സമൂഹത്തിലാകെയും എത്തണമെന്ന ബോധ്യത്തിന്റെ ഇടപെടല്‍.

ഉല്പാദനക്ഷമതയില്‍ ഊന്നിയ മാറ്റത്തിനു ചുക്കാന്‍പിടിച്ച നേതൃത്വത്തിന്റെ ശക്തി 70 ശതമാനത്തോളം വരുമാനവര്‍ദ്ധനവായി ഉത്തരേന്ത്യന്‍ കര്‍ഷകര്‍ അനുഭവിച്ചറിഞ്ഞ കാലമായിരുന്നു പിന്നീട്. ഇതോടൊപ്പം വളങ്ങള്‍ക്കുള്ള സബ്സിഡിയും ഭൂപരിഷ്‌കരണ നിയമങ്ങളും വരള്‍ച്ചയുള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളില്‍നിന്ന് കൃഷിയെ സംരക്ഷിക്കാനുള്ള നിരവധി പരിപാടികളും ഉള്‍പ്പെടെ പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി രൂപംകൊണ്ടത് രാജ്യത്തെ കാര്‍ഷികമേഖലയുടെ ഉണര്‍വ്വിനു കാരണമായി. നമ്മള്‍ ഹരിതവിപ്ലവം എന്നു വിളിക്കുന്ന കാലത്തിന്റെ തുടക്കം അതായിരുന്നു.

ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങള്‍ അധികവും കൊയ്തത് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര മുതലായ സംസ്ഥാനങ്ങള്‍ ആയിരുന്നു. വളക്കൂറുള്ള മണ്ണ്, മികച്ച ജലസേചന സൗകര്യങ്ങള്‍, ശാസ്ത്രീയ കൃഷിരീതികളോടുള്ള ആഭിമുഖ്യം, കൃഷിയില്‍ കര്‍മ്മനിരതരായ മാനുഷികശേഷിയുടെ ലഭ്യത എന്നിങ്ങനെ അനേകം ഘടകങ്ങള്‍ ഇതില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായകമായി. പട്ടിണിപ്പാവങ്ങള്‍ക്ക് വിശപ്പടക്കാന്‍ കപ്പലില്‍ എത്തിയിരുന്ന ഗോതമ്പിനുവേണ്ടി കാത്തിരിക്കേണ്ട കാലം അങ്ങനെയാണ് അവസാനിച്ചത്. 2022-ല്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കുവേണ്ടി ഇന്ത്യ ബസുമതിയിതര അരി ഇനങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആശങ്കയോടെയാണ് കണ്ടത്. പാകിസ്താനുമായുള്ള 1965-ലെ യുദ്ധകാലത്ത്, ധാന്യക്ഷാമം ഭയന്ന് പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി എല്ലാവരും ഒരു നേരം ആഹാരം വെടിയണം എന്ന് ആഹ്വാനം ചെയ്ത രാജ്യം അന്‍പതിലധികം വര്‍ഷങ്ങള്‍കൊണ്ടു താണ്ടിയ ദൂരം അതിശയിപ്പിക്കുന്നതാണ്.

സ്വാമിനാഥന്‍
സ്വാമിനാഥന്‍

വിപ്ലവത്തിന്റെ ബാക്കിപത്രം

ഹരിതവിപ്ലവം ഇന്ത്യന്‍ കാര്‍ഷികരംഗത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമൊന്നും ആയിരുന്നില്ല. നേട്ടങ്ങളത്രയും വന്‍കിട കൃഷിക്കാര്‍ക്കായിരുന്നു.

ചെറുകിട കൃഷിക്കാര്‍ക്ക് വലിയ മെച്ചമൊന്നും ഉണ്ടായില്ല. മാത്രമല്ല, ജലത്തിന്റെ വര്‍ദ്ധിച്ച ഉപഭോഗം, അമിതമായ രാസവളപ്രയോഗംകൊണ്ടു മണ്ണിനുള്ള പ്രശ്‌നങ്ങള്‍ ഒക്കെ ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളുടെമേല്‍ കരിനിഴല്‍ വീഴ്ത്തി. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഹരിതവിപ്ലവം ഊന്നല്‍ നല്‍കിയ ആധുനിക കൃഷിരീതികള്‍ ഭൂമിയില്‍ അടിച്ചേല്പിച്ച പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഹരിതവാതകങ്ങളെ പുറന്തള്ളുന്ന രാസവസ്തുക്കളുടെ ഉപയോഗം, ഫോസില്‍ ഇന്ധനങ്ങളിലുള്ള അമിതമായ ആശ്രയം, പ്രാദേശിക ജൈവവൈവിദ്ധ്യങ്ങളുടെ നാശം, ആര്‍ജ്ജിത പ്രതിരോധശേഷി പ്രകടിപ്പിക്കുന്ന കീടങ്ങളും രോഗാണുക്കളും പ്രാദേശിക സാമ്പത്തിക അസമത്വങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ തിരയുമ്പോള്‍ ഹരിതവിപ്ലവം പ്രതിക്കൂട്ടിലാവുന്നു. പഞ്ചാബില്‍നിന്ന് ബജ്‌റാ, മക്കാ ചോളം മുതലായ ചെറുധാന്യങ്ങളൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. ഒന്നാം വിളയായി നെല്ലും രണ്ടാം വിളയായി ഗോതമ്പും കൃഷിചെയ്യുന്ന നാടായി പഞ്ചാബ് മാറി. ''ഹരിതവിപ്ലവം ചെറുധാന്യങ്ങള്‍ക്കെതിരെയുള്ള സാംസ്‌കാരിക യുദ്ധമായിരുന്നു. ഉല്പാദനവും ഉപഭോഗവും തമ്മിലുള്ള ബന്ധം മുറിച്ചുകളഞ്ഞു. ഏകവിളയിലൂന്നിയ കൃഷിരീതികള്‍ വഴി കൃഷിക്കാരില്ലാത്ത കൃഷിയും കൃഷിഭൂമിയില്ലാത്ത ഭക്ഷണവും സ്വപ്നം കാണുന്ന ഡിസ്റ്റോപ്പിയന്‍ സംസ്‌കാരമാണിത്'', ഹരിതവിപ്ലവത്തിന്റെ വിമര്‍ശക വന്ദനാ ശിവ അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു.

2023 ചെറുധാന്യങ്ങളുടെ വര്‍ഷമാണ്. അതിനര്‍ത്ഥം ഇത്തരം വിമര്‍ശനങ്ങള്‍ക്കു കഴമ്പുണ്ട് എന്ന് ലോകം അംഗീകരിച്ചു എന്നുകൂടിയാണ്. എങ്കിലും 40 ലക്ഷത്തോളം ജീവന്‍ പൊലിഞ്ഞ കൊടിയ ബംഗാള്‍ വറുതിയെ കീഴടക്കാന്‍ അന്നത്തെ സാഹചര്യങ്ങളില്‍ മറ്റൊന്നും നമുക്കാവുമായിരുന്നില്ല എന്നതാണ് സത്യം.

ഡോ. സ്വാമിനാഥന്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കു നേരെ ഒരിക്കലും കണ്ണടച്ചിരുന്നില്ല എന്ന വസ്തുത നാം മറന്നുകൂടാ. കര്‍ഷക ആത്മഹത്യകള്‍ പെരുകിയ കാലത്ത് ദേശീയ കാര്‍ഷിക കമ്മിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ കേന്ദ്രപഠനസംഘത്തെ നയിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ യാത്രചെയ്ത് കര്‍ഷകരുടെ ദുരിതങ്ങള്‍ നേരിട്ടു കണ്ടറിഞ്ഞു. മണ്ണിനും വെള്ളത്തിനും അന്തരീക്ഷത്തിനും ദോഷമുണ്ടാക്കുന്ന കൃഷിരീതികള്‍ വെടിഞ്ഞു 'നിത്യഹരിതവിപ്ലവം' സൃഷ്ടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനം മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകരുമായുള്ള നിതാന്തബന്ധം നല്‍കിയ അവബോധം ആയിരിക്കണം.

ധനത്തിന്റേയും അധികാരത്തിന്റേയും കേന്ദ്രീകരണത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജനങ്ങള്‍ക്ക് സമഗ്രമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നമ്മുടെ ഭക്ഷ്യസുരക്ഷാനിയമത്തിനു കഴിഞ്ഞിട്ടില്ല എന്നതും വേദനിപ്പിച്ചിരുന്നു. ''മൂന്നു രൂപയ്ക്ക് അരിയോ ഗോതമ്പോ നല്‍കുമ്പോള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം കിട്ടുന്നുണ്ട്. എന്നാല്‍ ആവശ്യത്തിന് മാംസ്യമോ വിറ്റാമിനുകളോ ലഭിക്കാതെ, അവരുടെ വിശപ്പ് 'അദൃശ്യ'മായി തുടരുകതന്നെ ചെയ്യും,'' ഒരു പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആഗോളതാപനം കാലാവസ്ഥയെ മാറ്റുമ്പോള്‍ പരമ്പരാഗത കൃഷിരീതികളില്‍നിന്ന് മാറിച്ചിന്തിച്ചേ പറ്റൂ എന്ന് അദ്ദേഹം മനസ്സിലാക്കി. സുസ്ഥിര ഭക്ഷ്യസുരക്ഷയില്‍ നെല്ലിന് കൂടുതല്‍ പങ്കു വഹിക്കാനാവും എന്ന് ചിന്തിക്കുകയും ചെയ്തു. കേരളത്തില്‍ സമുദ്രനിരപ്പിനു താഴെയും കശ്മിര്‍, ഹിമാചല്‍ മേഖലകളില്‍ സമുദ്രനിരപ്പില്‍നിന്ന് 3000 മീറ്റര്‍ ഉയരത്തിലും വളരുന്ന നെല്ലിന് ഭാവിയില്‍ ഗോതമ്പിനെക്കാള്‍ പ്രാധാന്യം കൈവരും എന്ന് അദ്ദേഹം 2007-ല്‍ത്തന്നെ അഭിപ്രായപ്പെട്ടു. 2012-ല്‍ അദ്ദേഹം ഉപയോഗിച്ച 'കാലാവസ്ഥാ അഭയാര്‍ത്ഥികള്‍' എന്ന പ്രയോഗവും ഇന്നത്തെ ജീവിതത്തില്‍ എത്രമേല്‍ അര്‍ത്ഥപൂര്‍ണ്ണമാവുന്നു!

കര്‍ഷകപക്ഷത്തെ ശാസ്ത്രജ്ഞന്‍

കട്ടക്കിലെ കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്ര ത്തില്‍ 1954-ല്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച സ്വാമിനാഥന്‍ 1966-ല്‍ ഐ..ആര്‍.ഐ ഡയറക്ടര്‍ പദവിയില്‍ എത്തി. മെക്സിക്കോയില്‍നിന്ന് വിത്ത് ഇറക്കുമതി ചെയ്യുന്നതിന് ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അദ്ദേഹത്തിനു സാധിച്ചു. വടക്കേയിന്ത്യയില്‍ അന്നു പ്രചാരത്തിലുള്ള സ്വര്‍ണ്ണനിറമുള്ള ഗോതമ്പ് ഇനങ്ങളുമായുള്ള സങ്കരണം വഴി പ്രതീക്ഷിച്ചതിലും മൂന്നു മടങ്ങു വിളവു ലഭിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. സ്‌കൂളുകളും സിനിമാക്കൊട്ടകകളും ധാന്യഗോഡൗണുകളായി. 'ഗോതമ്പു സിംഫണി ഓര്‍ക്കസ്ട്രാ' എന്നറിയപ്പെട്ടിരുന്ന ഒരു ശാസ്ത്രജ്ഞ സംഘം ഈ വിജയത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നു. ഗുര്‍ദേവ് ഖുഷ്, ദില്‍ ഭാഗ് സിംഗ് ആത്വാള്‍ എന്നിവരൊക്കെ ഈ സംഘത്തില്‍ ഉണ്ടായിരുന്നു.

ആണവശാസ്ത്രത്തിന് കൃഷിശാസ്ത്രത്തില്‍ വരുത്താന്‍ കഴിയുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് വളരെ മുന്‍പുതന്നെ ഡോ. സ്വാമിനാഥന്‍ ബോധവാനായിരുന്നു. ഹോമി ജെ ഭാഭ, വിക്രം സാരാഭായി, രാജാ രാമണ്ണ തുടങ്ങി വിഖ്യാതരായ ആണവശാസ്ത്രജ്ഞരുമായി അദ്ദേഹം പുലര്‍ത്തിയിരുന്ന നല്ല ബന്ധം, ..ആര്‍.ഐയിലെ ആദ്യത്തെ റേഡിയേഷന്‍ ലബോറട്ടറിയുടെ രൂപീകരണത്തിനും കാരണമായി. ഇതേസമയം ഫിലിപ്പീന്‍സിലെ അന്താരാഷ്ട്ര നെല്ലു ഗവേഷണകേന്ദ്രം (.ആര്‍.ആര്‍.) രൂപപ്പെടുത്തിയെടുത്ത ഐആര്‍-8 നെല്ലിനങ്ങളിലെ 'അത്ഭുതവിത്താ'യി മാറുകയും ചെയ്തു. ആറു വര്‍ഷത്തെ ഡോ. സ്വാമിനാഥന്റെ ശ്രമഫലമായി മികച്ചയിനം ധാന്യവിളകളുടെ ഈറ്റില്ലമായി ഐ..ആര്‍.ഐ ഗവേഷണകേന്ദ്രവും ശ്രദ്ധേയ വളര്‍ച്ച കൈവരിക്കുകയും ചെയ്തു.

''ദാരിദ്ര്യത്തിന്റെ അതിദാരുണ അവസ്ഥയാണ് പട്ടിണി'' എന്നത് ഏറെ ഉദ്ധരിക്കപ്പെടുക മാത്രമല്ല ലോകമാകെ ചര്‍ച്ചാവിഷയമാവുകയും ചെയ്ത 'സ്വാമിനാഥന്‍ തിയറി' ആണ്. പട്ടിണിയെക്കുറിച്ചുള്ള ആ ലോകസത്യം അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയായ ശാസ്ത്രജ്ഞന്റെ തിരിച്ചറിവായിരുന്നു; ഉറച്ച നിലപാടും. അക്കാലത്ത് കേന്ദ്ര കൃഷിമന്ത്രിമാരായിരുന്ന സി. സുബ്രഹ്മണ്യം (19641967), ജഗ്ജീവന്‍ റാം ( 19671970, 19741977) എന്നിവരോടു ചേര്‍ന്ന് ഇന്ത്യയിലെ കാര്‍ഷിക മുന്നേറ്റത്തിനു നേതൃത്വം വഹിച്ചത് ചുമരുകളിലെഴുതാതെ മനസ്സുകളില്‍ എഴുതിയ ഈ മുദ്രാവാക്യത്തില്‍ ഊന്നിയാണ്.

പിന്നീടുള്ളതൊക്കെ ചരിത്രമാണ്. 1967-ല്‍ പത്മശ്രീ, 1971-ല്‍ മാഗ്‌സെസേ അവാര്‍ഡ്, 1972-ല്‍ പത്മഭൂഷണ്‍. 1972-ലാണ് ഡോ. സ്വാമിനാഥന്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായി നിയമിതനാകുന്നത്. 1979-ല്‍ കേന്ദ്ര കൃഷി-ജലസേചന വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, 1980-ല്‍ ആസൂത്രണ കമ്മിഷന്‍ അംഗം; ഡെപ്യൂട്ടി ചെയര്‍മാന്‍, 1982-1988 കാലയളവില്‍ ഫിലിപ്പൈന്‍സിലെ അന്താരാഷ്ട്ര നെല്ലുഗവേഷണകേന്ദ്രത്തിന്റെ മേധാവി. 1987-ലാണ് അദ്ദേഹം ആദ്യത്തെ വേള്‍ഡ് ഫുഡ് പ്രൈസിനു അര്‍ഹനായത്. ഈ പുരസ്‌കാരത്തുകയാണ് മദ്രാസിലെ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ അടിത്തറയായത്. ''ജീവിക്കുന്ന ഈ ഇതിഹാസത്തിന്റെ പേര് വേറിട്ട നേട്ടങ്ങള്‍ കൈവരിച്ച വിശ്വശാസ്ത്രജ്ഞനാണ് എന്ന് ചരിത്രം രേഖപ്പെടുത്തും'' എന്നാണ് പുരസ്‌കാരം നല്‍കുമ്പോള്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ഹാവിയര്‍ പേരെസ് ഡിക്വയര്‍ പ്രകീര്‍ത്തിച്ചത്. സ്വാമിനാഥന്റെ കാര്യത്തില്‍ അതൊരു പ്രകീര്‍ത്തനത്തിനപ്പുറത്തെ യാഥാര്‍ത്ഥ്യം.

1999-ല്‍ ടൈം മാസിക ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഡോ. സ്വാമിനാഥനെ തിരഞ്ഞെടുത്തു. 2004-ല്‍ ഡോ. സ്വാമിനാഥനെ ദേശീയ കാര്‍ഷിക കമ്മിഷന്‍ ചെയര്‍മാന്റെ ചുമതല നല്‍കി. സ്വാമിനാഥന്‍ കമ്മിഷന്‍ എന്ന പേരില്‍ ശ്രദ്ധയാകര്‍ഷിച്ച ആ കമ്മിഷന്‍ നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത് ശരാശരി ഉല്പാദനച്ചെലവിനേക്കാള്‍ 50 ശതമാനം കൂടുതല്‍ തുക താങ്ങുവിലയായി കര്‍ഷകനു നല്‍കണം എന്നായിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ കൈയൊപ്പ് ആ നിര്‍ദ്ദേശങ്ങളില്‍ പതിഞ്ഞിരുന്നു എന്നു വ്യക്തം. 2007-2013-ലാണ് അദ്ദേഹം രാജ്യസഭാംഗമായിരുന്നത്. 2018-ല്‍ ആദ്യത്തെ വേള്‍ഡ് അഗ്രിക്കള്‍ച്ചര്‍ പുരസ്‌കാരം.

ഡോ. സ്വാമിനാഥനു സമ്മാനിച്ച 84 ഡോക്ടറേറ്റ് ബിരുദങ്ങളില്‍ 24 എണ്ണം അന്താരാഷ്ട്ര സര്‍വ്വകലാശാലകളില്‍നിന്നാണ്. ഇന്ത്യയില്‍ മാത്രമല്ല, ചൈന, വിയറ്റ്‌നാം, മ്യാന്‍മാര്‍, തായ്ലന്‍ഡ്, ശ്രീലങ്ക, പാകിസ്താന്‍, ഇറാന്‍, കംബോഡിയ മുതലായ രാജ്യങ്ങളിലും ലോകോത്തര നിലവാരത്തിലുള്ള കാര്‍ഷിക ഗവേഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം വഹിച്ചത് ചെറുതല്ലാത്ത പങ്കാണല്ലോ.

ലോകനിലവാരത്തിലെത്തുന്ന മിക്കവാറും ശാസ്ത്രജ്ഞരെ ജന്മനാടിനു നഷ്ടപ്പെടുകയാണ് പതിവ്. എന്നാല്‍, അദ്ദേഹം തന്റെ നാടായ കുട്ടനാടിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി അവസാനം വരെ ഇടപെട്ടിരുന്നു. കേരളം ഡോ. സ്വാമിനാഥനെ ഇന്നോര്‍ക്കുന്നത് 'സ്വാമിനാഥന്‍ പാക്കേജ്' എന്ന പേരുകൊണ്ടുകൂടിയാണ്. എന്നാല്‍, കുട്ടനാട് ലോകത്തിനു നല്‍കിയ ഏറ്റവും വിലയേറിയ പാക്കേജ് അദ്ദേഹം തന്നെയാണ്. കുംഭകോണത്ത് മന്തുനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അച്ഛന്‍ ഗാന്ധിയന്‍ കൂടിയായിരുന്നു. അച്ഛന്റെ മരണശേഷമാണ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് എത്തുന്നത്.

ലോകം ആദരിക്കുന്ന ശാസ്ത്രജ്ഞന്‍ ആയിരിക്കുമ്പോഴും ആത്യന്തികമായി അദ്ദേഹം കുട്ടനാടിന്റെ മകന്‍ തന്നെയായി നിലകൊണ്ടു. യന്ത്രസഹായങ്ങള്‍ ഇല്ലാതിരുന്ന കാലത്ത്, സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടിലെ കായല്‍നിലങ്ങളെ ഒന്നാംതരം നെല്ലുവിളയുന്ന പാടങ്ങളാക്കി മാറ്റിയ നമ്മുടെ പൈതൃക കൃഷിരീതിയില്‍ അദ്ദേഹം അഭിമാനം കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍കൊണ്ടാണ് ആഗോളശ്രദ്ധ ഈ കൃഷിരീതിയില്‍ പതിഞ്ഞതും ഐക്യരാഷ്ട്ര സംഘടന പൈതൃക കൃഷിരീതിയായി കുട്ടനാടന്‍ കൃഷിയെ പ്രഖ്യാപിച്ചതും.

കുട്ടനാട്ടില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടു മനസ്സിലാക്കിയതുപോലെ മറ്റൊരു ശാസ്ത്രജ്ഞനും കുട്ടനാടിനെ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം തയ്യാറാക്കിയ കുട്ടനാട് പാക്കേജ് സമഗ്രമായിരുന്നു. ഒരു വര്‍ഷംകൊണ്ട് നടപ്പാക്കാനുദ്ദേശിച്ച പാക്കേജ് ഇനിയും മുഴുവനാകാത്തത് അധികാരകേന്ദ്രങ്ങളുടെ കെടുകാര്യസ്ഥതകൊണ്ടു മാത്രമാണ്.

സുസ്ഥിരവികസനത്തിന് കൃഷിയില്‍ ജനപങ്കാളിത്തം അനിവാര്യമാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ആകാശം തൊടുന്ന നേട്ടങ്ങളുടെ ഉടമയായിരിക്കുമ്പോഴും ഡോ. സ്വാമിനാഥന്‍ അതുകൊണ്ടുതന്നെ കുട്ടികളിലും വീട്ടമ്മമാരിലും ആദിവാസികളിലും ശാസ്ത്രജ്ഞരെ കണ്ടു. അവരോട് സംവദിച്ചു. പൊതുനന്മയിലൂന്നിയ ഗവേഷണത്തിലൂടെ സാങ്കേതികവിദ്യയുടെ പ്രചാരം സാധ്യമാക്കാന്‍ അദ്ദേഹം യത്‌നിച്ചു. മണ്ണില്‍ തൊട്ടു മാനം മുട്ടെ വളര്‍ന്ന ഈ ഗുണങ്ങള്‍ പരീക്ഷണശാലകളില്‍ ഒതുങ്ങിക്കൂടുന്ന ഗവേഷകര്‍ക്കൊരു വലിയ മാതൃകയും പാഠവുമാണ്. കൃഷിക്കാര്‍ക്കു വിശ്രമം ഇല്ല; കൃഷിശാസ്ത്രജ്ഞര്‍ അല്പം പോലും വിശ്രമം ഇല്ലാതെ ഉത്സാഹത്തോടെ പണിയെടുക്കണം എന്ന് അദ്ദേഹം ആശിച്ചു. വളര്‍ന്നുവരുന്ന കൃഷി ശാസ്ത്രജ്ഞരെ പുതിയ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു.

1992-ല്‍ കര്‍ഷകശ്രീ പുരസ്‌കാരം ഏര്‍പ്പെടുത്തിയ കാലം മുതല്‍ 2020 വരെ വിധിനിര്‍ണ്ണയ സമിതിയില്‍ അദ്ദേഹമുണ്ടായിരുന്നു. 1951 മുതല്‍ 2015 വരെ നിരന്തരമായി അനേകം ശാസ്ത്രപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും അനേകം ഗവേഷണപദ്ധതികള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സ്വന്തം അറിവിന്റെ മേഖലകളെ കൃഷിയിലും വിത്തുഗവേഷണത്തിലും ഒതുക്കി നിര്‍ത്തിയില്ല. ഗംഗാനദീതടം, പശ്ചിമഘട്ടം എന്നീ മേഖലകളിലെ ജൈവവൈവിദ്ധ്യ സംരക്ഷണത്തില്‍ വലിയ താല്പര്യമെടുത്തു. ഹിമാലയം, പശ്ചിമഘട്ടം, ഗംഗാതട വികസനം എന്നീ ജൈവവൈവിദ്ധ്യ സംരക്ഷണപദ്ധതികള്‍ക്ക് തുടക്കമിട്ടത് അദ്ദേഹം അംഗമായിരുന്ന കമ്മിഷന്‍ ആയിരുന്നു. പശ്ചിമഘട്ടപദ്ധതിയുടെ കീഴില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് ബംഗളൂരുവില്‍ സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സ്റ്റഡീസ് സ്ഥാപിക്കുന്നതിന് ഡോ. മാധവ് ഗാഡ്ഗിലിനെ സഹായിച്ചു.

രേയൊരാള്‍

ഡോ. എം.എസ്. സ്വാമിനാഥന്റെ ജീവിതം കയ്യൊപ്പു പതിപ്പിച്ചു കടന്നുപോകുന്നത് പ്രധാനമായും മൂന്നു മേഖലകളിലാണ്: ഒന്ന്, അന്‍പതുകളിലേയും അറുപതുകളിലേയും ഭക്ഷ്യക്ഷാമം മറികടക്കാനുള്ള ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍; രണ്ട്, കൃഷി ശാസ്ത്രമേഖലയില്‍ പുതിയ വീക്ഷണങ്ങള്‍ സൃഷ്ടിച്ചു മുന്നേറിയ ശാസ്ത്രസ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ വഹിച്ച നേതൃത്വം; മൂന്ന്, കൃഷിയുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകള്‍.

ചുറ്റുമുള്ള ലോകത്തോട് വിത്തിന്റെ നിശ്ശബ്ദഭാഷയില്‍ സംവദിച്ചു തുടങ്ങിയ ഡോ. സ്വാമിനാഥന്‍ എന്ന മനുഷ്യന്‍ രാജ്യത്തിന്റേയും ലോകത്തിന്റേയും ഭക്ഷണമേശ നിറച്ചു. നാളേക്കായി ഭൂമിയെ എങ്ങനെ സംരക്ഷിക്കണമെന്നു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. മണ്ണില്‍ ചവിട്ടി നടന്നു, ആനന്ദത്തോടെ, നിര്‍വൃതിയോടെ, നൂറുമേനി വിളഞ്ഞ വിത്തിന്റെ ആഹ്ലാദത്തോടെ ലോകത്തിന്റെ നെറുകയില്‍ തൊട്ടു.

ഡോ. എം.എസ്. സ്വാമിനാഥനെ മുഴുവനായും സ്വീകരിക്കാതിരിക്കാം വിമര്‍ശിക്കുകയും അപനിര്‍മ്മിക്കുകയും ചെയ്യാം. പക്ഷേ, അപ്പോഴും അദ്ദേഹം രാജ്യത്തിനും ലോകത്തിനും നല്‍കിയ സ്വന്തം വിയര്‍പ്പില്‍നിന്നുള്ള ഭക്ഷണം കണ്ടില്ലെന്നു നടിക്കാനാകില്ല. എന്തുകൊണ്ടെന്നാല്‍ ആവശ്യത്തിനു ഭക്ഷണമില്ലാത്തപ്പോള്‍ ഭക്ഷണത്തെക്കുറിച്ചുള്ള ആശയത്തിനും നൂറുമേനിയാണ് വിളവ്. മനുഷ്യപക്ഷത്തുനിന്ന് ചിന്തിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ഭയമില്ലാതെ ഇടപെടുകയും ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ് എന്നത് അദ്ദേഹത്തെ ശക്തമായി ഓര്‍മ്മിക്കാന്‍ നാളെയും പ്രേരണയാകാതിരിക്കില്ല.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com