ഗാന്ധിജിക്ക് നാരായണഗുരുവിനെ 'തീയസന്ന്യാസി' എന്നു വിളിക്കുന്നതില്‍ കുറ്റബോധവുമുണ്ടാകാതെ പോയത് എന്തുകൊണ്ടാകാം?

വൈക്കം സത്യാഗ്രഹം ഭാഗികമായ വിജയമേ നേടിയുള്ളുവെന്നത് ചരിത്രകാരന്മാരെല്ലാം അംഗീകരിക്കുന്ന വസ്തുതയാണ്
ഗാന്ധിജിക്ക് നാരായണഗുരുവിനെ 'തീയസന്ന്യാസി' എന്നു വിളിക്കുന്നതില്‍ കുറ്റബോധവുമുണ്ടാകാതെ പോയത് എന്തുകൊണ്ടാകാം?

വൈക്കം സത്യാഗ്രഹകാലത്ത് തിരുവിതാംകൂര്‍ സന്ദര്‍ശിച്ച വേളയില്‍, കൊല്ലം മുനിസിപ്പാലിറ്റി നല്‍കിയ മംഗളപത്രത്തിനുള്ള മറുപടി പ്രസംഗത്തില്‍ ഗാന്ധിജി ഇങ്ങനെ പറഞ്ഞു: ''വൈക്കം പ്രക്ഷോഭണം ആരംഭിക്കുന്നതിനു മുന്‍പ് തീണ്ടല്‍ ഒരു കുറ്റകൃത്യമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലെന്ന് തുറന്നു സമ്മതിക്കട്ടെ.'' 'തീണ്ടല്‍' കേരളത്തില്‍ ഒരു കുറ്റകൃത്യമാണെന്നു മനസ്സിലാക്കിയ ഗാന്ധിജിക്ക് നാരായണഗുരുവിനെ 'തീയസന്ന്യാസി' എന്നു വിളിക്കുന്നതില്‍ ഒരു കുറ്റബോധവുമുണ്ടാകാതെ പോയത് എന്തുകൊണ്ടാകാം? ''എന്നെ സംബന്ധിച്ചിടത്തോളം അവര്‍ണ്ണ ഹിന്ദുവെന്ന പദം തന്നെ തെറ്റാണ്'' എന്നു പറഞ്ഞ വ്യക്തിയാണ് ഗാന്ധിജി. ശങ്കരാചാര്യരേയോ രാമകൃഷ്ണപരമഹംസരേയോ സ്വാമി വിവേകാനന്ദനേയോ രമണമഹര്‍ഷിയേയോ അവരുടെ ജാതിപ്പേര്‍ ചേര്‍ത്ത് സന്ന്യാസിയെന്ന് ഗാന്ധിജി അഭിസംബോധന ചെയ്തതായി കാണുന്നില്ല. എന്താണ് അതിനു കാരണം? അദ്ദേഹത്തിന്റെ ഉള്ളിലെ ചാതുര്‍വര്‍ണ്യബോധവും ജാതിവിചാരവുമായിരുന്നുവെന്നു സ്പഷ്ടം.

വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യതേരാളിയായിരുന്ന ഗാന്ധിജി, തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെ പോരാടുമ്പോഴും ജാതിയിലും ചാതുര്‍വര്‍ണ്യത്തിലും വിശ്വസിക്കുക മാത്രമല്ല, മിശ്രഭോജനത്തേയും മിശ്രവിവാഹത്തേയും പ്രതികൂലിക്കുകകൂടി ചെയ്തിരുന്നു. 1921-ല്‍ തിരുനെല്‍വേലിയില്‍ വച്ച് ഗാന്ധിജിയുമായി ടി.കെ. മാധവന്‍ നടത്തിയ അഭിമുഖത്തില്‍ ഗാന്ധിജി പറഞ്ഞത്, ''ഞാന്‍ എന്റെ മകനോടൊന്നിച്ചുപോലും മിശ്രഭോജനം ചെയ്യുന്നതല്ല. ഭിന്നജാതികള്‍ തമ്മിലുള്ള മിശ്രവിവാഹത്തെ എന്റെ മകനും മകളും തമ്മില്‍ വിവാഹം ചെയ്താല്‍ എങ്ങനെയോ അതുപോലെയാണ് വിചാരിക്കുന്നത്.'' വൈക്കം സത്യാഗ്രഹകാലത്ത്, 1924 മെയ് 27-ാം തീയതി സി. രാജഗോപാലാചാരി വൈക്കത്തുവച്ചു നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം കാണുക: 'Let not the people of Vykom or any other place fear that  Mahatmaji wants caste to be abolished. Mahatmaji does not want the caste system to be done away with but he holds that untouchability should be abolished. Mahatmaji does not want you to dine  with Thiyyas or Pulayas. What he wants is we must be prepare to touch and go near other human beings as you touch and go near a cow or horse.' അയിത്തജാതികളെ സംബന്ധിച്ചിടത്തോളം എത്ര അപമാനകരമാണ് ഇതിലെ അവസാന വാക്യങ്ങള്‍! യാഥാസ്ഥിതിക സവര്‍ണ്ണ ഹിന്ദുക്കളുടെ മനോവികാരങ്ങളെ വ്രണപ്പെടുത്തുന്നവിധം ജാതിവ്യവസ്ഥയെ വിമര്‍ശിക്കാനോ മിശ്രഭോജനത്തേയും മിശ്രവിവാഹത്തേയും അനുകൂലിക്കാനോ ഗാന്ധിജിയോ കോണ്‍ഗ്രസ്സിലെ വരേണ്യനേതൃത്വമോ അന്നു തയ്യാറായിരുന്നില്ല. പിന്നീട് വൈക്കത്തെത്തിയ ഗാന്ധിജി ഒരു പൊതുയോഗത്തില്‍ ഇങ്ങനെ തുറന്നു പ്രസ്താവിച്ചു: ''വര്‍ണ്ണാശ്രമധര്‍മ്മം തകര്‍ക്കുകയല്ല അതുകൊണ്ട് (അയിത്തോച്ചാടനം കൊണ്ട്) ഉദ്ദേശിക്കുന്നത്. മിശ്രഭോജനമോ മിശ്രവിവാഹമോ അല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്.'' ഗാന്ധിജിയുടേയും കോണ്‍ഗ്രസ്സിന്റേയും ഈ ചിന്താഗതി മനസ്സിലാക്കിയിട്ടാണ്, സത്യാഗ്രഹകാലത്ത് നാരായണഗുരുവിനെ  സന്ദര്‍ശിച്ച സമയത്ത്, ''അധഃകൃതവര്‍ഗ്ഗക്കാരുടെ അവശതകളെ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമെ മറ്റ് എന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം'' എന്ന ഗാന്ധിജിയുടെ ചോദ്യത്തിന് ''അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രഭോജനമോ മിശ്രവിവാഹമോ വേണമെന്ന പക്ഷമില്ല'' എന്നു ഗുരുവിനു പറയേണ്ടിവന്നത്. ''മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല'' എന്നാണല്ലോ ഗുരു ഉപദേശിച്ചത്. 

ഗാന്ധിജിയുടെ പ്രസംഗങ്ങളും എഴുത്തുകളും ആദ്യന്തം പിന്തുടരുന്ന ഒരാള്‍ക്ക് ചാതുര്‍വര്‍ണ്യത്തേയും ജാതിവ്യവസ്ഥയേയും അദ്ദേഹം പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ഗ്രഹിക്കാനാവും. 'Caste has to go in its present form' എന്ന് ആദ്യമായി ഗാന്ധിജി പ്രഖ്യാപിക്കുന്നത് 1935 നവംബര്‍ 16-ലെ  'ഹരിജന്‍'  പത്രത്തിലൂടെയായിരുന്നു. പില്‍ക്കാലത്ത് വിവിധ സന്ദര്‍ഭങ്ങളില്‍ 'ജാതിപോകണം' എന്ന് ഗാന്ധിജി ആഹ്വാനം ചെയ്തെങ്കിലും, പഴയ ജാതിവ്യവസ്ഥയോട് ജീവിതാന്ത്യം വരെ അദ്ദേഹം കൂറുപുലര്‍ത്തിയിരുന്നു. ബി.ജി. ടെന്‍ഡുല്‍ക്കര്‍ എഴുതിയ ഗാന്ധിജിയുടെ ജീവചരിത്രഗ്രന്ഥത്തില്‍നിന്നുമുള്ള തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ട്, മന്മദനാഥഗുപ്ത 'Gandhi And His Time' എന്ന ഗ്രന്ഥത്തില്‍ 'In one case, however, Gandhiji was consistant through out. It was the caste system' (298-299) എന്ന് എഴുതിയിട്ടുള്ളത് കാണുക. ഹിന്ദുമതത്തെ തകരാതെ രക്ഷിച്ചത് ജാതിവ്യവസ്ഥയാണെന്നു വിശ്വസിച്ച ഒരു സനാതന ഹിന്ദുവായിരുന്നല്ലോ ഗാന്ധിജി. 

തിരുനെല്‍വേലിയില്‍ ഗാന്ധിജിയുമായി നടത്തിയ സംഭാഷണത്തില്‍, ടി.കെ. മാധവന്‍ മുന്നോട്ടുവച്ച വിഷയങ്ങളില്‍ ഒന്ന് അയിത്തജാതിക്കാരുടെ ക്ഷേത്രപ്രവേശനമായിരുന്നു. അതിനു മുന്‍പ് ദിവാന്‍ എം. കൃഷ്ണന്‍ നായരുടെ ഭരണകാലത്ത് 1919-ലും 1920-ലും ശ്രീമൂലം പ്രജാസഭയില്‍ ക്ഷേത്രപ്രവേശന പ്രമേയം ഒരു പൗരാവകാശമായി ടി.കെ. മാധവന്‍ അവതരിപ്പിച്ചിരുന്നു. 1921-ല്‍ ദിവാന്‍ രാഘവയ്യയ്ക്ക് കാലത്ത് മതപരമായ വിഷയമെന്ന്  ആരോപിച്ച് ക്ഷേത്രപ്രവേശന പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി ടി.കെയ്ക്കു നിഷേധിച്ചു. കൃഷ്ണന്‍ നായര്‍ പൗരാവകാശമായി കണ്ട പ്രമേയം രാഘവയ്യയ്ക്കു എങ്ങനെ മതപരമായിത്തീര്‍ന്നുവെന്ന ചോദ്യമുയരാം. രാഘവയ്യയുടെ സ്വേച്ഛാധികാരമാണ് അത്തരമൊരു നിഷേധത്തിനു ഹേതുവെന്ന് മനസ്സിലാക്കാമെങ്കിലും മതപരമായ വിഷയങ്ങളില്‍ സര്‍ക്കാരും പ്രജാസഭയും സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് വൈക്കം സത്യാഗ്രഹകാലത്തു തന്നെ ഒരു അഭിമുഖത്തില്‍ സി. രാജഗോപാലാചാരി വ്യക്തമാക്കുകയുണ്ടായി. ഏകീകൃത സിവില്‍കോഡ് ചര്‍ച്ചാവിഷയമാകുന്ന വര്‍ത്തമാനകാലത്തും ഏറെ പ്രസക്തമായ ആ അഭിപ്രായം വായിക്കുക: ''മതപരമായ ആചാരങ്ങളാണെങ്കിലും ഇത്തരം പ്രശ്നങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമുണ്ട് എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് നായര്‍ബില്‍. ഇതുവരെ മതപരമായി കരുതപ്പെട്ടിരുന്ന പല ആചാരങ്ങളേയും നായര്‍ബില്‍ തിരുത്തുന്നുണ്ട്. സ്വത്തവകാശം, വിവാഹം, വിവാഹമോചനം എന്നീ വിഷയങ്ങളില്‍ പരശുരാമന്‍ ഏര്‍പ്പെടുത്തിയ പല ആചാരങ്ങളേയും മാറ്റാന്‍ ആര്‍ജ്ജവം കാണിച്ച ഗവണ്‍മെന്റ് വൈക്കത്തെ അനാചാരങ്ങളും അവസാനിപ്പിക്കാന്‍ ആര്‍ജ്ജവം കാണിക്കണം.''

വൈക്കം സത്യാ​ഗ്രഹ മ്യൂസിയം
വൈക്കം സത്യാ​ഗ്രഹ മ്യൂസിയം

സത്യാഗ്രഹത്തിലെ അഹിന്ദുക്കള്‍

പൗരസമത്വപ്രക്ഷോഭകാലത്തും (1918-1922) ക്ഷേത്രപ്രവേശനം ഒരു പൗരാവകാശമായിട്ടാണ് ടി.കെ. മാധവന്‍ ഗവണ്‍മെന്റിനു മുന്നില്‍ അവതരിപ്പിച്ചത്. ടി.കെയുമായുള്ള അഭിമുഖത്തില്‍ ഗാന്ധിജിയും പൗരാവകാശമായിത്തന്നെ അതിനെ കണ്ടു. എന്നാല്‍, വൈക്കം സത്യാഗ്രഹകാലത്ത് ഹിന്ദുമതത്തിന്റെ ഒരു ആഭ്യന്തരപ്രശ്നമായി ക്ഷേത്രപ്രവേശനത്തെ അദ്ദേഹം മാറ്റി. അതിന് ഉത്തരവാദി കെ.എം. പണിക്കരത്രെ. സത്യാഗ്രഹത്തില്‍ അഹിന്ദുക്കള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ഒരു പ്രസ്താവന മദ്രാസ് പത്രങ്ങളില്‍ കൊടുത്തതും അക്കാര്യം ഗാന്ധിജിയെ ബോധ്യപ്പെടുത്തിയതും താനാണെന്ന് പണിക്കര്‍ ആത്മകഥയില്‍ എഴുതുന്നുണ്ട്. സത്യാഗ്രഹത്തെ നയിക്കാന്‍ ജോര്‍ജ് ജോസഫ് രംഗത്തെത്തിയ അവസരത്തിലാണ് പണിക്കര്‍ പത്രപ്രസ്താവന ഇറക്കിയത്. അഹിന്ദുക്കള്‍ സത്യാഗ്രഹത്തില്‍ നേതൃസ്ഥാനം വഹിക്കുകയാണെങ്കില്‍ ഗാന്ധിജി അതിനു സഹായം ചെയ്തുകൊടുക്കരുതെന്നും പണിക്കര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇത്തരമൊരു നിര്‍ദ്ദേശത്തെപ്പറ്റി ഗാന്ധിജി ഒരിടത്തും പ്രസ്താവിച്ചു കാണുന്നില്ല. അയിത്തം നിവാരണം ചെയ്യേണ്ടത് ഹിന്ദുക്കളുടെ കടമയാണെന്ന് കോണ്‍ഗ്രസ്സിന്റെ നാഗ്പൂര്‍ പ്രമേയം ചൂണ്ടിയാണ് ഗാന്ധിജി ജോസഫിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഗാന്ധിജിയുടെ കത്ത് കിട്ടുന്നതിനുമുന്‍പ് തന്നെ ജോര്‍ജ് ജോസഫ് നേതൃത്വം ഏറ്റെടുക്കുകയും തുടര്‍ന്ന് അറസ്റ്റിലാവുകയും ചെയ്തു. ''ഇപ്പോഴത്തെ സത്യാഗ്രഹം തൊട്ടുകൂടാത്തവരായ ക്രിസ്ത്യാനികള്‍ക്കുവേണ്ടിയല്ലല്ലോ നടത്തപ്പെടുന്നത്. അതുകൊണ്ട് ജോസഫും സെബാസ്റ്റ്യനും അബ്ദുള്‍ റഹീമും ചെയ്തിട്ടുള്ള ത്യാഗങ്ങള്‍ക്ക് പ്രത്യേകിച്ചൊരു മഹത്വവുമില്ല'' എന്നുപോലും ഗാന്ധിജി പിന്നീടു പറഞ്ഞു. സത്യാഗ്രഹസമരത്തില്‍നിന്ന് ഇതര മതസ്ഥരെ അകറ്റിനിര്‍ത്താനും യാഥാസ്ഥിതിക ഹിന്ദുക്കളോട് മൃദുസമീപനം സ്വീകരിക്കാനും ഗാന്ധിജിയെ പ്രേരിപ്പിച്ച മറ്റൊരു കാരണം കെ. മാധവന്‍നായര്‍ക്ക് എഴുതിയ കത്തില്‍നിന്നും മനസ്സിലാക്കാനാവും. അയിത്തജാതിക്കാര്‍ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന അടിമജീവിതത്തില്‍ നിന്നുമുള്ള മുക്തിയെക്കാള്‍, ദുരാത്മാക്കളായ യാഥാസ്ഥിതിക ഹിന്ദുക്കളെ അടിച്ചമര്‍ത്തിയാല്‍ ഹിന്ദുമതത്തിനുണ്ടാവുന്ന ഇടിവിനെപ്പറ്റിയുള്ള ഉല്‍കണ്ഠയായിരുന്നു ഗാന്ധിജിയുടെ വിയോജിപ്പിനു മുഖ്യപ്രേരണയായി വര്‍ത്തിച്ചത്. കോണ്‍ഗ്രസ്സിന്റേയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റേയും ജീവാത്മാവും പരമാത്മാവും സവര്‍ണ്ണ ഹിന്ദുക്കളാണെന്നും അവരെ വെറുപ്പിച്ച് അകറ്റുന്ന ഏതു കര്‍മ്മപദ്ധതിയും തന്റെ നേതൃത്വത്തേയും കോണ്‍ഗ്രസ് പ്രസ്ഥാനത്തേയും ദുര്‍ബ്ബലമാക്കുമെന്നും തന്ത്രശാലിയായ ഗാന്ധിജിക്ക് അറിയാമായിരുന്നു. തൊട്ടുകൂടാത്ത ഹിന്ദുക്കള്‍ക്കുവേണ്ടി സത്യാഗ്രഹം അനുഷ്ഠിച്ച് തടവറയില്‍ കിടക്കേണ്ടിവന്ന അഹിന്ദുക്കള്‍ തെറ്റാണ് ചെയ്തതെന്നും അവര്‍ അധികാരികളോട് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട ഗാന്ധിജിയെ നയിച്ചത് പൗരബോധമോ മാനവികവീക്ഷണമോ ആയിരുന്നില്ല, മറിച്ച് സവര്‍ണ്ണ ഹിന്ദുത്വബോധമായിരുന്നു. ഹിന്ദുക്ഷേത്രങ്ങളിലെ അയിത്തം ഹിന്ദുക്കളുടെ പ്രശ്നമാണെന്നും അതില്‍ അഹിന്ദുക്കള്‍ ഇടപെടാന്‍ പാടില്ലെന്നും നിഷ്‌കര്‍ഷിച്ച ഗാന്ധിജി, ഒരു കാര്യം വിസ്മരിച്ചതായി തോന്നുന്നു. ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള ചൂണ്ടിക്കാണിച്ചതുപോലെ ഹിന്ദുക്ഷേത്രങ്ങള്‍ക്കുവേണ്ടി ഒരു വര്‍ഷം ഇരുപത് ലക്ഷം രൂപ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിക്കുന്നുണ്ടായിരുന്നു. അത് ഹിന്ദുക്കളുടെ പണം മാത്രമായിരുന്നില്ലല്ലോ. സര്‍ക്കാര്‍ പണം വിനിയോഗിച്ചു നടത്തുന്ന സ്ഥാപനങ്ങളിലെ അനീതിക്കും അഴിമതിക്കുമെതിരെ ശബ്ദിക്കാനും പോരാടാനുമുള്ള സ്വാതന്ത്ര്യം ഏതൊരു പൗരനും അവകാശപ്പെട്ടതാണ്. എല്ലാറ്റിലുമുപരി മനുഷ്യത്വരഹിതമായ ഏതൊരു ആചാരത്തേയും വിശ്വാസത്തേയും എതിര്‍ക്കുകയെന്നത് മാനുഷികമായൊരു ധര്‍മ്മമാണെന്ന് എന്തുകൊണ്ട് ഗാന്ധിജി ഗ്രഹിക്കാതെ പോയി? തിരുവിതാംകൂറിലെ പതിനേഴ് ലക്ഷം അയിത്തജാതി ഹിന്ദുക്കള്‍ നല്‍കുന്ന നികുതിപ്പണവും ക്ഷേത്രനടത്തിപ്പില്‍ ചെലവാകുന്നുണ്ടെന്ന വസ്തുത തല്‍ക്കാലം മറക്കാം.

അഹിന്ദുക്കളെ സത്യാഗ്രഹത്തില്‍നിന്നും ഒഴിവാക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിക്കുക മാത്രമല്ല, സത്യാഗ്രഹത്തിനുള്ള സ്ഥലം നിര്‍ണ്ണയിച്ചതും താനാണെന്ന് 1953-ല്‍ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ കെ.എം. പണിക്കര്‍ അവകാശപ്പെടുന്നതു കാണാം. എന്നാല്‍, 1924 മെയ് 2-ലെ 'Travancore Daily News' എന്ന പത്രത്തില്‍ അദ്ദേഹം എഴുതിയ ലേഖനം ഈ വാദത്തിനെതിരാണ്. ഈ വൈരുദ്ധ്യം എങ്ങനെ സംഭവിച്ചു? പണിക്കരുടെ വിസ്മൃതിയോ ഇരട്ടമുഖമോ ഇതിനു ഹേതു? കെ.പി. കേശവമേനോന്റേയും കെ. കേളപ്പന്റേയും മറ്റും അഭിപ്രായത്തില്‍, സത്യാഗ്രഹസ്ഥലമായി വൈക്കം ക്ഷേത്രം തിരഞ്ഞെടുത്തത് യാദൃച്ഛികമായൊരു സംഭവമായിരുന്നു. എന്നാല്‍, മുഹമ്മദീയര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റും തീണ്ടല്‍ ദോഷമില്ലാതെ സഞ്ചരിക്കാവുന്ന രാജവീഥിയില്‍കൂടി അയിത്തജാതിക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യമില്ലെന്ന അറിവാണ് വൈക്കം ക്ഷേത്രം തിരഞ്ഞെടുക്കാന്‍ കാരണമെന്ന വാദത്തില്‍ കഴമ്പില്ല. തിരുനക്കര, ശുചീന്ദ്രം തുടങ്ങിയ പല പ്രമുഖ ക്ഷേത്രങ്ങളുടെ പരിസരങ്ങളില്‍കൂടിയും അയിത്തജാതിക്കാര്‍ക്ക് നടക്കാന്‍ അനുവാദമില്ലായിരുന്നു. വൈക്കം ക്ഷേത്രറോഡില്‍കൂടി സഞ്ചരിച്ച നാരായണഗുരുവിനെ ഒരു ഭൂദേവന്‍ വിലക്കിയതില്‍ പ്രകോപിതനായി, ടി.കെ. മാധവന്‍ വൈക്കം ക്ഷേത്രം തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് വാദിക്കുന്നവരുമുണ്ട്. ടി.കെ. മാധവന്റെ കുടുംബത്തിന് വൈക്കവുമായുണ്ടായിരുന്ന ബന്ധമാണ് സത്യാഗ്രഹത്തിനായി വൈക്കം തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് എ.പി. ഉദയഭാനു പറയുന്നു. കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ച അയിത്തോച്ചാടന കമ്മിറ്റിയിലെ ഏക അവര്‍ണ്ണനും തിരുവിതാംകൂര്‍കാരനും ടി.കെ. മാധവനായതിനാല്‍ സത്യാഗ്രഹസ്ഥലം തീരുമാനിക്കേണ്ട ബാധ്യതയും അവ നടത്തികൊണ്ടുപോകേണ്ട ചുമതലയും ടി.കെ. മാധവന്റെ ചുമലില്‍ പതിയുകയായിരുന്നുവെന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. നാരായണഗുരുവിനെ വൈക്കം ക്ഷേത്രറോഡില്‍ തടഞ്ഞത് 1920-ലാണെന്നു പറയപ്പെടുന്നു. തൊട്ടടുത്ത വര്‍ഷം 1921-ല്‍ ഒരു പ്രതിഷേധമെന്നപോലെ വൈക്കം ക്ഷേത്രപരിസരത്തെ തീണ്ടല്‍പലക മറികടന്ന് ടി.കെ. മാധവന്‍ രണ്ടുതവണ നടക്കുകയുണ്ടായി. ആദ്യം ഒറ്റയ്ക്കും അനന്തരം സഹോദരന്‍ അയ്യപ്പന്‍, സ്വാമി സത്യവ്രതന്‍, കെ.കെ. മാധവന്‍ എന്നിവരോടു ചേര്‍ന്ന് കൂട്ടായും. അതേ വര്‍ഷം തിരുനെല്‍വേലിയില്‍വെച്ച് ടി.കെ. ഗാന്ധിജിയെ കാണുകയും 1923-ലെ കാക്കിനഡ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുകയും 1924-ല്‍ കേരള കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ അയിത്തോച്ചാടനകമ്മിറ്റി രൂപീകരിച്ച് പ്രചരണം ആരംഭിക്കുകയും ചെയ്യുന്നത് ദര്‍ശിക്കുമ്പോള്‍ വൈക്കം സത്യാഗ്രഹകേന്ദ്രമായി തിരഞ്ഞെടുക്കുന്നതില്‍ ടി.കെയ്ക്കുണ്ടായിരുന്ന താല്പര്യം സ്പഷ്ടമാകുന്നു. ഹരിപ്പാടാണ് സത്യാഗ്രഹസ്ഥലമായി ടി.കെ നിര്‍ദ്ദേശിച്ചതെന്ന് ആത്മകഥയില്‍ കെ.എം. പണിക്കര്‍ സൂചിപ്പിക്കുന്നുണ്ട്. മുകളില്‍ പരാമര്‍ശിച്ച പരസ്പരവിരുദ്ധമായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍, ഈ ആത്മകഥനം അത്ര വിശ്വാസ്യയോഗ്യമായി തോന്നുന്നില്ല. ടി.കെ. മാധവനാണ് വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്തതെന്ന് ടി.കെ. മാധവന്റെ ജീവചരിത്രത്തിനെഴുതിയ അവതാരികയില്‍ പണിക്കര്‍ പ്രസ്താവിക്കുന്നതും ശ്രദ്ധിക്കാതെ പോകരുത്. 

നാഗപ്പൂര്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനം ഓര്‍ത്തിട്ടോ പണിക്കരുടെ ഉപദേശം കേട്ടിട്ടോ ഹിന്ദുമതത്തിന്റെ മേന്മ കാംക്ഷിച്ചിട്ടോ ഇതരമതസ്ഥരുടെ സഹായത്താല്‍ പരിഷ്‌കരണവാദികള്‍ യാഥാസ്ഥിതിക ഹിന്ദുക്കളെ അടിച്ചമര്‍ത്തുമെന്ന് ഭയന്നിട്ടോ എന്തുതന്നെയായാലും; വൈക്കം സത്യാഗ്രഹത്തോടെ അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന പൗരാവകാശത്തെ ഹിന്ദുമതത്തിന്റെ ആഭ്യന്തരപ്രശ്നമായി കണ്ട് ഗാന്ധിജിയെപ്പോലെ ടി.കെ. മാധവനും ചുവടു മാറ്റിച്ചവിട്ടേണ്ടിവന്നു. ''ജാതിയുടെ പൈശാചിക ഗോഷ്ഠികളെ നശിപ്പിച്ച് ഹിന്ദുമതത്തേയും ഭാരതത്തേയും ഉദ്ധരിക്കുന്നതിനുള്ള ശ്രമമാകുന്നു വൈക്കത്ത് ആരംഭിച്ചിരിക്കുന്നതെന്ന്'' വൈക്കം സത്യാഗ്രഹത്തെ മുന്‍നിര്‍ത്തിയുള്ള ആദ്യ മുഖപ്രസംഗത്തില്‍ തന്നെ 'ദേശാഭിമാനി'യില്‍ എഴുതാന്‍ ടി.കെ. നിര്‍ബ്ബന്ധിതനായി. ''തെക്കന്‍ തിരുവിതാംകൂറില്‍ മതപരിവര്‍ത്തനം ചെയ്ത നാടാര്‍സ്ത്രീകള്‍ മുലമാറാപ്പ് ഉപയോഗിച്ചതില്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ ക്ഷോഭിച്ച് സമാധാനലംഘനമുണ്ടാക്കുന്നുവെന്നറിഞ്ഞപ്പോള്‍, ബ്രിട്ടീഷ് സിംഹാസനം അലങ്കരിക്കുന്നത് ഒരു സ്ത്രീയാണെന്നും അവരുടെ സഹോദരികളോട് അപമര്യാദ കാണിച്ചാല്‍ അത് അവര്‍ സഹിക്കുന്നതല്ലെന്നും വിവരിച്ച് വിക്ടോറിയ മഹാരാജ്ഞിയുടെ ഗവണ്‍മെന്റ് കല്പന കൊടുത്തതുപോലെ തിരുവിതാംകൂറിലെ സിംഹാസനം അലങ്കരിക്കുന്നത് ഒരു ഹിന്ദുവാണെന്നും ആ മതാനുയായികളെ  ആട്ടിപ്പായിക്കുന്നത് സഹിക്കുന്നതല്ലെന്നും ഒരു കല്പന പുറപ്പെടുവിക്കാന്‍ 'പ്രജാഹിതം നമ്മുടെ ഹിതം' എന്നു കല്പിച്ച ശ്രീമൂലം തിരുമേനിക്ക് കാരുണ്യം തോന്നാതിരുന്നത് നമ്മുടെ ഭാഗ്യദോഷം തന്നെ'' എന്ന് അതേ മുഖപ്രസംഗത്തില്‍ ടി.കെ. ഖേദപൂര്‍വ്വം എഴുതി. 

​ഗാന്ധിജി
​ഗാന്ധിജി

അയിത്താചാരം: ഭരണകൂടഭീകരത

യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ സവര്‍ണ്ണജാതി ഭരണകൂടത്തെ നിയന്ത്രിച്ചിരുന്നത് പ്രജാഹിതമായിരുന്നില്ല. മനുസ്മൃതിയുള്‍പ്പെടെയുള്ള ബ്രാഹ്മണ നിയമസംഹിതകളും ആചാരവിശ്വാസങ്ങളുമായിരുന്നു. 1925 ഫെബ്രുവരി ഏഴിന് ശ്രീമൂലം പ്രജാസഭയില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി എന്‍. കുമാരന്‍ അവതരിപ്പിച്ച സഞ്ചാര സ്വാതന്ത്ര്യപ്രമേയം പരാജയപ്പെട്ടപ്പോള്‍, അതിനെ ആധാരമാക്കി ഒരു മുഖപ്രസംഗം 'ദേശാഭിമാനി'യില്‍ ടി.കെ. എഴുതി. അതില്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ സവര്‍ണ്ണമുഖം കൃത്യമായി ടി.കെ. തെളിയിച്ചുകാട്ടുന്നത് കാണുക: ''തിരുവിതാംകൂറില്‍ അധഃകൃതരുടെ വലിയ ശത്രു അവരുടെ ഗവണ്‍മെന്റാണെന്ന് നിയമസഭയിലെ സഞ്ചാരസ്വാതന്ത്ര്യപ്രമേയംകൊണ്ട് എല്ലാവര്‍ക്കും ബോധ്യമായി. തിരുവിതാംകൂര്‍ ഗവണ്‍മെന്റ് പട്ടന്മാരുടെ ഗവണ്‍മെന്റെന്നും സ്പഷ്ടമായി. അധഃകൃതര്‍ വഴിനടക്കാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത് ക്ഷേത്രപ്രവേശനത്തിനാണെന്നും അതനുവദിച്ചുകൂടെന്നും നിയമസഭയില്‍ വെമ്പലോടുകൂടെ പ്രസംഗിച്ചത് സുബ്ബയ്യര്‍, കൃഷ്ണയ്യര്‍, കൃഷ്ണയ്യങ്കാര്‍ എന്നീ പട്ടന്മാരായിരുന്നു. ആകെക്കൂടി ആലോചിച്ചാല്‍ അഹിന്ദുക്കള്‍ക്കുള്ള സ്വാതന്ത്ര്യം പോലും അവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് അനുവദിച്ചുകൊടുക്കുന്നതില്‍ തടസ്സക്കാര്‍ പട്ടന്മാര്‍ തന്നെയാണ്.'' തിരുവിതാംകൂറില്‍ അധഃകൃതരുടെ വലിയ ശത്രു അവരുടെ ഗവണ്‍മെന്റാണെന്ന ടി.കെയുടെ വിമര്‍ശനത്തിനു നേര്‍വിപരീതമായിരുന്നു ഗാന്ധിജിയുടെ നിലപാട്. സത്യാഗ്രഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ രാജാവിനോ ഭരണകൂടത്തിനോ യാതൊരു പ്രശ്നവും സൃഷ്ടിക്കരുതെന്നതായിരുന്നു ഗാന്ധിജിയുടെ നിര്‍ദ്ദേശം. കാരണം ''പ്രസ്തുത രാജാക്കന്മാരും ബ്രിട്ടീഷ്ഭരണത്തില്‍ നമ്മളെപ്പോലെ കഷ്ടപ്പെടുകയാണത്രെ!'' തിരുവിതാംകൂറിലെ അയിത്താചാരം സര്‍ക്കാരിന്റെ സംരക്ഷണയില്‍ പരിപാലിച്ചുപോരുന്ന ഒരു ഭരണകൂടഭീകരതയാണെന്ന് ഗാന്ധിജിക്കു മനസ്സിലാകാതെ പോയതാണോ? പ്രശ്നക്കാര്‍ അന്ധവിശ്വാസികളായ സവര്‍ണ്ണ ജാതികളാണെന്നും അവരുടെ മനഃപരിവര്‍ത്തനത്തിലൂടെ സാധ്യമാക്കേണ്ട ഒന്നാണ് അയിത്തോച്ചാടനമെന്നും ഗാന്ധിജി കരുതുന്നു. എങ്കില്‍, റീജന്റ് റാണിയേയും ദിവാനേയും പൊലീസ് കമ്മിഷണര്‍ പിറ്റിനേയും കണ്ട് അനുരഞ്ജന സംഭാഷണങ്ങള്‍ നടത്താനും സവര്‍ണ്ണജാഥ നയിച്ച് റാണിക്കു നിവേദനം നല്‍കണമെന്ന് അനുയായികളോടു നിര്‍ദ്ദേശിക്കാനും ഗാന്ധിജി എന്തിനു തയ്യാറായി? വാസ്തവത്തില്‍ ആര്‍ക്കെതിരെയായിരുന്നു കോണ്‍ഗ്രസ്സുകാര്‍ വൈക്കത്ത് സത്യാഗ്രഹം സംഘടിപ്പിച്ചത്? വൈദികന്മാരുടെ യാഥാസ്ഥിതിക നിലപാടിനെതിരെയോ അതോ ഭരണകൂടത്തിന്റെ അനീതിക്കെതിരെയോ? എസ്.എന്‍.ഡി.പി. യോഗം സഞ്ചാരസ്വാതന്ത്ര്യനിഷേധത്തെ ഒരു ഭരണകൂട ഭീകരതയായിട്ടാണു കണ്ടത്. 1924 മെയ് 6 മുതല്‍ 8 വരെ തീയതികളില്‍ വൈക്കത്തുവച്ചു നടന്ന എസ്.എന്‍.ഡി.പി. യോഗത്തിന്റെ 21-ാം വാര്‍ഷികയോഗത്തില്‍ ജനറല്‍ സെക്രട്ടറി എന്‍. കുമാരന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: ''ഗവണ്‍മെന്റ് ഭണ്ഡാരത്തിലെ പണം ചെലവുചെയ്തുണ്ടാക്കിയ ഒരു പബ്ലിക് റോഡില്‍കൂടി ആ ഗവണ്‍മെന്റിന്റെ പ്രജകളില്‍ ഒരു വലിയ വിഭാഗത്തിനു നടക്കാനുള്ള അവകാശം സമ്മതിച്ചുകൊടുക്കുകയില്ലെന്ന് ഏതാനും സ്വദേശികളും വിദേശികളും കൂടി തര്‍ക്കം പുറപ്പെടുവിച്ചു നിഷേധിക്കുകയും സമാധാനലംഘനമുണ്ടാക്കുമെന്ന് ഭയപ്പെടുത്തുകയും ചെയ്യുമ്പോള്‍ പേടിച്ചരണ്ടുപോകുന്ന ബലഹീനമായ ഗവണ്‍മെന്റ് ഇന്ന് തിരുവിതാംകൂര്‍ ഗവണ്‍മെന്റല്ലാതെ വേറെയില്ലെന്നു പറയേണ്ടതില്ലല്ലോ.'' സത്യത്തില്‍, ബ്രാഹ്മണരോടുള്ള ഭയഭക്തിബഹുമാനത്തിനും അവര്‍ണ്ണരോടുള്ള അയിത്തമനോഭാവത്തിനുമപ്പുറം, അസംഘടിതരും അജ്ഞരും ദരിദ്രരുമായ ഭൂരിപക്ഷം ജനതയോട് എന്തുമാകാമെന്ന ഭരണാധികാരികളുടെ അവജ്ഞ നിറഞ്ഞ ധാര്‍ഷ്ഠ്യമാണ് എല്ലാ പൗരാവകാശ നിഷേധങ്ങള്‍ക്കും  പിന്നിലെ അടിസ്ഥാന ഹേതു. ജനാധിപത്യകാലത്തും ഇതുതന്നെയാണല്ലോ സംഭവിക്കുന്നത്. അവര്‍ണ്ണസമുദായസംവരണം ഏര്‍പ്പെടുത്താന്‍ നിരവധി പഠനങ്ങളും ദശാബ്ദങ്ങളും വേണ്ടിവന്നപ്പോള്‍, സവര്‍ണ്ണസംവരണം യാതൊരു പഠനവും കൂടാതെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്കു കഴിഞ്ഞു!

വൈക്കം സത്യാഗ്രഹം നടക്കുമ്പോള്‍ തിരുവിതാംകൂറില്‍ ഏഴുലക്ഷം ഈഴവരും പന്ത്രണ്ടുലക്ഷം ക്രിസ്ത്യാനികളും മൂന്നുലക്ഷം മുസ്ലിങ്ങളും ഏഴരലക്ഷം നായന്മാരും ഈഴവരല്ലാത്ത മറ്റ് അവര്‍ണ്ണഹിന്ദുക്കള്‍ പത്തുലക്ഷവും ബ്രാഹ്മണര്‍ കേവലം അരലക്ഷവുമാണുണ്ടായിരുന്നത്. ഈ അരലക്ഷം ബ്രാഹ്മണരുടേയും അവരുടെ മൂടുതാങ്ങികളായ ചില നായന്മാരുടേയും ആചാരസംരക്ഷണത്തിനുവേണ്ടിയായിരുന്നു എല്ലാ പബ്ലിക് റോഡിലൂടെയും സര്‍വ്വ പ്രജകള്‍ക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള 1865-ലെ സര്‍ക്കാര്‍ ഉത്തരവിനെ സ്വയം റദ്ദുചെയ്യുന്ന നിലപാട് ഭരണകൂടം എടുത്തതെന്ന ചരിത്രം മറക്കാന്‍ പാടില്ല. സര്‍ക്കാരിന്റെ ഈ ഹീനമായ നെറികേടു കണ്ടിട്ടാണ് ''ആ ചട്ടത്തെ നിര്‍ജ്ജീവമാക്കാന്‍ ശ്രമിക്കുന്ന ഇണ്ടന്‍തുരുത്തി നമ്പ്യാതിരിയേയും അതിനു സഹായിക്കുന്നവരേയും ജയിലില്‍ ആക്കുന്നതിനു പകരം സര്‍ക്കാര്‍ ചട്ടത്തെ ജീവിതമാക്കാന്‍ ശ്രമിക്കുന്നവരെ ജയിലിലാക്കാന്‍ തുടങ്ങിയത് മനുഷ്യബുദ്ധിയുടെ വികടത്വമെന്നല്ലാതെ മറ്റൊന്നും പറയാന്‍ കാണുന്നില്ല'' എന്ന് സി.വി. കുഞ്ഞുരാമന്‍ പ്രതികരിച്ചത്. പുരോഗമനപരവും മാതൃകാപരവുമെന്ന് വരേണ്യ ചരിത്രകാരന്മാരാല്‍ വാഴ്ത്തപ്പെടുന്ന തിരുവിതാംകൂറില്‍ അയിത്തജാതിക്കാര്‍ക്ക് അനുകൂലമായി നടത്തിയ വിളംബരങ്ങളില്‍ മിക്കതും ദീര്‍ഘകാലം ഏട്ടിലല്ലാതെ നാട്ടില്‍ നടപ്പില്‍ വന്നിരുന്നില്ലെന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം.

അഖിലേന്ത്യാതലത്തില്‍ പ്രശസ്തിയാര്‍ജ്ജിക്കുകയും കോണ്‍ഗ്രസ്സിന്റെ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും അഹിംസാനിഷ്ഠമായ സത്യാഗ്രഹത്തിന്റെ മൂല്യം ഉയര്‍ത്തുകയും അയിത്തജാതികളെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്ക് ആകര്‍ഷിക്കുകയും ചെയ്ത വൈക്കം സത്യാഗ്രഹത്തില്‍ തിരുവിതാംകൂറിലെ നമ്പൂതിരിമാരോ പട്ടബ്രാഹ്മണരോ പങ്കെടുക്കുകയുണ്ടായില്ല എന്ന വസ്തുത ഏറെപ്പേര്‍ക്ക് അറിയില്ല. സാധു എം.പി. നായരും മന്നത്തു പത്മനാഭനും മറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വൈക്കം സത്യാഗ്രഹത്തെ എതിര്‍ത്തുകൊണ്ട്, കോണ്‍ഗ്രസ് സാമുദായിക മത്സരം ഉണ്ടാക്കുകയാണെന്ന് 'യോഗക്ഷേമ'ത്തില്‍ എഴുതുക മാത്രമല്ല, സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം വരിക്കുകയും ഖാദി പ്രചരിപ്പിക്കുകയും ചെയ്തുവെന്നു പറഞ്ഞ് കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിയെ 'യോഗക്ഷേമസഭ' സമുദായഭ്രഷ്ടനാക്കുകയും ചെയ്ത സംഭവങ്ങള്‍ നമ്പൂതിരിസമുദായത്തിന്റെ നവോത്ഥാനചരിത്രം പരിശോധിച്ചാല്‍ കണ്ടെത്താനാവും. സവര്‍ണ്ണ ഭൂരിപക്ഷത്തിന്റെ പിന്തുണ 'സവര്‍ണ്ണജാഥ'ക്കില്ലെന്നു എഴുതിപ്പിടിപ്പിക്കാന്‍ 'ഉണ്ണിനമ്പൂതിരി' പത്രത്തിന് ഒരുവിധ സങ്കോചവുമുണ്ടായില്ല. എന്നാല്‍, 1925 മാര്‍ച്ച് 18-ന് തൃശൂരില്‍ എത്തിയ ഗാന്ധിജിക്ക് യോഗക്ഷേമസഭ ഒരു മംഗളപത്രം സമര്‍പ്പിച്ചിരുന്നു! വൈക്കം സത്യാഗ്രഹകാലത്ത് കെ.സി. മാമന്‍ മാപ്പിള 'മലയാള മനോരമ'യില്‍ എഴുതിയ ഒരു മുഖപ്രസംഗത്തില്‍ വിചിത്രമായൊരു സംഗതിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. കാണുക: ''മദ്രാസ് മുതലായ രാജ്യങ്ങളില്‍ പറയര്‍ മുതലായവരുമായിപ്പോലും തൊഴിലൊഴിച്ചു മറ്റു പെരുമാറ്റങ്ങളെല്ലാം യാതൊരു തരം അശുദ്ധിദോഷവും കൂടാതെ നടത്തിവരുന്ന തമിഴ് ബ്രാഹ്മണര്‍, വെള്ളാളര്‍ മുതലായവരും മലയാളത്തു വരുമ്പോള്‍ പുലയര്‍, പറയര്‍ മുതലായവരെ മാത്രമല്ല, സാമൂഹ്യവ്യവസ്ഥിതിയിലും ബുദ്ധിശക്തിയിലും മറ്റും വളരെ ഉയര്‍ന്ന സ്ഥാനത്തിനര്‍ഹതയുള്ള ഈഴവരെപ്പോലും ആട്ടിയോടിക്കുന്നതു കണ്ടാല്‍ നേരം പോക്കോ കോപമോ സങ്കടമോ ഏതു വികാരമാണ് കൂടുതലായി ശക്തിപ്പെടുന്നതെന്നു തീര്‍ച്ച പറയാവുന്നതല്ല.'' ഇവിടെയും പട്ടബ്രാഹ്മണരെ ദര്‍ശിക്കാം. വൈക്കം സത്യാഗ്രഹത്തെ നേരിടാന്‍ നിയമിച്ച രക്ഷാസൈന്യവും പരദേശബ്രാഹ്മണരുടേതായിരുന്നുവെന്ന് ടി.കെ. മാധവന്‍ എഴുതുന്നുണ്ട്. കോട്ടയത്തെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ പിച്ചു അയ്യങ്കാരും തഹസില്‍ദാര്‍ സുബ്രഹ്മണ്യഅയ്യരും ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മിഷണര്‍ വിശ്വനാഥ അയ്യരും പരദേശബ്രാഹ്മണരായിരുന്നു.

വൈക്കം സത്യാഗ്രഹത്തോടുള്ള നാരായണഗുരുവിന്റെ പ്രതികരണമായി 'ദേശാഭിമാനി'യില്‍ പ്രസിദ്ധീകരിച്ച കെ.എം. കേശവന്റെ  അഭിമുഖവുമായി ബന്ധപ്പെട്ട് ഗാന്ധിജി 'യങ് ഇന്ത്യ'യില്‍ എഴുതിയ കുറിപ്പും അതിന് ഗുരു നല്‍കിയ മറുപടിയും ഇന്നും വിവാദവിഷയമാണ്. വൈക്കത്തെ സത്യാഗ്രഹസമ്പ്രദായങ്ങളോട് തനിക്ക് അനുകൂല്യമില്ലെന്നും വഴിക്കോട്ടകള്‍ സ്ഥാപിച്ചിട്ടുള്ള റോഡുകളില്‍കൂടി സന്നദ്ധഭടന്മാര്‍ മുന്‍പോട്ടുപോയി അതിനെ ചാടിക്കടക്കണമെന്നും ക്ഷേത്രങ്ങളില്‍ പ്രവേശിക്കുകയും ഭക്ഷണം കഴിക്കുന്നതിന് മറ്റുള്ളവരോടൊപ്പം ഇരിക്കുകയും ചെയ്യണമെന്നും ഗുരു അഭിമുഖത്തില്‍ പറഞ്ഞത്രെ. അതിന് ഒരു നിഷേധക്കുറിപ്പ് 'യോഗ'ത്തിന്റെ സംഘടനാസെക്രട്ടറിയായിരുന്ന ടി.കെ. നാരായണന്‍ ഗാന്ധിജിക്ക് അയക്കുകയുണ്ടായി. അതില്‍നിന്ന് ഒരു വസ്തുത വ്യക്തമാകുന്നു. ക്ഷേത്രങ്ങളില്‍ കടന്നുചെന്ന് മറ്റുള്ളവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കണമെന്ന് ഗുരു പറഞ്ഞിട്ടുണ്ടാവാം. കാരണം, എക്കാലത്തും ക്ഷേത്രപ്രവേശനത്തിനും മിശ്രഭോജനത്തിനും അദ്ദേഹം അനുകൂലമായിരുന്നുവെന്നതുതന്നെ. എന്നാല്‍, അഹിംസയ്ക്ക് അദ്ദേഹം പരമപ്രാധാന്യം കല്പിച്ചിരുന്നു. വഴിക്കോട്ടകള്‍ ഇല്ലെങ്കില്‍ പോലും നിരോധിതമേഖലയിലേക്ക് കടന്നുചെല്ലുന്നത് ഹിംസയായി ഗുരു കണ്ടു. മറ്റൊന്നുകൂടി കെ.എം. കേശവനോട് ഗുരു പറഞ്ഞുകാണുമെന്ന് ടി.കെ. നാരായണന്‍ എഴുതുന്നു. അത് ''നിരോധിതപലകയില്‍ രേഖപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാതെ സന്നദ്ധഭടന്മാര്‍ക്ക് നിരോധിതമേഖലയിലേക്ക് കടന്നുചെല്ലാമെന്നുണ്ടെങ്കില്‍ അവര്‍ക്ക് വഴിക്കോട്ടകള്‍ ചാടിക്കടന്നു പോവുകയും ചെയ്യാമെ''ന്നാണ്. എന്നാല്‍, കേശവന്‍ അത് തെറ്റിദ്ധരിച്ചുവെന്നാണ് ഗുരു പറയുന്നത്. ടി.കെ. നാരായണന്റെ കുറിപ്പിനു പിന്നാലെ 'യങ് ഇന്ത്യ'യില്‍ വന്ന ഗുരുവിന്റെ കത്തിലും ''ഞാന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു ശരിയായി മനസ്സിലാക്കാതെ തയ്യാറാക്കിയ റിപ്പോര്‍ട്ടാ''ണ് കേശവന്റേതെന്ന് ഗുരു വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, മഹാത്മാഗാന്ധി അയിത്തം എന്ന തിന്മ നിവാരണം ചെയ്യുന്നതിനുവേണ്ടി നടത്തുന്ന സത്യാഗ്രഹപ്രസ്ഥാനത്തോടോ ജനങ്ങള്‍ ആ സത്യാഗ്രഹത്തില്‍ സഹകരിക്കുന്നതിനോടോ തനിക്ക് യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും അയിത്തോച്ചാടനത്തിനുവേണ്ടി സ്വീകരിക്കുന്ന ഏതു പ്രവര്‍ത്തനമാര്‍ഗ്ഗവും തികച്ചും അഹിംസാനിഷ്ഠമായിരിക്കേണ്ടതാണെന്നും സ്പഷ്ടമാക്കുന്നു. 1924 ജൂണ്‍ 27-നാണ് ഗുരു ഗാന്ധിജിക്ക് കത്ത് അയക്കുന്നത്. ഇനി 1925 മാര്‍ച്ച് 12-ന് ഗാന്ധിജി ശിവഗിരിയില്‍ നാരായണഗുരുവിനെ സന്ദര്‍ശിച്ച വേളയില്‍ പൊലീസ് കമ്മിഷണര്‍ പിറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഒരു ഭാഗം വായിക്കുക: 'The different aspects of Satyagraha were discussed and it appears that the Guru declared that he was not a believer in non - violence in agitation for removing social disabilities and that though he excluded inter dining and inter - marriage he was anxious to secure for his community by any method social equality in all other matters with Caste Hindus including temple entry and admission to Caste Hindu houses. It is said that by means of argument Mr. Gandhi was able to convince the Guru of the efficacy and necessity of non - violence in all social movements and that the Guru agreed to follow Mr. Gandhi's advice.'  

വൈക്കം സത്യാ​ഗ്രഹത്തിന്റെ ഓർമയ്ക്കായി സ്ഥാപിച്ച മ്യൂസിയത്തിലെ ഇവി രാമസ്വാമി നായ്ക്കരുടെ പ്രതിമ
വൈക്കം സത്യാ​ഗ്രഹത്തിന്റെ ഓർമയ്ക്കായി സ്ഥാപിച്ച മ്യൂസിയത്തിലെ ഇവി രാമസ്വാമി നായ്ക്കരുടെ പ്രതിമ

ഗുരു ഗണിച്ച സമരമുറ

കെ.എം. കേശവന്റെ അഭിമുഖസംഭാഷണത്തിലെ വിവരണവും ടി.കെ. നാരായണന്റെ വിശദീകരണവും പിറ്റിന്റെ റിപ്പോര്‍ട്ടും ചേര്‍ത്തുവച്ചു വായിക്കുമ്പോള്‍ ഒരു കാര്യം തെളിയുന്നു. സാമൂഹികാവശതകള്‍ പരിഹരിക്കാന്‍ ഗാന്ധിജിയുടെ സത്യാഗ്രഹമാര്‍ഗ്ഗം പര്യാപ്തമല്ലെന്നും അതിന് അഹിംസാനിഷ്ഠമായ സംഘടിത ബലതന്ത്രമാണ് ആവശ്യമെന്നും ഗുരു ആഗ്രഹിച്ചതായി തോന്നും. ഒരു സംഘം സത്യാഗ്രഹികളുടെ ആത്മപീഡനത്തിലൂടെ, പീഡകരായ എതിരാളികളില്‍ മാനസാന്തരം വരുത്തി ലക്ഷ്യം ൃനേടുക എന്ന സമരമുറ അഭിലഷണീയമായി ഗുരു ഗണിച്ചിട്ടുണ്ടാവില്ല. ഗാന്ധിജി അവകാശപ്പെടുന്നതുപോലെ ഒരു യഥാര്‍ത്ഥ സത്യാഗ്രഹിയുടെ തപോബലത്താല്‍ എല്ലാം ജയിക്കാമെങ്കില്‍, അനേകം പേര്‍ വെയിലും  മഴയും കൊണ്ട്, പട്ടിണി കിടന്ന് കഷ്ടപ്പെട്ട് സമരം നടത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് ഒരു അന്തേവാസിയോട് പില്‍ക്കാലത്ത് ഗുരു ചോദിച്ചിരുന്നു. സ്വന്തം വപുസ്സും ആത്മതപസ്സും അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ മോചനത്തിനായി ബലിയര്‍പ്പിച്ച ത്യാഗിവര്യനായിരുന്നല്ലോ ഗുരു. എന്തുകൊണ്ട് ഇത്തരമൊരു ആത്മതപസ്സ് അഥവാ ത്യാഗം തിരുവിതാംകൂറിലെ അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി സ്വയം അനുഷ്ഠിച്ചില്ലെന്നൊരു ധ്വനി ഗുരുവിന്റെ ചോദ്യത്തിലുണ്ട്. ഏതു മാര്‍ഗ്ഗവും അവലംബിച്ച് ക്ഷേത്രപ്രവേശനവും ജാതിഹിന്ദുക്കളുടെ വീടുകളിലേക്കുള്ള പ്രവേശനവും സാമൂഹികമായ സമത്വവും നേടാന്‍ നാരായണഗുരു ഉത്സുകനായിരുന്നുവെന്ന പിറ്റിന്റെ റിപ്പോര്‍ട്ട്, ഗുരുവിന്റെ ആദ്യന്തമുള്ള പൊതുജീവിതവുമായി പൊരുത്തപ്പെടുന്നതല്ല. അയിത്തജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രങ്ങള്‍ക്ക് ബദലായി കേരളത്തിലുടനീളം ക്ഷേത്രങ്ങള്‍ സ്ഥാപിച്ച് പ്രശ്നപരിഹാരം തേടുകയായിരുന്നു ഗുരു ചെയ്തത്. ജീവിതത്തില്‍ ഒരിക്കല്‍പോലും സര്‍ക്കാര്‍ സവര്‍ണ്ണക്ഷേത്രങ്ങള്‍ അവര്‍ണ്ണര്‍ക്കായി തുറന്നുകൊടുക്കണമെന്ന് ഗുരു ആവശ്യപ്പെട്ടില്ല. അന്തസ്സും ആത്മാഭിമാനവുമുള്ള ഏതെങ്കിലും ഒരവര്‍ണ്ണന്‍ തന്നെ അകറ്റിനിര്‍ത്തുന്ന സവര്‍ണ്ണന്റെ ഭവനത്തില്‍ കടക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുമോ? ഒരു പീഡയുറുമ്പിനും വരുത്തരുതെന്ന് അനുകമ്പപൂണ്ട അഹിംസാമൂര്‍ത്തിയായ ഗുരുവിനെ, അഹിംസയുടെ കാര്യക്ഷമതയും ആവശ്യകതയും പറഞ്ഞ് ഗാന്ധിജി ബോധ്യപ്പെടുത്തിയത്രെ! ഗുരുവിനേയും ഈഴവസമുദായത്തേയും ഒരുപോലെ അപകര്‍ഷപ്പെടുത്തുന്ന വാസ്തവവിരുദ്ധമായ പരാമര്‍ശങ്ങളാണ് പിറ്റിന്റെ റിപ്പോര്‍ട്ടിലുള്ളതെന്ന് പറയാതെ വയ്യ. സത്യാഗ്രഹികളോടും ഗാന്ധിജിയോടും അനുഭാവം പുലര്‍ത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നെങ്കിലും പിറ്റിന്റെ റിപ്പോര്‍ട്ട് തികച്ചും സത്യസന്ധമായിരുന്നുവെന്ന് സ്ഥിരീകരിക്കാനാവില്ല. 

ഗാന്ധിജിയും ഗുരുവും പരസ്പരം കാണുന്നതിനുമുന്‍പ്, സത്യാഗ്രഹത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ വെല്ലൂര്‍ മഠം സത്യാഗ്രഹ ക്യാമ്പിനായി ഗുരു വിട്ടുകൊടുക്കുകയും 1924 സെപ്തംബര്‍ 27-ന് ക്യാമ്പിലെത്തി മൂന്നുനാള്‍ താമസിക്കുകയും സത്യാഗ്രഹച്ചെലവിനായി ആയിരം രൂപ സംഭാവന നല്‍കുകയും ഗാന്ധിജിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയും മറ്റും ചെയ്തത് വിസ്മരിക്കാന്‍ പാടില്ല. ഗാന്ധിജിയുടെ സത്യാഗ്രഹ തത്ത്വങ്ങളോടും സമരരീതിയോടും അന്തരാ വിയോജിക്കുമ്പോഴും, വൈക്കം പോരാട്ടത്തില്‍ പങ്കാളിയാകാന്‍ ഗുരു സന്നദ്ധനായത് ടി.കെ. മാധവന്റേയും എ.കെ. ഗോവിന്ദദാസിന്റേയും അപേക്ഷയും പ്രേരണയും മൂലമായിരുന്നു. അഭയവും ആശ്രയവും അപേക്ഷയുമായി എത്തുന്നവരെ തിരസ്‌കരിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ലല്ലോ. ബ്രിട്ടീഷ് ഭരണത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സ്വാതന്ത്ര്യസമരത്തില്‍ അയിത്തജാതിക്കാരെക്കൂടി അണിനിരത്താനും മതപരിവര്‍ത്തന ഭീഷണി മുഴക്കിനില്‍ക്കുന്ന സമുദായങ്ങളെ ഹിന്ദുമതത്തില്‍ പിടിച്ചുനിര്‍ത്താനുമുള്ള ഒരു മാര്‍ഗ്ഗമായിട്ടാവും ഗാന്ധിജി നേതൃത്വം നല്‍കുന്ന വൈക്കം സത്യാഗ്രഹത്തെ നാരായണഗുരു മനസ്സിലാക്കിയിട്ടുണ്ടാവുക. ഗാന്ധിജിയുടെ ശിവഗിരി സന്ദര്‍ശനം പോലും ഈ ലക്ഷ്യത്തോടുകൂടിയായിരുന്നു. ഗുരുവും ഗാന്ധിജിയും തമ്മിലുള്ള പ്രശസ്തമായ അഭിമുഖസംഭാഷണം വായിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. 

ഗാന്ധിജിയില്‍ ആകൃഷ്ടനായി വൈക്കം സത്യാഗ്രഹത്തിലേക്ക് കടന്നുവന്ന കോണ്‍ഗ്രസ്സുകാരനല്ലാത്ത വ്യക്തിയാണ് എന്‍.എസ്.എസ്സിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന മന്നത്ത് പത്മനാഭന്‍. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം സംഘടിപ്പിക്കപ്പെട്ട സവര്‍ണ്ണജാഥയ്ക്ക് നേതൃത്വം കൊടുക്കുകയും ജാതിമനോഭാവത്തോടുള്ള പ്രതിഷേധ സൂചകമായി പേരിനോടൊപ്പമുള്ള ജാതിവാല്‍ മുറിച്ചുകളയുകയും ചെയ്ത ആദര്‍ശശാലിയായിട്ടാണ് അദ്ദേഹത്തെ ചരിത്രത്താളുകളില്‍ കാണുക. എന്നാല്‍, വൈക്കം സത്യാഗ്രഹകാലത്തെടുത്ത ഉന്നതമായ നിലപാടുകളേയും പ്രവര്‍ത്തനങ്ങളേയും നിഷേധിക്കുന്ന മന്നത്തെയാണ് പിന്നീട് നാം ദര്‍ശിക്കുന്നത്. 1963-ലെ ശാസ്തമംഗലം പ്രസംഗത്തില്‍ ഈഴവസമുദായത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: ''അവര്‍ പന്നി പെറ്റു പെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. അവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും നല്‍കിയത് പുനഃപരിശോധിക്കണം.'' ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ദളിത് പ്രതിനിധിയായിരുന്ന പി.കെ. ചാത്തന്‍ മാസ്റ്ററെ അവഹേളിച്ചുകൊണ്ട് ''ചാത്തന്‍ പുലയന്‍ മന്ത്രിയായിരുന്ന നാട്ടില്‍ ജീവിക്കാന്‍ സാധ്യമല്ല'' എന്നായിരുന്നു മുതുകുളത്തുവെച്ച് പ്രസംഗിച്ചത്. നായന്മാരുടെ അധഃപതനത്തിനു കാരണം ക്ഷേത്രത്തിലെ അടിമത്തമാണെന്നു പരിതപിച്ച മന്നത്തിന്, ക്ഷേത്രത്തെ കേന്ദ്രമാക്കിയ ഹൈന്ദവസംഘടനയാണ് നമുക്കാവശ്യമെന്ന് പ്രസംഗിക്കാന്‍ യാതൊരു സങ്കോചവുമുണ്ടായില്ല.

വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുന്ന ഒരു പ്രധാന കാര്യം അധഃകൃത നേതാക്കളുടെ അസാന്നിദ്ധ്യമാണ്. സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കത്തും തിരുവനന്തപുരത്തും മറ്റും നടന്ന പൊതുയോഗങ്ങളില്‍ പുലയജനം സജീവമായി പങ്കെടുത്തിരുന്നെങ്കിലും അവിടെയൊന്നും ഒരൊറ്റ പുലയനേതാവിനെ കണ്ടെത്താനാവില്ല. കെ.പി.സി.സിയുടെ അയിത്തോച്ചാടന കമ്മിറ്റിയിലോ പര്യടന കമ്മിറ്റിയിലോ ഒരു ദളിത് നേതാവും ഉണ്ടായിരുന്നില്ല. അയിത്തോച്ചാടന കമ്മിറ്റിയുടെ ഇരുപത്തിനാലു ദിവസത്തെ പര്യടനകാലത്ത് ടി.കെ. മാധവന്‍ കെ.പി. കറുപ്പനുമായി സംസാരിച്ചതായും ഡോ. വി.വി. വേലുക്കുട്ടി അരയന്‍ സത്യാഗ്രഹസമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതായും പരാമര്‍ശങ്ങളുണ്ട്. വൈക്കം സത്യാഗ്രഹത്തിനു മുന്‍പ് ടി.കെ. മാധവനോടൊപ്പം പൂത്തോട്ടക്ഷേത്രത്തില്‍ പ്രവേശിച്ച ആമചാടിതേവനെന്ന പുലയസമുദായാംഗത്തിന്റെ പങ്കാളിത്തവും അനുസ്മരണീയമാണ്. പൊതുവെ നിരീക്ഷിച്ചാല്‍ കേരളത്തിലെ ദളിത് നേതൃത്വം നിഷ്‌ക്രിയമായൊരു സമീപനമായിരുന്നു വൈക്കം സത്യാഗ്രഹത്തോട് പുലര്‍ത്തിയത്. അതിനുകാരണമായി ദളിത് ബന്ധു എന്‍.കെ. ജോസ് പറയുന്ന കാര്യങ്ങളെ ഒരു ചരിത്രപഠിതാവിനു അവഗണിക്കാനാവില്ല. അദ്ദേഹം എഴുതുന്നത് കാണുക: ''വൈക്കം ക്ഷേത്രത്തിനു പുറത്തുള്ള നിരത്തുകളിലൂടെ സഞ്ചാരസ്വാതന്ത്ര്യം നിരോധിച്ചത് ഈഴവര്‍ക്കും പുലയര്‍ക്കും പറയര്‍ക്കും കുറവര്‍ക്കും അതുപോലുള്ള അവര്‍ണ്ണജാതികള്‍ക്കുമായിരുന്നു. പ്രസ്തുത നിരത്തുകളിലൂടെ സഞ്ചരിക്കണമെന്ന ആഗ്രഹം അങ്കുരിച്ചത് അവരില്‍ ഈഴവര്‍ക്കു മാത്രമായിരുന്നു. പുലയരെ സത്യാഗ്രഹത്തിന്റെ ചില രംഗങ്ങളിലെല്ലാം കണ്ടിരുന്നുവെങ്കിലും പുലയര്‍ അന്ന് സഞ്ചാരസ്വാതന്ത്ര്യത്തെപ്പറ്റി പൊതുവെ ബോധവാന്മാരായിരുന്നില്ല. അയ്യന്‍കാളിയുടെ പ്രവര്‍ത്തനഫലമായി തെക്കന്‍ തിരുവിതാംകൂറില്‍ അവര്‍ നേടിയെടുത്ത ബോധവല്‍ക്കരണം വടക്കന്‍ തിരുവിതാംകൂറില്‍ അന്നു വേണ്ടപോലെ എത്തപ്പെട്ടിരുന്നില്ല. അയ്യന്‍കാളി അന്ന് ആവശ്യപ്പെട്ടത് വെറും സാധാരണ നിരത്തുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യമായിരുന്നു. ക്ഷേത്രറോഡുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യമായിരുന്നില്ല... വൈക്കത്തു നായരും ഈഴവരും ചേര്‍ന്ന് ക്ഷേത്രറോഡുകളിലൂടെ ഈഴവരുടെ സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടി നടത്തിയ ശ്രമത്തില്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടില്ല.'' മദന്‍ മോഹന്‍ മാളവ്യയും പെരിയാര്‍ രാമസ്വാമിനായ്ക്കരും മറ്റും അക്കാലത്തു നടത്തിയ പ്രസ്താവനകളും പത്രറിപ്പോര്‍ട്ടുകളും വായിച്ചാല്‍ വൈക്കം സത്യാഗ്രഹം ഈഴവരുടെ പോരാട്ടമായിട്ടാണ് മനസ്സിലാക്കാനാവുക.

നാരായണഗുരു
നാരായണഗുരു

ശാങ്കരസ്മൃതിയും മനുസ്മൃതിയും ഭരിക്കുന്ന രാജ്യം

1919-ല്‍ ടി.കെ. മാധവന്‍ പ്രജാസഭയില്‍ ക്ഷേത്രപ്രവേശനപ്രമേയം അവതരിപ്പിക്കാന്‍ എഴുന്നേറ്റപ്പോള്‍ ''ഈ നടക്കാത്ത കാര്യം ചോദിക്കുന്നത് കേള്‍ക്കുന്നതുതന്നെ ലജ്ജാകരമാണ്'' എന്നു പറഞ്ഞുകൊണ്ട് ടി.കെയുടെ സമീപത്തിരുന്ന മൂലൂര്‍ പത്മനാഭപണിക്കരും ആലുംമൂട്ടില്‍ എ.കെ. ഗോവിന്ദദാസും സന്ദര്‍ശകഗ്യാലറിയില്‍ പോയി ഇരുന്ന ചരിത്രമുണ്ട്. അത്തരമൊരു 'ലജ്ജ' ക്ഷേത്രനിരത്തുകളിലൂടെ സഞ്ചരിക്കാനുള്ള സമരത്തില്‍ പങ്കെടുക്കുന്നതില്‍നിന്നും ദളിത് നേതാക്കളെ പിന്തിരിപ്പിച്ചതാകുമോ? സ്വന്തം സമുദായത്തില്‍ പത്ത് ബി.എക്കാരെ കണ്ട് സായൂജ്യമടയാന്‍ ആഗ്രഹിച്ച അയ്യന്‍കാളി, അയിത്തത്തിന്റെ സിരാകേന്ദ്രമായ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുവേണ്ടി വാദിച്ചതിന് ഒരു തെളിവുമില്ല. അതേസമയം ക്ഷേത്രത്യാഗനയം സ്വീകരിക്കുന്നതിനുവേണ്ടി എന്‍. കുമാരന്റെ അദ്ധ്യക്ഷതയില്‍, 1096 (1921) ധനു 17-ാം തീയതി ശിവഗിരിയില്‍ കൂടിയ ഒരു യോഗത്തില്‍ പങ്കെടുത്തതിനു തെളിവുണ്ട്. നമ്മുടെ രാഷ്ട്രീയക്കാരും അവരുടെ വൈതാളികരായ സാംസ്‌കാരിക നായകന്മാരും സങ്കുചിത ലക്ഷ്യത്തോടെ, അയ്യന്‍കാളിയെ വൈക്കം സത്യാഗ്രഹത്തിലെ ഒരു വീരനായകനായി ചിത്രീകരിക്കുന്നതു കാണാം. വൈക്കം ക്ഷേത്രറോഡിലൂടെ സഞ്ചരിക്കുന്നതില്‍നിന്ന് സവര്‍ണ്ണപ്രമാണിമാര്‍ അയ്യന്‍കാളിയെ വിലക്കിയെന്നുപോലും ഇത്തരക്കാര്‍ വിളംബരം ചെയ്യുന്നുണ്ട്. വൈക്കം സത്യാഗ്രഹം ഒരു കാഴ്ചക്കാരനെപ്പോലെ കണ്ടുനിന്ന പയ്യനായ പി. കൃഷ്ണപിള്ളയെ, ഉത്സാഹിയായ ഒരു സന്നദ്ധഭടനായി പരിവര്‍ത്തിപ്പിക്കാന്‍ പി. ഗോവിന്ദപ്പിള്ളയ്ക്ക് ഒരു വൈമനസ്യവുമുണ്ടായില്ല. 

വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് ആക്ടിംഗ് ദിവാന്‍ വീരരാഘവ അയ്യങ്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ (24.4.1924) ഇങ്ങനെയൊരു വാക്യമുണ്ട്: 'I found most of the Sathyagrahis imbued with strong ideas of some form of communism.They very often began to talk of the equal rights of men.' തികഞ്ഞ ഗാന്ധിയന്മാരും കോണ്‍ഗ്രസ് അനുഭാവികളും നീതിയും സമത്വവും നിഷേധിക്കപ്പെട്ട അധഃകൃത പിന്നോക്ക വിഭാഗങ്ങളും ചേര്‍ന്നു നടത്തിയ സത്യാഗ്രഹ പോരാട്ടത്തില്‍ ഹിംസാത്മകമായ കമ്യൂണിസത്തിന്റെ ആശയങ്ങളാല്‍ ഉത്തേജിതരായ ആരും തന്നെ പ്രത്യക്ഷത്തില്‍ ഉണ്ടായിരുന്നില്ല. ഇത്തരമൊരു ചിന്ത അയ്യങ്കാരുടെ മൂളയില്‍ ഉദിക്കാന്‍ കാരണം, മനുഷ്യരുടെ തുല്യാവകാശങ്ങളെപ്പറ്റി ടി.കെ. മാധവനേയും സഹോദരന്‍ അയ്യപ്പനേയും പെരിയാറിനേയും പോലുള്ളവര്‍ സംസാരിച്ചതാണ്. ശാങ്കരസ്മൃതിയും മനുസ്മൃതിയും നോക്കി ഭരിക്കുന്ന ഒരു രാജ്യത്ത് - ശ്രേണീകൃതമായ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പൗരാവകാശങ്ങളെ വേര്‍തിരിച്ച് നിര്‍ണ്ണയിക്കുന്ന ഒരു ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ - മനുഷ്യരെ സമാനരായി കണ്ട് അവകാശങ്ങള്‍ തുല്യമായി പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്, സ്ഥിതിസമത്വം വാഗ്ദാനം ചെയ്യുന്ന കമ്യൂണിസത്താല്‍ പ്രേരിതമായിട്ടാണെന്ന് വീരരാഘവയ്യ ശങ്കിച്ചതില്‍ തെറ്റില്ല. റഷ്യന്‍ വിപ്ലവത്തിന്റെ അലയൊലികളും സോഷ്യലിസത്തിന്റെ ആശയാവലികളും കേരളത്തിലെ മനുഷ്യസ്നേഹികളായ അപൂര്‍വ്വം ചിലരുടെ ഹൃദയത്തെ അക്കാലത്ത് കവരുകയും അവരുടെ എഴുത്തുകളില്‍ പ്രതിഫലിക്കുകയും ചെയ്തിരുന്നുവല്ലോ.

ആളും തരവും സന്ദര്‍ഭവും അനുസരിച്ച് അയിത്തം പാലിക്കുകയോ കല്പിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു സമീപനരീതി കേരളത്തിന്റെ അയിത്തചരിത്രം പരിശോധിച്ചാല്‍ കണ്ടെത്താനാവും. അയിത്തജാതിക്കാരായ ഈഴവരിലെ വൈദ്യശിരോമണികള്‍ കൊട്ടാരം വൈദ്യന്മാരായി സേവനമനുഷ്ഠിച്ച ചരിത്രമുണ്ട്. വൈക്കം ക്ഷേത്രനിരത്തിലൂടെ ടി.കെ. മാധവന്‍ രണ്ടുതവണ സഞ്ചരിച്ചിട്ടും ഏതൊരു ശിക്ഷാനടപടിയുമുണ്ടായില്ല. ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഏജന്റ് ഇ.ണ.ഋ. കോട്ടനും അദ്ദേഹത്തിന്റെ ഡ്രൈവറായ തീയനും വൈക്കം ക്ഷേത്രനിരത്തിലൂടെ നടന്നപ്പോഴും നടപടിയുണ്ടായില്ല. ഈ വാര്‍ത്ത ശ്രവിച്ച നാരായണഗുരുവിന്റെ പ്രതികരണം പ്രസിദ്ധമാണ്: ''കന്നിന്‍തോല്‍ കാലില്‍ ചേര്‍ന്നാല്‍ ക്ഷേത്രത്തില്‍ കടന്നുകൂടല്ലോ. ചെണ്ടയിലായാല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോകാന്‍ വിരോധമില്ല. സായിപ്പിന്റെ ഭരണംകൊണ്ട് പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്.'' എന്നാല്‍, ഇന്ത്യന്‍ സാഹിബും ബ്രാഹ്മണനുമായ എസ്. ശ്രീനിവാസ അയ്യങ്കാരോടൊപ്പം നിരോധിത റോഡില്‍ പ്രവേശിക്കാന്‍ ശ്രമിച്ച എ.കെ. ഭാസ്‌കറിനെ (ബി.ആര്‍.പി. ഭാസ്‌കറുടെ അച്ഛന്‍) പൊലീസ് തടഞ്ഞുനിര്‍ത്തി തിരിച്ചയക്കുകയാണുണ്ടായത്. പിന്നീട് അദ്ദേഹം ആര്യസമാജത്തില്‍ ചേര്‍ന്നപ്പോള്‍ പ്രവേശനം അനുവദിക്കുകയും ചെയ്തു. ഹിന്ദുമതശരീരത്തിലെ അര്‍ബ്ബുദമായി വരേണ്യവര്‍ഗ്ഗം കണ്ട അയിത്തജാതികള്‍  ആര്യസമാജത്തില്‍ ചേര്‍ന്ന് ശുദ്ധിവരുത്തി ക്ഷേത്രറോഡുകളില്‍ സഞ്ചരിക്കുന്നതില്‍ അസഹിഷ്ണുതപൂണ്ട അധികാരികള്‍, ഈഴവര്‍ ആര്യസമാജത്തില്‍ ചേര്‍ന്നാലും ക്ഷേത്രറോഡില്‍ പ്രവേശനം നല്‍കാന്‍ പാടില്ലെന്നും എന്നാല്‍ ക്രിസ്തുമതത്തിലോ ഇസ്ലാം മതത്തിലോ ചേര്‍ന്നാല്‍ അനുവദിക്കാമെന്നുമുള്ള നിലപാടിലേക്ക് വൈകാതെ എത്തിച്ചേര്‍ന്നു. കോട്ടയം ജില്ലാ മജിസ്ട്രേറ്റാണ് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമായ ആര്യസമാജത്തില്‍ ചേര്‍ന്ന ഈഴവര്‍ക്ക് ക്ഷേത്രറോഡില്‍ പ്രവേശിക്കാമെങ്കില്‍, അതില്‍ ചേരാത്ത ഈഴവര്‍ക്ക് എന്തിനു പ്രവേശനം നിഷേധിക്കണമെന്ന സാമാന്യ യുക്തിചിന്തയാലോ ഉദാരമനോഭാവത്താലോ ഹിന്ദുമത ഐക്യബോധത്താലോ; കേരളത്തിലെ ആര്യസമാജം സെക്രട്ടറി കോട്ടയം ജില്ലാ മജിസ്ട്രേറ്റിനെ നേരില്‍കണ്ട് സംസാരിച്ചതിന്റെ പ്രത്യാഘാതമായിരുന്നു മേല്‍ പ്രസ്താവിച്ച വിധി. ക്രിസ്തുമതത്തിലേക്കോ ഇസ്ലാംമതത്തിലേക്കോ പരിവര്‍ത്തനം ചെയ്തവരെ തൊട്ടുകളിച്ചാല്‍ സ്വന്തം പദവിയോ ശിരസ്സോ നഷ്ടപ്പെട്ടേക്കുമെന്ന ഭയം എന്തായാലും ജഡ്ജിക്കുണ്ടായിരുന്നു. തിരുവിതാംകൂര്‍ രാജഭരണകൂടവും ഇത്തരമൊരു നയത്തിന് അനുകൂലമായിരുന്നല്ലോ.

വൈക്കം സത്യാഗ്രഹം ഭാഗികമായ വിജയമേ നേടിയുള്ളുവെന്നത് ചരിത്രകാരന്മാരെല്ലാം അംഗീകരിക്കുന്ന വസ്തുതയാണ്. കിഴക്കേ നടയുടെ ഭാഗത്തുള്ള നിരത്തൊഴിച്ച് മറ്റു നിരത്തുകള്‍ അയിത്തജാതിക്കാര്‍ക്കായി തുറന്നുകൊടുത്തുവെന്നാണ് പൊതുധാരണ. എന്നാല്‍, പുതിയൊരു റോഡുവെട്ടിയാണ് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചത്. ടി.കെ. മാധവന്റെ ജീവചരിത്രത്തില്‍ ഇക്കാര്യം വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഡോ. ബി.ആര്‍. അംബേദ്കറും റോബിന്‍ ജെഫ്രിയും ഈ യാഥാര്‍ത്ഥ്യം തുറന്നെഴുതി. 

വൈക്കം സത്യാഗ്രഹം അവസാനിക്കുമ്പോള്‍, അതിനെ അനുമോദിച്ചുകൊണ്ട് ഗാന്ധിജി എഴുതിയിരുന്നു. എന്നാല്‍, നാരായണഗുരുവില്‍നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല. അനുമോദനാര്‍ഹമായി ഗുരു അതിലൊന്നും കണ്ടിട്ടുണ്ടാവില്ല. ഈഴവരെ സംബന്ധിച്ച് മുന്‍പു നഷ്ടപ്പെട്ടുപോയ സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള പോരാട്ടങ്ങളില്‍ ഒന്നുമാത്രമായിരുന്നു ലക്ഷ്യം കൈവരിക്കാതെപോയ വൈക്കം സത്യാഗ്രഹം. അതുകൊണ്ടുതന്നെ അതില്‍ ആഹ്ലാദിക്കാനുള്ള വക അവര്‍ക്കില്ലായിരുന്നു. മറിച്ച് ഖേദിക്കാനുള്ള വകകളാണ് തുടര്‍ന്നുണ്ടായത്. ''വൈക്കം സത്യാഗ്രഹത്തോടുകൂടി നാം പരദേശങ്ങളിലെ തീണ്ടലുള്ള പഞ്ചമരെയോ പറയരെയോ ചണ്ഡാലരെയോ പോലെയുള്ള ഒരു വര്‍ഗ്ഗക്കാരനാണെന്നുള്ള തെറ്റിദ്ധാരണ വിദേശികള്‍ക്കു മാത്രമല്ല, നമ്മെ ഭരിച്ചുപോരുന്ന വെള്ളക്കാര്‍ക്കും ഉണ്ടായിത്തീര്‍ന്നിട്ടുണ്ട്'' എന്നായിരുന്നു സി.വി. കുഞ്ഞുരാമന്റെ പരിദേവനം. അതിന്റെ ദുരന്തഫലം വൈകാതെ നാരായണഗുരുവിനു നേരിടേണ്ടിയും വന്നു. 1926-ല്‍ ഗുരുവിനോടൊപ്പം മധുര, രാമനാഥപുരം, രാമേശ്വരം, സിലോണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സഞ്ചരിച്ചപ്പോഴുണ്ടായ ഒരു അനുഭവത്തെ ഗുരുവിന്റെ ശിഷ്യനായ വിദ്യാനന്ദസ്വാമികള്‍ രേഖപ്പെടുത്തുന്നതു കാണുക: ''എല്ലാം അനുകൂലമായിരുന്നെങ്കിലും ഇടയ്ക്ക് ഒരു വൈഷമ്യം നേരിട്ടു. വൈക്കം സത്യാഗ്രഹത്തിന്റെ വര്‍ത്തമാനം അതിനിടയ്ക്ക് രാമേശ്വരത്തും എത്തിയിരുന്നു. പണ്ട് തീണ്ടലുണ്ടാകാതിരുന്ന നാരായണഗുരുസ്വാമികള്‍ക്കും വൈക്കം സത്യാഗ്രഹത്തിനുശേഷം തീണ്ടലുണ്ടായി. മുന്‍പ് സ്വാമികള്‍ രാമേശ്വരത്ത് പോയപ്പോള്‍ തീണ്ടല്‍ ഉണ്ടായിരുന്നില്ല. സ്വാമികളുടെ ജാതിക്കാരെന്നു പറയപ്പെടുന്ന അവിടങ്ങളിലെ ഈഴവര്‍ക്കും തീണ്ടല്‍ ഉണ്ടായിരുന്നില്ല. തീണ്ടലുള്ള ജാതിക്കാരനായ നാരായണഗുരുസ്വാമി വരുന്നുണ്ട്. ക്ഷേത്രത്തിലും മറ്റും കയറ്റുന്നത് സൂക്ഷിച്ചുവേണം എന്ന് രാമനാഥപുരം കളക്ടറുടെ മുന്നറിയിപ്പ് രാമേശ്വരം ക്ഷേത്രത്തിലെ ധര്‍മ്മകര്‍ത്താക്കള്‍ക്ക് ഉണ്ടായിരുന്നതായി അറിഞ്ഞു. ഞങ്ങള്‍ രാമേശ്വരത്തുചെന്ന പിറ്റേ ദിവസം ഒരു ധര്‍മ്മകര്‍ത്താവ് സുഗുണാനന്ദഗിരിസ്വാമികളെ വഴിയില്‍ വച്ചു കണ്ട് പല ചോദ്യങ്ങള്‍ ചോദിച്ചു: ബുദ്ധിമുട്ടിക്കുകയും ക്ഷേത്രത്തില്‍ കയറിപ്പോകരുതെന്ന് താക്കീതു ചെയ്യുകയും ചെയ്തു. സ്വാമികള്‍ ഈ വിവരം അറിഞ്ഞപ്പോള്‍ അവിടത്തേക്ക് മനസ്സിനു വലിയ വെറുപ്പുണ്ടായി. ആ അവസരത്തില്‍ വൈക്കം സത്യാഗ്രഹത്തെപ്പറ്റി പറഞ്ഞ അഭിപ്രായങ്ങളെ ഇവിടെ രേഖപ്പെടുത്തുന്നില്ല. രാമേശ്വരത്ത് രണ്ടുമാസം താമസിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന സ്വാമികള്‍ അഭിപ്രായം മാറ്റി ഉടനെ രാമേശ്വരം വിട്ടുപോകണമെന്നു തീര്‍ച്ചയാക്കി.'' വൈക്കം സത്യാഗ്രഹത്തെപ്പറ്റി വെറുപ്പോടെ എന്തായിരിക്കും സ്വാമി പറഞ്ഞിട്ടുണ്ടാവുക?

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com