നിഷ്‌കളങ്ക സ്‌നേഹത്തിന്റെ സൗരഭ്യം, ഒരു പെണ്‍കുട്ടിയുടെ അദ്ധ്വാനത്തിന്റെ സൗന്ദര്യം

എന്റെ മക്കള്‍ അത്തക്കളമിടുമ്പോള്‍ വൈഭവിയുടെ ചിരിക്കുന്ന മുഖമാണ് ഓര്‍മ്മവന്നത്. ആ നിഷ്‌കളങ്കമായ ചിരി അവളൊരുക്കിയ ജമന്തി പൂപ്പാടത്തിലെ പൂവുകളെ ഓര്‍മ്മിപ്പിച്ചു
നിഷ്‌കളങ്ക സ്‌നേഹത്തിന്റെ സൗരഭ്യം, ഒരു പെണ്‍കുട്ടിയുടെ അദ്ധ്വാനത്തിന്റെ സൗന്ദര്യം

ന്റെ മക്കള്‍ അത്തക്കളമിടുമ്പോള്‍ വൈഭവിയുടെ ചിരിക്കുന്ന മുഖമാണ് ഓര്‍മ്മവന്നത്. ആ നിഷ്‌കളങ്കമായ ചിരി അവളൊരുക്കിയ ജമന്തി പൂപ്പാടത്തിലെ പൂവുകളെ ഓര്‍മ്മിപ്പിച്ചു. വീട്ടുവളപ്പിലും തൊടിയിലും പച്ചക്കറികള്‍ക്കു പകരം ഇക്കുറി അവള്‍ നട്ടത് ജമന്തിത്തൈകള്‍. കടും മഞ്ഞയും ഓറഞ്ചും ഇളംമഞ്ഞയും നിറങ്ങളിലുള്ള പൂക്കള്‍ നിറഞ്ഞ അവളുടെ മുറ്റവും തൊടിയുമെല്ലാം ഒരു മനോഹര പെയിന്റിംഗ് പോലെ തോന്നി. നീലയും ഇളം പച്ചയും ചായങ്ങള്‍ തേച്ച അവളുടെ കൊച്ചുവീടിനെ ഈ പൂന്തോട്ടം മനോഹരമാക്കി. ദൂരെനിന്നു കാണുമ്പോള്‍, ഇളംവെയിലില്‍ പൂക്കള്‍ തീ നാളങ്ങള്‍പോലെ തിളങ്ങി.

ഒല്ലൂര്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് വൈഭവി.  

പൂപ്പാടം വിളവെടുക്കാന്‍ ഞങ്ങള്‍ അദ്ധ്യാപകര്‍ വരണമെന്നു അവള്‍ നിര്‍ബ്ബന്ധം പിടിച്ചു. ഓണപ്പരീക്ഷയടക്കം തിരക്കുകളുണ്ടായിട്ടും ആ കുഞ്ഞുമോഹത്തെ അവഗണിക്കാന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല. ഓണപ്പരീക്ഷയ്ക്കു ശേഷം പി.എസ്.സി പരീക്ഷയുടെ ഡ്യൂട്ടിയും കഴിഞ്ഞു ഞങ്ങള്‍ നാല് അദ്ധ്യാപകര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരിക്കടുത്ത് തോമാലിപ്പാടത്തെ അവളുടെ വീട്ടിലേക്കു തിരിച്ചു. ടാറിട്ടതെങ്കിലും പൊട്ടിപ്പൊളിഞ്ഞ വീതികുറഞ്ഞ വഴിയിലൂടെ ഒരു ഓട്ടോറിക്ഷയില്‍ കുടുങ്ങിക്കുടുങ്ങി അവിടെയെത്തി. അമ്മ രജിലയും അച്ഛമ്മ ശാന്തയും പ്ലസ്ടു വിദ്യാര്‍ത്ഥിയായ സഹോദരന്‍ വൈഷ്ണവും ഞങ്ങളെ കാത്തുനിന്നിരുന്നു. അയല്‍പക്കക്കാരും അവളുടെ കൂട്ടുകാരുമെല്ലാം വിളവെടുപ്പിനു നേരത്തെ തയ്യാറായി. ഞങ്ങളെ കണ്ട് ഏറെ സന്തോഷത്തോടെ വൈഭവി വീട്ടില്‍നിന്നുമിറങ്ങിവന്നു.

രജില കുടുംബശ്രീ സജീവ പ്രവര്‍ത്തകയാണ്. അച്ഛന്‍ കൃഷ്ണകുമാറിനു സ്വര്‍ണ്ണപ്പണിയാണ് തൊഴില്‍. അച്ഛമ്മ ഞങ്ങളോട് വൈഭവിയെക്കുറിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. അവളും അച്ഛമ്മയും തമ്മിലുള്ള അടുപ്പം, പൂക്കളോടും ചെടികളോടുമുള്ള അവളുടെ സ്‌നേഹം, കൃഷിയോടുള്ള താല്പര്യം... അച്ഛമ്മയ്ക്ക് സംസാരിച്ച് മതിവരുന്നില്ല. വൈഭവിയെ അവളുടെ സ്വപ്നങ്ങളിലേക്ക് പറത്തിവിടുന്നവരാണ് ആ മാതാപിതാക്കളെന്നു ഞങ്ങള്‍ക്കു മനസ്സിലായി. പഠനത്തോടൊപ്പം പൂകൃഷിയും ചെറുപ്രായത്തിലേ പഠിച്ചെടുത്തു. സ്‌കൂള്‍ വിട്ടുവന്നാല്‍ അധികസമയവും അവള്‍ ഈ പൂപ്പാടത്താണെന്ന് അമ്മ ഏറെ അഭിമാനത്തോടെയാണ് പറഞ്ഞത്. എ പ്ലസ്സ് വാരിക്കൂട്ടാത്തതില്‍ മക്കളെ കൊല്ലാക്കൊല ചെയ്യുന്ന മാതാപിതാക്കള്‍ക്കിടയില്‍ സാമൂഹ്യപ്രവര്‍ത്തകയായ രജില വേറിട്ടുനില്‍ക്കുന്നു.

വൈകാതെ ഞങ്ങള്‍ പൂപ്പാടത്തേക്കിറങ്ങി. ഇളംവെയിലില്‍ പൂത്തുലഞ്ഞുനില്‍ക്കുന്നു ജമന്തിപ്പൂക്കള്‍. അടുക്കടുക്കായി ചേര്‍ന്നിരുന്ന അല്ലികള്‍ പൂവിന്റെ പൂര്‍ണ്ണവൃത്താകൃതിയെ അതിമനോഹരമാക്കി. പൂക്കള്‍ ഇറുക്കാനേ തോന്നുന്നില്ല. മഞ്ഞനിറത്തിന്റെ സൗന്ദര്യം കേരളീയര്‍ കണിക്കൊന്നയിലാണ് വാഴ്ത്താറുള്ളത്. എന്നാല്‍, കിഴക്കന്‍ മല കടന്നുവരുന്ന ഈ അതിഥിപൂക്കളും പീതവസന്ത വാഹകര്‍തന്നെ. സ്‌കൂളിലെ സീനിയര്‍ അദ്ധ്യാപിക സുനിത ടീച്ചര്‍ ആദ്യപൂവിറുത്ത് വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. ബിന്ദു ടീച്ചറും ജെനി ടീച്ചറും ഞാനും ഒപ്പം ചേര്‍ന്നു. വിളവെടുപ്പിനു മുന്‍പേ ധാരാളം ഓര്‍ഡര്‍ കിട്ടിയിട്ടുണ്ടെന്ന് വൈഭവിയുടെ അമ്മ പറഞ്ഞു. ഈ പൂപ്പാടമാണ് അവരുടെ ഇത്തവണത്തെ ഓണം സമൃദ്ധമാക്കുന്നത്.

വൈഭവി അധ്യാപകർക്കും അമ്മയ്ക്കുമൊപ്പം പൂപ്പാടത്തിൽ
വൈഭവി അധ്യാപകർക്കും അമ്മയ്ക്കുമൊപ്പം പൂപ്പാടത്തിൽ

''ഈ ജമന്തിയുടെ വിത്തു നട്ടപ്പോള്‍ നമ്മുടെ മണ്ണില്‍ കിളിര്‍ക്കുമോന്ന് ഞാന്‍ പേടിച്ചു. ആദ്യം നട്ടതൊക്കെ കരിഞ്ഞും പോയി. 

ഗ്രോ ബാഗിലായിരുന്നു ആദ്യം നട്ടത്. പിന്നെ പറമ്പില്‍ നട്ടു. തറവാട്ടു പറമ്പാ ഇത്. നിറയെ വളമിട്ടു. ഇടയില്‍ വളരുന്ന പുല്ല് പറിച്ചുകളഞ്ഞു. രാവിലേയും വൈകുന്നേരവും സ്‌കൂള്‍ വിട്ടുവന്നാലും തോട്ടത്തില്‍ ചുറ്റിനടക്കും. പൂവിട്ടപ്പോള്‍ നിറയെ പൂമ്പാറ്റകള്‍ വന്നു. നല്ല ഭംഗിയായി. പച്ചക്കറി നടുമ്പോള്‍ ഇവരൊന്നും വരില്ല. അച്ഛമ്മയാണ് കൃഷീടെ കാര്യങ്ങളൊക്കെ എന്നെ പഠിപ്പിച്ചത്. അച്ഛമ്മ നല്ല കൃഷിക്കാരിയാ... അച്ഛമ്മേടെ പാരമ്പര്യണ് എനിക്കു കിട്ടീത്ന്ന് എല്ലാരും പറയും'' -വൈഭവി വാചാലയായി. തൃശൂര്‍ അയ്യന്തോളിലെ കൃഷി ഓഫീസര്‍ ശരത് മോഹന്റെ ഉത്സാഹത്തില്‍ മൈസൂരില്‍നിന്നു വരുത്തിയതാണ് വിത്തുകള്‍. ആദ്യ തവണ നട്ടപ്പോള്‍ കുറേ ചെടികള്‍ കരിഞ്ഞുപോയി. അപ്പോള്‍ വൈഭവി സങ്കടപ്പെട്ടുവെന്ന് രജില പറഞ്ഞു. 

ശബളാഭമായ ഒരു പൂപ്പാലികയാണ് കേരളമെന്ന് വി.ടി. ഭട്ടതിരിപ്പാട് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ തനത് പുഷ്പസമ്പത്തിനെക്കുറിച്ചായിരുന്നു ഈ വിശേഷണം. നികത്തിയ പാടശേഖരങ്ങളും പ്ലോട്ടുകളാക്കി തിരിച്ച് വില്ലകളായി മാറിയ പറമ്പുകളും മേടുകളും ഈ പുഷ്പസമ്പത്തിനെ പണ്ടേ അപഹരിച്ചുകഴിഞ്ഞു. തമിഴ് സിനിമകളോടും പാട്ടുകളോടും പച്ചക്കറികളോടുമൊപ്പം അതിര്‍ത്തികടന്നെത്തുന്ന ഈ പൂക്കളും നമ്മുടെ പൊന്നോണം വര്‍ണ്ണാഭമാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വിപണിയില്‍ പൂക്കള്‍ക്ക് തീവില. മൊബൈലില്‍ തല പൂഴ്ത്തിയിരിക്കുന്ന കുട്ടികള്‍ക്ക് 
പൂ പറിക്കാനെവിടെനേരം? അപ്പോഴാണ് മൈസൂരില്‍നിന്നും കൊണ്ടുവന്ന വിത്തുവിതച്ച് വൈഭവി പൂപ്പാടമൊരുക്കിയത്.

സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ (എന്‍.എസ്.എസ്) നേതൃത്വത്തില്‍ നേരത്തെ പൂപ്പാടമൊരുക്കിയിരുന്നു. ഇത്തിരി മണ്ണുള്ളിടത്തെല്ലാം ഏതെങ്കിലും വിത്തുകള്‍ പാകി മുളപ്പിക്കാനുള്ള ശീലം കുട്ടികള്‍ക്കുണ്ടാവണം. അല്ലെങ്കില്‍ പ്രതീതിയാഥാര്‍ത്ഥ്യങ്ങളുടെ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍നിന്നു കുട്ടികള്‍ക്കു മോചനമുണ്ടാവില്ലെന്ന ആലോചന ഞങ്ങള്‍ അദ്ധ്യാപകര്‍ പങ്കുവയ്ക്കാറുണ്ട്. വൈഭവിയുടേയും കുടുംബത്തിന്റേയും നിഷ്‌കളങ്കമായ സ്‌നേഹമറിഞ്ഞു തിരിച്ചുപോരുമ്പോള്‍ മനസ്സുനിറയെ സൗരഭ്യമായിരുന്നു. 

ഒരു പെണ്‍കുട്ടിയുടെ അദ്ധ്വാനത്തിന്റെ സൗന്ദര്യവും. പ്രകാശം പരത്തുന്ന കുട്ടികളുണ്ടായാല്‍ അത്ര പെട്ടെന്നൊന്നും നമ്മുടെ ഭൂമിയില്‍ നന്മ കെട്ടുപോവില്ലെന്നു തോന്നി. മണ്ണിന്റെ ഗന്ധം നല്‍കുന്ന ലഹരിയിലേക്കു നമ്മുടെ കുട്ടികള്‍ തിരിച്ചുവന്നെങ്കില്‍.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com