ദളിത് - പിന്നാക്ക വിഭാഗങ്ങളുടെ ചാതുര്‍വര്‍ണ്യ വ്യവസ്ഥാവിരുദ്ധ പോരാട്ടം മൂര്‍ച്ഛിപ്പിക്കേണ്ടതുണ്ട് എന്നു ഉദയനിധി സ്റ്റാലിനു അറിയാം

മലയാളിയായിരുന്നു എം.ജി.ആര്‍. കര്‍ണാടകയില്‍നിന്നുള്ളവരായിരുന്നു ജയലളിത. എന്നാല്‍, തമിഴര്‍ക്ക് ഈ നേതാക്കള്‍ അവരുടെ 'പുരട്ച്ചി'യെ നയിക്കുന്നവരായിരുന്നു
ദളിത് - പിന്നാക്ക വിഭാഗങ്ങളുടെ ചാതുര്‍വര്‍ണ്യ വ്യവസ്ഥാവിരുദ്ധ പോരാട്ടം മൂര്‍ച്ഛിപ്പിക്കേണ്ടതുണ്ട് എന്നു ഉദയനിധി സ്റ്റാലിനു അറിയാം

നമനസ്സറിഞ്ഞ് പെരുമാറാന്‍ മിടുക്കുള്ളവരായിരുന്നു എല്ലാക്കാലത്തും തമിഴകത്തെ രാഷ്ട്രീയ നേതാക്കള്‍. അണ്ണാദുരൈ ആയാലും എം.ജി. രാമചന്ദ്രന്‍ ആയാലും കരുണാനിധിയായാലും ജയലളിതയായാലും തമിഴ് മനസ്സു തൊട്ടറിഞ്ഞ് അവരെ ഭരിച്ചവരും നയിച്ചവരുമാണ്. മലയാളിയായിരുന്നു എം.ജി.ആര്‍. കര്‍ണാടകയില്‍നിന്നുള്ളവരായിരുന്നു ജയലളിത. എന്നാല്‍, തമിഴര്‍ക്ക് ഈ നേതാക്കള്‍ അവരുടെ 'പുരട്ച്ചി'യെ നയിക്കുന്നവരായിരുന്നു. നിര്‍മ്മല മനസ്‌കരായ തമിഴ് മക്കളെ വൈകാരികമായി മുതലെടുത്തു ഭരിച്ചവര്‍ എന്ന് അര്‍ജന്റീനക്കാരനായ ചെ ഗുവേര ക്യൂബന്‍ വിപ്ലവത്തെ വിജയകരമായി നയിച്ചുവെന്ന് വിശ്വസിക്കുന്നവര്‍പോലും ചെറിയ പരിഹാസത്തോടെ സ്വകാര്യ സംഭാഷണങ്ങളില്‍ രേഖപ്പെടുത്തുന്ന ഒരുകാലമുണ്ടായിരുന്നു. പക്ഷേ, അന്യദേശങ്ങളിലെ മറ്റൊരു നേതാവിനും അവരവരുടെ തട്ടകങ്ങളില്‍ അതുപോലെ ജനമനസ്സുകളിലേക്ക് ഇറങ്ങാനായില്ലെന്നതാണ് വാസ്തവം. തമിഴ് മക്കള്‍ അവരുടെ ഭാഗധേയം ഈ നേതാക്കളെ ഏല്പിച്ചു. നേതാക്കളെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളേയും തമിഴ്‌നാട്ടുകാര്‍ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. അങ്ങനെ കലൈഞ്ജര്‍ കരുണാനിധിയെപ്പോലെ ദ്രാവിഡമനസ്സറിഞ്ഞ മകന്‍ സ്റ്റാലിനേയും അവര്‍ നേതൃസ്ഥാനത്തേക്കുയര്‍ത്തി. മുഖ്യമന്ത്രിയുമാക്കി. 

ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചത് അണ്ണാദുരൈ ആയിരുന്നു. അദ്ദേഹത്തിനു മക്കളുണ്ടായിരുന്നില്ല. എടുത്തു വളര്‍ത്തിയ മക്കളെയൊന്നും അദ്ദേഹം രാഷ്ട്രീയക്കാരാക്കിയതുമില്ല. കഴകമാണ് കുടുംബം എന്നായിരുന്നു അണ്ണായുടെ വിശ്വാസം. എന്നാല്‍, കുടുംബമാണ് കഴകം എന്നതാണ് കരുണാനിധിയുടെ ഡി.എം.കെയുടെ അവസ്ഥ എന്നാണ് വിമര്‍ശകര്‍ എല്ലായ്പോഴും പറഞ്ഞുകേട്ടിട്ടുള്ളത്. കരുണാനിധിയുടെ മക്കളില്‍ മുത്തുവും കനിമൊഴിയും അഴഗിരിയും സ്റ്റാലിനുമെല്ലാം ഡി.എം.കെയില്‍ നേതാക്കളായി. വോട്ടൊന്നിനു ഒരായിരം രൂപ നല്‍കി തിരുമംഗലത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയം കണ്ടയാളായിരുന്നു രാഷ്ട്രീയത്തില്‍ സ്റ്റാലിനു എതിരാളിയായിരുന്നു അഴഗിരി. എന്നാല്‍, അഴഗിരിക്കു പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരികയും സ്റ്റാലിനു മുന്നോട്ടുപോകാനും കഴിഞ്ഞതിലെ രഹസ്യം സ്റ്റാലിനു കളമറിഞ്ഞു കളിക്കാനറിയാമായിരുന്നു എന്നതുതന്നെയായിരുന്നു. ജനനായകത്തില്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനായാല്‍ മാത്രമേ മുന്നോട്ടു പോകാനാകൂ എന്നു സ്റ്റാലിനറിയാമായിരുന്നു. ഡി.എം.കെയുടെ ചിഹ്നമാണ് ഉദയസൂര്യന്‍. ചില തെരഞ്ഞെടുപ്പുകളിലെല്ലാം ഈ സൂര്യന്‍ ഉദിച്ചുയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പിലല്ലാതെ, മറ്റൊരു സൂര്യോദയത്തിനു തമിഴ്‌നാട് സാക്ഷ്യം വഹിക്കുകയാണ്. ഉദയനിധി സ്റ്റാലിന്‍ എന്നൊരു പുതിയൊരു സൂര്യന്റെ. 

മറ്റേത് ഇന്ത്യന്‍ സംസ്ഥാനത്തേയും പോലെ, സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളും ജാതിയും ജാതിവിരുദ്ധ പോരാട്ടങ്ങളും തമിഴ്‌നാട്ടിന്റെ എല്ലാക്കാലത്തേയും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അസമത്വത്തേയും സാമൂഹ്യാവസ്ഥയേയുമെല്ലാം ശരിയാംവണ്ണം അഭിസംബോധന ചെയ്തുവേണം രാഷ്ട്രീയം വളര്‍ത്താന്‍ എന്നറിയാത്തവരല്ല ഡി.എം.കെ നേതൃത്വം. കാലുറപ്പിക്കാന്‍ പഴുതുതേടുന്ന ഹിന്ദുത്വരാഷ്ട്രീയത്തേയും എതിര്‍ത്തും ഒപ്പം നിന്നും വളരാന്‍ ശ്രമിക്കുന്ന തമിഴ് ദേശീയവാദി - ദളിത് പ്രസ്ഥാനങ്ങളേയും ഒരേസമയം എതിരിട്ടും കൈകാര്യം ചെയ്തും വേണം ഇനിയൊരു ഉയര്‍ച്ച സാദ്ധ്യമാക്കാന്‍ എന്നവര്‍ക്കു ബോദ്ധ്യമുണ്ട്. ഹിന്ദു ഏകീകരണ ശ്രമങ്ങളെ പിളര്‍ത്തി മുന്നേറുന്നതിനു ദളിത് - പിന്നാക്ക വിഭാഗങ്ങളുടെ ചാതുര്‍വര്‍ണ്യ വ്യവസ്ഥാവിരുദ്ധ പോരാട്ടം മൂര്‍ച്ഛിപ്പിക്കേണ്ടതുണ്ട് എന്നും അറിയാം. ഈ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലൂടെ തമിഴ്‌നാടു രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനമുറപ്പിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍.
 
 

പട്നയിൽ ഉദയനിധി സ്റ്റാലിനെതിരെ നടന്ന പ്രതിഷേധം
പട്നയിൽ ഉദയനിധി സ്റ്റാലിനെതിരെ നടന്ന പ്രതിഷേധം

സാമൂഹ്യ ജീവിതത്തിലെ അഴുക്കുചാലുകള്‍ 

അസ്സ ഡൊറോണും റോബിന്‍ ജെഫ്രിയും ചേര്‍ന്നെഴുതിയ Waste of A Nation: Garbage and Growth in India എന്നൊരു പുസ്തകമുണ്ട്. ശ്രേണീബദ്ധമായ സാമൂഹ്യജീവിതത്തില്‍ ഒരു വിഭാഗം മനുഷ്യരുടെ ജീവിതം എങ്ങനെയാണ് മാലിന്യം എന്നതിന്റെ പര്യായപദമോ മാലിന്യം തന്നെയോ ആയിത്തീരുന്നത് എന്ന് അതില്‍ വരച്ചുകാട്ടുന്നു. പുസ്തകത്തിന്റെ ആമുഖത്തില്‍ ജെഫ്രി അസ്സ പറഞ്ഞ ഒരു സംഭവം വിവരിക്കുന്നു. 

വാരാണസിയില്‍ മല്ലു എന്നു പേരായ പിന്നാക്ക സമുദായക്കാരനായ യുവാവിനെ അസ്സയ്ക്ക് പരിചയമുണ്ട്. ഹിന്ദി അറിയുന്നവര്‍ക്ക് ആ പേര് നിന്ദാദ്യോതകമായ ഒന്നായിട്ടു തോന്നും. എന്തെന്നാല്‍ മല്‍ (Feces) എന്ന ധാതുവില്‍നിന്നാണ് ആ വാക്കിന്റെ നിഷ്പത്തി. അയാള്‍ക്ക് എങ്ങനെ ആ പേരു കിട്ടി എന്നു അസ്സ സ്വാഭാവികമായും അന്വേഷിക്കുന്നു. 

അതൊരു കഥയാണ്. മല്ലു ജനിക്കുന്നതിനു മുന്‍പേ അയാളുടെ അമ്മ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. ആ കുട്ടികളൊക്കെയും ജനിച്ച് അധികം കഴിയും മുന്‍പ് മരിച്ചുപോയി. മരണമെന്നാല്‍ ഇന്ത്യക്കാരന്റെ കണ്ണില്‍ ദൈവം വിളിച്ചുകൊണ്ടു പോകലാണല്ലോ. ദൈവത്തിനു ഇഷ്ടമുള്ളവരെ എന്നുവെച്ചാല്‍ മനുഷ്യര്‍ക്കു അമൂല്യമായ ഒന്നിനെ, ജീവനെ ദൈവം വിളിച്ചുകൊണ്ടു പോകുന്നു. കൂടുതല്‍ ഇഷ്ടമുള്ളവരെ, അതായത് കൂടുതല്‍ അമൂല്യമായ ജീവനെ ദൈവം നേരത്തെ വിളിച്ചുകൊണ്ടുപോകുന്നു. 

അപ്പോള്‍ മരിക്കാതിരിക്കാന്‍ എന്തു ചെയ്യണം? ദൈവത്തിനു വേണ്ടെന്നു തോന്നണം. സാര്‍വ്വത്രികമായ കുത്തിവെയ്പുകളൊക്കെ അപ്രാപ്യമായ ഒരുകാലത്തും ലോകത്തിലും ഈ ഒരു വിദ്യ ഉള്ളൂ കുട്ടികളെ രക്ഷിക്കാന്‍ അച്ഛനമ്മമാര്‍ക്ക്. കുട്ടികള്‍ രോഗം വന്നു മരിച്ചുപോകുന്നത് തടയാന്‍ മാലിന്യത്തിനിടയില്‍ അവരെ ഉപേക്ഷിക്കണം. എന്നുവെച്ചാല്‍ പെറ്റമ്മയ്ക്കുപോലും ഒരു വിലയുമില്ലാത്ത ഒന്നാണ് ആ ജീവന്‍ എന്നുവന്നാല്‍ പിന്നെ ദൈവംപോലും തിരിഞ്ഞുനോക്കുകയില്ല. ജനിച്ചയുടനെ മല്ലു എന്നു പിന്നീടു പേരുവീണ കുഞ്ഞിനേയും അമ്മ അത്തരത്തില്‍ ഒരു അഴുക്കുചാലില്‍ ഉപേക്ഷിച്ചു. അതോടെ ദൈവത്തിനുപോലും വേണ്ടാതായ ആ കുഞ്ഞിനെ അമ്മയ്ക്കു കിട്ടി. എന്നുവെച്ചാല്‍ രോഗമൊന്നും വന്നു മരിച്ചുപോകാതെ കിട്ടി എന്നര്‍ത്ഥം. 

ഇത് ഒരു സാധാരണ സംഭവം മാത്രമെന്ന് റോബിന്‍ ജെഫ്രി പറയുന്നു. പിന്നാക്ക സമുദായക്കാര്‍ക്കിടയില്‍ കുട്ടികളെ ദൈവം വിളിച്ചുകൊ ണ്ടു പോകാതിരിക്കാന്‍ കച്ചറ എന്നൊക്കെ പേരിടുന്ന പതിവുണ്ടെന്നും. മാലിന്യത്തില്‍ ഉപേക്ഷിക്കലാണ് മറ്റൊരു പോംവഴി. മാലിന്യത്തില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ പിന്നാക്ക സമുദായക്കാര്‍ക്കുപോലും തൊട്ടുകൂടായ്മയുള്ള ചമര്‍ സമുദായക്കാരിയായ സ്ത്രീ കണ്ടെടുത്തു കൊണ്ടുവരികയും അവരില്‍നിന്നു കുറഞ്ഞ കാശുകൊടുത്ത് കുട്ടിയെ വാങ്ങുകയും ചെയ്യുന്നു. മാലിന്യച്ചാലുകളും സ്‌വേജുകളും കക്കൂസുകളും മറ്റും വൃത്തിയാക്കി ഉപജീവനം കഴിക്കുന്ന വലിയൊരു വിഭാഗം ഇന്ത്യയില്‍ ജീവിക്കുന്നുണ്ട്. ഇവരുടെ പരിതാപകരമായ ജീവിതത്തെക്കുറിച്ച് നിരവധി പുസ്തകങ്ങളും ഡോക്യുമെന്ററികളും സിനിമകളും ഉണ്ടായിട്ടുണ്ട്. രാംനാഥ് ഗോയങ്കെ അവാര്‍ഡും പ്രഭാദത്ത് ഫെലോഷിപ്പുമൊക്കെ നേടിയ ഭാഷാസിംഗ് എന്ന പത്രപ്രവര്‍ത്തക എഴുതിയ 'അണ്‍സീന്‍: ദ ട്രൂത്ത് എബൗട്ട് ഇന്‍ഡ്യാസ് മാന്വല്‍ സ്‌കാവെന്‍ജേഴ്‌സ്' പോലുള്ളവ ജാതിവ്യവസ്ഥയും മാലിന്യം വൃത്തിയാക്കുന്ന തോട്ടിപ്പണി പോലുള്ള തൊഴിലും ഭരണകൂടവും തമ്മിലുള്ള ബന്ധമെന്തെന്ന് വ്യക്തമാക്കുന്നുണ്ട്. 

ഉദയനിധി സ്റ്റാലിനെക്കുറിച്ച് സംസാരിച്ചു തുടങ്ങുന്നതിനു മുന്‍പേ എന്തിനാണ് മാലിന്യത്തെക്കുറിച്ചും അഴുക്കുചാലുകളില്‍ അകപ്പെട്ട് ഇല്ലാതാകുന്ന ജീവിതങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നത് എന്നു സംശയമുണ്ടാകാം. ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ സാമൂഹ്യഘടനയ്‌ക്കെതിരെ, സനാതനധര്‍മ്മത്തെ സംബന്ധിച്ച്, അദ്ദേഹം നടത്തിയ വിവാദപരമായ പരാമര്‍ശം മാത്രമല്ല ഇതിനു കാരണം. ദൈവത്തിനുപോലും വേണ്ടാത്ത ഒരു വിഭാഗത്തെ അവരകപ്പെട്ട അവസ്ഥയില്‍നിന്നും രക്ഷപ്പെടുത്തുന്നതിന് ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് ഉദയനിധിയും സ്റ്റാലിന്‍ ഗവണ്‍മെന്റും കൈക്കൊള്ളുന്ന നടപടികളുടെ കൂടി പശ്ചാത്തലത്തില്‍ കൂടിയാണ് ഈ ഇന്ത്യനവസ്ഥ ഇവിടെ പരാമര്‍ശിക്കപ്പെട്ടത്. ഉദയനിധി സ്റ്റാലിന്‍ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം തന്റെ മണ്ഡലമായ ചെപ്പോക്ക് - തിരുവള്ളിക്കേനിയില്‍ നടപ്പാക്കിയ ആദ്യ പദ്ധതികളിലൊന്ന് മനുഷ്യര്‍ നേരിട്ട് അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നത് ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് റോബട്ടിക് സ്‌കാവെന്‍ജിംഗ് മെഷീനുകള്‍ അവതരിപ്പിക്കുക എന്നതായിരുന്നു. ജാതിവിരുദ്ധതയെ അടിസ്ഥാനശിലകളിലൊന്നാക്കിയ ദ്രാവിഡ രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സമൂഹത്തെ ബാധിച്ച രോഗഗ്രസ്തതയെ അഭിസംബോധന ചെയ്യാനുള്ള ശ്രമമായിട്ടു കാണുമ്പോഴാണ് അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള ഇത്തരം നടപടികളുടെ പ്രസക്തി മനസ്സിലാക്കാനാകുക. ദിവ്യ ഭാരതിയുടെ 'കക്കൂസ്' പോലുള്ള ഡോക്യുമെന്ററികള്‍ തമിഴ്‌നാട്ടില്‍ തോട്ടിപ്പണിയിലേര്‍പ്പെട്ട് മരണത്തെപ്പോലും അഭിമുഖീകരിക്കേണ്ടിവരുന്ന 'കുറഞ്ഞ മനുഷ്യരെ' (Lesser humans) കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. 2013-ലാണ് തമിഴ്‌നാട്ടില്‍ ഈ തൊഴില്‍ നിരോധിക്കാന്‍ നിയമമുണ്ടാകുന്നത്. അതിനുശേഷവും നിരവധി ജീവനുകള്‍ ഈ തൊഴിലിലേര്‍പ്പെട്ടതു മൂലം ഇല്ലാതായി. പ്രധാനമായും ദളിത് - മുസ്‌ലിം സമുദായങ്ങളില്‍പെട്ട ആളുകളാണ് തമിഴ്‌നാട്ടില്‍ ഈ ജോലികളില്‍ ഏര്‍പ്പെട്ട് ജീവിതം മുന്നോട്ടു നീക്കുന്നത്. 

പെരിയാറും അണ്ണാദുരൈയും നീതിയുടേയും സമത്വത്തിന്റേയും വിത്തുകള്‍ വിതയ്ക്കുകയും കാമരാജിനുശേഷം ദ്രാവിഡ കക്ഷികള്‍ മാറിമാറി ഭരിക്കുകയുമൊക്കെ ചെയ്തിട്ടും തമിഴകം എന്നും ജാതീയാസമത്വങ്ങളുടെ പെരുംകോട്ടയായി തുടരുകയാണ് ഉണ്ടായത്. പെരിയാര്‍ ഉണ്ടാക്കിയ ദ്രാവിഡ പ്രസ്ഥാനം സ്വാംശീകരിച്ചത് സ്വയം മര്യാദൈ ഇയക്കത്തിന്റെ ആശയങ്ങളാണ്. അംബേദ്കറെപ്പോലെ ഇന്ത്യയിലെ അസമത്വത്തെ മുഖ്യമായും ശ്രേണീകൃതമായ അസമത്വമായി (graded inequality) വീക്ഷിച്ച സ്വയംമര്യാദൈ ഇയക്കം ദൈവനിഷേധം, ജാതിവിരുദ്ധത, വര്‍ഗ്ഗീയ വിരുദ്ധത, മതവിമര്‍ശനം, ബ്രാഹ്മണ്യത്തോടുള്ള എതിര്‍പ്പ് എന്നിങ്ങനെയായിരുന്നു ആ ആശയങ്ങള്‍. എന്നാല്‍, പില്‍കാലത്ത് ദ്രാവിഡകക്ഷികള്‍ ഈ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കുകയും വ്യക്ത്യാരാധനയിലേക്കു ചുരുങ്ങുകുയും ചെയ്തു എന്ന യാഥാര്‍ത്ഥ്യം കണക്കിലെടുക്കുമ്പോള്‍ മാത്രമേ എം.കെ. സ്റ്റാലിന്‍ ഗവണ്‍മെന്റും ഡി.എം.കെ എന്ന കക്ഷിയും ഇന്നു നടത്തുന്ന ഇടപെടലുകള്‍ക്ക് എന്തു വ്യത്യസ്തതയും പ്രസക്തിയുമാണ് ഉള്ളതെന്ന് അന്വേഷണമുണ്ടാകുകയുള്ളൂ. ആദ്യകാലത്തേ ബ്രാഹ്മണ്യത്തോടുള്ള എതിര്‍പ്പിനു മുന്‍തൂക്കം കൊടുത്ത ദ്രാവിഡ പ്രസ്ഥാനം പില്‍കാലത്ത് ശൂദ്രരുടെ പ്രസ്ഥാനം എന്ന നിലയിലേക്ക് മാറി. ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയകക്ഷിയുടെ ജനാധിപത്യപരമായ അപചയങ്ങള്‍ ആശയപരമായ ശൈഥില്യങ്ങള്‍ക്കും വഴിതുറന്നു. പ്രധാനമായും പിന്നാക്ക വിഭാഗങ്ങളുടെ പ്രസ്ഥാനമായി മാറിയ ദ്രാവിഡ കഴകവും ദ്രാവിഡ മുന്നേറ്റ കഴകവും ദളിത് വിഭാഗങ്ങളില്‍ താല്പര്യം ജനിപ്പിച്ചിരുന്നില്ല. ഈ നിലയില്‍ സ്റ്റാലിനും ഉദയനിധിയും നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റും പാര്‍ട്ടിയും നടത്തുന്ന ഇടപെടലുകള്‍ കൂടുതല്‍ അര്‍ത്ഥഗര്‍ഭമാകുന്നുണ്ട്. ദളിത് വിഭാഗങ്ങളെ കൂടുതല്‍ തങ്ങളോട് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു പുറമേ ഹിന്ദുത്വകാലത്തെ ദ്രാവിഡ രാഷ്ട്രീയം ദളിത് രാഷ്ട്രീയത്തേയും ഇടതുപക്ഷ രാഷ്ട്രീയത്തേയും കൂടെനിര്‍ത്തി ശക്തിയാര്‍ജ്ജിക്കുന്നതിനുള്ള ശ്രമവുമാകുന്നുണ്ട്. നവലിബറല്‍ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന തരത്തിലുള്ള വികസന മാതൃകകള്‍ മുന്നോട്ടുവെയ്ക്കുമ്പോള്‍ തന്നെ ദരിദ്രവിഭാഗങ്ങളുടേയും ദളിത് - പിന്നാക്ക വിഭാഗങ്ങളുടേയും പുരോഗതിക്കുവേണ്ടിയുള്ള പദ്ധതികളും ഡി.എം.കെ ഗവണ്‍മെന്റ് നടപ്പാക്കുന്നുണ്ട്. ''ഉഴൈക്കെ ഒരു ഇനം, ഉണ്ടു കൊഴുക്കൈ ഒരു ഇനം എന്ന മനുവാദികള്‍ കൊളോച്ചിയ കാലത്തില്‍ എല്ലാര്‍ക്കും എല്ലാം എന്ന സമൂഹനീതി കാക്ക ഉരുവാനത് താന്‍ ദ്രാവിഡ പേരിയക്കം'' എന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രസ്താവനയില്‍ മനുവാദികളുടെ ഹിന്ദുത്വ റിപ്പബ്ലിക്കില്‍ തങ്ങളുടെ ക്ഷേമപരിപാടികളുടെ രാഷ്ട്രീയം സംക്ഷിപ്തമായി അടങ്ങിയിട്ടുണ്ട്. ഉദയനിധിയാകട്ടെ, ഈ ക്ഷേമപരിപാടികള്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിന്റെ കൊടിയടയാളമെന്ന നിലയിലോ പോസ്റ്റര്‍ ബോയ് എന്ന നിലയിലോ തമിഴ്‌നാട്ടില്‍ വിലയിരുത്തപ്പെടുകയും ചെയ്യുന്നു. അതേസമയം, താന്‍ കൂടി അംഗമായിരിക്കുന്ന ഗവണ്‍മെന്റ് ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികളുടെ രാഷ്ട്രീയ ഉള്ളടക്കം പ്രകാശിപ്പിക്കാന്‍ ഉദയനിധി നടത്തുന്ന ശ്രമങ്ങള്‍ എന്തായാലും ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിട്ടുണ്ട് എന്നു വ്യക്തം. ഉദയനിധിയുടെ തലയ്ക്ക് പത്തു കോടി രൂപ ഇനാം പ്രഖ്യാപിച്ച അയോദ്ധ്യയിലെ പരമഹംസ് ദാസ് ആചാര്യയുടെ നടപടി അതാണ് വെളിവാക്കുന്നത്. 

തെങ്കാശിയിൽ ആരോ​ഗ്യ പ്രവർത്തകർക്കൊപ്പം ഉദയനിധി സ്റ്റാലിൻ
തെങ്കാശിയിൽ ആരോ​ഗ്യ പ്രവർത്തകർക്കൊപ്പം ഉദയനിധി സ്റ്റാലിൻ

ഉദയനിധിയുടെ പ്രസ്താവനയും പൊരുളും 

''സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്ന സമ്മേളനം എന്നതിനു പകരം സനാതന ധര്‍മ്മ നിര്‍മ്മാര്‍ജ്ജന സമ്മേളനം എന്ന് ഈ സമ്മേളനത്തെ വിളിച്ചതിന് സംഘാടകരെ ഞാന്‍ അഭിനന്ദിക്കുന്നു... നമുക്ക് ഇല്ലാതാക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയെ നമുക്ക് വെറുതെ എതിര്‍ത്താല്‍ പോരാ. കൊതുകും ഡെങ്കിയും കൊറോണയും മലേറിയയും ഇങ്ങനെയുള്ള ചില കാര്യങ്ങളാണ്. നമുക്ക് എതിര്‍ക്കാന്‍ കഴിയാത്ത അവയെ ഉന്മൂലനം ചെയ്യണം. സനാതനവും ഇതുപോലെയാണ്. സനാതനത്തെ എതിര്‍ക്കുകയല്ല വേണ്ടത് എന്നതാണ് നമ്മുടെ പ്രഥമ കര്‍ത്തവ്യം.'' തമിഴ്‌നാട്ടിലെ സി.പി.ഐ.എം നിയന്ത്രണത്തിലുള്ള മുര്‍പ്പോക്ക് എഴുത്താളര്‍ സംഘത്തിന്റെ (Tamil Nadu Progressive Writers Forum) ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവേ സ്‌പോര്‍ട്‌സ് യുവജനകാര്യമന്ത്രിയും ഡി.എം.കെ യുവജനവിഭാഗം സെക്രട്ടറിയും അഭിനേതാവുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞതിങ്ങനെ. ഈ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഹിന്ദുക്കളെല്ലാം സനാതനികളാണ് എന്നു തോന്നിപ്പിക്കും മട്ടിലായിരുന്നു അവരുടെ പ്രസ്താവനകളെല്ലാം. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷകക്ഷികളുടെ മുന്നണിയായ 'ഇന്‍ഡ്യ'യിലും ഉദയനിധിയുടെ പ്രസ്താവന ചലനങ്ങളുണ്ടാക്കി. 'ഇന്‍ഡ്യ'യിലെ ഒരു ഘടകകക്ഷിയായ ശിവസേന ഉദയനിധിയുടെ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ അപലപിച്ചപ്പോള്‍ ''എല്ലാ മതങ്ങളോടും സമഭാവനയാണ് തങ്ങള്‍ക്കുള്ളത്'' എന്ന പ്രസ്താവനയിലൊതുക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രതികരണം. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഇന്‍ഡ്യന്‍ ഘടകകക്ഷികള്‍ക്കു ലഭിക്കേണ്ടുന്ന ബ്രാഹ്മണ വോട്ടുകള്‍ ഉദയനിധിയുടെ പ്രസ്താവനകൊണ്ടു നഷ്ടപ്പെടും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി അനുകൂല കേന്ദ്രങ്ങള്‍. ''സര്‍വ്വമതസമഭാവനയാണ് ഞങ്ങളുടെ ആദര്‍ശം. എന്നാല്‍, മുന്നണിയിലെ ഓരോ പാര്‍ട്ടിക്കും അവരുടേതായ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്'' എന്നാണ് കോണ്‍ഗ്രസ് ഇതിനോടു പ്രതികരിക്കുന്നത്.

അതേസമയം, താന്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരുടെ വംശീയോന്‍മൂലനത്തിനാണ് താന്‍ ആഹ്വാനം ചെയ്തത് എന്നത് ബി.ജെ.പിയുടെ വ്യാഖ്യാനമാണെന്നും ഉദയനിധി പിന്നീടു വ്യക്തമാക്കി. കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന ബി.ജെ.പി മുദ്രാവാക്യത്തിന്റെ അര്‍ത്ഥം കോണ്‍ഗ്രസ്സുകാരെയൊക്കെ കൊന്നൊടുക്കലല്ല എന്നതുപോലെ സനാതനധര്‍മ്മം എന്ന ആശയം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു താന്‍ പറഞ്ഞത്. അതില്‍ വിശ്വസിച്ചവരെ ഇല്ലാതാക്കണം എന്നല്ലെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു. എന്തായാലും ഉദയനിധിയുടെ പ്രസ്താവന തമിഴ്‌നാട്ടില്‍ വളര്‍ന്നുവരുന്ന പുതിയൊരുതരം രാഷ്ട്രീയത്തെ സംബന്ധിച്ച സൂചനകളാണ് നല്‍കുന്നത്. 

ഡിഎംകെ യുവജന പ്രവർത്തകരുടെ യോ​ഗത്തിൽ സംസാരിക്കുന്ന ഉദയനിധി സ്റ്റാലിൻ. ഈ വേദിയിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം
ഡിഎംകെ യുവജന പ്രവർത്തകരുടെ യോ​ഗത്തിൽ സംസാരിക്കുന്ന ഉദയനിധി സ്റ്റാലിൻ. ഈ വേദിയിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം

സിനിമാ നിര്‍മ്മാതാവായും താരമായും തമിഴ് ജനമനസ്സുകളില്‍ ഇതിനകം ഇടംപിടിച്ച വ്യക്തിത്വമാണ് ഉദയനിധിയുടേത്. 2019-ലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. ഡി.എം.കെയുടെ യുവജനവിഭാഗം സെക്രട്ടറിയായി. തന്നേക്കാള്‍ കഴിവുള്ളയാളുകള്‍ സംഘടനയിലുണ്ടെന്നും തന്നെ തെരഞ്ഞെടുത്ത സ്ഥിതിക്ക് തന്റെ കഴിവിന്റെ പരമാവധി സംഘടനയ്ക്കുവേണ്ടി ഉപയോഗിക്കുമെന്നുമായിരുന്നു ഉദയനിധി അന്നു പറഞ്ഞത്. 2019-ല്‍ പൊതുതെരഞ്ഞെടുപ്പു കാലത്ത് എ.ഐ.ഐ.എം.എസ് എന്നെഴുതിയ ചുടുകട്ടയുമായി സംസ്ഥാനത്തുടനീളം പ്രചരണയാത്ര നടത്തിയത് വിവാദമായിരുന്നു. മധുരയില്‍ എ.ഐ.ഐ.എം.എസ് കൊണ്ടുവരുമെന്ന ഭരണകക്ഷിയുടെ വാഗ്ദാനം പാലിക്കാത്തതിനെതിരെയായിരുന്നു അത്. 2021-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മര്‍ദ്ദവും പീഡനവും സഹിക്കവയ്യാതെയാണ് മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലിയും സുഷമ സ്വരാജും മരിച്ചതെന്ന് ഉദയനിധി പ്രസംഗത്തിനിടെ പ്രസ്താവന നടത്തിയിരുന്നു. ചെപ്പോക്ക് മണ്ഡലത്തില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ധര്‍മപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹം ഈ വിവാദ പ്രസ്താവന നടത്തിയത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദയനിധിക്ക് നോട്ടീസ് അയച്ചു. പ്രചാരണവേളയിലെ മുഴുവന്‍ പ്രസംഗവും പരിഗണിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടുവെന്നും രണ്ട് വരികള്‍ മാത്രമാണ് പരിഗണിച്ചതെന്നുമായിരുന്നു നോട്ടീസിന് അദ്ദേഹം മറുപടി നല്‍കിയത്. സാമ്പത്തിക തട്ടിപ്പിന്റെ പേരിലും അദ്ദേഹം ഇ.ഡി.യുടെ അന്വേഷണം നേരിട്ടു. ഉദയനിധി സ്റ്റാലിന്‍ ഫൗണ്ടേഷനിലേക്ക് ഒരു കോടി രൂപ കൈമാറ്റം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. കല്ലല്‍ ഗ്രൂപ്പിന്റെ 36.3 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടുകയും 34.7 ലക്ഷം രൂപ ബാക്കിയുള്ള ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. കല്ലല്‍ ഗ്രൂപ്പിന്റേയും ലൈക്ക പ്രൊഡക്ഷന്‍സിന്റേയും ഓഫീസുകളില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നായിരുന്നു ഇ.ഡി നടപടി. കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ഉദയനിധിക്കെതിരെ ബി.ജെ.പി തമിഴ്‌നാട് അദ്ധ്യക്ഷന്‍ രംഗത്തുവരികയും അതിനെതിരെ 50 കോടി രൂപയുടെ മാനനഷ്ടക്കേസുമായി ഉദയനിധി മുന്നോട്ടുവരികയും ചെയ്തിരുന്നു. 

നിരീശ്വരവാദമാണ് ദ്രാവിഡ പ്രസ്ഥാനത്തിന്റെ മൂലക്കല്ലുകളിലൊന്നെങ്കിലും അണ്ണാമലൈയുടെ കാലത്തുതന്നെ അതില്‍ വെള്ളം ചേര്‍ക്കപ്പെട്ടിരുന്നു. ''ഒന്റേ കുലം ഒരുവനേ ദൈവം'' എന്നായി പില്‍കാലത്ത് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മുദ്രാവാക്യം. ഡി.എം.കെ യുവജന നേതാവായിരിക്കേ തന്റെ ട്വിറ്റര്‍ എക്കൗണ്ടില്‍ ഡി.പിയായി 'വിനായഗരു'ടെ പടം ഉപയോഗിച്ചത് വിവാദമുയര്‍ത്തിയിരുന്നു.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com