രോഗ കാരണങ്ങളെ ഒഴിവാക്കുന്നതാണ് ചികിത്സ 

നമ്മുടെ ആരോഗ്യത്തിന് യോജിക്കാത്ത, പ്രതിരോധശക്തി കുറയ്ക്കുന്ന നിരവധി കാരണങ്ങളുണ്ട്.  അവയെ ശരിയായി മനസ്സിലാക്കുകയും ഒഴിവാക്കുകയുമാണ് ആരോഗ്യപൂര്‍ണ്ണമായ ശരീരത്തിനു വേണ്ടത്
രോഗ കാരണങ്ങളെ ഒഴിവാക്കുന്നതാണ് ചികിത്സ 

യുസ്സിനെ സംബന്ധിച്ച വിജ്ഞാനം ഏതൊന്നിലാണോ സ്ഥിതിചെയ്യുന്നത് അഥവാ എന്തുകൊണ്ടാണോ ആയുസ്സിനെ പ്രാപിക്കുവാന്‍ കഴിയുന്നത് ആ ശാസ്ത്രമാണ് ആയുര്‍വേദം.  വാതപിത്തകഫങ്ങളാണ് മനുഷ്യശരീരത്തിന്റെ ശരിയായ നിലനില്‍പ്പിനു കാരണം.  അവയുടെ ശരീരത്തിലുള്ള സമസ്ഥിതിയാണ് ആരോഗ്യം.

രോഗകാരണങ്ങളെ ഒഴിവാക്കുന്നതാണ് ചികിത്സ.  നമ്മുടെ ആരോഗ്യത്തിന് യോജിക്കാത്ത, പ്രതിരോധശക്തി കുറയ്ക്കുന്ന നിരവധി കാരണങ്ങളുണ്ട്. അവയെ ശരിയായി മനസ്സിലാക്കുകയും ഒഴിവാക്കുകയുമാണ് ആരോഗ്യപൂര്‍ണ്ണമായ ശരീരത്തിനു വേണ്ടത്.  ദേശം, കാലം, ആഹാരം, ദഹനശക്തി, ശരീരബലം, പ്രായം, മനോബലം എന്നു തുടങ്ങി പല ഘടകങ്ങളും രോഗത്തെ ഇല്ലാതാക്കുന്നതില്‍ പ്രധാനമാണ്.  എന്തുകൊണ്ടാണ് രോഗം വര്‍ദ്ധിക്കുന്നത് എന്ന് രോഗി സസൂക്ഷ്മം മനസ്സിലാക്കേണ്ടതാണ്. പകര്‍ച്ചവ്യാധികള്‍, ജ്വരം, പ്രമേഹം, ഹൃദ്രോഗം, അര്‍ബ്ബുദം മനോരോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ബാലരോഗങ്ങള്‍, സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവാനുബന്ധ രോഗങ്ങള്‍, മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയെല്ലാം വര്‍ദ്ധിച്ച രീതിയില്‍ ഇപ്പോഴും കണ്ടുവരുന്നുണ്ട്. വിവരസാങ്കേതികവിദ്യയുടെ വിവിധ മേഖലകളിലെ പ്രാധാന്യം പരമാവധി വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് രോഗങ്ങള്‍ ബാധിക്കാധിരിക്കാനുള്ള ഔഷധങ്ങള്‍, പ്രതിരോധശക്തി ഉണ്ടാക്കുന്ന ആഹാരരീതികള്‍, ജീവിതചര്യകള്‍, വ്യായാമരീതികള്‍ എന്നിവയ്‌ക്കെല്ലാം വളരെയധികം പ്രാധാന്യമുണ്ട്.

എല്ലാ രോഗങ്ങളും ബാധിക്കാന്‍ കാരണം വേണ്ടത്ര ദഹനശക്തി ഇല്ലാത്തതാണെന്ന് ആയുര്‍വേദശാസ്ത്രം പഠിപ്പിക്കുന്നുണ്ട്.  നമ്മുടെ കാലാവസ്ഥയ്ക്കും ജീവിതരീതിക്കും ഇണങ്ങിയ, പ്രകൃതിയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന ഭാരതീയ വൈദ്യശാസ്ത്രസമ്പ്രദായം അനുശാസിക്കുന്ന ശീലങ്ങളും ചര്യകളും അറിയുന്നതും അവ ജീവിതത്തില്‍ പകര്‍ത്തുന്നതും ആരോഗ്യമുള്ള ശരീരം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്ലതാണ്.  
 
രോഗങ്ങള്‍ ഉണ്ടാവുന്നതിന്റെ കാരണങ്ങള്‍

ശരീരത്തില്‍ വാതദോഷം കോപിക്കുവാനുള്ള കാരണങ്ങളായി പറയുന്നത് അധികം ചവര്‍പ്പും എരിവും കയ്പുമുള്ള ആഹാരങ്ങളുടെ അമിതമായ ഉപയോഗം, ശരിയായ സമയത്തല്ലാതെ ആഹാരം കഴിക്കുക, മലമൂത്രവിസര്‍ജ്ജനം വേണ്ട സമയത്ത് നടത്താതിരിക്കുക, അമിതമായ ഉറക്കമൊഴിക്കല്‍, ഭയം, ദുഃഖം, അനാവശ്യമായ ആലോചനകള്‍ എന്നിവയെല്ലാമാണ്.

പിത്തദോഷം ശരീരത്തില്‍ കോപിച്ച് രോഗങ്ങളെ ഉണ്ടാക്കുന്നതിന്റെ കാരണങ്ങള്‍ അമിതമായ എരിവും പുളിയും ഉപ്പും തീക്ഷ്ണവുമായ ആഹാരങ്ങളുടെ, കൂടുതല്‍ ചൂടുള്ളവയുടെ നിരന്തര ഉപയോഗം തുടങ്ങിയവയാണ്.  

കൂടുതല്‍ മധുരമുള്ളവയും ഉപ്പുള്ളവയും വഴുവഴുപ്പുള്ളവയും തണുത്തവയും ആയിട്ടുള്ള ആഹാരങ്ങളുടെ അമിതമായ നിരന്തരമായുള്ള ഉപയോഗം, അമിതമായ പകലുറക്കം, ശാരീരികമായ അധ്വാനമില്ലാതിരിക്കുക എന്നിവകൊണ്ട് ശരീരത്തില്‍ കഫകോപം കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ ഉണ്ടാകും.

ആഹാരം അസുഖകാരണമാവുന്നത്

എന്നും ഹിതവും മിതവുമായ ആഹാരമാണ് കഴിക്കേണ്ടത്.  ദഹനശക്തിക്കനു സരിച്ചായിരിക്കണം പോഷകപ്രധാനമായ ആഹാരം കഴിക്കേണ്ടത്.  ഭക്ഷണം കഴിഞ്ഞയുടനേ വീണ്ടും ഭക്ഷിക്കുന്നതും വിശപ്പില്ലാത്തപ്പോള്‍ ഭക്ഷിക്കുന്നതും ദീര്‍ഘസമയം ആഹാരം കഴിക്കാതിരിക്കുന്നതും അധികം എരിവുള്ളവ ഉപയോഗിക്കുന്നതും ദഹനവ്യവസ്ഥയെ ബാധിച്ച് ഉദരരോഗങ്ങള്‍ ഉണ്ടാവാനുള്ള സാദ്ധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. മലബന്ധം, പുളിച്ചുതികട്ടല്‍, അരുചി, വയറെരിച്ചില്‍, ഏമ്പക്കം അധികമാവുക, വയറുവീര്‍പ്പ് തുടങ്ങി ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായി ഉദരവ്രണങ്ങള്‍ ഉണ്ടാവാനുള്ള സാദ്ധ്യത വളരെയധികമാണ്.

കൂടുതല്‍ കൊഴുപ്പുള്ള ആഹാരം, മദ്യം, പുകവലി, എണ്ണമയം കൂടുതലുള്ള ആഹാരങ്ങള്‍, ഫ്രിഡ്ജില്‍ വെച്ച് പഴകിയ ആഹാരം, വീണ്ടും ചൂടുപിടിപ്പിച്ച് ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍, വര്‍ണ്ണവസ്തുക്കള്‍ ചേര്‍ന്നുള്ള കൃത്രിമ ശീതളപാനീയങ്ങള്‍, കീടനാശിനികളുടെ അംശമുള്ള പഴങ്ങള്‍, തിളപ്പിക്കാതെ ഉപയോഗിക്കുന്ന വെള്ളം, മലിനമായ ആഹാരം, പകര്‍ച്ചവ്യാധികള്‍, കൃത്രിമനിറം അധികം ചേര്‍ക്കുന്ന സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ അമിതമായ ഉപയോഗം, പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന ഔഷധങ്ങളുടെ അമിതമായ അനവസരത്തിലുള്ള ഉപയോഗം എന്നു തുടങ്ങി നിരവധി കാരണങ്ങള്‍ നമ്മുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതില്‍, രോഗപ്രതിരോധശക്തി കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
  
സമയനിഷ്ഠയില്ലാതുള്ള ജോലി  രോഗകാരണമാവുന്നത്

തൊഴില്‍പരമായുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍, സമയനിഷ്ഠയില്ലാതുള്ള, വിശ്രമമില്ലാതുള്ള അധികജോലി, എപ്പോഴും ജോലിയുടെ തിരക്കുകളെക്കുറിച്ച് മാത്രമുള്ള ചിന്ത, സമയത്ത് തീര്‍ക്കാന്‍ പറ്റാതിരിക്കുക എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ ശരീരത്തെ ബാധിക്കുന്ന വ്യാധികള്‍ മനസ്സിനേയും ബാധിച്ച് അസ്വാസ്ഥ്യമുണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം എന്നിവയെല്ലാം ഇക്കാലത്ത് വര്‍ദ്ധിച്ചുവരുന്നുണ്ട്.  ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവുകയുള്ളൂ.  വര്‍ത്തമാനകാലത്തില്‍ പുരാണേതിഹാസങ്ങളുടെ പാരായണം കുറഞ്ഞുവരുന്നതായി കാണുന്നു.  വായന മനോബലം നല്‍കുന്ന ഔഷധമാണ്.  വസ്തുതകളെ സംയമനത്തോടെ കണ്ട് പുരോഗമനാത്മകമായി പ്രതികരിച്ച് ഫലപ്രാപ്തിയിലെത്തിക്കുവാന്‍, നല്ല ചിന്തകളെ ഉണ്ടാക്കുവാന്‍ സഹായിക്കുന്നത് പ്രസിദ്ധ ഗ്രന്ഥങ്ങളുടെ പാരായണമാണ്.  പ്രാണായാമം പോലുള്ളവ ചെയ്യുന്നത് ശ്വാസകോശ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കാനും ഉത്തമമാണ്.  ലോകത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ സ്വാസ്ഥ്യമുണ്ടാവണമെന്ന ലക്ഷ്യമാണ്  ഭാരതീയ വൈദ്യശാസ്ത്രത്തിനുള്ളത്.

കംപ്യൂട്ടറിനു മുന്നില്‍, ശീതീകരിച്ച മുറിയില്‍ ഒരേസമയം കുത്തിയിരുന്ന് ജോലിചെയ്യുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കുന്നതാണ്.  സ്ഥിരമായ നടുവേദന, കഴുത്തുവേദന, കൈകാല്‍ വേദന, വിരലുകളുടെ മരവിപ്പ്, തരിപ്പ്, കാലുകളില്‍ നീര്, മലബന്ധം തുടങ്ങിയവ ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. ധാന്വന്തരം തൈലം പോലുള്ള വാതശമനമായ തൈലങ്ങളേതെങ്കിലും ഒന്ന് വൈദ്യനിര്‍ദ്ദേശാനുസൃതം കുളിക്കുന്നതിനു മുന്‍പ് ദേഹത്ത് തലോടുകയും നടുവിന് തേച്ച് പിടിപ്പിക്കുകയും ചെയ്യുന്നത് വേദനകളുണ്ടാവാതിരിക്കാന്‍ നല്ലതാണ്. അനുബന്ധമായി  ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് വിദഗ്ദ്ധ വൈദ്യനിര്‍ദ്ദേശാനുസൃതം ഔഷധങ്ങള്‍ സേവിക്കേണ്ടിയും വരും.

എല്ലാ ഇന്ദ്രിയങ്ങളിലും വെച്ച് പ്രധാനം കണ്ണുകളാണ് എന്ന് ആയുര്‍വേദ ആചാര്യന്മാര്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.  കാഴ്ചകളില്ലാത്ത ലോകം നമുക്ക് സങ്കല്പിക്കാന്‍ കൂടി മനസ്സ് വരുന്നതല്ല.  നമുക്ക് ഇഷ്ടമല്ലാത്ത കാഴ്ചകളും നേത്രാരോഗ്യത്തെ ബാധിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തെ അവഗണിച്ചുകൊണ്ടാണ് നാം നിരന്തരം വിശ്രമമില്ലാതെ ജോലി ചെയ്യുന്നത്.  നേത്രഹിതങ്ങളായ തൈലങ്ങള്‍ തലയില്‍ തേക്കുക, കണ്ണുകളില്‍ ഉറ്റിക്കാന്‍ ഇളനീര്‍കുഴമ്പ്, നേത്രാമൃതം പോലുളളവ വൈദ്യനിര്‍ദ്ദേശാനുസൃതം ഉപയോഗിക്കുക, ത്രിഫലാദി ചൂര്‍ണ്ണം തേനില്‍ ചാലിച്ച് സേവിക്കുക എന്നിവയെല്ലാം നേത്രാരോഗ്യസംരക്ഷണത്തിന് ആവശ്യമാണ്.

കാലാവസ്ഥയും രോഗങ്ങളും

കാലാവസ്ഥയിലുള്ള മാറ്റം, ഒരു ഋതു മാറി അടുത്ത ഋതു വരുമ്പോള്‍ രോഗം ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നുള്ള തിരിച്ചറിവ് എല്ലാവര്‍ക്കും ആവശ്യമാണ്. വര്‍ഷകാലത്തും വേനല്‍കാലത്തും തണുപ്പുകാലത്തും അതാത് കാലാവസ്ഥകള്‍ക്കു ഹിതമായിട്ടുള്ള ആഹാരവിഹാരങ്ങളാണ് വേണ്ടത്. കാലാവസ്ഥയ്ക്ക് ഹിതകരമല്ലാത്തവ രോഗഹേതുക്കളാണ്.  പക്ഷേ, ഇക്കാലത്ത് കാലാവസ്ഥയില്‍ വളരെ പ്രകടമായ മാറ്റം കാണപ്പെടുന്നുണ്ട്. അതതു കാലത്തുണ്ടാവേണ്ട രീതിയില്‍ പ്രകൃതിയില്‍ മാറ്റങ്ങളുണ്ടായില്ലെങ്കില്‍ നമ്മുടെ പ്രതിരോധശക്തി കുറയാന്‍ സാധ്യത കൂടുതലാണ്.  രോഗങ്ങള്‍ ബാധിക്കാന്‍ ഏറ്റവും എളുപ്പമുള്ള ഒരു കാലമാണിത്.

ജ്വരചികിത്സ ആയുര്‍വേദത്തില്‍

പനിക്ക് സാധാരണയായി ഉപയോഗിക്കാറുള്ള ഔഷധങ്ങളില്‍ പ്രധാനപ്പെട്ടവ അമൃതാരിഷ്ടം, സുദര്‍ശനാസവം, ഗോരോചനാദി ഗുളിക, ശീതജ്വരാരി ക്വാഥം ടാബ്ലറ്റ്, ഇന്ദുകാന്തം കഷായം, ദശമൂലകടുത്രയാദി കഷായം തുടങ്ങിയവയാണ്. രോഗാവസ്ഥയ്ക്കനുസരിച്ച് അനേകം ഔഷധങ്ങള്‍ ജ്വരചികിത്സയില്‍ ഉപയോഗിക്കാറുണ്ട്.  ആഹാരം ലഘുവായിരിക്കണം.  (കഞ്ഞി, ചെറുപയര്‍, മുതിര തുടങ്ങിയവ).  ശരീരം വിയര്‍പ്പിക്കുന്നതും ആവികൊള്ളുന്നതും സ്രോതസ്സുകളില്‍ ഉണ്ടാകുന്ന തടസ്സം മാറ്റുന്നു.  വിശപ്പും ദഹനശക്തിയും വര്‍ദ്ധിപ്പിക്കാന്‍ അഷ്ടചൂര്‍ണ്ണം, വൈശ്വാനരചൂര്‍ണ്ണം തുടങ്ങിയവ കാച്ചിയമോരില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. പനിയോടനുബന്ധിച്ചുള്ള തൊണ്ടവേദനയ്ക്ക് താലീസപത്രാദി ചൂര്‍ണ്ണം, മൃദ്വീകാദിലേഹം എന്നിവ ഫലപ്രദമാണ്.  രാസ്‌നാദി ചൂര്‍ണ്ണം നെറുകയില്‍ തിരുമ്മുന്നത് നീര്‍വീഴ്ച ഇല്ലാതാക്കാന്‍ നല്ലതാണ്. ജ്വരത്തെ ഒരു പ്രധാന രോഗമായി കണ്ട് ശോധനശമനചികിത്സകള്‍ ആയുര്‍വേദത്തില്‍ പറയുന്നുണ്ട്.  മിക്കവാറും എല്ലാ രോഗങ്ങളുടേയും കൂടെ കാണപ്പെടുന്നതിനാല്‍ ജ്വരചികിത്സയുടെ തത്ത്വം മറ്റു രോഗങ്ങള്‍ക്കും യുക്തിക്കനുസരിച്ച് പ്രയോഗിക്കാറുണ്ട്. അണുസംക്രമണം തടയുന്നതിന് അപരാജിതധൂപചൂര്‍ണ്ണം പുകയ്ക്കല്‍ വളരെ നല്ലതാണ്. ഗുഗ്ഗുലു, നാന്മുകപ്പുല്ല്, വയമ്പ്, ചെഞ്ചല്യം, വേപ്പ്, എരിക്ക്, അകില്‍, ദേവതാരം എന്നിവയെല്ലാം പൊടിച്ച് എടുക്കുന്നത് അപരാജിതധൂപചൂര്‍ണ്ണം. ജ്വരമുള്ളപ്പോള്‍ എണ്ണതേച്ചുള്ള കുളി, അധികമായുള്ള വ്യായാമം, പകലുറക്കം, അമിതാഹാരം എന്നിവ ഒഴിവാക്കേണ്ടതാണ്.  ജ്വരശമനത്തിനായി ചിറ്റമൃത്, വേപ്പ്, തുളസി, ചുക്ക്, കുരുമുളക്, തിപ്പലി, വെളുത്തുള്ളി, മുത്തങ്ങ, കടുക്ക, നെല്ലിക്ക, താന്നിക്ക, പര്‍പ്പടകപ്പുല്ല് എന്നു തുടങ്ങി അനേകൗഷധദ്രവ്യങ്ങള്‍ ചികിത്സയ്ക്കായി പ്രയോജനപ്പെടുത്താറുണ്ട്. 
 
ശീതീകരിച്ച മുറിയില്‍ അണുസംക്രമണ സാധ്യത ഇല്ലാതാക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.  ഇല്ലെങ്കില്‍ സ്ഥിരമായ ജലദോഷം, തൊണ്ടവേദന, ഒച്ചയടപ്പ്, തുമ്മല്‍, പനി എന്നിവ പിടിപെടാനുള്ള സാധ്യത അധികമാണ്. വ്യക്തികളുടെ ശരീരപ്രകൃതി, രോഗപ്രതിരോധശക്തി എന്നിവയ്ക്കനുസൃതമായി ഇത്തരം രോഗങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.  ഒരുപക്ഷേ, ശ്വാസംമുട്ടല്‍ പോലുള്ള രോഗങ്ങള്‍ ഭാവിയില്‍ വരാനുള്ള കാരണമായും മാറാം. അന്തരീക്ഷ താപനിലയില്‍നിന്നും വലിയ വ്യതിയാനമുണ്ടാവുമ്പോഴാണ് മേല്‍പ്പറഞ്ഞ രോഗങ്ങള്‍ ബാധിക്കുന്നത്. ഇന്ദുകാന്തം കഷായം, വ്യോഷാദി വടകം, ഹരിദ്രാഖണ്ഡം എന്നിങ്ങനെയുള്ള ഔഷധങ്ങള്‍ വൈദ്യനിര്‍ദ്ദേശാനുസൃതം സേവിക്കുന്നത് ഇടയ്ക്കിടെ ഉണ്ടാവുന്ന പനി, വിളര്‍ച്ച, രോഗപ്രതിരോധശക്തിക്കുറവ് എന്നിവ ഇല്ലാതാക്കാന്‍ സഹായകമാണ്. പാരമ്പര്യമായി ഇങ്ങനെയുള്ള അസുഖങ്ങളുള്ളവര്‍ ഇത്തരം ഔഷധങ്ങള്‍ക്കൊപ്പം ച്യവനപ്രാശം പോലെ രസായനസ്വഭാവമുള്ള ഔഷധങ്ങളും സേവിക്കുന്നത് വ്യാധികളുടെ തീവ്രത കുറയ്ക്കും.

പനി വന്നുമാറിയാലും ദഹനശക്തിക്കനുസരിച്ച് ഹിതമായ ആഹാരമാണ് കഴിക്കേണ്ടത്.  കൂടുതല്‍ കഴിക്കുന്നതും വിശപ്പില്ലാത്തപ്പോള്‍ ഭക്ഷിക്കുന്നതും ആഹാരം കഴിച്ചയുടനെ വീണ്ടും കഴിക്കുന്നതും അധികം യാത്ര ചെയ്യുന്നതും വീണ്ടും ജ്വരം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.  ആയുര്‍വേദ ചികിത്സയുടെ അടിസ്ഥാനതത്ത്വം നിദാനപരിവര്‍ജ്ജനമാണ്, അതായത് രോഗകാരണങ്ങളെ ഒഴിവാക്കുക.  ആയുസ്സിന്റെ, ആരോഗ്യത്തിന്റെ വേദമായ ആയുര്‍വേദത്തിന്റെ തത്ത്വങ്ങള്‍ മനസ്സിലാക്കുകയും ശീലിക്കുകയുമാണ് ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിന് അത്യാവശ്യം. മാനസികമായി ഉണ്ടാവുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാനായി സദ്ഃവൃത്തം ആചരിക്കേണ്ടതാണ്.  മനസ്സിനെ ബാധിക്കുന്ന രോഗങ്ങള്‍ ശരീരത്തേയും ബാധിക്കും.  

മഞ്ഞള്‍, നെല്ലിക്ക, തുളസി, മാതളനാരങ്ങ, ചെറുപയര്‍, ഗോതമ്പ്, തേന്‍ എന്നു തുടങ്ങി രോഗപ്രതിരോധശക്തി നിലനിര്‍ത്തുന്നവ ആഹാരത്തില്‍ ഉള്‍പ്പെടുത്താനും ദഹനവ്യവസ്ഥയെ തകരാറാക്കുന്ന വിരുദ്ധാഹാരങ്ങളെ ഒഴിവാക്കാനും പരമാവധി ശ്രദ്ധിക്കേണ്ടതാണ്. 
 
ശോധനചികിത്സയും ശമനചികിത്സയും

ആയുര്‍വേദ ചികിത്സാ സമ്പ്രദായമനുസരിച്ച് ചികിത്സ രണ്ടുവിധമാണ്. ശോധനചികിത്സയും ശമനചികിത്സയും.  വാതപിത്തകഫദോഷങ്ങള്‍ കോപിച്ച് ശരീരത്തില്‍ രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ പുറത്തുകളയുവാന്‍ ഛര്‍ദ്ദിപ്പിക്കുക, വയറിളക്കുക, മൂക്കില്‍ മരുന്നിറ്റിക്കുക, കഷായവസ്തി, തൈലവസ്തി എന്നിവ വിദഗ്ദ്ധ വൈദ്യനിര്‍ദ്ദേശാനുസൃതം ചെയ്യുന്നത്. രോഗങ്ങള്‍ വീണ്ടും ഉണ്ടാവാതിരിക്കാനും രോഗതീവ്രത കുറയ്ക്കാനും ശാരീരികാരോഗ്യം മെച്ചപ്പെടാനും വളരെ നല്ലതാണ്.  ശമനചികിത്സയില്‍ ഔഷധങ്ങള്‍ സേവിച്ച് രോഗശമനമുണ്ടാക്കുന്നു.  

ശമനചികിത്സയില്‍ കഷായം, ഗുളിക, അരിഷ്ടം, ലേഹം, ചൂര്‍ണ്ണം എന്നു തുടങ്ങിയവ പ്രയോജനപ്പെടുത്തി രോഗത്തെ ശമിപ്പിക്കുകയാണ് ചെയ്യുന്നത് ശരീരത്തില്‍ ത്രിദോഷകോപത്തിന്റെ ഏറ്റക്കുറച്ചിലുകളനുസരിച്ചാണ് ശോധന ചികിത്സയാണോ ശമനചികിത്സയാണോ ചെയ്യേണ്ടത് എന്നു തീരുമാനിക്കുന്നത്.  ദോഷകോപം അധികമില്ലെങ്കില്‍ ശമനചികിത്സകൊണ്ടുതന്നെ രോഗത്തെ ശമിപ്പിക്കാം.  പഞ്ചകര്‍മ്മങ്ങള്‍ ചെയ്യണമെങ്കില്‍ രോഗിയുടെ പ്രായം, ബലം, സത്വബലം, രോഗാവസ്ഥ എന്നിവയ്ക്ക് പ്രത്യേകം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്.  

പാര്‍ശ്വഫലങ്ങള്‍

ആയുര്‍വേദ ഔഷധങ്ങള്‍ എല്ലാം തന്നെ ശുദ്ധമാണ്, ഒരു പ്രതിപ്രവര്‍ത്തനവുമുണ്ടാവില്ല എന്നൊരു ധാരണ പൊതുവേയുണ്ട്.  ചേര്‍ക്കുരു അടങ്ങിയ ഔഷധങ്ങള്‍ ചില രോഗികളില്‍ ശരീരത്തില്‍ ചൊറിച്ചില്‍, തടിപ്പ്, പനി, ശ്വാസതടസ്സം എന്നിവ ഉണ്ടാക്കുന്നതായി കാണാം. വൈദ്യനിര്‍ദ്ദേശാനുസൃതം മാത്രമെ അത്തരത്തിലുള്ള ഔഷധങ്ങള്‍ ഉപയോഗിക്കാവൂ.  പഞ്ചകര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും വളരെ ശ്രദ്ധ ആവശ്യമാണ്. ആവശ്യമില്ലാതെ അത്തരം കര്‍മ്മങ്ങള്‍ രോഗികളില്‍ പ്രയോഗിക്കാനും പാടില്ല.

ജ്ഞാനസമ്പത്ത്

ആയുര്‍വേദത്തിന്റെ ജ്ഞാനസമ്പത്ത് ഗ്രന്ഥങ്ങളിലായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.  വിവിധ ആചാര്യന്മാര്‍ അവരവരുടെ അഭിപ്രായമനുസരിച്ച് ആരോഗ്യത്തേയും ചികിത്സയേയും ലോകോപകാരാര്‍ത്ഥം രേഖപ്പെടുത്തിയിട്ടുണ്ട്.  ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം, ശാര്‍ങ്ഗധരസംഹിത, മാധവനിദാനം, ഭാവപ്രകാശം, ഭൈഷജ്യരത്‌നാവലി, രസരത്‌നസമുച്ചയം എന്നിവ പ്രധാനപ്പെട്ട ചില ആയുര്‍വേദഗ്രന്ഥങ്ങളാണ്. വിവിധ ഗ്രന്ഥങ്ങളിലുള്ള ആരോഗ്യ ഉപദേശങ്ങള്‍ മനസ്സിലാക്കിയാണ് വൈദ്യസമൂഹം ആതുരശുശ്രൂഷ ചെയ്യുന്നത്.

കായചികിത്സ, ബാലചികിത്സ, ഗ്രഹചികിത്സ, ഊര്‍ദ്ധ്വാംഗചികിത്സ, ശല്യചികിത്സ, വിഷചികിത്സ, രസായനചികിത്സ, വാജീകരണചികിത്സ എന്നിങ്ങനെ അഷ്ടാംഗങ്ങള്‍ ആയുര്‍വേദത്തിനുണ്ട്.  ശരീരത്തെ മൊത്തം ബാധിക്കുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സയാണ് കായചികിത്സ.  ബാലചികിത്സ കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സ, നവജാതശിശുവിന്റെ മാതാവിനുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സ എന്നിവയാണ്.  ഗ്രഹചികിത്സ മാനസികരോഗങ്ങള്‍ക്കുള്ള ചികിത്സയാണ്. കണ്ണ്, ചെവി, മൂക്ക്, മുഖം എന്നിവിടങ്ങളിലുണ്ടാകുന്ന രോഗങ്ങള്‍ക്കും അവയുടെ ചികിത്സയ്ക്കും ശാലാക്യതന്ത്രം അഥവാ ഊര്‍ദ്ധ്വാംഗചികിത്സ എന്നു പറയുന്നു. ആധുനിക ശാസ്ത്രത്തിലെ സര്‍ജറിക്കു സമാനമായി ആയുര്‍വേദത്തിലുള്ള ചികിത്സയാണ് ശല്യചികിത്സ.  സുശ്രുതാചാര്യനെയാണ് ആധുനികരും ശസ്ത്രക്രിയയുടെ പിതാവായി അംഗീകരിക്കുന്നത്.  വിഷജന്തുക്കളുടെ/സസ്യങ്ങളുടെ ഉപദ്രവം മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സയാണ് അഗദതന്ത്രം അഥവാ വിഷചികിത്സ. ധാതുപുഷ്ടി, ഓര്‍മ്മശക്തി, ദീര്‍ഘായുസ്സ് എന്നിവ പ്രദാനം ചെയ്യുന്നത് രസായനചികിത്സ. ശുക്ലദോഷചികിത്സ, ശുക്ലവര്‍ദ്ധനവിനുള്ള ചികിത്സ എന്നിവയാണ് വാജീകരണ ചികിത്സ.

ആഗോളതലത്തില്‍ അംഗീകാരം

ആയുര്‍വേദചികിത്സയ്ക്കും ഔഷധങ്ങള്‍ക്കും ആഗോളതലത്തില്‍ അംഗീകാരവും പ്രചാരവുമുണ്ടാവണമെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്ന നിരീക്ഷണ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ ഇനിയും ഉണ്ടാവേണ്ടതുണ്ട്.  വിവരസാങ്കേതികവിദ്യ പരമാവധി വര്‍ദ്ധിച്ച ഇക്കാലത്ത് അത്തരത്തിലുള്ള നൂതന വിവരങ്ങള്‍ ഇതര ശാസ്ത്രങ്ങളുടെ സഹായത്തോടെ വ്യാഖ്യാനിക്കപ്പെട്ടാല്‍ മാത്രമേ അന്താരാഷ്ട്രതലത്തില്‍ ഭാരതീയ വൈദ്യശാസ്ത്രത്തിന് ലോകസമ്മതി നേടാനാവുകയുള്ളൂ.  ഭാരതസര്‍ക്കാര്‍ ഔഷധനിര്‍മ്മാണം ഡ്രഗ്‌സ് ആന്റ്‌സ് കോസ്‌മെറ്റിക്‌സ് ആക്റ്റിന്റെ പരിധിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ആയുര്‍വേദ ഫാര്‍മക്കോപ്പിയ കമ്മിറ്റി ഔഷധനിര്‍മ്മാണത്തെ ഗുണനിലവാരമുള്ളതാക്കി ഏകീകരിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ആയുഷ് വകുപ്പ്, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദ ആന്റ് സയന്‍സ് എന്നീ വിഭാഗങ്ങള്‍ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നുമുണ്ട്. ആയുര്‍വേദ ഔഷധനിര്‍മ്മാണ വിഭാഗത്തിന് ഇന്നു കാണുന്ന പ്രശസ്തിക്കും പ്രസക്തിക്കും കാരണം കോട്ടക്കല്‍ ആര്യവൈദ്യശാലാ സ്ഥാപകനായ വൈദ്യരത്‌നം പി.എസ്. വാരിയരാണ്. വ്യാവസായികാടിസ്ഥാനത്തില്‍ ഔഷധങ്ങള്‍ നിര്‍മ്മിച്ച് രോഗികളുടെ ഉപയോഗത്തിന് എത്തിച്ചുകൊടുക്കുന്ന സമ്പ്രദായം തുടങ്ങിയതില്‍ പ്രഥമഗണനീയനാണ് വൈദ്യരത്‌നം പി.എസ്. വാരിയര്‍.  അദ്ദേഹത്തിന്റെ ക്രാന്തദര്‍ശിത്വമാണ് ആയുര്‍വേദത്തിന് ഇന്നു കാണുന്ന പ്രചാരവും പ്രാധാന്യവുമെല്ലാം.  ആയുര്‍വേദശാസ്ത്രം എന്നും ഇതരശാസ്ത്രങ്ങളിലുള്ള നൂതനമായ കണ്ടെത്തലുകളെ സ്വാംശീകരിക്കുന്ന ഒരു ശാസ്ത്രശാഖയാണ്. ആധുനിക ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബോട്ടണി, കെമിസ്ട്രി, നിയമം, എന്‍ജിനീയറിങ്ങ് എന്നിങ്ങനെ വിവിധ ശാസ്ത്രശാഖകളിലുള്ള അറിവുകള്‍ ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്താറുണ്ട്.
ലോകം മുഴുവന്‍ കൊവിഡ്19 നു മുന്നില്‍ പകച്ചുനിന്നപ്പോള്‍ ആരോഗ്യസംരക്ഷണത്തിന് ആയുര്‍വേദ ഔഷധങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുവാന്‍ സാധിച്ചതിന്റെ ശാസ്ത്രീയ പഠനങ്ങള്‍ ലഭ്യമാണ്. കൊവിഡ് രോഗബാധയ്ക്കു ശേഷം തളര്‍ച്ച, ചുമ, ശ്വാസം തിങ്ങല്‍, പേശികളിലെ വേദന, സന്ധിവേദന, ഹൃദയഭാഗത്ത് അസ്വാസ്ഥ്യം, ത്വക്‌രോഗങ്ങള്‍, നാഡീസംബന്ധമായ രോഗങ്ങള്‍, മാനസികപ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്, വാതസംബന്ധമായ രോഗങ്ങള്‍ എന്നിവ വ്യാപകമായി വരുന്നുണ്ട്. ചെറിയ രോഗം പോലും മാറുവാന്‍ കാലതാമസം നേരിടുന്നുണ്ട്. കൃത്യമായ രോഗനിര്‍ണ്ണയശേഷം ആയുര്‍വേദ ഔഷധങ്ങള്‍ വിദഗ്ദ്ധ വൈദ്യനിര്‍ദ്ദേശം അനുസരിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ശാരീരികബലം ലഭിക്കുവാനും പ്രതിരോധശക്തി നിലനിര്‍ത്താനും സാധിക്കുന്നതാണ്. ടെക്സ്റ്റ് ബുക്ക് ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിനില്‍, കൊവിഡ് രോഗബാധയ്ക്കുശേഷം രോഗപ്രതിരോധശേഷി നിലനിര്‍ത്തുന്നതിന് ആയുര്‍വേദ ഔഷധങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത് സമീപകാല ഗവേഷണപഠനങ്ങളുടെ ഫലമായിട്ടാണ്. W.H.O {]kn²oIcn¨  WHO BENCHMARKS FOR THE TRAINING OF AYURVEDA, WHO INTERNATIONAL STANDARD TERMINOLOGIES ON AYURVEDA, ആയുഷ് വകുപ്പ് പ്രസിദ്ധീകരിച്ച  The Ayurvedic pharmacopeia of India, Data base on medicinal plants used in Ayurveda and Sidha,The Ayurvedic formulary of India, Indian Medicinal Plants A Compendium of 500 species, ഡോ. എം.എസ്. വലിയത്താന്‍ രചിച്ച The legacy of Charaka,The Legacy of Ssuruta, The Legacy of Vagbhata, കോട്ടക്കല്‍ ആര്യവൈദ്യശാല പ്രസിദ്ധീകരിച്ച  Ayurveda- The expanding Frontiers എന്നു തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍  ആയുര്‍വേദത്തിന്റെ ആധുനിക കാലത്തെ അടയാളപ്പെടുത്തുന്നു.

ദീര്‍ഘായുസ്സുണ്ടാവാന്‍

എന്നും ഹിതവും മിതവുമായ ആഹാരം, എല്ലാ കാര്യങ്ങളിലും പക്വതയോടുകൂടിയുള്ള സമീപനം, ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധ, ആയുര്‍വേദ ഉപദേശങ്ങളില്‍ താല്പര്യം എന്നിവയെല്ലാം തന്നെ ദീര്‍ഘായുസ്സുണ്ടാവാന്‍ വേണ്ടിയുള്ളതാണെന്നുള്ള തിരിച്ചറിവ് എല്ലാവര്‍ക്കും ആവശ്യമാണ്.  വര്‍ദ്ധിച്ചുവരുന്ന ആയുര്‍വേദത്തിന്റെ സ്വീകാര്യതയും അതാണ് സൂചിപ്പിക്കുന്നത്.  നാളത്തെ തലമുറയ്ക്കും ആയുര്‍വേദത്തിന്റെ അമൃത് പകര്‍ന്നുകൊടുക്കേണ്ട സന്ദര്‍ഭമാണിത്. 

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com