'പഴങ്ങളിലൂടെ മാത്രം ഞാനറിഞ്ഞ വൃക്ഷമാണ് ഒളപ്പമണ്ണ'

നങ്ങേമക്കുട്ടിയാണ് ഒളപ്പമണ്ണയെ ആദ്യം പരിചയപ്പെടുത്തിയത്. ഇങ്ങനെയൊരു പരിചയം മറ്റാരുമായി എനിക്കുണ്ടായിട്ടുമില്ല.  നങ്ങേമക്കുട്ടിയിലൂടെ ഞാന്‍ കാവ്യകലയെ അറിഞ്ഞു
'പഴങ്ങളിലൂടെ മാത്രം ഞാനറിഞ്ഞ വൃക്ഷമാണ് ഒളപ്പമണ്ണ'

വേദിയിലെ അപ്രതീക്ഷിത സാന്നിദ്ധ്യം എന്റേതായിരിക്കാം. ഞാനൊഴിച്ചെല്ലാവരേയും ഒളപ്പമണ്ണയ്ക്ക് നേരിട്ടറിയാം. സുഗതകുമാരി പാടിയപോലെ 'കൃഷ്ണാ നീ എന്നെയറിയില്ല.' (സുഗത സൂക്ഷ്മമായി പറഞ്ഞത് പക്ഷേ, കൂടെ ആടിയ ആരെയറിഞ്ഞതിലും ഗാഢമായി ഒരു നാളും നിന്റെ മുന്നില്‍ വന്നിട്ടില്ലാത്ത എന്നെ നീ അറിഞ്ഞു എന്നത് എന്നെ അമ്പരപ്പിച്ചു എന്നാണ്) പലരും ചിരപരിചിതരാണ്. വ്യക്തിയും കവിതയും കലര്‍ന്നിരിക്കും അവരുടെ വാക്കുകളില്‍. പഴങ്ങളിലൂടെ മാത്രം ഞാനറിഞ്ഞിട്ടുള്ള ഒരു വൃക്ഷമാണ് ഒളപ്പമണ്ണ. ഭാഗവതം അക്കിത്തത്തിന്റെ ഭാഷയില്‍ എന്റെ തുണക്കെത്തുന്നു.

'ആമൂലാഗ്രം വൃക്ഷരസം രുച്യമല്ലെന്നിരിക്കിലും/അതുതാന്‍ പഴമായീടില്‍ എല്ലാവര്‍ക്കും മനോഹരം.' വൃക്ഷത്തിനു രുചിയോ ഗന്ധമോ ഇല്ല, പഴത്തിനാകട്ടെ, ഓരോ വൃക്ഷത്തിന്റേയും അനന്യത കാട്ടുന്ന സ്വാദും സുഗന്ധവും അഴകും.' ആ തേന്‍വരിക്കയുടെ സ്വദോര്‍ത്താല്‍ ആര്‍ക്ക് കയ്യുയരും അത് വെട്ടാന്‍' എന്നു കേട്ടിട്ടില്ലേ? വൃക്ഷത്തിന്റെ നിലനില്‍പ്പിനുവേണ്ടിപ്പൊരുതാന്‍ പോലും ഫലത്തിനു കഴിയുമെന്നര്‍ത്ഥം. വൃക്ഷം ജീവിച്ചതിന്റെ ഫലം ജീവിതമല്ലല്ലോ, ഫലമല്ലേ? ഒരു സങ്കല്പ സംവാദത്തില്‍ അര്‍ജ്ജുനന്‍ ഏകലവ്യനോട് പറയുന്നുണ്ട്, എനിക്ക് ദ്രോണര്‍ ആചാര്യനായിരുന്നില്ല എപ്പോഴും. നിനക്കാകട്ടെ, ദ്രോണര്‍ എപ്പോഴും ആചാര്യന്‍. എനിക്കുണ്ടോ നിന്നെ ജയിക്കാനാവുന്നു. ആ വിജയപ്രതീക്ഷയോടെ ഞാന്‍ തുടങ്ങുകയാണ്.

നങ്ങേമക്കുട്ടിയാണ് ഒളപ്പമണ്ണയെ ആദ്യം പരിചയപ്പെടുത്തിയത്. ഇങ്ങനെയൊരു പരിചയം മറ്റാരുമായി എനിക്കുണ്ടായിട്ടുമില്ല. അവളിലൂടെ ഞാന്‍ സ്ത്രീയെ അറിഞ്ഞു എന്നു പറയാവുന്നതുപോലെ നങ്ങേമക്കുട്ടിയിലൂടെ ഞാന്‍ കാവ്യകലയെ അറിഞ്ഞു. അത്ര ആഴത്തില്‍ ആദ്യ സമാഗമത്തില്‍ത്തന്നെ കവിയെ ഞാനറിഞ്ഞു. പ്രീഡിഗ്രി രണ്ടാംവര്‍ഷ ക്ലാസ്സ്. രണ്ടാമത്തെ പിരീഡ്. അദ്ധ്യാപകന്‍ അവധിയില്‍. ആനന്ദലബ്ധിക്കിനിയെന്തു വേണം? പകരം വന്നത് വന്നാലും അതു കുറയാതെ കാക്കാന്‍ കഴിയുന്ന, ഇനീഷ്യലായും അല്ലാതേയും എന്‍. സുഗതന്‍. 'സുശീലന്‍ സുകളേബരന്‍ വിദ്യാധരനൊരുത്തന്‍.' കയ്യില്‍ നങ്ങേമക്കുട്ടി. കവിത അന്ന് എന്റെ ബലമോ ദൗര്‍ബ്ബല്യമോ ആയിട്ടില്ല. പക്ഷേ, ഘനഗംഭീരമായ ശബ്ദത്തിലുള്ള നാടകീയമായ ആ തുടക്കം എന്നെ നിശബ്ദനാക്കി. 'നേരമല്ലാത്ത നേരത്തായ്/നങ്ങേമക്കുട്ടിതന്‍ കുളി/ആരും തേടീല കാരണം.' ആരും എന്നു പറഞ്ഞാല്‍ പൊതുജനമാണല്ലോ. അവര്‍ തേടിയില്ലെങ്കിലും ഞാന്‍ തേടണ്ടേ? പതിന്നാലു വയസ്സായ പെണ്‍കിടാവാണ് കുളപ്പടവില്‍. ജിജ്ഞാസയും ഞാനും ഇരുന്നിടത്തു നിന്ന് ഒപ്പം കൂടി. വഴിയില്‍ എപ്പോഴോ ഞാന്‍ ഞാനറിയാതെ മാറി. 'ഇരുന്നുണര്‍ന്നു ഞാന്‍.' വാലിയക്കാരി പാറതിയില്‍നിന്ന്, നമ്മളോട് പോലും പറയാന്‍ അവര്‍ മടിച്ച ആ ഭയങ്കര രഹസ്യം കേട്ടപ്പോള്‍ അമ്മയിലുണ്ടായ മാറ്റം കവി തരണം ചെയ്തതു കണ്ട് ഞാനമ്പരന്നു. 'കൈ തെറ്റി വീണുപോം കുപ്പിപ്പാത്രം പോലൊരു വാചകം അമ്മ കേള്‍ക്കുന്നതിങ്ങനെ.' 

തേടുകയാണെന്നറിയാതെ ഞാന്‍ തേടിക്കൊണ്ടിരുന്ന ആ വള്ളി കാലില്‍ ചുറ്റിയിരിക്കുന്നു. കവിതയുടെ ഭാഷയിലേക്ക് എന്റെ ജ്ഞാനോദയം നടന്നിരിക്കുന്നു. മറ്റൊരു വിധത്തിലും ആവിഷ്‌കരിക്കാനാവാത്തതിന്റെ ഭാഷയാണ് കവിത, എനിക്കു ബോധ്യമായിരിക്കുന്നു. തെളിവുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. 'നില്‍ക്കുവാന്‍ ശക്തിയില്ലാത്തോളമ്മ കുത്തിയിരുന്നു പോയ്.' സെമാന്റിക്‌സും സീമിയോട്ടിക്‌സും തുണക്കെത്തുന്നത് കണ്ടുവോ? ഇതാണ് ഗദ്യത്തെ അപേക്ഷിച്ച് കവിതയ്ക്കുള്ള മിടുക്ക്. 'താനൊറ്റപ്പെട്ടു പോമാരും തുണയില്ലാത്ത ഭൂമിയില്‍, മരിച്ചാലെന്ന മാതിരി.' മരിച്ചവനെപ്പോലെ ഒരേകാകിയുണ്ടോ? തൊടലില്ല, കേള്‍ക്കലില്ല, കാണില്ല, മണക്കില്ല, തന്നെച്ചൊല്ലി വ്യസനിക്കുന്നത് താനറിയാനല്ല. തന്നെച്ചൊല്ലിയല്ലാത്ത ലോകത്തില്‍, അതിന്റെ പുറംതിണ്ണയിലാണവന്‍. കവിത കൂടുതല്‍ക്കൂടുതല്‍ തീക്ഷ്ണമായി വരുന്നു. 'തീപ്പിടിച്ച വെളിച്ചെണ്ണപോലെ നങ്ങേമനിന്നുപോയ് തീയൂരാനാരുമെന്നിയേ.' പിന്നീട് ഞാനറിഞ്ഞു ഇക്കാവ്യത്തില്‍ വള്ളത്തോള്‍ പാകമല്ല, ആശാന്‍ പാകവുമുണ്ടെന്ന്. 'പുടവയ്ക്ക് പിടിച്ച തീ ചുഴ്ന്നുടല്‍ കത്തുന്നൊരു ബാല പോലിവള്‍.' നാലു വര്‍ഷമേ എടുത്തുള്ളുവത്രേ പ്രത്യക്ഷത്തില്‍ മാത്രം ലഘുവായ ഈ കാവ്യം പൂര്‍ത്തിയാക്കുവാന്‍. അതൊരലങ്കാരിക പ്രയോഗം മാത്രം. അതുവരെ ജീവിച്ച മുഴുവന്‍ കാലവുമുപയോഗിച്ചേ, തന്റെ മാത്രമല്ല താനനുഭവിച്ച കാവ്യങ്ങളുടേയും ജീവിതം മുഴുവനും വഹിച്ചേ സഹിച്ചേ ഇങ്ങനെയൊരു കൃതി എഴുതാനാവൂ. 'ചട്ടി ചുട്ടുപഴുക്കുമ്പോള്‍ മലര്‍വിത്തെന്ന പോലവെ തെറിച്ചൂ ചില നാളുകള്‍.' പിന്തിരിഞ്ഞു നോക്കുമ്പോള്‍ തോന്നുന്നു, അന്നെനിക്കുണ്ടായ അത്ഭുതം ഒളപ്പണ്ണയോട് പറഞ്ഞിരിക്കില്ല പറയേണ്ടിയിരുന്ന ഈ വാക്യം എന്ന്. അങ്ങയെ യഥാകാലം പരിചയപ്പെട്ടിരുന്നില്ലെങ്കില്‍ ഞാനാരേയും ഒന്നിനേയും ഗാഢമായി പരിചയപ്പെടുമായിരുന്നില്ല. കവിത മനസ്സിലാവുമ്പോള്‍ മനസ്സിലാവുന്നത് പ്രസ്തുത കവിത മാത്രമല്ല. ഒരു സൂചകവും ഒരു സൂചിതവും അല്ല കവിത. ഒരു സൂചകവും പല സൂചിതങ്ങളുമാണ്. പല തലങ്ങളില്‍ മുഴങ്ങുന്ന ഈ വാദ്യം കയ്യില്‍ കിട്ടിയിരുന്നില്ലെങ്കില്‍ ഞാനെന്തു ചെയ്യുമായിരുന്നു? കൈകളില്ലാതിരുന്നെങ്കില്‍ നമ്മളെന്ത് ചെയ്യുമായിരുന്നു?'

എമിലി ഡിക്കിന്‍സണ്‍
എമിലി ഡിക്കിന്‍സണ്‍

എന്താണ് കവിത? എമിലി ഡിക്കിന്‍സണ്‍ പറയുന്നു, വായിക്കുമ്പോള്‍ ശിരച്ഛേദം ചെയ്യപ്പെട്ടതായി തോന്നുന്നുവെങ്കില്‍ അതിനാധാരമായ വാക്യം കവിതയാണ്. നോക്കുക. 'സന്തതം സുഖിക്കുന്നിതെല്ലാവരും എന്തു ഞാനൊന്നു വേറെ പിഴച്ചിതു' പൂന്താനം. 'ഇനിയൊരു കുറികാണണമെന്നു തോന്നീടു കിലാവതോ?' എഴുത്തച്ഛന്‍. 'ഒന്നിന്നുമല്ല നില' ആശാന്‍. 'ആരുള്ളൂ മരിച്ചവര്‍ക്കപരാധി ഞാനെന്നൊരാടലേശാതെ' ബാലാമണിയമ്മ. 'വജ്രം തുളച്ചിരിക്കുന്ന രത്‌നങ്ങള്‍ക്കുള്ളിലൂടെ ഞാന്‍ കടന്നുപോന്നൂ ഭാഗ്യത്താല്‍ വെറും നൂലായിരുന്നൂ ഞാന്‍' അക്കിത്തം. 'നിത്യം കടലെടുത്തീടും ജന്മത്തിന്റെ തുരുത്തില്‍ ഞാന്‍' ആറ്റൂര്‍. 'ലോറിക്കടിപ്പെട്ടരഞ്ഞ കുഞ്ഞുങ്ങള്‍ വന്നൂതിക്കെടുത്തുന്നു പാത വിളക്കുകള്‍' ചുള്ളിക്കാട്. 'ഒഴികഴിവുകളുടെ പച്ചവിറകിന്മേല്‍ നമ്മുടെ ജന്മദീര്‍ഘമായ ശവദാഹം' കെ.ജി.എസ്. വെള്ളത്തിലിട്ടാല്‍ അടിയിലേക്കുതാണു വലിയൊരു പിളര്‍പ്പുണ്ടാക്കി അതിലിരിക്കുന്ന ഇത്തരം വരികള്‍ എത്രയാണൊളപ്പമണ്ണയില്‍? 'നടന്നിട്ടും നടന്നിട്ടും നിന്നുപോകുന്ന ജീവിതം.' 

'ദൂരദൂരം പറന്നിട്ടും കൊമ്പത്തെത്താത്ത കാക്കകള്‍ കൂരിരുട്ടത്ത് വീഴവെ.' ഇത്തരം വാക്യങ്ങളാവണം ഭാഷകന്റെ സായൂജ്യം. പറയാനാവാത്തത് പറഞ്ഞതിന്റെ ഗരിമയുണ്ടതില്‍. എടുത്തതെല്ലാം തൊടുക്കാന്‍ പറ്റിയത്. എല്ലാം ഒന്നിനൊന്നുചിതം. നങ്ങേമക്കുട്ടിയുടെ പേര് തന്നെ നോക്കൂ. (നങ്ങേമക്കുട്ടിക്കല്ലാതെ മറ്റൊരു കഥാപാത്രത്തിനും പേരില്ല ഇക്കാവ്യത്തില്‍. അവരാരും പേരുദോഷം വരുത്തിയിട്ടില്ലല്ലോ). അവളുടെ പേര് അതല്ലായിരുന്നുവെങ്കില്‍ 'ഒറ്റയ്‌ക്കൊറ്റയ്ക്ക് നങ്ങേമ /ക്കുട്ടി പോകുന്നു ഗര്‍ഭിണി/അറ്റം കാണാത്ത പാതയില്‍' എന്ന വരികള്‍ക്കീ ഭാരം കിട്ടുമായിരുന്നുവോ? അവള്‍ കുട്ടിയായതിനാല്‍ ആ ഭാരം അവള്‍ക്കുവേണ്ടി നമ്മളല്ലേ പേറുന്നത്? 'ഇരിക്കാനിടമില്ലാത്ത/മണ്ണിലമ്മയ്ക്ക് ജീവിതം/കാലിന്മേലായ കാരണം/നങ്ങേമക്കുട്ടി തന്‍ കുട്ടി/ക്കില്ലല്ലോ ചായുറങ്ങുവാന്‍ അമ്മതന്‍ മടി കൂടിയും' എന്ന വാക്യമിത്ര നിസ്സഹായത പങ്കിടുമായിരുന്നോ? നങ്ങേമക്കുട്ടിയിലെ കുട്ടിക്ക് തന്റെ കുട്ടിയെ പേറാനാവുമോ, പെറാനല്ലാതെ. 'കുട്ടീ സത്യാഭിസന്ധനീ' എന്നു കവിക്ക് തന്റെ ഓമനയോട് പറയാനാവുമായിരുന്നുവോ? നങ്ങേമ എന്ന പേരിലാകട്ടെ, തന്റെ കുലവും താനനുഭവിക്കുന്ന ഏകാന്തതയുടെ കാരണവും ഇരിക്കുന്നു.

കഥാപാത്രങ്ങള്‍ അവരുടെ കുറ്റങ്ങളോടെ മനസ്സിലാക്കപ്പെടുന്ന ഇടം ആണ് നോവല്‍ എന്നു പറയുന്നു കുന്ദേര. കാവ്യവും വ്യത്യസ്തമല്ല. അന്യഥാ ഉള്‍ക്കൊള്ളാനാവാത്തത് ഉള്‍ക്കൊള്ളാനായി സൃഷ്ടിക്കപ്പെടുന്നൊരിടമാണത്. ആരെയും കുറ്റപ്പെടുത്താത്ത നങ്ങേമക്കുട്ടി മാത്രമല്ല, കുറ്റമുക്തരാകാന്‍ സ്വാതന്ത്ര്യമില്ലാത്ത അച്ഛനും അമ്മയും പാരമ്പര്യം പ്രതിനായകനായ ഈ കാവ്യത്തില്‍ അഗാധമായി മനസ്സിലാക്കപ്പെടുന്നു. അവരെന്തുകൊണ്ടങ്ങനെ ചെയ്തു എന്ന് എനിക്കറിയാറാവുന്നതുപോലെ അങ്ങതാവിഷ്‌കരിച്ചിരിക്കുന്നു. അണ്ടര്‍സ്റ്റാന്‍ഡിങ്ങിനു തുല്യമായ അര്‍ത്ഥഗര്‍ഭമായ പദങ്ങളല്ല, മനസ്സിലാക്കലോ ധാരണയോ. അണ്ടര്‍സ്റ്റാന്റിങ്ങോടെയല്ലാത്ത ഒരു നോക്കോ വാക്കോ ഈ കൃതിയുടെ ആഖ്യാനത്തിലില്ല. പുലിയാണച്ഛന്‍, പക്ഷേ, 'ദുഃഖത്തിന്‍ കൂട്ടിലെ പുലി.' തല്ലിത്തല്ലിയമര്‍ന്നപ്പോള്‍ കണ്ണീരാണ്ടത് അച്ഛനുമാണ്. മകളെ ഉപേക്ഷിക്കുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്നത് താനുമാണ്. 'തറ്റുടുത്താലുറക്കുന്നിലച്ഛന്ന്.' ഇല്ലം അവളെ തിരസ്‌കരിക്കുന്നുണ്ട്. അതോടെ ഇല്ലം ഇല്ലത്തേയും തിരസ്‌കരിക്കുന്നുണ്ട്. 'ഒന്നുകില്‍ച്ചോറു വെന്തിടാ അല്ലെങ്കില്‍ച്ചീഞ്ഞു വെന്തിടും.' എന്നന്നേക്കുമായി പാകം തെറ്റിയിരിക്കുന്നു എന്നര്‍ത്ഥം. മാറിയ പരിസ്ഥിതിയോട് പൊരുത്തപ്പെടാനാവാതെ തരിച്ചുനില്‍ക്കയാണാ ഇല്ലം. പാരമ്പര്യം കടപുഴക്കി വീഴ്ത്തുമ്പോള്‍ വീഴാനേ തലമുറയായി കഴിയൂ അച്ഛന്നോ അമ്മയ്‌ക്കോ നങ്ങേമക്കുട്ടിക്കു പോലുമോ. വിനാശത്തിലേക്കുള്ള പാരമ്പര്യത്തിന്റെ പോക്കിനെ പാരമ്പര്യത്തിന്റെ തന്നെ കലാശക്കൊട്ടലായി കാണുന്ന കാവ്യം അതില്‍ത്തന്നെ പൂര്‍ണ്ണമായിരിക്കെത്തന്നെ അതില്‍പരവുമാകുന്നു. കവിത കേവലം സിഗ്‌നിഫയര്‍ ആയാല്‍പ്പോര, എക്‌സെസ്സീവ് സിഗ്‌നിഫയറുമാവണം. തല്‍സന്ദര്‍ഭത്തെ പ്രതിനിധാനം ചെയ്താല്‍പ്പോര, സമാന്തര സന്ദര്‍ഭങ്ങളേയും പ്രതിനിധാനം ചെയ്യണം. അല്ലെങ്കില്‍ ഏതു സാഹചര്യം നങ്ങേമക്കുട്ടിയെ ഈ വിധത്തിലാക്കിയോ ആ സാഹചര്യത്തിന്റെ അഭാവത്തില്‍ റദ്ദായിപ്പോകേണ്ടതാണ് ഇക്കാവ്യം. എങ്കില്‍ ഈ കാവ്യഭംഗികളൊക്കെ പാഴ്‌ചെലവായിപ്പോയേനെ. കവിത ഒരു തല്‍ക്കാല പരിഹാരമല്ല, കാലഗതിക്കൊത്ത് മാറുന്ന പരിഹാരമാണ്. മറ്റൊരു ഭാവത്തില്‍ മറ്റൊരു രൂപത്തില്‍ തുടരുന്ന അന്യായത്തിന്റെ മുന്നില്‍ നിസ്സഹായയായി നില്‍ക്കുന്നവരുടെ പ്രതിരൂപമാകാന്‍ ഉള്ള ബലമാണ് നങ്ങേമക്കുട്ടിയെ നിത്യപാരായണ യോഗ്യമാക്കുന്നത്. 'അവള്‍ തന്നരികത്തെത്തി' മുടി മാടിഒതുക്കുന്നത് സദാഗതിയാണ്. മാറ്റം വാതിലില്‍ ദയനീയമായുന്തുമ്പോഴും തുറക്കാനായി എണീക്കാനാകാത്ത, ഉയരാനാകാത്ത നിസ്സഹായതയ്ക്ക് അനശ്വരമായൊരു രൂപകം പരിചിതമായ പരിതസ്ഥിതിയില്‍നിന്നു കണ്ടെടുത്ത് വെയ്ക്കുകയാണ് കവി. 'ഉറങ്ങാത്തവരല്ലെങ്കില്‍ ഉണരാത്തവരാണവര്‍.' അഭിജനസങ്കട ദേശചര്യ എന്നാശാന്‍ പറയുന്ന വ്യവസ്ഥയുടെ മറ്റൊരു രൂപം. മലയാളത്തിലെ ഒരെക്‌സെസ്സീവ് സിഗ്‌നിഫയര്‍ ആണ് നങ്ങേമക്കുട്ടി.

തന്റെ കുടുംബാംഗങ്ങള്‍ക്കെല്ലാം കവിതയില്‍ ഇരിപ്പിടം നല്‍കിയിട്ടുണ്ട് ഒളപ്പമണ്ണ എന്നു നിരീക്ഷിച്ച് കണ്ടിട്ടുണ്ട്. അതാണദ്ദേഹത്തിന്റെ അനന്യത എന്നും. സ്ഥൂല ദൃഷ്ടികൊണ്ട് നോക്കിയാല്‍ നേരാണിത്. ഭാര്യ പേരോടെ കവിതയില്‍ പതിഞ്ഞിട്ടുണ്ട്, മകളുണ്ട് പേരോടെ, അമ്മയുണ്ട്, മുത്തശ്ശിയുണ്ട്, സഹോദരനുണ്ട്, മകനുണ്ട്. പരിചിതരേ, പരിചിത സന്ദര്‍ഭങ്ങളേ ഉള്ളൂ ഒളപ്പമണ്ണയില്‍ എന്നു കടത്തിപ്പറയുകയുമാവാം. വസ്തു പ്രതീകമാവാന്‍, ദൃശ്യം ഇമേജാവാന്‍ സംഭവിക്കേണ്ടതൊക്ക സംഭവിച്ചിട്ടുണ്ട് ഈ വ്യക്തികളില്‍ എന്നു പക്ഷേ, കാണണം. സമാനരെ പ്രതിനിധാനം ചെയ്യാന്‍, പ്രത്യക്ഷത്തില്‍ സമാനരല്ലാത്തവരേയും പ്രതിനിധാനം ചെയ്യാന്‍, സൂക്ഷ്മത്തില്‍ ആരേയും എന്തിനേയും പ്രതിനിധാനം ചെയ്യാന്‍ യോഗ്യരല്ലാത്ത ആരെയും ഒന്നിനേയും ഒളപ്പമണ്ണ കൈക്കൊള്ളാറില്ല. അതു സഹജമായി സംഭവിക്കുന്നതാണ് ഒളപ്പമണ്ണയില്‍. സമീപസ്ഥമായ വിഭവങ്ങള്‍കൊണ്ടുള്ള ഉപഭോഗം എന്ന് ഗാന്ധി പറയുന്ന സ്വദേശിയുടെ മറ്റൊരുദാഹരണം എന്ന് അക്കിത്തത്തെ പറയാവുന്നതുപോലെ ഒളപ്പമണ്ണയേയും പറയാം.

ചിരപരിചിതമായിരുന്നതിനെ അപരിചിതമാക്കുന്ന കലയില്‍ (defamiliaarization) ഒളപ്പമണ്ണയ്ക്ക് സഹജവാസന. 'ഇറുക്കിപ്പിടിക്കുന്നു മകനെ പെറ്റമ്മമാര/രുറങ്ങും നേരത്തല്ലോ കൂടുതലുണരുന്നു.' ആരെ വിഷയമാക്കുന്നുവോ അവരെ എഴുതുകയല്ല കവി, അവരിലൂടെ എഴുതുകയാണ്. തന്നെ എഴുതുന്നത് തനിക്കു സുപരിചിതനായ എന്നാല്‍, അപരിചിതനുമായ തന്നിലൂടെ നിങ്ങളെ എഴുതാനാണ്. അപരിചിതനെ സത്യസന്ധമായെഴുതാന്‍ അവനവനെ ആശ്രയിക്കുന്നതാണ് നല്ലത്. തന്നോളം അപരിചിതനല്ലല്ലോ തനിക്കു മറ്റൊരാളും. 'Know Thyself' എന്നല്ലേ ഡല്‍ഫിയിലെ വെളിച്ചപ്പാടും പറയുന്നത്. 'ഞാനാരാണെങ്കിലും' ചെയ്തു പോവില്ലേ എന്ന് ഒളപ്പമണ്ണയുടെ വിചിത്ര ന്യായം. ഒളപ്പമണ്ണ ആരെയെഴുതുമ്പോഴും തന്നെയെഴുതുന്ന അടുപ്പത്തോടേയും തന്നെ എഴുതുമ്പോള്‍ ആരെയെഴുതുന്ന അകല്‍ച്ചയോടെയും എഴുതി. സ്വന്തം വീട് എല്ലാം കണ്ട് വീട്ടിലെത്തിയ ആള്‍ കണ്ടപോലെ കണ്ടു. 'നാടായ നാടൊക്കെ കണ്ടുവെന്നാകിലും/വീടാണ് ലോകം വലിയ ലോകം.' ഒരേസമയം താനും അന്യനുമായ തന്നെ മാറി മാറി വന്ന കണ്‍കോണിലൂടെ കണ്ടതിന്റെ രസം 'വെടിവെപ്പിലു'ള്ളത് കാണുക. 'തോക്കെടുത്ത് നടക്കുമ്പോള്‍/ഞാനെന്നോട് കുറച്ചിട/നിന്ന് തര്‍ക്കിച്ചതിങ്ങനെ/കൊറ്റിക്ക് വെച്ചാല്‍ കൊറ്റിക്കും/കുളക്കോഴിക്കു കൂടിയും/കൊള്ളില്ല സാധു നിന്‍ വെടി.' സാധു പക്ഷേ, തര്‍ക്കിക്കാതിരുന്നില്ല. ചെറുപ്പത്തിലേറിന്നേറിന്നു മാമ്പഴം വീഴ്ത്തിയിട്ടില്ലേ, കൊണ്ട ഏറുകളുടെ കഥ താങ്കളോര്‍ക്കില്ലെങ്കിലും മട്ടകള്‍ മറക്കില്ല. കൊമ്പത്ത് നിശ്ചലമിരിക്കുന്ന പക്ഷിയെ ലക്ഷ്യം നോക്കി വെടിവെച്ചപ്പോഴോ? പൊടിയടങ്ങിയപ്പോള്‍ അതാ മറ്റൊരു കൊമ്പില്‍ ചന്തിമാന്തിയിരിക്കുന്നു. (വാക്കുകള്‍ക്ക് ഒരപകര്‍ഷതാബോധവുമില്ലാതെ ചന്തിമാന്തിയിരിക്കാന്‍ ഒളപ്പമണ്ണയുടെ കൊമ്പിലേ പറ്റു; അല്ലെങ്കില്‍ അക്കിത്തത്തിന്റെ. അതുവരെ പറയാതിരുന്നതെല്ലാം പറയാനൊരുമ്പെട്ട അത്യാധുനികതയ്ക്ക് അതിനുള്ള ധൈര്യമുണ്ടായില്ല. മണ്ണില്‍ കാലുറച്ച ഒരു കാവ്യഭാഷ ആറ്റൂരിലോ പാലൂരിലോ ഒരു പരിധിവരെ പണിക്കരിലോ ഒഴിച്ചാല്‍ പതുക്കെ മങ്ങി.) അചലങ്ങളായ ലക്ഷ്യങ്ങളിലല്ലാതെ ചലിക്കുന്ന ലക്ഷ്യത്തില്‍ കൊള്ളിക്കാന്‍ നിനക്കാവുമോ? 'എങ്ങനെയെങ്ങനെ ഞാനെന്നെ വെടിവെച്ചിടും?'
 
പറക്കുന്ന പറവയെ പറക്കുമ്പോള്‍ വേണ്ടേ പിടികൂടാന്‍? വള്ളത്തോളിനെ പിടികൂടാന്‍ അക്കിത്തവും വൈലോപ്പിള്ളിയും ആറ്റൂരും താന്‍ തന്നെയും പലവട്ടം ശ്രമിച്ചതാണ്. പക്ഷേ, 'ഒരു വള്ളത്തോളി'ലാണ് വള്ളത്തോള്‍ ശരിക്കും പതിഞ്ഞിട്ടുള്ളത്. ഈ വള്ളത്തോളില്‍ സകല വള്ളത്തോളുമുണ്ട്. മകളേയും കൂട്ടി വള്ളത്തോളിന്റെ സമീപത്തേക്ക് വന്നതാണൊരച്ഛന്‍, 'ഇവള്‍ക്ക് വേഷം കെട്ടാന്‍ മോഹം' എന്നത്താതന്‍ പറഞ്ഞപ്പോള്‍ വള്ളത്തോള്‍ ചോദിക്കുന്നു, ഏതു വേഷം? 'പൂതന കെട്ടും കെട്ടിപ്പഴക്കമുണ്ടെന്നച്ഛന്‍.' അപ്പോഴതാ വള്ളത്തോളില്‍ എപ്പോഴത്തേക്കാളും വള്ളത്തോള്‍. 'കളിക്കാം, വിഷമൂട്ടി ഉണ്ണിയെക്കൊല്ലും കളി മകളേ വേണോ?' എന്നു സകൗതുകം, സാര്‍ദ്രം, സഹാസം വള്ളത്തോള്‍. ഒന്നാലോചിച്ച്, തന്റെ വടിവില്‍ താന്‍ സൃഷ്ടിച്ചനശ്വരനാക്കിയ വിശ്വാമിത്രനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് വള്ളത്തോള്‍ തുടരുന്നു.

മിലൻ കുന്ദേര
മിലൻ കുന്ദേര

'കുട്ടിക്കിഷ്ടമുള്ളത് കെട്ടാം, മതിയാവോളം കെട്ടിക്കളിക്കാം.' പിന്നീട് കുട്ടി 'കഴല്‍ പടിഞ്ഞണിയറയില്‍ പോകന്നതു/മരങ്ങത്തെത്തുന്നതും കളിക്കുന്നതും കളി കണ്ടു കൊണ്ടച്ഛന്‍ മുന്നി/ലിരിക്കുന്നതുമിരുന്നുണരുന്നതും കണ്ടേന്‍.' ഒളപ്പമണ്ണയോളം ഛായാചിത്രങ്ങളും ആത്മഛായാചിത്രങ്ങളും വാക്കുകള്‍കൊണ്ട് വരച്ച കവികള്‍ കുറയും. അന്യനെ വരച്ചപ്പോള്‍ താനതില്‍ നിറഞ്ഞിരിക്കാനും തന്നെ വരച്ചപ്പോള്‍ താനതില്‍ ഒതുങ്ങിയിരിക്കാനും സഹാസം സാര്‍ദ്രം ശ്രമം. റെംബ്രാന്റിന്റേയോ വാന്‍ഗോഗിന്റേയോ ആത്മഛായാചിത്രങ്ങള്‍ ഛായാചിത്രങ്ങളോളം തീവ്രം, മറിച്ചും. ഏതാണ്ടതുപോലെ. എന്നോട് പറയുകയോ എന്നെ കേട്ടിരിക്കുകയോ ഒളപ്പമണ്ണ? തരലോ എടുക്കലോ ഇത്? പേരക്കുഞ്ഞിനെ കാണാന്‍ ആശുപത്രിയിലേക്ക് ചെന്നതാണ് ഞാന്‍. അല്പം മുന്‍പ് പെറ്റതേയുള്ളൂ. യാത്രാക്ലേശം കൊണ്ടാവാം ചുമന്നു തുടിച്ച മുഖം. കുഞ്ഞിനെ എന്റെ കയ്യിലേക്ക് നീട്ടുകയാണ് നഴ്‌സ്. കൈ നീളുന്നില്ല. ഉള്ളില്‍ ഒളപ്പമണ്ണ നിന്നു പേടിപ്പിക്കുകയാണ്. ഇതുപോലൊരു കുഞ്ഞിനെ കയ്യിലെടുത്തമ്മാനമാടിയതാണൊരച്ഛന്‍. കൈവഴുതി കുഞ്ഞ് താഴെ വീണ് മരിച്ചു. 'അന്നുമുതല്‍ക്കൊരു മിണ്ടാപ്പൂതം/തിന്നുന്നവനുടെ മസ്തിഷ്‌കം.' പിന്നീടവന്‍ ഇരുന്നിടത്ത് ഇരുന്നിട്ടില്ലാ നിന്നിടത്ത് നിന്നിട്ടില്ല കണ്ടിടത്ത് അവനെയാരും പിന്നീട് കണ്ടിട്ടില്ല. ഒരു ജീവനെ ഇല്ലാതാക്കിയതല്ലേ, ഒരുറുമ്പിനെപോലും ചവിട്ടാതെ, കയ്യില്‍ കിട്ടുന്നത് കുട്ടികള്‍ക്കെറിഞ്ഞു കൊടുത്ത്, എറിഞ്ഞുകിട്ടിയ എച്ചിലിലകളില്‍നിന്നു മാത്രം തിന്നു കീറിപ്പറിഞ്ഞ ഉടുപ്പുമായി ആ കിറുക്കന്‍ എന്റെ മനസ്സില്‍ അന്നു മുതല്‍ അലയുന്നു. എന്തു കയ്യിലെടുത്താലും താഴെയിട്ട് പൊട്ടിക്കുന്ന പ്രകൃതമാണെന്റേത്. കുഞ്ഞിനെ കയ്യില്‍ വാങ്ങാതെ ഞാന്‍ പിന്‍വാങ്ങി. ആ കിറുക്കനില്‍ ഞാനുണ്ട്, ഇക്കാര്യത്തില്‍ മാത്രമല്ല. ഇനിയെനിക്കെന്നെ ആ കിറുക്കനില്‍ കൂടിയല്ലാതെ കാണാനാവുമോ? അട്ടപ്പാടി മലയിലെ അളിയന്‍ പാറയെ ഒളപ്പമണ്ണ എഴുതിയ ഐതിഹ്യം കൂടാതെ കാണാന്‍ ഇനി നമുക്കാവുമോ? അതോടെ എന്തൊരു ചൈതന്യമായി ആ പാറയ്ക്ക്. ജീവിതം ഒന്നുകൂടി അര്‍ത്ഥപൂര്‍ണ്ണമായി അനുഭവിക്കുന്നു നാം ഒളപ്പമണ്ണയിലൂടെ. ആദ്യ തവണ അതങ്ങനെ ആയിരുന്നില്ലല്ലോ!

ഒരു കഥകളി വിളക്കിലെ തിരി പോലെയാണോ കവി? 'തിരിയാവുക, കത്തിത്തീരുക, വീണ്ടും തിരി തെരച്ച് കത്തിക്കുക സുഖമിദ്ദഹനം മേ.' പല പല ജീവിതങ്ങള്‍ ഒറ്റ ജന്മത്തില്‍ ജീവിക്കാനാവുന്നതോ ഒറ്റ മരണം മാത്രമുള്ള ജീവിതത്തില്‍ പല മരണങ്ങള്‍ മരിക്കാനാവുന്നതോ കവിക്കു കിട്ടുന്ന ഭാഗ്യം? 'സുഖമിപ്പതനം മേ' എന്നും അതേ കവിതയില്‍ ഒളപ്പമണ്ണ പറയുന്നു. 'ദുഃഖമാവുക സുഖം' എന്നു വേറൊരിടത്തും. ദഹനപതനങ്ങളുടെ നിരവധി സര്‍ഭങ്ങളാണ് ഒളപ്പമണ്ണ. 'രാവണന്‍ പത്താമത്തെ ശിരസ്സും സ്വയം വെട്ടാന്‍/രാമുണ്ണി മേനോനില്‍വന്നുത്ഭവിപ്പതു നോക്കി' എന്ന വാക്യത്തില്‍ തന്റെ രചനാവൈചിത്ര്യം മാത്രമല്ല, കാവ്യലക്ഷ്യവും ദൃശ്യം. ഇതിലേതെങ്കിലുമൊരു വാക്ക് അതല്ലായിരുന്നെങ്കില്‍ ഇന്നതുണ്ടാക്കുന്ന അര്‍ത്ഥ വൈപുല്യം അതുണ്ടാക്കുമായിരുന്നോ? പത്താമത്തെ ശിരസ്സോ സ്വയം വെട്ടലോ ആ മഹാനടന്റെ സാന്നിദ്ധ്യമോ രാവണോത്ഭവത്തിലെ ഉത്ഭവമോ എല്ലാം ചേര്‍ന്നുവന്നിരുന്നില്ലെങ്കില്‍ അതൊരു പദ്യമായിത്തീരുമായിരുന്നില്ലേ. (ഛന്ദസ്സിലെഴുതപ്പെടുന്ന കവിതകള്‍ ഭാഷയെ പദ്യമുക്തമാക്കുന്നു. മുക്തഛന്ദസ്സിലെഴുതപ്പെടുന്ന കവിതകള്‍ ഭാഷയെ ഗദ്യമുക്തമാക്കുന്നു) നിശാചരനായ രാവണന്‍ നിശാചരമായ കഥകളി വേഷത്തില്‍ അന്നിരുന്നതേക്കാള്‍ ഇരിക്കുന്നു. ശിരസ്സ് സ്വയം വെട്ടുന്ന രാവണന്‍ കഥകളി സൃഷ്ടിക്കുന്ന മായികരൂപത്തില്‍ ഗാനവാദ്യഘോഷങ്ങളോടെ അവിസ്മരണീയമായ രൂപപരിണാമം നേടുന്നു. വെട്ടുന്നത് ആറാമത്തേതോ ഏഴാമത്തേയോ ശിരസ്സായിരുന്നെങ്കില്‍ ഇപ്പോഴുള്ള വ്യംഗ്യങ്ങള്‍ കിട്ടുമായിരുന്നോ?

'മുഖങ്ങളെല്ലാം അറുത്തെടുത്ത് ഞാന്‍ ഹോമിക്കുന്നു. പത്തു മുഖം. ഒന്‍പതും അറുത്ത് ഹോമിച്ചു. പത്താമത്തെ മുഖവും സ്വയം വെട്ടാന്‍ വാളെടുക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന പ്രസാദാത്മകമായ പതിനൊന്നാമത്തെ മുഖം. അഗ്‌നിയില്‍ എഴുന്നേറ്റുവരുന്ന തേജോരൂപമായ അവതാരം. ഈ രൂപപരിണാമമാണ് സിദ്ധി.' ഒളപ്പമണ്ണ തുടരുന്നു: 'മണ്ണും വെള്ളവും വായുവും ആകാശവും തേജസ്സും കൊണ്ടു വളര്‍ന്ന എന്റെ ഫലം മറ്റൊന്നാണ്. അഞ്ചു കണങ്ങളും കൂടിയ ആറാമത്തെ കണം. ഇതെന്റെ മാത്രം ഗുണമാണ്.'

ഒളപ്പമണ്ണയുടെ പദകോശം ദൈനംദിനാനുഭവമുദ്രയുള്ള വാക്കുകള്‍കൊണ്ട് നിബിഡം.' 'ഊതിയാല്‍ നാവുനീട്ടുന്ന കനലുണ്ട'വയില്‍ എന്നതിനാല്‍. ഓരോ വാക്കിലും ഒരു രൂപകമുണ്ട്, ഒരു കാവ്യാവശിഷ്ടമുണ്ട്, ചിലപ്പോള്‍ മുഴുക്കാവ്യം തന്നെയുണ്ട്. അതറിഞ്ഞ് അദ്ദേഹമെഴുതി. ഒരു വാക്ക് ഉടലെടുത്തപ്പോള്‍ അതുവരെ അനാവിഷ്‌കൃതമായ ഒന്നാണ് ആവിഷ്‌കൃതമായത്. കവിതയില്‍ ആ ആദിമശേഷിയോടെ വാക്ക് നിലനിര്‍ത്തപ്പെടുന്നു എന്ന ബോദ്ധ്യം ഒളപ്പമണ്ണയിലെപ്പോഴും സജീവമാണ്. മരിച്ചു എന്ന അമൂര്‍ത്ത പദത്തോള്‍ കെട്ടു എന്ന ഉള്ളില്‍ നാളമുള്ള പദത്തിലാണദ്ദേഹത്തിനിമ്പം.

വള്ളത്തോൾ
വള്ളത്തോൾ

കരകയറുന്നതിലെ, മല കയറുന്നതിലെ കയര്‍ ആണ് കയറിലുമുള്ളത് എന്ന തോന്നല്‍ കവി കൈവിടുകയില്ല. 'കയറായ് നീളും കയ്യിലന്യോന്യം തൂങ്ങിക്കൊണ്ടും/കയറി കയറിപ്പോയവരാപ്പാറക്കുന്നില്‍.' ശയ്യാ സുഖത്തെ കാവ്യകലയില്‍നിന്നു ജീവകലയിലേക്കിറക്കുന്നത് നോക്കുക. 'അക്കന്യയെ ശയ്യാ സുഖമുള്ള കാവ്യവുമാക്കി.' കവിത തനിച്ചല്ല, ഭാഷ കൂടിയാണ് എഴുതുന്നതെന്ന ബോദ്ധ്യം ഒരിക്കലും കൈവിടുന്നില്ല. ഒളപ്പമണ്ണയുടെ കവിതയില്‍ ജീവസ്സോടെ മലയാള ഭാഷ ഇരിക്കുന്നു. ട്രാഫിക് പൊലീസ് 'വഴിപ്പൊലീസായി' ഗതാഗതം നിയന്ത്രിക്കുന്നു. പദശില്പമാണ് കവിത എന്നാക്കാവ്യങ്ങള്‍ ഓരോ കുറിയും നിര്‍വ്വചിക്കുന്നു. ഹാംലെറ്റ് 'വാക്കുകള്‍ വാക്കുകള്‍ വാക്കുകള്‍', എന്നു പറഞ്ഞത് നിരാശയോടെയാണെങ്കില്‍ അതുതന്നെ ആനന്ദാതിശയത്തോടെ ഒളപ്പമണ്ണ.

'കിട്ടാനുള്ളതിനേക്കാള്‍ കൊടുക്കാനായി' എന്നതൊരു വസ്തുസ്ഥിതി മാത്രമല്ല, ചാരിതാര്‍ത്ഥ്യവുമാണ് ഒളപ്പമണ്ണയില്‍. ജന്മിത്തം നഷ്ടപ്പെട്ടപ്പോള്‍ നഷ്ടമായതിനെക്കുറിച്ചു മാത്രമല്ല, ലഭ്യമായതിനേക്കുറിച്ചുമാണല്ലോ ആ വരി. അതില്‍പരമായിരിക്കുക, അര്‍ത്ഥഗര്‍ഭമായിരിക്കുക എന്നതാണോരോ വാക്കും വരിയുമെഴുതുമ്പോള്‍ ഒളപ്പമണ്ണയുടെ നീതി. അര്‍ത്ഥംവെച്ച് പറഞ്ഞു ചിരിയുണ്ടാക്കുന്ന (ഫലിതം എന്ന വാക്കിലതുണ്ടല്ലോ) തനിക്ക് സഹജമായ സംഭാഷണവഴി കവിതയില്‍ ഒന്നുകൂടി സഫലമാവുന്നതാവാം. വായന എടുക്കലോ കൊടുക്കലോ രണ്ടുമോ എന്നു സന്ദേഹിക്കുന്നുണ്ട് സ്പിനോസയെ വായിച്ച ഗെഥേ. എടുക്കലായി മാറുന്ന കൊടുക്കലും കൊടുക്കലായി മാറുന്ന എടുക്കലും വഴി അനുവാചകന്റെ പിന്തുടരലിനെ പങ്കാളിത്തമാക്കി ഉയര്‍ത്തുന്നു ഒളപ്പമണ്ണ.

(ഒളപ്പമണ്ണ ജന്മശതാബ്ദി സാഹിത്യോത്സവത്തില്‍ ചെയ്ത പ്രഭാഷണം)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com