'പ്രമാണിമാരെ ഭയന്നുകൊണ്ട് ആര്‍ക്കെങ്കിലും എഴുത്തുകാരനാകുവാന്‍ പറ്റുമോ?'- അപ്പന്റെ ധീരമായ മറുപടി

ഒരു വിമര്‍ശകന്റെ വരവ് തിരിച്ചറിഞ്ഞതുകൊണ്ടാകും മലയാളത്തിലെ വലിയ എഴുത്തുകാരെ അണിനിരത്തിയുള്ള ഓണപ്പതിപ്പില്‍ കെ. ബാലകൃഷ്ണന്‍  കെ.പി. അപ്പനും ഇത്തിരി ഇടം നല്‍കിയത്
'പ്രമാണിമാരെ ഭയന്നുകൊണ്ട് ആര്‍ക്കെങ്കിലും എഴുത്തുകാരനാകുവാന്‍ പറ്റുമോ?'- അപ്പന്റെ ധീരമായ മറുപടി

ഹാരാജാസി'ല്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ സാഹിത്യവിമര്‍ശനമെഴുതുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ 1962ല്‍ മഹാരാജാസ് കോളേജിലെ മാഗസിനില്‍ എഴുതിയ തോമസ് ഹാര്‍ഡിയുടെ 'ടെസ്സി'നെക്കുറിച്ച് എഴുതിയതോടെ അപ്പനിലെ വിമര്‍ശകന്‍ ഉണര്‍ന്നുകഴിഞ്ഞു. മഹാരാജാസില്‍ പഠിക്കുമ്പോള്‍ ഗുരുവായ എം.കെ. സാനുവിനോട് താന്‍ എഴുതുവാന്‍ ആഗ്രഹിക്കുന്ന ചില നിരൂപണ ലേഖനങ്ങളെക്കുറിച്ച് അപ്പന്‍ സംസാരിച്ചത് സാനുമാഷ് ഓര്‍മ്മിച്ച് എഴുതിയിട്ടുണ്ട്. സത്യസന്ധമായ നിലപാട് സ്വീകരിച്ചുകൊണ്ട് സ്വതന്ത്രമായി അഭിപ്രായം പറയുവാന്‍ മോഹിക്കുന്ന ചെറുപ്പക്കാരനായിരുന്നു കെ.പി. അപ്പന്‍ എന്ന് അദ്ദേഹം ഓര്‍ക്കുന്നു. ആയിടെ സാഹിത്യലോകത്തെ ചില പ്രമാണികള്‍ നടത്തിയ പ്രസിദ്ധീകരണ ('സര്‍ഗ്ഗം')ത്തില്‍ അരിസ്‌റ്റോട്ടിലിന്റെ കഥാര്‍സിസ് എന്ന പദം തെറ്റായി ചേര്‍ത്തിരിക്കുന്നതു കണ്ട് അപ്പന്‍ രോഷാകുലനായി സംസാരിച്ചു. ഡോ. അയ്യപ്പപ്പണിക്കരുടേതായി ചേര്‍ത്ത ലേഖനത്തില്‍ കഥാര്‍സിസിനു പകരം 'കതാര്‍സിന്‍' എന്നാണ് നല്‍കിയിരുന്നത്. മറ്റൊരു പ്രസിദ്ധീകരണത്തില്‍ വന്ന പണിക്കരുടെ ലേഖനം 'സര്‍ഗ്ഗ'ത്തില്‍ പുന:പ്രസിദ്ധീകരിച്ചതാണ്.  'സര്‍ഗ്ഗം' പത്രാധിപരാണ് കഥാര്‍സിസിനെ 'കതാര്‍സിന്‍' ആക്കി മാറ്റിയത്. മാത്രമല്ല, അതൊരു കഥാപാത്രമാണെന്ന് 'ആധികാരിക'മായി എഴുതിച്ചേര്‍ക്കുകയും ചെയ്തിരുന്നു. അതിനെതിരെ അപ്പന്‍ പരസ്യമായി ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ സാനുമാഷ് തടയാന്‍ ശ്രമിച്ചു. അപ്പന്റെ ഭാവി ഓര്‍ത്താണ് ആ സ്‌നേഹസമ്പന്നനായ അദ്ധ്യാപകന്‍ അങ്ങനെ ശ്രമിച്ചത്.  'സര്‍ഗ്ഗം' നടത്തിയത് സാഹിത്യലോകത്തെ അധികാരിവര്‍ഗ്ഗമാണ്. സാഹിത്യത്തിലെ പ്രമാണിമാരെ പിണക്കുന്നത് സാഹിത്യലോകത്ത് ഉയര്‍ന്നുവരാന്‍ ആഗ്രഹിക്കുന്ന അപ്പന്റെ ഭാവിയെ ബാധിക്കുമെന്ന് വിചാരിച്ചാണ് അങ്ങനെ ശ്രമിച്ചത്. എന്നാല്‍, 'പ്രമാണിമാരെ ഭയന്നുകൊണ്ട് ആര്‍ക്കെങ്കിലും എഴുത്തുകാരനാകുവാന്‍ പറ്റുമോ?' എന്നായിരുന്നു അപ്പന്റെ ധീരമായ മറുപടി. കുട്ടിക്കൃഷ്ണമാരാരെ ആക്രമിച്ചുകൊണ്ട് തായാട്ട് ശങ്കരന്‍ എഴുതിയ ലേഖനത്തിലെ യുക്തിരാഹിത്യവും പരസ്പര വൈരുദ്ധ്യവും എടുത്തുകാട്ടുന്ന ഒരു ലേഖനം അപ്പന്‍ എഴുതിയതായി  സാനുമാഷ് ചൂണ്ടിക്കാട്ടുന്നുണ്ട്. വളരെ മൂര്‍ച്ചയുള്ള ആ ലേഖനത്തില്‍ ഒരു യുവാവിന്റെ ആശയപരമായ രോഷം നിറഞ്ഞുനില്‍ക്കുന്നതായി കണ്ടു എന്നും സാനുമാഷ് പറയുന്നു. പഠിക്കുന്ന കാലം മുതല്‍ മാരാരുടെ സാഹിത്യവീക്ഷണത്തോട് അപ്പന് ആഭിമുഖ്യമുണ്ടായിരുന്നു എന്നതാണ് ഇതു കാണിക്കുന്നത്. ഇതെല്ലാം കോളേജില്‍ പഠിക്കുമ്പോഴാണ്. എന്നാല്‍, പഠനത്തിനിടയില്‍ എഴുത്ത് വേണ്ടതുപോലെ മുന്നോട്ടു പോയില്ല എന്നുവേണം കരുതാന്‍. എം.എ കഴിഞ്ഞ് പുറത്തു വന്ന് അദ്ധ്യാപകനായി ജീവിച്ചു തുടങ്ങിയപ്പോള്‍ വായനയോടൊപ്പം എഴുത്തും തുടങ്ങി.

1964ലെ കൗമുദി ഓണം വിശേഷാല്‍ പതിപ്പില്‍ അപ്പന്റെ ഒരു ലേഖനമുണ്ടായിരുന്നു. ആ വിശേഷാല്‍ പതിപ്പ് കേരളമാകെ ശ്രദ്ധിച്ച ഒന്നായിരുന്നു. അതില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകള്‍' എന്ന ചെറു നോവല്‍ പൂര്‍ണ്ണമായി പ്രസിദ്ധീകരിച്ചിരുന്നു. മറ്റു ശ്രദ്ധേയമായ കലാസൃഷ്ടികളും അതിലുണ്ടായിരുന്നു. വായനക്കാരുടെ ആവശ്യപ്രകാരം രണ്ടാം പതിപ്പും ഇറക്കി ചരിത്രം സൃഷ്ടിച്ച ഓണപ്പതിപ്പാണ് അത്. 'ദുഃഖത്തിന്റെ പിന്‍പേപോയ രണ്ട് കവികള്‍' എന്നായിരുന്നു അപ്പനെഴുതിയ ലേഖനത്തിന്റെ ശീര്‍ഷകം. കുമാരനാശാന്‍, ചങ്ങമ്പുഴ എന്നീ കവികളുടെ കവിതകളിലെ നിത്യസാന്നിദ്ധ്യമായ ദുഃഖത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ശ്രമമാണ് ലേഖനത്തില്‍ നടത്തിയിരിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു നിരൂപകനെ അതില്‍ കാണാം. അപ്പന്റെ ജീവിത മനോഭാവവും അഭിരുചിയും ആ ചെറു ലേഖനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ ലേഖനം ആദ്യ പുസ്തകങ്ങളിലൊന്നും കൊടുത്തില്ല. ജീവിതത്തിന്റെ ഒടുവില്‍ പ്രസിദ്ധീകരിച്ച 'ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക' (ഒക്‌ടോബര്‍ 2008) എന്ന പുസ്തകത്തിലെ ആദ്യ ലേഖനമായി ഇത് ചേര്‍ത്തിട്ടുണ്ട്. മുന്‍പ് മറ്റൊരു പുസ്തകത്തിലും ചേര്‍ക്കാതെ വിട്ടുകളഞ്ഞ ഈ ലേഖനത്തെ തന്റെ 'ആദ്യ ലേഖന'മായി അപ്പന്‍ കാണുന്നു എന്നര്‍ത്ഥം. 'അപ്പന്‍ സ്പര്‍ശ'മുള്ള ലേഖനമാണത്. വാല്മീകിയുടെ രാമായണത്തിലെ ദുഃഖത്തിന്റെ സ്വഭാവത്തെപ്പറ്റിയും ആശാന്റേയും ചങ്ങമ്പുഴയുടേയും കവിതകളിലെ ദുഃഖത്തിന്റെ വ്യത്യാസത്തെപ്പറ്റിയും സൂക്ഷ്മതയോടെ ഈ ലേഖനത്തില്‍ ചിന്തിക്കുന്നുണ്ട്. ദുഃഖം തന്റെ മനസ്സിനു നല്‍കിയ രസാനുഭൂതിയുടെ നിമിഷങ്ങളെപ്പറ്റിയും ഒടുവില്‍ സൂചിപ്പിക്കുന്നു. ഒരു വിമര്‍ശകന്റെ വരവ് തിരിച്ചറിഞ്ഞതുകൊണ്ടാകും മലയാളത്തിലെ വലിയ എഴുത്തുകാരെ അണിനിരത്തിയുള്ള ഓണപ്പതിപ്പില്‍ കെ. ബാലകൃഷ്ണന്‍  കെ.പി. അപ്പനും ഇത്തിരി ഇടം നല്‍കിയത്. അന്‍പതുകളില്‍ കൗമുദി ലീഗില്‍ (ബാലപംക്തി) എഴുതിത്തുടങ്ങിയ കെ.പി. അപ്പന്‍ അറുപതുകളില്‍ കൗമുദിയുടെ പേജുകളിലെ നിറസാന്നിദ്ധ്യമായി. ആദ്യകാലത്ത് കെ.പി. അപ്പന്‍ എന്ന വിമര്‍ശകന് വിഹരിക്കാന്‍ വേദിയൊരുക്കിയ പത്രാധിപര്‍ കെ. ബാലകൃഷ്ണനാണ്. കെ.പി. അപ്പന്‍ എന്ന നിരൂപകനെ കണ്ടെത്തിയ പത്രാധിപര്‍ കെ. ബാലകൃഷ്ണന്‍ ആണെന്നുതന്നെ പറയാം. അതുകൊണ്ടാകണം തന്റെ പുസ്തകത്തില്‍ കൊടുക്കുന്ന ജീവചരിത്രക്കുറിപ്പില്‍ 'കെ. ബാലകൃഷ്ണന്റെ കൗമുദിയില്‍ എഴുതിത്തുടങ്ങി' എന്ന ഒരു വാക്യം അദ്ദേഹം മറക്കാതെ എഴുതിച്ചേര്‍ത്തത്. 'താന്‍ വിമര്‍ശകനായത് കൗമുദി'യിലൂടെയാണെന്ന് അപ്പന്‍ വ്യക്തമാക്കുകയാണ് ഇവിടെ. 'ജനയുഗ'ത്തിന്റെ പത്രാധിപര്‍  കാമ്പിശ്ശേരി കരുണാകരനും അപ്പനെ ആദ്യകാലത്ത് പ്രോത്സാഹിപ്പിച്ചു. 

അന്ന് ലോകസാഹിത്യത്തില്‍ വലിയ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന, ലോകത്ത് എല്ലായിടത്തുമുള്ള ചിന്തിക്കുന്ന വായനക്കാരെ സ്വാധീനിച്ച എഴുത്തുകാരെക്കുറിച്ച് കൗമുദിയിലും ജനയുഗത്തിലും എഴുതുകയാണ് അപ്പന്‍ ആദ്യം ചെയ്തത്. കാഫ്ക, കമ്യൂ, സാര്‍ത്ര്, ടി.എസ്. എലിയട്ട് എന്നിങ്ങനെയുള്ള എഴുത്തുകാരെക്കുറിച്ച് അപ്പന്‍ എഴുതിത്തുടങ്ങി. തന്റെ വായനാനുഭവങ്ങള്‍ സത്യസന്ധമായിത്തന്നെ രേഖപ്പെടുത്തി. ഈ എഴുത്തുകാരെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകളും വലിയ വിവാദങ്ങളും മലയാളത്തിലുണ്ടായത് പിന്നീടാണ്. താന്‍ അന്വേഷിച്ചുകൊണ്ടിരുന്ന സാഹിത്യം കണ്ടെത്തിയതുപോലെയാണ് യൂറോപ്പില്‍ 'ആധുനികത' സൃഷ്ടിച്ച ഈ എഴുത്തുകാരെ അപ്പന്‍ കണ്ടത്. കമ്യൂവിന്റെ 'അന്യന്‍' (The Outsider), 'പ്ലേഗ്' (The Plague) എന്നീ നോവലുകളെക്കുറിച്ച് കൗമുദിയില്‍ എഴുതി. കാഫ്കയുടെ കൃതികള്‍ നല്‍കിയ സൗന്ദര്യാനുഭവങ്ങളെപ്പറ്റി 'കാഫ്ക നല്‍കിയ ഹിരണ്‍മയ നിമിഷങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ കൗമുദി ആഴ്ചപ്പതിപ്പില്‍ എഴുതി. കാഫ്കയെക്കുറിച്ചുള്ള ഈ ലേഖനം അന്ന് ധാരാളം വായനക്കാരെ ആകര്‍ഷിച്ചു. സാര്‍ത്രിന്റെ തത്ത്വചിന്താപരമായ നോവലുകളെക്കുറിച്ച് 'തത്ത്വചിന്തയുടെ സാഹിത്യ സൗധങ്ങള്‍' എന്ന പേരില്‍ എഴുതി. ഇതൊക്കെ എഴുതുമ്പോള്‍ ആ എഴുത്തുകാരെക്കുറിച്ചുള്ള വിമര്‍ശകരുടെ അഭിപ്രായങ്ങളോ പഠനങ്ങളോ അദ്ദേഹം കൂടുതലായി വായിച്ചിരുന്നില്ല. ആ നോവലുകള്‍ താന്‍ എങ്ങനെ ആസ്വദിച്ചു എന്ന് വെളിപ്പെടുത്തുന്ന ലേഖനങ്ങളായിരുന്നു അവയെല്ലാം. ആധുനിക കവിതയില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തുകയും ലോകത്ത് എവിടെയുമുള്ള കവികളേയും ചിന്തകരേയും സ്വാധീനിക്കുകയും ചെയ്ത ടി.എസ്. എലിയട്ടിനെപ്പറ്റിയും അപ്പന്‍ എഴുതി. തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച നോവലിസ്റ്റ് ദസ്‌തേയെവ്‌സ്‌കിയെക്കുറിച്ച് 'ഭ്രാന്താലയത്തിലെ ഷേക്‌സ്പിയര്‍' എന്ന പേരില്‍ അത്യന്തം ശ്രദ്ധേയമായ ഒരു ലേഖനവും എഴുതി. വില്യം ഫോക്‌നറുടെ 'ഞാന്‍ മരിക്കാന്‍ കിടന്നപ്പോള്‍' ('As l lay dying') എന്ന പ്രസിദ്ധമായ നോവലിനെപ്പറ്റി 'ജനയുഗം' വാരികയില്‍ എഴുതി. ഇരുപതാം നൂറ്റാണ്ടില്‍ ലോകത്ത് എല്ലായിടത്തുമുള്ള എഴുത്തുകാരേയും വായനക്കാരേയും ആഴത്തില്‍ സ്വാധീനിച്ചു തുടങ്ങിയ എഴുത്തുകാരാണ് ഇവരെല്ലാം. ഈ 'ആധുനിക' എഴുത്തുകാരേയും അവരുടെ കാഴ്ചപ്പാടുകളേയും പറ്റി മലയാളത്തില്‍ വലിയ തോതില്‍ ആശയസംവാദങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ അപ്പന്‍ അവരെപ്പറ്റി എഴുതിക്കഴിഞ്ഞിരുന്നു.

കുട്ടികൃഷ്ണമാരാർ
കുട്ടികൃഷ്ണമാരാർ

ആ കാലത്ത് അപ്പന്‍ എഴുതിയ മറ്റൊരു ശ്രദ്ധേയമായ ലേഖനം ഇരുപതാം നൂറ്റാണ്ടിന്റെ തത്ത്വചിന്ത എന്നുതന്നെ പറയാവുന്ന അസ്തിത്വവാദ(Existentialism)ത്തെക്കുറിച്ച് ജനയുഗം  ഓണപ്പതിപ്പില്‍ എഴുതിയ 'അസ്തിത്വവാദവും മാനവികതയും' ആണ്. 'ഈ നൂറ്റാണ്ടിന്റെ വിചാര ജീവിതത്തില്‍ ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞുവീശിയ തത്ത്വചിന്തയാണ് സാര്‍ത്രിന്റെ അസ്തിത്വവാദം' എന്നു പറഞ്ഞാരംഭിക്കുന്ന ലേഖനം ആ തത്ത്വചിന്തയുടെ വിശദാംശങ്ങളിലേക്ക് പ്രവേശിക്കുന്നണ്ട്. സാര്‍ത്രിന്റെ 'സത്തയും ഇല്ലായ്മയും' (Being and nothingness), 'അസ്തിത്വവാദവും മാനവികതയും' എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് ആ തത്ത്വചിന്ത വിശദീകരിക്കുന്നത്. സാര്‍ത്രിന്റെ നോവലുകളും നാടകങ്ങളും കൂടി പരിശോധിക്കുന്നുണ്ട്. അസ്തിത്വ വാദികള്‍ മനുഷ്യസ്വാതന്ത്ര്യത്തെ ഉയര്‍ത്തിക്കാണിക്കുന്നു എന്ന നിഗമനത്തില്‍ ഈ വിമര്‍ശകന്‍ എത്തിച്ചേരുന്നു. പില്‍ക്കാലത്ത് ആധുനികഘട്ടത്തിലെ മലയാളത്തിലെ പ്രമുഖ കൃതികളുടെ പിന്നിലെ ദര്‍ശനവും സൗന്ദര്യവും വിശദീകരിക്കാന്‍ അപ്പന് കരുത്തു നല്‍കിയത് ഈ ദാര്‍ശനിക സിദ്ധാന്തമാണ്. അസ്തിത്വവാദത്തെക്കുറിച്ചുള്ള ആലോചനകള്‍ അന്ന് നമ്മുടെ സാഹിത്യത്തിലുണ്ടായിരുന്നു. വേറെ പല ചിന്തകരും അസ്തിത്വവാദത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അപ്പന്‍ തന്റേതായ രീതിയില്‍ ആ ചിന്താപ്രസ്ഥാനത്തെ വിലയിരുത്തിയിരിക്കുന്നു. അസ്തിത്വവാദത്തെ വിശദമായി മനസ്സിലാക്കാന്‍ വലിയ ശ്രമം തന്നെ ആദ്യകാലത്ത് അദ്ദേഹം നടത്തി. ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തേയും തത്ത്വചിന്തയേയും ഏറ്റവും അഗാധമായി സ്പര്‍ശിച്ച ചിന്താപ്രസ്ഥാനമാണ് അസ്തിത്വവാദം. സത്തയ്ക്കു മുന്‍പ് അസ്തിത്വം (Existence precedes essence) എന്നതാണ് ഈ തത്ത്വചിന്തയുടെ അടിസ്ഥാനം. ഉണ്ട് എന്ന അവസ്ഥയാണ് അസ്തിത്വം. മനുഷ്യന്റെ നിലനില്‍പ്പാണ് അടിസ്ഥാനപരമായ പ്രശ്‌നം എന്ന് ഊന്നിപ്പറയുന്ന ജീവിതദര്‍ശനമാണത്. വ്യക്തിസ്വാതന്ത്ര്യത്തിനു മുന്‍തൂക്കം കൊടുക്കുന്നു. സ്വാതന്ത്ര്യം, ഏകാന്തത, കുറ്റബോധം, അന്യവല്‍ക്കരണം തുടങ്ങിയവ അസ്തിത്വവാദത്തില്‍ ചര്‍ച്ച ചെയ്യുന്ന പ്രമേയങ്ങളാണ്. ഡാനിഷ് ചിന്തകനായ സോറെന്‍ കിര്‍ക്കഗാഡ് ആണ് ഈ തത്ത്വചിന്ത അവതരിപ്പിച്ചത്. ജര്‍മനിയിലെ കാള്‍ യാസ്‌പേഴ്‌സ്, മാര്‍ട്ടിന്‍ ഹൈഡഗര്‍ എന്നിവര്‍ ഈ ചിന്താ പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിരവധി എഴുത്തുകാരേയും കലാകാരന്മാരേയും ചിന്തകരേയും ഈ തത്ത്വചിന്ത ആകര്‍ഷിച്ചു. സാര്‍ത്ര് ഈ ചിന്തയെ മുന്നോട്ടു കൊണ്ടുപോയി. അസ്തിത്വവാദം അവതരിപ്പിച്ച ആശയങ്ങള്‍ ഇരുപതാം നൂറ്റാണ്ടിലെ സര്‍ഗ്ഗാത്മക രചനകളിലേയും പ്രമേയങ്ങളായി വരുന്നു. യൂറോപ്പിലെ മിക്ക എഴുത്തുകാരിലും ഈ തത്ത്വചിന്തയുടെ സ്വാധീനമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി കഴിഞ്ഞതോടെ മലയാള സാഹിത്യത്തിലും അസ്തിത്വവാദത്തിന്റെ സ്വാധീനം പ്രകടമായി കഴിഞ്ഞിരുന്നു. ആ തത്ത്വചിന്തയെക്കുറിച്ചുള്ള അന്വേഷണവും പഠനവും മലയാളത്തിലെ ആധുനിക സാഹിത്യരചനകളെ മനസ്സിലാക്കാനും സാഹിത്യവിമര്‍ശന കലയില്‍ പുതിയ കുതിച്ചുചാട്ടങ്ങള്‍ നടത്താനും അപ്പനു സാധിച്ചു. ആധുനിക കാലത്ത് ലോകസാഹിത്യത്തില്‍ പുതിയ ചിന്താതരംഗങ്ങള്‍ സൃഷ്ടിക്കുകയും പുതിയ ലാവണ്യസംസ്‌കാരവും ശൈലിയും സ്ഥാപിക്കുകയും ചെയ്ത എഴുത്തുകാരെ അടുത്തറിയാനും അവരെയെല്ലാം മലയാളത്തിലെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാനുമാണ്  അപ്പന്‍ ശ്രമിച്ചത്. മലയാളത്തില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നുവോ? അറിയില്ല. പാശ്ചാത്യ സാഹിത്യത്തിലെ സര്‍ഗ്ഗാത്മക രചനകളും തത്ത്വചിന്തയും പഠിച്ചത് താന്‍ ജീവിക്കുന്ന കാലത്തിന്റെ സാഹിത്യം ഉള്‍ക്കൊള്ളുവാനുള്ള കരുത്ത് അദ്ദേഹത്തിനു നല്‍കി. 

പാശ്ചാത്യ സാഹിത്യത്തിലെ എഴുത്തുകാരെക്കുറിച്ച് അപ്പന്‍ നിരന്തരം കൗമുദിയില്‍ എഴുതിയപ്പോള്‍ പത്രാധിപര്‍ കെ. ബാലകൃഷ്ണന്‍ അപ്പനെഴുതി: 'പടിഞ്ഞാറ് ഉള്ളവരെപ്പറ്റി എഴുതുന്നത് നല്ലതുതന്നെ. എന്നാല്‍ അനിയാ, ഇവിടെയും ചില കിഴവന്മാരുണ്ടെന്ന് മറക്കരുത്.' പത്രാധിപരുടെ വാക്കുകള്‍ മാനിച്ചുകൊണ്ടാണോ എന്നറിയില്ല പിന്നീട് മലയാളത്തിലെ അന്നത്തെ (അറുപതുകളിലെ) എഴുത്തുകാരെക്കുറിച്ചും ചിലത് അന്ന് അപ്പന്‍ എഴുതി. പി. കുഞ്ഞിരാമന്‍ നായരുടെ 'പൂക്കളം', തകഴിയുടെ 'ഏണിപ്പടികള്‍', കെ. സുരേന്ദ്രന്റെ 'കുമാരനാശാന്‍', എം.ടിയുടെ 'കാഥികന്റെ പണിപ്പുര' എന്നിവയെപ്പറ്റിയെല്ലാം കൗമുദിയില്‍ എഴുതി. ഇതില്‍ തകഴിയുടെ ഏണിപ്പടികളെക്കുറിച്ച് എഴുതിയത് വായനക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. 'ജ്യോതിര്‍മയിയെ ഒന്ന് സ്പര്‍ശിച്ചോട്ടെ' എന്നായിരുന്നു അതിന്റെ ശീര്‍ഷകം. മനഃശാസ്ത്രപരമായ സമീപനം സ്വീകരിച്ച നിരൂപണമായിരുന്നു അത്. കാള്‍ യൂങ്ങിന്റെ അനിമ, അനിമസ് എന്നീ മനഃശാസ്ത്രപരമായ ആശയമുപയോഗിച്ചുള്ള നിരൂപണം. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം തകഴി അപ്പനെ കണ്ടപ്പോള്‍ ഈ വിമര്‍ശനം ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചതിനെപ്പറ്റി അപ്പന്‍ എഴുതിയിട്ടുണ്ട് . ആശാന്റെ 'കരുണ'യെക്കുറിച്ചും അക്കാലത്ത് എഴുതി.

കെ ബാലകൃഷ്ണൻ
കെ ബാലകൃഷ്ണൻ

വിമര്‍ശനത്തിന്റെ പ്രകടനപത്രിക

അറുപതുകളുടെ ഒടുവില്‍ കൗമുദി ഓണപ്പതിപ്പില്‍ എഴുതിയ 'ഖണ്ഡനവിമര്‍ശനത്തിന് ഒരു വക്കാലത്ത്' എന്ന ലേഖനത്തോടെ തന്റെ വഴി തനിക്കു ബോദ്ധ്യപ്പെട്ടു എന്ന് അപ്പന്‍ പറഞ്ഞിട്ടുണ്ട്. വാസ്തവത്തില്‍ ഈ ലേഖനം സാഹിത്യവിമര്‍ശനത്തെക്കുറിച്ചുള്ള അപ്പന്റെ പ്രകടനപത്രികയാണ്. സാഹിത്യത്തിലേയും സാഹിത്യവിമര്‍ശനത്തിലേയും പ്രമുഖര്‍ക്കു നേരെ താന്‍ നടത്തിയ അതിനിശിതമായ ഖണ്ഡനവിമര്‍ശത്തിന്റെ പിന്നിലുള്ള മനോഭാവവും കാഴ്ചപ്പാടും ഇവിടെ വ്യക്തമാക്കുന്നു. ഒരു വിമര്‍ശകന്‍ തന്റെ സാഹിത്യദര്‍ശനവും അഭിരുചിയും വ്യക്തിത്വത്തിന്റെ സവിശേഷതയും പൂര്‍ണ്ണമായി പ്രകടിപ്പിക്കുന്നത് ഖണ്ഡനവിമര്‍ശനത്തിലാണ്. അപ്പന്‍ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:

'...ഒരു കൃതി വിമര്‍ശകന്റെ സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്താതിരിക്കുമ്പോള്‍ ഉണ്ടാകുന്ന രോഷമാണ് ഖണ്ഡനവിമര്‍ശനത്തിനു വഴി തെളിക്കുന്നത്. ആസ്വദിക്കുവാന്‍  ഒന്നുമില്ലാത്ത ഒരു പുസ്തകം രചിച്ച എഴുത്തുകാരനോട് എതിര്‍പ്പ് പ്രകടിപ്പിക്കണ്ടത് വിമര്‍ശകന്റെ കടമയാണ്. കാരണം വിമര്‍ശകന്‍ സത്യസന്ധനാകാന്‍ ശപിക്കപ്പെട്ടവനാണ്; ധീരനാകാന്‍ ശിക്ഷിക്കപ്പെട്ടവനാണ്.'  
   
ഈ കാഴ്ചപ്പാടില്‍നിന്നുകൊണ്ടാണ് അപ്പന്‍ സാഹിത്യവിമര്‍ശനത്തില്‍ പ്രതിഷേധവും എതിര്‍പ്പും രോഷവും പ്രകടിപ്പിച്ചത്. പൊതുവേ പറഞ്ഞാല്‍ അന്നത്തെ മലയാള നിരൂപണത്തിന്റെ അവസ്ഥയെപ്പറ്റി വളരെ ഖേദത്തോടേയും രോഷത്തോടേയുമാണ് അദ്ദേഹം എഴുതിയത്. അറുപതുകളില്‍ത്തന്നെ അന്നത്തെ പ്രമുഖ വിമര്‍ശകനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ വിമര്‍ശനത്തെ രൂക്ഷമായ ഭാഷയില്‍ എതിര്‍ത്തു. 'മുണ്ടശ്ശേരി ജീര്‍ണ്ണതയുടെ നായകനാണ്' എന്ന് കൗമുദി വാരികയില്‍ അപ്പന്‍ എഴുതി. മുണ്ടശ്ശേരിയുടെ വിമര്‍ശനത്തിന് എതിരെയുള്ള കടന്നാക്രമണമായിരുന്നു അത്. അതുപോലെ അക്കാലത്ത് കെ. സുരേന്ദ്രന്റെ രണ്ട് വിമര്‍ശന ഗ്രന്ഥങ്ങള്‍ക്കു നേരേയും രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. അക്കാലത്ത് കെ. സുരേന്ദ്രന്‍ വിമര്‍ശകനെന്ന നിലയിലും പ്രശസ്തനായിരുന്നു. നോവലുകള്‍ എഴുതുന്നതിനു മുന്‍പ് അദ്ദേഹം എഴുതിയത് സാഹിത്യനിരൂപണമായിരുന്നു. അദ്ദേഹത്തിന്റെ 'നോവല്‍ സ്വരൂപം', 'സൃഷ്ടിയും നിരൂപണവും' എന്നീ പുസ്തകങ്ങളെയാണ് ജനയുഗം വാരികയിലൂടെ രൂക്ഷമായി വിമര്‍ശിച്ചത്. 'നോവല്‍ സ്വരൂപത്തിന്റെ കുഴപ്പങ്ങള്‍', 'ഒരു വിമര്‍ശന ഗ്രന്ഥം പറയുന്ന ദുഃഖകഥ' എന്നീ ലേഖനങ്ങളിലാണ് കെ. സുരേന്ദ്രനു നേരെ രൂക്ഷവിമര്‍ശനമുയര്‍ത്തുന്നത്. യാഥാസ്ഥിതികമായ സാഹിത്യവിചാരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളായിരുന്നു ആ ആക്രമണങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നത്.  കെ.എം. ഡാനിയേലിന്റെ 'കലാദര്‍ശനം' എന്ന കൃതിയേയും കൗമുദിവാരികയിലൂടെ നിശിതമായി വിമര്‍ശിച്ചു. പൊതുവേ പറഞ്ഞാല്‍ അറുപതുകളിലെ മലയാള വിമര്‍ശനം കടുത്ത അതൃപ്തിയും അസന്തുഷ്ടിയുമാണ് അപ്പനില്‍ സൃഷ്ടിച്ചത്. അന്നത്തെ വിമര്‍ശകര്‍ വര്‍ത്തമാനകാല സാഹിത്യത്തെ അവഗണിക്കുകയാണ് ചെയ്തത്. ഈ വിമര്‍ശകര്‍ മലയാളത്തില്‍ അതിനകം ജന്മമെടുത്ത ആധുനികത സാഹിത്യത്തെക്കുറിച്ചോ പുതിയ ഭാവുകത്വത്തെക്കുറിച്ചോ വര്‍ത്തമാനകാലം നേരിടുന്ന സാഹിത്യപ്രശ്‌നങ്ങളെക്കുറിച്ചോ പരാമര്‍ശിക്കുവാന്‍ പിന്നീടും തയ്യാറായില്ല. അന്നത്തെ നിരൂപണത്തിന്റെ പൊതുവായ പ്രവണതകളോട് കഠിനമായി കലഹിച്ചുകൊണ്ടാണ് അപ്പന്‍ നീങ്ങിയത്. ആ നീക്കം മലയാളത്തില്‍ ആധുനിക വിമര്‍ശനത്തിന്റെ പിറവിക്കു വഴിയൊരുക്കി.

ജോസഫ് മുണ്ടശ്ശേരി
ജോസഫ് മുണ്ടശ്ശേരി

ആധുനികതയെ തൊട്ടറിഞ്ഞു തുടങ്ങുന്നു

1964'70 കാലഘട്ടത്തില്‍ മലയാള സാഹിത്യത്തില്‍ ആന്തരികമായി വമ്പിച്ച മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടായിരുന്നു. അറുപതുകളുടെ തുടക്കം മുതല്‍ തന്നെ സാഹിത്യത്തിലെ എല്ലാ ശാഖകളിലും മാറ്റത്തിന്റെ കാറ്റുകള്‍  വീശിത്തുടങ്ങി. കവിതയിലും ചെറുകഥയിലും നോവലിലും നാടകത്തിലുമെല്ലാം യാഥാസ്ഥിതികമായി മാറിക്കഴിഞ്ഞ ശീലങ്ങള്‍ക്കു നേരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. മൂന്ന് പതിറ്റാണ്ടുകാലമായി മലയാള സാഹിത്യത്തെ നിയന്ത്രിച്ച റിയലിസത്തിന്റെ ശക്തി കുറഞ്ഞുതുടങ്ങി. യാഥാര്‍ത്ഥ്യത്തെ സംബന്ധിക്കുന്ന പുതിയ കാഴ്ചപ്പാടുകള്‍ എഴുത്തുകാര്‍ സ്വീകരിച്ചു. എല്ലാ സാഹിത്യരൂപങ്ങളിലും പുതിയ പ്രമേയങ്ങളും പുതിയ ആവിഷ്‌കരണ മാര്‍ഗ്ഗങ്ങളും ധാരാളമായി കടന്നുവന്നു. പടിഞ്ഞാറന്‍ സാഹിത്യകലയില്‍നിന്നും നവീനമായ സൗന്ദര്യാവബോധവും ആഖ്യാനരീതികളും സ്വീകരിച്ച് സ്വന്തം മാധ്യമത്തെ ധീരമായ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കുവാന്‍ പുതിയ തലമുറയിലെ എഴുത്തുകാര്‍ മുന്നോട്ടുവന്നു. അങ്ങനെ മലയാള സാഹിത്യ കല അടിമുടി മാറുന്നതാണ് അറുപതുകളുടെ മധ്യത്തോടെ കാണുന്നത്.

അറുപതുകളുടെ ഒടുവില്‍ സാഹിത്യത്തില്‍ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മാറ്റത്തിന്റേയും പ്രക്ഷോഭണത്തിന്റേയും കാറ്റ് വീശുന്നതായി കാണാം. ലോകത്ത് എല്ലായിടത്തും അതുണ്ടായിരുന്നു. ഒരുതരം യുവജനകമ്പനം  എല്ലായിടത്തുമുണ്ടായി. രണ്ട് ലോകയുദ്ധങ്ങള്‍ സൃഷ്ടിച്ച കെടുതികള്‍ യൂറോപ്പിന്റെ ഹൃദയത്തില്‍ മരുഭൂമികള്‍ വളര്‍ന്നുവരാനിടയാക്കി. 1967ല്‍ ഫ്രാന്‍സില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം യുവജനങ്ങളുടെ അസ്വസ്ഥതയില്‍നിന്നും രൂപപ്പെട്ടതാണ്. ലോകത്ത് എവിടെയുമുള്ള ചെറുപ്പക്കാര്‍ അസ്വസ്ഥരും അസംതൃപ്തരുമായിരുന്നു. അന്ന് നൈരാശ്യം ബാധിച്ച ഹിപ്പികള്‍ ലോകമാകെ അലഞ്ഞുനടന്നു. അമേരിക്കയിലും ഭരണകൂട നയങ്ങള്‍ക്ക് എതിരേ യുവാക്കളും വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി. ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം പിറവിയെടുത്ത നെഹ്‌റുവിയന്‍ സ്വപ്നങ്ങള്‍ പൂര്‍ണ്ണമായും പൊലിഞ്ഞു പോയിരുന്നു. കടുത്ത നൈരാശ്യവും ഉല്‍ക്കണ്ഠയും തീവ്രവ്യഥകളും ഇന്ത്യന്‍ യുവത്വം അനുഭവിച്ചിരുന്നു. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത് വലിയ ആശങ്കകളും നൈരാശ്യവും സൃഷ്ടിച്ചു. രാഷ്ട്രീയ നൈരാശ്യത്തിന്റെ പൊട്ടിത്തെറിയായിരുന്നു അറുപതുകളുടെ ഒടുവിലുണ്ടായ നക്‌സല്‍ ആക്രമണവും കലാപവും. പൊതുവേ പറഞ്ഞാല്‍ ആശയങ്ങള്‍ക്ക് തീപിടിച്ച കാലമായിരുന്നു അത്.

കാലത്തിന്റെ ഈ മാറ്റങ്ങള്‍ സംവേദന ശക്തിയുള്ള എഴുത്തുകാര്‍ വേഗത്തില്‍ പിടിച്ചെടുത്തു. കാലത്തിന്റെ ബോധത്തിലേക്ക് മാത്രമല്ല, കാലത്തിന്റെ അബോധത്തിലേക്കും ഊളിയിട്ടിറങ്ങുവാന്‍ പ്രതിഭ എഴുത്തുകാര്‍ക്ക് കരുത്ത് നല്‍കും. ആ കരുത്തുകൊണ്ട് കാലത്തിന്റെ ബോധാബോധതലങ്ങളിലെ കഠിനമായ വ്യഥകളും തീവ്രമായ നൈരാശ്യങ്ങളും ശൂന്യതയും ചിത്രീകരിക്കാന്‍ ലോകത്തെമ്പാടുമുള്ള കലാകാരന്മാരും എഴുത്തുകാരും മുന്നോട്ടുവന്നു. ചിത്രകാരന്മാരാണ് കാലത്തിന്റെ കാഠിന്യം ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് കവികളും കഥാകാരന്മാരും അന്ന് മനുഷ്യാവസ്ഥ നേരിട്ട വിപത്തുകളും പ്രതിബന്ധങ്ങളും ചിത്രീകരിക്കുവാന്‍ മുന്നോട്ടു വന്നു. കാലത്തിന്റെ ഈ പേടിപ്പിക്കുന്ന പരിണാമങ്ങള്‍ ദാര്‍ശനിക മനസ്സുള്ള ചിലരും തിരിച്ചറിഞ്ഞു. മലയാളത്തില്‍ കാലത്തെ സംബന്ധിക്കുന്ന തീക്ഷ്ണ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ ചിന്തകന്‍ എം. ഗോവിന്ദനാണ്. 'ഗോപുരം' (1957), 'സമീക്ഷ' (1963) എന്നീ ചെറുമാസികകളിലെഴുതിയ പത്രാധിപക്കുറിപ്പുകളിലും അക്കാലത്ത് എഴുതിയ ലേഖനങ്ങളിലും ആ തിരിച്ചറിവുകള്‍ കാണാം. ചെറുപ്പക്കാര്‍ അന്ന് അനുഭവിച്ച അഗാധ ഖേദങ്ങളെക്കുറിച്ചും നൈരാശ്യങ്ങളെക്കുറിച്ചും ഗോവിന്ദന്‍ ചിന്തിക്കുകയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുകയും ചെയ്തു. അതിനെപ്പറ്റി എം. ഗോവിന്ദന്റെ ജീവചരിത്രം രചിച്ച എം.കെ. സാനു വിവരിച്ചിട്ടുണ്ട്. 'ക്ഷുഭിതരായ യുവാക്കള്‍' (Angry Young Men'), ഹിപ്പി പ്രസ്ഥാനം എന്നിവയെപ്പറ്റി ഗോവിന്ദന്‍ നന്നായി പഠിച്ച് എഴുതിയിട്ടുള്ളതായി കാണാം. 'സമീക്ഷ'യുടെ ഒരു ലക്കത്തില്‍ യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ മാറ്റിവയ്ക്കുകയും ചെയ്തു. മലയാള സാഹിത്യത്തില്‍ 'ആധുനികത' പ്രബലശക്തിയായി മാറുന്നതിനു മുന്‍പു തന്നെ അതിനെ സംബന്ധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഗോവിന്ദന്‍ ചര്‍ച്ച ചെയ്തു. അറുപതുകളുടെ തുടക്കത്തില്‍ത്തന്നെ ഏകാകിത, അന്യവല്‍ക്കരണം മുതലായ വിഷയങ്ങള്‍ക്ക് ഗോവിന്ദന്‍ പ്രാധാന്യം നല്‍കിയതായി എം.കെ. സാനു പറയുന്നുണ്ട്. നിരവധി ലേഖനങ്ങളില്‍ ഗോവിന്ദന്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. 1964ല്‍ എഴുതിയ 'ജാഡ്യം, ജീര്‍ണ്ണത, ജീവിതമുക്തി' എന്ന ലേഖനത്തില്‍ ഗോവിന്ദന്‍ ഇപ്രകാരമെഴുതി:

'മൃദുപ്രകൃതികളായ യുവമനസ്സുകളെ ആത്മനാശത്തിലേക്ക് തള്ളിവിടുന്ന ഇന്നത്തെ അവസ്ഥാന്തരത്തിന് അടിസ്ഥാനപരമായ എന്തോ തകരാറുണ്ട്.'

എം ​ഗോവിന്ദൻ
എം ​ഗോവിന്ദൻ

യുവാക്കള്‍ക്കിടയിലുള്ള മോഹഭംഗം ഗുരുതരമായ അനന്തരഫലങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നുണ്ട്. ആധുനികതയുടെ പിന്നിലുള്ള സാമൂഹികവും രാഷ്ട്രീയവും തത്ത്വചിന്താപരവുമായ പ്രശ്‌നങ്ങള്‍ ഗോവിന്ദന്‍ നന്നായി തിരിച്ചറിഞ്ഞിരുന്നു. 'സമീക്ഷ'യുടെ അഞ്ചാം ലക്കത്തില്‍ (1964) സമകാലിക ലോകത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മൂല്യത്തകര്‍ച്ചകൊണ്ട് ആധുനിക ലോകം അവതാളത്തിലാകുന്നു എന്ന് ഗോവിന്ദന്‍ കണ്ടെത്തുന്നു. മനുഷ്യന്‍ അവന്റെ ലോകത്തില്‍ത്തന്നെ അന്യനായി മാറുന്നു. എം. ഗോവിന്ദന്‍ ഇപ്രകാരം എഴുതി:

'മനുഷ്യന്‍ അവനോടു തന്നെ ആത്മാര്‍ത്ഥമായി പെരുമാറാനറിയാതെ വിഷമിക്കുന്നു. അവന്‍ അവന്റെ ലോകത്തില്‍ അന്യനായി ജീവിക്കേണ്ടിവരുന്നു  ആത്മീയവും ഭൗതികവുമായ ലോകത്തില്‍ തന്നില്‍ തന്നെ  ഉണ്ടാകുന്ന ഈ 'അന്യവത്കരണമാണ്' ഇന്നത്തെ മനുഷ്യന് നേരിടേണ്ടിവരുന്ന ഏറ്റവും ദയനീയമായ അവസ്ഥ.' ലോകത്തിന്റെ മാറ്റം സ്പര്‍ശിച്ചറിഞ്ഞ ചിന്തകനാണ് ഗോവിന്ദന്‍ എന്ന് ഈ വാക്കുകള്‍ തെളിയിക്കുന്നു. ആധുനിക മനുഷ്യന്‍ അനുഭവിക്കുന്ന അന്യവല്‍ക്കരണത്തെ(Alienation)ക്കുറിച്ച് മലയാളത്തിലെ ചിന്തകര്‍ ചിന്തിച്ചു തുടങ്ങിയത് പിന്നീടാണ്. വരാന്‍ പോകുന്ന വലിയ മാറ്റത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കുവാന്‍ ഗോവിന്ദനു കഴിഞ്ഞു. തുടര്‍ന്നു വന്ന വിമര്‍ശകരും എഴുത്തുകാരും ഗോവിന്ദന്റെ ചിന്തയെ മുന്നോട്ടു നയിക്കുന്നതാണ് നാം ചരിത്രത്തില്‍ കാണുന്നത്.

ലോകത്ത് എവിടെയുമുണ്ടായ ചിന്താപരമായ മാറ്റം മലയാള സാഹിത്യത്തിലും  പ്രതിഫലിച്ചു. പഴയ കാഴ്ചപ്പാടുകള്‍, പഴയ പ്രമേയങ്ങള്‍, പഴയ രൂപങ്ങള്‍ ഇവയ്‌ക്കെല്ലാം എതിരെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നു.  അവയെല്ലാം തകര്‍ക്കപ്പെട്ടു. സ്‌ഫോടകമായ ആശയങ്ങള്‍ സാഹിത്യത്തിലും സാംസ്‌കാരിക ജീവിതത്തിലും നിറഞ്ഞു. മലയാള സാഹിത്യവും അറുപതുകളുടെ തുടക്കം മുതല്‍ മാറിത്തുടങ്ങി. അറുപതുകളുടെ അന്ത്യമെത്തിയപ്പോള്‍ അത് വലിയ കൊടുങ്കാറ്റായി വീശിയടിക്കുകതന്നെ ചെയ്തു. അതാണ് ആധുനികതാ പ്രസ്ഥാനമായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. 

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com