
ഇസ്ലാംമതത്തേയും കേരളത്തിലെ മുസ്ലിം ജീവിതത്തേയും കുറിച്ചുള്ള എഴുത്തുകളിലൂടെയും മതയാഥാസ്ഥിതികതയെക്കുറിച്ചുള്ള രൂക്ഷമായ നിലപാടുകളിലൂടെയും ശ്രദ്ധേയനായ എഴുത്തുകാരനും സാമൂഹ്യവിമര്‍ശനകനുമായ ഹമീദ് ചേന്നമംഗലൂര്‍ 75-ാം വയസ്സിലേക്ക് കടക്കുകയാണ്. പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ 50 വര്‍ഷത്തിലധികമായി അദ്ദേഹം സംവദിക്കുന്നുണ്ട്. കോളേജ് കാലം തൊട്ട് എഴുതിയും പറഞ്ഞും വിമര്‍ശിച്ചും മതനിരപേക്ഷ മണ്ഡലത്തിനായി വാദിക്കുകയും ചെയ്യുന്ന അദ്ദേഹത്തിനു കടുത്ത വിമര്‍ശനങ്ങളും ഭീഷണിയും നേരിടേണ്ടിയും വന്നിട്ടുണ്ട്. മുസ്ലിം നവോത്ഥാന ധാരയുടെ പാരമ്പര്യത്തിലൂടെ പറയാനുള്ളത് പറഞ്ഞും നിലപാടെടുത്തും ഇന്നും കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ അദ്ദേഹം സജീവമാണ്. വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയും ഇന്നും സാംസ്‌കാരിക വേദികളില്‍ സജീവ പങ്കാളിയായിരിക്കുകയും ചെയ്യുന്ന അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിക്കുന്നു.
എങ്ങനെയായിരുന്നു കുടുംബ പശ്ചാത്തലം, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബുമായി ബന്ധമുള്ള കുടുംബമായിരുന്നു എന്നു കേട്ടിട്ടുണ്ട്?
അബ്ദുറഹിമാന്‍ സാഹിബ് ചേന്നമംഗലൂരാണ് അവസാനമായി പ്രസംഗത്തിനു വന്നത്. ഞാനൊക്കെ ജനിക്കുന്നതിനു മുന്‍പാണ്. എന്റെ പിതാവും പിതാവിന്റെ പിതാവുമൊക്കെ അധികാരികളായിരുന്നു. എന്റെ വീട്ടില്‍നിന്നു ഭക്ഷണം കഴിച്ച് സമ്മേളന സ്ഥലത്തേക്കു പോകുന്നതിനിടെയായിരുന്നു മരണം. അന്നു യാത്രാസൗകര്യങ്ങളൊക്കെ കുറവാണ്. ഒന്നരകിലോമീറ്ററോളം നടന്നുവേണം വണ്ടിയിലെത്താന്‍. വണ്ടിയുടെ അടുത്ത് എത്തുമ്പോഴാണ് ഹൃദയാഘാതമുണ്ടായി മരിക്കുന്നത്. അതു പിന്നീട് വിവാദമൊക്കെയായി. മരണത്തില്‍ സംശയമൊക്കെ വന്നു. 1945-ലാണ് ഈ സംഭവം. 'വീരപുത്രന്‍' എന്ന സിനിമയിലൊക്കെ അങ്ങനെ കാണിക്കുന്നുണ്ട്.
ഞാന്‍ ജനിക്കുന്നത് 1948-ലാണ്. എന്റേത് ഒരു കുഗ്രാമമായിരുന്നു. പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം, 1965-ല്‍ ഒരു കൊടുങ്കാറ്റ് ഉണ്ടായി. മരങ്ങളൊക്കെ വീണു, വീടുകളൊക്കെ തകര്‍ന്നു. എന്റെ ഓര്‍മ്മയില്‍ ആദ്യമായി പ്രധാനപ്പെട്ട പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ ചേന്നമംഗലൂരില്‍ വരുന്നത് അന്നാണ്. മാതൃഭൂമി അന്ന് റിപ്പോര്‍ട്ട് ചെയ്തത് ഓണംകേറാമൂല എന്നാണ്. അക്കാലത്ത് കേരളത്തിലെ പല ഗ്രാമങ്ങളും അങ്ങനെയൊക്കെ തന്നെയായിരിക്കും. ഞാന്‍ എം.എയ്ക്ക് പഠിക്കുന്ന സമയത്താണ് നമ്മുടെ നാട്ടില്‍ ആദ്യമായി ബസ് വന്നത്. ഹൈസ്‌കൂള്‍ കാലത്താണ് വൈദ്യുതി എത്തിയത്. ഞങ്ങളുടേത് താരതമ്യേന ഭേദപ്പെട്ട കുടുംബമായിരുന്നു, അധികാരികളുടെ കുടുംബം എന്ന നിലയില്‍. നാട്ടില്‍ ഭൂരിഭാഗം പേരും ദാരിദ്ര്യത്തിലായിരുന്നു. ഒരു ചക്കയുടെ കഷണത്തിനുവേണ്ടി വരെ ആളുകള്‍ കഷ്ടപ്പെട്ടിരുന്നു. അക്കാലം അങ്ങനെയായിരുന്നു.
ഫാറൂഖ് കോളേജിലായിരുന്നു പ്രീഡിഗ്രിയും ഡിഗ്രിയും. എം.എ കോഴിക്കോട് ദേവഗിരി കോളേജിലും. ഇംഗ്ലീഷായിരുന്നു മെയിന്‍. ഇംഗ്ലീഷ് അക്കാലത്ത് നല്ല ഡിമാന്റുള്ള കോഴ്സാണ്. എം.എ കഴിഞ്ഞയുടന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ജോലി കിട്ടി. അതിനു മുന്‍പ് തന്നെ എസ്.ബി.ഐ പ്രൊബേഷണറി ഓഫീസറുടെ പരീക്ഷ എഴുതിയിരുന്നു. ആ ജോലി കിട്ടി മൂന്ന് മാസം അവിടെ ജോലിചെയ്തു. ബാങ്കിംഗ് ജോലി എനിക്കു ശരിയാവാത്തതുകൊണ്ട് രാജിവെച്ച് പി.എസ്.സി എഴുതി സര്‍ക്കാര്‍ സര്‍വ്വീസില്‍ ലക്ചററായി.
കോളേജ് പഠന കാലത്തൊക്കെ മുസ്ലിം സമുദായത്തിന്റെ സാഹചര്യങ്ങള്‍ എങ്ങനെയായിരുന്നു?
ഞാന്‍ പഠിച്ചത് ഫാറൂഖ് കോളേജിലാണല്ലോ. മുസ്ലിം മാനേജ്മെന്റ് കോളേജാണ്. ഇന്നത്തെ പോലെ അന്നും മലബാറിലെ പ്രധാനപ്പെട്ട കോളേജായിരുന്നു ഫാറൂഖ് കോളേജ്. മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള ഏക കോളേജും ആയിരുന്നു. അവിടെ പഠിച്ചിരുന്നവരില്‍ കോഴിക്കോട് ജില്ലയില്‍നിന്നുള്ളവര്‍ മാത്രമായിരുന്നില്ല. പല ജില്ലകളില്‍നിന്നുള്ള കുട്ടികള്‍, പ്രത്യേകിച്ച് മുസ്ലിം വിദ്യാര്‍ത്ഥികള്‍ അക്കാലത്ത് അവിടെ പഠിച്ചിരുന്നു. ആറോ ഏഴോ ഹോസ്റ്റലുകളും ഉണ്ടായിരുന്നു. മുസ്ലിം പെണ്‍കുട്ടികളും ധാരാളം ഉണ്ടായിരുന്നു. അന്നൊക്കെ ക്യാംപസില്‍ പര്‍ദ്ദ ഇടുന്നവര്‍ ഇല്ല എന്നുതന്നെ പറയാം. സാധാരണ മറ്റു പെണ്‍കുട്ടികള്‍ ഇടുന്ന അതേ വേഷം തന്നെയാണ് മുസ്ലിം പെണ്‍കുട്ടികളും ധരിച്ചത്-പാവാടയും ദാവണിയും. ചിലര്‍ തല മറച്ചേക്കും, അത്രയേ ഉള്ളൂ. അക്കാര്യത്തില്‍ കോളേജിലും ഒരു നിര്‍ബ്ബന്ധവും ഉണ്ടായിരുന്നില്ല.
പില്‍ക്കാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായ, കെ.എ. ജലീല്‍ ആയിരുന്നു അന്നത്തെ പ്രിന്‍സിപ്പല്‍. അദ്ദേഹമൊക്കെ വളരെ ലിബറല്‍ ആയിരുന്നു. ഇന്നിപ്പോള്‍ നമ്മള്‍ കാണുന്നതുപോലെയുള്ള യാഥാസ്ഥിതിക ചിന്താഗതി ആ കോളേജിനും പൊതുവെയും ഉണ്ടായിരുന്നില്ല. പിന്നീടാണ് കൂടുതല്‍ മതാത്മകത വേഷത്തിലും മറ്റ് കാര്യങ്ങളിലും വരുന്നതും മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ പര്‍ദ്ദ വരികയും ചെയ്യുന്നത്. മുസ്ലിയാര്‍മാരൊക്കെ ഇടുന്ന താഴെ വരെയുള്ള ഈ അറബിവേഷം ഒന്നും അക്കാലത്ത് ആര്‍ക്കും ഉണ്ടായിരുന്നില്ല. അതൊക്കെ പിന്നീട് വന്ന മാറ്റത്തിന്റെ ഭാഗമായി വന്നതാണ്. ഗള്‍ഫ് സ്വാധീനവും അതിലുണ്ടാവും.
ഞാന്‍ പഠിക്കുന്ന കാലത്തൊക്കെ നായര്‍, ക്രിസ്ത്യന്‍ സമുദായങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ മുസ്ലിം സമുദായം എല്ലാ അര്‍ത്ഥത്തിലും പിന്നോക്കമാണ്. വിദ്യാഭ്യാസപരമായി നോക്കിയാല്‍ ഈഴവ/തിയ്യ സമുദായങ്ങളേക്കാള്‍ പിന്നോക്കമായിരുന്നു മുസ്ലിം സമുദായം. പിന്നീടത് മാറി. ഗള്‍ഫിന്റെ സ്വാധീനം കൊണ്ടുകൂടിയാണ്. പണമുണ്ടാകുമ്പോഴാണല്ലോ മാറ്റം ഉണ്ടാകുന്നത്. അപ്പോള്‍ നമ്മള്‍ എത്ര യാഥാസ്ഥിതികരാവാന്‍ മെനക്കെട്ടാലും ആവാന്‍ പറ്റില്ല.
സൗദി അറേബ്യ എന്ന രാജ്യം ഏറ്റവും യാഥാസ്ഥിതികമായിരുന്നു. പക്ഷേ, മുഹമ്മദ് സല്‍മാന്‍ രാജകുമാരന്‍ വന്നപ്പോള്‍ സ്ഥിതിയാകെ മാറിയില്ലേ. നേരത്തെ അവിടെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ പുരുഷന്‍മാരായ അടുത്ത ബന്ധുക്കള്‍ വേണം. അതൊക്കെ മാറിയില്ലേ. ബഹിരാകാശത്ത് വരെ പോയി. സാമ്പത്തികമായ വളര്‍ച്ചയുണ്ടാകുമ്പോള്‍ മാറ്റം വരും. അങ്ങനെയുള്ള മാറ്റം കേരളത്തിലും ഉണ്ടായി. അങ്ങേയറ്റം യാഥാസ്ഥിതികമായി നിന്നിരുന്ന സുന്നി വിഭാഗം വരെ മാറി. കാന്തപുരത്തിന്റെ നോളജ് സിറ്റിയൊക്കെ വന്നില്ലേ. മാറിനില്‍ക്കാന്‍ പറ്റാത്തൊരു അവസ്ഥ വന്നു.
എങ്ങനെയാണ് സമുദായത്തില്‍ തിരുത്തലുകള്‍ വേണം എന്നൊക്കെ തോന്നിത്തുടങ്ങിയത്. മുസ്ലിം ബുദ്ധിജീവി എന്ന നിലയിലേക്കൊക്കെ മാറുന്നത്?
എന്റെ പിതാവും പിതാവിന്റെ പിതാവുമൊക്കെ അക്കാലത്ത് മുസ്ലിം നവോത്ഥാന ധാരയോടൊപ്പം നിന്നവരാണ്. കൊടുങ്ങല്ലൂര്‍ ഭാഗത്തൊക്കെയാണ് അതിന്റെ തുടക്കം. ആധുനിക വിദ്യാഭ്യാസം വേണം എന്നായിരുന്നു കാഴ്ചപ്പാട്. മറ്റുള്ള സമുദായങ്ങളിലൊക്കെ അത് കുറച്ച് നേരത്തെ വന്നിരുന്നു. അക്കാലത്തൊക്കെ മുസ്ലിം സമുദായം മതവിദ്യാഭ്യാസത്തില്‍ ഒതുങ്ങി. ഇംഗ്ലീഷ് പഠിക്കുക, ശാസ്ത്രം പഠിക്കുക എന്നൊക്കെ ചിന്തിക്കുന്ന ഒരു കുടുംബമായിരുന്നു എന്റേത്. മതവിശ്വാസം ഉണ്ടെങ്കിലും ലിബറലായി ചിന്തിക്കുക എന്നൊരു രീതി. ആ സ്വാധീനം എന്നിലും ഉണ്ടായിരുന്നു. കോളേജ് പഠനകാലത്ത് തന്നെ മതത്തിന്റെ പല രീതികളും ശരിയല്ല എന്നൊരു തോന്നലുണ്ടായിരുന്നു. മതം എന്നു പറയുന്നത് അന്ധമായി വിശ്വസിക്കലാണ്. അതിനെ ചോദ്യം ചെയ്യുക എന്നു പറഞ്ഞാല്‍ മതത്തിനു പുറത്താകും. മുസ്ലിങ്ങളുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ കാഫിറായി. അങ്ങനെയൊക്കെയാണെങ്കിലും ഇതിനെയൊക്കെ ചോദ്യം ചെയ്യുന്ന പ്രവണത കോളേജ് കാലത്ത് തന്നെ വന്നിരുന്നു. അതു പിന്നീട് കൂടുതല്‍ ശക്തിപ്പെട്ടു. കോളേജിനു ശേഷം ഞാന്‍ മാര്‍ക്‌സിയന്‍ പുസ്തകങ്ങളൊക്കെ വായിക്കാന്‍ തുടങ്ങി. ഇടതുപക്ഷത്തിനു മതത്തോടുള്ള ചിന്താഗതി എനിക്കു മതത്തോടുള്ള സമീപനത്തിനു സമാനമായിരുന്നു.
കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ നേരത്തെ ഉള്ളതില്‍നിന്നു വ്യത്യസ്തമായി വേറെ ചില സംഘടനകള്‍ പൊങ്ങിവന്നു. സുന്നിയാണ് നേരത്തെ ഉണ്ടായിരുന്നത്. പിന്നീട് മുജാഹിദുകള്‍ വന്നു. സുന്നികളേക്കാള്‍ പുരോഗമനപരമായ കാഴ്ചപ്പാടുകളായിരുന്നു പല കാര്യത്തിലും അവര്‍ക്ക് ഉണ്ടായിരുന്നത്. അതില്‍നിന്നു വ്യത്യസ്തമായാണ് ജമാഅത്തെ ഇസ്ലാമി വരുന്നത്. അത് ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട കാലത്തൊന്നും മലബാറില്‍ അതിന്റെ സ്വാധീനം ഉണ്ടായിരുന്നില്ല.
അവരുടെ കാഴ്ചപ്പാടില്‍ അനുഷ്ഠാനങ്ങള്‍ മാത്രം പോര. പരിപൂര്‍ണ്ണ മുസ്ലിം ആവണമെങ്കില്‍ ഇസ്ലാം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സ്റ്റേറ്റ് ഉണ്ടാക്കുക എന്നത് മുസ്ലിമിന്റെ കടമയാണ് എന്നാണ്. ഓരോ മുസ്ലിമും അതിനുവേണ്ടി പ്രയത്‌നിക്കണം. ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ വേണ്ടി പ്രയത്‌നിക്കണം. ജമാഅത്തെ ഇസ്ലാമിയുടെ ഈ കാഴ്ചപ്പാട് ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണ്. ഈ മതരാഷ്ട്ര സങ്കല്പത്തെ ഞാനൊക്കെ എതിര്‍ത്തു.
ചേന്നമംഗലൂരും ചില പോക്കറ്റുകളിലൊക്കെ അവര്‍ വളരാന്‍ തുടങ്ങി. മറ്റുള്ള മുസ്ലിം സംഘടനകളെ അപേക്ഷിച്ച് അവര്‍ ഓര്‍ഗനൈസ്ഡ് ആയിരുന്നു. മുസ്ലിങ്ങള്‍ക്കിടയിലെ ഒരു കേഡര്‍ സംവിധാനം. ഞാനിവര്‍ക്കെതിരെ എഴുതിയപ്പോള്‍ എന്നെ ഏറ്റവും വലിയ ശത്രുവായി മുദ്രകുത്തി. ഞാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ശത്രുവല്ല, ഇസ്ലാമിന്റെ ശത്രുവാണ് എന്നാണ് പ്രചരിപ്പിക്കുക. അങ്ങനെ പറയുമ്പോള്‍ മറ്റു സംഘടനകളിലുള്ളവരേയും എളുപ്പത്തില്‍ സ്വാധീനിക്കാന്‍ പറ്റും.
ആര്‍.എസ്.എസ്സിനെ നമ്മള്‍ എതിര്‍ക്കുമ്പോള്‍ നമ്മള്‍ എതിര്‍ക്കുന്നത് ഹിന്ദുമതത്തെയല്ല, ആ സംഘടനയെ ആണ്. അതേപോലെയാണ് എന്നെ മുസ്ലിംവിരുദ്ധനായി ചിത്രീകരിക്കാന്‍ തുടങ്ങിയത്. ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് എന്തെഴുതിയാലും പറയുക ഇസ്ലാമിന്റെ പള്ളയ്ക്ക് കുത്തിയോന്‍ എന്നാണ്. അതായത് ഇസ്ലാമിന്റെ ശത്രു. അതിന് അറബിയില്‍ ഒരു പദമുണ്ട് - മുര്‍ത്തദ്. എന്നു പറഞ്ഞാല്‍ ഇസ്ലാം ഉപേക്ഷിച്ച് പോയവന്‍. അങ്ങനെയുള്ളയാള്‍ വധിക്കപ്പെടേണ്ടവനാണ് എന്നാണ് മൗദൂദിയുടെ പുസ്തകത്തില്‍ പറയുന്നത്. മറ്റു ചില സംഘടനകളും അങ്ങനെ വിശ്വസിക്കുന്നുണ്ട്.
അങ്ങനെയുള്ള ഒരു ശത്രുതാ മനോഭാവം എനിക്കെതിരെ ജമാഅത്തെ ഇസ്ലാമി പോലെയുള്ള സംഘടനകള്‍ വളര്‍ത്തിയെടുത്തു.
എഴുപതുകള്‍വരെ അവര്‍ക്ക് അത്ര വളരാന്‍ സാധിച്ചിരുന്നില്ല. എണ്‍പതുകളോടെ ഗള്‍ഫിലൂടെ വന്ന സാമ്പത്തിക സഹായമൊക്കെ ഉപയോഗിച്ച് അവര്‍ക്കു വളരാന്‍ സാധിച്ചു. ധാരാളം മതസ്ഥാപനങ്ങളും മദ്രസകളും കോളേജുകളും ഒക്കെ ഉണ്ടാക്കി. മാധ്യമരംഗത്തേക്കും കടന്നുവരാന്‍ കഴിഞ്ഞു. അതിനനുസരിച്ച് സ്വാധീനവും കൂടും. വ്യക്തികളെ ആക്രമിക്കാന്‍ ഇത്തരം സംഘടനകള്‍ക്ക് എളുപ്പം കഴിയും. ഇത്തരം സംഘടനകളില്‍നിന്ന് ഒരുപാട് ദുരനുഭവം നേരിടേണ്ടിവന്നിട്ടുമുണ്ട്.
എണ്‍പതുകളില്‍ പണ്ഡിതന്മാരുടേയും ബുദ്ധിജീവികളുടേയുമൊക്കെ സാമുദായികമായ ഇടപെടലുകള്‍ എങ്ങനെയായിരുന്നു?
മുസ്ലിം ബുദ്ധിജീവി എന്നത് മുസ്ലിങ്ങള്‍ക്കിടയിലെ വിദ്യാഭ്യാസമുള്ളയാളുകള്‍ എന്നര്‍ത്ഥത്തില്‍ കാണുമ്പോള്‍, ഭൂരിഭാഗം പേരും മതസംഘടനകളെ പിണക്കാതെ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. ഒഴുക്കിനൊത്ത് നീന്തുക സൗകര്യമാണ്. ആ മനോഭാവമാണ് മിക്ക ആളുകള്‍ക്കും. ആരെയും വെറുതെ ശത്രുക്കളാക്കേണ്ട. മുസ്ലിം ബുദ്ധിജീവി എന്നൊക്കെ പറയുമെങ്കിലും മുഖ്യധാര മുസ്ലിം സംഘടനകളില്‍നിന്നു വ്യത്യസ്തമായ ഒരാശയത്തിനുവേണ്ടി പൊരുതുന്ന ആള്‍ക്കാരായി അവര്‍ രംഗത്തു വരില്ല. അങ്ങനെ വരുന്നവരെ ഇവര്‍ മാറ്റിനിര്‍ത്തും. എഴുത്തുകാരിലൊക്കെ വളരെ ചുരുക്കം പേരാണ് റിലീജിയസ് എസ്റ്റാബ്ലിഷ്മെന്റിനെ തുറന്ന് എതിര്‍ക്കാന്‍ തയ്യാറായിട്ടുള്ളത്. കാരണം അവര്‍ക്കു പേടിയാണ്. അതിന്റെ ഭവിഷ്യത്തുക്കള്‍ അവര്‍ നേരിടേണ്ടിവരും. ഇസ്ലാം എന്നത് ഒരു ഓര്‍ഗനൈസ്ഡ് റിലീജിയന്‍ ആണ്. ക്രിസ്തുമതവും അങ്ങനെ തന്നെ. ഹിന്ദുമതം പോലെയല്ല ഈ രണ്ട് മതവും. ഹിന്ദുമതത്തില്‍പെട്ടവര്‍ വളരെ ഫ്രീയാണ്. കാരണം മതത്തിന്റെ ചങ്ങലക്കെട്ടുകള്‍ ചുരുക്കമാണ്. ജാതിയുണ്ട് എന്നത് വേറൊരു കാര്യം.
പക്ഷേ, ഇപ്പുറത്ത് ഒരാള്‍ മരിച്ചാല്‍ ശവസംസ്‌കാരം നടത്തുന്നത് പളളിയോടനുബന്ധിച്ചുള്ള ശ്മശാനങ്ങളിലാണ്. അതുപോലെ വിവാഹത്തിനു കാര്‍മ്മികത്വം വഹിക്കുന്നത് മതവുമായി ബന്ധപ്പെട്ട ആളുകളായിരിക്കും. അവിടെയും ഒരുപാട് ബന്ധനങ്ങള്‍ വരുന്നുണ്ട്. ഇസ്ലാമിന്റെ വക്താക്കള്‍ പറയുന്നത് കേള്‍ക്കാതെ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇത് ബുദ്ധിമുട്ടാകും. മരിച്ചാല്‍ പള്ളിയിലെ ശ്മശാനത്തില്‍ അടക്കാന്‍ പറ്റില്ല എന്നൊക്കെയുള്ള നിലപാടുകള്‍ സ്വീകരിക്കപ്പെടും. അതുകൊണ്ടുതന്നെ മുസ്ലിം പുരോഗമനവാദികളായിരിക്കെ മതേതരമായ അറിവുകളൊക്കെ നേടിയിരിക്കെത്തന്നെ മതസംഘടനകളെ പിണക്കില്ല. അതിനു വിധേയമായി നിന്നുകൊടുക്കുകയാണ്. തുറന്നെതിര്‍ക്കാന്‍ പോകില്ല. തുറന്നെതിര്‍ക്കുന്നവര്‍ വളരെ ചുരുക്കമാണ് അന്നും ഇന്നും. വൈക്കം മുഹമ്മദ് ബഷീറൊക്കെ ചെറുപ്പകാലത്ത് തുറന്നെതിര്‍ത്തിരുന്നു. പക്ഷേ, വയസ്സായപ്പോഴേക്കും മാറി. അങ്ങനെയുള്ള കുറേയാളുകള്‍ ഉണ്ട്.
ചേകന്നൂര്‍ മൗലവി സംഭവം എങ്ങനെയാണ് സമൂഹത്തെ സ്വാധീനിച്ചത്?
ചേകന്നൂര്‍ കൊല്ലപ്പെടുന്നത് 1993-ലാണ്. ചേകന്നൂര്‍ ഒരു ഇസ്ലാമിക പണ്ഡിതനായിരുന്നു. അദ്ദേഹം മുഖ്യധാര മുസ്ലിം സംഘടനകള്‍ പറയുന്ന രൂപത്തിലല്ല ഇസ്ലാമിനെ കണ്ടത്. സുന്നികളായാലും മുജാഹിദുകളായാലും ജമാഅത്തെ ഇസ്ലാമിക്കാരായാലും ഖുര്‍ ആന്‍ മാത്രമല്ല, ഹദീസും ഇസ്ലാമിന്റെ മൂലപ്രമാണമാണ് എന്നു പറയുന്നവരാണ്. പക്ഷേ, ചേകന്നൂര്‍ പറഞ്ഞത് നബിവചനങ്ങള്‍ മൂലപ്രമാണമായി അംഗീകരിക്കാന്‍ പറ്റില്ല, അതില്‍ മിക്കതും വ്യാജമാണ് അതുകൊണ്ട് അതു തള്ളിക്കളയണം എന്നാണ്. അതുപോലെ അനുഷ്ഠാനങ്ങളില്‍ തന്നെ മുഖ്യധാര സംഘടനകള്‍ പറയുന്നതല്ല ശരി എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉദാഹരണത്തിന് അഞ്ചുനേരം നിസ്‌കാരം എന്നത് മൂന്നുനേരം മതി എന്ന് അദ്ദേഹം രേഖകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിച്ചിരുന്നു. ആ രംഗത്താണ് ചേകന്നൂര്‍ കൂടുതല്‍ പ്രവര്‍ത്തിച്ചത്.
അദ്ദേഹത്തിന് അധികം അനുയായികളെയൊന്നും കിട്ടിയിട്ടില്ല. കാരണം മുഖ്യധാരയില്‍നിന്നു മാറിനില്‍ക്കാന്‍ ആള്‍ക്കാരെ കിട്ടാന്‍ പ്രയാസമാണ്. ഇസ്ലാമിന്റെ ശത്രുവാണ് ഇദ്ദേഹം എന്ന പ്രചരണം മറുഭാഗത്തും ഉണ്ടായി. അങ്ങനെയാണ് 1993-ല്‍ വഞ്ചനയിലൂടെ ഇദ്ദേഹത്തെ കൊണ്ടുപോയി കൊലപ്പെടുത്തുന്നത്.
ചേകന്നൂര്‍ മൗലവിയെപ്പോലുള്ള ഒരു മതപണ്ഡിതന്‍ കൊല്ലപ്പെട്ടാല്‍ നമ്മള്‍ വിചാരിക്കുക കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍, മതേതര പ്രസ്ഥാനങ്ങള്‍ ഒക്കെ മുന്നോട്ടുവരും എന്നാണ്. പാര്‍ട്ടി നോക്കുകയാണെങ്കില്‍ സി.പി.എം, സിപി.ഐ, കോണ്‍ഗ്രസ് ഇവരൊക്കെ ചേകന്നൂര്‍ മൗലവിക്കുവേണ്ടി വാദിക്കാന്‍ മുന്നോട്ടുവരും എന്നാണ് കരുതിയത്. പക്ഷേ, ചേകന്നൂര്‍ മൗലവിക്കുവേണ്ടി വാദിക്കുന്നത് സെക്യുലര്‍ പാര്‍ട്ടികള്‍ക്കു നഷ്ടക്കച്ചവടമാണ്. കാരണം അദ്ദേഹത്തിന് അനുയായികളില്ല. മറുപക്ഷത്തുള്ളത് ലക്ഷക്കണക്കിന് അനുയായികളാണ്. അവരുടെ വോട്ടും ചേകന്നൂരിന്റെ നൂറുകണക്കിനു വരുന്ന അനുയായികളുടെ വോട്ടും തുലാസിന്റെ രണ്ട് തട്ടിലിട്ടാല്‍ ഏതായിരിക്കും താഴെ പോകുക. അതുകൊണ്ടുതന്നെ ഈ പാര്‍ട്ടികളൊന്നും ചേകന്നൂരിന്റെ ഘാതകരെ തുറന്നുകാണിക്കാന്‍ കാര്യമായി മുന്നോട്ടു വന്നില്ല. ഇവര്‍ക്ക് സെക്യുലര്‍ മൂല്യങ്ങളല്ല, അധികാര രാഷ്ട്രീയമാണ് പ്രധാനം. അത് എണ്ണത്തിന്റെ രാഷ്ട്രീയമാണ്. എണ്ണം കൂടുതലുള്ളതിന്റെ കൂടെ നില്‍ക്കുക എന്നുള്ളതാണ്. എണ്ണം കുറഞ്ഞ ചേകന്നൂര്‍ മൗലവിയുടെ അനുയായികളുടെ പക്ഷത്ത് നില്‍ക്കാന്‍ ആരും ഉണ്ടായില്ല.
ഇദ്ദേഹത്തെപ്പോലെ അനുഷ്ഠാനങ്ങളെക്കുറിച്ചു സംസാരിക്കുന്നവര്‍ സമുദായത്തില്‍ ചുരുക്കമായിരുന്നു. ഒരു അനുഷ്ഠാനത്തിനും പോകാത്തയാള്‍ എന്ന നിലയില്‍ അനുഷ്ഠാനത്തെക്കുറിച്ച് ഞാന്‍ സംസാരിക്കാറില്ല. ഏതുമതത്തിലും മൂല്യവ്യവസ്ഥയും ആചാരവ്യവസ്ഥയും ഉണ്ടാകും. ആചാരത്തിനാണ് എപ്പോഴും പ്രാധാന്യം കല്പിക്കുന്നത്. എല്ലാ മതത്തിലും അങ്ങനെയാണ്. നിങ്ങള്‍ കള്ളക്കടത്ത് നടത്തിയാല്‍ നിങ്ങളെ ആരും കാഫിര്‍ ആക്കില്ല. ഒരു മുസ്ലിം സാമ്പത്തിക തട്ടിപ്പു നടത്തിയാല്‍ കാഫിര്‍ എന്നു വിളിക്കാറില്ല. പ്രശ്നം വരുന്നത് പള്ളിയില്‍ പോകുന്നില്ല; നിസ്‌കാരം ഇല്ല, നോമ്പില്ല, ഇതിലൊക്കെയാണ്. മൂല്യവ്യവസ്ഥയ്ക്ക് യാതൊരു പ്രാധാന്യവും മതസംഘടനകള്‍ നല്‍കുന്നില്ല എന്നതാണ് എന്റെ ഒരു വിമര്‍ശനം.
മറ്റൊന്ന് മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണകൂടം ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ല. അതിനെതിരെ നില്‍ക്കുന്ന സംഘടനകളെ വിമര്‍ശിക്കുന്ന രീതിയാണ് ഞാന്‍ പിന്‍തുടര്‍ന്നത്. അത് ആര്‍.എസ്.എസ്സായാലും ജമാഅത്തെ ഇസ്ലാമിയായാലും ഒരേ തൂവല്‍ പക്ഷികളാണ്. ഇവര്‍ ആധുനികമായ കാര്യങ്ങള്‍ വരുമ്പോള്‍ പല കാര്യങ്ങളിലും ഒരേ പോലെയാണ് ചിന്തിക്കുന്നത്. ഉദാഹരണത്തിന് എല്‍.ജി.ബി.ടി.ക്യൂവിന്റെ കാര്യത്തില്‍ ഇവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. സ്വവര്‍ഗ്ഗവിവാഹം, ലിംഗസമത്വം, എല്ലാത്തിലും ഇതു കാണാം. ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ നമ്മള്‍ വിമര്‍ശിക്കപ്പെടും.
ബാബ്റി മസ്ജിദിനു ശേഷം കേരളത്തിലുണ്ടായ സാമുദായികാവസ്ഥയെ എങ്ങനെയാണ് വിലയിരുത്തുന്നത്?
മുസ്ലിം പൊളിറ്റിക്‌സ് അഖിലേന്ത്യാതലത്തില്‍ എടുക്കുകയാണെങ്കില്‍ കാണാന്‍ കഴിയുന്നത് അതില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടേയും സംഘടനകളുടേയും ഊന്നല്‍ എപ്പോഴും വൈകാരിക പ്രശ്‌നങ്ങളിലാണ് എന്നാണ്. 1947-നുശേഷം മുസ്ലിം സംഘടനകള്‍ പൊതുവെ മുന്നോട്ടുവെച്ച വിഷയങ്ങള്‍ നോക്കിയാല്‍ അത് മനസ്സിലാക്കാം. ഒന്ന്, മുസ്ലിം വ്യക്തിനിയമത്തിന്റെ സംരക്ഷണം.
അത് വളരെ സെന്റിമെന്റല്‍ വിഷയമായിട്ടാണ് ഇവര്‍ കാണുന്നത്. ഷാബാനു കേസിന്റെ വിധി വന്നശേഷം ശരീഅത്ത് സംരക്ഷണ പ്രക്ഷോഭം എന്നൊക്കെ പറഞ്ഞ് മുസ്ലിം സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. അതുപോലെ, അലിഗഡ് യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി നിലനിര്‍ത്തുക, ഉര്‍ദു ഭാഷയുടെ പദവി നിലനിര്‍ത്തുക എന്നതൊക്കെ. ഇതൊക്കെ വൈകാരികമാണ്. വാസ്തവത്തില്‍ ഇതൊക്കെ ഉത്തരേന്ത്യയിലെ മുസ്ലിം വരേണ്യവിഭാഗത്തിന്റെ ആവശ്യങ്ങളാണ്. അലിഗഡ് യൂണിവേഴ്സിറ്റിയുടെ ഭരണ മാനേജ്മെന്റ് സംവിധാനത്തിലൊന്നും സാധാരണക്കാരായ മുസ്ലിങ്ങള്‍ക്ക് ഒരുകാലത്തും പങ്കുണ്ടായിട്ടില്ല. ഇത്തരം വൈകാരിക വിഷയങ്ങള്‍ അവതരിപ്പിക്കുന്ന നോര്‍ത്തിന്ത്യന്‍ രീതി തന്നെയാണ് കേരളത്തിലെ മുസ്ലിം സഘടനകളും കടംകൊണ്ടത്.
പണ്ട് വിദ്യാഭ്യാസപരമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരായിരുന്നു മുസ്ലിങ്ങള്‍. ദാരിദ്ര്യവും അതുപോലെത്തന്നെ. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളേക്കാള്‍ ഇവര്‍ താല്പര്യം കാണിച്ചത് മറ്റു വിഷയങ്ങളിലാണ്. മതത്തിലെ പുരുഷാധികാരം നിലനിര്‍ത്തുന്ന കാര്യത്തിലൊക്കെയാണ് ഇവര്‍ക്ക് താല്പര്യം. അതിപ്പോഴും അങ്ങനെ തന്നെയാണ് നിലനില്‍ക്കുന്നത്. ഇപ്പോഴും കോമണ്‍ സിവില്‍ കോഡിന്റെ കാര്യം വരുമ്പോള്‍ എതിര്‍ക്കുന്നത് അതുകൊണ്ടാണ്. ന്യൂനപക്ഷമായ പാഴ്സികളോ ക്രിസ്ത്യാനികളോ ഇതിനെ എതിര്‍ക്കാന്‍ വരുന്നില്ല. ബാബ്റി മസ്ജിദും അങ്ങനെയാണ്. ഒരു വൈകാരികപ്രശ്‌നം. തകര്‍ക്കപ്പെടുന്നതിന്റെ മുന്‍പ് തന്നെ എണ്‍പതുകള്‍തൊട്ട് ഇത് ശക്തമായിരുന്നു.
പല നേതാക്കളും അതിനെ ആ രീതിയിലാണ് വ്യാഖ്യാനിച്ചത്. ഉദാഹണത്തിന് അന്നത്തെ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സുലൈമാന്‍ സേട്ട് പ്രസംഗിച്ചത് ബാബ്റി മസ്ജിദ് മുസ്ലിങ്ങളുടെ അഭിമാനത്തിന്റെ പ്രശ്‌നമാണ് എന്നാണ്. അതുപോലെ ആര്‍.എസ്.എസും അവരുടെ കൂടെ നില്‍ക്കുന്നവരും പറഞ്ഞത് രാമജന്മഭൂമി ഹിന്ദുവിന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണ് എന്നാണ്.
ആ സമയത്ത് വൈകാരികമായി കുറേയാളുകളെ മുസ്ലിം സംഘടനകളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. അക്കാലത്താണ് കേരളത്തില്‍ അബ്ദുള്‍ നാസര്‍ മഅ്ദനി അദ്ദേഹത്തിന്റെ സംഘടന ഉണ്ടാക്കുന്നത്. 1980-കളുടെ മധ്യം തൊട്ട് മഅ്ദനി കേരളത്തിലുടനീളം അങ്ങേയറ്റം വൈകാരിക തീവ്രതയുള്ള പ്രസംഗങ്ങള്‍ നടത്തി. കുറേ ചെറുപ്പക്കാരെ അങ്ങോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു. 1992-ലാണ് ബാബ്റി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. തകര്‍ക്കലും രണ്ടുകൂട്ടര്‍ക്കും രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനാണ് സാധിച്ചത്.
കേരളത്തിലെ സമകാലിക മുസ്ലിം രാഷ്ട്രീയത്തെ എങ്ങനെയാണ് കാണുന്നത്?
കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം നമ്മള്‍ പറയേണ്ടത് മുസ്ലിം ലീഗിനെക്കുറിച്ചാണ്. മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ലീഗ്. മുസ്ലിം രാഷ്ട്രീയത്തെ കോണ്‍ഗ്രസ്സിനോ സി.പി.എമ്മിനോ മാറ്റിനിര്‍ത്താന്‍ കഴിയില്ല. സി.പി.എമ്മിന്റെ കൂടെ ഐ.എന്‍.എല്‍ ഇപ്പോള്‍ ഉണ്ടല്ലോ.
കേരളത്തില്‍ മുസ്ലിംലീഗിനു കിട്ടുന്ന പ്രാധാന്യം പലരേയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. എന്‍.എസ്.എസ്സിലായാലും ഹിന്ദു വരേണ്യ വിഭാഗങ്ങളിലായാലും മുസ്ലിം സംഘടനകളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നൊരു ചിന്താഗതി ഉണ്ടായി. ക്രിസ്ത്യാനികള്‍ക്കിടയിലും അതുണ്ട്. അതിന്റെയൊക്കെ ഫലമായിട്ടാണ് 'നാര്‍ക്കോട്ടിക് ജിഹാദ്', 'ലൗ ജിഹാദ്' പോലുള്ള കാര്യങ്ങളൊക്കെ അടുത്തകാലത്ത് ഉയര്‍ന്നുവന്നത്. അങ്ങനെയൊരു സാമുദായിക ധ്രുവീകരണത്തിന് ലീഗിന്റേയും മുസ്ലിം രാഷ്ട്രീയത്തിന്റേയും സ്വാധീനം ഇടവരുത്തുന്നുണ്ട്. അത് അടുത്തകാലത്തായി കൂടിവരുന്നുണ്ട്. ഭരിക്കുന്നതാരായാലും അധികാരത്തില്‍ മേല്‍ക്കൈ ഉള്ളത് മുസ്ലിം സമുദായത്തിനാണ് എന്നൊരു തോന്നല്‍. അതുകൊണ്ടാണ് ക്രൈസ്തവസഭകളൊക്കെ സന്താന നിയന്ത്രണം ശരിയല്ല എന്നൊക്കെ പറയാന്‍ തുടങ്ങിയത്. കാരണം മുസ്ലിം ജനസംഖ്യ കൂടുന്നു എന്നാണ് അവരുടെ ആക്ഷേപം.
ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ പലതരത്തിലും നടക്കുന്നുണ്ടല്ലോ?
ലീഗ് സെക്കുലര്‍ പാര്‍ട്ടിയാണ് എന്നത് ലീഗിന്റെ അവകാശവാദമാണ്. ബി.ജെ.പി എപ്പോഴെങ്കിലും സമ്മതിച്ചിട്ടുണ്ടോ അവര്‍ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണ് എന്ന്. ബി.ജെ.പിയും പറയുന്നത് സെക്കുലര്‍ പാര്‍ട്ടിയാണ് എന്നാണ്. ഒരു പാര്‍ട്ടി വര്‍ഗ്ഗീയ പാര്‍ട്ടിയാകുന്നത് ആ പാര്‍ട്ടിക്ക് ഒരു പ്രത്യക മതത്തിന്റേയോ പ്രത്യേക സമുദായത്തിന്റേയോ വികാരത്തെ ഉപയോഗിക്കാതെ നിലനില്‍പ്പില്ലാതെ വരുമ്പോഴാണ്. ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിക്ക് നിലനില്‍ക്കണമെങ്കില്‍ മുസ്ലിം വികാരം വേണം. ഈ മത-സമുദായ വികാരം മാറ്റി നിര്‍ത്തിയാല്‍ പിന്നെ ലീഗിനു നിലനില്‍പ്പില്ല. ലീഗിന്റെ ഏറ്റവും വലിയ മൂലധനം ഇസ്ലാം മതവികാരവും മുസ്ലിം സമുദായ വികാരവും ആണ്. അതുപോലെത്തന്നെയാണ് ബി.ജെ.പിയും ആര്‍.എസ്.എസും. ഹിന്ദുമത വികാരം ഒഴിവാക്കിയാല്‍ ആ പാര്‍ട്ടിയും ഉണ്ടാകില്ല. മതവികാരത്തിന്റേയോ സമുദായവികാരത്തിന്റേയോ പിന്‍ബലമില്ലാതെ നില്‍ക്കാന്‍ കഴിയാത്ത പാര്‍ട്ടികളെയാണ് വര്‍ഗ്ഗീയ പാര്‍ട്ടികള്‍ എന്നു പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ മുസ്ലിം ലീഗ് ഒന്നാന്തരം വര്‍ഗ്ഗീയ പാര്‍ട്ടിയാണ്.
സൗകര്യത്തിനുവേണ്ടി, ലീഗ് അവരുടെ കൂടെ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് പറയും അവര്‍ സെക്കുലര്‍ പാര്‍ട്ടിയാണ് എന്ന്. സി.പി.എമ്മിന്റെ കൂടെ ഐ.എന്‍.എല്‍ നില്‍ക്കുമ്പോള്‍ അവര്‍ പറയും ഐ.എന്‍.എല്‍ സെക്യുലര്‍ പാര്‍ട്ടിയാണ് എന്ന്. ലീഗ് നാളെ സി.പി.എമ്മിന്റെ ഭാഗത്തേക്കു വന്നാല്‍ സി.പി.എം പറയും ലീഗ് സെക്കുലര്‍ പാര്‍ട്ടിയാണ് എന്ന്. അപ്പോള്‍ കോണ്‍ഗ്രസ് പറയും ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണ് എന്ന്. അത് അത്രയേ ഉള്ളൂ.
തീവ്ര നിലപാടുകളിലേക്കുള്ള സമുദായത്തിന്റെ പോക്കിനെ പിടിച്ചുനിര്‍ത്താന്‍ ലീഗിനു സാധിക്കുന്നു എന്ന വാദത്തില്‍ കഴമ്പില്ലേ?
ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്ര നിലപാടുകളുള്ള സംഘടനകളൊന്നും അധികാരത്തിലില്ലാത്തവരാണ്. അധികാരത്തിലെത്തുമ്പോഴാണ് സോഫ്റ്റ് ആകുന്നത്. ബി.ജെ.പി തന്നെ അധികാരത്തിലെത്തുന്നതിനു മുന്‍പ് കാണിച്ചിരുന്ന അത്ര തീവ്രത ഇപ്പോള്‍ കാണിക്കുന്നില്ല. അധികാരത്തിലെത്തുമ്പോള്‍ അധികാരം നിലനിര്‍ത്താന്‍ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. അതുപോലെയാണ് ലീഗും. ലീഗ് കേരളത്തില്‍ അധികാരത്തില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് അരനൂറ്റാണ്ടായി. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം കലാപത്തിലേക്കു പോകാതെ സമാധാനത്തിന് ആഹ്വാനം ചെയ്തു എന്ന് ലീഗിനെ എല്ലാവരും പുകഴ്ത്താറുണ്ട്. പക്ഷേ, ആ സമയത്ത് കേരളത്തില്‍ കരുണാകര മന്ത്രിസഭയില്‍ ലീഗുണ്ട്. നേരെ മറിച്ച് 1992-ല്‍ മുസ്ലിംലീഗ് അധികാരത്തിന് പുറത്തായിരുന്നെങ്കില്‍ ലീഗ് തീര്‍ച്ചയായും മറ്റ് മുസ്ലിം സംഘടനകള്‍ സ്വീകരിച്ച സമീപനം തന്നെ സ്വീകരിക്കുമായിരുന്നു. അതു സ്വീകരിച്ച നേതാവായിരുന്നു സുലൈമാന്‍ സേട്ട്. അധികാരം പാര്‍ട്ടികളെ സോഫ്റ്റാക്കും എന്നല്ലാതെ അത് വര്‍ഗ്ഗീയത ഇല്ലാതാക്കുന്നില്ല. എപ്പോള്‍ അധികാരത്തില്‍നിന്നു പുറത്തുപോകുന്നു, അപ്പോള്‍ അവര്‍ തീവ്ര സ്വഭാവം കാണിക്കും.
ന്യൂനപക്ഷം മുഖ്യധാരയുടെ ഭാഗമാകണം, മുസ്ലിം സമുദായം അതിന് അറച്ചുനില്‍ക്കുന്നു എന്ന വാദം താങ്കള്‍ ഉയര്‍ത്തിയിരുന്നു?
ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിലെ കുറേയാളുകള്‍ ബി.ജെ.പിയുമായി സഹകരിക്കുന്നുണ്ട്. പഴയ കാലത്തുണ്ടായ ഒരു അകല്‍ച്ചയൊന്നും അവര്‍ കാണിക്കുന്നില്ല. മുസ്ലിം സമുദായത്തില്‍ അതു വളരെ ചുരുക്കമാണ്. അവര്‍ ഇപ്പോഴും മാറിനില്‍ക്കുകയാണ്. ക്രിസ്ത്യന്‍ ആശയങ്ങള്‍, അവരുടെ ആവശ്യങ്ങള്‍ ഒക്കെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ ധരിപ്പിക്കാന്‍ അവര്‍ക്കു സാധിക്കുന്നുണ്ട്. ക്രിസ്ത്യാനികള്‍ക്ക് അവരും കൂടുതല്‍ ഇടം നല്‍കുന്നുണ്ട്. അത് ഇവര്‍ തയ്യാറായതുകൊണ്ടുകൂടിയാണ്. മുസ്ലിങ്ങള്‍ അതിനു തയ്യാറായാല്‍ തീര്‍ച്ചയായും അതിന് ഇടം നല്‍കും എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
അധികാരത്തിന്റെ ഭാഗമാണെങ്കിലും ബി.ജെ.പിയോട് അങ്ങനെയൊരു കോംപ്രമൈസിനു പോകാന്‍ മുസ്ലിം സമുദായത്തിനു കഴിയുമോ?
ബി.ജെ.പി ഒന്നാന്തരം ഫണ്ടമെന്റല്‍ കമ്യൂണല്‍ ഓര്‍ഗനൈസേഷനാണ്. അവരുടെ ഏറ്റവും പ്രധാന ശത്രു മുസ്ലിങ്ങളാണ്. പക്ഷേ, ഏതെങ്കിലും ഒരു സംഘടനയില്‍ നമുക്കു സ്വാധീനം ചെലുത്താന്‍ കഴിയുമ്പോള്‍ മാത്രമേ നമ്മുടെ ആശയങ്ങള്‍ അവിടെ അവതരിപ്പിക്കാന്‍ കഴിയുള്ളൂ. കമ്യൂണിസ്റ്റുകാര്‍ മതവിരുദ്ധരായാണ് പറയപ്പെട്ടത്. പക്ഷേ, പല ക്രിസ്ത്യാനികളും മുസ്ലിങ്ങളും ക്രമേണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി മാറി. ഇന്നിപ്പോള്‍ ഏറ്റവും യാഥാസ്ഥിതികരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കള്‍ പിണറായിയുമായി കൂട്ടുകെട്ടാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇവരെയൊക്കെ ഉള്‍ക്കൊള്ളാം എന്ന നിലയിലേക്ക് വന്നില്ലേ? അധികാരം നിലനിര്‍ത്താന്‍ മതത്തെ പ്രീണിപ്പിക്കണം എന്ന നിലയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളും മാറി. ആളുകള്‍ വരുമ്പോള്‍ അത്തരം നിലപാടുകള്‍ എടുക്കേണ്ടിവരും.
സി.എ.എ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ഇസ്ലാമിക പരിപ്രേക്ഷ്യത്തിലാണ് കാര്യങ്ങള്‍ കണ്ടത് എന്ന അഭിപ്രായത്തിന്റെ സാംഗത്യം എന്തായിരുന്നു?
ജാമിയ മിലിയയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായിരുന്നു ഡല്‍ഹിയില്‍ സി.എ.എ പ്രക്ഷോഭത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. അവരില്‍ കുറേപ്പേര്‍ കേരളത്തില്‍നിന്ന് പോയ കുട്ടികളായിരുന്നു. അവരുടെ റിലീജിയസ് പൊളിറ്റിക്കല്‍ പശ്ചാത്തലം നോക്കുമ്പോള്‍ അവരൊക്കെ ഇതുപോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടവരാണ്. അല്ലാതെ ഒരു കോണ്‍ഗ്രസ് ഫാമിലിയില്‍നിന്നോ ഒരു കമ്യൂണിസ്റ്റ് ഫാമിലിയില്‍നിന്നോ പോയ കുട്ടികളൊന്നും ആയിരുന്നില്ല ആ സമരത്തിനു മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ഇസ്ലാമിക് പരിപ്രേക്ഷ്യത്തില്‍നിന്നുകൊണ്ടാണ് അവര്‍ വിഷയത്തെ കാണുന്നത് എന്നു ഞാന്‍ പറഞ്ഞത്. അല്ലാതെ സെക്കുലര്‍ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ടല്ല.
അവര്‍ കാണുന്നത് ഇസ്ലാം/ഹിന്ദുയിസം അല്ലെങ്കില്‍ ഇസ്ലാമിസം/ഹിന്ദുത്വ എന്നാണ്. രണ്ട് കൂട്ടരും നോണ്‍സെക്കുലര്‍ ആണ്.
ഞാന്‍ സി.എ.എ എന്ന ആശയത്തെ അനുകൂലിക്കുകയല്ല ചെയ്തത്. അത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. ഒരു സെക്കുലര്‍ പരിപ്രേക്ഷ്യത്തില്‍നിന്നുകൊണ്ടുവേണം അതിനെതിരെ സമരം ചെയ്യാന്‍.
ക്യാംപസുകളെപ്പറ്റിയും ഈ അഭിപ്രായമായിരുന്നു?
ജെ.എന്‍.യു ഒരുകാലത്ത് ഇടതുപക്ഷത്തിനു വലിയ സ്വാധീനമുള്ള ക്യാംപസായിരുന്നു. അവിടെയിപ്പോള്‍ ഹിന്ദുത്വവാദികളും ഇസ്ലാമിസ്റ്റുകളും ഉണ്ട്. അലിഗഢില്‍ ഇതു നേരത്തെ ഉണ്ട്. സ്ഥാപകനായ സയ്യിദ് അഹമ്മദ് ഖാന്‍ സെക്കുലര്‍ ആയി ചിന്തിച്ച ഒരാളാണ്. പക്ഷേ, പിന്നീട് സിമിപോലുള്ള സംഘടനകള്‍ ഏറ്റവും കൂടുതല്‍ അവിടെ ശക്തിപ്രാപിച്ചു. സല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വേഴ്സസ്' പ്രസിദ്ധീകരിക്കപ്പെട്ട 1988 കാലം. രാജീവ് ഗാന്ധി സര്‍ക്കാര്‍ ഇന്ത്യയില്‍ അതു നിരോധിച്ചു. ആ നിരോധനത്തെ താന്‍ അനുകൂലിക്കുന്നില്ല എന്നും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നും പറഞ്ഞതിന്റെ പേരില്‍ ജാമിയ മിലിയയില്‍ അദ്ധ്യാപകനായിരുന്ന ഡോ. മുഷിറുല്‍ ഹസ്സനെ അവിടത്തെ മതമൗലികവാദക്കാരായ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. അങ്ങനെയുള്ള ചിന്താഗതി അന്നുതൊട്ടെ ആ ക്യാംപസിലുണ്ട്.
ഹിജാബും പര്‍ദ്ദയും താങ്കള്‍ ഒരുപാട് സംസാരിച്ച വിഷയമാണ്. എന്ത് ധരിക്കണം എന്നത് ചോയ്സാണ് എന്ന വാദം പുതുതലമുറ ഉയര്‍ത്തുന്നുണ്ട്. ഇത്തരം കാര്യങ്ങളെ കുറച്ചുകൂടി ഇന്‍ക്ലൂസിവ് ആയി കാണാന്‍ കഴിയേണ്ടതല്ലേ?
ഞങ്ങള്‍ ഇഷ്ടപ്പെട്ടാണ് ഹിജാബ്, പര്‍ദ്ദ ധരിക്കുന്നത് എന്നു പറയുന്ന പെണ്‍കുട്ടികള്‍ ഉണ്ട്. പക്ഷേ അവര്‍ അങ്ങനെ ആയി തീരുന്നതാണ്. മദ്രസയില്‍ പഠിക്കുന്ന ചെറിയ പെണ്‍കുട്ടികള്‍ ഹിജാബും പര്‍ദ്ദയും ഇട്ട് പോകുന്നത് നമുക്കു കാണാന്‍ കഴിയും. ആറോ ഏഴോ വയസ്സുണ്ടാകും. അവരില്‍ ചെറുപ്പത്തിലെ ഇങ്ങനെയൊരു മനഃസ്ഥിതി വളര്‍ത്തിയെടുക്കുകയാണ്. ഇതാണ് മുസ്ലിമിന്റെ വേഷം, ഇതാണ് മുസ്ലിം സ്ത്രീയുടെ വേഷം മറ്റേത് തെറ്റായ വേഷമാണ് എന്നുള്ള ഒരു ചിന്താഗതി വളരെ ചെറുപ്പത്തിലേ വളര്‍ത്തിയെടുത്ത് അവര്‍ കോളേില്‍ എത്തുമ്പോള്‍ പറയും, ഇത് ഞങ്ങളുടെ ചോയ്സാണ് എന്ന്. ഇതവരുടെ ചോയ്സല്ല, ദേ ആര്‍ ട്രെയിന്‍ഡ്.
സൂസന്‍ സൊന്റാഗ് പറഞ്ഞപോലെ വുമണ്‍ ഈസ് നോട്ട് ബോണ്‍ ഷീ ഈസ് മെയ്ഡ്. അതുപോലെ ഈ മുസ്ലിം പെണ്‍കുട്ടികളും നിര്‍മ്മിക്കപ്പെടുകയാണ്.
പര്‍ദ്ദ ഇടുക എന്നത് ഒരു ചോയ്സാണെങ്കില്‍ ഇടാതിരിക്കുന്നതും മുസ്ലിം സ്ത്രീയുടെ ചോയ്സിന്റെ ഭാഗമാകേണ്ടേ. മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളിലൊന്നും ഇതു ധരിക്കാത്ത സ്ത്രീകള്‍ക്കു ജോലി കൊടുക്കുന്നില്ല. അവര്‍ നിര്‍ബ്ബന്ധിക്കപ്പെടുകയാണ്. അവിടെ ചോയ്സിനു യാതൊരു പ്രാധാന്യവും ഇല്ല. ജോലി കിട്ടണമെങ്കില്‍ ഹിജാബ് ധരിക്കേണ്ടിവരും.
ഇസ്ലാമിക് ഫെമിനിസത്തെ എങ്ങനെയാണ് കാണുന്നത്?
ഇസ്ലാമിക് ഫെമിനിസംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കു മനസ്സിലാവുന്നില്ല. പര്‍ദ്ദ ഇടാനുള്ള സ്വാതന്ത്ര്യം വേണം, ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം വേണം എന്നതൊക്കെയാണോ? മറ്റുള്ള ഫെമിനിസ്റ്റുകളൊക്കെ സ്വവര്‍ഗ്ഗവിവാഹത്തിലോ എല്‍.ജി.ബി.ടി.ക്യു വിഷയത്തിലോ സ്വീകരിക്കുന്ന നിലപാടുകള്‍ ഇസ്ലലാമിക് ഫെമിനിസ്റ്റുകള്‍ സ്വീകരിക്കുന്നുണ്ടോ? അതുപോലെ ലിംഗനീതിയുടേയും ലിംഗസമത്വത്തിന്റേയും കാര്യം വരുമ്പോഴും ഇസ്ലാമിക് ഫെമിനിസ്റ്റുകള്‍ നില്‍ക്കുന്നത് എവിടെയാണ്.
ഖുര്‍ ആന്‍ അനുസരിച്ച് കുടുംബം പുലര്‍ത്തേണ്ട ബാധ്യത പുരുഷനാണ്. പുരുഷന്മാര്‍ക്ക് കൂടുതല്‍ ബാധ്യത ഉള്ളതുകൊണ്ട് സ്വത്തവകാശത്തിന്റെ കാര്യത്തില്‍പോലും സ്ത്രീകള്‍ അവരോട് തുല്യത ആവശ്യപ്പെടാന്‍ പാടില്ല എന്നതാണ് ഇവരുടേയും നിലപാട്. കാരണം ഇസ്ലാം അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് പിന്തുടര്‍ച്ച അവകാശത്തില്‍ പുരുഷന്റെയത്ര ഓഹരി സ്ത്രീക്ക് കൊടുക്കാതിരിക്കുന്നത് ന്യായമാണ് എന്നാണവരുടെ വാദം. ഇപ്പോഴും അതു മാറ്റാന്‍ അവര്‍ തയ്യാറല്ല. ഇസ്ലാമിക് ഫെമിനിസ്റ്റുകള്‍ അതിനെതിരെ പറയുന്നത് ഞാന്‍ കണ്ടിട്ടില്ല.
മുസ്ലിം സംഘടനകളില്‍നിന്നു ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്, എങ്ങനെയാണ് വിമര്‍ശനങ്ങളെ കൈകാര്യം ചെയ്യുന്നത്?
ഞാന്‍ പറയുന്ന കാര്യങ്ങളോട് യോജിക്കുന്നവര്‍ വളരെ ചെറിയ ശതമാനമാണ് മുസ്ലിം സമുദായത്തിലുണ്ടാവുക എന്നത് എനിക്ക് അറിയാം. ഓര്‍ഗനൈസ്ഡ് ആയിട്ടുള്ള വിഭാഗങ്ങളൊക്കെ എതിര്‍ക്കും എന്നും അറിയാം. കാരണം അവര്‍ നേരത്തെ ഉണ്ടാക്കിവെച്ച ഒരു ചട്ടക്കൂട്ടിനുള്ളില്‍നിന്നുകൊണ്ട് കാര്യങ്ങളെ കാണുന്നവരാണ്. അതില്‍നിന്നു മാറി ഒരു പുതിയ ചിന്ത മുന്നോട്ടുവെച്ചാല്‍ അവര്‍ എതിര്‍ക്കും. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നതും. അല്ലാതെ അവരുടെ പിന്തുണ കിട്ടും എന്നു വിചാരിച്ചല്ല. സപ്പോര്‍ട്ട് കിട്ടണമെങ്കില്‍ നമ്മുടെ ആശയങ്ങള്‍ അവര്‍ക്കനുസരിച്ച് മയപ്പെടുത്തുകയോ കോംപ്രമൈസ് ചെയ്യുകയോ വേണം. അങ്ങനെയാണെങ്കില്‍ നമുക്ക് ഉയര്‍ന്നുപോകാനും കഴിയും. മതത്തിന്റെ കാര്യത്തില്‍ മാത്രമല്ല. രാഷ്ട്രീയപാര്‍ട്ടികളിലും അങ്ങനെയാണ്. അവിടെ അവരുടെ നേതൃത്വം മുന്നോട്ടുവെക്കുന്ന ഒരു ചട്ടക്കൂടുണ്ട്. അതിനു പുറത്തേക്കു പോയാല്‍ അവര്‍ നമ്മളെ ഒറ്റപ്പെടുത്തും, തഴയും.
ഞാനിപ്പോള്‍ ഏതെങ്കിലും മുസ്ലിം ഓര്‍ഗനൈസേഷന്റെ ഭാഗമായി നിന്നാല്‍ അതുകൊണ്ട് എനിക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. അതുപോലെ ഏതെങ്കിലും പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ ഭാഗമായി അവര്‍ പറയുന്നതൊക്കെ ശരി എന്നു പറഞ്ഞു നിന്നാല്‍ അവിടെയും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.
കേരളത്തിലേയും ഇന്ത്യയിലേയും സാമൂഹ്യസാഹചര്യങ്ങള്‍ മാറി. താങ്കള്‍ പറഞ്ഞുതുടങ്ങിയ കാലത്തില്‍നിന്ന് ഒരുപാട് മാറി വേറെതരം ചിന്തകളൊക്കെ വന്നുതുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലും അതേപോലുള്ള വിമര്‍ശനങ്ങളാണോ നമുക്കാവശ്യം?
നമ്മള്‍ പറയാന്‍ പോകുന്ന കാര്യം ശരിയാണ് പക്ഷേ, ഈ സന്ദര്‍ഭത്തില്‍ അതു പറയണോ എന്നാലോചിച്ച് നമ്മള്‍ മാറിനിന്നിട്ടുണ്ടെങ്കില്‍ പിന്നെ നമുക്കത് പറയാന്‍ പറ്റില്ല. ഉദാഹണത്തിന് ഹിജാബിന്റെ പ്രശ്‌നം. അത് ഇപ്പോള്‍ പറയണോ, ബി.ജെ.പിയൊക്കെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ് എന്നു കരുതി ആദ്യത്തെ നിലപാട് മാറ്റി അത് മുസ്ലിം പെണ്‍കുട്ടികളുടെ ചോയ്സാണ് എന്നൊക്കെ പറഞ്ഞാല്‍ നമ്മളും ആ യാഥാസ്ഥിതിക വിഭാഗത്തിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്. വ്യത്യസ്തമായ ഒരു ശബ്ദം ഇല്ലാതായി പോകും. യൂണിഫോം സിവില്‍ കോഡിനുവേണ്ടി എഴുതുകയും പറയുകയും ചെയ്താല്‍ പുരോഗമന നിലപാടുള്ള പാര്‍ട്ടിക്കാര്‍ വരെ പറയുന്നത് ഈ സന്ദര്‍ഭത്തില്‍ അതു പറയാന്‍ പാടില്ല എന്നാണ്. അങ്ങനെ എല്ലാവരും നിശ്ശബ്ദരായാല്‍ ഇത്തരം കാര്യങ്ങളൊക്കെ മറവിയിലേക്കു മാറ്റപ്പെടും.
ബി.ജെ.പിയുടെ വേദികളില്‍ പങ്കെടുക്കുന്നതും വിമര്‍ശിക്കപ്പെടുന്നുണ്ട്?
ചില സെമിനാറുകളിലൊക്കെ വിളിക്കാറുണ്ട്. ചിലതിനൊക്കെ ഞാന്‍ പോയിട്ടുണ്ട്. ഞാന്‍ ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും വേദികളില്‍ പോയാല്‍ അതു വലിയ തെറ്റായി മുസ്ലിം സംഘടനകള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യും. എന്നെ വിമര്‍ശിക്കുന്ന ആളുകള്‍ തന്നെ ഇത്തരം വേദികളില്‍ പങ്കെടുക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ പോയാല്‍ പ്രശ്നം. എന്നെ വിമര്‍ശിക്കുന്ന, പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമി ഒക്കെയാണ് കാര്യമായി വിമര്‍ശിക്കുന്നത്, അവരുടെ നേതാക്കന്മാര്‍ പലരും ഇതുപോലുള്ള സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. അവര്‍ ബി.ജെ.പിയുടെ വേദികളില്‍ പോകാറുണ്ട്. അവരുടെ സെമിനാറില്‍ ബി.ജെ.പിക്കാരെ ക്ഷണിക്കാറും ഉണ്ട്. അതിലൊന്നും തെറ്റില്ല. ഞാന്‍ പോയാല്‍ ഞാന്‍ ബി.ജെ.പിക്കാരന്‍ അല്ലെങ്കില്‍ മൃദു ഹിന്ദുത്വവാദി. ഞാന്‍ പോയി അവിടെ എന്താണ് പറയുന്നത് എന്നാണ് നോക്കേണ്ടത്. അത്തരം വേദികളിലും എന്റെ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. ബി.ജെ.പിയുടെ പല കാര്യങ്ങളേയും അത്തരം വേദികളില്‍ വിമര്‍ശിച്ചിട്ടുമുണ്ട്. സി.എ.എ സമയത്ത് ബി.ജെ.പി അനുകൂല സംഘടന കോഴിക്കോട് അളകാപുരിയില്‍ നടത്തിയ സെമിനാറില്‍ എന്ന വിളിച്ചിരുന്നു. ഞാന്‍ അവിടെ എന്റെ അഭിപ്രായമാണ് പറഞ്ഞത്. വേദിക്ക് അനുസരിച്ച് ഞാന്‍ സംസാരിക്കാറില്ല. പു.ക.സ. പോലുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളിലൊക്കെ സജീവമായിട്ടുള്ള പല ആളുകളും മുസ്ലിം മതമൗലികവാദികള്‍ക്ക് രുചിക്കുന്ന രീതിയില്‍ സ്വത്വ രാഷ്ട്രീയം അവരുടെ വേദികളില്‍ അവതരിപ്പിക്കാറുണ്ട്. അവര്‍ നിരന്തരം ഇത്തരം വേദികളിലേക്കു ക്ഷണിക്കപ്പെടുന്നുമുണ്ട്. കാരണം അവര്‍ക്കനുകൂലമായിട്ടാണ് ഇവര്‍ സംസാരിക്കുന്നത് എന്നതുകൊണ്ടുകൂടിയാണ്.
സെക്കുലര്‍ ആശയങ്ങള്‍ പറയുമ്പോഴും ഇടതുപക്ഷത്തിന്റേയോ മറ്റു പാര്‍ട്ടികളുടേയോ വേദികളിലൊന്നും താങ്കളെ ഇപ്പോള്‍ കാണാറില്ലല്ലോ?
ഞാന്‍ ഏറ്റവും കൂടുതല്‍ പ്രസംഗിച്ചത് ഇടതുപക്ഷ വേദികളിലാണ്. 1980-കളുടെ ആദ്യം തൊട്ട് 2003 വരെ ഇടതുപക്ഷ വേദികളില്‍ എന്നെ വിളിക്കാറുണ്ട്. സ്വത്വരാഷ്ട്രീയം, ന്യൂനപക്ഷ വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന സമീപനം ശരിയല്ല എന്നു തുറന്നുപറയാന്‍ തുടങ്ങിയതോടുകൂടിയാണ് എന്നെ അകറ്റിനിര്‍ത്തിയത്. എന്റെ കാഴ്ചപ്പാടില്‍ രണ്ട് വര്‍ഗ്ഗീയതകളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഒരു വര്‍ഗ്ഗീയതയെ മാത്രം വിമര്‍ശിച്ചതുകൊണ്ട് കാര്യമില്ല.
ശരീഅത്ത് വിവാദം ഉണ്ടായ കാലത്ത് കേരളത്തിലുടനീളം സി.പി.എം വേദികളില്‍ പ്രസംഗിച്ചുനടന്നയാളാണ് ഞാന്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ മുസ്ലിംലീഗുകാര്‍ എന്നെ ആക്രമിക്കാന്‍ വന്നിരുന്നു. ഈ ആക്രമണം മുന്‍കൂട്ടി കണ്ടതുകൊണ്ട് സി.പി.എം അതിനുള്ള സജ്ജീകരണങ്ങള്‍ നടത്തിയതിനാല്‍ അവരെ തടയാന്‍ പറ്റി.
പഠിക്കുന്ന കാലത്ത് ഞാന്‍ കെ.എസ്.യു ആയിരുന്നു. കോണ്‍ഗ്രസ്സിനോടായിരുന്നു ആദ്യകാലത്ത് താല്പര്യം. കോളേജ് കഴിഞ്ഞ ശേഷമാണ് മാര്‍ക്‌സിസത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത്. എന്റെ ചിന്താഗതിയുമായി പൊരുത്തപ്പെടുന്ന ചിന്താരീതി അതാണ് എന്ന് മനസ്സിലാക്കി മാര്‍ക്‌സിസ്റ്റ് ലൈനിലേക്കു ഞാന്‍ മാറി. 1980-കളുടെ ആദ്യം തൊട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സി.പി.എമ്മിനോടാണ് അടുപ്പം തോന്നിയത്. അങ്ങനെയാണ് അവരുടെ സാംസ്‌കാരിക വേദികളിലേക്ക് എത്തുന്നത്. പത്തിരുപത് കൊല്ലക്കാലം അവരും അങ്ങനെയാണ് കണ്ടിരുന്നത്. ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ കാര്യത്തിലാണ് മാറ്റം വരുന്നത്. അത്തരം സംഘടനകളോട് കൂട്ടുകൂടി തദ്ദേശ സ്ഥാപനങ്ങള്‍ ഭരിക്കാം എന്നൊക്കെയുള്ള നിലപാട് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ആ ആശയത്തോട് യോജിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഞാന്‍ ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയിലും സജീവമായി പ്രവര്‍ത്തിച്ചിട്ടില്ല.
ഈ അഭിമുഖം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക