'യഥാര്‍ത്ഥത്തില്‍ മോദി സര്‍ക്കാര്‍ തനി സ്ത്രീവിരുദ്ധമാണ്'

കേരളത്തില്‍നിന്ന് 28 വര്‍ഷത്തിനുശേഷം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയ പി.കെ ശ്രീമതിയുടെ  രാഷ്ട്രീയവും ഇടപെടലുകളും 
'യഥാര്‍ത്ഥത്തില്‍ മോദി സര്‍ക്കാര്‍ തനി സ്ത്രീവിരുദ്ധമാണ്'

വിഎസ്. അച്യുതാനന്ദന്‍ സര്‍ക്കാരിലെ ആരോഗ്യമന്ത്രി, പത്തു വര്‍ഷം നിയമസഭാംഗവും അഞ്ചു വര്‍ഷം ലോക്സഭാംഗവുമായിരുന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം, പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏക സ്ത്രീ. ആദ്യം ജനപ്രതിനിധിയായത് 1990-ല്‍ ജില്ലാ കൗണ്‍സില്‍ അംഗം എന്ന നിലയില്‍. പിന്നീട് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആദ്യ അധ്യക്ഷ. കേരളത്തില്‍നിന്ന് 28 വര്‍ഷത്തിനുശേഷം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയ പി.കെ ശ്രീമതിയുടെ  രാഷ്ട്രീയവും ഇടപെടലുകളും 

രാഷ്ട്രീയ തിരിച്ചറിവുകളിലേക്ക് വന്നുതുടങ്ങിയ കാലത്തേക്കുറിച്ചു പറയാമോ? 

ആദ്യ തെരഞ്ഞെടുപ്പ് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മയ്യില്‍ ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു. കെ.എസ്.എഫിന്റെ സ്ഥാനാര്‍ത്ഥിയായി സ്‌കൂള്‍ പാര്‍ലമെന്റില്‍ സ്പീക്കറായി മത്സരിച്ചു. പഠിക്കുന്ന കാര്യത്തില്‍ മോശമായിരുന്നില്ല നാല് സഹോദരങ്ങളും ഞാനും. അച്ഛനും അമ്മയും അദ്ധ്യാപകര്‍. നാമനിര്‍ദ്ദേശപത്രിക കൊടുക്കുന്നതിനു മുന്‍പ് അച്ഛനോടും അമ്മയോടും ചോദിച്ചില്ല. അച്ഛന്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനായിരുന്നെങ്കിലും മരിക്കുന്നതുവരെ പാര്‍ട്ടിയുടെ മെമ്പറായിട്ടില്ല. അച്ഛന്റെ ഏട്ടന്‍ ഒതേനന്‍ മാഷ് ആ പ്രദേശത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവായിരുന്നു. കണ്ടക്കൈ സമരത്തിലൊക്കെ നേതൃപരമായ പങ്കാളിത്തം വഹിക്കുകയും അറസ്റ്റിലാവുകയും ജയിലില്‍ കഴിയുകയുമൊക്കെ ചെയ്ത വലിയ നേതാവ്. പാര്‍ട്ടി മെമ്പര്‍.  അച്ഛന്റെ രണ്ട് സഹോദരന്മാര്‍ അദ്ധ്യാപകരും പാര്‍ട്ടി പ്രവര്‍ത്തകരുമായിരുന്നു. നിരവധി അദ്ധ്യാപകര്‍ അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിരുന്നു. വലിയച്ഛന്റെ മകനും ഞാനും ഒരേ ക്ലാസ്സിലാണ്, ഒരേ പ്രായക്കാര്‍. അവനു കുറച്ച് സംഘടനാ പ്രവര്‍ത്തനമൊക്കെയുണ്ട്. നീ മത്സരിക്കണം എന്ന് എന്നോടു പറഞ്ഞു. ആദ്യം മടിച്ചെങ്കിലും മത്സരിച്ചു, ജയിച്ചു. 

സ്‌കൂള്‍ ഉള്ളതുകൊണ്ടു തന്നെ ടീച്ചറാക്കണം എന്ന ആഗ്രഹം എന്റെ അച്ഛനുണ്ടായിരുന്നു. വയനാട്ടില്‍ സെന്റ് മേരീസ് കോളേജില്‍ ചേര്‍ന്നു പഠിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞ്, അദ്ധ്യാപന പരിചയം കുറച്ചുകൂടി കിട്ടുന്നതിന് എറണാകുളം ഇടപ്പള്ളിയിലൊരു കോഴ്സ് കൂടിയുണ്ടായിരുന്നു, അഞ്ചുമാസം. ശരിക്കു പറഞ്ഞാല്‍, 1968-ല്‍ പതിനെട്ടാമത്തെ വയസ്സില്‍ ഞാന്‍ സ്‌കൂളില്‍ ജോലിക്കു ചേര്‍ന്നു. എന്റെ ഭര്‍ത്താവിന്റെ വീടിന്റെ തൊട്ടടുത്താണ് ആ സ്‌കൂള്‍; അച്ഛന്റെ അനിയന്റെ സ്‌കൂളാണത്. നെരുവമ്പ്രം യു.പി സ്‌കൂള്‍. ആദ്യമായി കേരളത്തില്‍ ദേശീയ അവാര്‍ഡ് വാങ്ങിയ ഒരു അദ്ധ്യാപകനായിരുന്നു അദ്ദേഹം; എന്‍.കെ. ഗോവിന്ദന്‍ നമ്പ്യാര്‍. നല്ല സ്‌കൂളാണ്. അഞ്ച്, ആറ്, ഏഴ് മാത്രമേയുള്ളൂ. പക്ഷേ, ആ കാലഘട്ടത്തില്‍തന്നെ പത്തറുന്നൂറോളം വിദ്യാര്‍ത്ഥികളുണ്ട്. ഇന്നും ആ പാരമ്പര്യം പുലര്‍ത്തുന്ന സ്‌കൂളാണത്. ഗവണ്‍മെന്റ് സ്‌കൂളില്‍ പോകണമെന്ന് എനിക്കു വലിയ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് പി.എസ്.സി പരീക്ഷ എഴുതി. ഇന്റര്‍വ്യൂ കഴിഞ്ഞ് അഡൈ്വസ് മെമ്മോ കിട്ടി രാമന്തളി ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പോസ്റ്റിംഗുമായി. അപ്പോഴേയ്ക്കും ഞാന്‍ ജോലിചെയ്തു തുടങ്ങിയിട്ട് വര്‍ഷം മൂന്നു കഴിഞ്ഞിരുന്നു. മൂന്നു കൊല്ലത്തെ സര്‍വ്വീസ് കളഞ്ഞിട്ട് ഗവണ്‍മെന്റ് സ്‌കൂളില്‍ പോകണോ എന്നു വീട്ടുകാരെല്ലാം സംശയം പറഞ്ഞു. ഗവണ്‍മെന്റ് സ്‌കൂളില്‍ ചേരണമെന്ന ആഗ്രഹം ബാക്കിയായിരുന്നെങ്കിലും സര്‍വ്വീസ് നഷ്ടപ്പെടുത്തിയിട്ട് പോകണ്ട എന്നുതന്നെ തീരുമാനിച്ചു. അന്നു പോയിരുന്നെങ്കില്‍ ഒരുപക്ഷേ, പിന്നീട് രാഷ്ട്രീയത്തില്‍ വരാന്‍ സാധിക്കുമായിരുന്നില്ല.

ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ആദ്യ ജയത്തോടെ മുഴുവന്‍സമയ രാഷ്ട്രീയത്തിലേക്കു മാറുകയായിരുന്നോ? 

രാഷ്ട്രീയം മുഴുവന്‍ സമയവും കൂടെത്തന്നെയുണ്ട്, അന്നും എന്നും. പക്ഷേ, സ്‌കൂളില്‍നിന്നു ജോലി മതിയാക്കി മുഴുവന്‍സമയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത് കുറച്ചുകൂടി കഴിഞ്ഞിട്ടാണ്. പി.എസ്.സി വഴി കിട്ടിയ ജോലി വേണ്ടെന്നുവെച്ച് നെരുവമ്പ്രം സ്‌കൂളില്‍തന്നെ തുടരുമ്പോഴാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കു സംവരണം വരുന്നത്. രാജ്യത്ത് ആദ്യമായി സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയത് ഇടതുമുന്നണി സര്‍ക്കാരായിരുന്നു. 1987-ല്‍ അധികാരത്തിലെത്തിയ ഇ.കെ. നായനാര്‍ സര്‍ക്കാരാണല്ലോ 1990-ല്‍ ജില്ലാ കൗണ്‍സില്‍ നിയമം കൊണ്ടുവന്നത്. 30 ശതമാനമായിരുന്നു സ്ത്രീ സംവരണം. 14-ല്‍ 13 ജില്ലാ കൗണ്‍സിലുകളിലും എല്‍.ഡി.എഫ് ജയിച്ച ആ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ചു, ജയിച്ചു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷയുമായി. അവധിയെടുക്കണം എന്ന നിര്‍ദ്ദേശമൊന്നും അന്നു വന്നിരുന്നില്ല. കളക്ടര്‍ സെക്രട്ടറിയായ ഒരു ജില്ലാ ഗവണ്‍മെന്റ് തന്നെയായിരുന്നു ജില്ലാ കൗണ്‍സില്‍. 73, 74 ഭരണഘടനാ ഭേദഗതിയൊന്നും അന്നു വന്നിട്ടില്ല. അതിനു മുന്‍പുതന്നെ അധികാര വികേന്ദ്രീകരണത്തിനു നമ്മള്‍ തുടക്കം കുറിച്ചു. പക്ഷേ, ഒരു കൊല്ലം കഴിഞ്ഞപ്പോഴേയ്ക്കും ഗവണ്‍മെന്റ് മാറി. 1991-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്നു. അവര്‍ ജില്ലാ കൗണ്‍സിലുകള്‍ക്കു പണം തരാതെ ശ്വാസംമുട്ടിച്ചു. പിന്നീട് പിരിച്ചുവിടുകയും ജില്ലാ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഇപ്പോഴത്തെ ത്രിതല പഞ്ചായത്ത് സംവിധാനം വരികയും ചെയ്തു. എന്‍.ജി.ഒ യൂണിയന്റെ നേതാവൊക്കെയായിരുന്ന ടി.കെ. ബാലന്‍ ആയിരുന്നു കണ്ണൂരില്‍ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ്. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന്റെ കൂടെ കുറച്ചുകാലം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ചെറുതാഴം, രാമന്തളി, കുഞ്ഞിമംഗലം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഡിവിഷനെയാണ് ഞാന്‍ പ്രതിനിധീകരിച്ചത്. 73, 74 ഭരണഘടനാ ഭേദഗതിക്കുശേഷമുള്ള 1995-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വനിതാ സംവരണമായിരുന്നു. എന്നെയാണ് പ്രസിഡന്റാകാന്‍ പാര്‍ട്ടി നിയോഗിച്ചത്. ആ ചുമതല ഏറ്റെടുത്തതു മുതല്‍ സ്‌കൂളില്‍നിന്ന് അവധിയെടുത്തു. പിന്നീട് വി.ആര്‍.എസ് എടുക്കുകയും ചെയ്തു. നാല്‍പത്തിയഞ്ചാമത്തെ വയസ്സിലാണ് സ്‌കൂള്‍ ജോലി വിട്ടത്. 

 പി.കെ ശ്രീമതി
 പി.കെ ശ്രീമതി

പക്ഷേ, പ്രവര്‍ത്തനം സംസ്ഥാന തലത്തിലേക്കു വ്യാപിപ്പിക്കുകയും ചെയ്തു. അതിലേക്ക് എത്തിയത് എങ്ങനെയാണ്? 

ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായതാണ് കാരണം. അന്നു പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമാണ്. മഹിളാ അസോസിയേഷന്റെ സംസ്ഥാന ചുമതല ഏറ്റെടുക്കുമ്പോള്‍ സ്വാഭാവികമായും കണ്ണൂരില്‍തന്നെ നില്‍ക്കാന്‍ പറ്റില്ല. അതുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. 

1997-ല്‍ കണ്ണൂരില്‍ ചേര്‍ന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനമാണ് എന്നെ സെക്രട്ടറിയാക്കിയത്. എം.സി. ജോസഫൈനായിരുന്നു സംസ്ഥാന പ്രസിഡന്റ്. 1978-ല്‍ പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1980-ല്‍ ലോക്കല്‍ കമ്മിറ്റി അംഗമായി, രണ്ടുകൊല്ലം കഴിഞ്ഞ് ഏരിയ കമ്മിറ്റിയംഗമായി. അവിടെ അഞ്ചാറ് കൊല്ലം പ്രവര്‍ത്തിച്ച ശേഷം ജില്ലാ കമ്മിറ്റിയിലായി. അതു കഴിഞ്ഞ് പത്തു പന്ത്രണ്ട് വര്‍ഷം കഴിഞ്ഞ് 1998-ലാണ് സംസ്ഥാന കമ്മിറ്റിയിലായത്. മഹിളാ അസോസിയേഷന്‍ സെക്രട്ടറിയായതിന്റെ പിറ്റേ വര്‍ഷം. രണ്ടുമാസം കഴിഞ്ഞ് കൊല്‍ക്കൊത്തയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്. 

പിണറായിയൊക്കെ കേന്ദ്ര കമ്മിറ്റിയില്‍ എത്തിയ പാര്‍ട്ടി കോണ്‍ഗ്രസ്. ആ പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷം, കൂടുതല്‍ സ്ത്രീകളെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് വലിയ വിമര്‍ശനം ഉയര്‍ന്നുവന്നു. അന്ന്, സുശീലാ ഗോപാലന്‍, അഹല്യ രങ്കനേക്കര്‍, വിമലാ രണദിവേ, കനക് മുഖര്‍ജി ഇവരൊക്കെയാണ് ഉണ്ടായിരുന്നത്. യഥാര്‍ത്ഥത്തില്‍, ബൃന്ദാ കാരാട്ട് ആ സമ്മേളനത്തില്‍ ഒഴിവാക്കപ്പെട്ടു. അതിനു മുന്‍പ് ഉണ്ടായിരുന്നു; പിന്നീട് നാല് കൊല്ലം കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായിരുന്നില്ല. പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷം കേന്ദ്ര കമ്മിറ്റിയുടെ ആദ്യ യോഗം ഒക്ടോബറില്‍ ചേര്‍ന്നപ്പോള്‍തന്നെ രണ്ടു സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഒന്ന് ബംഗാളിലെ സഖാവ് മിഥാരി, മറ്റേത് ഞാന്‍. സുശീലാ ഗോപാലനുശേഷം കേരളത്തില്‍നിന്ന് കേന്ദ്ര കമ്മിറ്റിയില്‍ അംഗമാകുന്ന സ്ത്രീയായി. നാലു കൊല്ലത്തിനുശേഷമാണ് സഖാവ് ജോസഫൈന്‍ വരുന്നത്. സംസ്ഥാന കമ്മിറ്റിയില്‍ വന്ന തൊട്ടു പിന്നാലെ കേന്ദ്ര കമ്മിറ്റിയിലും എത്താന്‍ കഴിഞ്ഞത് അവിചാരിതമായിരുന്നു. ഗൗരിയമ്മയ്ക്കുശേഷം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വന്ന സ്ത്രീയും ഞാനായിരുന്നു. ഇപ്പോഴും സെക്രട്ടേറിയറ്റില്‍ സ്ത്രീയായി ഞാന്‍ മാത്രമേയുള്ളൂ. 

യുവജന സംഘടനയിലാണല്ലോ ആദ്യം പ്രവര്‍ത്തിച്ചത്. ആ അനുഭവങ്ങള്‍ എന്തൊക്കെയാണ്? 

ഡി.വൈ.എഫ്.ഐക്കു മുന്‍പുള്ള യുവജന സംഘടനയായ കെ.എസ്.വൈ.എഫിന്റെ ബ്ലോക്ക് സമ്മേളനത്തില്‍ 1978-ല്‍തന്നെ ഞാനും മറ്റൊരു അദ്ധ്യാപിക സരോജിനിയും പ്രതിനിധിയായിട്ടുണ്ട്. അതിനുശേഷം ജില്ലാ സമ്മേളനത്തിലും തലശ്ശേരിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും പ്രതിനിധിയായി. സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അതുവരെ കെ.എസ്.വൈ.എഫില്‍ സ്ത്രീകളില്ല. അടിയന്തരാവസ്ഥയ്ക്കുശേഷമാണ് സ്ത്രീകളെ കൂടുതലായി സംഘടനാരംഗത്തേക്കു കൊണ്ടുവരാനുള്ള ശ്രമം എല്ലാ മേഖലകളിലും പാര്‍ട്ടി നടത്തുന്നു. ഞാനും ജോസഫൈനുമാണ് അന്ന് സംസ്ഥാന കമ്മിറ്റിയില്‍ വന്ന സ്ത്രീകള്‍. ഈ കാലത്തുതന്നെ കേരള മഹിളാ ഫെഡറേഷന്റെ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. അന്ന് മഹിളാ അസോസിയേഷന്‍ രൂപീകരിച്ചിട്ടില്ല. ഭര്‍ത്താവ് ഇ. ദാമോദരന്റെ ജ്യേഷ്ഠന്‍ ഇ. നാരായണന്‍ മാഷ് ആ മേഖലയില്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കളിലൊരാളായിരുന്നു. അദ്ദേഹത്തെ കൂടി മാതൃകയാക്കി അദ്ധ്യാപക സംഘടനാരംഗത്തൊക്കെ പ്രവര്‍ത്തിച്ചിരുന്നു. കുട്ടിക്കാലത്തെ രാഷ്ട്രീയ താല്പര്യം വളരാന്‍ പ്രത്യേകിച്ച് ആരുടേയും പ്രേരണയൊന്നും ഉണ്ടായിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ട്. മഹിളാ സമാജം സംഘടിപ്പിക്കാനും ബാലവാടി ഉണ്ടാക്കാനുമൊക്കെ സജീവമായി. അങ്ങനെ മഹിളാ ഫെഡറേഷന്റെ വില്ലേജ് സെക്രട്ടറിയായി. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞ് 1981-ലാണ് മഹിളാ അസോസിയേഷന്‍ വരുന്നത്. 1982-ല്‍ മഹിളാ അസോസിയേഷന്റെ മാടായി ഏരിയ കമ്മിറ്റി സെക്രട്ടറിയായി. അന്ന് അധികം ആളുകളൊന്നുമില്ല അസോസിയേഷന്. ഒരു പഞ്ചായത്തില്‍ നാലഞ്ചു പേരൊക്കെയുണ്ടാകും. ഒരു വര്‍ഷം കഴിഞ്ഞ് അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി. അത് 1995 വരെ തുടര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോഴാണ് മാറിയത്. സംസ്ഥാന സെക്രട്ടറിയായി ഒന്‍പതു വര്‍ഷം പ്രവര്‍ത്തിച്ചു. അതിനിടയിലാണ് 2001-ല്‍ ആദ്യമായി നിയമസഭയിലേക്കു പയ്യന്നൂരില്‍നിന്നു മത്സരിച്ചു ജയിച്ചത്. 

2013ൽ സെക്രട്ടേറിയറ്റ് നടയിൽ നടന്ന സമരത്തിൽ പങ്കെടുക്കാനായി റെ‍ഡ് വളണ്ടിയറുടെ ബൈക്കിൽ എത്തുന്ന പികെ ശ്രീമതി
2013ൽ സെക്രട്ടേറിയറ്റ് നടയിൽ നടന്ന സമരത്തിൽ പങ്കെടുക്കാനായി റെ‍ഡ് വളണ്ടിയറുടെ ബൈക്കിൽ എത്തുന്ന പികെ ശ്രീമതി

വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവും കോടിയേരി ബാലകൃഷ്ണന്‍ ഉപനേതാവുമായിരുന്ന 11-ാം നിയമസഭയില്‍ ആദ്യമായി എത്തിയത് പുതിയ ഒരുപാട് രാഷ്ട്രീയാനുഭവങ്ങളുടെ തുടക്കമായിരുന്നല്ലോ? 

അതെ. ആദ്യമായി എം.എല്‍.എ ആയ കാലത്തെ വലിയൊരു ഓര്‍മ്മയാണ് മുത്തങ്ങയിലെ ആദിവാസി സമരവും പൊലീസ് വെടിവയ്പും. ഞങ്ങള്‍ നാല് ഘടക കക്ഷികളിലെ ഓരോ എം.എല്‍.എമാര്‍ വീതം സെക്രട്ടേറിയറ്റിനു മുന്‍പില്‍ നിരാഹാര സമരം നടത്തി. പന്ത്രണ്ടാമത്തെ ദിവസമാണ് ഞാന്‍ എണീറ്റത്. അത്രയും നീണ്ട ദിവസങ്ങള്‍ കിടന്നവര്‍ കുറവാണ്. എനിക്കു വലിയ വിഷമമൊന്നും തോന്നിയില്ല, ദേഹം ക്ഷീണിച്ചു എന്നല്ലാതെ. പക്ഷേ, മറ്റൊരു വിഷമമുണ്ടായി. സി.പി.ഐയില്‍നിന്നു നിരാഹാരത്തില്‍ പങ്കെടുത്ത കെ.പി. രാജേന്ദ്രന് നാലാം ദിവസം നടുവേദന വന്നു. അദ്ദേഹത്തിന്റെ ചികിത്സയുടെ ഭാഗമായി പുരട്ടിയ തൈലത്തിന്റെ മണം എനിക്കു പിടിച്ചില്ല. എനിക്ക് അത്തരം മണങ്ങളൊന്നും പറ്റില്ല. അര ടീസ്പൂണോ ഒരു സ്പൂണോ അല്ലെങ്കില്‍ വലിയ ഒരു ടേബിള്‍ സ്പൂണോ വെള്ളത്തില്‍ ഉപ്പിട്ടാണ് നമുക്കു കുടിക്കാന്‍ തരുന്നത്. നിരാഹാരമാണ്, മറ്റൊന്നും പറ്റില്ല. ആ വെള്ളം മാത്രം ഇടയ്ക്കിടെ കഴിച്ചാണ് കിടക്കുന്നത്. വയറ്റില്‍ വേറൊന്നുമില്ല. ഈ മണം വന്നപ്പോള്‍ എനിക്കു ഭയങ്കരമായി ഛര്‍ദ്ദിക്കാന്‍ തോന്നി. വേഗം ആരോ ഒരു ബക്കറ്റ് കൊണ്ടുവന്നു, അതില്‍ ഛര്‍ദ്ദിച്ചു. കുടിച്ച വെള്ളം മുഴുവന്‍ ഛര്‍ദ്ദിച്ച് അവശയായി. ടീച്ചര്‍ക്ക് ഇനി എന്തായാലും തുടരാന്‍ പറ്റില്ല എന്ന് എല്ലാവരും പറഞ്ഞു. നോക്കാം, കുറച്ച് ഉപ്പുവെള്ളം കൊണ്ടുവന്നു തന്നാല്‍ മതി എന്നു ഞാന്‍ പറഞ്ഞു. പിന്നെ വിഷമമൊന്നും ഉണ്ടായില്ല. ഡോക്ടര്‍ ഇടയ്ക്കു വന്നു നോക്കി. സമരം കഴിഞ്ഞപ്പോഴേയ്ക്കും എണീറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത വിധമായിപ്പോയിരുന്നു. പക്ഷേ, രണ്ടാഴ്ചകൊണ്ട് പഴയതുപോലെയായി. 
 
എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ മന്ത്രിയാകും എന്ന സൂചന പാര്‍ട്ടി തന്നിരുന്നോ? 

മന്ത്രിയാകും എന്ന് യാതൊരു തരത്തിലുള്ള പ്രതീക്ഷയുമില്ലായിരുന്നു. നിനച്ചിരിക്കാതെ കേന്ദ്ര കമ്മിറ്റി അംഗമായതുപോലെ തന്നെയായിരുന്നു മന്ത്രിസ്ഥാനവും. സഖാവ് ജോസഫൈനും ഞാനും മത്സരിക്കുന്നുണ്ട്. ആ കാലം പാര്‍ട്ടിയില്‍ വിഭാഗീയത നല്ല രീതിയില്‍ നില്‍ക്കുന്ന സമയമാണ്. രണ്ടാമത് തവണ മത്സരിക്കുമ്പോഴേയ്ക്കും വിഭാഗീയത വളരെ രൂക്ഷമായിരുന്നു. ഓരോരോ നേതാക്കളുടെ പേരില്‍, ആര് ആരൊന്നിച്ച് എന്നുള്ള ഒരിത് ഇങ്ങനെ നില്‍ക്കുന്ന സമയത്താണ്. അതെല്ലാം പിന്നീട് എത്ര വേഗത്തിലാണ് അലിഞ്ഞലിഞ്ഞ് ഇല്ലാതാക്കാന്‍ കഴിഞ്ഞത് എന്നുള്ളതാണ്. അന്നത്തെ കാലത്ത് ഇതെല്ലാം നേരിട്ടു കണ്ട ഒരാളാണ് ഞാന്‍. ഞാന്‍ ദൂരെനിന്ന് ഇതെല്ലാം നോക്കും, എന്താണ് നടക്കുന്നതെന്ന്. വിഭാഗീയതയുടെ ഭാഗമായി ഓരോ പ്രശ്‌നവും വരുമ്പോള്‍ എന്നെ എങ്ങനെ എത്ര മോശമാക്കാം എന്നുള്ള ശ്രമങ്ങളൊക്കെ ഉണ്ടായി. അതൊന്നും ഞാനിപ്പോഴിനി വിസ്തരിച്ചു പറയേണ്ട കാര്യമില്ല. അതിനെയെല്ലാം ശക്തമായി നേരിട്ടാണ് വന്നത്. എന്നെ എനിക്കറിയാം; അതുകൊണ്ട് അതൊന്നും അത്ര കാര്യല്ലാണ്ട് എടുക്കുകയാണ് ചെയ്തത്. പക്ഷേ, 2006-ലെ തെരഞ്ഞെടുപ്പിലും ജോസഫൈന്‍ തോറ്റു. അപ്പോഴാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ എന്നെ വിളിച്ചു പറയുന്നത്, മന്ത്രിയാകേണ്ടിവരും എന്ന്. അങ്ങനെ തീരുമാനമെടുത്തു. ആരോഗ്യവകുപ്പാണെന്ന് പിറ്റേ ദിവസം പറഞ്ഞു. വി.എസ്. മുഖ്യമന്ത്രിയായ സര്‍ക്കാരില്‍ ആരോഗ്യ, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായി.

മന്ത്രിയായിരുന്ന അഞ്ചു വര്‍ഷത്തെ രാഷ്ട്രീയമായും ഭരണപരവുമായുള്ള അനുഭവങ്ങള്‍ എങ്ങനെയാണ് ഓര്‍ക്കുന്നത്? 

അന്നത്തെ ഗവണ്‍മെന്റ് ആശുപത്രിക വളരെ ശോച്യമായ അവസ്ഥയിലായിരുന്നു. പൂട്ടിയിട്ട നിലയിലാണ് പല സര്‍ക്കാരാശുപത്രികളും അന്നു ഞങ്ങള്‍ കണ്ടത്. എം.സി റോഡില്‍ കന്യാകുളങ്ങരയില്‍ പ്രാഥമികാരോഗ്യകേന്ദ്രം പൂട്ടിക്കിടക്കുന്നതു കണ്ട് നോക്കുമ്പോള്‍ അവിടെ പട്ടികള്‍ പ്രസവിച്ചുകിടക്കുകയാണ്. സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഡോക്ടര്‍മാരെ ചരിത്രത്തിലാദ്യമായി പിരിച്ചുവിടേണ്ടിവന്നു. പക്ഷേ, നിവൃത്തിയുണ്ടായിരുന്നില്ല. ഓരോ ആശുപത്രിയില്‍ പോകുമ്പോഴും ആവശ്യത്തിനു ഡോക്ടര്‍മാരില്ല. 25 പേര്‍ വേണ്ടിടത്ത് നാലും അഞ്ചും പേര്‍ മാത്രം. പലരും വിദേശ രാജ്യങ്ങളിലൊക്കെയാണ്. ആയുര്‍വ്വേദം, ഹോമിയോ, സിദ്ധ, യുനാനി എല്ലാ മേഖലകളേയും ആ ഗവണ്‍മെന്റ് പരിഗണിച്ചു. ആദ്യമായി ഒരു യുനാനി ഡോക്ടര്‍ സര്‍ക്കാര്‍ മേഖലയിലുണ്ടായത് അന്നാണ്. 

 ആദ്യം തന്നെ സര്‍ക്കാരാശുപത്രികളില്‍ ഡോക്ടര്‍മാരേയും നഴ്സുമാരേയും എത്തിക്കുന്നതിന് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി പ്രമോഷന്‍ കൊടുത്ത് പുതിയ ആളുകളെ കൊണ്ടുവരാനാണ് ശ്രമിച്ചത്. പിരിച്ചുവിടേണ്ടവരെ നടപടിക്രമങ്ങളെല്ലാം പാലിച്ച് പിരിച്ചുവിട്ടു. സ്ഥാനക്കയറ്റങ്ങളെല്ലാം മാനദണ്ഡങ്ങളനുസരിച്ചു നടപ്പാക്കി എന്‍ട്രി കേഡറില്‍ ഡോക്ടര്‍മാരെ എടുത്തു. അതില്‍ പി.എസ്.സി വലിയ തോതില്‍ സഹായിച്ചു. എന്‍.ആര്‍.എച്ച്.എമ്മിന്റെ (ഇന്ന് എന്‍.എച്ച്.എം) അനുവാദത്തോടെ ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഡോക്ടര്‍മാരെ നേരിട്ട് റിക്രൂട്ട് ചെയ്തു. 
ദിവസവേതനം 200 രൂപ മാത്രം വാങ്ങിയിരുന്ന ഗ്രേഡ് രണ്ട് അറ്റന്റേഴ്സിന്റെ ഉള്‍പ്പെടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. മാസം കേവലം 6000 രൂപ കിട്ടിയിരുന്ന സ്ഥാനത്ത് 17000 രൂപവരെയാണ് അവരുടെ ശമ്പളം കൂടിയത്. ആശുപത്രികളെല്ലാം വൃത്തിയാക്കി ദുര്‍ഗന്ധം മാറ്റി. ആശുപത്രികളില്‍ പ്ലാസ്റ്റിക് നിരോധിച്ചു. ഞാനുള്‍പ്പെടെ ശുചീകരണത്തിന് ഇറങ്ങി. ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ ഉണ്ടായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 150 കോടി രൂപ മുടക്കിയാണ് പുതിയ ഒ.പി.ഡി ബ്ലോക്കും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കും നിര്‍മ്മിച്ചത്. ആശുപത്രികളിലെ ഫാര്‍മസികളില്‍ എല്ലാ മരുന്നുകളും ഉറപ്പാക്കി. മരുന്നു വാങ്ങല്‍ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും സുതാര്യമാക്കി. ഇ ടെന്‍ഡര്‍ നടപ്പാക്കി. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍ വലിയ വിജയമായിരുന്നു. പിന്നീടു വന്ന കാരുണ്യ ഫാര്‍മസിയൊക്കെ യഥാര്‍ത്ഥത്തില്‍ വേണ്ടാത്ത സംഭവമായിപ്പോയി. എന്താണെന്നു വച്ചാല്‍, ഈ പൈസയെടുത്തിട്ടാണ് അവിടെ കാരുണ്യ ഫാര്‍മസി തുടങ്ങിയത്. മൂന്നു മാസത്തേയ്ക്ക് മെഡിക്കല്‍ കോളേജിനുവേണ്ടി മാത്രം ആലപ്പുഴയില്‍ നിര്‍മ്മിച്ച ഹൈടെക് വെയര്‍ഹൗസ് പിന്നീട് ആരോഗ്യമന്ത്രിയായ വി.എസ്. ശിവകുമാര്‍ കാരുണ്യ ഫാര്‍മസിയാക്കി ആളുകള്‍ക്ക് പൈസയ്ക്കു കൊടുക്കുന്ന സംവിധാനമാക്കി മാറ്റി. ആളുകള്‍ ധരിച്ചത്, എച്ച്.ഡി.എസില്‍ 40 രൂപയ്ക്കു കൊടുക്കുന്നത് പുറത്ത് 60 രൂപയ്ക്കാണ് കിട്ടുന്നത്; അതുതന്നെ ഇവിടെ 25. പക്ഷേ, ഇത് ഗവണ്‍മെന്റ് വകയാണ്. ഗവണ്‍മെന്റ് പണം ബിസിനസ്സിലേക്കു വന്നതാണ് കാരുണ്യ ഫാര്‍മസി. 

ആര്‍.എസ്.ബി.വൈ എന്നൊരു സ്‌കീം കൂടി വന്നപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റായ ഏതെങ്കിലുമൊരു രോഗിക്ക് ആവശ്യമുള്ള ഏതെങ്കിലുമൊരു മരുന്ന് ആ ആശുപത്രിയില്‍ ഇല്ലാതെ വന്നാല്‍ ആ മരുന്ന് സൂപ്രണ്ട് ഫാര്‍മസിസ്റ്റിനെക്കൊണ്ട് വാങ്ങിപ്പിച്ച് കൊടുക്കണം എന്ന് ഗവണ്‍മെന്റ് ഉത്തരവ് ഇറക്കി. ബൈസ്റ്റാന്ററെ പുറത്തേയ്ക്ക് അയയ്‌ക്കേണ്ടതില്ല. പിന്നീടു വന്ന സര്‍ക്കാര്‍ ആ ജി.ഒ റദ്ദാക്കി. അന്നു പക്ഷേ, പുറത്തുനിന്ന് മരുന്നു വാങ്ങേണ്ടി വരാറില്ലായിരുന്നു. 18 വയസ്സ് വരെയുള്ളവരുടെ സകലമാന ശസ്ത്രക്രിയകളും സൗജന്യമാക്കി. 32000 ഹൃദയശസ്ത്രക്രിയയാണ് 2009 മുതല്‍ 2019 വരെയുള്ള കാലത്ത് ശ്രീചിത്രയില്‍ ചെയ്തതെന്ന് ശ്രീചിത്ര ഡയറക്ടറായിരുന്ന ഡോ. ആഷാ കിഷോര്‍ എന്നോടു പറഞ്ഞു. പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കുവേണ്ടി മാത്രം സാമൂഹിക സുരക്ഷാ മിഷന്‍ ഉണ്ടാക്കിയത് ആ സര്‍ക്കാരാണ്. 

മൂന്നു നഴ്സിംഗ് കോളേജുകളുടെ സ്ഥാനത്ത് 10-12 നഴ്സിംഗ് കോളേജുകളായി. ആരോഗ്യ സര്‍വ്വകലാശാല സ്ഥാപിച്ചു. പെയിന്‍ ആന്റ് പാലിയേറ്റീവ് നയം കൊണ്ടുവന്നത് ആ സര്‍ക്കാരാണ്. എന്‍.ആര്‍.എച്ച്.എം വഴി 12 കോടി രൂപയാണ് അതിനു ചെലവഴിച്ചത്. മലപ്പുറത്തായിരുന്നു ഏറ്റവുമധികം. ഡോ. രാജഗോപാലും ഡോ. സുരേഷുമൊക്കെയായിരുന്നു അതിന്റെയൊരു സ്ഥാപകരായി പ്രവര്‍ത്തിച്ചത്. സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമായ ഉദ്യോഗസ്ഥരുടെ നല്ല ഒരു ടീം ആണ് അന്ന് കൂടെയുണ്ടായിരുന്നത്. ഡോ. ഉഷാ ടൈറ്റസ് ആയാലും ഡോ. ബിശ്വാസ് മേത്ത ആയാലുമൊക്കെ അതായിരുന്നു സ്ഥിതി. വകുപ്പില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ പാര്‍ട്ടിയും മുന്നണിയും നയം രൂപീകരിക്കും. അത് മന്ത്രിയെന്ന നിലയില്‍ വകുപ്പില്‍ പറഞ്ഞുകഴിഞ്ഞാല്‍ യാഥാര്‍ത്ഥ്യമാകുന്നതുവരെ ഇവരുടെ ഭാഗത്തുനിന്നുള്ളത് വലിയ പരിശ്രമമാണ്. അത് വലിയ ഒരു സഹായവും ധൈര്യവുമായിരുന്നു. 15 കൊല്ലംകൊണ്ട് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. 

ഇംഎംഎസിനും എംസി ജോസഫൈനുമൊപ്പം
ഇംഎംഎസിനും എംസി ജോസഫൈനുമൊപ്പം

ഇതൊക്കെയാണെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയതയുടെ കാലത്തിലൂടെത്തന്നെയാണല്ലോ 2006-ലെ സര്‍ക്കാര്‍ കടന്നുപോയത്. മുഖ്യമന്ത്രി വി.എസ്. കോടിയേരിക്ക് ആഭ്യന്തര വകുപ്പ് കൊടുത്തപ്പോള്‍ വിജിലന്‍സ് കയ്യില്‍ വെച്ചതും പിന്നീട് പാര്‍ട്ടി ഇടപെട്ട് വിജിലന്‍സ് കൂടി കൊടുപ്പിച്ചതും മുതല്‍ നിരവധി പ്രശ്‌നങ്ങള്‍. അതൊക്കെ എങ്ങനെയാണ് ബാധിച്ചത്. ആ അനുഭവങ്ങള്‍ എങ്ങനെ ഓര്‍ക്കുന്നു? 

എന്നെ സത്യത്തില്‍ ആ വിഷയങ്ങള്‍ ബാധിച്ചിട്ടില്ല. കാരണം ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി ഒരു തടസ്സമായിട്ടില്ല. എന്തെങ്കിലും കാര്യത്തിനു തടസ്സം നിന്ന അനുഭവം ആ അഞ്ചു വര്‍ഷക്കാലത്തും എനിക്ക് ഉണ്ടായിട്ടില്ല. പിന്നെ, പാര്‍ട്ടി പറയുന്നത് ചെയ്യുക എന്നതില്‍ കവിഞ്ഞ് ഞാന്‍ വ്യക്തികളുടെ ഭാഗത്തു നിന്നിട്ടില്ല. 

2014-ല്‍ പാര്‍ലമെന്റ് അംഗമായിരുന്നല്ലോ.  ആ കാലം എന്തുതരം അനുഭവങ്ങളാണ് തന്നത്? 

2014 മുതല്‍ 2019 വരെയുള്ള കാലത്തുതന്നെ അവരുടെ പോക്ക് എങ്ങോട്ടാണെന്ന് കൃത്യമായി അറിയാമായിരുന്നു. ചുമരായ ചുമര് മുഴുവന്‍ ഇംഗ്ലീഷ് മാറ്റി ഹിന്ദിയാക്കിയതൊക്കെ ചില സൂചനകള്‍ മാത്രം. ആരംഭം മുതല്‍തന്നെ ഓരോ സ്റ്റെപ്പും പ്രകടമായിരുന്നു. പക്ഷേ, ആക്രാന്തംപിടിച്ച കളിയായിരുന്നില്ല. രണ്ടാമത് വന്ന് രാജ്നാഥ് സിംഗില്‍നിന്ന് ആഭ്യന്തരവകുപ്പ് അമിത് ഷാ ഏറ്റെടുത്തതോടെ അവരുടെ യഥാര്‍ത്ഥ സമീപനം തുടങ്ങി. ജമ്മു-കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കിയത്, കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച 370-ാം വകുപ്പ് എടുത്തുകളഞ്ഞത്, പൗരത്വനിയമ ഭേദഗതി തുടങ്ങി രാജ്യത്തെ ഏതു നിലയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. അവസാനത്തെ കണ്ടില്ലേ, പാര്‍ലമെന്റിനു പുതിയ കെട്ടിടം ഉണ്ടാക്കുന്നു. അതുതന്നെ അത്യാവശ്യമില്ല. 

ഇപ്പോഴുള്ളതൊന്നും അവരുടെ ചരിത്രമല്ല. അവരുടെ ചരിത്രമാകണമെങ്കില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം വേണം. അതിന്റെ ഉദ്ഘാടനത്തില്‍നിന്ന് രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി. ആദിവാസി-ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍നിന്നുള്ള വിധവയായ സ്ത്രീയെ ഇത്തരം ചടങ്ങുകളില്‍നിന്ന് അകറ്റിനിര്‍ത്തുന്ന പ്രാകൃത സമീപനത്തിന്റെ ഭാഗമാണ് ആ തീരുമാനം. അവര്‍ തന്നെയാണ് വലിയ അഭിമാനത്തോടെ ആദിവാസി-ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍നിന്നുള്ള സ്ത്രീയെ രാഷ്ട്രപതിയാക്കിയത്. നമ്മളെല്ലാം അതില്‍ അഭിമാനിച്ചു. നല്ല കാര്യം തന്നെ. എന്നിട്ടാണ് ഇങ്ങനെ രാഷ്ട്രപതിയെ മാറ്റിനിര്‍ത്തിയത്. അതുപോലെ ചെങ്കോല്‍ എപ്പോഴാണ് നമ്മുടെ ജനാധിപത്യത്തിന്റെ ഭാഗമായിട്ടുള്ളത്?

യഥാര്‍ത്ഥത്തില്‍ മോദി സര്‍ക്കാര്‍, ബി.ജെ.പി സര്‍ക്കാര്‍ തനി സ്ത്രീവിരുദ്ധ സര്‍ക്കാരാണ്. സ്ത്രീകളെ അങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ രാജ്യസഭ പാസ്സാക്കിയ വനിതാ സംവരണ ബില്ല് ലോക്സഭയിലും പാസ്സാക്കാന്‍ ഈ ഒന്‍പതു വര്‍ഷത്തിനിടയില്‍ എപ്പോഴെങ്കിലും അവര്‍ താല്പര്യം കാണിക്കുമായിരുന്നല്ലോ. സ്ത്രീകളോട് യാതൊരു തരത്തിലുള്ള നീതിയും പുലര്‍ത്തുന്നില്ല. അനീതിയാണ് അവരുടെ മുഖമുദ്ര; അസമത്വം വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. ഇത് ഒരു ഗവണ്‍മെന്റിനും ഭൂഷണമല്ല. 

സ്ത്രീസംഘടനാ പ്രവര്‍ത്തനത്തിലെ അനുഭവങ്ങള്‍? സ്ത്രീകള്‍ക്ക് ഇപ്പോഴും ആത്മാഭിമാനത്തോടെ സുരക്ഷിതരായി ജീവിക്കാന്‍ തടസ്സമാകുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? 

കേരളത്തില്‍ സ്ത്രീപുരുഷ സമത്വം കൈവന്നു എന്നു ഞാന്‍ പറയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാര പങ്കാളിത്തം തുല്യതയിലും കൂടുതലാണ്. പാലോളി മുഹമ്മദുകുട്ടി തദ്ദേശ സ്വയംഭരണ മന്ത്രി ആയിരുന്ന വി.എസ്. ഗവണ്‍മെന്റാണ് 50 ശതമാനം സ്ത്രീ സംവരണം നടപ്പാക്കിയത്. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും ഉള്‍പ്പെടെ ഇവിടെ പകുതിവീതമാണ്. മറ്റു പല സംസ്ഥാനങ്ങളിലും 50 ശതമാനം സംവരണമുണ്ട്. 

പക്ഷേ, ഈ പറഞ്ഞതിലൊന്നുമില്ല. മാത്രമല്ല, ഒന്ന് അധികം വന്നാല്‍ അതു സ്ത്രീയായിരിക്കണം എന്ന നിബന്ധനയും കേരളത്തില്‍ മാത്രമേയുള്ളൂ. സംവരണത്തിനു പുറമേ ജനറല്‍ സീറ്റുകളിലും മത്സരിക്കുകയും ചെയ്യാം. അതില്‍ മാത്രം സമത്വമുണ്ട്. ബാക്കി ഒന്നിലുമില്ല. പക്ഷേ, സമത്വത്തിനു വേണ്ടിയുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനുവേണ്ടി കുറേ വര്‍ഷക്കാലമായി സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള പ്രവര്‍ത്തനം ഇടതുപക്ഷ ഗവണ്‍മെന്റ് നടത്തുന്നുണ്ട്. ഞങ്ങളുടെ പാര്‍ട്ടിയും അതു നല്ല രീതിയില്‍ ഏറ്റെടുത്തിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാന്‍ പറ്റും. 

സംസ്ഥാന കമ്മിറ്റിയില്‍ ഒരാളും രണ്ടാളും ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പത്തു പന്ത്രണ്ട് പേരുണ്ട്. കേന്ദ്ര കമ്മിറ്റിയില്‍ രണ്ടാള്‍ ആയിരുന്നിടത്ത് ഇപ്പോള്‍ കുറേപ്പേരുണ്ട്. താഴെ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാരായും ഇപ്പോള്‍ സ്ത്രീകള്‍ വന്നു; ഒരു ഏരിയാ സെക്രട്ടറിയുമുണ്ട്. പണ്ട് ഇങ്ങനെയൊന്നുമില്ലല്ലോ. മാറ്റമുണ്ട് എന്നു പറയാന്‍ കാര്യം, പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമേ അതു പറ്റൂ എന്നതുകൊണ്ടാണ്. സ്ത്രീകള്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുണ്ടോ, അവര്‍ക്കു മുന്നോട്ടുപോകാന്‍ കഴിയും. പ്രവര്‍ത്തിക്കാത്ത ഒരാളെ കമ്മിറ്റിയില്‍ വയ്ക്കാന്‍ പാര്‍ട്ടി തയ്യാറാകില്ല. പക്ഷേ, സാമൂഹിക, രാഷ്ട്രീയ, ഭരണരംഗങ്ങളില്‍ സ്ത്രീകളെ കൂടുതലായി കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്റെ പാര്‍ട്ടിയാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. 1957 മുതല്‍ ഇതുവരെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി-ഇടതു മുന്നണി ഗവണ്‍മെന്റുകളിലെല്ലാം മന്ത്രിയായി ഒരു സ്ത്രീയെങ്കിലുമുണ്ട്. കഴിഞ്ഞ ഗവണ്‍മെന്റില്‍ അതു രണ്ടു പേരായി, ഇത്തവണ മൂന്നു പേരായി. 

ഞാന്‍ മന്ത്രിയായിരിക്കുമ്പോള്‍ യു.ഡി.എഫിന്റെ പ്രതിപക്ഷത്ത് ഒരു വനിതപോലും ഉണ്ടായിട്ടില്ല. അതിനുമുന്‍പ് 2001-ല്‍ 100 സീറ്റ് നേടി അധികാരത്തിലെത്തിയിട്ടും ഒരു സ്ത്രീയെപ്പോലും മന്ത്രിയാക്കാന്‍ തയ്യാറായിട്ടില്ല കോണ്‍ഗ്രസ്സും യു.ഡി.എഫും. പിന്നീട് 2011-ലാണ് ഒരു വനിതാ മന്ത്രി വന്നത്; പി.കെ. ജയലക്ഷ്മി. ഇപ്പോള്‍തന്നെ പി.ടി. തോമസ് മരിച്ച ഒഴിവില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസ് ജയിച്ചതുകൊണ്ടാണല്ലോ കോണ്‍ഗ്രസ്സിന് ഒരു വനിതാ എം.എല്‍.എയുള്ളത്. ഇല്ലെങ്കില്‍ എവിടെയാണ് വനിത. ഇന്ത്യ ഭരിച്ച പാര്‍ട്ടിയുടെ അവസ്ഥയാണിത്. രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിം ലീഗിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്ര കഴിവുള്ള വനിതാ ജനപ്രതിനിധികളുണ്ട്? വനിതാ കമ്മിഷനംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമടക്കം ആയ ഉന്നത വിദ്യാഭ്യാസവും അനുഭവസമ്പത്തും പ്രായോഗിക പരിജ്ഞാനവുമൊക്കെയുള്ള സ്ത്രീകളുണ്ടല്ലോ. ഒരാളെയെങ്കിലും നിയമസഭയിലേക്കു ജയിപ്പിച്ചിട്ടുണ്ടോ? മത്സരിപ്പിച്ചാല്‍ പോരാ, ജയിക്കുന്ന സീറ്റില്‍ ഒരാളെയെങ്കിലും കൊണ്ടുവരണ്ടേ. 1957 മുതല്‍ ഇന്നുവരെ ലീഗിന് അതു സാധിച്ചിട്ടില്ല. 

പിണറായിക്കൊപ്പം
പിണറായിക്കൊപ്പം

പക്ഷേ, സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പിന്നിലല്ലേ? 

സ്ത്രീസുരക്ഷയില്‍ പിറകോട്ടു പോകുന്നു എന്നു ഞാന്‍ പറയില്ല. രാജ്യത്ത് മനുഷ്യമനസ്സ് ഒരുതരം ഭീകരമായ അവസ്ഥയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. പണ്ടും അക്രമവും കൊലപാതകവുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഈ അടുത്തകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില സംഭവങ്ങള്‍ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ചുകളയുന്നു. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമെല്ലാം ഇത്തരം സംഭവങ്ങളുണ്ട്. മദ്യം മാത്രമല്ല, മയക്കുമരുന്നും കൂടി വന്നതോടെ എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടേയും വ്യാപ്തി വര്‍ദ്ധിച്ചു. അന്ധവിശ്വാസത്തിന്റെ പേരില്‍ മനുഷ്യരെ ബലി നല്‍കുന്നു, പണത്തിനുവേണ്ടി ആളെക്കൊന്ന് കട്ടര്‍കൊണ്ട് മുറിച്ച് കഷണങ്ങളാക്കി ഉപേക്ഷിക്കുന്നു. ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാഹചര്യം ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. പക്ഷേ, ഒരു ഗുണം ഇവിടെയുണ്ട്; എന്തു കുറ്റകൃത്യവും ചെയ്തവരെ മണിക്കൂറുകള്‍ക്കുള്ളില്‍ നമ്മുടെ പൊലീസ് കണ്ടെത്തുന്നു. മികവുറ്റ പൊലീസാണ് നമ്മുടേത്. 

തൊഴിലിടങ്ങളിലെ ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റികള്‍ ദുര്‍ബ്ബലമാണ്; മിക്ക ഇടങ്ങളിലും പേരിനുപോലും ഇല്ല. അതുപോലെയാണ് ഗാര്‍ഹിക പീഡന നിയമം. പരാതിക്കാരിക്കു നീതി കിട്ടാത്തവിധം ദുര്‍ബ്ബലമാണ് അതിന്റെ നിലവിലെ സ്ഥിതി. ഇതൊക്കെ മഹിളാ അസോസിയേഷന്‍ ശ്രദ്ധിക്കുന്നുണ്ടോ, എന്താണ് പരിഹാരം? 

ശ്രദ്ധിച്ചിട്ടുണ്ട്; ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുമുണ്ട്. സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമങ്ങള്‍ സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടിയാണ് എന്നാണ് വയ്പ്. പക്ഷേ, പലപ്പോഴും പല നിയമങ്ങളും സ്ത്രീകളുടെ സംരക്ഷണത്തിന് എത്തുന്നില്ല. ഏതെങ്കിലും വിധത്തില്‍ അതിനെ ഇല്ലാതാക്കാനുള്ള ശ്രമം ഏതെങ്കിലുമാളുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കും. സ്ത്രീധന നിരോധന നിയമം എത്ര കാലമായി. എന്നിട്ടെന്താ, നിര്‍ഭയം പലരും വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നുണ്ട്. ഗാര്‍ഹിക പീഡന നിയമത്തിന്റെ സ്ഥിതിയും അതുതന്നെ. പക്ഷേ, സ്ത്രീകളെ വീടിനുള്ളില്‍ തോന്നുന്നതുപോലെ പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന സ്ഥിതി മുന്‍പത്തേക്കാള്‍ കുറച്ചൊന്നു കുറഞ്ഞിട്ടുണ്ട്. എങ്കിലും ഹരാസ്മെന്റ് എന്നു പറയുന്നത്, വീടിനുള്ളിലെ ഹരാസ്മെന്റും തൊഴിലിടത്തെ ഹരാസ്മെന്റുമൊന്നും പോയിട്ടില്ല. സ്ത്രീകളോടുള്ള മനോഭാവം മാറ്റാത്തിടത്തോളം ഏതു നിയമം കൊണ്ടുവെച്ചിട്ടും കാര്യമില്ലാത്ത സ്ഥിതിയാണ്. കേരളത്തില്‍ വിദ്യാസമ്പന്നരാണ്, സാംസ്‌കാരിക ഔന്നത്യമുള്ളവരാണ്. പക്ഷേ, ഈയിടെ ബസ്സിനുള്ളിലൊക്കെ നടന്ന സംഭവം എന്താണ് കാണിക്കുന്നത്? സ്ത്രീകളോടുള്ള മനോഭാവം മാറുക എന്നതാണ് പ്രധാനം. 

ബൃന്ദ കാരാട്ടിനൊപ്പം
ബൃന്ദ കാരാട്ടിനൊപ്പം

കേരളത്തില്‍ ഇടതുപക്ഷം കെട്ടിപ്പൊക്കിയ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പകിട്ടും മാതൃകയും ദുര്‍ബ്ബലമാകുന്നതായി തോന്നുന്നുണ്ടോ. വര്‍ഗ്ഗീയ സംഘടനകളുടെ പരിപാടികളിലും മുന്‍പത്തേക്കാള്‍ വലിയ സ്ത്രീപങ്കാളിത്തം കാണുന്നത് എന്തുതരം സൂചനയാണ്? 

ഞങ്ങള്‍ ആ വിഷയം ആ വിധത്തിലല്ല കാണുന്നത്. മതത്തിന്റേയും വര്‍ഗ്ഗീയതയുടേയും അടിസ്ഥാനത്തില്‍, മതാധിഷ്ഠിത നിലപാടില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും തീവ്രവാദ സംഘടനയോ മറ്റോ ഉണ്ടെങ്കില്‍ അവര്‍ക്ക് അവരുടെ കുടുംബത്തിലെ മുഴുവനാളുകളേയും കൊണ്ടുവരാന്‍ കഴിയുന്നവിധം വലിയ സമ്മേളനം നടത്താന്‍ കഴിഞ്ഞെന്നു വരും. സമ്മേളനം നടത്താന്‍ കഴിയുമെന്നേയുള്ളൂ; ആളെക്കൂട്ടാം. ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ലക്ഷം സ്ത്രീകളെ വേണമെങ്കില്‍ കൂട്ടാം. അതിനു പണമുണ്ടായാല്‍ മതി. പക്ഷേ, അതുപോലെയല്ല ഞങ്ങളുടെ സംഘടന. ഏതെങ്കിലുമാള്‍ക്ക് ബസ്സിനു കൂലി കൊടുത്തിട്ടല്ല കൊണ്ടുവരുന്നത്. ക്രമേണ സ്ത്രീകളെ മുഴുവന്‍ ആ രൂപത്തില്‍ തുല്യതയ്ക്കുവേണ്ടി, സാമൂഹിക പദവിക്കുവേണ്ടി, ഒരു മാറ്റത്തിനുവേണ്ടിയുള്ള ബോധവല്‍ക്കരണ പ്രക്രിയയിലേക്കാണ് ഞങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പണ്ടത്തെപ്പോലെയല്ല; ഓരോ ജില്ലയിലും നിരവധി മുസ്ലിം, ക്രിസ്ത്യന്‍ സ്ത്രീകള്‍ സംഘടനയിലേക്കു വരുന്നുണ്ട്.  

സ്ത്രീപക്ഷ നിലപാടുകളുള്ള പാര്‍ട്ടികള്‍ക്കു സ്വന്തം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതു നടപ്പാക്കുന്നതിന് എന്താണ് തടസ്സം. പ്രത്യേകിച്ചും സ്ത്രീ നേതാക്കള്‍ക്കു കുറവില്ലാത്ത സി.പി.എമ്മിന്? 

ആ രീതിയില്‍ ചിന്തിക്കുന്നതുകൊണ്ടു തന്നെയാണ് ഞങ്ങള്‍ ക്രമേണ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചുകൊണ്ടുവരുന്നത്. ഞാന്‍ സംഘടനാരംഗത്തു വരുമ്പോള്‍ രണ്ടോ മൂന്നോ പേരൊക്കെയാണ് മത്സരിക്കാന്‍ ഉണ്ടായിരുന്നത്. ക്രമേണ, ഒരു ജില്ലയില്‍ ഒരു സ്ത്രീയെങ്കിലും മത്സരിക്കാന്‍ ഉണ്ടായിരിക്കണം എന്നു തീരുമാനിച്ചു നടപ്പാക്കിയ പാര്‍ട്ടിയാണ് സി.പി.എം. ഇനിയും മാറും. അതുകൊണ്ടാണല്ലോ സംവരണമൊന്നുമില്ലെങ്കിലും കൂടുതല്‍ സ്ത്രീകളെ മന്ത്രിയാക്കുന്നത്. 

കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ ശ്വാസം മുട്ടിക്കല്‍ സമീപനം സ്വീകരിക്കുന്നു എന്ന വിമര്‍ശനം ശക്തമാണല്ലോ. അത് കേന്ദ്രത്തിനും ബി.ജെ.പിക്കും എതിരായ മുഖ്യ പ്രചാരണ വിഷയമായി മാറുകയാണോ? 

രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ് ഇപ്പോള്‍ കേരളത്തെ ലക്ഷ്യമിടുന്നത് ഒരു പ്രത്യേക രീതിയിലാണ്. ഏതെല്ലാം വിധത്തില്‍ സര്‍ക്കാരിനെ ശ്വാസം മുട്ടിക്കാം. സാമ്പത്തികമായി ഞെരിക്കാനാണ് കേരള സര്‍ക്കാരിന് അര്‍ഹമായ വായ്പയെടുക്കാനുള്ള അവകാശംപോലും നിഷേധിക്കുന്നത്. സംസ്ഥാന ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തി മാത്രമാണ് എപ്പോഴും ഇവര്‍ സംസാരിക്കുന്നത്. എന്നാല്‍, നിതി ആയോഗിന്റെ 2017 മുതലുള്ള റിപ്പോര്‍ട്ടില്‍തന്നെയാണ് പറയുന്നത് കേരളം എല്ലാ മേഖലയിലും മുന്നിലാണെന്ന്. കേരളത്തിന്റെ ഈ മാതൃക മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കണം എന്ന നിര്‍ദ്ദേശമാണ് യഥാര്‍ത്ഥത്തില്‍ ഇവര്‍ കൊടുക്കേണ്ടത്. പക്ഷേ, അതല്ല ചെയ്യുന്നത്. കുറ്റപ്പെടുത്തുന്നതിനുപകരം കണ്ടു പഠിക്കാന്‍ പറയണം. ഒരിക്കല്‍പോലും കേന്ദ്രമന്ത്രിമാരുടെ ഭാഗത്തുനിന്ന് ഒരു നല്ല വാക്കു പോലും കേരളത്തെക്കുറിച്ചു പറയാന്‍ തയ്യാറല്ല; മാത്രമല്ല, കടന്നാക്രമിക്കുക എന്നതുമാത്രം ശീലമാക്കിയിരിക്കുന്നു. അതു തുറന്നുകാട്ടുന്ന ശക്തമായ ക്യാംപെയ്ന്‍ സി.പി.എമ്മും എല്‍.ഡി.എഫും അനുബന്ധ സംഘടനകളും നടത്തുകതന്നെ ചെയ്യും. പക്ഷേ, പാര്‍ട്ടിയുടേയും മുന്നണിയുടേയും മാത്രം പ്രചാരണ പരിപാടിയായല്ല, ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ജനകീയ ക്യാംപെയ്നാണ് നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും കേരളത്തോടുള്ള നീതിരഹിതമായ സമീപനവും രാഷ്ട്രീയ എതിരാളികളോടുള്ള ജനാധിപത്യവിരുദ്ധമായ പ്രതികരണ രീതിയും തുറന്നുകാട്ടും. 

എംപിയായിരിക്കെ രാഷ്ട്രപതി ഭവനിൽ ഒളിംപിക്സ് മെഡൽ ജേതാക്കൾക്കു നൽകിയ സ്വീകരണത്തിൽ സാക്ഷി മാലിക്കടക്കമുള്ള താരങ്ങൾക്കൊപ്പം
എംപിയായിരിക്കെ രാഷ്ട്രപതി ഭവനിൽ ഒളിംപിക്സ് മെഡൽ ജേതാക്കൾക്കു നൽകിയ സ്വീകരണത്തിൽ സാക്ഷി മാലിക്കടക്കമുള്ള താരങ്ങൾക്കൊപ്പം

മതേതര വനിതാ സംഘടനകളുടെ ദേശീയതലത്തിലെ കൂട്ടായ്മയ്ക്കു സാധ്യതയുണ്ടോ? 

ദേശീയതലത്തില്‍ സ്ത്രീ സംഘടനകളുടെ ഏകോപനം ഇപ്പോള്‍തന്നെയുണ്ട്. ഗുസ്തി താരങ്ങള്‍ ഡല്‍ഹിയില്‍ നടത്തുന്ന സ്ത്രീ സംഘടനകളുടെ നേതൃത്വത്തില്‍ പിന്തുണ നല്‍കി. എല്ലാ സംഘടനകളും അതില്‍ സഹകരിച്ചു. നീതിക്കുവേണ്ടി പൊരുതുന്നതിനു സഹകരിക്കാന്‍ തയ്യാറുള്ള ഏതു സംഘടനയുമായും സഹകരിച്ചു മുന്നോട്ടുപോകാനാണ് തീരുമാനം. ഇന്ത്യന്‍ സ്ത്രീകളുടെ ജീവിതത്തില്‍ നീതി ഉറപ്പാക്കാനുള്ള ഇടപെടലുകളാണ് പ്രധാനം. ഒളിമ്പിക്‌സില്‍ പങ്കെടുത്ത് ഗുസ്തിയില്‍ മെഡല്‍ വാങ്ങിയ, ഇപ്പോള്‍ സമരനേതൃത്വത്തിലുള്ള സാക്ഷി മാലിക്കിന് രാഷ്ട്രപതിഭവനില്‍ നല്‍കിയ സ്വീകരണം ഓര്‍മ്മവരുന്നു. അന്ന് എം.പി എന്ന നിലയില്‍ പ്രത്യേക ക്ഷണിതാവായി അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നു. അര്‍ജുനാ അവാര്‍ഡ് വാങ്ങിയ ഒളിമ്പിക്‌സ് ജേതാവിനെയാണ് ഇന്ന് നടുറോഡില്‍ പൊലീസ് വലിച്ചിഴയ്ക്കുന്നത്. ഇത് രാജ്യത്തിന് അപമാനമല്ലേ? ലോകത്തെവിടെയെങ്കിലും കേട്ടിട്ടുണ്ടോ, സ്വന്തം രാജ്യത്തിനു മെഡല്‍ വാങ്ങിക്കൊടുത്തവര്‍ നീതിക്കുവേണ്ടി സമരം ചെയ്യേണ്ടിവരിക, അവരെ പൊലീസ് വലിച്ചിഴയ്ക്കുക, ഗവണ്‍മെന്റ് ഒന്നും മിണ്ടാതിരിക്കുക. ഇത് മാപ്പര്‍ഹിക്കുന്നില്ല. അവരോടൊക്കെയുള്ള സമീപനം ഇതാണെങ്കില്‍, ഇതല്ലേ സ്ത്രീവിരുദ്ധം.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com