ഓരോരോ യോഗങ്ങള്‍

മനുഷ്യജീവിതത്തില്‍ പലവിധ യോഗങ്ങള്‍ ഓരോരുത്തരേയും കാത്തിരിക്കുന്നുണ്ട്. അതില്‍നിന്നും എങ്ങനെയൊക്കെ ഊരിപ്പോരാന്‍ നോക്കിയാലും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ യോഗം നമ്മളെ അതില്‍ പെടുത്തിയിരിക്കും.
ജോയ് മാത്യു
ജോയ് മാത്യു

മനുഷ്യജീവിതത്തില്‍ പലവിധ യോഗങ്ങള്‍ ഓരോരുത്തരേയും കാത്തിരിക്കുന്നുണ്ട്. അതില്‍നിന്നും എങ്ങനെയൊക്കെ ഊരിപ്പോരാന്‍ നോക്കിയാലും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ യോഗം നമ്മളെ അതില്‍ പെടുത്തിയിരിക്കും. അത്തരത്തില്‍ എന്നെ തിരഞ്ഞുവന്നതോ ഞാന്‍ തിരഞ്ഞുപിടിച്ചതോ ആയ ഒരു യോഗമുണ്ടായി അതാണ് 'നാടകയോഗം.'

നാടകത്തിന്റെ ഒരു യോഗമേ!

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളിലായിരിക്കണം ഞാനീ യോഗത്തില്‍ ചെന്നുചാടുന്നത്. അതുപക്ഷേ, പിന്നീടുള്ള എന്റെ നാടകജീവിതത്തിന് ഒരു നല്ല യോഗമുണ്ടാക്കി എന്നതില്‍ സംശയമില്ല.

ഞാനന്ന് കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു. ആയിടയ്ക്ക് പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് 'നാടകയോഗം' എന്ന പ്രസ്ഥാനത്തെക്കുറിച്ച് അറിയാന്‍ ഇടവന്നത്.

വാര്‍ത്ത ഇതായിരുന്നു: ''കേരളത്തിലെ കാമ്പസ് തിയേറ്റര്‍ സങ്കല്പത്തെ മുന്‍നിര്‍ത്തി പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഒരു നാടകക്യാമ്പ് 'നാടകയോഗം' തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അപേക്ഷിക്കുക.''

താമസിച്ചില്ല, അടുത്ത തപാലില്‍ത്തന്നെ അപേക്ഷ വിട്ടു. ക്യാമ്പില്‍ പങ്കെടുക്കുന്നതില്‍ എന്നെ പ്രധാനമായി ആകര്‍ഷിച്ചതിനു മൂന്ന് കാരണങ്ങളുണ്ടായിരുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നതിനു പ്രത്യേക ഫീസില്ലെന്നുള്ളതാണ് അതില്‍ ഒന്നാമത്തെ കാരണം. രണ്ടാമത്തെ ആകര്‍ഷണം താമസവും ഭക്ഷണവും സൗജന്യമാണെന്നുള്ളതാണ്. മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ ആകര്‍ഷണം 'ക്യാമ്പസ് തിയേറ്റര്‍' എന്നതുതന്നെ.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ കോഴിക്കോട് അമച്വര്‍ നാടകവേദിയിലെ ചില നാടകങ്ങളിലൂടെയും 'രണചേതന' തിയറ്റേഴ്സിന്റെ ബാനറില്‍ മധു മാസ്റ്റര്‍ സംവിധാനം ചെയ്ത മാക്സിം ഗോര്‍ക്കിയുടെ 'അമ്മ' നാടകത്തിലെ പ്രധാന കഥാപാത്രമായി കേരളത്തിലെ പത്തെഴുപത് സ്റ്റേജുകളില്‍ ഞാനതിനകം തന്നെ അഭിനയിച്ചു കഴിഞ്ഞിരുന്നു. നാടകത്തിന്റെ സാധ്യതകള്‍ രാഷ്ട്രീയമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന അന്വേഷണങ്ങള്‍ സജീവമായിരുന്ന ഒരുകാലം കൂടി ആയിരുന്നല്ലോ അത്. 'ക്യാമ്പസ് തിയേറ്റര്‍' എന്ന സങ്കല്പത്തെക്കുറിച്ച് ചില വായിച്ചറിവുകള്‍ മാത്രമേ അതുവരെ എനിക്കുണ്ടായിരുന്നുള്ളൂ, അതേപ്പറ്റി കൂടുതല്‍ പഠിക്കുവാന്‍ ഈ ക്യാമ്പ് ഉപകരിച്ചേക്കാം എന്ന ചിന്തയും കൂടിയായപ്പോള്‍ പിന്നെ വേണ്ടത് വണ്ടിക്കൂലി മാത്രം!

അത് എങ്ങനെയൊക്കെയോ സംഘടിപ്പിക്കപ്പെട്ടു.

കെ. രഘു,
പഴയ ചിത്രം
കെ. രഘു, പഴയ ചിത്രം

അധികം വൈകാതെ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ക്ഷണിച്ചുകൊണ്ടുള്ള 'നാടകയോഗ'ത്തിന്റെ മറുപടി എന്നെ തേടിയെത്തി. ഓണം അവധിക്കാലത്താണ് ക്യാമ്പ്. പക്ഷേ, കൂട്ടുകാരാരും ഇല്ലാത്ത പത്തുദിവസങ്ങള്‍ ഓര്‍ത്തപ്പോള്‍ ക്യാമ്പില്‍ പങ്കെടുക്കണമോ എന്നൊരു സന്ദേഹം എന്നെ പിടികൂടി. ഭാഗ്യം! ഞങ്ങളുടെ കോളേജില്‍ തന്നെയുള്ള അജിത്ത് പാലയാട്ട് എന്ന വിദ്യാര്‍ത്ഥിയും ക്യാമ്പില്‍ പങ്കെടുക്കുവാന്‍ പോകുന്നുണ്ടത്രേ. ഹാവൂ കൂട്ടിന് ഒരാളായല്ലോ, അതും ഒരു കോഴിക്കോട്ടുകാരന്‍. അതിലുപരി സഹപാഠി; ആകെ ഒരു കുഴപ്പമുള്ളത് അവന്‍ കഥയെഴുതിക്കളയും എന്നതാണ്.

വടകരക്കാരനായ അജിത്ത് അല്പസ്വല്പം ചെറുകഥാരചനകളൊക്കെ നടത്തിപ്പോരുന്ന ഒരാളായതിനാലാണ് പാലയാട്ട് എന്ന അയാളുടെ വീട്ടുപേര് സ്വന്തം പേരിനോടൊപ്പം കൂട്ടിക്കെട്ടിയത്. ഇന്നും പലരും അങ്ങനെയാണല്ലോ. ചിലര്‍ വീട്ടുപേര് വാലാക്കി പേരിനൊപ്പം പുറകില്‍ തൂക്കിയിടും, ചിലര്‍ ജാതിപ്പേരാണ് തൂക്കിയിടുന്നതെങ്കില്‍ മറ്റു ചിലര്‍ ഒരു പ്രദേശം മുഴുവനുമെടുത്ത് തൂക്കിയിടും. അജിത്ത് പലയാട്ടിന്റെ കഥകളൊന്നും അതുവരെ ഞാന്‍ വായിച്ചിരുന്നില്ല കാരണം, അക്കാലത്ത് വടകരയിലെ ജനസംഖ്യയില്‍ വലിയൊരു ശതമാനം മനുഷ്യരും കഥാകൃത്തുക്കളോ സാഹിത്യകാരന്മാരോ ആയിരുന്നു!

അങ്ങനെ ഞങ്ങളൊരുമിച്ച് തിരുവനന്തപുരത്തിന് തീവണ്ടിമാര്‍ഗ്ഗം യാത്ര തിരിച്ചു. യാത്രാകാര്യങ്ങളില്‍ ഏറെ ഉദാസീനനായിരുന്ന എനിക്ക് ടിക്കറ്റ് ബുക്ക് ചെയ്യുക, കൃത്യസമയത്ത് സ്റ്റേഷനില്‍ എത്തുക തുടങ്ങിയ വിനോദങ്ങളിലൊന്നും അശേഷം താല്പര്യമുണ്ടായിരുന്നില്ല.

അതിനാല്‍ ഞാന്‍ ഒരു മൂന്നാംക്ലാസ്സ് ടിക്കറ്റില്‍ ഒരു ഇരിപ്പിടം ഒപ്പിച്ചെടുത്ത് കോഴിക്കോട്ടുനിന്നും കയറി.

അതേ വണ്ടിയില്‍ അജിത്ത് പലയാട്ട് വടകരയില്‍നിന്നും കയറിയിരുന്നു; പക്ഷേ, ഫസ്റ്റ് ക്ലാസ്സില്‍ ആണെന്നു മാത്രം. അവന്റെ അച്ഛന്‍ റെയില്‍വേയില്‍ ഏതോ ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്ന ആളായതിനാലാണ് അവന്‍ ഒന്നാംക്ലാസ്സ് ടിക്കറ്റ്, അതും സൗജന്യം തരപ്പെടുത്തിയത് എന്ന് ഞാന്‍ സമാധാനിച്ചെങ്കിലും അവന്‍ പറഞ്ഞ മറ്റൊരു കാര്യം കേട്ടപ്പോള്‍ എനിക്കവനോട് നല്ല കുശുമ്പ് തോന്നി. സംഭവം വേറൊന്നുമല്ല, അവന്‍ സഞ്ചരിച്ച കംപാര്‍ട്ട്മെന്റില്‍ സാക്ഷാല്‍ പ്രേംനസീര്‍ ഉണ്ടായിരുന്നത്രെ. അവനോട് അദ്ദേഹം സംസാരിച്ചുവെന്നും ഒരുമിച്ച് ചായ വാങ്ങി കുടിച്ചെന്നുമൊക്കെ അവന്‍ പറഞ്ഞപ്പോള്‍ ശരിക്കും എനിക്ക് അവനോട് അല്പം അസൂയ തോന്നുകയും തിരുവനന്തപുരത്ത് ഇറങ്ങിപ്പോകുമ്പോള്‍പ്പോലും പ്രേംനസീറിനെ ഞാന്‍ കാണാത്തതിനാല്‍ അവന്‍ പറഞ്ഞത് വെറും വിടല്‍സ്(നുണ)ആയിരിക്കുമെന്ന് അന്നുമുതല്‍ ഇന്നുവരെ ഞാന്‍ വിശ്വസിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

അങ്ങനെ ഞങ്ങള്‍ ഇരുവരും കരമനയാറ്റിന്‍ തീരത്തുള്ള 'നാടകയോഗ'ത്തിന്റെ ആസ്ഥാനത്തെത്തി. നാടകഭ്രമം തലയ്ക്കുപിടിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വന്നുചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ ഒരു വന്‍സംഘത്തെയായിരുന്നു ഞങ്ങള്‍ അവിടെ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍, ഞങ്ങളുടെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായ കാഴ്ചകളായിരുന്നു ഞങ്ങളെ വരവേറ്റത്. ഓടിട്ട ഒരു ചെറിയ വീടും വിശാലമായ മുറ്റവും മുറ്റത്തിന്റെ ഒരു ഭാഗത്ത് ഒരുക്കിയിരിക്കുന്ന ഓലമേഞ്ഞ ഒരു കളരിസ്ഥലവുമാണ് 'നാടകയോഗം' ആസ്ഥാനം.

ഇതാണോ ക്യാമ്പ്? ഞാനും അജിത്ത് പലയാട്ടും പരസ്പരം നോക്കി. അപ്പോള്‍ ഒരാള്‍ കൂടെ ഞങ്ങളോടൊപ്പം നടന്നുവരുന്നുണ്ടായിരുന്നു - അലക്സ് എന്ന കോട്ടയംകാരന്‍. ഹാവൂ ക്യാമ്പിലേക്ക് ഒരു അന്തേവാസി കൂടിയായി എന്ന് ഞങ്ങള്‍ ആശ്വാസംകൊണ്ടു. (അയാള്‍ പിന്നെവിടെപ്പോയി മറഞ്ഞുവോ എന്തോ) ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍ ജോലിയുണ്ടായിരുന്ന അജയന്‍* എന്നൊരാളും ഞങ്ങളുടെയൊക്കെ പ്രായത്തിലുള്ള രഘുത്തമനുമായിരുന്നു ക്യാമ്പിലേക്ക് ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നത്.

സ്നേഹപൂര്‍വ്വം അവര്‍ ഞങ്ങളെ വീട്ടിനകത്തേക്ക് കൊണ്ടുപോയി ഒരു മുറി കാണിച്ചുതന്നു. പ്രതീക്ഷകള്‍ക്ക് അടികിട്ടിയപോലെ ഞാന്‍ പുളഞ്ഞു.

ഞങ്ങളുടെയൊക്കെ പ്രായത്തിലുള്ളയാളും ഞങ്ങളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ നോക്കിയിരുന്നതും രഘുത്തമനായതുകൊണ്ട് ഞാനെന്റെ പല സംശയങ്ങളും തീര്‍ത്തിരുന്നത് രഘുത്തമനോടായിരുന്നു.

അങ്ങനെയാണ് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നോ തനത് നാടകസ്‌കൂളായ തിരുവരങ്ങില്‍ നിന്നോ നാടകം പഠിച്ചിറങ്ങിയ ആളല്ല നമ്മുടെ രഘുചേട്ടനെന്നും ഒറ്റക്കൊരു യോഗമാണ് രഘുചേട്ടന്റെ നാടകയോഗമെന്നും നാടകത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച് പുതിയൊരു നാടക ചിന്തയും പ്രയോഗവുമായി നാടകത്തിലേക്ക് ഇറങ്ങിയ വ്യക്തിയാണ് രഘുചേട്ടന്‍ എന്നും രഘുത്തമന്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നു.

ആശ്രമജീവിതത്തിന്റെ മനം മടുപ്പിക്കുന്ന മൗനങ്ങളും പച്ചക്കറി ജീവിതവും എനിക്കു പണ്ടേ ഇഷ്ടമുള്ള കാര്യമല്ല. ആളും ബഹളവുമാണ് എനിക്ക് കച്ചേരി.

രാത്രി ഞാന്‍ അജിത്തിനോട് ചോദിച്ചു: ''ഒളിച്ചോടിയാലോ?''

അവന്‍ ആദ്യം ഒന്ന് ഞെട്ടി. പിന്നെ എന്നെ നിരുത്സാഹപ്പെടുത്തി.

''നാളെക്കൂടി കഴിയട്ടെ എന്നിട്ട് തീരുമാനിക്കാം.''

ആ രാത്രി ഉറക്കം വരാതെ ഞാനുറങ്ങി.

നേരം രാവിലെയായി. സാമുവല്‍ ബെക്കറ്റിന്റെ 'ഗോദോയെക്കാത്ത്' എന്ന നാടകത്തില്‍ ഗോദോയെ കാത്തിരിക്കുന്നവരോട് ''ദാ ഇപ്പോള്‍ വരും, ഇപ്പോള്‍ വരും'' എന്ന് അജയനും രഘുത്തമനും മൊഴിഞ്ഞുകൊണ്ടിരുന്ന 'നാടകയോഗ'ത്തിലെ പ്രധാനി കെ. രഘു എന്ന രഘുചേട്ടന്‍ അപ്പോള്‍ രംഗപ്രവേശം ചെയ്തു.

നാടകയോഗം കെ. രഘു
നാടകയോഗം കെ. രഘു

ഒറ്റനോട്ടത്തില്‍ സംവിധായകന്‍ അരവിന്ദന്റെ ലുക്ക്. അതേ വട്ടമുഖം, പതിഞ്ഞ മൂക്ക്, മുടിയും താടിയും അതുതന്നെ, പിന്നെ അതേ ആചാര്യഭാവവും. പോരാത്തതിന് അയഞ്ഞ പരുക്കന്‍ തുണിയില്‍ തയ്ച്ച ഷര്‍ട്ടും കാവി മുണ്ടും. ഇതിനൊക്കെപ്പുറമെ അരവിന്ദനെപ്പോലെത്തന്നെ മിത ഭാഷിത്വം. മുഖത്താണെങ്കില്‍ ഒട്ടിച്ചുവെച്ചപോലുള്ള തത്ത്വചിന്തച്ചിരിയും.

അദ്ദേഹം ഞങ്ങളെ പരിചയപ്പെട്ടു, സ്വയം പരിചയപ്പെടുത്തിയതുമില്ല. സൗമ്യതയായിരുന്നു രഘുചേട്ടന്റെ മൊത്തം ഇടപെടലില്‍ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ക്യാമ്പ് അംഗങ്ങള്‍ മൂന്നുപേരേയുള്ളൂ എന്നതൊന്നും കക്ഷിക്കു പ്രശ്നമേ ആയിരുന്നില്ല. കാരണം പണസമ്പാദനത്തിനുവേണ്ടിയായിരുന്നില്ലല്ലോ ഈ ക്യാമ്പ്.

രഘുചേട്ടന് മൊത്തത്തില്‍ ഒരു ആചാര്യഭാവമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്നെയായിരിക്കും നാടകയോഗത്തിന്റെ ജീവനാഡി എന്ന് ഞങ്ങള്‍ക്ക് വേഗത്തില്‍ത്തന്നെ മനസ്സിലായി, പിന്നെ പ്രാതലിന്റെ സമയമായി. അജയനാണെന്നു തോന്നുന്നു അവിടത്തെ പ്രധാന പാചകക്കാരന്‍. ഉപ്പുമാവും പഴവും കാപ്പിയും ആയിരുന്നു അന്നത്തെ പ്രാതലിന്. അന്നത്തെ എന്നല്ല പിന്നീടുള്ള പത്ത് ദിവസവും അത് തന്നെയായിരുന്നു എന്നാണോര്‍മ്മ.

പ്രഭാതത്തില്‍ ചില വ്യായാമങ്ങളൊക്കെയുണ്ട്. രഘുത്തമനായിരുന്നു അതിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത്. ഞങ്ങള്‍ മൂന്നു വിദ്യാര്‍ത്ഥികളും അതൊക്കെ എല്ലാ ദിവസവും പരിശീലിച്ചു. ഒരു നടനാവണമെങ്കില്‍ ഇങ്ങനെയൊക്കെ വേണമോ എന്ന ചിന്ത നാടകക്കളരികളെക്കുറിച്ച് കേട്ട നാള്‍മുതല്‍ എന്നില്‍ സന്ദേഹമുണ്ടാക്കിയിരുന്നു.

എങ്കിലും ഭക്ഷണവും താമസവും സൗജന്യമായി ലഭിക്കുന്നതല്ലേ, കുറച്ച് വ്യായാമംകൂടി ആയിക്കോട്ടെ എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

വ്യായാമം കഴിഞ്ഞാല്‍ നാടകസംബന്ധിയായ ക്ലാസ്സ് തുടങ്ങുകയായി. ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ തുടങ്ങിയ പലവ്യഞ്ജനങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ക്യാമ്പസ് തിയേറ്ററിനെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു അതില്‍ പ്രധാനം. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നാടകങ്ങള്‍ അവതരിപ്പിക്കുവാനുള്ള ഒരു കര്‍മ്മപദ്ധതിയും അത് നടപ്പില്‍ വരുത്താനുള്ള നാടകപ്രവര്‍ത്തകരേയും സജ്ജമാക്കുകയായിരുന്നു ക്യാമ്പിന്റെ ഉദ്ദേശ്യം. പകല്‍ ചര്‍ച്ചകളും വൈകീട്ട് നടുമുറ്റത്ത് ചെറിയ നാടകങ്ങളുടെ അരങ്ങേറ്റവുമായിരുന്നു മറ്റു ദിനചര്യകള്‍. ഏക-മൂകാഭിനയങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള നാടകാവതരണങ്ങളായിരുന്നു അധികവും. തുടര്‍ന്ന് അതിനെക്കുറിച്ചുള്ള ചര്‍ച്ചകളാരംഭിക്കുകയായി. അതും പോരാതെ വന്നാല്‍ അത്താഴത്തിന് കഞ്ഞിയും പുഴുക്കും ഞങ്ങള്‍ക്ക് മുന്നിലെത്തും. അതോടെ ഒരു ദിവസം കഴിഞ്ഞുകിട്ടും.

രഘുത്തമന്‍
രഘുത്തമന്‍ Manu R Mavelil

ഒരാഴ്ചക്കാലം ഞങ്ങള്‍ മൂന്നു നാടകപഠിതാക്കളും ഗുരുകുലജീവികളായ മറ്റു നാലുപേരും നാടകയോഗത്തില്‍ കഴിഞ്ഞുകൂടി. അവസാന ദിവസം നാടകയോഗത്തിന്റെ ഒരു നാടകാവതരണവും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരുന്നു. എന്നാല്‍, ഞങ്ങളെ അതിലേറെ അമ്പരപ്പിച്ചതും ആഹ്ലാദിപ്പിച്ചതുമായ ഒരു സംഭവമുണ്ടായി. ക്യാമ്പ് അവസാനിക്കുന്ന ദിവസം രഘുത്തമന്‍ ഞങ്ങള്‍ മൂന്നു വാനരരേയുംകൊണ്ട് തിരുവനന്തപുരം നഗരത്തിലേക്ക് യാത്രതിരിച്ചു.

തലസ്ഥാനത്തെ കാഴ്ചബംഗ്ലാവും മ്യൂസിയവുമൊക്കെ കാണിക്കുവാനാണോ ഞങ്ങളെ കൊണ്ടുപോകുന്നത് എന്നാണ് ഞങ്ങള്‍ വിദേശികള്‍ കരുതിയത്. നല്ല തിരോന്തരം നട്ടുച്ച. വിശന്നിട്ടാണെങ്കില്‍ കണ്ണുകാണാന്‍ വയ്യാത്തതിനാല്‍ ഞങ്ങള്‍ കൈകള്‍ പരസ്പരം കൂട്ടിപ്പിടിച്ചാണ് നടന്നിരുന്നത്. തിരിച്ച് ക്യാമ്പിലെത്തിയാല്‍ ഞങ്ങളെ കാത്തിരിക്കുന്നത് കഞ്ഞിയും പുഴുക്കുമാണല്ലോ എന്ന ഭീതി വേറെ. പെട്ടെന്ന് രഘുത്തമന്‍ ഞങ്ങളെയുംകൊണ്ട് സ്റ്റാച്യൂവിലുള്ള വലിയൊരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി. പങ്കജ് എന്ന് പേരുള്ള ഒരു വലിയ ഹോട്ടല്‍. അവിടത്തെ റസ്റ്റോറന്റില്‍ കൊണ്ടുപോയി ഊണ് ഓര്‍ഡര്‍ ചെയ്യുന്നു. സാധാരണ ഊണല്ല, ഒരു ഒന്നൊന്നര ഊണ്. പായസങ്ങളടക്കമുള്ള സദ്യ എന്ന് പറയുന്നതായിരിക്കും കുറേക്കൂടി അഭികാമ്യം.

വായയ്ക്ക് രുചിയുള്ള എന്തെങ്കിലും കഴിച്ചിട്ട് ഒരാഴ്ചയായിരിക്കുന്നു. രാവിലേയും ഉച്ചയ്ക്കും രാത്രിയിലും രഘുചേട്ടനും മറ്റു നാടകയോഗക്കാര്‍ക്കും നാടകം കോരിക്കുടിച്ചാല്‍ മതിയാകും, ഞങ്ങള്‍ക്കത് പോരല്ലോ. ഞങ്ങളുടെ ആ അവസ്ഥ കണ്ട് മനസ്സലിഞ്ഞിട്ടായിരിക്കും രഘുചേട്ടന്‍ ഞങ്ങള്‍ക്ക് നല്ലൊരു ശാപ്പാട് വാങ്ങിക്കൊടുക്കാന്‍ രഘുത്തമനെ ഏര്‍പ്പാടാക്കിയത്.

ഞങ്ങള്‍ വെട്ടിവിഴുങ്ങിത്തുടങ്ങുമ്പോഴേക്കും രഘുത്തമന്‍ ഊണ് കഴിച്ചുകഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. എന്നാല്‍, രഘുത്തമന്‍ ബില്ല് കൊടുക്കുന്നത് ഞങ്ങളാരും കണ്ടില്ല. മാത്രവുമല്ല, കൗണ്ടറില്‍ ഉള്ളയാളോട് എന്തോ പറഞ്ഞു പുറത്തേക്കു പോയി. പടച്ചതമ്പുരാനെ പൈസ കൊടുക്കാഞ്ഞാല്‍ നമ്മളെ പിടിച്ച് ഉഴുന്ന് ആട്ടാനോ വിറക് കീറാനോ വിളിക്കുമോ എന്നൊരു ആധി ഞങ്ങള്‍ മൂവര്‍ക്കിടയില്‍ പടര്‍ന്നു. അപ്പോള്‍ കൗണ്ടറില്‍ ഇരിക്കുന്ന ആള്‍ പറഞ്ഞു: ''നിങ്ങളോട് അല്പനേരം വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു.''

''ചിലപ്പോള്‍ പൈസ എടുക്കാന്‍ പോയതായിരിക്കും'' - ഞാന്‍ പറഞ്ഞു.'' എന്നാലും പറഞ്ഞിട്ട് പോകാമായിരുന്നു. ''എന്റടുത്ത് കുറച്ച് പൈസയുണ്ട്'' അജിത്തിന്റെ പാന്റ്സിന്റെ രഹസ്യ അറയില്‍ കാശുള്ള വിവരം കള്ളന്‍ എന്നോട് അതുവരെ പറഞ്ഞിരുന്നില്ല. എങ്കിലും ഇത്തരം ഒരവസ്ഥയില്‍ വടകരക്കാരനും അഭിമാനിയാകുമല്ലോ!

''ബില്ല് എത്രയായി?''

''ഏയ് പൈസയൊന്നും വേണ്ട ഇത് അങ്ങേരുടെ അച്ഛന്റെ ഹോട്ടലാണ്'' എന്ന് കൗണ്ടറന്‍.

''ങേ?'' എന്ന ഞങ്ങളുടെ കോറസ്.

ഞങ്ങള്‍ക്ക് വിശ്വാസം വന്നില്ല. ഇമ്മാതിരി ഒരു വന്‍ ഹോട്ടല്‍ സ്വന്തമായിട്ടുള്ള ഒരാള്‍ ഇങ്ങനെ കഞ്ഞിയും പുഴുക്കും കഴിച്ച് നാടകം, നാടകമാണെന്റെ യോഗം എന്നും പറഞ്ഞു നടക്കുമോ?

സംശയം തീര്‍ക്കാന്‍ രഘുത്തമനോട് തന്നെ ഞങ്ങള്‍ കാര്യം തിരക്കിയപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് തലയാട്ടുക മാത്രം ചെയ്തു.

പത്തുദിവസത്തെ ക്യാമ്പ് കഴിയുമ്പോഴേക്കും രഘുചേട്ടനുമായി ഞങ്ങള്‍ കൂടുതല്‍ അടുത്തു. മിതഭാഷിയായിരുന്ന അങ്ങേരെക്കൊണ്ട് കൂടുതല്‍ സംസാരിപ്പിക്കാനും തമാശകള്‍ കേട്ട് ആസ്വദിച്ച് ചിരിക്കാനുമുള്ള അവസ്ഥയിലേക്കെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നുതോന്നി. ക്യാമ്പിലെ ചര്‍ച്ചകള്‍ക്കിടയില്‍ ഉടനീളം എനിക്ക് സംശയങ്ങളായിരുന്നു. സാംസ്‌കാരിക വേദിയും മറ്റും സജീവമായിരുന്ന അക്കാലത്ത് ക്യാമ്പസ് തിയേറ്റര്‍ എന്ന സങ്കല്പമൊക്കെ പൊളിറ്റിക്കല്‍ ആകേണ്ടതല്ലേ എന്നതായിരുന്നു എന്റെ മുഖ്യസംശയം പക്ഷേ, രാഷ്ട്രീയാതീതമായ ഒരു നാടകദര്‍ശനമാണ് രഘുചേട്ടന്‍ മുന്നോട്ടുവെച്ചത് - അതായത് ഒരു ശുദ്ധനാടക സങ്കല്പം. എനിക്കെന്തോ എന്റെ അന്നത്തെ തീവ്രരാഷ്ട്രീയ ചിന്തകളുടെ ആവാഹനം കാരണമായിരിക്കാം അതിനോട് ആശയപരമായി യോജിക്കാനായില്ല. എങ്കിലും ക്യാമ്പസ് തിയേറ്റര്‍ എന്ന ചിന്ത എന്റെ മനസ്സിലേക്ക് ആദ്യം കോരിയിട്ടതിന്റെ മുഖ്യ ഉത്തരവാദി നാടകയോഗം ക്യാമ്പും രഘുചേട്ടനുമാണ് എന്നതില്‍ സംശയമൊന്നുമില്ല.

ക്യാമ്പ് കഴിഞ്ഞു തിരിച്ചെത്തിയ ഞാന്‍ ആര്‍ട്സ് കോളേജില്‍ 'സര്‍ഗ്ഗ' എന്ന പേരില്‍ ആദ്യത്തെ ക്യാമ്പസ് തിയേറ്റര്‍ രൂപീകരിക്കുകയും ഞാന്‍ തന്നെ എഴുതിയ 'വേട്ട' എന്ന നാടകം അന്‍പതില്‍പ്പരം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് അവതരിപ്പിക്കുകയും ചെയ്തു.

ക്യാമ്പസില്‍ അതൊരു പുതിയ അനുഭവമായിരുന്നു. തുടര്‍ന്ന് ഞാന്‍ കൂടെ ഭാഗഭാക്കായ വിപ്ലവ വിദ്യാര്‍ത്ഥി സംഘടനയുടെ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ക്യാമ്പസുകളില്‍ ചെന്ന് അവിടത്തെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് ക്യാമ്പസ് തിയേറ്റര്‍ പ്രസ്ഥാനത്തിനു തുടക്കമിടുവാനായി.

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, തിരുവല്ല മാര്‍ത്തോമ്മാ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തുടങ്ങി നിരവധി കോളേജുകളില്‍ സന്ദര്‍ശനം നടത്തുകയും 'വേട്ട' നാടകം അവതരിപ്പിക്കുകയും ക്യാമ്പസ് തിയേറ്റര്‍ സങ്കല്പത്തിനു പ്രായോഗികമായ അടിത്തറയിടുവാനും കഴിഞ്ഞത് 'നാടകയോഗം' ക്യാമ്പില്‍നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയത്തിന്റെ അടിത്തറയിലാണ്. ഇജ്ജാതി എന്ത് പുതിയ സാംസ്‌കാരിക പരിപാടികള്‍ അവതരിച്ചാലും ഉടനെ അവരെ കണ്ടെത്തി കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ് സിവിക് ചന്ദ്രന്‍. ക്യാമ്പസ് തിയേറ്റര്‍ എന്ന് കേട്ടപാടെ അദ്ദേഹവും കയറെടുത്ത് കളത്തിലിറങ്ങി. അങ്ങനെ ആറ്റിങ്ങല്‍, തിരുവനന്തപുരം, കാര്യവട്ടം, തിരുവല്ല ഭാഗത്തേക്ക് ഞാനടക്കം പത്ത് വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം വരെയുള്ള പത്ത് കള്ളടിക്കറ്റുമായി ഞങ്ങളുടെ സംഘത്തെ തീവണ്ടി കയറ്റിവിട്ട കഥ സവിസ്തരം എഴുതുവാനായി പിന്നേക്ക് മാറ്റിവെയ്ക്കുന്നു.

എത്രമാത്രം തിക്താനുഭവ സമ്മിശ്രമാണെങ്കിലും എല്ലാ യോഗങ്ങളും നല്ലതുതന്നെ എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. നാല്‍പ്പത്തിയഞ്ച് വര്‍ഷം മുന്‍പ് കരമാനയാറ്റിന്‍തീരത്ത് രഘുചേട്ടനും സംഘവും നടത്തിയ ക്യാമ്പില്‍നിന്നാണ് കാമ്പസ് തിയേറ്റര്‍ എന്ന സങ്കല്പം കേരളത്തില്‍ ആദ്യമായി വിരിഞ്ഞതും പിന്നീട് വളര്‍ന്നതും എന്നത് ഇന്ന് ഓര്‍ക്കുമ്പോള്‍ ഓര്‍മ്മകളില്‍ അത് നിറം മങ്ങാതിരിക്കുന്നതിന്റെ അര്‍ത്ഥം ആ ദിവസങ്ങള്‍ അത്രമാത്രം ഉള്ളില്‍പ്പതിഞ്ഞ് എന്നതിനാലാണ്. ക്യാമ്പിനു ശേഷം പിന്നീട് രഘുചേട്ടനെ നേരില്‍ കാണുവാന്‍ സാധിച്ചില്ലെങ്കിലും തിരുവനതപുരം കേന്ദ്രീകരിച്ച് അദ്ദേഹം അവതരിപ്പിച്ചിരുന്ന 'മുഖങ്ങള്‍', 'കയ്ക്ക്ക്കണില്ല', 'മത്തായി മത്തായി' തുടങ്ങിയ നാടകങ്ങളെക്കുറിച്ചെല്ലാം അറിയാന്‍ കഴിഞ്ഞിരുന്നു. ഇടയ്‌ക്കെല്ലാം എഴുത്തുകളിലൂടെയും ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. നാടകാവതരണങ്ങളുമായി കോഴിക്കോട്ടും മറ്റും എത്തിയിരുന്ന അജയനേയും രഘുത്തമനേയും കണ്ടുമുട്ടുമ്പോഴൊക്കെ അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പുതിയ നാടകാവതരണങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചറിയുമായിരുന്നു. 2019 ഫെബ്രുവരി ഒന്നിന് നാടകയോഗം രഘുചേട്ടന്റെ ജീവിതമാം അരങ്ങിനു തിരശ്ശീല വീണു.

കുറഞ്ഞ ദിവസത്തേക്കെങ്കിലും അദ്ദേഹത്തിന്റെ 'നാടകയോഗ'ത്തില്‍ യോഗം കൂടാന്‍ കഴിഞ്ഞ ഓര്‍മ്മകള്‍ക്കു മുന്നില്‍ എന്റെ വിനീത നമസ്‌കാരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com