ഏതാണീ കൊലയുടെ ജനിതകം?

ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്ന കൊലകള്‍ക്കും പരസ്യവിചാരണകള്‍ക്കും ജനിതകമായ ഭീകരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ഒരു മധ്യവര്‍ഗ്ഗി മനസ്സ് അതിനൊപ്പമുണ്ട്.
മരിച്ച സിദ്ധാർത്ഥ്
മരിച്ച സിദ്ധാർത്ഥ് ടിവി ദൃശ്യം

ഇരുപതാം വയസ്സില്‍ ഒരു (ഗൗതമ) സിദ്ധാര്‍ത്ഥന്‍ കൂടി കൊല്ലപ്പെട്ടു. 2024 ഫെബ്രുവരി 14-ന് വാലന്റൈന്‍ ഡേയെന്ന പ്രണയദിനത്തില്‍ ക്യാമ്പസില്‍ തനിക്കു നേരെയുണ്ടായ അക്രമത്തില്‍നിന്ന് ഭയന്ന് നെടുമങ്ങാട്ടെ വീടെന്ന അഭയത്തിലേയ്ക്കുള്ള യാത്രയില്‍ 16-ന് പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷനിലെത്തിയ അവനെ കല്‍പ്പറ്റയിലെ പൂക്കോട്ടുള്ള വെറ്ററിനറി കോളേജ് ക്യാമ്പസിലേക്ക് ഒരു സഹപാഠി തിരിച്ചുവിളിക്കുകയായിരുന്നു. സഹപാഠിയുടെ സ്നേഹപൂര്‍വ്വമുള്ള വിളി ആസൂത്രിതമായ ഒരു ചതിയായിരുന്നുവെന്ന് അവന്‍ അറിഞ്ഞില്ല.

ക്യാമ്പസിലെത്തിയ അവനെ മൂന്നു ദിവസം ക്യാമ്പസിലെ പാറപ്പുറത്തും വാട്ടര്‍ടാങ്കിന്നടിയിലും വെച്ച് അടിച്ച് അവശനാക്കി, ഹോസ്റ്റലിന്റെ നടുമുറ്റത്ത് വിവസ്ത്രനാക്കി കെട്ടിയിട്ട് വെള്ളവും ഭക്ഷണവും കൊടുക്കാതെ രണ്ട് ബെല്‍റ്റുകള്‍ മുറിഞ്ഞ് തീരുംവരെ അവന്റെ സഹപാഠികള്‍ ചേര്‍ന്ന് രാപകല്‍ മര്‍ദ്ദിച്ചു. രാത്രി ഹോസ്റ്റല്‍മുറികളില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി അവരെക്കൊണ്ടും പീഡിപ്പിച്ചു. അവശനാക്കി ഡോര്‍മിറ്ററിയില്‍ തള്ളി. അവസാനം, കഴുത്തില്‍ ഇലക്ട്രിക് കേബിള്‍ മുറുക്കി കെട്ടിത്തൂക്കി. പോസ്റ്റ്മോര്‍ട്ടപ്രകാരം തലയോട്ടി മുതല്‍ നട്ടെല്ല് അവസാനിക്കുന്നതുവരെയുള്ള പല ഭാഗങ്ങളിലും പീഡനങ്ങള്‍ ഉണ്ട്.

ഏതാണ്ട് എഴുപത്തിരണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഈ പീഡനമര്‍ദ്ദനങ്ങള്‍

ഹോസ്റ്റല്‍ വാര്‍ഡന്‍, ഡീന്‍, കായികാദ്ധ്യാപകന്‍, കോളേജ് അദ്ധ്യാപകര്‍ എന്നിവരുടെ അറിവോടെയായിരുന്നു. അവര്‍, കഞ്ചാവിനും ലഹരിക്കും അടിമകളായിരുന്നില്ലെന്നു വിശ്വസിക്കാം. സുബോധമുള്ള വിദ്യാസമ്പന്നര്‍. സമൂഹത്തിലെ വരേണ്യര്‍. ആന്റിറാഗിംഗ് കമ്മിറ്റി അംഗവും കോളേജ് യൂണിയന്‍ പ്രസിഡന്റുമായ സഹപാഠി, വിപ്ലവ വിദ്യാര്‍ത്ഥി സംഘടനയുടെ യൂണിറ്റ് സെക്രട്ടറി, ഒരു പിഎച്ച്.ഡി. വിദ്യാര്‍ത്ഥി എന്നിവരടങ്ങുന്ന സംഘമാണ് മര്‍ദ്ദനത്തിനു നേതൃത്വം വഹിച്ചതെന്നും പത്രങ്ങള്‍ പറയുന്നു. നൂറ്റിമുപ്പതോളം വിദ്യാര്‍ത്ഥികള്‍-സിദ്ധാര്‍ത്ഥന്റെ സഹപാഠികള്‍-അവര്‍ നോക്കിനില്‍ക്കെ, അവരെക്കൂടി ഉള്‍പ്പെടുത്തിയാണ് സത്യാനന്തരകാലത്തെ ഈ ക്രൂരത മൂന്നു രാപകലുകള്‍ തുടര്‍ന്നത്.

കഴിഞ്ഞ നാലഞ്ച് ദിവസമായി ഈ കൊലയുടെ ജനിതകം എന്താണെന്നറിയാന്‍ കൈവശമുള്ള ചില പുസ്തകങ്ങള്‍ (മുന്‍പ് വായിച്ചവ) ഓടിച്ചുനോക്കി. വില്‍ഹിം റീഹിന്റെ കേരളീയര്‍ക്കു സുപരിചിതമായ The Mass Pyschology of Facism, കേരളത്തിലെ മാര്‍ക്സിസ്റ്റ് ബുദ്ധിജീവികളുടെ അപ്പസ്തോലനായ നോം ചോസ്‌കിയുടെ Understanding Power, എറിക് ഫ്രോമിന്റെ Anatomy of Human Destructiveness, Ruger Breg Mann-sâ Human kind എന്നിവയായിരുന്നു അവ. ഇവയില്‍നിന്ന് പൂക്കോട്ട് ക്യാമ്പസ്സില്‍ നടന്ന മര്‍ദ്ദന പീഡകരുടെ ജനിതകം വായിച്ചെടുക്കാന്‍ എനിക്കു കഴിഞ്ഞില്ല. വായനയുടേയും അപഗ്രഥനപാടവത്തിന്റേയും പരിമിതിയാകാം. അല്ലെങ്കില്‍ ഈ യൂറോകേന്ദ്രീകൃതമായ സിദ്ധാന്ത പഠനങ്ങളെ തോല്‍പ്പിക്കുന്നതാകാം, ഈ കൊലയുടെ ജനിതകം. അതിന്റെ ഡി.എന്‍.എയും ക്രോമസോമും വികൃതമായ ഏതെങ്കിലും മ്യുട്ടേഷനിലൂടെ രൂപപ്പെട്ട് 'In this type of world, its not the friendliest and most empathic leaders who rise to the top, but their opposites. In this world, it's survival of the shameless' രണ്ടാമത്തെ വാചകം ഈ മര്‍ദ്ദകരുടേയും അവരെ താങ്ങിനിര്‍ത്തുന്ന അദ്ധ്യാപകരുടേയും അവര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ നിര്‍ബാധം അനുവാദം നല്‍കുന്ന വിദ്യാര്‍ത്ഥി സംഘടന, യുവജന സംഘടന, പാര്‍ട്ടി, അവയെ നയിക്കുന്ന ഏറ്റവും മുകള്‍ത്തട്ട് തൊട്ട് താഴെത്തട്ടുവരെയുള്ള നേതാക്കള്‍, അവരെയെല്ലാം നിയന്ത്രിക്കുന്ന ഭരണനേതൃത്വം, അതിന്‍കീഴില്‍ അടിമക്കൂട്ടങ്ങളായി മാറുന്ന നിയമപാലകര്‍, വാദമുഖങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളിലും ദൃശ്യ-അച്ചടി മാധ്യമങ്ങളിലും വ്യാപരിക്കുന്ന കൂലിപ്പടയാളികള്‍, ഇവയ്ക്കെല്ലാം മൗനമായും അല്ലാതേയും തങ്ങളുടെ സര്‍ഗ്ഗാത്മക-സാംസ്‌കാരിക പിന്തുണ നല്‍കുന്ന ബുദ്ധിജീവികള്‍; എഴുത്തുകാര്‍, അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പങ്ക് പോകാതെ കാക്കാന്‍ ശ്രമിക്കുന്ന ഘടകകക്ഷികള്‍, ഇത്രയെല്ലാമായിട്ടും ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ഇവര്‍തന്നെ മതിയെന്ന് അബോധമായി തീരുമാനിക്കുന്ന വോട്ടര്‍മാര്‍... എന്നിവര്‍ക്കുവേണ്ടിയാണെന്നു തോന്നി! ''നാണമില്ലാത്തവരുടെ അതിജീവനത്തിന്'' എന്ന വാചകം. ഇത്തരം കൊലയുടെ അപൂര്‍വ്വ ജനിതകമുള്ള യുവാക്കളെപ്പോലെത്തന്നെ, അഥവാ അവരേക്കാള്‍ ഭയപ്പെടേണ്ടത്, അവരെ താങ്ങിനിര്‍ത്തുന്നവരിലെ ജനിതകത്തെപ്പറ്റിയാണ്.

ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച രണ്ടാമത്തെ വാചകം പ്രസക്തമാകുന്നത്. വില്‍ഹിം റീഹിന്റെ പുസ്തകത്തിലെ ഒമ്പതാം പേജിലെ വാചകം കേള്‍ക്കുക: ''തന്റെ (മനോ)ഘടനയില്‍ ഫാസിസ്റ്റ് ധാതുക്കളുടെ വികാരവും ചിന്തയും ഇല്ലാത്ത ഒരു വ്യക്തിപോലും ഇന്നില്ല.'' നിര്‍ഭാഗ്യവശാല്‍, ഇതിനെത്തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ വാചകം കേരളത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വരാജ്യതൊഴിലാളികള്‍ക്കുവേണ്ടി നിലകൊണ്ടവര്‍ ശ്രദ്ധിക്കുമോ എന്നറിയില്ല. പ്രത്യേകിച്ചും അവരുടെ മനോഘടനയില്‍ വികൃതമായ ഒരു ജനിതകഭ്രംശം (Mutation) സംഭവിക്കുന്ന സാഹചര്യത്തില്‍. ''ഈ തകര്‍ന്ന ലോകത്തിന്റെ താല്പര്യത്തിനായി (നിലനില്‍പ്പിനായി) ഫാസിസത്തെപ്പറ്റിയുള്ള തത്തുല്യമായ തിരിച്ചറിവ് തൊഴിലാളികള്‍ക്ക് ഉണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കാനേ എനിക്ക് കഴിയൂ.''

ഈ അതിലളിതമായ തിരിച്ചറിവ് സിദ്ധാര്‍ത്ഥന്റേയും സുഹൈദിന്റേയും അബ്ദുള്‍ ഷുക്കൂറിന്റേയും ടി.പി. ചന്ദ്രശേഖരന്റേയും കൊലകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍, ഒരു മനുഷ്യജീവിയെന്ന നിലയില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചുപോകുകയാണ്. കൊയിലാണ്ടി കോളേജില്‍ രണ്ടാം വര്‍ഷ രസതന്ത്ര വിദ്യാര്‍ത്ഥിയായ സി.ആര്‍. അമലിനെ കോളേജ് യൂണിയന്‍ ചെയര്‍മാ(എസ്.എഫ്.ഐ.)ന്റെ നേതൃത്വത്തില്‍ പരസ്യവിചാരണ ചെയ്യുമായിരുന്നോ?

ഇവര്‍ ചെയ്യുന്ന പരസ്യവിചാരണകളും കൊലയും സാമൂഹ്യ-മന:ശാസ്ത്രജ്ഞര്‍ പഠിക്കേണ്ടതും അപഗ്രഥിച്ചു നോക്കേണ്ടതുമാണ്. പരസ്യവിചാരണയില്‍ നാം കാണുന്നത് അതിപ്രാകൃതമായ, മനുഷ്യസംസ്‌കാരം രൂപപ്പെടുത്തുന്നതിനുമുമ്പുള്ള അന്ധകാലത്തിലെ ആചാരാനുഷ്ഠാനങ്ങളാണ്. ചില ദുഷ്ടദേവന്മാരെ പ്രീതിപ്പെടുത്താനുള്ള ആഭിചാരപ്രയോഗങ്ങള്‍. ക്രൂരമായ പരസ്യവിചാരണയ്ക്കും ദണ്ഡനങ്ങള്‍ക്കുമൊടുവില്‍ ദുര്‍ഭൂതങ്ങള്‍ ഒഴിയുന്നില്ലെന്നു തങ്ങള്‍ക്കു തോന്നിയാല്‍, അല്ലെങ്കില്‍ അഭീഷ്ടകാര്യസിദ്ധിക്കായി നരബലി നടത്തുക. രണ്ടു കൊല്ലം മുന്‍പ് നമ്മുടെ പത്തനംതിട്ട ജില്ലയില്‍ ധനസമ്പാദനത്തിനായി നരബലി നടന്നത് ഓര്‍ക്കുമല്ലോ. അന്ന് പത്രങ്ങളില്‍നിന്നു വായിക്കാന്‍ കഴിഞ്ഞത്, നരബലി നടത്തിയ മധ്യവര്‍ഗ്ഗിയും ഭാര്യയും വിപ്ലവപാര്‍ട്ടിയുടെ അനുഭാവികളാണെന്നാണ്. നരബലി നടത്തുക മാത്രമല്ല, ബലികൊടുത്ത മനുഷ്യന്റെ മാംസം പ്രസാദമായി ഭക്ഷിക്കാനും കാര്‍മ്മികര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതവര്‍ അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുകയും ചെയ്തിരുന്നുവത്രെ. ഇവിടെ ഏത് മഹാകാര്‍മ്മികന്റെ, കാര്‍മ്മികരുടെ നിര്‍ദ്ദേശപ്രകാരമാണ് മിണ്ടാപ്രാണികളെ ചികിത്സിക്കാന്‍ മത്സരപരീക്ഷയെഴുതി ജയിച്ചുവന്ന അഭ്യസ്തവിദ്യര്‍ ഈ നരബലികളില്‍ ഏര്‍പ്പെട്ടതെന്ന് ഒരന്വേഷണത്തിലും പുറത്തുവരില്ല. ഒരു ചരിത്രരേഖയിലും കാണില്ല. ഭാവിയിലെ പാലിയന്റോളജി പഠനത്തില്‍പോലും. ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഒരു മികവായി നമുക്കതിനെ കാണാം. അന്ധകാലത്തെ നരബലി പിന്നീട് മൃഗബലിയായപ്പോള്‍ അതിനെതിരെ ആ നിസ്സഹായരായ മൃഗങ്ങളുടെ സ്ഥാനത്ത് സ്വയം തന്നെ ബലിയാക്കാന്‍ മുന്നിട്ടിറങ്ങിയ ഒരാള്‍ ആലത്തൂരിലെ ബ്രഹ്മാനന്ദ ശിവയോഗിയായിരുന്നു. ദൈവാരാധനയില്‍ വിമുഖനായിരുന്ന സ്വാമിജി ശ്രീനാരായണഗുരുവിന്റേയും ചട്ടമ്പിസ്വാമികളുടേയും സമകാലീനനായിരുന്നെങ്കിലും അദ്ദേഹത്തെ ഇന്ന് ഓര്‍മ്മിക്കുന്നവര്‍ അപൂര്‍വ്വമാണ്.

അന്ധകാലത്തെ നരബലി പിന്നീട് മൃഗബലിയായപ്പോള്‍ അതിനെതിരെ ആ നിസ്സഹായരായ മൃഗങ്ങളുടെ സ്ഥാനത്ത് സ്വയം തന്നെ ബലിയാക്കാന്‍ മുന്നിട്ടിറങ്ങിയ ഒരാള്‍ ആലത്തൂരിലെ ബ്രഹ്മാനന്ദ ശിവയോഗിയായിരുന്നു. ദൈവാരാധനയില്‍ വിമുഖനായിരുന്ന സ്വാമിജി ശ്രീനാരായണഗുരുവിന്റേയും ചട്ടമ്പിസ്വാമികളുടേയും സമകാലീനനായിരുന്നെങ്കിലും അദ്ദേഹത്തെ ഇന്ന് ഓര്‍മ്മിക്കുന്നവര്‍ അപൂര്‍വ്വമാണ്.
ടി.പി ചന്ദ്രശേഖരന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര
ടി.പി ചന്ദ്രശേഖരന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര

ഈ കൊലകളുടെ മറ്റൊരു സ്വഭാവം, ടി.പി.യുടെ 'വധ'ത്തിലുണ്ട്. ഗാന്ധിയെ നാഥുറാം ഗോഡ്സെ വെടിവെച്ചിട്ടത് കൃത്യം മൂന്നു വെടിയുണ്ടകള്‍ കൊണ്ടാണ്. നാലാമത്തെ ഒരു വെടിയുണ്ടയുടെ കഥ ഗോഡ്സെയെ രക്ഷിക്കാനായി അപ്പോളജിസ്റ്റുകള്‍ കെട്ടിച്ചമച്ചെങ്കിലും അത് ഏശിയില്ല. ടി.പിയെ കൊല്ലാന്‍ രണ്ടോ മൂന്നോ വെട്ടുകള്‍ ധാരാളമാണെന്ന് വെട്ടിയവര്‍ക്കറിയാം. എന്തുകൊണ്ട് അത് അമ്പത്തിയൊന്നായി? അവയില്‍ ഏറെയും തലയിലും നെഞ്ചിലുമാണ്. (സിദ്ധാര്‍ത്ഥന്റെ ബലിയിലും ഇതേ സ്വഭാവം കാണാം) വാഴപ്പിണ്ടി കൊത്തിയരിയും പോലെ ഒരു മനുഷ്യന്റെ തലച്ചോറ് വെട്ടുമ്പോഴുണ്ടാകുന്ന രംഗം നിങ്ങള്‍ ഭാവനയില്‍ ഒന്നു കണ്ടുനോക്കൂ. അതുപോലെ അദ്ദേഹത്തിന്റെ ബലിഷ്ഠമായ നെഞ്ചിലും. ചോരതെറിച്ച് ലഹരി പിടിക്കുംപോലെയാണ് ആ പൈശാചികത. തീര്‍ച്ചയായും തടവറകളിലും പട്ടാളക്യാമ്പുകളിലും ഇന്ത്യയിലും മറ്റിടങ്ങളിലും അതിപ്രാകൃതമായ കൊലകള്‍ നിത്യവും നടക്കുന്നുണ്ട്. റഷ്യന്‍ പ്രധാനമന്ത്രി പുടിന്റെ രാഷ്ട്രീയ വിമര്‍ശകന്‍ അലക്സി നല്‍വനിയെ ഇഞ്ചിഞ്ചായി വര്‍ഷങ്ങളെടുത്താണ് ARTIC WOLF എന്ന തടവറയില്‍ കൊന്നത്. ഗ്വാണ്ടാനാമയിലും നാസി ക്യാമ്പുകളിലും റഷ്യന്‍ ഗുലാഗുകളിലും ഇത് നടന്നിട്ടുണ്ട്. അടിയോരുടെ പെരുമന്‍ ആയിരുന്ന വര്‍ഗ്ഗീസിനേയും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജനേയും കൊന്ന നിഷ്ഠുര ചിത്രങ്ങള്‍ മറക്കുന്നില്ല. ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്ന കൊലകള്‍ക്കും പരസ്യവിചാരണകള്‍ക്കും ജനിതകമായ ഭീകരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ഒരു മധ്യവര്‍ഗ്ഗി മനസ്സ് അതിനൊപ്പമുണ്ട്.

പാതകങ്ങള്‍

സിദ്ധാന്തവത്കരിക്കുമ്പോള്‍

ആല്‍ബര്‍ട്ട് കാമു പറയുന്നുണ്ട് 'റെബലി'ന്റെ ആമുഖത്തില്‍: ''ആസൂത്രിതവും വിദഗ്ദവുമായ പാതകങ്ങളുടെ കാലത്താണ് നാം ജീവിക്കുന്നത്. തങ്ങള്‍ ചെയ്യുന്നതെല്ലാം സ്നേഹം കൊണ്ടാണെന്നും അതിനാല്‍ അവ മാപ്പാക്കണമെന്നും യാചിക്കുന്ന നിസ്സഹായരായ കുട്ടികള്‍ അല്ല ഇന്നത്തെ കുറ്റവാളികള്‍. മറിച്ച് അവര്‍ വളര്‍ച്ചയെത്തിയവരാണ്; അവര്‍ക്കെന്തിനും പഴുതുകളുണ്ട്. സിദ്ധാന്തം. ഇതെന്തിനും ഉപയോഗിക്കപ്പെടുന്നു. കൊലയാളികളെ ന്യായാധിപന്മാരാക്കി മാറ്റുന്നതിനുപോലും.''

കാമു എത്ര ശരിയാണെന്നറിയാന്‍ സിദ്ധാര്‍ത്ഥന്റെ കൊലയ്ക്കുശേഷം ചാനലുകളിലെത്തുന്ന കൂലിപ്പടയാളികളുടെ, രാഷ്ട്രീയ നേതാക്കളുടെ, ഭരണകര്‍ത്താക്കളുടെ, അദ്ധ്യാപകരുടെ വാക്കുകള്‍ കേള്‍ക്കൂ. അക്കാര്യം മൗനത്തിലൂടെ പ്രതിരോധിക്കുന്ന എഴുത്തുകാരെ, ബുദ്ധിജീവികളെ, ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറക്കിയിരിക്കുന്ന സുന്ദരന്മാരുടേയും സുന്ദരിമാരുടേയും മുഖങ്ങള്‍ ശ്രദ്ധിക്കൂ. അവരില്‍ എന്തെങ്കിലും ധാര്‍മ്മികക്ഷോഭമുണ്ടോ, കണ്ണീരുണ്ടോ? തൊണ്ടയിടറുന്നുണ്ടോ? എ.കെ. ഗോപാലനെന്ന മനുഷ്യസ്നേഹിയുടെ നാമത്തിലുള്ള സൗധത്തിലിരുന്ന് ഈ നരബലിയെക്കുറിച്ച് രഹസ്യമായി ചര്‍ച്ച ചെയ്യുമ്പോള്‍, അവിടെ കൂടിയിരിക്കുന്ന ആരെങ്കിലുമൊരാള്‍ ഇതേപ്രതി പൊട്ടിക്കരഞ്ഞെങ്കിലെന്ന്, ഞാന്‍ സര്‍വ്വാത്മനാ പ്രാര്‍ത്ഥിക്കുകയാണ്. ദൈവമേ അത് സംഭവിക്കണേ...

ഇവിടെ നാം മനസ്സിലാക്കേണ്ടത്, ഇവരുടെ മനോഘടനയിലെ ജനിതകമാറ്റം ഒരു ചികിത്സയ്ക്കും ഭേദമാക്കാന്‍ സാധിക്കാത്തവണ്ണം രൂഢമൂലവും അതിനാല്‍ അപകടകരവുമാണെന്നാണ്... ഇവരുടെ ജനിതകഘടനയില്‍ സാധാരണ മനുഷ്യജീവികളിലുള്ള സ്നേഹത്തിന്റേയും കരുണയുടേയും പരാനുകമ്പയുടേയും ഘടകങ്ങളില്ലേ? അതോ ഹോമോസാപ്പിയനില്‍നിന്ന് (Homo Sapien) വ്യത്യസ്തമായ ഞലഴൃലശൈ്‌ല ആയ ഒരു പരിണാമം ഇവരില്‍ സംഭവിച്ചുകഴിഞ്ഞുവോ? കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ ഉന്നത ശാസ്ത്രജ്ഞന്മാര്‍ ഈ ചോദ്യം ഏറ്റെടുക്കുമോ?

പക്ഷേ, വളരെ കൗതുകകരമായ വസ്തുത, ഇവരെല്ലാംതന്നെ ഇന്ത്യയിലെ വലതുപക്ഷ വര്‍ഗ്ഗീയ ശക്തികള്‍, കഴിഞ്ഞ ഒരു ദശാബ്ദമായി അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും അവര്‍ക്കു ചെന്നെത്താന്‍ കഴിയുന്ന മറ്റിടങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്ന കൊലകളെപ്പറ്റിയും അതിനായി ഉപയോഗിക്കപ്പെടുന്ന സ്ഥാപനങ്ങളടങ്ങുന്ന ഉപകരണങ്ങളെപ്പറ്റിയും അത്യധികം വാചാലരാണെന്നതാണ്. അത് യാഥാര്‍ത്ഥ്യം തന്നെ. ചുഴിഞ്ഞുനോക്കിയാല്‍ അവര്‍ നടത്തുന്ന അക്രമപരമ്പരകള്‍ക്കും മനുഷ്യഹത്യകള്‍ക്കും നശീകരണങ്ങള്‍ക്കും പിന്നില്‍, മൃതമായ ഒരു ഐഡിയോളജിയുണ്ടെന്നു കാണാം. പാശ്ചാത്യകേന്ദ്രീകൃതമായ നാസിസത്തിന്റേയും ഫാസിസത്തിന്റേയും പാഠങ്ങള്‍ 1930-കളില്‍ അവിടങ്ങളില്‍ പോയി പഠിച്ചാണ് അവര്‍ ചത്ത ഐഡിയോളജിയുടെ ജീര്‍ണ്ണിച്ച അവശിഷ്ടങ്ങള്‍ കൊത്തിപ്പെറുക്കി മതത്തിന്റേയും വിശ്വാസത്തിന്റേയും ഭാഷയുടേയും പേരില്‍, അതിനാടകീയമായി ആരെയും ആകര്‍ഷിക്കുംവിധം സമൂഹമധ്യത്തിലെത്തിക്കുന്നത്. അപരന്റെ ശരീരം, ദൈവങ്ങള്‍, വിശ്വാസങ്ങള്‍, ഭാഷ, വസ്ത്രം, ഭക്ഷണം, രുചി, നടത്തം, ലൈംഗികത, ചരിത്രം എന്നിവയെ പഞ്ചേന്ദ്രിയങ്ങളെ ത്രസിപ്പിക്കുന്ന രീതിയില്‍, വെറുപ്പിന്റെ പ്രതീകങ്ങളാക്കി മാറ്റിയെടുക്കുന്നതില്‍ അവര്‍ വിജയിക്കുന്നുണ്ട്. അതിനവര്‍ ഏതു തരത്തിലുള്ള മാര്‍ഗ്ഗവും ഉപയോഗിക്കും. തീര്‍ച്ചയായും, ഒന്നു രണ്ട് പതിറ്റാണ്ടുകള്‍ കൂടി ഈ അത്ഭുതം നിലനിന്നേക്കും. കാരണം, അവര്‍ വരയ്ക്കുന്ന കളിക്കളത്തില്‍തന്നെയാണ് അവരെ പ്രതിരോധിക്കുന്നവരുടെ കളിയും. വില്‍ഹിം റീഹ്, ചൂണ്ടിക്കാട്ടിയതുപോലെ പ്രതിരോധിക്കുന്നവരിലും അതേ ജനിതക ഘടകങ്ങള്‍ തന്നെയാണെന്ന വസ്തുത പ്രതിരോധിക്കുന്നവര്‍ തിരിച്ചറിയുന്നില്ല. തിരിച്ചറിയുന്നവര്‍ക്കോ മറ്റൊരു കളിക്കളത്തെപ്പറ്റി ആലോചിക്കാന്‍ ഭാവനയില്ല, ദീര്‍ഘവീക്ഷണമില്ല. ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരുന്ന വെറുപ്പിന്റെ കുടിലതന്ത്രങ്ങളെ, സ്നേഹംകൊണ്ട്- അതില്‍നിന്നുയര്‍ത്തിയ ക്രിയാത്മക സ്ഥാപനങ്ങള്‍കൊണ്ട്- പ്രതിരോധിച്ചതാണ് ഗാന്ധിയിലെ ധാര്‍മ്മിക രാഷ്ട്രീയക്കാരന്റെ ഐഡന്റിറ്റി. കൊളോണിയലിസത്തിന്റെ വെറുപ്പും വിഭജനസൂത്രങ്ങളും ഹിംസകളും അതേപടി സ്വീകരിക്കാന്‍ ഗാന്ധി തയ്യാറായില്ല. ഗാന്ധിയുടെ ഹിന്ദ് സ്വരാജ് (1909) ശ്രദ്ധിച്ചു വായിച്ചാല്‍ ഈ സംഗതി പിടികിട്ടും.

എന്നാല്‍, നമ്മെ ഞെട്ടിപ്പിക്കുന്ന ചില കണക്കുകള്‍ 04-03-2024 ലെ 'ഹിന്ദു' പത്രത്തിന്റെ DATA POINT- ല്‍ ഉണ്ട്. PEW റിസര്‍ച്ച് സെന്ററിന്റെ (2023 SPRING) ഗ്ലോബല്‍ ആറ്റിറ്റിയൂഡ് സര്‍വ്വെ അനുസരിച്ച്, ഇന്ത്യന്‍ പ്രതികരണക്കാരില്‍ 85 ശതമാനവും പട്ടാളഭരണത്തിനും ഏകാധിപത്യ ഭരണത്തിനും അനുകൂലമാണ്. 24 രാജ്യങ്ങളിലാകെ നടത്തിയ പഠനങ്ങളില്‍ ഏറ്റവും ഉയര്‍ന്നത് ഇന്ത്യയുടെ 85 ശതമാനമാണ്. വടക്ക് കിഴക്ക് പ്രവിശ്യകളും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളും ലക്ഷദ്വീപും ഒഴിച്ചുള്ള സ്ഥലങ്ങളില്‍ മുഖാമുഖം നടത്തിയ അഭിമുഖത്തില്‍നിന്നുള്ള വെളിപ്പെടുത്തലുകളാണിത്. സാങ്കേതിക വിദഗ്ദ്ധരും ഉദ്യോഗസ്ഥരുമാണ് നിയമസഭ-ലോക്സഭ എന്നിവിടങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട് എത്തുന്നവരേക്കാള്‍ ഭരിക്കാന്‍ നല്ലതെന്നാണ് 82 ശതമാനത്തിന്റെയും അഭിപ്രായം. ഇവരെല്ലാം മധ്യവര്‍ഗ്ഗികളായ പ്രതികരണക്കാരാണ്. അതിനര്‍ത്ഥം, പാര്‍ലമെന്ററി ജനാധിപത്യം ഇന്ത്യയില്‍ ഊര്‍ദ്ധന്‍ വലിക്കുന്നുവെന്നു വായിക്കാം. ഞാനീ പഠനം ശരിയാണെന്നു പറയില്ല. കാരണം ഇന്ത്യയിലെ ജനാധിപത്യം ഉയിര്‍ത്തെണീക്കുക, ഈ മധ്യവര്‍ഗ്ഗികളിലൂടെയല്ല. ദരിദ്രരും നിസ്സഹായരുമായ അറിയപ്പെടാത്ത മനുഷ്യരിലൂടെയായിരിക്കും.

കേരളത്തില്‍ കുറച്ച് ആദിവാസികളെ മാറ്റിനിര്‍ത്തിയാല്‍ എല്ലാവരും മധ്യവര്‍ഗ്ഗ മനസ്സുള്ളവരാകയാല്‍, ഏകാധിപത്യ-സമഗ്രാധിപത്യത്തിനു നിലകൊള്ളുന്നവര്‍ 99.99 ശതമാനം ആകാം. ഈ രാഷ്ട്രീയമായ മൂല്യച്യുതിയാണ്, അധാര്‍മ്മികതയാണ്, കേരളീയന്റെ മനോഘടനയിലെ ജനിതകമാറ്റത്തിന് ഒരു കാരണം. താല്‍ക്കാലികമായ ഉപഭോഗസുഖങ്ങള്‍ക്കായി, ഏത് നരബലിക്കും (Annibalism) നരഭോജനത്തിനും നാം തയ്യാറാകുന്ന ദാരുണമായ അവസ്ഥ. അപ്പോള്‍ നമ്മുടെ ആരാധനാലയങ്ങളിലെ അഭൂതപൂര്‍വ്വമായ തിരക്ക് എന്തിനാവാം?

കേരളത്തില്‍ കുറച്ച് ആദിവാസികളെ മാറ്റിനിര്‍ത്തിയാല്‍ എല്ലാവരും മധ്യവര്‍ഗ്ഗ മനസ്സുള്ളവരാകയാല്‍, ഏകാധിപത്യ-സമഗ്രാധിപത്യത്തിനു നിലകൊള്ളുന്നവര്‍ 99.99 ശതമാനം ആകാം. ഈ രാഷ്ട്രീയമായ മൂല്യച്യുതിയാണ്, അധാര്‍മ്മികതയാണ്, കേരളീയന്റെ മനോഘടനയിലെ ജനിതകമാറ്റത്തിന് ഒരു കാരണം. താല്‍ക്കാലികമായ ഉപഭോഗസുഖങ്ങള്‍ക്കായി, ഏത് നരബലിക്കും (Annibalism) നരഭോജനത്തിനും നാം തയ്യാറാകുന്ന ദാരുണമായ അവസ്ഥ. അപ്പോള്‍ നമ്മുടെ ആരാധനാലയങ്ങളിലെ അഭൂതപൂര്‍വ്വമായ തിരക്ക് എന്തിനാവാം? ആള്‍ക്കൂട്ടത്തിന്റെ ഏത് തരം മനോരോഗ ശമനത്തിന്, പ്രാര്‍ത്ഥനയ്ക്ക്? ദുര്‍ദേവ പ്രീതിക്കായോ?

ഈ ലേഖനം ഉപസംഹരിക്കുന്നിതിനു മുന്‍പ് മനുഷ്യനെന്ന നിലയില്‍ നാം നേരിടുന്ന ഒരു വന്‍ പ്രതിസന്ധികൂടി ഓര്‍ക്കണം. ഭൂമിയിലെ കാരുണ്യമുള്ള കാലാവസ്ഥ-ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നത് ഉടനടി, ഈ നിമിഷം - ആഗോളതാപനം പിടിച്ചുകെട്ടിയില്ലെങ്കില്‍, ഇരുനൂറ് കൊല്ലം മുന്‍പുള്ള അവസ്ഥയിലേക്ക് കൊണ്ടുവന്നില്ലെങ്കില്‍ ഭൂമിയുടെ മരണം ഉറപ്പാണ്, രണ്ടായിരത്തി ഒരുനൂറാമാണ്ടോടെ. എ.ഡി. 1600-ല്‍ ഭൂമിയില്‍ 50 കോടിയുണ്ടായിരുന്ന ജനസംഖ്യ 1800-ല്‍ നൂറായും 1927-ല്‍ ഇരുനൂറായും ഇന്ന് എണ്ണൂറായും വര്‍ദ്ധിച്ചിട്ടുണ്ട്. 2037-ല്‍ 900 കോടിയായും 2088-ല്‍ 1100 കോടിയായും വളര്‍ന്നേയ്ക്കാം. എന്നാല്‍ 2100-ല്‍ ഭൂമിയിലെ മനുഷ്യരുടെ എണ്ണം നൂറു കോടിയായി ചുരുങ്ങും. കാലാവസ്ഥ മാറ്റങ്ങളും ആഗോളതാപനവും ഭൂമിയിലെ ജൈവാവസ്ഥയെ അപകടത്തിലാക്കി, നൂറു കോടി ജനങ്ങളിലേക്ക് സങ്കോചിപ്പിക്കും.

നമ്മുടെ മക്കളുടെ മക്കളും അവരുടെ മക്കളും അനുഭവിക്കാന്‍ പോകുന്ന ക്ലേശപൂര്‍ണ്ണവും വേദനിപ്പിക്കുന്നതുമായ ദുരന്താവസ്ഥയാണ് നമ്മുടെ മുന്നില്‍, ഓരോ നിമിഷവും. ഇതിനെ സ്നേഹത്തോടെ, കരുണയോടെ, മൈത്രിയോടെ, പ്രപഞ്ചബോധത്തിന്റെ ധാര്‍മ്മികതയില്‍ നേരിടാന്‍, വെറുപ്പും ഹിംസയും അധാര്‍മ്മികതയും നരബലികളും അധികാരത്തിലേക്കുള്ള കുറുക്കുവഴികളാക്കി, താല്‍ക്കാലിക ലാഭത്തിനായി ഭൂമിയെ കുരുതികൊടുക്കുന്ന ഹ്രസ്വദൃഷ്ടികളായ രാഷ്ട്രീയക്കാരോട് സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും യുവതീയുവാക്കളും ഒന്നിച്ചുനിന്ന് അപേക്ഷിക്കുക: ഹേ മനുഷ്യാ, അവസാനിപ്പിക്കൂ നിന്റെ നരബലികള്‍.. വെറുപ്പ്, ആര്‍ത്തി... ദുഷ്ട്. ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും മണ്ണിനും ജലത്തിനും വായുവിനും ഇവിടെ ജീവിക്കണം. സ്ത്രൈണ മാതൃത്വമുള്ള യുവതലമുറയ്ക്കല്ലാതെ ഇതിനു കഴിയില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com