വി.പി സിംഗ് ഉയര്‍ത്തിവിട്ട മണ്ഡല്‍ക്കാറ്റ്

കേരളത്തില്‍ കോ-ലീ-ബി സഖ്യം എന്ന ആരോപണമുയര്‍ന്ന തെരഞ്ഞെടുപ്പും അതുയര്‍ത്തിയ വിവാദങ്ങളും
വി.പി സിംഗ്‌
വി.പി സിംഗ്‌ express photo

ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് 1984-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പിച്ച പരാജയം സി.പി.എമ്മില്‍ വലിയ നിരാശ വളര്‍ത്തി. കെ. കരുണാകരന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഭരണത്തിനെതിരെ പൊതുവേ ജനവികാരം ശക്തമായിരുന്നു. ഈര്‍ക്കില്‍ പാര്‍ട്ടികളുടെ മുന്നണി, ജാതിപ്പാര്‍ട്ടികള്‍ക്കു മന്ത്രിസ്ഥാനം, പരക്കെ അഴിമതി - ഇങ്ങനെയൊരു സാഹചര്യമായിട്ടും 20-ല്‍ 17 സീറ്റും യു.ഡി.എഫ് ജയിച്ചു. സഹതാപതരംഗമാണ് അതിനിടയാക്കിയതെന്നു വാദിക്കുമ്പോഴും മുന്നണി വിപുലപ്പെടുത്താതെ ഇനി മുന്നോട്ടുപോവുക പ്രയാസമാണെന്ന തോന്നല്‍ സി.പി.എമ്മിലെ പ്രബലവിഭാഗത്തില്‍ ശക്തമായി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമാക്കണം, കേരളാ കോണ്‍ഗ്രസ്സിനേയും ഒപ്പം കൂട്ടണം എന്ന ചിന്തയാണ് പ്രതിപക്ഷ നേതാവ് ഇ.കെ. നായനാര്‍, മുന്നണി കണ്‍വീനര്‍ പി.വി. കുഞ്ഞിക്കണ്ണന്‍, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും ജനപ്രിയനേതാവുമായ എം.വി. രാഘവന്‍ എന്നിവരെ നയിച്ചത്. എന്നാല്‍, നിലവില്‍ മുന്നണിയിലുള്ള അഖിലേന്ത്യാലീഗിനെവരെ പുറത്താക്കി വര്‍ഗ്ഗീയകക്ഷികള്‍ തീരെയില്ലാത്ത മുന്നണിയാവണം എന്ന നിലപാടില്‍ കേന്ദ്രനേതൃത്വവും സംസ്ഥാന സെക്രട്ടറി വി.എസ്. അച്യുതാനന്ദനും ഇ. ബാലാനന്ദനും എം.എം. ലോറന്‍സും നയിച്ച സി.ഐ.ടി.യു ഗ്രൂപ്പും.

കേരള രാഷ്ട്രീയത്തിലെ അന്നത്തെ ഭരണരംഗം ജാതിമതശക്തികളുടെ പിടിയിലാണെന്ന ആക്ഷേപം പരക്കെയുള്ള സന്ദര്‍ഭമാണ്. 77 സീറ്റുള്ള ഭരണമുന്നണിയില്‍ നാല് പേര്‍ എന്‍.ഡി.പിക്കാരാണ്. അവരെ നയിക്കുന്നത് എന്‍.എസ്.എസ്സാണ്. രണ്ടുപേര്‍ എസ്.ആര്‍.പിക്കാരാണ്. അവരെ നയിക്കുന്നത് എസ്.എന്‍.ഡി.പി യോഗമാണ്. 77-ല്‍ 14 പേര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗുകാര്‍, രണ്ട് കേരളാ കോണ്‍ഗ്രസ്സും കൂടി 14 പേര്‍. ജനതാപാര്‍ട്ടി പിളര്‍ന്ന് പഴയ സംഘടനാ കോണ്‍ഗ്രസ്സുകാര്‍ കെ. ഗോപാലന്റെ നേതൃത്വത്തില്‍ യു.ഡി.എഫില്‍. സോഷ്യലിസ്റ്റുകള്‍ എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫില്‍ തിരിച്ചെത്തിയിരുന്നു. സാമുദായിക ശക്തികളുടെ പിടിയിലമര്‍ന്ന കേരളഭരണം പൊതുവേ ജനങ്ങളുടെ നീരസം ഏറ്റുവാങ്ങുകയായിരുന്നു. ഈ ഘട്ടത്തില്‍ മുസ്ലിംലീഗിനേയും കേരളാ കോണ്‍ഗ്രസ്സിനേയും ഒപ്പം കൂട്ടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന നിലപാടിലായിരുന്നു സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വം. എന്നാല്‍, സംസ്ഥാനത്തെ ഭൂരിപക്ഷം വ്യത്യസ്ത നിലപാടിലായിരുന്നു. ഈ ഘട്ടത്തില്‍ കേരളാപാര്‍ട്ടിയുടെ മനസ്സ് മാറ്റുകയെന്ന ലക്ഷ്യത്തോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇ.എം.എസ്. പൊളിറ്റ്ബ്യൂറോ തീരുമാനപ്രകാരം സംസ്ഥാനത്തെ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഒരു കത്തയച്ചു. രാജ്യവ്യാപകമായി ബി.ജെ.പി ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വര്‍ഗ്ഗീയ സ്വഭാവമുള്ള ഒരു പാര്‍ട്ടിയുമായും ബന്ധമുണ്ടാക്കില്ലെന്ന തത്ത്വാധിഷ്ഠിത നിലപാട് ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യമാണ് കത്തില്‍ ഊന്നിയത്. കേരളാപാര്‍ട്ടിയില്‍ ഈ നിലപാടിനെ ഒരു വിഭാഗം ചോദ്യം ചെയ്യുകയാണെന്നും കത്തില്‍ തുറന്നെഴുതിയിട്ടുണ്ടായിരുന്നു. ഈ കത്തോടുകൂടി സി.പി.എമ്മിലെ വിഭാഗീയത ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങി. അഖിലേന്ത്യാ ലീഗാകട്ടെ, സി.പി.എം പുറത്താക്കാന്‍ കാത്തുനില്‍ക്കാതെ യൂണിയന്‍ മുസ്ലിംലീഗില്‍ ലയിച്ചു. 1985 ഡിസംബറില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സംസ്ഥാന സമ്മേളനം നവംബറില്‍ എറണാകുളത്താണ് നടന്നത്. സംസ്ഥാന സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റിയുടെ നിലപാടിനെതിരെ ശക്തി പ്രകടമാക്കാന്‍ എം.വി. രാഘവന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി. ലീഗും കേരളാകോണ്‍ഗ്രസ്സുമില്ലാതെ ശാക്തിക ബാലബലത്തില്‍ മാറ്റം വരുത്താനാവില്ലെന്നതായിരുന്നു എം.വി.ആറിന്റെ ബദല്‍രേഖയുടെ കാതല്‍. ഇ.കെ. നായനാരടക്കം അതിന്റെ പിന്നിലായിരുന്നു. എന്നാല്‍, എറണാകുളത്തെ സംസ്ഥാന സമ്മേളനത്തില്‍ ഇ.എം.എസ്സും വി.എസ്. അച്യുതാനന്ദനും ഉയര്‍ത്തിപ്പിടിച്ച ലൈനിനാണ് മേല്‍ക്കൈ കിട്ടിയത്. അതോടെ എം.വി. രാഘവന്‍ പുറത്തേക്കുള്ള വഴിയിലെത്തിയ ഏതാനും മാസത്തിനകം ആ പ്രക്രിയ പൂര്‍ത്തിയായി. എം.വി. രാഘവന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് സി.എം.പിയായി. അവര്‍ യു.ഡി.എഫിന്റെ ഭാഗവുമായി.

വി.എസ് അച്ചുതാനന്ദന്‍
വി.എസ് അച്ചുതാനന്ദന്‍ express photo

ഈ പശ്ചാത്തലത്തിലാണ് 1987-ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സാമുദായിക-വര്‍ഗ്ഗീയ പാര്‍ട്ടികളൊന്നുമില്ലാതെ ഇടതുപക്ഷ ജനാധിപത്യമുന്നണി, ലീഗും കേരളാ കോണ്‍ഗ്രസ്സുകളും ചേര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു.ഡി.എഫ്, സി.എം.പി മുന്നണിയില്‍ ഔദ്യോഗികമായി ചേര്‍ന്നില്ലെങ്കിലും സഖ്യം നിലവില്‍ വന്നു. എം.വി.ആര്‍ അഴീക്കോട് മണ്ഡലത്തില്‍ ആ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയുമായി. തെരഞ്ഞെടുപ്പില്‍ 80 സീറ്റോടെ എല്‍.ഡി.എഫ് അധികാരത്തിലെത്തി. എം.വി. രാഘവനെ തോല്‍പ്പിക്കാന്‍ ഇ.പി. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കി അടവുകളെല്ലാം പയറ്റിയെങ്കിലും സി.പി.എം വിജയിച്ചില്ല.

ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് മന്ത്രിസഭ അധികാരത്തിലെത്തി രണ്ട് വര്‍ഷം കഴിയുന്നതിനിടയിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വന്നത്. ജനപ്രിയ നടപടികളിലൂടെ, ക്ഷേമപെന്‍ഷന്‍, ഭവനപദ്ധതി എന്നിവയിലൂടെ വലിയ വിജയം പ്രതീക്ഷിച്ചാണ് ഭരണമുന്നണി കളത്തിലിറങ്ങിയത്. ഇതേ സമയത്ത് ദേശീയതലത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണം ഇന്ത്യയെ പുതിയ യുഗത്തിലേക്കു കൈപിടിച്ചുയര്‍ത്തുന്നുവെന്ന് അവകാശവാദങ്ങള്‍ ഉയര്‍ന്നതില്‍ കുറെയധികം ശരിയുണ്ടായിരുന്നു. 18 വയസ്സില്‍ വോട്ടവകാശം, അധികാരവികേന്ദ്രീകരണത്തിനുളള നിയമം, സാം പിട്രോഡയുടെ മേല്‍നോട്ടത്തില്‍ സാങ്കേതികമേഖലയില്‍ വന്‍കുതിപ്പ്, പരിസ്ഥിതി സംരക്ഷണ നടപടികള്‍ - അങ്ങനെ പുതിയകാലത്തെ അഭിസംബോധന ചെയ്യുന്നതില്‍ രാജീവ് ഗാന്ധി വലിയൊരളവോളം വിജയിച്ചു. എന്നാല്‍, കോണ്‍ഗ്രസ്സിനകത്ത് വിഭാഗീയത ശക്തിപ്പെടുന്നുണ്ടായിരുന്നു. ധനമന്ത്രിയായ വി.പി. സിങ്ങിനെ പ്രതിരോധമന്ത്രിയാക്കിയത് തിരിച്ചടിയായി. ബോഫോഴ്സടക്കം ഒന്നിനു പുറകെ ഒന്നായി ആരോപണങ്ങള്‍ വന്നു. ഷാബാനു കേസില്‍ രാജീവ് ഗാന്ധി ഇരകള്‍ക്കെതിരായ നിലപാട് സ്വീകരിച്ചത് ആരിഫ് മുഹമ്മദ്ഖാന്‍, അരുണ്‍ നെഹ്റു എന്നിവരുടെ രാജിയിലേക്കു നയിച്ചു. ആത്യന്തികമായി വി.പി. സിങ്ങ് 1987-ലെ ഗാന്ധിജയന്തി നാളില്‍ ജനമോര്‍ച്ച എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിലേക്കാണ് എത്തിയത്. വി.പി. സിങ്ങിന്റെ സ്വാധീനവും ശേഷിയും മനസ്സിലാക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരാജയപ്പെട്ടു. വി.പി. സിങ്ങിന്റെ നേതൃത്വത്തില്‍ ജനമോര്‍ച്ചയും ജനതാപാര്‍ട്ടിയും ലോക്ദളുമെല്ലാം ചേര്‍ന്ന് ജനതാദള്‍ എന്ന പാര്‍ട്ടി രൂപീകരിച്ചു. ടി.ഡി.പിയും ഡി.എം.കെ.യുമെല്ലാം ചേര്‍ന്ന് ദേശീയ മുന്നണി രൂപീകൃതമായി. ആ മുന്നണിയും ഇടതുപക്ഷവും സഹകരിക്കാന്‍ തീരുമാനിച്ചു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് 1989-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വന്നത്. 542-ല്‍ 197 സീറ്റാണ് കോണ്‍ഗ്രസ്സിനു ലഭിച്ചത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും കോണ്‍ഗ്രസ് മന്ത്രിസഭാ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചില്ല. 146 അംഗങ്ങള്‍ മാത്രമുള്ള ദേശീയമുന്നണി ബി.ജെ.പിയുടെ 85 പേരുടേയും ഇടതുപക്ഷത്തിന്റെ 54 പേരുടേയും പിന്തുണയോടെ, പുറത്തുനിന്നുള്ള പിന്തുണയോടെ അധികാരത്തിലെത്തി. തര്‍ക്കങ്ങളെത്തുടര്‍ന്ന് ലോക്ദള്‍ നേതാവ് ദേവിലാല്‍ മന്ത്രിസഭയില്‍നിന്നു രാജിവെച്ചതോടെ സര്‍ക്കാരിന്റെ ഭാവി തുലാസിലായി. ഈ സമയത്ത് തെരഞ്ഞെടുപ്പ് മണത്ത് വി.പി. സിങ്ങ് മണ്ഡല്‍കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിലാകെ സവര്‍ണ്ണരില്‍ വലിയൊരു വിഭാഗം പ്രതിഷേധവുമായി അതിക്രമങ്ങളിലേക്കു നീങ്ങി. പിന്നോക്ക വിഭാഗക്കാര്‍ പരക്കെ ആവേശപ്രകടനം നടത്തുകയായിരുന്നു. ഇന്ത്യയില്‍ സവര്‍ണ്ണാധിപത്യത്തിനെതിരായ ആദ്യത്തെ ഏറ്റവും വലുതും ദൂരവ്യാപകവുമായ പ്രഹരമായിരുന്നു. അത് രാഷ്ട്രീയരംഗത്തും അതിന്റെ പ്രത്യാഘാതം വിപുലമായിരുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍, അരുണ്‍ നെഹ്‌റു,ദേവി ലാല്‍
ആരിഫ് മുഹമ്മദ് ഖാന്‍, അരുണ്‍ നെഹ്‌റു,ദേവി ലാല്‍ express photo

ഇടതുപക്ഷത്തെ

നിരാശരാക്കിയ ഫലം

ദേശീയതലത്തിലെ ഫലമല്ല പതിവുപോലെ കേരളത്തില്‍ ഉണ്ടായത്. ദേശീയതലത്തില്‍ ഇടതുപക്ഷത്തിനു വലുതായൊന്നും ചെയ്യാനാവില്ലെന്ന മുന്‍വിധി വോട്ടര്‍മാരില്‍ പൊതുവേയുണ്ടെന്ന വിലയിരുത്തലാണുണ്ടായത്. 1984-ലേതുപോലെ കേവലം മൂന്നു സീറ്റുകള്‍ മാത്രമാണ് 1989-ലും എല്‍.ഡി.എഫിനു ലഭിച്ചത്. സി.പി.എമ്മിന്റെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ജയിച്ചത്. പാലക്കാട് എ. വിജയരാഘവനും കാസര്‍കോട് എം. രാമണ്ണറൈയും. എല്‍.ഡി.എഫിലെ കോണ്‍ഗ്രസ് എസ്. സ്ഥാനാര്‍ത്ഥി കെ.പി. ഉണ്ണിക്കൃഷ്ണന്‍ വടകരയിലും ജയിച്ചു. ബാക്കി 17 സീറ്റും യു.ഡി.എഫിന്. മുന്നണി സര്‍ക്കാര്‍ ഭരണത്തിലുള്ളപ്പോഴുണ്ടായ ഇത്ര വലിയ പരാജയം സി.പി.എമ്മില്‍ കടുത്ത നിരാശയുണ്ടാക്കി. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യേകത കെ. കരുണാകരന്റെ മകനായ കെ. മുരളീധരന്‍ ലോക്സഭയിലെത്തിയെന്നതാണ്. ആന്റണി ഗ്രൂപ്പിന്റെ പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് കരുണാകരന്‍ അത് സാധിച്ചെടുക്കുകയായിരുന്നു. കോഴിക്കോട് സി.പി.എമ്മിലെ ഇമ്പിച്ചിബാവയെ തോല്‍പ്പിച്ചാണ് മുരളീധരന്‍ പാര്‍ലമെന്റിലെത്തിയത്. അത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കരുണാകരനു പൂര്‍ണ്ണനിയന്ത്രണമുണ്ടായിരുന്നു. തീരുമാനം പലതും വ്യക്തിപരവുമായിരുന്നു. തിരുവനന്തപുരത്ത് എ. ചാള്‍സ്, മുകന്ദപുരത്ത് പ്രൊഫ. സാവിത്രി ലക്ഷ്മണന്‍, ഇടുക്കിയില്‍ പാലാ കെ.എം. മാത്യു എന്നിവരെ കരുണാകരന്റെ പ്രത്യേക താല്പര്യത്തിലാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇവരാരും സജീവമായി രാഷ്ട്രീയ നേതൃത്വത്തിലുള്ളവരായിരുന്നുമില്ല. പക്ഷേ, കരുണാകരന്‍ ശഠിച്ചു, എതിര്‍വിഭാഗത്തിന്റെ വിയോജിപ്പ് ഹൈക്കമാന്‍ഡ് നിരാകരിച്ചു. മൂന്നുപേരും വിജയിച്ചുവെന്നത് കരുണാകരന്റെ ഗ്രാഫുയര്‍ത്തുകയും ചെയ്തു. എ. ചാള്‍സ് തിരുവനന്തപുരത്ത് കവി ഒ.എന്‍.വി. കുറുപ്പിനെയാണ് പരാജയപ്പെടുത്തിയത്. കണ്ണൂരില്‍ പി. ശശിയെ തോല്‍പ്പിച്ച് മുല്ലപ്പളളി രാമചന്ദ്രനും കൊല്ലത്ത് ആര്‍.എസ്.പിയിലെ ബാബുദിവാകരനെ തോല്‍പ്പിച്ച് എസ്. കൃഷ്ണകുമാറും അടൂരില്‍ എന്‍. രാജനെ പരാജയപ്പെടുത്തി കൊടിക്കുന്നില്‍ സുരേഷും ചിറയിന്‍കീഴില്‍ സുശീലാ ഗോപാലനെ തോല്‍പ്പിച്ച് തലേക്കുന്നില്‍ ബഷീറും തൃശൂരില്‍ മീനാക്ഷി തമ്പാനെ തോല്‍പ്പിച്ച് പി.എ. ആന്റണിയും മവേലിക്കരയില്‍ തമ്പാന്‍ തോമസിനെ തോല്‍പ്പിച്ച് പി.ജെ. കുര്യനും ആലപ്പുഴയില്‍ കെ.വി. ദേവദാസിനെ തോല്‍പ്പിച്ച് വക്കം പുരുഷോത്തമനും വിജയിച്ചു. കോട്ടയത്ത് സുരേഷ്‌കുറുപ്പിനെ തോല്‍പ്പിക്കാന്‍ രമേശ് ചെന്നിത്തലയെ രംഗത്തിറക്കി വിജയിച്ചു. ഒറ്റപ്പാലത്ത് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനെയാണ് സി.പി.എം പരീക്ഷിച്ചത്. പക്ഷേ, വന്‍ഭൂരിപക്ഷത്തില്‍ കെ.ആര്‍. നാരായണനാണ് വിജയിച്ചത്. എറണാകുളത്ത് ജസ്റ്റിസ് പി. സുബ്രഹ്മണ്യന്‍ പോറ്റിയെ (സി.പി.എം സ്വതന്ത്രന്‍) കോണ്‍ഗ്രസ്സിലെ പ്രൊഫ. കെ.വി. തോമസ് പരാജയപ്പെടുത്തി. മഞ്ചേരിയില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടും പൊന്നാനിയില്‍ ബനാത്തുവാലയും ലീഗിന്റെ വിജയം ആവര്‍ത്തിച്ചുറപ്പിച്ചു. മൂവാറ്റുപുഴയില്‍ കേരളാകോണ്‍ഗ്രസ്സിലെ പി.സി. തോമസാണ് വിജയിച്ചത്.

കെ.ആര്‍ നാരായണനും ഉഷാ നാരായണനും
കെ.ആര്‍ നാരായണനും ഉഷാ നാരായണനും express photo

വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് ഉത്തരേന്ത്യയില്‍ സവര്‍ണ്ണ-വലതുപക്ഷ പാര്‍ട്ടികളെ എരിപൊരികൊള്ളിച്ചു. വലതുപക്ഷ ശക്തികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു. ഇതാണ് പറ്റിയ സന്ദര്‍ഭമെന്ന് കണ്ട് ബി.ജെ.പിയും സംഘപരിവാര്‍ ശക്തികളും ബാബറി മസ്ജിദ് തകര്‍ത്ത് അവിടെ രാമക്ഷേത്രം പണിയുന്നതിനുള്ള കര്‍സേവയ്ക്കു തീരുമാനിച്ചു. അതിനു മുന്നോടിയായി എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിച്ചു. നാടെങ്ങും വര്‍ഗ്ഗീയകലാപവും ധ്രുവീകരണവും ലക്ഷ്യമിട്ട്, അതുവഴി സംഘപരിവാര്‍ ഭരണം, ഹിന്ദുത്വരാഷ്ട്രം ലാക്കാക്കിയുള്ള രഥയാത്ര ബീഹാറിലെത്തിയപ്പോള്‍ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അതിനെ നിരോധിക്കുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതോടെ വി.പി. സിങ്ങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു ബി.ജെ.പി. വിശ്വാസപ്രമേയം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വി.പി. സിങ്ങ് രാജിവെച്ചപ്പോഴും പുതിയ തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയില്ല. ജനതാദള്‍ പിളര്‍ന്ന് സമാജ്വാദി ജനതാദള്‍ എന്ന പുതിയൊരു പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ എസ്. ചന്ദ്രശേഖര്‍ മന്ത്രിസഭ രൂപവല്‍ക്കരിച്ചു. എന്നാല്‍, ബജറ്റ് പോലും പാസാക്കാനാകാതെ ആ സര്‍ക്കാര്‍ നിലംപതിക്കുകയും കാവല്‍ പ്രധാനമന്ത്രിയായി ചന്ദ്രശേഖര്‍ തുടരുകയുമായിരുന്നു.

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കുമെന്ന പ്രഖ്യാപനത്തോടെ മതധ്രുവീകരണമുണ്ടാക്കി ജയിക്കാന്‍ കോപ്പുകൂട്ടുകയായിരുന്നു സംഘപരിവാര്‍. ജനതാദളാകട്ടെ, ആഭ്യന്തരപ്രശ്നങ്ങളാല്‍ തകര്‍ച്ചയുടെ വക്കിലും. കോണ്‍ഗ്രസ് തിരിച്ചുവരവിനായി എല്ലാ ആയുധങ്ങളും പുറത്തെടുത്തു. മെയ് 20-ന് ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന്റെ അടുത്ത ദിവസം രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ റാലിയില്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ എല്‍.ടി.ടി.ഇ ഭീകരര്‍ മനുഷ്യബോംബായി പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ശ്രീലങ്കയിലെ വംശീയ പ്രശ്നവുമായി ബന്ധപ്പെട്ട് ആഭ്യന്തരയുദ്ധത്തില്‍ അവിടുത്തെ സര്‍ക്കാര്‍ സേനയെ സഹായിക്കാന്‍ ഇന്ത്യയില്‍നിന്നു സൈന്യത്തെ അയച്ചതിലുള്ള പ്രതികാരമായാണ് നിഷ്ഠുരമായ കൊലപാതകം നടത്തിയത്. രാജ്യമാകെ ഞെട്ടിത്തരിച്ച ഈ സംഭവത്തെത്തുടര്‍ന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് മാറ്റിവെച്ചു. രണ്ടാംഘട്ട വോട്ടെടുപ്പില്‍ സഹതാപതരംഗം ആഞ്ഞുവീശി. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിനു നല്ല വിജയമുണ്ടായി. എങ്കിലും കേവല ഭൂരിപക്ഷമെത്തിയില്ല. ആകെ 244 സീറ്റാണ് ലഭിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന നിലയില്‍ പി.വി. നരസിംഹറാവു അധികാരത്തിലേറി. എന്നാല്‍, നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലെല്ലാം ഭൂരിപക്ഷത്തിനു കൂറുമാറ്റത്തെ ആശ്രയിക്കേണ്ടിവന്നു. ജാര്‍ഘണ്ട് മുക്തിമോര്‍ച്ച എം.പിമാര്‍ക്കു കൂറുമാറാന്‍ കോഴ കൊടുത്തത് കേസായി. ഈയിടെയാണ് സുപ്രീംകോടതി ആ കേസില്‍ ഖണ്ഡിതമായ വിധിപ്രസ്താവം വന്നത്. അഴിമതി-കോഴക്കേസുകളില്‍ പാര്‍ലമെന്റംഗങ്ങള്‍ക്കു പ്രത്യേക പരിരക്ഷയില്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്.

പി.വി നരസിംഹറാവുവും കെ.കരുണാകരനും രമേശ് ചെന്നിത്തലയും
പി.വി നരസിംഹറാവുവും കെ.കരുണാകരനും രമേശ് ചെന്നിത്തലയും express photo

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു ശേഷമാണ് കേരളത്തിലെ നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ നടന്നത്. രണ്ടാം ഇ.കെ. നായനാര്‍ മന്ത്രിസഭയ്ക്ക് ഒരു വര്‍ഷംകൂടി കാലാവധിയുണ്ടായിരുന്നെങ്കിലും തൊട്ടുമുന്‍പ് നടന്ന ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മുന്നണിക്കു തകര്‍പ്പന്‍ വിജയമുണ്ടായ സാഹചര്യത്തില്‍ ചൂടോടെ നിയമസഭാ തെരഞ്ഞെടുപ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ പാര്‍ലമെന്ററി രംഗത്തുള്ളവര്‍ സംഘടനാരംഗത്തേക്കും സംഘടനാരംഗത്തുള്ളവര്‍ പാര്‍ലമെന്ററി രംഗത്തേക്കും മാറുകയെന്ന തീരുമാനത്തിന്റെകൂടി ഭാഗമായിട്ടായിരുന്നു നേരത്തെയുള്ള തെരഞ്ഞെടുപ്പ്. സഹതാപതരംഗം സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് 88 സീറ്റോടെ യു.ഡി.എഫ് അപ്രതീക്ഷിതമായി ഭരണത്തിലെത്തുകയായിരുന്നു. ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 16-ഉം എല്‍.ഡി.എഫിന് നാലും സീറ്റാണ് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിലാണ് കോ-ലീ-ബി മുന്നണി യാഥാര്‍ത്ഥ്യമായതെന്ന് ആരോപണമുയര്‍ന്നു. 40 സീറ്റുകളില്‍ ബി.ജെ.പിയും യു.ഡി.എഫും ധാരണയുണ്ടായിരുന്നതായി ബി.ജെ.പി നേതാവ് കെ.ജി. മാരാരുടെ ജീവചരിത്രത്തില്‍ വ്യക്തമാക്കുകയും ചെയ്തു. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ അഡ്വ. എം. രത്‌നസിംഗും ബേപ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ ഡോ. കെ. മാധവന്‍കുട്ടിയും ബി.ജെ.പി നോമിനികളായി മത്സരിച്ചു. യു.ഡി.എഫ്-ബി.ജെ.പി ധാരണയുടെ ഭാഗമായി ഈ രണ്ട് മണ്ഡലത്തിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. എന്നാല്‍, രണ്ടിടത്തും എല്‍.ഡി.എഫാണ് വിജയിച്ചത്. വടകരയില്‍ കോണ്‍ഗ്രസ് എസിലെ കെ.പി. ഉണ്ണിക്കൃഷ്ണനും ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ സി.പി.എമ്മിലെ ടി.കെ. ഹംസയും.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വടകരയ്ക്കു പുറമെ ജയിച്ചത് ചിറയിന്‍കീഴിലും (സുശീലാ ഗോപാലന്‍), ആലപ്പുഴയിലും (ടി.ജെ. ആഞ്ചലോസ്), കാസര്‍കോട്ടു(എം. രാമണ്ണറൈ) മാണ്. ഇതില്‍ ടി.ജെ. ആഞ്ചലോസ് സി.പി.എമ്മില്‍ അച്ചടക്കനടപടിക്കിരയായി സി.പി.ഐയിലെത്തി.

യു.ഡി.എഫില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ (കണ്ണൂര്‍), കെ. മുരളീധരന്‍ (കോഴക്കോട്), വി.എസ്. വിജയരാഘവന്‍ (പാലക്കാട്), കെ.ആര്‍. നാരായണന്‍ (ഒറ്റപ്പാലം), രമേശ് ചെന്നിത്തല (കോട്ടയം), സാവിത്രി ലക്ഷ്മണന്‍ (മുകുന്ദപുരം), കെ.വി. തോമസ് (എറണാകുളം), പി.ജെ. കുര്യന്‍ (മാവേലിക്കര), പാലാ കെ.എം. മാത്യു (ഇടുക്കി), കൊടിക്കുന്നില്‍ സുരേഷ് (അടൂര്‍), പി.സി. ചാക്കോ (തൃശൂര്‍), എസ്. കൃഷ്ണകുമാര്‍ (കൊല്ലം), എ. ചാള്‍സ് (തിരുവനന്തപുരം) - എല്ലാവരും കോണ്‍ഗ്രസ്-ഐ. കേരളാകോണ്‍ഗ്രസ്സിലെ പി.സി. തോമസ് മൂവാറ്റുപുഴയില്‍ വിജയിച്ചു. മുസ്ലിം ലീഗിലെ ഇ. അഹമ്മദ് മഞ്ചേരിയിലും ഇബ്രാഹിം സുലൈമാന്‍സേട്ട് പൊന്നാനിയിലും വിജയിച്ചു. കേരളാ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാവുകയും പി.ജെ. ജോസഫ് വിഭാഗം എല്‍.ഡി.എഫിലെത്തുകയും ചെയ്തിരുന്നു ആ തെരഞ്ഞടുപ്പില്‍. ഇടുക്കിയില്‍ മത്സരിച്ച പി.ജെ. ജോസഫ് പാലാ കെ.എം. മാത്യുവിനോട് പരാജയപ്പെടുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com