സര്‍ഗ്ഗവൈഭവത്തിന്റെ കടലാസ്സുപക്ഷികള്‍

പ്രവാഹം നിലച്ചുനിന്ന നദിക്കരയില്‍നിന്ന് രാജ് നായര്‍ കൊറ്റേലിയുടെ കഥ കിളച്ചെടുക്കുന്നു. അത് ഒരു ദേശത്തിന്റെ സാമൂഹിക ചരിത്രമായി ആലേഖനം ചെയ്യപ്പെടുന്നു. കാഴ്ചയില്‍ കണ്ണില്‍ വിസ്മയം വിരിയിക്കുന്ന സാമൂഹിക ദൃശ്യങ്ങളും ഉള്‍വായനയില്‍ കരളില്‍തറക്കുന്ന ജീവിതസന്ദര്‍ഭങ്ങളും നോവലിസ്റ്റ് ഉദ്ഖനനം ചെയ്‌തെടുക്കുന്നു. രാജ് നായരുടെ കടലാസ്സുപക്കികള്‍ എന്ന നോവലിന്റെ വായന
രാജ് നായര്‍
രാജ് നായര്‍ Facebook

''നദി നിന്നു.

പാതിരയോട് അടുത്ത യാമത്തില്‍ നദി നിന്നു.'' രാജ് നായരുടെ 'കടലാസ്സുപക്കികള്‍' എന്ന നോവല്‍ തുടങ്ങുന്നത് ഇങ്ങനെയാണ്. കുട്ടനാട്ടിലെ കൊറ്റേലി എന്ന ഗ്രാമത്തിലേക്കുള്ള പ്രവേശം നടക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള ദേശങ്ങളുടെ സാമൂഹിക ചരിത്രവും വികാസപരിണാമവും തന്നെയാണ് കൊറ്റേലിക്കും സംഭവിച്ചിട്ടുള്ളത് എന്ന് നിരീക്ഷിക്കാനാവുന്നതാണ്. ദേശങ്ങള്‍ക്കും സംസ്‌കാരത്തിനും അദൃശ്യമായ ഒരു ബന്ധവും സമാനമായ വളര്‍ച്ചയും സാമൂഹിക നരവംശശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. കടലാസ്സുപക്കികളുടെ ആദ്യ അദ്ധ്യായത്തില്‍ത്തന്നെ അത് രേഖപ്പെടുത്തുന്നു: ''ഗ്രാമത്തിനും മുന്‍പ് നദി വന്നു. നദിയോരത്ത് പച്ചപ്പ് പരന്നു. ആകാശത്തുനിന്നും ആ പച്ചപ്പ് കണ്ട കിളികള്‍ കാണാക്കാടുകളില്‍നിന്ന് പറന്നെത്തി. വന്ന വഴി അവര്‍ പതിയെ മറന്നു. അത്ര മനോഹരമായിരുന്നു ആ പരന്ന പച്ചപ്പ്. കുന്നുകള്‍ ഇല്ല. അതിനാല്‍ താഴ്വാരങ്ങളും ഇല്ല. നനഞ്ഞ ചതുപ്പില്‍ പടര്‍ന്നുപന്തലിച്ച മദാലസ, നദി. പക്ഷികളെ ഉന്നംവെച്ചവരേയും പക്ഷികളുടെ മനോഹാരിതയില്‍ ആകൃഷ്ടരായവരും പക്ഷികള്‍ ഉള്ളിടത്ത് നനവുണ്ടാവും എന്ന് ദീര്‍ഘദൃഷ്ടിയുള്ളവരും ഗ്രാമവാസികളായി.''

കൊറ്റേലി ദേശത്തിന്റെ ഭൂമിശാസ്ത്ര-പാരിസ്ഥിതിക വിവരണങ്ങളില്‍നിന്ന് സാമൂഹിക ചരിത്രത്തിലേക്കുള്ള പ്രയാണം കടലാസ്സുപക്കികളെ കൂടുതല്‍ മനുഷ്യപ്പറ്റുള്ളതാക്കുന്നു. സമുദായങ്ങളുടെ വൈവിധ്യസാന്നിദ്ധ്യം നോവലിസ്റ്റ് സാദ്ധ്യമാക്കുന്നു. കൊറ്റേലിയെ ഒരു ദേശമായും വഴിയെ ഒരു ഭാഷയും ഒരു സംസ്‌കാരവുമായി വളര്‍ത്തിയെടുക്കുന്നു. ''ഒരു കഥയുടെ തുടക്കം മറ്റൊരു കഥയുടെ അവസാനത്തില്‍നിന്നും, ഒരു കഥയുടെ അവസാനം മറ്റൊരു കഥയുടെ അവസാനവുമാക്കി മാറ്റുന്നു. ആദിമജരായ പറയന്മാരിലേക്കും പുലയന്മാരിലേക്കും പതിറ്റാണ്ടു മുന്‍പ് മണ്‍മറഞ്ഞ എണ്ണ വല്യച്ഛന്റെ സാത്വിക ശബ്ദത്തിലേക്കും അങ്ങനെയങ്ങനെ നടപ്പുകാലത്തേക്കും വരുംകാലത്തേക്കും കഥകള്‍ പടരുന്നു. കൃഷ്ണനില്‍നിന്നും ശാന്തയില്‍നിന്നും കഥയൊഴുകുന്നു. നദിയെ നിശ്ചലമാക്കിയതിന്റെ സാര്‍ത്ഥകതയില്‍ കൃഷ്ണന്റെയമ്മയുടെ ഏച്ചുകൂട്ടലുകളിലേക്കും കഥ നീങ്ങുന്നു. കൊറ്റേലിയിലെ മറ്റു കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. മാരാത്തെ കൃഷ്ണന്റെ ഭാര്യയാണ് മാളിയേക്കലെ ശാന്ത. മാളിയേക്കല്‍ തറവാട്ടിലെ ശാന്തയുടെ മുറച്ചെറുക്കനായ ദേവദാസന്‍ നായരിലേക്കും കൃഷ്ണന്റെ സഹോദരിമാരിലേക്കും ദേശത്തെ പോസ്റ്റ്മാനായ പാവനനിലേക്കും അയാളിന്റെ ചോവോത്തി പൊന്നമ്മയിലേക്കും പാവനന്റെ സഹചാരികളായ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ശശി-വേണുമാരിലേക്കും ഇടയ്‌ക്കൊരു മിന്നായം പോലെ ഇറച്ചിക്കച്ചവടക്കാരനായ മൊയ്തുവിലേക്കും മൊയ്തുവിനെ കൊന്നതിന്റെ പേരില്‍ ജയിലിലായ വേലുപ്പറയനിലേക്കും കൊറ്റേലിയിലെ ഭാവിപ്രവചനക്കാരി വിലാസിനിയമ്മയിലേക്കും ഫൈസലിലേക്കും കംലയിലേക്കും ജര്‍മന്‍കാരിയായ കോര്‍ണീലിയയിലേക്കും കൊറ്റേലിയിലെ

പ്രേതമായി കഴിയുന്ന ചെല്ലപ്പനിലേക്കും വേറെയും പലരിലേക്കും കടലാസ്സുപക്കികള്‍ പറക്കുന്നു. ഈ കഥാപാത്രങ്ങളെ ഒരു കാലിഡോസ്‌കോപ്പിലെന്നവിധം രാജ് നായര്‍ കണ്ണിലും കരളിലും തറക്കുന്ന കാഴ്ചകളാക്കി അനുഭവിപ്പിക്കുന്നു.

കുളിച്ചുവരുന്ന ഭാര്യ ശാന്തയുടെ മുടിച്ചുരുളുകളില്‍നിന്നു കണ്ണിലേക്ക് തെറിച്ചുവീഴുന്ന ജലകണങ്ങളാല്‍ ശിഥിലമാക്കപ്പെട്ട കൃഷ്ണന്റെ സ്വപ്നങ്ങള്‍ പക്ഷികളായി പറന്നു തുടങ്ങുന്നു. മേച്ചില്‍പ്പുറങ്ങള്‍ പലതും താണ്ടി, ദുരന്തങ്ങളില്‍ തുന്നംപാറിയ കൃഷ്ണന്‍ നദിക്കരയില്‍നിന്നു ജലശേഖരത്തിലേക്കു താണിറങ്ങുന്നിടത്ത് നോവല്‍ അവസാനിക്കുന്നു. ദുരന്തയാത്രയ്ക്കിടയില്‍ എവിടുന്നോ കിട്ടിയ ഏതാനും വെടിയുണ്ടകളുടെ പൊതിയുമായി കണ്ണടക്കാതെ കൃഷ്ണന്‍ നദിയകത്തളത്തിലേക്കു നടന്നിറങ്ങുന്നു. കടലാസ്സുപക്കികള്‍ അവസാനിക്കുന്നു: ''വെടിയുണ്ടകള്‍ അവന്റെ കുഞ്ഞിക്കയ്യില്‍നിന്നുതിര്‍ന്നുവീണു. വെളുവെളാ വെളുത്ത കൊക്കൂണുകളായി... അവ പൊട്ടിത്തുറന്ന് വെളുത്ത ചിറകുകളുള്ള കടലാസ്സുപക്കികളായി. നദിയുടെ നാഭിയിലെ ഇരുട്ടിലേക്കു പാറിപ്പറന്നു... അപ്രത്യക്ഷമായി. നദി ഒഴുകാതെ നിന്നു.''

പ്രവാഹം നിലച്ചുനിന്ന നദിക്കരയില്‍നിന്ന് രാജ് നായര്‍ കൊറ്റേലിയുടെ കഥ കിളച്ചെടുക്കുന്നു. അത് ഒരു ദേശത്തിന്റെ സാമൂഹിക ചരിത്രമായി ആലേഖനം ചെയ്യപ്പെടുന്നു. കാഴ്ചയില്‍ കണ്ണില്‍ വിസ്മയം വിരിയിക്കുന്ന സാമൂഹിക ദൃശ്യങ്ങളും ഉള്‍വായനയില്‍ കരളില്‍തറയ്ക്കുന്ന ജീവിതസന്ദര്‍ഭങ്ങളും നോവലിസ്റ്റ് ഉദ്ഖനനം ചെയ്‌തെടുക്കുന്നു.

പാലംപണി തുടങ്ങുന്നു. റെയില്‍വെലൈന്‍ വെട്ടുന്നു. ആഗോളീകരണത്തിന്റെ അടയാളങ്ങള്‍. പുതിയ സഞ്ചാരപഥങ്ങളും പുതിയ വര്‍ഗ്ഗവിഭാഗങ്ങളും കൊറ്റേലിയെ മാറ്റിമറിച്ചു. എഴുപതുകളില്‍നിന്ന് രണ്ടായിരാമാണ്ടിലേക്ക്. നോവലിലത് രേഖപ്പെടുത്തുന്നു: ''നിമിഷങ്ങളുടെ വ്യാപ്തിയില്‍ പുറകോട്ടും മുന്നോട്ടും ചിന്തിക്കാന്‍ മനുഷ്യനു കഴിയും. കാണുന്നതും കാണുന്നവരേയും കബളിപ്പിച്ചുകൊണ്ട് സഞ്ചരിക്കാം.'' കാലങ്ങളിലൂടെയുള്ള ക്രമം തെറ്റിയ ആ സഞ്ചാര കലയാണ് കടലാസ്സുപക്കികളെ വ്യത്യസ്തമായ ഒരു വായനാനുഭവമാക്കുന്നത്.

കൊറ്റേലിയുടെ

സാമൂഹിക ഗാഥ

ദേശത്തിന്റെ സാമൂഹിക ചരിത്രം ആവിഷ്‌കരിക്കുന്ന ആദ്യത്തെ മലയാള നോവലൊന്നുമല്ല കടലാസ്സുപക്കികള്‍. ലക്ഷണമൊത്ത ആദ്യ മലയാള നോവലെന്നു കരുതപ്പെടുന്ന 'ഇന്ദുലേഖ' (ഒ. ചന്തുമേനോന്‍, 1890) മുതല്‍ പല നോവലുകളിലും ഓരോ ദേശത്തിന്റെ ചരിത്രം വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇവയുടെ പിന്തുടര്‍ച്ചയിലെ ഒരവകാശിയാണ് രാജ് നായരുടെ കടലാസ്സ്പക്കികള്‍ (2021). ചരിത്രത്തിന്റെ ശാസ്ത്രീയ പാഠങ്ങളുടെ ഉലയിലിട്ട് ഉരുക്കി കമ്മട്ടങ്ങളില്‍ വാര്‍ത്തെടുക്കുമ്പോള്‍ ചോര്‍ന്നുപോകുന്നതെന്തോ അതുതന്നെയാണ് കടലാസ്സുപക്കികളിലേയും സാമൂഹിക ചരിത്രം. എന്നാല്‍, ആഖ്യാനത്തിലെ കരവിരുതാല്‍ കടലാസ്സുപക്കികളിലെ കൊറ്റേലിയുടെ സാമൂഹിക ചരിത്രം സമാനതകളാല്‍ സാര്‍വ്വദേശീയ ഭാവം കൈവരിക്കുന്നു.

മൂത്ത പറയന്‍ ഉണ്ടാക്കിയെടുത്ത കൊറ്റേലി ഗ്രാമത്തിലാണ് വേലുപ്പറയന്റെ മുതുമുത്തപ്പന്‍ പേരില്ലാപ്പറയന്‍ വീട് പണിയുന്നത്. എല്ലാ ഗ്രാമങ്ങള്‍ക്കും എന്നപോലെ കൊറ്റേലിയുടെ ആദ്യാവകാശികള്‍ ഗോത്രവര്‍ഗ്ഗക്കാരാണ്. അതിജീവനത്തിന്റെ കഥകളേ അവര്‍ക്കു പറയാനുള്ളൂ. നായന്മാരും ചോകവന്മാരും പിന്നീട് കൊറ്റേലിയില്‍ എത്തിയവരാണ്. അവര്‍ക്കും പിന്നിലാണ് മുസ്ലിങ്ങളും ക്രൈസ്തവരും വന്നെത്തുന്നത്. കൊറ്റേലിയുടെ കഥ പറയുമ്പോള്‍ കൃഷ്ണന്റെയമ്മയുടെ പ്രസ്താവനകളാണ് സാമൂഹിക ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നത്. ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും കൊറ്റേലിയുടെ ശതകാലത്തിലേക്കുള്ള പിരിയന്‍ ഗോവണികളാണ്. വര്‍ത്തമാനകാലത്തുനിന്ന് ഞൊടിയിടകൊണ്ട് ഭൂതകാലത്തേക്കും, അവിടെനിന്ന് ഇന്നിലേക്കുതന്നെ ചാടിയിറങ്ങാനുമുള്ള കഥയെഴുത്തിലെ സന്നിവേശ തന്ത്രങ്ങള്‍ നോവലിസ്റ്റ് പ്രയോഗിക്കുന്നുണ്ട്. കൃഷ്ണന്റെയമ്മയെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ നോവലിസ്റ്റ് പ്രയോജനപ്പെടുത്തുന്നത്. ചിലപ്പോള്‍ കൃഷ്ണന്റെയമ്മ തന്നെ ഒരു പുരാവൃത്തമായി രൂപാന്തരം പ്രാപിക്കുന്നു.

കൃഷ്ണന്റെയമ്മയുടെ കഥനമനുസരിച്ച് മാളിയേക്കലുകാര്‍ കൊറ്റേലിയില്‍ കുടിവെച്ച ജന്മിമാരാണ്. 'ഒരുപാട്, ഒരുപാട്' പണം കൈവശമുള്ളവരായിരുന്നു കൊറ്റേലിയിലെത്തിയ ആദിനായന്മാരുടേത്. തലമുറകള്‍ക്കു മുന്‍പ് അവരിലാരോ ചെയ്ത പാപത്താല്‍ ശപിക്കപ്പെട്ട ഒരു കുടുംബമായിരുന്നു അവരുടേത്. ശാപമോക്ഷത്തിനുള്ള വഴി ഏതോ ഒരു കണിയാന്‍ കണ്ടെത്തി ഉപദേശിച്ചു: ''മലനാട് ഉപേക്ഷിക്കണം. പ്രതാപം കൈവെടിഞ്ഞ് യാതന അനുഭവിക്കണം. ശാപം തീരുന്ന അതിര്‍ത്തി അലിഞ്ഞുതിരിഞ്ഞ് കണ്ടെത്തണം. അവിടെ ഒരു നദിയുണ്ടാവും. നദിക്ക് അക്കരെയുള്ള നാട് അവര്‍ക്ക് ശാപമോക്ഷം നല്‍കും. ആ നദി പൂക്കൈതയാര്‍ എന്നു വിളിക്കുന്ന നദിയാണെന്ന് അവരറിഞ്ഞു. അതിനപ്പുറമുള്ള നാട് കൊറ്റേലിയും.''

കുഞ്ഞിക്കുട്ടന്‍ നായരും ഭാര്യ സേതുലക്ഷ്മിയും അടങ്ങുന്ന സംഘം, തെങ്ങ് വെട്ടിയിട്ട പാലങ്ങളും ഒരുപാട് പറ പുഞ്ചക്കൈപ്പാടങ്ങളും കടന്ന് പൂക്കൈതയാറിന്റെ തീരത്തെത്തി. കൃഷ്ണന്റെയമ്മ പറഞ്ഞപോലെ അവര്‍, ചെറകളും തെങ്ങിന്‍തോപ്പുകളും കണ്ടങ്ങളായ കണ്ടങ്ങളും വാങ്ങിക്കൂട്ടി. കൃഷ്ണന്റെയമ്മ കൂട്ടിച്ചേര്‍ത്തു: ''സ്വര്‍ണ്ണത്തില്‍ പണിതും രത്‌നങ്ങള്‍ പതിച്ചും ഒരു കുരിശ് അവര്‍ക്ക് സ്വന്തമായുണ്ടായിരുന്നുപോലും.'' അന്ന് ആ സംഘത്തിലുണ്ടായിരുന്ന അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന നാല് വയസ്സുകാരന്‍ വേലു ഇന്ന് ബനാറസ്സില്‍ പോയി ബി.എയും എം.എയും എടുത്ത ദേവദാസന്‍നായരുടെ മുതുമുത്തച്ഛനായിരുന്നുവത്രെ. മാളിയേക്കല്‍ തറവാട്ടുകാര്‍ കൊറ്റേലിയില്‍ തലമുറകളായി കൊടികുത്തിവാഴുന്നു.

മാളിയേക്കലെ പുതുതലമുറയോടെ തറവാടും വിളനിലങ്ങളും വീതംവെച്ചും വിറ്റുതുലച്ചും അന്യം വന്ന് തുടങ്ങിയിരിക്കുന്നു. തറവാട്ടില്‍പ്പെട്ട ഒരാളാണ് കമ്യൂണിസ്റ്റുകാരനും ബിരുദാനന്തര

ബിരുദധാരിയുമായ ദേവദാസന്‍. ജന്മിയല്ലാതായ കമ്യൂണിസ്റ്റ്. കൃഷിയും കൃഷിഭൂമിയും വിട്ട് ദേവദാസന്‍ വീണ്ടും ബനാറസ് യൂണിവേഴ്സിറ്റിയിലെത്തി പിഎച്ച്.ഡിയെടുത്തു. ഡോ. എം. ദേവദാസന്‍ നായര്‍ ജര്‍മനിയിലേക്കു പോയി. ജീവിതം ആഘോഷമാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കത്തോടെ മാളിയേക്കല്‍ തറവാട്ടുകാര്‍ അതിജീവനത്തിന്റെ പുതുമാര്‍ഗ്ഗങ്ങള്‍ തേടിത്തുടങ്ങിയിരുന്നു.

രാജ് നായര്‍
മാര്‍കേസ്: മഗ്നോളിയപ്പൂക്കളുടേയും സംഗീതത്തിന്റേയും കൂട്ടുകാരന്‍

ഉള്ളില്‍ തറയ്ക്കുന്ന

കഥാപാത്രങ്ങള്‍

കൊറ്റേലി ചെല്ലപ്പന്‍ കടലാസ്സുപക്കികളിലെ ഒരു പ്രേതകഥാപാത്രമാണ്. പുലയന്‍ ചെല്ലപ്പനെ തല്ലിക്കൊന്ന് പ്രേതമാക്കി മാറ്റിയ കഥ എല്ലാവര്‍ക്കുമറിയാം. കൃഷ്ണന്റെയമ്മ പറയുന്ന കഥ: ''മാളിയേക്കലെ സപ്രമഞ്ചക്കട്ടിലില്‍ ചെല്ലപ്പന് വേഴ്ച ഒരു ശീലമായിരുന്നു. ഒരു നായര്‍ പെണ്ണില്‍ അയാള്‍ ഒരുപാട് വിത്തുവിതച്ചു. നായന്മാര്‍ കൊടുത്ത പണം വാങ്ങി പുലയന്മാര്‍ തന്നെ ചെല്ലപ്പനെ തല്ലിക്കൊന്നു. കൊറ്റേലിയുടെ അഗാധതയില്‍ മറവ് ചെയ്തു. കൊറ്റേലിയില്‍ പലരും കേള്‍ക്കുന്ന, ചിലര്‍ക്കൊക്കെ കാണാനുമാവുന്ന ഒരു പ്രേതമായി ചെല്ലപ്പന്‍. ചെല്ലപ്പന്‍ എന്ന പ്രേതം ഒന്ന്, എന്നാല്‍ ചെല്ലപ്പന്‍ പലര്‍ക്കും പലതായിരുന്നു. മറ്റൊരു കഥയില്‍, ചെല്ലപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ഒരു പരനാറിയായിരുന്നു. അയാളെപ്പറ്റി കേട്ടതെല്ലാം ചീത്തയായിരുന്നു. കൊറ്റേലിയിലെ കുടിലുകളില്‍ കേറി, ഭര്‍ത്താക്കന്മാരെ അടിച്ചുവീഴ്ത്തി, ഭാര്യമാരെ ബലാല്‍ക്കാരം ചെയ്തവനാണ് ചെല്ലപ്പന്‍. മോഷ്ടിച്ച് ദുഷിച്ചവന്‍. അമ്പലത്തിലെ ആനയ്ക്കും അരയാലിനും വിഷം കൊടുത്ത് കൊല്ലിച്ചവന്‍. ചെല്ലപ്പനെ ആരോ കൊലപ്പെടുത്തുകയും ചെയ്തു. മരിച്ചതിനെക്കുറിച്ചങ്ങനെ പലതും പറയാനുണ്ട്. മറ്റൊന്നും ആര്‍ക്കുമറിയില്ലായിരുന്നു. മാറ്റമേതും ഇല്ലാത്ത കടലാസ്സുപക്കികളിലെ ഏക കഥാപാത്രമാണ് ചെല്ലപ്പന്‍ എന്ന പ്രേതം.

കൃഷ്ണനും

ശാന്തയും

മാരാത്തെ കൃഷ്ണന്റെ ചെവികള്‍ക്കിടയില്‍ തുളഞ്ഞ് കേറി, അകത്തിരുന്ന് അങ്ങോട്ടുമിങ്ങോട്ടും ഭാഷണം പറയും ചെല്ലപ്പന്‍. കൃഷ്ണന്‍ കൊറ്റേലിയിലെ അമ്പലവാസി. പരീക്ഷ പലവട്ടം എഴുതിയിട്ടും പത്താംക്ലാസ്സ് പാലം കടന്നിട്ടില്ല. കൃഷ്ണന്റെയമ്മയ്ക്ക് നാല് മക്കളാണ്. കൃഷ്ണന്‍ മൂന്ന് സഹോദരിമാര്‍ക്ക് ഏക സഹോദരന്‍. അമ്മയ്ക്കും മൂന്ന് സഹോദരിമാര്‍ക്കും നല്ലതുവരാന്‍ സദാ പ്രാര്‍ത്ഥിച്ചു നടക്കുന്ന നിഷ്‌കളങ്കനാണ് കൃഷ്ണന്‍. അവന് ആരെന്നു പറയാന്‍ ഒരച്ഛനുണ്ടായിരുന്നില്ല. കൊച്ചുനാളില്‍ അച്ഛനെക്കുറിച്ച് കൃഷ്ണന്‍ ചോദിക്കുമ്പോള്‍ കൃഷ്ണന്റെയമ്മ പറയും: ''നിനക്ക് വേണ്ടപ്പം എനിക്ക് അച്ഛനെ കൊണ്ടുത്തരാനൊന്നും ഒക്കത്തില്ല.'' കൃഷ്ണന്‍ നാണംകുണുങ്ങിയായി വളര്‍ന്ന്, ആളുകളെ അഭിമുഖീകരിക്കാന്‍ കഴിയാത്തവനായി മാറിയത് കൃഷ്ണന്റെയമ്മക്കറിയാമായിരുന്നു.

കൃഷ്ണന്‍ നാടുവിട്ട് എങ്ങോട്ടെങ്കിലും പോകുന്നതാണ് ആശ്വാസമെന്ന് കൃഷ്ണന്റെയമ്മയ്ക്ക് അറിയാമായിരുന്നു. ഒരു വിലയും നിലയുമില്ലാത്ത ജീവിതത്തിനു മാറ്റമുണ്ടാവാനാണ് പലരും കൃഷ്ണനോട് പട്ടാളത്തിലെങ്കിലും പോയിച്ചേരാന്‍ പറഞ്ഞത്. ഹൈദരബാദിലായിരുന്നു പട്ടാളപരിശീലനം. പിന്നെ ഉത്തരേന്ത്യയില്‍ പലഭാഗത്തും ജോലി ചെയ്തു. കൃഷ്ണനില്‍ പട്ടാളം സാരമായ മാറ്റങ്ങള്‍ വരുത്തി. അപ്പോഴേക്കും മാളിയേക്കലെ ശാന്ത കൃഷ്ണന്റെ ഹൃദയം കീഴടക്കിയിരുന്നു. ജോലിയിടങ്ങളില്‍നിന്ന് കൃഷ്ണന്‍ ശാന്തയ്ക്ക് കത്തുകളെഴുതി. മനസ്സ് തുറന്നുള്ള ഭാഷണമായിരുന്നു ആ കത്തുകള്‍. പ്രണയത്തിന്റെ നിഷ്‌കളങ്കമായ പ്രവാഹം. അപ്പോഴേയ്ക്ക് മറ്റൊരു കാമുകനായ മൊയ്തു കൊലചെയ്യപ്പെട്ടിരുന്നു. ശാന്ത കൃഷ്ണനിലേക്കു മാറാന്‍ അതുമൊരു കാരണമായി. ശാന്തയ്ക്ക് കൃഷ്ണന്റെ വീടിന്റെ ലാളിത്യവും സാധാരണത്വവും ഇഷ്ടമായിരുന്നു. മാളിയേക്കല്‍ എട്ടുകെട്ടവള്‍ക്ക് ഇഷ്ടമായിരുന്നില്ല. രാപാര്‍ക്കാന്‍ നമുക്ക് ഒരു നാല് ചുമര് വേണം. അത് നമുക്കുണ്ടല്ലോ എന്ന ഉത്തരം ശാന്തയെ തൃപ്തയാക്കി. ചാണകം മെഴുകിയ കൃഷ്ണന്റെ വീട് അവള്‍ക്കു മതിയായിരുന്നു. കൃഷ്ണനാശിച്ചത് സുന്ദരിയായ ശാന്ത വിവാഹിതയായി വരുമ്പോള്‍ പുതിയ രീതിയിലുള്ള വീടുണ്ടാക്കണമെന്നതായിരുന്നു. കല്യാണം കഴിഞ്ഞ് ശാന്തയെ സ്വാഗതം ചെയ്തത് പണിതീരാത്ത ഒരു വീടായിരുന്നു. ആദ്യകാലത്തെ കാമാവേശങ്ങള്‍ രണ്ടുപേരും ആസ്വദിച്ചു. കൊല്ലത്തിലൊരിക്കലേ പട്ടാളക്കാരന് അവധിയുണ്ടായിരുന്നുള്ളു. ഉണ്ണി പിറന്നതോടെ ശാന്തയുടെ മോഹങ്ങള്‍ ഇരട്ടിച്ചു. അവധിക്കാല വരവ് ശാന്തയെ തൃപ്തിപ്പെടുത്തിയില്ല. കൃഷ്ണന്റെ ഏറിവരുന്ന മദ്യപാനം ശാന്തയെ അയാളില്‍നിന്നകറ്റി. ശാന്തയുടെ മനസ്സ് ശരീരത്തെ അടക്കി. ശാന്തയുടെ ലോകത്തില്‍ ഉണ്ണി മാത്രമായി.

കൃഷ്ണന്റെ കാമാസക്തി മറ്റ് സ്ത്രീകളോടടുപ്പിച്ചു. മകന്‍ ഉണ്ണിക്ക് അച്ഛനുമായൊരടുപ്പമുണ്ടായിരുന്നില്ല. അച്ഛാ എന്നു വിളിക്കുകപോലുമില്ലായിരുന്നു. പട്ടാളത്തില്‍നിന്നു വിരമിച്ചുവന്ന കൃഷ്ണനും നാട്ടില്‍നില്‍ക്കാന്‍ തക്ക കാരണമേതും ഉണ്ടായിരുന്നില്ല. കുവൈറ്റില്‍ പുതിയ ജോലി നേടി. അമേരിക്കന്‍ പട്ടാളക്യാമ്പില്‍ സൂപ്രവൈസര്‍. നാട്ടില്‍ അവധിക്കു വന്ന കൃഷ്ണനെ അമേരിക്കക്കാരന്‍ തിരിച്ചുവിളിച്ചില്ല, ശാന്തസദനത്തിന്റെ പണിതീര്‍ക്കാനും കഴിഞ്ഞില്ല; ശാന്തയുടേയും ഉണ്ണിയുടേയും ലോകത്തില്‍ അയാള്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. കൃഷ്ണന്‍ നാട് വിട്ടു. പലയിടങ്ങളില്‍ അലഞ്ഞ്, ഒടുവില്‍ കൂടെ ജോലി ചെയ്തിരുന്ന മുനീറിനെ കണ്ടു. മുനീര്‍ വഴി ഒരു സെക്യൂരിറ്റി പണികിട്ടി. അതിര്‍ത്തിയില്‍വെച്ച് കൃഷ്ണനെ പാകിസ്താന്‍ സൈനികര്‍ ചാരനെന്നു സംശയിച്ചു പിടികൂടി. പെഷവാര്‍ ജയിലിലടച്ചു. ജയിലിനു ഉള്‍ക്കൊള്ളാനാവാത്തത്ര തടവുകാരായപ്പോള്‍ വിട്ടയക്കപ്പെട്ടവരുടെ

കൂട്ടത്തില്‍ കൃഷ്ണനുമുണ്ടായിരുന്നു. പിന്നീട് കൃഷ്ണന്‍ ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളും ഗുരുദ്വാരകളും സന്ദര്‍ശിച്ചു നടക്കുകയായിരുന്നു. അപ്പോഴാണ് മതതീവ്രവാദികളുടെ സംഘം കൃഷ്ണനെ ഒരു കൊലപാതകത്തിനു നിയോഗിക്കുന്നത്. ഒരു തോക്കും വെടിയുണ്ടകളും പണവും കൊടുത്തു. കൃഷ്ണന്‍ ആ ദുഷ്‌കര്‍മ്മത്തിനു നില്‍ക്കാതെ

നാട്ടിലേക്കു മടങ്ങുകയായിരുന്നു. കള്ളവണ്ടികള്‍ കേറി നാട്ടിലെത്തി. ശാന്തയും ഉണ്ണിയും ഇല്ല. താടിയും മുടിയും നീട്ടി കൊറ്റേലിയില്‍ അയാള്‍ നടന്നു. ഒടുവില്‍ വെടിയുണ്ടകളുമായി വെള്ളിത്തിലേക്കിറങ്ങി, നദിയിലലിഞ്ഞു.

കൃഷ്ണനെപ്പോലെ ശക്തിയുറ്റ കഥാപാത്രങ്ങള്‍ കടലാസ്സ്പക്കികളില്‍ വേറെയുമുണ്ട്. അവരില്‍ ഒരാളാണ് ശാന്ത. മാളിയേക്കല്‍ തറവാട്ടംഗം. ദേവദാസന്റെ മുറപ്പെണ്ണ്. കൃഷ്ണന്റെ കളിക്കൂട്ടുകാരി. ഉറച്ച കാഴ്ചപ്പാടും ആത്മബലവുമുള്ള സ്ത്രീ. കുട്ടിക്കാലത്ത് കൃഷ്ണനൊപ്പം കളിക്കുമ്പോള്‍ വീണ് ചുണ്ട് പൊട്ടി. തന്റെ ഉടുമുണ്ടുകൊണ്ട് ചോരയൊപ്പി കൃഷ്ണന്‍ ചോദിച്ചു: ''നോവുന്നുണ്ടോ?'' ശാന്തയുടെ മറുപടി: ''ഇല്ല. നോവും, പിന്നെ നോവും.'' ഭാവിയെക്കുറിച്ച് പല മോഹങ്ങളുമുള്ള വ്യക്തിയായിരുന്നു ശാന്ത. ബികോം എടുക്കണം, ബാങ്ക് മാനേജറാകണം. ക്ലാസ്സ് കട്ട് ചെയ്ത് ആലപ്പുഴയില്‍ ചുറ്റിക്കറങ്ങിയ അവള്‍ക്കു പിന്നാലെ കൂടിയ കാമുകന്മാരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താന്‍ അറിയാമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com