മലൈക്കോട്ടൈ പുറത്തുനിന്നല്ല, ഉള്ളില്‍ കയറി വെടിയുതിര്‍ക്കണം

മലൈക്കോട്ടൈ പുറത്തുനിന്നല്ല, ഉള്ളില്‍ കയറി വെടിയുതിര്‍ക്കണം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇതര സിനിമകളെപ്പോലെത്തന്നെ 'മലൈക്കോട്ടൈ വാലിബന്‍' നേര്‍രേഖാങ്കിതമല്ലാത്ത ആഖ്യാനവും പരിചരണവുംകൊണ്ട് സമ്പന്നമാണ്. പോരാത്തതിന് മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി നിറഞ്ഞാടുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രവും. എന്നിട്ടും, ഈ സിനിമ ഒരാഴ്ചകൊണ്ട് തിയേറ്റര്‍ വിടുന്നതിനെക്കുറിച്ചുള്ള അങ്കലാപ്പുകളാണ്, എങ്ങും. സിനിമക്കെന്നല്ല, മോഹന്‍ലാലിന്റെ ഫാന്‍സിനും എന്തുസംഭവിച്ചു എന്നും ചോദിക്കുന്നവരുമുണ്ട്.

സിനിമ കാണാന്‍ ചെന്നപ്പോള്‍ വിരലിലെണ്ണാവുന്ന കാണികളെക്കണ്ട് തിയേറ്ററിലെ ജീവനക്കാരനോട് ഞാന്‍ ചോദിച്ചു:

''എന്താണ് മോഹന്‍ലാല്‍ നായകനായിട്ടും ആളുകള്‍ എത്താത്തത്?''

അദ്ദേഹം പറഞ്ഞു: ''എന്തോ ഒരു മിസ്റ്റേക്കുണ്ട്.

ഞാന്‍ വീണ്ടും ചോദിച്ചു: ''ലാലേട്ടന്റെ ഫാന്‍സുകള്‍ എവിടെപ്പോയി?''

ജീവനക്കാരന്‍ എന്നെയൊന്ന് ഉഴിഞ്ഞുനോക്കി പറഞ്ഞു:

''ഫാന്‍സോ. അവര്‍ക്കും സിനിമ മനസ്സിലായില്ലെന്ന് തോന്നുന്നു.''

''അതെന്താ അങ്ങനെ പറയുന്നു'' ഞാന്‍ ചോദിച്ചു:

''സിനിമ കണ്ടപ്പോള്‍ എനിക്കങ്ങനെയാണ് തിരിഞ്ഞത്.''

ഞാന്‍ ചിരിച്ച് ഓക്കേ പറഞ്ഞു തിയേറ്ററിലേക്ക് കയറി. ഞാന്‍ ഓര്‍ത്തത്, പി.ടി. കുഞ്ഞുമുഹമ്മദിന്റെ 'പരദേശി' സിനിമയെക്കുറിച്ചാണ്. കേരളത്തില്‍ ജീവിക്കുന്ന പാകിസ്താനി പൗരന്മാരെക്കുറിച്ചാണല്ലോ, ആ സിനിമ. പരദേശിയില്‍ വലിയകത്ത് മൂസ എന്ന ഇന്ത്യന്‍ പാകിസ്താനി പൗരനെ അവതരിപ്പിച്ചതും മോഹന്‍ലാലാണ്. പട്ടണം റഷീദ്, ഗംഭീരമട്ടില്‍ ചമയമൊരുക്കി,

മോഹന്‍ലാല്‍ എന്ന നടനെ വല്ലാതെ മാറ്റിക്കളഞ്ഞു. ലാലേട്ടന്റെ ഫാന്‍സുകാര്‍ക്ക് അതില്‍പോലും അതൃപ്തിയുണ്ടായിരുന്നു എന്നാണ് അന്നത്തെ കേട്ടുകേള്‍വി. സത്യമറിയില്ല. അവര്‍ ലാലിന്റെ കോസ്റ്റ്യുമ് കണ്ട് വിഷണ്ണരായോ എന്നുമറിയില്ല. ഏതായാലും, മികച്ചൊരു പൊളിറ്റിക്കല്‍ സിനിമയായിട്ടും പരദേശി ഓടിയില്ല.

അതുപിന്നെ, പി.ടിയുടെ പടമായതുകൊണ്ടാണെന്ന് കരുതാം. അദ്ദേഹത്തിന്റെയൊക്കെ ഒരു പ്രത്യേക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളാണല്ലോ!

ഇവിടെയാവട്ടെ, മോഹന്‍ലാല്‍ എന്ന നടന്‍ രാജാവിന്റെ പകിട്ടില്‍ സ്‌ക്രീന്‍ ആകെ വാഴുന്നു. അതിനുപാകത്തില്‍ സ്ഥാപിച്ചിട്ടുള്ള വലിയ പരസ്യപലകകളും എല്ലായിടത്തുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ലിജോയുടെ ഈ പടത്തിന് പറ്റിയത്?

ഇതേ കഥ മോഹന്‍ലാലിനെ വച്ച് പ്രിയദര്‍ശനോ മേജര്‍ രവിയോ ഈ കഥ സിനിമ യാക്കിയാല്‍ എപ്പടിയിരിക്കും. തിയേറ്റര്‍ നിറഞ്ഞുകവിയില്ലേ? ഫാന്‍സുകാരുടെ ആഘോഷം കെങ്കേമമാവില്ലേ? ഞാന്‍ ഒരുവട്ടം ആലോചിച്ചു. സത്യത്തില്‍ ഇതാണ് സിനിമ എന്ന കലാരൂപത്തിന്റെ ഗുട്ടന്‍സ്. മയക്കുമരുന്ന് ശീലിച്ച ഒരാള്‍ക്ക്, തന്റെ ബ്രാന്‍ഡ് തന്നെ കിട്ടുമ്പോഴേ ഒരുപക്ഷേ, തൃപ്തികരമാവൂ. അല്ലെങ്കില്‍ അതിനേക്കാള്‍ ഡോസ്സുള്ളത് കിട്ടണം.

അതുപോലെയാണ് സിനിമയുടെ കാര്യവും. കാണികളെ അനുശീലിപ്പിച്ച സിനിമാചരിത്രവും അങ്ങനെത്തന്നെ. ശീലങ്ങളില്‍നിന്നും വേര്പറിച്ചെടുക്കുന്നതനുസരിച്ചു സിനിമയുടെ ഗ്ലാമറും മാറിമറിയും.

പരിചരണത്തിലെ വ്യതിയാനം കൊണ്ടാണ് പലപ്പോഴും ലിജോ സിനിമകള്‍ വേറിട്ടുനിന്നത്. 'അങ്കമാലി ഡയറീസ്' തൊട്ട് അത് സംഭവിക്കുന്നു. ഇത്രയധികം പുതു ആര്‍ട്ടിസ്റ്റുകളെ വച്ചു പരീക്ഷിച്ചു വിജയിച്ച സിനിമകള്‍ അധികം മലയാളത്തിലില്ല. തീമിലും പരിചരണത്തിലും വേറിട്ടൊരു രീതിയും ലാവണ്യ പരീക്ഷണവും കൊണ്ടുവന്നു ഇവ. 'ഇ. മ. യൗ' പോലൊരു സിനിമ വരുന്നതോടെ, മലയാളത്തിലെ സമാന്തര സിനിമയ്ക്ക് വേറിട്ടൊരു സ്വീകരണം ലഭിക്കുന്നു. പല സിനിമകളും വന്‍കാണിസമൂഹത്തെ ആകര്‍ഷിക്കുകയുണ്ടായി. സങ്കീര്‍ണ്ണമായ വൈകാരികതയുടെ ഉറഞ്ഞുപോയ മാനകങ്ങളെ സന്ദര്‍ഭാനുസാരം മൗനത്തിന്റെ പൊള്ളുന്ന ദൃശ്യഭാഷയാക്കി ആ സിനിമ. അതുപോലെ സമീപദൃശ്യങ്ങളുടേയും ലോങ്ങ് ടേക്കുകളുടേയും പുതിയ പരീക്ഷണങ്ങള്‍കൊണ്ടാണ് ഈ സിനിമകള്‍ ഒരു എല്‍.ജെ.പി ചലച്ചിത്രബ്രാന്റായിത്തീര്‍ന്നത്.

കഠിനമായ വിമര്‍ശനം അഴിച്ചുവിട്ടുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലും മറ്റും വാലിബന്‍ സിനിമയെക്കുറിച്ചുള്ള വാര്‍ത്താസഞ്ചാരം. എന്നാല്‍, സിനിമയുടെ വിശദാംശങ്ങളില്‍ പിടിച്ചല്ല, ഈ വിമര്‍ശനസവാരി. ലിജോയുടെ പുതിയ സിനിമയെടുത്ത് പരിശോധിക്കുമ്പോള്‍, മലയാളം കണ്ട പലതരത്തിലുള്ള ഫാന്റസി പരിചരണത്തിന്റേയും മിശ്രണം സിനിമയിലുണ്ട്. പഴയ കുഞ്ചാക്കോ - വടക്കന്‍ പാട്ടുകളിലും മറ്റും കാണാറുള്ളപോലെയുള്ള ഔട്ട്ഡോര്‍ സീനുകള്‍ ഉണ്ട്. കോമേഴ്ഷ്യല്‍ സിനിമകളില്‍ തന്നെയുണ്ടാവാറുള്ള വേറിട്ട രാജാപ്പാര്‍ട്ട് പരിചരണരീതികളും ഉണ്ട്. എന്നാല്‍, പ്രത്യേക മട്ടില്‍ ലോങ്ങ്‌ടേക്കില്‍ യോജിപ്പിച്ച് വാണിജ്യ സിനിമയുടേയും കലാസിനിമയുടേയും സങ്കേതങ്ങളെ സമ്മിശ്രവല്‍ക്കരിച്ച രീതിയാണ് ഈ സിനിമ പങ്കുവെയ്ക്കുന്നത്. കംപ്യൂട്ടര്‍ വിസാര്‍ഡ് സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗം സിനിമയെ ഒരു ബിഗ് ഇവന്റ് ആക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ഒരു ഹോളിവുഡ് സിനിമയെ ഓര്‍മ്മിപ്പിക്കും വിധം അതിവിശാല ക്യാന്‍വാസില്‍ ചിത്രത്തെ സജ്ജമാക്കിയിട്ടുണ്ട്.

ഇവയ്ക്ക് പുറമേ, കേരളത്തിന്റെ ചരിത്രത്തിലും സിനിമയുടെ ചരിത്രത്തിലും അരങ്ങേറിയ 'ഒരിടത്തൊരു ഫയല്‍വാന്മാ'രുടെ ജീവിതത്തിലേക്കും ഈ സിനിമ ഓര്‍മ്മയുടെ ജാലകം തുറക്കാതിരിക്കില്ല. അന്നത്തെ നമ്മുടെ സമാന്തര സിനിമകളുടെ രീതി പിമ്പറ്റി, പത്മരാജന്റെ സിനിമയിലൊക്കെ കാണുന്നതുപോലെ വെറും വ്യക്തിജീവിതം മാത്രമല്ല ഇവര്‍ക്കുള്ളതെന്നും കൂടെ പ്രദേശികമോ ദേശീയമോ ആയ ചരിത്രശകലങ്ങളും അവരോടൊപ്പം പറ്റിപ്പിടിച്ചു നില്‍ക്കുമെന്നും മലൈക്കോട്ടെ വാലിബന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.

സിനിമയുടെ ജനാധിപത്യപരമായ മുഴക്കം

നാടോടി വീരന്മാരുടെ ചരിതങ്ങള്‍ നാം ഏറെ കേട്ടതും കണ്ടതുമാണെങ്കിലും അവയെ ചരിത്രപരിചരണത്തിന്റെ മൂശയിലേ ചലച്ചിത്രങ്ങളില്‍ നാമിതുവരെ കണ്ടു ശീലിച്ചിട്ടുള്ളൂ.

ഒരു അമര്‍ചിത്ര കഥയെന്നോ അത്ഭുതം സ്ഫുരിക്കുന്ന നാടോടിക്കഥയെന്നോ പൊതുവെ പറയുമ്പോഴും സിനിമയുടെ രൂപസാങ്കേതങ്ങള്‍ ഉപയോഗിച്ച് പ്രത്യയശാസ്ത്രപരമായി ഇവയില്‍നിന്നും പുറത്തുകടക്കാനും ഈ സിനിമ ശ്രമിക്കുന്നുണ്ട്.

പിന്നെന്തുകൊണ്ടാണ്, ഈ സിനിമയെ പലരും വിടാതെ പിന്തുടരുന്നു? റിയലിസത്തെക്കുറിച്ചുള്ള മലയാളിയുടെ അളിഞ്ഞതും അശാസ്ത്രീയവുമായ ബോധ്യവും പ്രത്യുല്പാദനപരമല്ലാത്തതും ഉപരിപ്ലവവുമായ ജീവിതാവബോധവും അതോട് ചേര്‍ന്നുനില്‍ക്കുന്ന ഹിപ്പോക്രസിയുമാണ് ഇതിന് മുഖ്യകാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റുപല ബാഹ്യകാരണങ്ങളും കാണും. അതാണ് നേരത്തെ സൂചിപ്പിച്ചത്, മോഹന്‍ലാല്‍ ഫാന്‍സുകള്‍ ലിജോയെന്ന സംവിധായകന ഒഴിവാക്കിയതാണ് ഒരുപക്ഷേ, കലാരൂപമെന്ന രീതിയില്‍ ഈ സിനിമയുടെ വിജയവും സാമ്പത്തികമായി സിനിമയുടെ ബോക്സ്ഓഫീസ് തകര്‍ച്ചയും. മലൈക്കോട്ടെയ് വാലിബന്‍ എന്ന സിനിമയ്ക്ക് നേര്‍ക്കു സാമൂഹിക മാധ്യമങ്ങളിലുണ്ടായ തീരെ പ്രസാദാത്മകമല്ലാത്ത വിമര്‍ശനങ്ങളുടെ കാതല്‍ ഇതൊക്കെത്തന്നെയല്ലേ? 'മനസ്സിലാവാത്ത സിനിമ ആര്‍ക്കുവേണം' കമന്റ് ബോക്സിലെ ജല്പനങ്ങള്‍ ആഴം കുറഞ്ഞുവരുന്ന ഒരു കാണി സമൂഹത്തില്‍ മാത്രം ഒതുങ്ങുന്നതാണോ എന്ന് പറയാവതല്ല.

ഒരു ബിഗ്സിനിമ എന്ന മട്ടില്‍ എടുത്ത വാലിബന്‍, പലരും ഉരുവിട്ടപോലെ ഒരു നാടോടി അമര്‍ചിത്രകഥയുടെ കേവല ചിത്രീകരണം എന്നതിലുപരി സിനിമ എന്ന കലാരൂപവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ ഒരു സാംസ്‌കാരിക-രാഷ്ട്രീയ ദൃശ്യപര്യവേക്ഷണത്തെക്കൂടി ശ്രദ്ധിച്ചു എന്നാണ് എന്റെ കാഴ്ച്ചാനുഭവം. ഇങ്ങനെ നോക്കുമ്പോള്‍, കഥ നടക്കുന്നു എന്നു വിശ്വസിക്കുന്ന കാലത്തിന്റെ പല സെഗ്മെന്റുകള്‍ കഥയില്‍നിന്നും ചരിത്രത്തിന്റെ വിധാനത്തിലേക്ക് ഒളിച്ചോടിപ്പോകുന്ന കാഴ്ച രസമുണ്ട്. കഥയും ചരിത്രവും ഒട്ടിച്ചുവയ്ക്കുന്ന കൊളാഷ് രീതി നമ്മുടെ സിനിമയില്‍ പരീക്ഷണ സ്വാഭാവമുള്ളതാണെന്നു പറയേണ്ടിയിരിക്കുന്നു.

ഒരു കുട്ടി താന്‍ വായിക്കുന്ന കഥയെ സംഭവങ്ങളുടെ നേര്‍രേഖാഗതിയിലല്ല ശ്രദ്ധിക്കുക. മറിച്ച് കുട്ടിയെ ആഴത്തില്‍ ആകര്‍ഷിക്കുന്ന ഭാഗങ്ങള്‍ ആയിരിക്കും അവന്റെ/അവളുടെ അര്‍ത്ഥബോധത്തെ ആദ്യം ഗ്രസിക്കുക. ഇങ്ങനെ, പല രീതിയിലുള്ള നാടോടി ആഖ്യാനഖണ്ഡങ്ങള്‍ ചേര്‍ത്തുവച്ചുകൊണ്ട് ഒരു ജനചരിത്രത്തിന്റെ പലരീതിയിലുള്ള ശ്രേണിരൂപങ്ങള്‍, അവരുടെ ജീവിതം, ഉള്‍ക്കലാപം, പ്രണയം, ആചാര്യമര്യാദകള്‍, കോളനി വിരുദ്ധ പോരാട്ടങ്ങളുടെ ഓര്‍മ്മകള്‍... എന്നിങ്ങനെ ഒരു ചിത്രകഥാമാലികപോലെ മെനഞ്ഞെടുക്കുകയാണ്, ഈ സിനിമ.

മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാറിനെ കുറേക്കാലത്തിനു ശേഷം, ഉചിതമായൊരു ശരീരഭാഷാപ്രയോഗത്തോടെ മലയാളത്തിനു തിരിച്ചുകിട്ടി. തുടരേത്തുടരെ പൊട്ടിപ്പോയ തന്റെ അഭിനയജീവിതത്തില്‍, സ്വയം കരുത്തോടെയുള്ള ഒരു തിരിഞ്ഞുനോട്ടം തന്നെയാണ് ലാലിന് വാലിബന്‍. (പ്രിയദര്‍ശന്റെ 'കുഞ്ഞാലിമരയ്ക്കാരി'ല്‍ പോലും ആ ശരീരഭാഷയുടെ ദയനീയ പരാജയം നാം കണ്ടതാണല്ലോ).

ഇത്രയും കരുത്തും അഭ്യാസവഴക്കമുള്ള ഒരു ആര്‍ട്ടിസ്റ്റിന്റെ ശരീരത്തെ സര്‍ഗ്ഗത്മകമായി പ്രത്യക്ഷപ്പെത്തുന്നതിന് ഈ ചിത്രത്തിന്റെ തത്ത്വത്തേയും പ്രത്യേകതകളെക്കൂടിയും വിലയിരുത്തേണ്ടതുണ്ട് എന്നര്‍ത്ഥം. അത്രമേല്‍ അധ്വാനിച്ചാണ് ലാല്‍ തന്റെ സൂപ്പര്‍സ്റ്റാര്‍ തുറമുഖത്തേക്ക് തിരിച്ചുവന്നത്. മെത്തേഡ് ആക്ടിങ് എന്ന് പറയുന്ന നാട്യരീതി ഈ കഥാപാത്രത്തിനുവേണ്ടി ലാല്‍ ഒരിക്കല്‍ക്കൂടി നന്നായി വിനിയോഗിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു എന്ന് നല്ല കാണികള്‍ തിരിച്ചറിയും.

ടി.വി. ചന്ദ്രന്റെ ആടും കൂത്തില്‍ അദ്ദേഹം മലയാളി കാണിയുടെ മുന്നിലേക്ക് കൊണ്ടുവന്ന ഒരു ദൃശ്യപരീക്ഷണമുണ്ട്. മണിമേഖല എന്ന വിദ്യാര്‍ത്ഥിയുടെ ഭാവനയും യാഥാര്‍ത്ഥ്യവും കൂടിക്കലര്‍ന്ന കാല്പനിക സ്വപ്നങ്ങളെ അവതരിപ്പിക്കുംമട്ടില്‍ കാണിയുടെ മുന്‍പില്‍ അരങ്ങേറിയ മറ്റൊരു കഥ ദൃശ്യപരമായി ഏറെ പുതുമയുള്ളതായിരുന്നു. അതിന്റെ ഒരു വിദൂരതുടര്‍ച്ച ഈ സിനിമയില്‍ കാണാം. ബോധത്തിലിരുന്നുകൊണ്ട് ഉപബോധത്തിലേക്ക് സഞ്ചരിക്കുന്ന വിദ്യയാണല്ലോ കാണിയുടെ രസതന്ത്രം. വെളിച്ചത്തില്‍നിന്നും ഇരുള്‍വീഴ്ചയിലേക്കുള്ള/ഓര്‍മ്മകളിലേക്കുള്ള സഞ്ചാരം. ഇവിടെയാണ് സിനിമയുടെ ഇതര ഘടകങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുക.

പി.എസ്. റഫീഖിന്റെ എഴുത്തും മധു നീലകണ്ഠന്റെ കാമറയുമാണ് ഈ സിനിമയ്ക്ക് ഏറെ ഉയിര്‍ പകര്‍ന്ന ഘടകം. പിന്നെ സംഗീതവും ഗാനങ്ങളും ഔട്ട്‌ഡോറില്‍ സെറ്റിട്ട് ചെയ്ത മറ്റു രംഗവിധാനങ്ങളുമൊക്കെയുണ്ട്. രാജസ്ഥാനിലെ പോക്രാനിലും മറ്റുമായാണ് ഈ സിനിമയുടെ ചിത്രീകരണം തന്നെ. മാത്രമല്ല, തന്റെ ഇതുവരെ ചെയ്ത സിനിമകളില്‍നിന്നെല്ലാം ഭിന്നമായി വലിയ ബജറ്റും വര്‍ദ്ധിച്ച ഷൂട്ടിങ് ദിനങ്ങളും ഈ സിനിമയ്ക്ക് ആവശ്യമായി വന്നിട്ടുണ്ട്.

അഞ്ചുഭാഷയിലാണ് ഈ സിനിമ റിലീസാ വുന്നത്. അതില്‍ ഹിന്ദിയൊഴികെ നാലും ദ്രാവിഡ ഭാഷകളാണ്. ഭാഷകളുടെ കൂട്ടുജൈവികത തിരിച്ചറിയുമ്മട്ടിലാണ് ആഴമേറിയ കാവ്യധ്വനിയിലും തത്ത്വത്തിലും അധിഷ്ഠിതമായ ഒരു തിരക്കഥ പി.എസ്. റഫീഖ് പണിതിരിക്കുന്നത്. തന്റെ കഥാഭാഷയുടെ അഴകും കഥാസന്ദര്‍ഭവുമായി കോര്‍ത്തുണ്ടാക്കുമ്പോഴുള്ള വന്യഭംഗിയും സിനിമയുടെ ഓരോ സന്ദര്‍ഭത്തിലും കാണാം.

'കാണുന്നത് നിജമെന്നും കാണാന്‍ പോവുന്നത് പൊയ്യെന്നും'' തിരിച്ചും മറിച്ചും കയറിവരുന്ന നിരവധി വാച്യസന്ദര്‍ഭങ്ങള്‍ ചരിത്രം ഏകാമാനകമല്ലെന്നും അധികാരത്തിന്റ കുടിലശക്തി സങ്കീര്‍ണ്ണമാണെന്നും സാന്ദര്‍ഭികമായി ധ്വനിപ്പിക്കുന്നുണ്ട്.

'പിറവിയിലേ ദൈവത്തിന്റെ കൈപ്പിടി ച്ചവന്‍' എന്നൊക്കെയുള്ള രൂപകങ്ങള്‍ ഒരുപക്ഷേ, നമ്മെ അത്ഭുതപ്പെടുത്തും. സ്പാനിഷ്‌കാരോടുള്ള അങ്കത്തട്ടിലാണെന്നു തോന്നുന്നു, ഒരു ഡയലോഗുണ്ട്, ''നീയിപ്പോള്‍ കാണുന്നതുപോലെ കൊല്ലുന്നവനും ചാവണം...'' എന്ന്.

ഒരുപക്ഷേ, നമ്മുടെ സമീപഭാവിയെക്കൂടി അടക്കിഭരിക്കാവുന്ന മട്ടില്‍ പ്രവചനാത്മകതയും ജനാധിപത്യപരമായ മുഴക്കവും അവയ്ക്കുണ്ട്. ഇങ്ങനെ നൂറുകണക്കിന് സന്ദര്‍ഭങ്ങളാണ് ഈ സിനിമയുടെ പാഠശക്തി.

ഒപ്പം സിനിമയുടെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുപക്ഷേ, സിനിമയുടെ ആകമാനമായ ഭാഷയെ കൂടുതല്‍ ചാരുതവല്‍ക്കരിക്കുന്നുണ്ട്. അകമ്പടിയായി പ്രയോഗിക്കുന്ന സംഗീത-വാദ്യോപകരണങ്ങള്‍ നാടോടി രൂപങ്ങള്‍, ഉത്സവങ്ങള്‍, മാസ്‌ക്കുകളുടെ മാറാമറയാട്ടം...

തുടങ്ങി സിനിമയ്ക്ക് പ്രാചീനമായ ഒരുകാലത്തിന്റെ സ്വരമാനങ്ങള്‍ കൂടി നല്‍കുന്നു. സ്പാനിഷ്‌കാരുമായുള്ള ബലാബലവും പോരും ഒരുപക്ഷേ, ഈ സിനിമയിലെ കോളനിപിടുത്തത്തിന്റേയും അവയ്‌ക്കെതിരെയുള്ള പ്രതിരോധത്തിന്റേയും ഓര്‍മ്മകള്‍ കൊണ്ടുവരുന്നു.

സിനിമയിലെ 'തിയേറ്റര്‍'

അതുപോലെ, അയ്യനാരുടേയും വാലിബന്റേയും കഥയും പ്രതികാരവും മഹാഭാരതത്തിലെ ആയുധ വിദ്യാപഠാലയത്തെപ്പോലും ഓര്‍മ്മിപ്പിച്ചേക്കാം. എന്നുപറഞ്ഞാല്‍, നാം പിന്നിട്ട ഇതിഹാസ-ചരിത്ര വ്യവഹാരങ്ങളുടെയടക്കം ഓര്‍മ്മശില്പം ചലച്ചിത്രത്തിന്റെ ചരിത്രത്തോടൊപ്പം ഇവ സൂക്ഷ്മരൂപത്തില്‍ കാണിയില്‍ അവശേഷിപ്പിക്കുന്നു. മാര്‍ട്ടിന്‍ സ്‌കോര്‍സിയുടേയും ബ്യുനുവലിന്റേയും ഹൈതിയിലെ സംവിധായകന്‍ റൗള്‍ പെക്കിന്റേയും ചില സിനിമകള്‍ ഓര്‍മ്മകളിലേക്ക് വരുന്നു.

സിനിമയുടെ രണ്ടാം പകുതി വല്ലാതെ ഉഴറിപ്പോയിട്ടുണ്ട്. അതിനുകാരണം പരിചരണത്തിലെ ശ്രദ്ധക്കുറവാണ്. ലിജോയെപ്പോലുള്ള ഒരു സംവിധായകനില്‍നിന്നും പ്രതീക്ഷിക്കാവുന്നതല്ല, അത്. അതേസമയം, നിര്‍മ്മിതരംഗങ്ങളുടെ ആവര്‍ത്തനം, ലോങ്ങ് ടേക്കുകളുടെ പുനരാവര്‍ത്തനം എന്നിവകൊണ്ട് കാണി വല്ലാതെ ക്ഷീണിച്ചുപോകുന്നുണ്ട്.

അതുപോലെ, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്റര്‍ ഘടകമാണ്, എടുത്തുപറയേണ്ട മറ്റൊരു വസ്തുത. സിനിമയിലെ 'തിയേറ്റര്‍' അതിശക്തമായി പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്ത സിനിമ എന്ന നിലയ്ക്ക്, ഈ സിനിമക്കൊരു സവിശേഷമൂല്യമുണ്ട്. എന്നാല്‍, ചിലയിടത്തെങ്കിലും നാടകം സിനിമയെ തോല്‍പ്പിക്കുമ്മട്ടിലായി എന്ന് കാണാതിരുന്നുകൂടാ. ഉദാഹരണത്തിന്, അയ്യനാരുടെ (ഹരീഷ് പേരടി) ചില രംഗങ്ങളും വികാരസാന്ദ്രമെങ്കിലും വെറും നാടകരംഗം പോലെയായി. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ അവസാന രംഗങ്ങള്‍. അനുഷ്ഠാനപ്രകൃതമുള്ള രംഗങ്ങളിലും ഇതേ പ്രശ്നം ആവര്‍ത്തിക്കുന്നുണ്ട്.

സംസ്‌കൃത നാടകത്തിലെ പഞ്ചസന്ധികളെയെന്നപോലെയാണ്, സിനിമയിലെ സംഘര്‍ഷതലം പ്രവര്‍ത്തിച്ചത് എന്ന് തോന്നിപ്പോവും. ഇവയൊക്കെ സിനിമയില്‍നിന്നും കാണിയെ പിന്‍വലിക്കുന്നതില്‍ ഒരു കാരണമായിട്ടുണ്ടാവാം.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ടി'നെ വാനോളം ആഘോഷിച്ച മലയാളി, 'മലൈക്കോട്ടൈ വാലിബ'ന്റെ കാര്യത്തില്‍ ഇത്ര പ്രസാദാത്മകമല്ലാത്ത നിലപാട് സ്വീകരിച്ചതെന്ത്യേ - എന്നൊരു നിശിതമായ ചോദ്യം അവശേഷിക്കുന്നുണ്ട്. സത്യത്തില്‍ 'ജെല്ലിക്കെട്ട്' അതിന്റെ കലാപരമായ രൂപവിധാനത്തില്‍ പരാജയപ്പെട്ടുപോയ സിനിമയാണെന്നാണ് എന്റെ വിനീത അഭിപ്രായം. ഏറെ പുരസ്‌കൃതമാകുകയും ലോകമെമ്പാടും ആഘോഷിക്കപ്പെടുകയും ചെയ്ത സിനിമ രണ്ടു കാര്യങ്ങള്‍കൊണ്ട് ശുഭകരമായ ഒരു സിനിമയല്ല. കാണികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു സിനിമാക്കാരനാണ് ലിജോ എന്നത് നല്ല കാര്യം തന്നെ. ഓരോ സിനിമയിലും അതദ്ദേഹം വേറിട്ടുതന്നെ നിര്‍വ്വഹിച്ചു. 'ചുരുളി'യില്‍ തെറിഭാഷയുടെ വ്യവഹാരത്തിലൂടെ അസാധാരണമായ മനുഷ്യരുടേയും ടോപ്പോഗ്രാഫിയിലേക്കും നമ്മെ കൂട്ടിക്കൊണ്ടു പോകുകയുണ്ടായി. 'നന്‍പകല്‍ നേരത്ത് മയക്ക'ത്തില്‍, തമിഴ് ഗ്രാമീണ സംസ്‌കാരത്തിലേക്കും തിരുക്കുറളും പതിറ്റിപ്പത്തും ഒക്കെ നല്‍കുന്ന മനുഷ്യവികാര ജീവിതത്തിലൂടെയും ഒരു സ്വപ്നാടകനെ ഉപയോഗിച്ച് മറ്റൊരു ജീവിതകഥയിലേക്കും. തന്റെ ഏത് സിനിമയെടുത്താലും കാണിയെ 'ഒപ്പം കൂട്ടുന്ന' ഒരുതരം മനശ്ശാസ്ത്രം തന്റെ സിനിമയോടൊപ്പമുണ്ട്.

മനസ്സിന്റെ നിഗൂഢ സഞ്ചാരം എന്നും അയാളുടെ സിനിമകളില്‍ മുഖ്യവിഷയമാണ്. എന്നാല്‍, തന്റെ മനശ്ശാസ്ത്രപ്രയോഗം പാളിപ്പോയ ഒരു സിനിമയാണ് 'ജെല്ലിക്കെട്ട്' എന്ന അഭിപ്രായം ആ സിനിമ വന്നകാലത്തുതന്നെ ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തീമാറ്റിക് ആയി ഒരു ജനതയെ അപരസ്ഥാനത്ത് നിര്‍ത്തുകയും ദൃശ്യങ്ങളുടെ (ലോങ്ങ് ടേക്കുകളുടെയടക്കം) അതിപ്രസരംകൊണ്ട് കാണിയുടെ ഖല്‍ബും കണ്ണും മറച്ച ഒരു സിനിമ കൂടിയാണത്. മനുഷ്യന്റെ ക്രൂരതയും പകയും വയലന്‍സും എന്നും പലരീതിയില്‍ ലോകസിനിമയില്‍ അടയാളപ്പെടുത്തിപ്പോന്നിട്ടുണ്ട്. ഒരുപക്ഷേ, മനശ്ശാസ്ത്രപഠനങ്ങളുടെ വേഗം അവയിലൊക്കെ പ്രകടമാവുന്നുമുണ്ടാവും. 'ജെല്ലിക്കെട്ടി'ന്റെ മനുഷ്യനെക്കുറിച്ചുള്ള ഭാവനയില്‍ ഫ്രോയിഡിയന്‍ പരികല്പനയുടെ ഉറഞ്ഞ വേര്‍ഷനില്‍നിന്നും മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല എന്നാണ് എന്റെ വിനീതവിമര്‍ശനം. അതിന്റെ ചീത്തപ്പേര്‍ ഒരു ജനതയുടെമേല്‍ ചാര്‍ത്തപ്പെട്ടപോലെ തോന്നും ആ സിനിമ കണ്ടുകഴിയുമ്പോള്‍. കാണികളാവട്ടെ, കേവലം ജനപ്രിയമായ നിലപാടില്‍നിന്നുകൊണ്ട് ദൃശ്യങ്ങളുടെ അതിപ്രസരത്തില്‍ അന്ധാളിച്ചുനില്‍ക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ്, ജെല്ലിക്കെട്ടിനെ ഒരു 'വിചിത്ര സിനിമ' എന്ന് അവര്‍ക്കു കരുതേണ്ടിവന്നത്. എന്നാല്‍, ഇത്തരം സിനിമകള്‍ വിഭാവനം ചെയ്യാന്‍ അസാധ്യമായ വാസനാബലം വേണം. എന്നാല്‍ അവയുറപ്പിക്കുന്ന പ്രതിമാനകല്പനകളുടെ സൂക്ഷ്മതയും മനശ്ശാസ്ത്ര നവനീതത്വവും എപ്പോഴും പരിഷ്‌കരിച്ചുകൊണ്ടേയിരിക്കണം.

വാലിബനിലെ 'ചമതകന്‍' ഏതുവിധത്തിലൊക്കെയാണ് മനുഷ്യവിധിയേയും ചരിത്രത്തേയും തൊട്ടുകളിക്കുകയെന്നറിയില്ല. അതാണ് ലിജോ ജോസ് പെല്ലിശ്ശേരിയില്‍നിന്നും മലയാളി പ്രതീക്ഷിക്കുന്നത്.

മലൈക്കോട്ടൈ പുറത്തുനിന്നല്ല, ഉള്ളില്‍ കയറി വെടിയുതിര്‍ക്കണം
കേരളത്തിലെ സാമ്പത്തികപ്രതിസന്ധിക്ക് ഉത്തരവാദിയാര്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com