മായാനിദ്രകളിലേക്ക് നയിക്കുന്ന ഭ്രമകല്‍പ്പനകള്‍

എ.രാമചന്ദ്രനെക്കുറിച്ച്
മായാനിദ്രകളിലേക്ക് നയിക്കുന്ന ഭ്രമകല്‍പ്പനകള്‍

2022 നവംബറിൽ രാമചന്ദ്രൻ സാറിനെ കാണുമ്പോൾ അദ്ദേഹം പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. താമരപ്പൊയ്കയിൽനിന്നും പറന്നുയരുന്ന മഞ്ഞ ചിത്രശലഭങ്ങൾ. ദൂരെ പല പല അടരുകളായി പല വർണ്ണങ്ങളിലുള്ള കുന്നുകൾ. അതിനുമപ്പുറം, തലയുയർത്തി നിൽക്കുന്ന ചെങ്കുത്തായ മറ്റൊരു കുന്ന്. ആ ചിത്രം ഒരു തരത്തിൽ നിശ്ശബ്ദമായിരുന്നു. സായാഹ്നത്തിലേക്കു നടക്കുന്ന കാലം പോലെ. അവിടെ പ്രകൃതിക്കു വല്ലാത്തൊരു വേദന കലർന്ന സൗന്ദര്യം ഉണ്ടായിരുന്നു.

ഇത് കാഴ്ചയോ കലാകാരന്റെ കേവല സങ്കല്പമോ? എനിക്ക് സംശയമായിരുന്നു. “എന്റെ കണ്ണിൽ തെളിയാത്തതൊന്നും ഞാൻ വരയ്ക്കാറില്ല, കാഴ്ചയാണ് എന്റെ ചിത്രങ്ങൾ,” അദ്ദേഹം തിരുത്തി. കുറച്ചുനാളായി, ആരോഗ്യപ്രശ്‌നങ്ങൾ കാരണം രാജസ്ഥാൻ ഗ്രാമങ്ങളിലൂടെ ഉള്ള

യാത്രകൾ ഇല്ലെങ്കിലും ആ ഭൂമി, ജീവിതം, പ്രകൃതി, എല്ലാം അതിന്റെ ജീവസ്സോടെ അദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞുനിന്നു. എല്ലാം രേഖാചിത്രങ്ങളായി വരച്ചിട്ടുണ്ട് അദ്ദേഹം. ഈ പരമ്പരയിൽ ഏകദേശം 11 ചിത്രങ്ങൾ ചെയ്യാനായിരുന്നു രാമചന്ദ്രന്റെ പദ്ധതി; പക്ഷേ, മങ്ങുന്ന കാഴ്ചയും ആരോഗ്യപ്രശ്‌നങ്ങളും ഒരു വെല്ലുവിളി തന്നെയായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബറിൽ അദ്ദേഹത്തിന്റെ ശില്പങ്ങളുടെ റെട്രോസ്‌പെക്‌റ്റിവ് പ്രദർശനം കാണാൻ ഡൽഹിയിൽ പോയപ്പോൾ വീണ്ടും അദ്ദേഹത്തിന്റെ സ്റ്റുഡിയോവിൽ പോയി. അപ്പോഴേക്കും രാമചന്ദ്രൻ സാർ വര പൂർണ്ണമായും നിർത്തിവെച്ചിരുന്നു. ആദ്യം പറഞ്ഞ പരമ്പര പൂർത്തീകരിക്കാനായില്ല.

“ഇവയെല്ലാം എന്റെ കാലശേഷം മാത്രം പ്രദർശിപ്പിച്ചാൽ മതി, ഇനി വരയില്ല,” പഴയ കാലവും ജീവിതവുമെല്ലാം ഓർത്തെടുത്ത് അദ്ദേഹം പറഞ്ഞു.

തന്റെ ദൗത്യങ്ങളെല്ലാം സാർത്ഥകമായി പൂർത്തിയാക്കി എന്ന ഉത്തമബോധ്യത്തോടെയാണ് കേരളത്തെ ലോകത്തോളം ഉയർത്തിയ ഈ കലാകാരൻ യാത്രയായത്.

രാജസ്ഥാനിലെ ഉൾനാടൻ ഗ്രാമങ്ങളായിരുന്നു രാമചന്ദ്രന്റെ കലാഭൂമിക. നഗരങ്ങൾ കാർന്നു തിന്നിട്ടില്ലാത്ത ഗ്രാമങ്ങളും ജീവിതവും. ഓബേശ്വർ, ഏകലിഞ്ചി... അങ്ങനെ ഏതാനും ഗ്രാമങ്ങൾ. പ്രകൃതിയും മനുഷ്യനും പരസ്പരം വേർതിരിക്കാനാവാതെ ഇഴചേർന്നു കിടക്കുന്ന മണ്ണിൽ രേഖീയമായ കാലം നിശ്ചലമാവുന്നു.

1989-1990 കാലത്ത് രാജസ്ഥാനിലെ ഭീൽ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രകളാണ് രാമചന്ദ്രന്റെ ചിത്രലോകത്തെ അപ്പാടെ മാറ്റിമറിക്കുന്നത്. അതിനെക്കുറിച്ച് പിന്നീട് അദ്ദേഹം ഇങ്ങനെ എഴുതി: “1989-1990-ൽ ഭീൽ ഗോത്ര വർഗ്ഗക്കാരുമായി നിരവധി തവണ ഇടപഴകാൻ ഇടയായത് അവരുടെ ജീവിതത്തെ ചുറ്റിപ്പറ്റി ചിത്രങ്ങൾ ചെയ്യുന്നതിലേക്കു വഴിവച്ചു. ഒരു മന്ത്രവാദി തന്റെ മന്ത്രവിദ്യകളുപയോഗിച്ച് ഒരാളെ മായാനിദ്രയിലേക്കു നയിക്കുന്നതുപോലെ എന്റെ ഭ്രമകല്പനകളുടെ ലോകത്തെ അവരെ ഒരു മാധ്യമമായി ഉപയോഗിച്ച് വ്യാഖ്യാനിക്കാനാണ് ഞാൻ ശ്രമിച്ചത്. ഭീലുകളുടെ ശരീരഘടനയും അവർ ജീവിക്കുന്ന ചുറ്റുപാടുകളും നഗരവാസികളെ സംബന്ധിച്ചിടത്തോളം ഒരുതരം നിഗൂഢത കല്പിച്ചുനല്‍കുന്ന ഒന്നാണ്. വരക്കേണ്ട മേഖല തിരിച്ചറിഞ്ഞു കഴിഞ്ഞതോടെ സമകാലീന ചിത്രകലയുടെ ദിശയിൽനിന്നും ഒഴുക്കിലകപ്പെട്ട ഒരു മരത്തടികണക്കെ ഞാൻ അകന്നകന്നു പോയി. എല്ലാ വർഷവും മാഘപൂർണ്ണിമ നാളിൽ ഭീൽ ഗോത്രവർഗ്ഗക്കാർ ഒത്തുചേരുന്ന ബനേശ്വറിൽ വച്ചാണ് എന്റെ സമീപനത്തിലും പെയിന്റിങ്ങ് ചെയ്യുന്ന രീതിയിലും വളരെ ശ്രദ്ധേയമായ മാറ്റം ആരംഭിക്കുന്നത്.”

പിന്നീട്, ഉദയ്‌പൂരിന്റെ ഉൾനാട്ടിലുള്ള ഏകലിഞ്ചിക്കടുത്തുള്ള നഗ്ദ്ധയിൽ വെച്ചാണ് താമരപ്പൂക്കളും താമരക്കുളങ്ങളുമായി രാമചന്ദ്രൻ അടുക്കുന്നതും അത് അദ്ദേഹത്തിന്റെ ചിത്ര

ഭാഷയെത്തന്നെ പൂർണ്ണമായും മാറ്റുന്നതും. മറ്റൊരവസരത്തിൽ, ഒബേശ്വറിൽവെച്ച് അവിശ്വസനീയമായ മറ്റൊരു താമരപ്പൊയ്ക കാണുന്നതോടെ ആഴത്തിലുള്ള ഒരു അനുഭവമായി അത് അദ്ദേഹത്തിന്റെ മനസ്സിൽ പതിഞ്ഞു. “താമരപ്പൊയ്കക്കരികിലിരുന്ന് വലിയ താമരയിലകൾ വർണ്ണം മാറുന്നതും പൂവും മൊട്ടുമായി നിൽക്കുന്ന താമരത്തണ്ടുകൾ സ്വർണ്ണവർണ്ണമാർന്ന ഇല്ലിമുളകളോടൊപ്പം സുന്ദരമായൊരു ആദിവാസിനൃത്തത്തിലെന്നപോലെ ആടിക്കളിക്കുന്നതും ഞാൻ നോക്കി. മൂന്നുനാളത്തെ നിരീക്ഷണത്തിനുശേഷം പ്രൗഢഗംഭീരമായ ഈ താമരക്കുളത്തിന്റെ ഭാവഭേദങ്ങൾ എന്റെ മനസ്സിന്റെ ഒരു താമരപ്പൊയ്കയായി മാറി,” പിന്നീട് ആ അനുഭവത്തെ അദ്ദേഹം ഓർത്തെടുത്തത് ഇങ്ങനെയാണ്.

പക്ഷേ, അതൊരു തുടക്കമായിരുന്നു. ആ നിരാകരണത്തിൽനിന്നും അവരുടെ ബന്ധം “ഞാൻ വെറും രാമകിങ്കരൻ നീ സാക്ഷാൽ രാമചന്ദ്രൻ’’ എന്ന് കിങ്കർദാ രാമചന്ദ്രനോട് പറയുന്നിടത്തേക്ക് വളർന്നു.
ലോട്ടസ് പോണ്ട് ആഫ്റ്റര്‍ റെയിന്‍
ലോട്ടസ് പോണ്ട് ആഫ്റ്റര്‍ റെയിന്‍

രാം കിങ്കറിനെ തേടിയുള്ള യാത്ര

രാമചന്ദ്രന്റെ താമര ഇന്ത്യൻ രാഷ്ട്രീയത്തിലെ താമരയല്ല എന്നു പറഞ്ഞേതീരൂ. അത് വിശാലമായ ഇന്ത്യൻ സംസ്‌കാരവുമായും ബുദ്ധിസവുമായും എല്ലാം അടുത്തുനിൽക്കുന്ന ഒന്നാണ്. “എന്റെ സൃഷ്ടികളെ വിശാലമായ വീക്ഷണകോണിൽനിന്നുവേണം കാണാൻ, കാരണം താമര എന്ന ബിംബം അജന്താഗുഹകളുടെ കാലത്തിനും മുന്നേ നിലനിന്ന ഒന്നാണ്,” രാമചന്ദ്രൻ ഒരിക്കൽ പറഞ്ഞു. താമരയെ നമ്മൾ ഒരു ‘ഹിന്ദു’ ചിഹ്നമായി കാണുന്നതിനു കാരണം ആ പുഷ്പത്തെക്കുറിച്ച് നമുക്ക് പല കാര്യങ്ങളും അറിയാത്തതുകൊണ്ടാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. രാമചന്ദ്രന് താമര ജ്ഞാനോദയത്തിന്റെ പ്രതീകമായിരുന്നു; മാത്രവുമല്ല,

താമരക്കുളം ജീവന്റെ നൃത്തംകൊണ്ട് സജീവമായ ഒരു പ്രപഞ്ചവും.

എന്നാൽ, ഈ ജീവിതത്തിലും ഒരു നർമ്മം അദ്ദേഹം ദർശിച്ചിരുന്നു. കോമ്പോസിഷനുകളിൽ അവനവനെ കൊണ്ടുവരുന്ന രീതിയിൽ ഈ നർമ്മം വ്യക്തമാവും. ദശാവതാരങ്ങൾ, പുരാണകഥാപാത്രങ്ങൾ, നാടോടിക്കഥകൾ... ഇവിടെയെല്ലാം രാമചന്ദ്രൻ തന്റെ ചിത്രങ്ങളിൽ കഥാപാത്രമായി പ്രത്യക്ഷപ്പെടും.

ഈ നർമ്മത്തിനിടയിലും ജീവിതത്തിലേയും കലയിലേയും രാമചന്ദ്രന്റെ കാഴ്ചപ്പാടുകളാവട്ടെ, ഇതിഹാസ സമാനമായിരുന്നു താനും.

ഒരു നിയോഗംപോലെ താൻ എത്തിപ്പെട്ട ശാന്തിനികേതനിൽനിന്നുമാണ് അദ്ദേഹം കലയിലെ തന്റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയതെങ്കിലും ശാന്തിനികേതൻ പാഠങ്ങളെ മറികടക്കുകയും തന്റേതായ ഒരു വഴിവെട്ടുകയും ചെയ്യാനായിഎന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. നന്ദലാലും ബിനോദ്ബിഹാരിയുമെല്ലാം വിശ്രമജീവിതത്തിലേക്കു കടന്ന ഘട്ടത്തിലാണ് രാമചന്ദ്രൻ അവിടെ എത്തിയതെങ്കിലും രാം കിങ്കർ എന്ന മഹാവൃക്ഷം മതിയായിരുന്നു അദ്ദേഹത്തിനു തണലും വെളിച്ചവുമേകാൻ. തിരുവനന്തപുരത്ത് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് രബീന്ദ്ര സംഗീത പരിശീലനം നടത്തുന്നതിനിടെ ഒരു ആൽബത്തിൽ രാം കിങ്കർ ചെയ്ത ‘സന്താൾ കുടുംബം’ എന്ന ശില്പത്തിന്റെ ചിത്രം കാണാൻ ഇടയായത് ബോധോദയ സമാനമായ ഒരു അനുഭവമായാണ് രാമചന്ദ്രൻ ഓർത്തെടുത്ത്. അവിടെവെച്ചാണ് രാം കിങ്കറിനു കീഴിൽ മാത്രമെ കല അഭ്യസിക്കൂ എന്ന് തീരുമാനിക്കുന്നതും രാം കിങ്കറിന്റെ ശിഷ്യനാവാനുള്ള ആ യാത്ര ആരംഭിക്കുന്നതും. എന്നാൽ, ശാന്തിനികേതനിൽ എത്തി ആദ്യ ദിവസം തന്നെ സ്വപ്നം തകർന്നു. “ഞാൻ ചെല്ലുമ്പോൾ കിങ്കർ ദാ വർണ്ണപ്പകിട്ടാർന്നൊരു ലുങ്കിയും ധരിച്ച് കയ്യിലൊരു പനയോല വിശറിയുമായി ചൂരലുകൊണ്ടുണ്ടാക്കിയ ഒരു സ്റ്റൂളിൽ ഇരിക്കുകയായിരുന്നു. ഏറെ ആദരവോടെ, എന്റെ കയ്യിലുണ്ടായിരുന്ന രണ്ട് സ്‌കെച്ച് പുസ്തകങ്ങൾ മറച്ചുനോക്കുന്നതിനായി ഞാൻ അദ്ദേഹത്തിനു നീട്ടി. ഒരു നാല്‍പ്പത് വാട്ട് ബൾബിന്റെ അരണ്ടവെളിച്ചത്തിൻ കീഴിലിരുന്ന് ആ പുസ്തകത്തിന്റെ താളുകൾ അലക്ഷ്യമായി മറിച്ചുനോക്കിയ കിങ്കർ ദാ എന്നെ ഞെട്ടിച്ചുകൊണ്ട് ആ പുസ്തകങ്ങൾ വലിച്ചെറിഞ്ഞ് ബംഗാളിയിൽ ഇങ്ങനെ പറഞ്ഞു: “ഇല്ലില്ല, ഇതു നടപ്പില്ല. ഇത് ആദ്യം തൊട്ട് വീണ്ടും തുടങ്ങേണ്ടിവരും.”

പക്ഷേ, അതൊരു തുടക്കമായിരുന്നു. ആ നിരാകരണത്തിൽനിന്നും അവരുടെ ബന്ധം “ഞാൻ വെറും രാമകിങ്കരൻ നീ സാക്ഷാൽ രാമചന്ദ്രൻ’’ എന്ന് കിങ്കർദാ രാമചന്ദ്രനോട് പറയുന്നിടത്തേക്ക് വളർന്നു. അതോടൊപ്പം ശാന്തിനികേതൻ അദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞു. ആ സ്ഥലം നൽകിയ ദൃശ്യസംസ്‌കാരവും അവിടമെല്ലാം നിറഞ്ഞുനിന്ന കലാസാന്നിധ്യവും രാമചന്ദ്രനെ മുന്നോട്ട് നയിച്ചു. സാധാരണത്വത്തിൽപോലും അസാധാരണത്വം കണ്ടെത്താനും പ്രകൃതിയെ അറിയാനും ശാന്തിനികേതൻ രാമചന്ദ്രനെ പ്രാപ്തനാക്കി.”

പക്ഷേ, അക്കാലത്ത് രാമചന്ദ്രനെ വേട്ടയാടിയത് വന്ന നാൾ തൊട്ട് കൽക്കത്തയിൽ താൻ കണ്ട ജീവിതം തന്നെ ആയിരുന്നു. ആ ഓർമ്മ അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ ധാരാളമായി കടന്നുവന്നു. എൻമാസ്സ്, ഹോമേജ്, കാലിഡോസ്‌കോപ് തുടങ്ങിയ ചിത്രങ്ങളിളെല്ലാം ഇത് കാണാനാവും. ശിരസ്സില്ലാത്ത മനുഷ്യരൂപങ്ങളും കുരിശേറിയ മർത്യനും എല്ലാം ഇക്കാലത്ത് രാമചന്ദ്രന്റെ വിഷയങ്ങളായി. ആ കാലത്തെക്കുറിച്ച് രാമചന്ദ്രൻ ഇങ്ങനെയാണ് ഓർത്തെടുക്കുന്നത്:

“1957 ജൂലൈ. ഞാൻ കൽക്കത്തയിലെ സിയാൽദാ സ്റ്റേഷനിൽ വന്നിറങ്ങി. ആയിരക്കണക്കിന് അഭയാർത്ഥികൾ തിങ്ങിനിറഞ്ഞ സിയാൽദാ പ്ലാറ്റ്‌ഫോമിന്റെ ചിത്രം ഇപ്പോഴും എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. ആറടി മാത്രം നീളവും വീതിയുമുള്ള ഒരിടത്ത് അച്ഛനമ്മമാരും മക്കളും അടങ്ങുന്ന ഒരു കുടുംബവും വീട്ടുസാധനങ്ങളും തെരുവുപട്ടികളുമെല്ലാം ഒന്നിച്ചു കഴിഞ്ഞുകൂടി. ഈ സ്ഥലപരിധിക്കുള്ളിൽ ജനനമരണത്തിന്റേയും പ്രജനന, രോഗനാശാദികളുടേയും ചാക്രീയതകൾ അരങ്ങേറി. കഷ്ടപ്പാടുകളെക്കുറിച്ച് എന്റെ ആദ്യാനുഭവം ശരിക്കും പിടിച്ചുലയ്ക്കുന്നതായിരുന്നു.”

കൽക്കത്തയിലെ തെരുവുകളിൽനിന്നാണ് മനുഷ്യനെക്കുറിച്ചുള്ള തന്റെ ആദ്യത്തെ ഇമേജ് രൂപപ്പെടുന്നത് എന്ന് രാമചന്ദ്രൻ ഓർക്കുന്നുണ്ട്. “ഈ ഇമേജുകൾ യഥാർത്ഥ അനുഭവങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കിലും അവ വർണ്ണിക്കാൻ ഒരുമ്പെട്ടാൽ യക്ഷിക്കഥകളായാണ് അനുഭവപ്പെടുക. ഒരു ഗട്ടറിലാണ് ഇരുണ്ട മലിനജലത്തിൽ എന്റെ ആദ്യത്തെ ക്രിസ്തുസമാനമായ ഇമേജ് കിടന്നിരുന്നത്. രചനയ്ക്കുള്ള മുഖ്യവിഷയമായി ഇത് വർഷങ്ങളോളം എന്റെ മനസ്സിലും കിടന്നു. എസ്പ്ലനേഡിലെ തിരക്കുപിടിച്ച ഒരു തെരുവിൽ, ഒരു ഓറഞ്ചു വിൽപ്പനക്കാരന്റേയും ആവശ്യക്കാരുടെ വിലപേശലുകളുടേയും അരികെ മരിച്ചുപോയ കുഞ്ഞിനേയും മടിയിൽ കിടത്തി വിലപിച്ചുകൊണ്ടിരുന്ന ഒരച്ഛനേയും അമ്മയേയും ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്. ജീവിതത്തിന്റെ തിരക്കുകൾക്കിടയിലുള്ള മരണത്തിന്റെ ഈ കൊച്ചുദൃശ്യം ഏറെ ഭ്രമത്തോടെ ഞാൻ നോക്കിയിരുന്നിട്ടുണ്ട്. കണ്ണാടിക്കൂട്ടിലെ ശലഭത്തെപ്പോലെ മരണത്തിന്റെ ആ ഇമേജ് എന്റെയുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.”

യയാതിയിലെല്ലാം നിറഞ്ഞുനിന്നത് തീക്ഷ്ണമായ രതിയാണെങ്കിൽ പിൽക്കാല ചിത്രങ്ങളിൽ പ്രകൃതിയും മനുഷ്യനും ഇഴചേരുന്ന കാല്പനികതയാണ് തെളിയുന്നത്.
ലോട്ടസ് സീരിസില്‍ നിന്ന്
ലോട്ടസ് സീരിസില്‍ നിന്ന്

മതകീയമല്ലാത്ത കലാലോകം

സാഹിത്യവുമായി ആഴത്തിലുള്ള ബന്ധം വച്ചുപുലർത്തിയ രാമചന്ദ്രൻ ഒരു ഘട്ടത്തിൽ വരയ്ക്കാൻ ആഗ്രഹിച്ചത് ദസ്തയേവ്‌സ്‌കിയെപ്പോലെ ആണ്. കൽക്കത്ത നഗരം നൽകിയ അനുഭവങ്ങളുടെ ഭയാനകതയും ഉള്ളിൽ കൊണ്ടുനടന്ന ദസ്തയേവ്‌സ്‌കിയൻ ദർശനവും പരസ്പരം ചേരുന്നതായിരുന്നു. ആ അനുഭവങ്ങൾ അദ്ദേഹം ചിത്രങ്ങളിൽ പകർത്തി എന്നുമാത്രമല്ല, ഒരു ഘട്ടത്തിൽ ദസ്തയേവ്‌സ്‌കിയുടെ നോവലുകൾ ആസ്പദമാക്കി ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. കൽക്കത്തയിലെ അഭയാർത്ഥി കൂട്ടങ്ങളിൽനിന്നു മനുഷ്യരെ കണ്ടെത്തുമ്പോൾ അവരെ ചുറ്റി നിൽക്കുന്ന ശൂന്യതയാണ് രാമചന്ദ്രനെ വ്യാകുലനാക്കിയത് എന്ന പി. സുരേന്ദ്രന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.

എന്നാൽ ‘പ്രകൃതിയിൽനിന്ന് സ്‌കെച്ച് ചെയ്ത് ചിത്രം വരയ്ക്കുക’ എന്ന പടം പഠിപ്പിച്ച ഗുരുനാഥൻ രാം കിങ്കർ രാമചന്ദ്രനെ തിരുത്തി. “നിനക്കെന്താ ഭ്രാന്തുണ്ടോ? എന്തിനാണിങ്ങനെ പെസിമിസ്റ്റാകുന്നത്? നീ വിചാരിക്കും പോലെ ലോകം അത്ര മോശമൊന്നുമല്ല,” അദ്ദേഹം പറഞ്ഞു. പക്ഷേ, അതിന്റെ പൊരുൾ രാമചന്ദ്രനു മനസ്സിലായത് ഭീൽ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രകൾക്കു ശേഷമാണ്. 1984-ൽ ഇന്ദിരാവധത്തെത്തുടർന്നുണ്ടായ കലാപം സാമൂഹ്യ - രാഷ്ട്രീയ പ്രമേയങ്ങളുള്ള ചിത്രങ്ങളിൽനിന്നും പിന്തിരിഞ്ഞു നടക്കാൻ കാരണമായി. തന്റെ വീടിന്റെ ബാൽക്കണിയിൽനിന്ന് മുപ്പതോളം പേർ ഒരു സർദാറിനെ തല്ലിക്കൊല്ലുന്നത് കണ്ട രാമചന്ദ്രൻ ഇനി രാഷ്ട്രീയ ചിത്രം വേണ്ടെന്നു വെയ്ക്കുകതന്നെ ആയിരുന്നു. “ഞാൻ ഈ വേദനയിൽനിന്ന് ഒരു ‘രസഗുള’യുണ്ടാക്കി വിപണിയിൽ വിറ്റാൽ, അത് ജീവിതത്തിലെ ഏറ്റവും ക്രൂരമായ കാര്യമായിരിക്കും. മറ്റുള്ളവരുടെ വേദനകളിൽനിന്ന് കലാസൃഷ്ടികൾ ഉണ്ടാക്കി വിൽക്കുന്നതിനു പകരം മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്നതാണ് നല്ലത്” എന്നാണ് ഒരു അഭിമുഖത്തിൽ രാമചന്ദ്രൻ ഈ ലേഖകനോട് പറഞ്ഞത്.

അങ്ങനെ താൻ ബാല്യകൗമാരം ചെലവഴിച്ച തിരുവനന്തപുരത്തുനിന്നും പിന്നീട് ശാന്തിനികേതനിൽനിന്നും ആർജ്ജിച്ച ദൃശ്യാനുഭവങ്ങളും സൗന്ദര്യവും ഈ ചിത്രങ്ങളിൽ തിരികെയെത്താൻ തുടങ്ങി. സാമാന്യയുക്തിക്കു പുറത്തുനിൽക്കുന്ന ജീവിതമാണ് രാമചന്ദ്രൻ ഭീൽ ഗ്രാമങ്ങളിൽ കണ്ടറിഞ്ഞത്. നിത്യയൗവ്വനത്തിന്റെ വർണ്ണങ്ങൾ. ജീവിതപങ്കാളികളെ കണ്ടെത്തുന്നതിനായി ബനേശ്വറിൽ നടക്കുന്ന വാർഷിക ആഘോഷങ്ങളെല്ലാം രാമചന്ദ്രൻ പുനരാവിഷ്‌കരിച്ച പുരാവൃത്തങ്ങളുടെ ഭൂമികയായി. അവിടെയെല്ലാം കലാകാരൻ പലപല രൂപങ്ങളിൽ അവതാരമെടുത്തു എന്നുമാത്രമല്ല, ഇവയ്ക്കെല്ലാം ഒരു കഥപറച്ചിലിന്റെ സൗന്ദര്യവും നർമ്മഭാവവും കൈവരികയും ചെയ്തു. ഈ ചിത്രങ്ങൾ നോക്കിയാൽ രാമചന്ദ്രൻ സ്ത്രീയുടെ അനശ്വരതയാണ് ആവിഷ്‌കരിക്കുന്നത് എന്നു കാണാനാവും. യയാതിയിൽ എന്നപോലെ പുരുഷൻ നശ്വരനാണ്. പ്രകൃതി തന്നെയാണ് സ്ത്രീ.

ആദ്യകാലത്ത് ശാന്തിനികേതനു ചുറ്റുപാടുമുള്ള സാന്താൾ ഗ്രാമങ്ങളിൽ പോയി അവരുടെ ജീവിതം വരച്ചും, ആ ഭൂമിശാസ്ത്രത്തെ പഠിച്ചും തന്നെയായിരുന്നു രാമചന്ദ്രന്റെ കലാഭ്യാസനത്തിന്റെ തുടക്കം. അത് വരയുടെ സാധ്യതകൾ മനസ്സിലാക്കാൻ മാത്രമല്ല, പ്രകൃതിയിലെ അതിസൂക്ഷ്മമായ ദേശഭേദങ്ങളെ തിരിച്ചറിയാനും അത് തന്റെ ചിത്രങ്ങളിലേക്കു പകർത്താനും അദ്ദേഹത്തെ പ്രാപ്തനാക്കി.

എന്നാൽ, ഡൽഹിയിലെ ആദ്യകാലത്ത്, ജാമിയ മിലിയയിൽ അദ്ധ്യാപകനായപ്പോഴും കൽക്കത്ത അനുഭവങ്ങൾ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. കാളീപൂജയും യാദവരുടെ അന്ത്യവുമെല്ലാം അങ്ങനെയാണ് പിറവിയെടുക്കുന്നത്. ക്രിസ്ത്യൻ തീംസ് എന്ന പേരിൽ ഒരു പ്രദർശനം അദ്ദേഹം ഒരുക്കുന്നതും ഏകദേശം ഇക്കാലത്താണ്. അവിടെയുമതെ മനുഷ്യപുത്രനായ യേശു ഒരു പീഡാനുഭവമായാണ് രാമചന്ദ്രന്റെ ചിത്രങ്ങളിൽ കടന്നുവന്നത്. ഡൽഹിയിൽ താൻ താമസിച്ചിരുന്ന ജങ്പുരയിലെ ബർസാത്തിയിൽനിന്നും കണ്ട കാഴ്ചകളെ ചിത്രത്തിലേക്ക് പകർത്തിയപ്പോൾ യേശുക്രിസ്തു അവരുടെ ഉന്തുവണ്ടിയിൽ കൊണ്ടുപോയി പുറംതള്ളുന്നതിനുള്ള ഒരു പാഴ്‌വസ്തുവായി പ്രത്യക്ഷപ്പെട്ടു. ഹിംസാത്മകതയുടെ പലപല ഭാവങ്ങളാണ് ഇക്കാലത്തെല്ലാം രാമചന്ദ്രന്റെ ചിത്രങ്ങളിൽ കടന്നുവന്നത്. ഏറെ രാഷ്ട്രീയ ഭാവം നിറഞ്ഞുനിന്നവയാണ് ഇക്കാലത്തെ ചിത്രങ്ങൾ എല്ലാംതന്നെ. പൊഖ്റാനിൽ ഇന്ത്യ 1974-ൽ നടത്തിയ ആണവ വിസ്‌ഫോടനത്തെത്തുടർന്നു വരച്ച ‘ന്യൂക്ലിയാർ രാഗിണി’ പരമ്പരയിലും ഹിംസാത്മകതയോടുള്ള ഇതേ പ്രതികരണം കാണാം. സ്‌ത്രൈണഭാവം ഇല്ലാത്ത സ്ത്രീരൂപങ്ങളാണ് ഇക്കാലത്തെ ചിത്രങ്ങളിലെല്ലാം കടന്നുവരുന്നതെങ്കിലും ഈ ചിത്രങ്ങളിൽ പിൽക്കാലത്ത് രാമചന്ദ്രൻ കണ്ടെത്താൻ പോകുന്ന ഒരു ശൈലിയുടെ ആദ്യസ്‌ഫുരണങ്ങൾ കാണാനാവും. ഏകദേശം ഇക്കാലത്താണ് ചെടികളും പ്രാണികളുമൊക്കെ കടന്നുവരുന്ന ഏതാനും സെറാമിക്കുകൾ അദ്ദേഹം ചെയ്യുന്നത്. രാമചന്ദ്രന്റെ കല പ്രകൃതിയുടെ സൗമ്യഭാവങ്ങളിലേക്കു കടന്നുചെല്ലുന്നതിന്റെ ഒരു സുപ്രധാന ഘട്ടമാണിത്. എൺപതുകളുടെ തുടക്കത്തിൽ ചെയ്ത നായികാപരമ്പരയിലെ ചിത്രങ്ങളിലും ആന്ദി മുതലായ പെയിന്റിങ്ങുകളിലും പ്രകൃതിയുടെ സൗന്ദര്യം കടന്നുവരുന്നത് കാണാനാവും. ഇവിടെവെച്ചാണ് ഒരു വലിയ വഴിത്തിരിവ് എന്നു പറയാവുന്ന യയാതി പരമ്പരയുടെ പിറവി. പ്രകൃതിയും മനുഷ്യനും ഒന്ന് മറ്റൊന്നിന്റെ തുടർച്ചായി മാറുന്ന ശൈലിയുടെ തുടക്കവും യയാതിയിലാണ്.

‘യയാതി’ ഒരു ബൃഹദ്‌രചനതന്നെയായിരുന്നു. പന്ത്രണ്ട് പാനലുകളിലായി അറുപതടി നീളവും അഞ്ചടി വീതിയും എട്ടടി പൊക്കവും ഉള്ള പെയിന്റിങ്ങുകളും മൂന്ന് ഭിത്തികളിലായി വിന്യസിച്ച ഈ ചിത്രങ്ങൾക്കു മദ്ധ്യേ പതിമൂന്ന് ശില്പങ്ങളുംകൊണ്ട് ഒരു മണ്ഡലം തീർക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരു പ്രതിഷ്ഠാപനം എന്ന രീതിയിൽ തന്നെയാണ് രാമചന്ദ്രൻ യയാതിയെ സമീപിച്ചത്. യയാതി എന്ന പരമ്പര രാമചന്ദ്രന്റെ മനസ്സിൽ ഏറെ നാളായി വളർന്നുവികസിച്ച് വരികയായിരുന്നെങ്കിലും ഡൽഹിയിൽ തന്റെ വീടിനടുത്ത് തമ്പടിച്ച ഗൗഡിയ ലോഹാറികൾ എന്ന നാടോടി ഗോത്രവർഗ്ഗക്കാരെ കാണുന്നതോടെയാണ് മനുഷ്യജീവിതത്തിന്റെ രൂപാന്തരം ദർശിക്കുന്ന യയാതിയുടെ ജീവിതത്തിനു മൂർത്തരൂപം കൈവരുന്നത്. മഹാഭാരതം ആദിപർവ്വത്തിലെ അഷ്ടനും യയാതിയും തമ്മിലുള്ള സംവാദത്തിൽനിന്നാണ് ഈ ബൃഹദാഖ്യാനത്തിന്റെ പിറവി. ആ നാടോടികളുടെ കൂട്ടത്തിൽ ഹുക്ക വലിച്ചുകൊണ്ടിരുന്ന ഒരു വൃദ്ധനിലാണ് അദ്ദേഹം എല്ലാ പ്രലോഭനങ്ങൾക്കും വശംവദനായ, ഇന്ദ്രിയസുഖങ്ങളെ പ്രതിരോധിക്കാത്ത യയാതിയെ കണ്ടത്. അവിടെയുള്ള ദൃഢഗാത്രികളായ സ്ത്രീകൾ ഈ പരമ്പരയിലെ ജീവസാന്നിധ്യമായി. ഈ നാടോടി സുന്ദരിമാരെ വരയ്ക്കുമ്പോൾ യയാതിയുടെ കഥയ്ക്ക് അനുയോജ്യമാവുന്ന തരത്തിൽ രതിഭാവം നിറഞ്ഞുനിൽക്കുന്ന രീതിയിലാണ് ആവിഷ്‌കരിച്ചത് എന്നുമാത്രമല്ല, അവരെ വിവസ്ത്രകൾ ആക്കുകയും ചെയ്തു. അവരിലൂടെയാണ് യയാതി എന്ന വൃദ്ധൻ തന്റെ വികാരവിക്ഷോഭങ്ങൾ അനുഭവിക്കുന്നത്. ഇവിടെവെച്ചാണ് രാമചന്ദ്രൻ തന്റെ ചിത്രങ്ങളിലും ശില്പങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നതും. പാതി മനുഷ്യനും അവിടെനിന്നങ്ങോട്ട് ഇന്ത്യൻ മിത്തോളജി ഒട്ടു മതകീയമല്ലാതെ രാമചന്ദ്രന്റെ കലാലോകത്തെ നിത്യസാന്നിധ്യമായി. ഉർവ്വശിയും പുരൂരവസ്സും താമരക്കുളവും തുടങ്ങിയ പരമ്പരകൾ ഇവിടെ എടുത്തുപറയേണ്ടതാണ്. ആദ്യകാലത്ത് പുരാണങ്ങൾ രാമചന്ദ്രന്റെ ചിത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധതയുടെ രൂപകങ്ങളായാണ് അവതരിച്ചതെങ്കിൽ യയാതിയിൽ അതിനു കലാകാരന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു മനശ്ശാസ്ത്ര താളം കൈവരുന്നതു കാണാനാവും. കേരളത്തിന്റെ ചുമർചിത്ര പാരമ്പര്യത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച രാമചന്ദ്രൻ തന്റെ കലാലോകത്ത് അവയുടെ സാധ്യത വളരെ ഗൗരവതരമായി ആവിഷ്‌കരിക്കാൻ തുടങ്ങുന്നതും ഇവിടെനിന്നുതന്നെ.

യയാതിയിലെല്ലാം നിറഞ്ഞുനിന്നത് തീക്ഷ്ണമായ രതിയാണെങ്കിൽ പിൽക്കാല ചിത്രങ്ങളിൽ പ്രകൃതിയും മനുഷ്യനും ഇഴചേരുന്ന കാല്പനികതയാണ് തെളിയുന്നത്. ഒരു ഘട്ടത്തിൽ രാമചന്ദ്രന്റെ ചിത്രങ്ങളിൽ ഒട്ടും കടന്നുവരാതിരുന്ന പ്രകൃതി അതിന്റെ എല്ലാ ചാരുതയോടും കൂടി കടന്നുവരാൻ തുടങ്ങിയതോടെ ഒരു ആവാസവ്യവസ്ഥ തന്നെ ഈ ചിത്രലോകത്ത് പ്രത്യക്ഷപ്പെട്ടു. മഹുവ, നാഗലിംഗം, പ്ലാശ്, കടമ്പ് തുടങ്ങി നിരവധി വൃക്ഷങ്ങൾ അവയിൽ ജീവസാന്നിധ്യമായി. പല ചിത്രങ്ങളുടേയും പേരുകളിൽപോലും ഈ വൃക്ഷങ്ങൾ കടന്നുവന്നു എന്നതും ശ്രദ്ധേയമാണ്. ഗ്രാമീണരായ യുവതികളെ വരയ്ക്കുമ്പോൾ അവരുടെ വസ്ത്രത്തിന്റെ ഭാഗമായിപ്പോലും വള്ളികളും പൂക്കളും കായ്‌കളുമെല്ലാം പ്രത്യക്ഷപ്പെട്ടു.

തന്റെ ജീവിതസഖിയും കലാകാരിയുമായ ചമേലി കഴിഞ്ഞാൽ രാജസ്ഥാനായിരുന്നു രാമചന്ദ്രന്റെ ഏറ്റവും വലിയ പ്രണയം.
മായാനിദ്രകളിലേക്ക് നയിക്കുന്ന ഭ്രമകല്‍പ്പനകള്‍
വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു
എ.രാമചന്ദ്രന്റെ കുടുംബചിത്രം
എ.രാമചന്ദ്രന്റെ കുടുംബചിത്രം

താമരപ്പൊയ്ക ചിത്രങ്ങള്‍

പ്രകൃതിയിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള പരസ്പര ബന്ധവും അതിന്റെ നിർമ്മലമായ സൗന്ദര്യവുമാണ് രാമചന്ദ്രനെ താമരപൊയ്കകളിലേക്ക് ആകർഷിച്ചത്. ഒരേ കാഴ്ച പ്രകൃതിയുടെ ഭാവഭേദങ്ങൾക്കനുസരിച്ച്, ഋതുഭേദങ്ങൾക്കനുസരിച്ച് മാറുന്നത് ഈ താമരപൊയ്ക ചിത്രങ്ങളിൽ

ആവർത്തിച്ചുവരുന്നത് കാണാനാവും. നിറയെ പൂത്തുലഞ്ഞ താമരക്കുളങ്ങൾ തേടി വരുന്ന പക്ഷികളും പ്രാണികളും തുമ്പികളും ചിത്രശലഭങ്ങളുമെല്ലാം ചേർന്ന് ആ ആവാസവ്യവസ്ഥയെ തന്നെ പ്രകൃതിയുടെ നർത്തനവേദിയാക്കുന്നു. താമരപ്പൂക്കൾക്കു മേലേക്കൂടെ പറക്കുന്ന പക്ഷിക്കൂട്ടങ്ങൾ, മഞ്ഞ ചിത്രശലഭങ്ങൾ, തുമ്പികൾ, രാത്രിയിൽ അവിടമെല്ലാം പ്രകാശം പരത്തുന്ന മിന്നാമിന്നികൾ... അങ്ങനെ ജീവന്റെ സൗന്ദര്യമാണ് ഇവിടെ നിറയുന്നത്. എല്ലാം കഴിഞ്ഞ് പൂക്കൾ വാടിക്കൊഴിയുമ്പോൾ ഈ ജീവജാലങ്ങളും അവിടെനിന്നും വിടപറയുന്നു. മരിച്ച താമരപൊയ്‌കയും അവിടെനിന്നും പറന്നുപോകുന്ന ഒരു പക്ഷിയും രാമചന്ദ്രന്റെ ഒരു സുപ്രധാന ചിത്രമാണ്. ഒരുതരം ഏകവർണ്ണമാണ് ഈ ചിത്രത്തിനുള്ളത്. താമരക്കുളം ഉപേക്ഷിക്കുന്ന പക്ഷി ഒഴിച്ചാൽ എവിടെയും ജീവന്റെ ലാഞ്ഛനയില്ല. പക്ഷേ, അതിനകത്ത് എവിടെയോ മറ്റൊരു ഋതുഭേദം കാത്ത് താമരകൾ വിരിയാനായി നിൽക്കുന്നുണ്ട്. ഇതേ പരമ്പരയിൽ രാമചന്ദ്രൻ ചെയ്ത മറ്റൊരു ചിത്രമാണ് ‘ഹോമേജ് ടു ദ സെറ്റിംഗ് സൺ.’ 2017-ൽ, അമേരിക്കയിലെ ക്ലീവ്‌ലാൻഡ് മ്യൂസിയത്തിൽ നടന്ന ഒരു സുപ്രധാന പ്രദർശനത്തിൽ ഇന്ത്യൻ

ക്ലാസ്സിക്കൽ ആർട്ടിനെ പ്രതിനിധീകരിച്ച്, ഇന്ത്യൻ ക്ലാസ്സിക്കൽ ശില്പങ്ങൾക്കൊപ്പം ഈ ചിത്രം രണ്ട് വർഷത്തോളം പ്രദർശിപ്പിക്കു കയുണ്ടായി. സായാഹ്നവെയിലിൽ തിളങ്ങിനിൽക്കുന്ന താമരക്കുളം സ്വപ്നസമാനമായ ഒരു അനുഭവമാണ്.

പ്രകൃതിയും മനുഷ്യനും ഒന്നാവുന്ന പെയിന്റിങ്ങുകളുടെ തുടർച്ചതന്നെയാണ് രാമചന്ദ്രന്റെ വെങ്കല ശില്പങ്ങളും. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കടന്നുവന്ന ആവിഷ്‌കാരങ്ങൾ മറ്റൊരുതരത്തിൽ ഇവിടെയും കാണാനാവും. ആവിഷ്‌കാര മാധ്യമം മാറുമ്പോഴും രാമചന്ദ്രന്റെ ദർശനം മാറുന്നില്ല. ആദ്യഘട്ടത്തിൽ ചെയ്തത് ഭ്രൂണരൂപങ്ങൾ ആയിരുന്നു. പിന്നീട്, മക്കളായ സുജാതയും രാഹുലും ഭാര്യ ചമേലിയും ശില്പങ്ങളായി. രാജസ്ഥാനിലെ ഗ്രാമീണ ചിത്രങ്ങൾ ത്രിമാനത്തിലായപ്പോൾ, അവിടെയുള്ള പ്രകൃതിയും ആ പ്രകൃതിയെ ശരീരത്തിലേക്കു പകർന്നെടുത്ത സ്ത്രീകളുടെ അനശ്വര യൗവ്വനവും താമരപൊയ്കയും തന്റെ തന്നെ അവതാരങ്ങളുമെല്ലാം ശില്പങ്ങളായി പുനർജ്ജനിച്ചു. പല ശില്പങ്ങളിലും നഗ്നമായ ഉടലിൽ സസ്യാലങ്കാരമാണ് വസ്ത്രമായി മാറുന്നത്. അതുപോലെ തന്നെ ടോട്ടം പോളുകളിൽനിന്നുള്ള പ്രചോദനവും രാമചന്ദ്രന്റെ ശില്പങ്ങളുടെ ഒരു സവിശേഷതയാണ്. രാമചന്ദ്രന്റെ ശില്പങ്ങളുടെ ഒരു സുപ്രധാന പ്രദർശനം ഡൽഹിയിലെ വധേര ആർട്ട് ഗാലറിയിൽ നടന്നിരുന്നു. ഒരു ശില്പി എന്ന നിലയിൽ രാമചന്ദ്രൻ നടത്തിയ പരീക്ഷണങ്ങളുടെ ഒരു നേർചിത്രമാണ് ഈ പ്രദർശനം. ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് സമീപകാലത്ത് ചെയ്ത ഗാന്ധി ശില്പം. ഈ ശില്പത്തിലെ ഗാന്ധിയുടെ ഉടലിൽ അദ്ദേഹത്തിന്റെ സന്ദേശങ്ങളായ ‘സത്യം’, ‘അഹിംസ’ എന്നിവ കൊത്തിവെച്ചിരിക്കുന്നു. തന്റെ ജീവിതം തന്നെ തന്റെ സന്ദേശമാക്കിയ മനുഷ്യനെയാണ് രാമചന്ദ്രൻ ആവിഷ്‌കരിക്കുന്നത്. ഇതിനുമുന്നെ അദ്ദേഹം രണ്ടു സുപ്രധാന ഗാന്ധി ശില്പങ്ങൾ ചെയ്തിട്ടുണ്ട്. അതിൽ ഒന്ന്, ‘മോണ്യുമെന്റൽ ഗാന്ധി’ കൊച്ചിയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ശില്പത്തിൽ രാമചന്ദ്രൻ പ്രമേയമാക്കുന്നത് വെടിയേറ്റ ഗാന്ധിജിയെയാണ്. വെടിയുണ്ടയ്ക്കു നേരെ നിവർന്നുനിന്നു ചിരിക്കുന്ന ഗാന്ധിയുടെ ഈ ശില്പം വലംവെയ്ക്കുമ്പോൾ നമ്മൾ പിറകിൽ കാണുന്നത് തുളച്ചുകയറിയ വെടിയുണ്ടയും ചോരപ്പാടും അതിനുമേൽ എഴുതിയ ഹേ റാം എന്ന വിളിയുമാണ്. ശില്പത്തിന്റെ അടിത്തറയിൽ ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞ ഒരു വാക്യം കൊത്തിവെച്ചിരിക്കുന്നു. “മജ്ജയും മാംസവുമുള്ള ഇങ്ങനെ ഒരാൾ ഈ ഭൂമിയിലൂടെ ഒരിക്കൽ നടന്നിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കാൻ ഇടയില്ല.” ഈ വെങ്കലശില്പത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ ശിവകുമാർ ഇങ്ങനെ പറയുന്നു: “സഹിഷ്ണുതയ്ക്കും സഹാനുഭൂതിക്കും വേണ്ടി നിലകൊണ്ട ഗാന്ധി നമ്മുടെ മൃഗീയവാസനകൾക്ക് അപകടകരമാവും എന്നു കരുതി നമ്മൾ അദ്ദേഹത്തെ ഒരു ചിഹ്നം മാത്രമായി ചുരുക്കി... ഗാന്ധി ഒരു കൊലയാളിയുടെ വെടിയേറ്റാണ് മരിച്ചതെന്ന് നമുക്ക് അറിയാമെങ്കിലും ഈ ശില്പത്തിലെ വെടിയുണ്ടയേറ്റ തുളയും ‘ഹേ റാം’ എന്ന എഴുത്തും നമ്മളെ അല്പം ആശ്ചര്യപ്പെടുത്തിയെന്നുവരാം, കാരണം ആ മുഖവും കൂപ്പുകൈകളും മരണവുമായുള്ള എന്തെങ്കിലും തരം ബന്ധത്തിനു നമ്മെ സജ്ജരാക്കുന്നില്ല.” പക്ഷേ, രാമചന്ദ്രന്റെ ശില്പം രക്തസാക്ഷിയായ ഗാന്ധിയുടെ സ്മാരകമാണെന്നു തിരിച്ചറിയാൻ ഇത് നമ്മളെ സഹായിക്കുന്നു, കൊലയാളിയുടെ വെടിയുണ്ടയിൽ നിശ്ചേതനനായ സമാധാനദൂതൻ. രാമചന്ദ്രൻ അങ്ങനെ പറയുന്നില്ലെങ്കിലും അദ്ദേഹം ഈ ശില്പം നിർമ്മിച്ച പശ്ചാത്തലം അതാണ് സൂചിപ്പിക്കുന്നത്.

ശാന്തിനികേതനിൽ എത്തിയ കാലം മുതൽ ഗാന്ധിയുടെ രാമചന്ദ്രനിൽ നിറഞ്ഞ ഒരു ഇമേജാണ് ഗാന്ധിയുടേത്. നന്ദലാൽ വരച്ച ഗാന്ധി ആ ക്യാമ്പസിന്റെ ഭാഗമായിരുന്നു എന്നു മാത്രമല്ല, ടാഗോറിന്റെ ശാന്തിനികേതനിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് ഇടവും ഉണ്ടായിരുന്നു. രാമചന്ദ്രന്റെ കലാലോകത്ത് ഗാന്ധി ആദ്യം പ്രത്യക്ഷപ്പെടുന്നത് ഗാന്ധി ആൻഡ് ദി ട്വന്റിയത്ത് സെഞ്ച്വറി കള്‍ട്ട് ഓഫ് വയലൻസ് എന്ന ചിത്രത്തിലാണ്.

പിന്നീട് 1980-ൽ, ദണ്ഡി മാർച്ചിന്റെ അന്‍പതാം വാർഷികത്തിൽ തപാൽ വകുപ്പിനുവേണ്ടിയുള്ള സ്റ്റാമ്പിനുവേണ്ടി ഗാന്ധിജിയുടെ എച്ചിങ്ങ് ചെയ്തു. അടുത്തകാലത്ത് ‘ഗാന്ധി - ലോൺലിനെസ്സ് ഓഫ് ദ ഗ്രേറ്റ്’ എന്ന പേരിൽ ഗാന്ധിയുടെ രേഖാചിത്രങ്ങളുടെ ഒരു പരമ്പര തന്നെ ചെയ്തു. മറ്റു ചിത്രങ്ങളിൽനിന്നും വ്യത്യസ്തമായി രേഖകൾക്കുമേൽ നേർത്ത നിറംകൊണ്ട് വാഷ് ചെയ്താണ് രാമചന്ദ്രൻ ഈ ചിത്രങ്ങൾക്കു പുതിയൊരു ഭാവം കൊണ്ടുവന്നത്.

ഒരു കലാകാരൻ എന്ന നിലയിൽ ഇത്രയൊക്കെ അറിയപ്പെടുന്ന രാമചന്ദ്രൻ അനുഗൃഹീതനായ ഒരു എഴുത്തുകാരൻ കൂടിയായിരുന്നു. തന്റെ മിക്ക പ്രദര്‍ശനങ്ങളുടെ ഭാഗമായും അദ്ദേഹം ആത്മകഥാപരമായും കലാചരിത്രപരമായുമുള്ള ലേഖനങ്ങൾ എഴുതും. അതോടൊപ്പം തന്നെ നിരവധി ബാലസാഹിത്യ കൃതികളും അദ്ദേഹത്തിന്റേതായുണ്ട്, എന്നാൽ ഇതിൽ പലതും പ്രസിദ്ധീകരിച്ചത് ജപ്പാനിലും മറ്റ് വിദേശരാജ്യങ്ങളിലുമാണെന്നു മാത്രം. കേരളത്തിന് എഴുത്തുകാരനായ രാമചന്ദ്രൻ ഇപ്പോഴും അന്യനാണ്. ഒരു പരിഭാഷകൻ എന്ന നിലയിൽ അദ്ദേഹത്തെ അടുത്തറിയുന്നതുകൊണ്ടുകൂടിയാണ് ഇത് പറയുന്നത്.

തന്റെ ജീവിതസഖിയും കലാകാരിയുമായ ചമേലി കഴിഞ്ഞാൽ രാജസ്ഥാനായിരുന്നു രാമചന്ദ്രന്റെ ഏറ്റവും വലിയ പ്രണയം. അദ്ദേഹത്തിന്റെ ചിതാഭസ്മം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിറഞ്ഞുനിന്ന ഉദയ്‌പൂരിലെ ഏകലിഞ്ചിയിലും ഓബേശ്വറിലുമാണ് നിമഞ്ജനം ചെയ്യുന്നത്. രാമചന്ദ്രൻ മടങ്ങുകയാണ്, തനിക്ക് താമരക്കുളങ്ങളുടെ സൗന്ദര്യം കാണിച്ചുതന്ന മണ്ണിലേക്ക്, ഒരിക്കലും മരിക്കാത്ത ഓർമ്മകളിലേക്ക്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com