പ്രസക്തമായ ഒരു ഗ്രന്ഥം

പ്രസക്തമായ ഒരു ഗ്രന്ഥം

പോയവർഷം വായനയിൽ ഏറ്റവും സാർത്ഥകമായ നിമിഷങ്ങൾ ഏതായിരുന്നു എന്ന പരോക്ഷമായ ചോദ്യം നിശ്ചയമായും പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്ക് ആഹ്ലാദകരമാണ്. ചെറുതെങ്കിൽക്കൂടി ആഘോഷിക്കേണ്ടതാണ് വായനയുടെ ഈ വർഷാന്ത്യ ചേറൽ.

പ്രസന്നരാജൻ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കെ.പി. അപ്പൻ നിഷേധിയും മഹർഷിയും’ എന്ന പുസ്തകം ഈ വർഷത്തെ മികച്ച മലയാള പുസ്തകമായി വിലയിരുത്തുന്നു. മലയാളം വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവരവെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയതാണ് അപ്പന്റെ ജീവചരിത്രം. സാഹിത്യാഭിരുചിയുടേയും ഭാവുകത്വ പാരമ്പര്യത്തിന്റേയും ധമനികളിലെ ദുഷിച്ച രക്തം വാർന്നു നീക്കി പുതുരക്തം ഒഴുക്കുന്ന ദൗത്യം ഏറ്റെടുത്ത അപ്പൻ തന്റെ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു. അധികാരകേന്ദ്രത്തെ ഭയപ്പെടുകയും സ്ഥാനമാനങ്ങൾക്കുവേണ്ടി വഴങ്ങിയും വളഞ്ഞും കൊടുത്ത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട എന്തിനും സ്തുതിപാടി സുരക്ഷിതമേഖലയിൽ എപ്പോഴും നിലയുറപ്പിക്കാൻ വിരുതു കാണിക്കുന്ന എഴുത്തുകാർ വർദ്ധിച്ചുവരുന്ന കാലത്ത് അന്തസ്സ് എവിടെയും അടിയറവയ്ക്കാതെ ശിരസ്സ് ഉയർത്തിപ്പിടിച്ച് വിമർശകലയിൽ വ്യാപരിച്ച അപ്പനെ സത്യസന്ധമായി രേഖപ്പെടുത്താൻ പ്രസന്നരാജനു കഴിഞ്ഞിരിക്കുന്നു. അപ്പൻ വിമർശനാതീതനാണെന്ന് ഗ്രന്ഥകാരൻ കരുതുന്നില്ല. വിമർശകല അപഹസിക്കപ്പെടുന്ന ഇക്കാലത്ത് സാഹിത്യവിമർശനം ജീവവായുവായി കരുതിയിരുന്ന ഒരു എഴുത്തുകാരന്റെ വിചാരകല എങ്ങനെ രൂപപ്പെട്ടുവെന്നും ആ വിമർശ വ്യക്തിത്വത്തിൽ അന്തർലീനമായ നിഷേധിയുടേയും മഹർഷിയുടേയും വിരുദ്ധസ്വഭാവത്തെ കണ്ടെത്തി അപഗ്രഥിക്കുന്നതിനും ഈ ഗ്രന്ഥരചനയിലൂടെ പ്രസന്നരാജനു സാധിച്ചിരിക്കുന്നു.

ഈ ലേഖനം കൂടി വായിക്കാം
ഭാവനയെ വെല്ലുവിളിക്കുന്ന നോവൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com