കാഫ്കയുടെ കഥാലോകം

കാഫ്കയുടെ കഥാലോകം

ധുനികതയുടെ കാലത്ത് ആധുനികനും ഉത്തരാധുനികതയുടെ കാലത്ത് ഉത്തരാധുനികനും ഉത്തരാധുനികാനന്തരം വരും കാലത്തേയ്ക്ക് മുഴുവനുമായും വെളിപ്പെട്ട എഴുത്തിന്റെ സ്വാതന്ത്ര്യമാണ് ഫ്രാൻസ് കാഫ്ക. മനുഷ്യജീവിതത്തിന്റെ യുക്തിഹീനമായ അപ്രസക്തിയെക്കുറിച്ച് ഓരോ വാക്കിലും മടിച്ചു മടിച്ച് വെളിപ്പെട്ട, സാഹിത്യമല്ലാതെ മറ്റൊന്നുമാകാൻ തനിക്കാവില്ലെന്നു വിശ്വസിച്ച കാഫ്കയുടെ അൻപത് കഥകൾ, ബി. നന്ദകുമാറിന്റെ വിവർത്തന ഭാഷയിൽ വീണ്ടും വായിക്കാനെടുക്കുമ്പോൾ നിരർത്ഥകതയ്ക്കും അസംബന്ധ നാടകങ്ങൾക്കും അപ്പുറത്ത് വിനിമയസാധ്യമായ മറ്റൊരു ലോകം വായനക്കാരനു മുന്നിൽ തുറന്നുതരുന്നു. 2024 ജൂൺ മൂന്നിന് കാഫ്ക മരണത്തിലേയ്ക്ക് മടങ്ങിയിട്ട് നൂറു വർഷം തികയുന്നു എന്നതും തന്റെ രചനകളുടെ സ്വാധീനശക്തിയെക്കുറിച്ച് ബോധ്യമില്ലാതെ അവയെല്ലാം നശിപ്പിച്ചുകളയാനുള്ള അദ്ദേഹത്തിന്റെ നിർദ്ദേശം സുഹൃത്ത് മാർക്സ് ബ്രോഡ് അനുസരിച്ചിരുന്നുവെങ്കിൽ ഈ കഥകൾ പല കാലങ്ങളിലെ, പല ഭാഷകളിലെ വായനക്കാരനു മുന്നിൽ എത്തുകയില്ലായിരുന്നുവെന്നും ഓർക്കേണ്ടതു തന്നെ. ഉറ്റുനോക്കി നിൽക്കെ മാറിമറിഞ്ഞു പോകുന്ന ലോകത്തെക്കുറിച്ചുള്ള ആശങ്കകൾപോലെ, കാഫ്ക വരച്ച ചിത്രങ്ങളും ഈ കഥകൾക്കൊപ്പമുണ്ട്. അപൂർണ്ണവും അവ്യക്തവുമായ ജീവിതത്തിന്റെ സങ്കീർണ്ണതയെ കഥകളിൽ സംഗ്രഹിക്കാനും വിശകലനം ചെയ്യാനുമുള്ള കാഫ്കയുടെ ജാഗ്രത കഥകളിലൂടെ കാലത്തിലേയ്ക്ക് സംക്രമിക്കുന്നു. നിയമങ്ങളും യുക്തിയും കർക്കശമാക്കി മാറ്റുന്ന പ്രത്യക്ഷ ലോകത്തെ ചിലപ്പോഴെങ്കിലും പരിഹാസം കൊണ്ട് നേരിടാമെന്ന ആലോചനയും കാഫ്കയുടെ കഥകൾ നൽകുന്ന വാഗ്ദാനമാണ്.

ഈ ലേഖനം കൂടി വായിക്കാം
ഹെർസോഗിന്റെ നോവൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com