നിശ്ചല ചിത്രങ്ങൾ

നിശ്ചല ചിത്രങ്ങൾ

2021- എൺപത്തിയാറാം വയസ്സിൽ ജാനെറ്റ് മാൽക്കം മരിച്ചു. ന്യൂയോർക്കർ വായനക്കാർക്കു പരിചിതയാണ് ജാനെറ്റ് മാൽക്കം (1963 മുതൽ ന്യൂയോർക്കറിൽ ജോലിചെയ്യുന്നു). മനോഹരമായ ഗദ്യമാണ് ഇവരെ വായനക്കാർക്കു പ്രിയപ്പെട്ടവളാക്കിയത്. മരണാനന്തരം ഈ വർഷമാണ് ‘Still Pictures On Photography and Memory’ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ പുസ്തകം ആത്മകഥാപരമാണ്. പഴയ ഫോട്ടോഗ്രാഫുകളിലെ കുഞ്ഞ് ജാനറ്റിനെ ആദ്യ രണ്ട് അധ്യായങ്ങളിൽ കാണാം. എന്നാൽ, ആ ചിത്രങ്ങൾ എടുത്ത സന്ദർഭം ഓർത്തെടുക്കാൻ മാത്രം മുതിർന്നിട്ടില്ല ആ കുഞ്ഞ്. ആദ്യ അദ്ധ്യായത്തിൽ രണ്ട് ചിത്രങ്ങൾ കൊടുത്തിരിക്കുന്നു. ഒന്ന് ലൂയി ഫ്രാൻകോ ബെർട്ടിൻ എന്ന ഫ്രെഞ്ച് ജേർണലിസ്റ്റിന്റേതാണ്. രണ്ട് കൈകളും മുട്ടുകാലിൽ വെച്ചുകൊണ്ടുള്ള ഫോട്ടോഗ്രാഫിനോട് ചേർന്ന് കുഞ്ഞ് ജാനറ്റിന്റേയും ഫോട്ടോഗ്രാഫുണ്ട്. ജാനറ്റിന്റെ കൈകളും മുട്ടിൽ ചേർത്തുവെച്ചിരിക്കുന്നു. രണ്ട് കാലങ്ങൾ. രണ്ട് മനുഷ്യർ. വ്യത്യസ്ത പ്രായം. ഒരേ പോസ്! ഇതിലെ ജാനറ്റിനെ മാറിനിന്നാണ് മുതിർന്ന ജാനറ്റ് കാണുന്നത്. ഒരർത്ഥത്തിൽ ഈ ചെറിയ കുട്ടിയെ അതായത് തന്റെ തന്നെ ബാല്യത്തെ ഓർമ്മയിൽ ഇല്ലാത്തതിനാൽ ഈ മാറിനിൽക്കൽ സാധ്യവുമാണ്.

1939-ൽ പ്രാഗിൽനിന്നും തീവണ്ടിയിൽനിന്നും പുറപ്പെടുന്ന അച്ഛന്റേയും അമ്മയുടേയും നടുവിൽ ഇരിക്കുന്ന ജാനെറ്റിന്റെ ചിത്രമുണ്ട്. ആ മുഖത്തെക്കുറിച്ച് അവർ Mrzuty എന്ന ചെക്ക് വാക്കുകൊണ്ടാണ് വിശേഷിപ്പിക്കുന്നത്. കാൻസർ ബാധിതയായിരുന്ന സമയത്താണ് ജാനെറ്റ് മാൽക്കം ഈ പുസ്തകം എഴുതുന്നത്. “ഓർമ്മകൾ വായനക്കാരെ പരിഗണിക്കുന്നതേയില്ല” എന്ന് അവർ എഴുതുന്നു. നമ്മുടെ ജീവിതത്തിലെ ചില സംഭവങ്ങൾ ഫോട്ടോഗ്രാഫുകളുടെ നെഗറ്റീവുപോലെയാണ്. ചിലത് നാം രാസലായനിയിൽ പ്രോസസ് ചെയ്ത് ഫോട്ടോഗ്രാഫായി എടുക്കുന്നു. അതിനെ നമ്മൾ ഓർമ്മ എന്നു വിളിക്കുന്നു. എന്നാൽ, പലതും നാം ഓർക്കുന്നില്ലെന്നും അവർ പറയുന്നു. ആ ഒഴിഞ്ഞ ഇടവും പ്രധാനമാണ്. അതുകൊണ്ടുതന്നെ ഇത് ഫോട്ടോഗ്രാഫിന്റേയും ഓർമ്മകളുടേയും വിടവുകളുടേയും പുസ്തകമാണ്.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com