കുട്ടികളിലെ വിഷാദരോഗം; ചില വസ്തുതകള്‍

കുട്ടികളിലെ മാനസികവും ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ചയെ പ്രതികൂലമായി സ്വാധീനിക്കാന്‍ കഴിയുന്ന വലിയൊരു ആരോഗ്യപ്രശ്നം തന്നെയാണ് കുട്ടികളിലെ വിഷാദരോഗം.
കുട്ടികളിലെ വിഷാദരോഗം; ചില വസ്തുതകള്‍




ന്‍പതു വയസ്സുകാരനായ ഒരു കുട്ടിയാണ് വാങ്ക ഷുക്കോവ്. അല്യാക്കിന്‍ എന്ന ചെരുപ്പുകുത്തിയുടെ സഹായിയായി മോസ്‌കോയില്‍ അയാളുടെ വീട്ടില്‍ വന്നുചേര്‍ന്നതാണ് വാങ്ക. അവന്‍ ക്രിസ്തുമസ് രാത്രിയില്‍ തന്റെ മുത്തച്ഛന് ഒരു കത്തെഴുതാന്‍ തുടങ്ങുകയാണ്. മുതലാളിയും ഭാര്യയും ചെരുപ്പുകടയിലെ മുതിര്‍ന്ന ജോലിക്കാരും പാതിരാകുര്‍ബ്ബാനയ്ക്കായി പോയിക്കഴിഞ്ഞിരുന്നു. ഒരുകുപ്പി മഷിയും പരുപരുത്ത മുനയുള്ള ഒരു പേനയും തന്റെ മുതലാളിയുടെ അലമാരയില്‍നിന്നും സംഘടിപ്പിച്ച ശേഷം വാങ്ക തന്റെ മുത്തച്ഛനായ കോണ്‍സ്റ്റാന്റയിന്‍ മക്കാറിച്ചിന് എഴുതുകയാണ്. 
അവന് അച്ഛനും അമ്മയുമില്ല. ആകെയുള്ളത് മുത്തച്ഛന്‍ മാത്രമാണ്. ഗ്രാമത്തിലെ എസ്റ്റേറ്റില്‍ രാത്രി കാവല്‍ക്കാരനായി ജോലി ചെയ്യുന്ന അറുപത്തഞ്ച് വയസ്സുകഴിഞ്ഞ, ചുക്കിച്ചുളിഞ്ഞ തൊലിയുള്ള എപ്പോഴും പുഞ്ചിരിക്കുന്ന തന്റെ മുത്തച്ഛന്‍ കോണ്‍സ്റ്റാന്റയിന്‍ മക്കാറിച്ചിനെ അവന്‍ മനസ്സില്‍ സങ്കല്പിച്ചു. മോസ്‌കോ നഗരത്തിലെ ചെരുപ്പുകുത്തിയുടെ വീട്ടിലിരുന്ന് ക്രിസ്തുമസ് രാവില്‍ വാങ്ക ഷുക്കോവ് എന്ന ഒന്‍പതു വയസ്സുകാരന്‍ എഴുതിത്തുടങ്ങി. എഴുത്തുനിറയെ അവന്റെ വേദനകളാണ്. 
മുതലാളി മുടിയില്‍ കുത്തിപ്പിടിച്ച് മുറ്റത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അരപ്പട്ടകൊണ്ട് തല്ലിയതും എല്ലാ ദിവസവും പ്രാതലിനും അത്താഴത്തിനും ബ്രഡുതന്നെ കിട്ടുന്നതിനെപ്പറ്റിയും മുതലാളിയുടെ കുഞ്ഞിനെ തൊട്ടിലാട്ടുന്ന ചുമതലയുള്ളതിനാല്‍ രാത്രി ഉറങ്ങാന്‍ പറ്റാത്തതിനെക്കുറിച്ചും അവന്‍ മുത്തച്ഛനുള്ള കത്തില്‍ സങ്കടത്തോടെ എണ്ണിപ്പറയുന്നു. മോസ്‌കോയിലെ ആണ്‍കുട്ടികള്‍ ക്രിസ്തുമസ് സ്റ്റാറുമായി വീടുകള്‍ തോറും കയറിയിറങ്ങാറില്ലെന്നും ഗായകസംഘത്തിനൊപ്പം പാടാറില്ലെന്നും അവന്‍ വേദനയോടെ എഴുതുന്നു. ക്രിസ്തുമസ് ട്രീ ഉണ്ടാക്കുമ്പോള്‍ അതില്‍നിന്ന് സ്വര്‍ണ്ണത്തിലുള്ള വാല്‍നട്ടെടുത്ത് പച്ച നിറമുള്ള മേശവലിപ്പിലിടാന്‍ മറക്കരുതെന്നും അവന്‍ മുത്തച്ഛനെ ഓര്‍മ്മിപ്പിക്കുന്നു. 


വീട്ടില്‍ ക്രിസ്തുമസ് ട്രീ ഉണ്ടാക്കുന്നതിന് മരം മുറിക്കാന്‍ മുത്തച്ഛനോടൊപ്പം കാട്ടില്‍ പോകാറുള്ളതും മഞ്ഞിന്‍കുപ്പായമിട്ട് അനങ്ങാതെ നില്‍ക്കുന്ന ഫിര്‍മരങ്ങളുടെ കാട്ടിലൂടെ ശരം വിട്ടതുപോലെ പാഞ്ഞ പൂവാലന്‍ മുയലിനെ പിടിക്കാനോടിച്ചതും മുറിച്ചുകൊണ്ടുവന്ന ഫിര്‍മരംകൊണ്ട് ക്രിസ്തുമസ് ട്രീ ഉണ്ടാക്കിയതുമെല്ലാം വാങ്ക നഷ്ടബോധത്തോടെ ഓര്‍ത്തെടുക്കുന്നു. 


''മുത്തച്ഛാ, ദയവായി എന്നെ കൊണ്ടുപോകൂ...'' അവന്‍ തേങ്ങലോടെ എഴുതുകയാണ്. ''ദിവസം മുഴുവന്‍ ഞാന്‍ വിശന്ന് കഴിയുകയാണ്. വിഷമം സഹിക്കാതെ ഞാന്‍ ഇന്നുമുഴുവന്‍ കരയുകയായിരുന്നു. ദൈവത്തെ ഓര്‍ത്ത് എന്നെ ഇവിടെനിന്ന് കൊണ്ടുപോകൂ... എന്റെ പ്രിയപ്പെട്ട മുത്തച്ഛാ ഒന്ന് വേഗം വരൂ...'' വാങ്ക കരച്ചിലോടെ കത്ത് അവസാനിപ്പിക്കുകയാണ്. 
തലേദിവസം ഒരു കോപെക് കൊടുത്തു വാങ്ങിയ കവറിലിട്ട് ആ കത്ത് വാങ്ക തപാല്‍പെട്ടിയിലിടുന്നു. അതിനു മുന്‍പ് അവന്‍ കവറിനു പുറത്തെഴുതിയ മേല്‍വിലാസം വായനക്കാരന്റെ ഹൃദയം കൊളുത്തിവലിക്കുന്നു. ''കോണ്‍സ്റ്റാന്റയിന്‍ മക്കാറിച്ച്, മുത്തച്ഛന്‍, ഗ്രാമം.''
അല്യാക്കിന്‍ എന്ന ചെരുപ്പുകുത്തിയുടെ സഹായിയായി ഗ്രാമത്തില്‍നിന്ന് മോസ്‌കോയിലേക്ക് പോകേണ്ടിവന്ന, ഡാഡിയും മമ്മിയും മരിച്ചുപോയ, ആ ഒന്‍പതുവയസ്സുകാരന്‍ വാങ്ക ഷുക്കോവിന്റെ കുഞ്ഞുമനസ്സ് വിഷാദത്താല്‍ തേങ്ങുകയാണ്. ആന്റണ്‍ ചെക്കോവിന്റെ  'വാങ്ക' എന്ന ചെറുകഥയാണിത്. 
ഏറ്റവും വിഹ്വലമായ അവസ്ഥയിലിരുന്നുകൊണ്ടാണ് താന്‍ കഥകളെഴുതുന്നതെന്ന് പറഞ്ഞ വിശ്വസാഹിത്യത്തിലെ മഹാപ്രതിഭയായിരുന്നു ആന്റണ്‍ ചെക്കോവ്. ബാല്യത്തെക്കുറിച്ചുള്ള അസാധാരണമായ ഉള്‍ക്കാഴ്ചയോടെ രചിക്കപ്പെട്ട കഥയാണ് വാങ്ക. ഒരു ഒന്‍പതുവയസ്സുകാരന്റെ നിസ്സഹായതയും മനസ്സിന്റെ നൈര്‍മല്യവും ഒപ്പിയെടുത്ത ചെക്കോവിന്റെ വാങ്ക എന്ന ഈ ചെറുകഥ കുട്ടികളിലുണ്ടാകുന്ന വിഷാദം (Childhood Depression) എന്ന മാനസികാവസ്ഥയുടെ കൃത്യതയാര്‍ന്ന ഒരു ചിത്രീകരണം കൂടിയാണ്.
ജീവിതമെന്തെന്നറിയുന്നതിനു മുന്‍പേ മരണം തിരഞ്ഞെടുക്കുകയാണ് കേരളത്തിലെ കുട്ടികളെന്ന തിരിച്ചറിവ് ഞെട്ടിക്കുന്നതാണ്. ജീവിതത്തിന്റെ മാധുര്യത്തെക്കുറിച്ച് ഒരു പ്രതീക്ഷപോലുമില്ലാതെ, ഭാവിയെക്കുറിച്ച് പ്രത്യാശയുടെ ഒരു കണികപോലുമില്ലാതെ മരണം തിരഞ്ഞെടുക്കാന്‍ നമ്മുടെ കുട്ടികളെ പ്രേരിപ്പിക്കുന്നതെന്താണ്? കളിച്ചും ചിരിച്ചും ആര്‍ത്തുല്ലസിച്ചും ജീവിതം ആഘോഷിക്കേണ്ട നാളുകളില്‍ ജീവിതമവസാനിപ്പിക്കേണ്ടി വരുകയാണ് നമ്മുടെ കുട്ടികള്‍ക്ക്. അവരുടെ ബാല്യകൗമാരങ്ങളെ പ്രശ്നഭരിതമാക്കുന്നതെന്താണ്? ചോദ്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്, കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന മാനസികസംഘര്‍ഷങ്ങളിലേക്കാണ്. സംഘര്‍ഷഭരിതമായ മനസ്സ് ജന്മം കൊടുക്കുന്ന വിഷാദരോഗത്തിലേക്കാണ്. 

താളം തെറ്റുന്ന
'കുട്ടിമനസ്സ്'

കുട്ടികളിലെ മാനസികവും ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ചയെ പ്രതികൂലമായി സ്വാധീനിക്കാന്‍ കഴിയുന്ന വലിയൊരു ആരോഗ്യപ്രശ്നം തന്നെയാണ് കുട്ടികളിലെ വിഷാദരോഗം. ഇന്ന് ആഗോളവ്യാപകമായി ഇതു  ചര്‍ച്ചചെയ്യപ്പെടുന്നു. ലോകമെമ്പാടും രണ്ട് മുതല്‍ മൂന്ന് ശതമാനം കുട്ടികള്‍ വിഷാദരോഗത്തിന്റെ പിടിയിലാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ചില പഠനങ്ങള്‍ പറയുന്നത് എട്ട് ശതമാനം കൗമാരപ്രായത്തിലുള്ള കുട്ടികളില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിഷാദരോഗം കണ്ടെത്തുന്നുണ്ടെന്നാണ്. കേരളത്തില്‍ നടത്തിയ ചില പഠനങ്ങളനുസരിച്ച് 100-ല്‍ അഞ്ചു കുട്ടികള്‍ക്ക് വിഷാദരോഗമുണ്ട്. 
കുട്ടികള്‍ക്കെങ്ങനെയാണ് വിഷാദരോഗം വരുന്നത്? അവര്‍ക്ക് കളിക്കുകയും പഠിക്കുകയും ചെയ്താല്‍ പോരേ? ഉത്തരവാദിത്വങ്ങളോ ജീവിതത്തിന്റെ പ്രശ്നസങ്കീര്‍ണ്ണതകളോ അവരെ അലട്ടാറില്ലല്ലോ? ഇതാണ് പലരുടേയും ധാരണ. വിഷാദരോഗം അഥവാ ഡിപ്രഷന്‍ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളില്‍നിന്നു മാത്രമാണ് കടന്നുവരുന്നത് എന്ന തെറ്റിധാരണയില്‍നിന്നാണ് ഈ ചോദ്യം ഉടലെടുക്കുന്നത്. എന്നാല്‍, തികച്ചും ജീവശാസ്ത്രപരമായ കാരണങ്ങളാല്‍ വിഷാദരോഗമുണ്ടാകാമെന്നതാണ് സത്യം. 

പെരുമാറ്റ വൈകല്യങ്ങളും
ലക്ഷണങ്ങളും

കുട്ടികളിലെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ മുതിര്‍ന്നവരുടേതില്‍നിന്നും വ്യത്യസ്തമാണ്. കുട്ടികളില്‍ ബൗദ്ധിക-ശാരീരിക-മാനസിക വികാസത്തിന്റെ തോത് ഓരോ പ്രായത്തിലും വ്യത്യാസപ്പെട്ടിരിക്കും; ഇതിനാല്‍ത്തന്നെ പ്രായത്തിനനുസരിച്ച് കുട്ടികളിലെ വിഷാദരോഗത്തിന്റെ പ്രകടലക്ഷണങ്ങള്‍ക്കു മാറ്റം വരാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടേതില്‍നിന്നും വ്യത്യസ്തമാണ് കൗമാരപ്രായക്കാരിലെ ലക്ഷണങ്ങള്‍. വിഷാദരോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ് സ്ഥിരമായ സങ്കടഭാവം (Pervasive Low Mood). സാധാരണയായി മുതിര്‍ന്നവരില്‍ കാണപ്പെടുന്ന ഈ തീവ്ര സങ്കടഭാവം കുട്ടികളില്‍ അതേപടി പ്രകടമാകണമെന്നില്ല. അകാരണമായ ദേഷ്യം, ശാഠ്യസ്വഭാവം, പതിവില്ലാത്ത കാര്യങ്ങള്‍ക്കു നിര്‍ബ്ബന്ധബുദ്ധി കാണിക്കുക ഇതൊക്കെയായിട്ടാണ് കുട്ടികളിലെ വിഷാദരോഗം പുറത്തുവരുന്നത്. പതിവില്ലാത്ത ദേഷ്യസ്വഭാവവും നിര്‍ബ്ബന്ധബുദ്ധിയും കുട്ടിയുടെ വളര്‍ച്ചാഘട്ടത്തിന്റെ ഭാഗമാണെന്ന് അല്ലെങ്കില്‍ മറ്റു മാനസിക സംഘര്‍ഷങ്ങള്‍ മൂലമാണെന്നോ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. കുട്ടികളില്‍ മസ്തിഷ്‌കവികാസത്തിന്റെ തകരാറുകൊണ്ട് (Neuro-Developmental diosrder) ഉണ്ടാകുന്ന ADHD (Attension Deficit Hyperactivity Diosrder)ആയോ പെരുമാറ്റവൈകല്യമായോ ഇതു തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പലപ്പോഴും കുട്ടികള്‍ക്ക് അവരുടെ മനസ്സില്‍ രൂപമെടുക്കുന്ന സ്ഥിരമായ സങ്കടഭാവത്തെ പ്രകടിപ്പിക്കാനോ ജീവിതാനുഭവങ്ങളുമായി ഉള്‍ച്ചേര്‍ക്കാനോ സാധിച്ചെന്നുവരില്ല. അതിനാലാണ് കടുത്ത ദേഷ്യവും നിര്‍ബ്ബന്ധബുദ്ധിയുമായി അതു പുറത്തുവരുന്നത്. ഈ സ്ഥിരമായ സങ്കടഭാവം രണ്ടാഴ്ചയെങ്കിലും തുടര്‍ച്ചയായി നിലനില്‍ക്കുമ്പോഴാണ് ഇത് വിഷാദരോഗത്തിന്റെ ലക്ഷണമായി കണക്കാക്കുന്നത്.  
ജീവിതത്തിന്റെ സന്തോഷങ്ങള്‍ അനുഭവിക്കാനുള്ള ശേഷി നഷ്ടമാകുകയാണ് വിഷാദരോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണം. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍ അനുഭവിക്കുമ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. എന്നാല്‍, വിഷാദരോഗം ബാധിക്കുമ്പോള്‍ ആനന്ദമനുഭവിക്കാനുള്ള ശേഷിയും ജീവിതത്തെ മുന്നോട്ടു നയിക്കുന്ന പ്രത്യാശയും നഷ്ടപ്പെടുന്നു. സാങ്കേതിക ഭാഷയില്‍ ആന്‍ഹെഡോണിയ (Anhedonia) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കുട്ടികളിലേക്ക് ഇതു കടന്നുവരുമ്പോള്‍ പലപ്പോഴും അവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ള താല്പര്യം നഷ്ടപ്പെടും. മുന്‍പ് സന്തോഷത്തോടെ ചെയ്തിരുന്ന പല കാര്യങ്ങളും ചെയ്യാനായി കുട്ടികള്‍ വിമുഖത കാണിച്ചേക്കാം. കൂട്ടുകാരൊത്ത് കളിക്കുന്നതിനോ ടി.വി കാണുന്നതിനോ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബിയായ പക്ഷിത്തൂവലുകള്‍ ശേഖരിക്കാനോ തന്റെ കളറിംഗ് ബുക്കുകളിലെ ചിത്രങ്ങള്‍ക്കു നിറം കൊടുക്കാനോ വിഷാദരോഗം ബാധിച്ച ഒരു കുട്ടി ചിലപ്പോള്‍ താല്പര്യം കാണിച്ചെന്നുവരില്ല. 
വിശപ്പിലും ശരീരഭാരത്തിലുമുണ്ടാകുന്ന വ്യതിയാനങ്ങളാണ് കുട്ടികളിലെ വിഷാദരോഗത്തിന്റെ മറ്റൊരു ലക്ഷണം. ഒരു വിഭാഗം കുട്ടികളില്‍ വിശപ്പില്ലായ്മ (Anorexia) കണ്ടുവരുന്നു. നേരത്തെ ആസ്വദിച്ചു കഴിച്ച പല ആഹാരങ്ങളോടും ഇവര്‍ക്ക് താല്പര്യം കുറയുന്നു. ഇങ്ങനെ വിഷാദരോഗത്തിന്റെ ഭാഗമായി വിശപ്പു കുറയുന്ന കുട്ടികളില്‍ വളരെ പെട്ടെന്നുതന്നെ ശരീരഭാരത്തില്‍ വലിയ കുറവു സംഭവിക്കാറുണ്ട്. മുന്‍പുണ്ടായിരുന്ന ശരീരഭാരത്തിന്റെ അഞ്ചു ശതമാനത്തില്‍ കൂടുതല്‍ ഒരു മാസം കൊണ്ടുതന്നെ നഷ്ടമാകുന്നു. എന്നാല്‍, വിഷാദരോഗം ബാധിച്ച മറ്റൊരു വിഭാഗം കുട്ടികളില്‍ നേര്‍വിപരീതമായാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. അമിതവിശപ്പാണ് അവരുടെ പ്രശ്നം. മാനസിക പിരിമുറുക്കം മറികടക്കാനായി അമിതമായി ഭക്ഷണം കഴിക്കുന്ന ഇവര്‍ ഐസ്‌ക്രീം, കേക്ക്, മധുരപലഹാരങ്ങള്‍ എന്നിവയോടൊക്കെ താല്പര്യം കാണിച്ചേക്കാം. വിശപ്പില്ലെങ്കില്‍പോലും ഈ മധുരപലഹാരഭോജ്യം അവരെ വല്ലാതെ തൃപ്തിപ്പെടുത്തും. 'ഇമോഷണല്‍ ഈറ്റിംഗ്' (Emotional Eating) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഈ ലക്ഷണം കാണിക്കുന്ന കുട്ടികള്‍ക്കു വിഷാദരോഗത്തോടനുബന്ധിച്ച് ശരീരഭാരം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. 


ഉറക്കത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട അടുത്ത ലക്ഷണം. ചില കുട്ടികളില്‍ വിഷാദരോഗത്തിന്റെ ഭാഗമായി ഉറക്കക്കുറവ് (Inosmnia) കണ്ടുവരുന്നു. കൂടുതല്‍ സമയം ബെഡില്‍ ചെലവഴിച്ചാലും ഇവര്‍ക്ക് നന്നായുറങ്ങി എന്ന തോന്നലും സംതൃപ്തിയും ഉണ്ടാവാറില്ല. സാധാരണ ഉണ്ടാകുന്ന സമയത്തേക്കാള്‍ രണ്ടു മണിക്കൂറെങ്കിലും നേരത്തേത്തന്നെ പല കുട്ടികളും ഉറക്കംവിട്ടെഴുന്നേല്‍ക്കാം. ടെര്‍മിനല്‍ ഇന്‍സോമ്നിയ (Terminal Inosmnia) അഥവാ അന്ത്യനിദ്രാവിഹീനത എന്ന പ്രതിഭാസമാണിത്. എന്നാല്‍, വിഷാദരോഗം ബാധിച്ച ചില കുട്ടികളില്‍ അമിത ഉറക്കം (Hyperosmnia) കണ്ടുവരുന്നു. പലപ്പോഴും വിഷാദരോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ പകല്‍സമയത്തുവരെ ഇവര്‍ കിടന്നുറങ്ങിയേക്കാം. ഹോംവര്‍ക്കുകളില്‍നിന്നും ക്ലാസ്സ് പരീക്ഷകളില്‍നിന്നും ഒളിച്ചോടാനുള്ള ഒരു ഉപാധിയായി ഈ ഉറക്കം മാറ്റുന്നു. പ്രതിസന്ധികളെ തരണം ചെയ്യേണ്ട സാഹചര്യങ്ങളോ അല്ലെങ്കില്‍ ആസന്നമായ ഉത്തരവാദിത്വങ്ങള്‍ പ്രതീക്ഷിക്കപ്പെടുമ്പോഴോ ഇവര്‍ അമിതമായി ഉറങ്ങാനുള്ള പ്രവണത കാണിക്കും. 
കുട്ടികളിലെ വിഷാദരോഗത്തിന്റെ മറ്റൊരു ലക്ഷണമാണ് നിഷ്‌ക്രിയാവസ്ഥ (Psycho Motor Retardation).  ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ ഗതിവേഗം വളരെ സാവധാനമാകും. പ്രഭാതകര്‍മ്മങ്ങള്‍  ചെയ്യുമ്പോഴും പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോഴും ഈ 'മെല്ലെപ്പോക്ക്' പ്രകടമാകാം. എന്നാല്‍, ഒരു വിഭാഗം കുട്ടികളില്‍ ഒരുതരം അകാരണമായ വെപ്രാളമാണ് (Psychomotor Agitation) പ്രകടമാവുന്നത്. ഒരിടത്ത് അടങ്ങിയിരിക്കാതെ ഇവര്‍ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും തിക്കിത്തിരക്കി ലക്ഷ്യബോധമില്ലാതെ സംസാരിക്കുകയും കൈകാലുകള്‍ ഇളക്കിക്കൊണ്ടിരിക്കുകയും ചെയ്തേക്കാം. കുട്ടികളില്‍ കാണപ്പെടുന്ന അമിതകുസൃതിയാണിതെന്ന് മാതാപിതാക്കളും അദ്ധ്യാപകരും തെറ്റിദ്ധരിക്കാനിടയുണ്ട്. 


വിഷാദരോഗമുള്ള കുട്ടികളില്‍ പലപ്പോഴും അമിതക്ഷീണം (Anergia) പ്രകടമായേക്കാം. പഠിക്കാനായി പുസ്തകങ്ങള്‍ക്കു മുന്നിലിരുന്ന കുട്ടി ക്ഷീണമാണെന്നു പറഞ്ഞ് കിടക്കണമെന്നോ തലവേദനയെടുക്കുന്നതുകൊണ്ട് വായിക്കാന്‍ കഴിയുന്നില്ലെന്നോ പറഞ്ഞേക്കാം. കളിക്കുമ്പോഴും പഠിക്കുമ്പോഴും വളരെ പെട്ടെന്ന് ക്ഷീണിതരാകുന്ന ഇവര്‍ ദീര്‍ഘനേരം ഉറങ്ങാതെ കട്ടിലില്‍ കിടക്കാനുള്ള പ്രവണതയും കാണിക്കുന്നു. കടുത്ത കുറ്റബോധവും നിരാശാബോധവും വിഷാദരോഗം ബാധിച്ച കുട്ടികളെ വേട്ടയാടാറുണ്ട്. താന്‍ ലോകത്തിനു ഭാരമാണെന്നും പ്രയോജനരഹിതനാണെന്നും മാതാപിതാക്കളും കൂട്ടുകാരും തന്നെ അവഗണിക്കുകയാണെന്നും വിഷാദരോഗം ബാധിച്ച ഒരു കുട്ടി കരുതിത്തുടങ്ങുന്നു. നിഷേധാത്മകമായ ചിന്തകളും കടുത്ത നിരാശയും മനസ്സിലേക്ക് അലയടിച്ചെത്തുന്നു. താന്‍ തെറ്റുകാരനും പാപിയുമാണെന്ന ചിന്ത വിഷാദം ബാധിച്ച കൗമാരപ്രായക്കാരില്‍ സാധാരണമാണ്. കൂട്ടുകാരോട് നിസ്സാരകാര്യത്തിന് വഴക്കിട്ടതോ മാതാപിതാക്കളെ അനുസരിക്കാന്‍ വിമുഖത കാണിച്ചതോ പഠനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതോ ഒക്കെ ഇവരില്‍ കുറ്റബോധം നിറയ്ക്കും. 


വിഷാദരോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഈ കുറ്റബോധവും നിരാശാബോധവും സ്വയം വരിച്ച ഏകാന്തതയും നിഷേധാത്മക ചിന്തകളുമെല്ലാം മരണചിന്തകള്‍ക്കും ആത്മഹത്യാപ്രവണതയ്ക്കും വഴിമാറിയേക്കാം. വിഷാദരോഗത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണ് ആത്മഹത്യാപ്രവണത. സ്വയം മുറിവേല്പിക്കാനും ജീവിതം അവസാനിപ്പിക്കാനും ചിലപ്പോള്‍ കുട്ടികള്‍ ശ്രമിച്ചേക്കാം. കടുത്ത വിഷാദരോഗം ബാധിച്ച കുട്ടിയോട് ഇപ്പോള്‍ ടി.വി കാണണ്ട എന്നോ മൊബൈല്‍ ഫോണില്‍ കളിക്കേണ്ട എന്നോ ഒന്നു കടുപ്പിച്ചു പറഞ്ഞാല്‍പ്പോലും അവര്‍ വിഷമം താങ്ങാനാകാതെ ആത്മഹത്യയിലേക്ക് എടുത്തു ചാടിയേക്കാം. വിഷാദം ചില കുട്ടികളിലെങ്കിലും പ്രകടമാകുന്നത് ശാരീരിക രോഗലക്ഷണങ്ങളായിട്ടാണ്. ഛര്‍ദ്ദി, വിട്ടുമാറാത്ത തലവേദന, നെഞ്ചുവേദന, ശ്വാസംമുട്ടല്‍ എന്നു തുടങ്ങി വിചിത്രമായ രോഗലക്ഷണങ്ങള്‍വരെ കുട്ടികള്‍ പ്രകടിപ്പിച്ചേക്കാം. പലപ്പോഴും വിഷാദരോഗം തിരിച്ചറിയാതെ ശാരീരിക രോഗലക്ഷണങ്ങള്‍ക്ക് ലബോറട്ടറി പരിശോധനകളും സ്‌കാനിങ്ങും ഔഷധചികിത്സകളുമടക്കം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍, പരിശോധനകളില്‍ കാര്യമായ തകരാറുകള്‍ കാണപ്പെടാറില്ല. രോഗലക്ഷണങ്ങള്‍ ശമിക്കാനുള്ള മരുന്നുകള്‍ ഈ കുട്ടികളില്‍ കാര്യമായ യാതൊരു ഫലവും ഉളവാക്കാറില്ല. പല ഡോക്ടര്‍മാരേയും മാറിമാറിക്കാണിച്ച് അവസാനമായിരിക്കും കുട്ടികളെ സൈക്യാട്രിസ്റ്റിന്റെയടുത്ത് കൊണ്ടുവരുന്നത്. ഇതു രോഗനിര്‍ണ്ണയത്തേയും ചികിത്സയേയും താമസിപ്പിക്കും. വിഷാദരോഗത്തോടനുബന്ധിച്ചു കാണപ്പെടുന്ന ശാരീരിക രോഗലക്ഷണങ്ങളെ സൊമറ്റൈസേഷന്‍ (Somatization) എന്നാണു വിളിക്കുന്നത്. 


വിഷാദരോഗം ഒരു ഘട്ടം കഴിയുമ്പോള്‍ ഗുരുതര മനോരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. ചിത്തഭ്രമം അഥവാ സൈക്കോസിസ് (Psychosis) എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. ഡെല്യൂഷന്‍സ് (Delusions) അഥവാ മിഥ്യാധരണകളും ഹാല്യൂസി നേഷന്‍സ് അഥവാ മിഥ്യാനുഭവങ്ങളും സൈക്കോസിസിന്റെ ലക്ഷണങ്ങളാണ്. തീവ്രവിഷാദം ബാധിച്ച കുട്ടികള്‍ക്കു കാതില്‍ അശരീരി കേള്‍ക്കുന്നതായി തോന്നാം. 'ഓഡിറ്ററി ഹാല്യൂസിനേഷന്‍സ്' എന്ന അശരീരികള്‍ ചീത്തവാക്കുകളായും ആത്മഹത്യാപ്രേരണകളായും കുട്ടികളുടെ കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കും. തങ്ങളെ ആക്രമിക്കാനും അപകടപ്പെടുത്താനും ചില ശക്തികള്‍ ശ്രമിക്കുന്നുവെന്നും ആരൊക്കെയോ തങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നുവെന്നും കുട്ടികള്‍ വിശ്വസിച്ചുതുടങ്ങുന്നു. മിഥ്യാധാരണ(Delusions)കളാണിത്. ചിത്തഭ്രമം ബാധിക്കുന്നതോടെ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തുനിന്ന് അകന്നുപോകുന്ന കുട്ടികള്‍ അപൂര്‍വ്വമായി ആത്മഹത്യയില്‍ അഭയം കണ്ടെത്താറുണ്ട്. 
ലോകരോഗ്യസംഘടനയുടെ നിര്‍വ്വചനമനുസരിച്ച് 10 വയസ്സു മുതല്‍ 19 വയസ്സുവരെയുള്ള വളര്‍ച്ചാ-വികാസ ഘട്ടമാണ് കൗമാരമായി കണക്കാക്കുന്നത്. ബാല്യത്തിനും യൗവ്വനത്തിനും മധ്യേയുള്ള ശാരീരികവും മാനസികവും ലൈംഗികവുമായ സങ്കീര്‍ണ്ണ പരിവര്‍ത്തന ഘട്ടമാണ് കൗമാരം. വേഗത്തിലുള്ള ശാരീരിക വളര്‍ച്ച, ആര്‍ത്തവം, ലൈംഗികാവയങ്ങളുടെ പെട്ടെന്നുള്ള വളര്‍ച്ചയും വികാസവും, ഹോര്‍മോണുകളുടെ വര്‍ദ്ധനവ്, കൂട്ടുകാരുടെ സ്വാധീനം, പക്വതയില്ലായ്മ, ചുറ്റുപാടുകളുടെ സംഘര്‍ഷം, എതിര്‍ലിംഗത്തോടോ ചിലരില്‍ സ്വലിംഗത്തോടോ തോന്നുന്ന ആകര്‍ഷണം, സ്വത്വപ്രതിസന്ധികള്‍ ഇങ്ങനെ നിരവധി ഘടകങ്ങള്‍ കൗമാര കാലഘട്ടത്തില്‍ വ്യക്തിയുടെ വളര്‍ച്ചയേയും ശാരീരിക-മാനസിക വികാസത്തേയും നിര്‍ണ്ണയിക്കുന്നു.

 
കൗമാരകാലത്തെ സംഘര്‍ഷഭരിതമാക്കുന്ന ഒന്നാണ് വിഷാദരോഗം. അമിത കോപമായും കടുത്ത ബോറടിയായുമൊക്കെയാണ്  വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കൗമാരപ്രായക്കാര്‍ പ്രകടിപ്പിക്കുന്നത്. ചെറിയ കാര്യങ്ങള്‍ക്കു പൊട്ടിത്തെറിക്കുന്ന ഇവര്‍ക്ക് ജീവിതം മടുപ്പുനിറഞ്ഞതാണെന്നു തോന്നിത്തുടങ്ങും. ചെയ്യുന്ന പ്രവൃത്തികളില്‍ ശ്രദ്ധയും ഏകാഗ്രതയും നിലനിര്‍ത്താന്‍ കഴിയാതെ, ഒന്നും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ, ജീവിതത്തോട് താല്പര്യം നഷ്ടപ്പെട്ട് ഇവര്‍ വിഷാദരോഗത്തിന്റെ പിടിയിലമരുന്നു. 
ലാപ്ടോപ്പ്, കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ എന്നിവയുടെ അമിത ഉപയോഗം വിഷാദരോഗം ബാധിച്ച കൗമാരക്കാരില്‍ വ്യാപകമായി കണ്ടുവരുന്നു. മനസ്സിന്റെ വിഷാദവും പിരിമുറുക്കവും അകറ്റാനായി സോഷ്യല്‍ മീഡിയയിലും പോണ്‍സൈറ്റുകളിലും ഏറെ സമയം ചെലവഴിക്കുന്ന ഇവരില്‍ പലര്‍ക്കും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം മദ്യാസക്തിപോലെ ഒരടിമത്തമായിത്തീരുന്നു. ബിഹേവിയറല്‍ അഡിക്ഷന്‍ എന്നാണ് ഇതറിയപ്പെടുന്നത്. ഫോണിന്റെ ഉപയോഗം കുറയ്ക്കണമെന്നു പറയുന്ന മാതാപിതാക്കളോട് കഠിനമായ ദേഷ്യവും അസഹിഷ്ണുതയും പ്രകടിപ്പിക്കുന്ന ഇവര്‍ സ്മാര്‍ട്ട്ഫോണ്‍ നല്‍കിയില്ല എന്ന കാരണംകൊണ്ട് ആത്മഹത്യാ പ്രവണതയും കാണിച്ചേക്കാം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്‌ക്രീനില്‍നിന്നു പ്രസരിക്കുന്ന ധവളപ്രകാശം തലച്ചോറിലെ പീനിയന്‍ ഗ്രന്ഥിയില്‍നിന്ന് മെലാറ്റോണിന്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനത്തെ തടയുന്നതു മൂലം  ഉണ്ടാകുന്ന ഉറക്കക്കുറവും ഇവരിലെ വിഷാദത്തെ സങ്കീര്‍ണ്ണമാക്കുന്നു. 
ലഹരിവസ്തുക്കളുടെ ഉപയോഗമാണ് കൗമാരവിഷാദത്തിന്റെ മറ്റൊരു സുപ്രധാന ഘടകം. ജീവിതത്തോടുള്ള താല്പര്യമില്ലായ്മയില്‍നിന്നും വിഷാദഭാവത്തില്‍നിന്നും താല്‍ക്കാലിക മോചനത്തിനായി കുട്ടികള്‍ മദ്യം, പുകയില, കഞ്ചാവ്, പാന്‍മസാലകള്‍ എന്നീ ലഹരിവസ്തുക്കളിലേക്കു തിരിയാം. നൂതനമായ അനുഭവങ്ങളുടെ പിന്നാലെ കുതിച്ചോടാനുള്ള കൗതുകം നിറച്ചുവെച്ച ഒന്നാണ് കൗമാരമനസ്സ്. മസ്തിഷ്‌കഭാഗമായ പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്സിന്റെ (Prefrotal Cortex) വികാസം പൂര്‍ണ്ണമല്ലാത്തതിനാല്‍ യുക്തിഭദ്രമായ തീരുമാനങ്ങള്‍ക്കു പകരം എടുത്തുചാട്ടവും കൗതുകങ്ങള്‍ക്കു പിന്നാലെ പോകാനുള്ള ത്വരയുമാണ്  കൗമാരപ്രായക്കാരില്‍ കാണപ്പെടുന്നത്. ലഹരിയിലേക്ക് അവര്‍ വേഗം ആകര്‍ഷിക്കപ്പെടാം. വിഷാദരോഗമില്ലാത്തവര്‍ക്കും അമിതമായ ലഹരി ഉപയോഗത്തിന്റെ ഫലമായി വിഷാദരോഗം വരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൗമാരപ്രായക്കാരില്‍ വിഷാദത്തോടനുബന്ധിച്ചുള്ള ആത്മഹത്യാനിരക്കും കൂടുതലാണ്. 

വിഷാദത്തിന്റെ 
കാരണങ്ങള്‍
 

വിഷാദരോഗ കാരണങ്ങളെ ജീവശാസ്ത്രപരം (Biological), മനശാസ്ത്രപരം (Psychological), സാമൂഹികം (Social) എന്നിങ്ങനെ  വര്‍ഗ്ഗീകരിക്കാം. ജനിതകപരമായി (Genitically) വിഷാദം വരാനുള്ള സാധ്യതയോടെയാണ് നമ്മുടെ കുട്ടികളില്‍ പലരും ജനിക്കുന്നത്. പാരിസ്ഥിതിക ഘടകങ്ങളുടെ സ്വാധീനം കൂടിയാകുമ്പോള്‍ ജീനുകളില്‍ ഉറങ്ങിക്കിടക്കുന്ന രോഗകാരണമായ ജനിതകപ്രവണത രോഗമായി പരിണമിക്കുന്നു. 
ജൈവരാസ തന്മാത്രകളിലെ വ്യതിയാനം: മസ്തിഷ്‌കം നിര്‍മ്മിതമായിരിക്കുന്നത് കോടാനുകോടി നാഡീകോശങ്ങള്‍ കൊണ്ടാണ്. ഈ മസ്തിഷ്‌ക കോശങ്ങളുടെ ഇടയില്‍ സന്ദേശവാഹകരായി പ്രവര്‍ത്തിക്കുന്ന സെറാട്ടോനിന്‍ (Seratonine), ഡോപ്പമിന്‍ (Dopamine), നോര്‍-അഡ്രിനാലിന്‍ (Nor-Adrenalin) എന്നീ രാസതന്മാത്രകളുടെ (Neurotransmitters) തകരാറുകള്‍ വിഷാദരോഗത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 
ഹോര്‍മോണുകളുടെ വ്യതിയാനം: തൈറോയിഡ് ഹോര്‍മോണ്‍ (Thyroid Hormone), കോര്‍ട്ടിസോള്‍ (Cortiosl), പ്രോലാക്ടിന്‍ (Prolactin), ഗ്രോത്ത് ഹോര്‍മോണ്‍ (Growth Hormone) എന്നീ ഹോര്‍മോണുകളുടെ വ്യത്യാസങ്ങളും വിഷാദരോഗവുമായുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒരു കണ്ടെത്തലായിരുന്നു സെറാട്ടോമിന്‍ ട്രാന്‍പോര്‍ട്ടര്‍ ജീനിലെ (Seratonin Transporter Gene) തകരാറുകള്‍. 5HTTLPR (Seratonin Transporter Linked Polymorphic Region) എന്നറിയപ്പെടുന്ന ഈ ജീനിലെ ഒരു ഭാഗത്തു സംഭവിക്കുന്ന ജനിതക മാറ്റത്തെക്കുറിച്ചുള്ള പഠനം വലിയൊരു കണ്ടെത്തലിനാണ് വഴിതുറന്നത്. സെറാട്ടോണിന്‍ (Seratonin) എന്ന രാസതന്മാത്രയെ ന്യൂറോണുകളുടെ ഇടയില്‍നിന്ന് കോശങ്ങളിലേക്ക് തിരിച്ചെത്തിക്കുന്ന പ്രക്രിയ ഈ ജനിതക തകരാറ് ഉള്ളവരില്‍ കാര്യക്ഷമമായി നടക്കുന്നില്ല. ഇവര്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടായാല്‍ ഹിപ്പോക്യാമ്പസ് (Hippocampus) എന്ന മസ്തിഷ്‌കഭാഗം ചുരുങ്ങുകയും വിഷാദരോഗം മറനീക്കി പുറത്തുവരുകയും ചെയ്യും. ഈ ജനിതകമാറ്റം പേറുന്ന കുട്ടികളില്‍ ചെറിയ മാനസിക സംഘര്‍ഷങ്ങള്‍പോലും വിഷാദരോഗത്തിലേക്കു വഴിതുറക്കും.

ന്യൂറോട്രോപ്പിന്‍ പരികല്പന 

മസ്തിഷ്‌കത്തിലെ  പുതിയ ന്യൂറോണ്‍ കോശങ്ങളുടെ രൂപപ്പെടലിനേയും (Neurogenesis) നിലവിലുള്ള കോശങ്ങളുടെ തകരാറുകള്‍ നീക്കുന്നതിനും സഹായിക്കുന്ന ചില പ്രോട്ടീനുകള്‍ മനുഷ്യമസ്തിഷ്‌കത്തിലുണ്ട്. മസ്തിഷ്‌ക കോശങ്ങളുടെ നിലനില്‍പ്പിനും  വികാസത്തിനും രൂപപ്പെടലിനും സഹായിക്കുന്ന ഈ പ്രോട്ടീനുകളെ  ന്യൂറോട്രോപ്പിനുകള്‍ (Neurotrophins) എന്നു വിളിക്കുന്നു. ഇതില്‍ സുപ്രാധാനമായ ഒരു ന്യൂറോട്രാപ്പിനാണ് BDNF (Brain Derived Neurotrophic Factor) 11-ാമത്തെ ക്രോമസോമിലുള്ള bdnf  ജീനാണ് ഈ പ്രോട്ടീനെ നിര്‍മ്മിക്കുന്നത്. ശാരീരിക മാനസിക ഘടകങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷവും (stress) മറ്റ് പാരിസ്ഥിതിക ഘടകങ്ങളും ഈ ജീനിനെ സ്വാധീനിച്ച് BDNF-ന്റെ ഉല്പാദനം കുറയ്ക്കുന്നു. ഇത് മസ്തിഷ്‌കത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളേയും  പുതിയ ന്യൂറോണുകളുടെ രൂപപ്പെടലിനേയും പ്രതികൂലമായി സ്വാധീനിക്കുന്നു. വിഷാദവും ആത്മഹത്യാപ്രവണതയും കാണിക്കുന്നവരില്‍ BDNF-ന്റെ രക്തത്തിലുള്ള അളവ് ആരോഗ്യമുള്ളവരേക്കാള്‍ കുറവാണെന്നു പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വിഷാദവിരുദ്ധ ഔഷധങ്ങള്‍ (Antidepressants) BDNF-ന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സാമൂഹിക കാരണങ്ങള്‍

മാതാപിതാക്കള്‍ തമ്മിലുള്ള നിരന്തര വഴക്കുകളും സംഘര്‍ഷം നിറഞ്ഞ കുടുംബാന്തരീക്ഷവും.
രക്ഷിതാക്കളുടെ വിവാഹബാഹ്യബന്ധങ്ങള്‍.
കുട്ടികളില്‍ കാണപ്പെടുന്ന സാമൂഹികവിരുദ്ധ സ്വഭാവം. 
അടുത്ത ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ പെട്ടെന്നുള്ള മരണം.
സാമ്പത്തിക പിന്നോക്കാവസ്ഥ.
ലഹരിവസ്തുക്കളുടെ ഉപയോഗം.
ഗുരുതരമായ ശാരീരിക രോഗങ്ങള്‍.
കായികവിനോദങ്ങളുടെ അഭാവം. 
ശാരീരികമായി നേരിടേണ്ടിവരുന്ന ഉപദ്രവങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, സ്നേഹവും പരിചരണവും നിഷേധിക്കപ്പെടുന്ന അവസ്ഥ.
മേല്‍വിവരിച്ച കാരണങ്ങളൊക്കെ കുട്ടികളിലെ വിഷാദരോഗ സാധ്യത വര്‍ദ്ധിപ്പിക്കും. സാമൂഹികവും മന:ശാസ്ത്രപരവുമായ കാരണങ്ങള്‍ വിഷാദരോഗം വരാന്‍ ജനിതകമായ സാധ്യതയുളള കുട്ടികളില്‍ രോഗകാരണമായിത്തീരുന്നു എന്നു പറയാം. 

കൊറോണക്കാലവും 
വിഷാദവും

കൊവിഡ്-19 മഹാമാരി ലോകവ്യാപകമായി ജനജീവിതത്തെ നിശ്ചലമാക്കിയ ഒരു കാലഘട്ടമാണ് കഴിഞ്ഞുപോയത്. രോഗഭീതിയും അതേത്തുടര്‍ന്നു സ്വീകരിക്കേണ്ടിവന്ന 'ലോക്ഡൗണ്‍' അടക്കമുള്ള നിയന്ത്രണങ്ങളും ജീവിതത്തെ മാത്രമല്ല, മനസ്സിനേയും ബാധിച്ചിരുന്നു. ഈ രോഗകാലം നമ്മുടെ കുട്ടികള്‍ക്കു പകര്‍ന്നുനല്‍കിയത് കടുത്ത മാനസിക സംഘര്‍ഷങ്ങളാണ്. 
സ്‌കൂളുകള്‍ അടച്ചുപൂട്ടപ്പെട്ടിരുന്ന കാലം. വിദ്യാഭ്യാസം ഡിജിറ്റല്‍ മീഡിയയിലൂടെ മാത്രമായി പരിമിതപ്പെട്ട കാലം. കളിക്കളങ്ങളിലെ ആരവമൊഴിഞ്ഞു. കൂട്ടുകാര്‍  ആരും ചുറ്റുമില്ല. കൊവിഡ് മഹാമാരിയുടെ നീണ്ടകാലത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ നമ്മുടെ കുട്ടികള്‍ വീടുകളില്‍ ഇരിക്കാന്‍ നിര്‍ബ്ബന്ധിതരായി. മാതാപിതാക്കളുടെ രോഗകാല ആകുലതകളും സാമ്പത്തിക ഞെരുക്കവും നേരിട്ടോ അല്ലാതേയോ കുട്ടികളിലേക്കും കടന്നുവന്നു. ഇവയെല്ലാം കുട്ടി മനസ്സുകളെ സമാനതകളില്ലാത്ത സംഘര്‍ഷങ്ങളിലേക്കാണ് തള്ളിവിട്ടത്. 
കായികവിനോദങ്ങളില്‍ ഏര്‍പ്പെടാനുളള സാഹചര്യം കുറഞ്ഞതോടെ കുട്ടികളില്‍ അമിതവികൃതിയും ശ്രദ്ധക്കുറവും പ്രകടമായിരുന്നു. പുറത്തിറങ്ങാതെ വീട്ടില്‍ അടച്ചിരുന്നതുമൂലം സൂര്യപ്രകാശം ഏല്‍ക്കാനുള്ള സാധ്യത കുറയുകയും ഇതുമൂലമുണ്ടായ വൈറ്റമിന്‍ ഡി(Vitamin-D)യുടെ അഭാവം മാനസികപ്രശ്നങ്ങള്‍ക്കും ഉറക്കരോഗങ്ങള്‍ക്കും ഓര്‍മ്മക്കുറവിനും കാരണമായ സംഭവങ്ങള്‍ കൊറോണക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  
വിദ്യാഭ്യാസം ഡിജിറ്റല്‍ മീഡിയയിലൂടെ മാത്രമായപ്പോള്‍ ഈ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് കടുത്ത മാനസിക സംഘര്‍ഷമാണ് അനുഭവിക്കേണ്ടിവന്നത്. തങ്ങളുടെ പഠനം മുടങ്ങിപ്പോകുമോ എന്നവര്‍ ഭയപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകളിലിരിക്കുകയാണെന്ന വ്യാജേന ചില കുട്ടികളെങ്കിലും മൊബൈലിലും മറ്റു ഡിജിറ്റല്‍ ഗാഡ്ജെറ്റുകളിലും   ഗെയിം കളിക്കുകയും അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇത് ക്രമേണ ഇന്റര്‍നെറ്റ് അടിമത്ത്വം (Internet addiction) പോലുള്ള പ്രശ്നങ്ങളിലേക്കും ഉറക്കപ്രശ്നങ്ങളിലേക്കും തദ്വാരാ വിഷാദരോഗത്തിലേക്കും വഴിതെളിച്ചു. 
കൊവിഡ് ബാധിച്ച കുട്ടികളില്‍ രോഗശമനത്തിനുശേഷം വിഷാദരോഗവും അമിത ഉല്‍ക്കണ്ഠാരോഗവും ലോകവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊവിഡ് അണുബാധ വലിയൊരു  വിഭാഗം കുട്ടികളില്‍ വിഷാദരോഗത്തിനു നിദാനമായ ജനിതകപ്രവണതയെ വിഷാദരോഗത്തിലേക്ക് പരിണമിപ്പിച്ച പാരിസ്ഥിതിക ഘടകമായി പ്രവര്‍ത്തിച്ചു. 

എങ്ങനെ നേരിടാം, ചികിത്സാമാര്‍ഗ്ഗങ്ങള്‍

കൃത്യമായ ഔഷധചികിത്സയും സൈക്കോതെറാപ്പിയും മന:ശാസ്ത്രപരവും സാമൂഹികവുമായ മുന്‍കരുതലുകളുംകൊണ്ട് വിഷാദരോഗത്തെ ഫലപ്രദമായി നേരിടാം. 

ഔഷധചികിത്സ
തലച്ചോറിലെ സെറാട്ടോണിന്‍ എന്ന രാസതന്മാത്രയുടെ അളവ് ക്രമപ്പെടുത്തുന്ന SSRI (Selective Serotonine Reuptake Inhibitors) വിഭാഗത്തിലുള്ള മരുന്നുകളാണ് കുട്ടികളുടെ വിഷാദരോഗത്തിനു വ്യാപകമായി ഉപയോഗിക്കുന്നത്. കാര്യമായ പാര്‍ശ്വഫലങ്ങളില്ലാത്ത സുരക്ഷിതമായ മരുന്നുകളാണ് ഇവ. സെര്‍ട്രാലിന്‍ (Sertraline), ഫ്‌ലുവോക്സെറ്റിന്‍ (Fluoxetine), എസിറ്റാലോപ്രാം (Escitalopram) എന്നീ മരുന്നുകള്‍ കുട്ടികളില്‍ ഉപയോഗിച്ചു വരുന്നു.  

മന:ശാസ്ത്ര ചികിത്സകള്‍
കുട്ടികളിലെ വിഷാദരോഗത്തിനു ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മന:ശാസ്ത്ര ചികിത്സയാണ് കൊഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി (Cognitive Behavioral Therapy) CBT എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെടുന്നത്. വികലമായ ചിന്തകളേയും അതിനോടുള്ള കുട്ടികളുടെ പ്രതികരണങ്ങളേയും മാറ്റിമറിക്കുകയും നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുക വഴിയായി കുട്ടികളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുകയാണ് ഈ ചികിത്സാരീതിയിലൂടെ ചെയ്യുന്നത്. കൗമാരപ്രായക്കാരില്‍ ഇതു വളരെ പ്രയോജനം ചെയ്യും.  സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളില്‍ വളരെ പ്രയോജനം ചെയ്യുന്ന മറ്റൊരു ചികിത്സാരീതിയാണ് IPT അഥവാ ഇന്റര്‍പേഴ്സണല്‍ സൈക്കോതെറാപ്പി (Interperosnal Psychotherapy). വര്‍ത്തമാനകാല  വ്യക്തിബന്ധങ്ങളുടെ വെളിച്ചത്തില്‍ അനുഭവങ്ങളും വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങളും എങ്ങനെയാണ് കുട്ടികളില്‍ വിഷാദം നിറയ്ക്കുന്നത് എന്നു പരിശോധിക്കുകയും മാതാപിതാക്കളും അദ്ധ്യാപകരുമായുള്ള കുട്ടികളുടെ വ്യക്തിബന്ധത്തിലെ വിള്ളലുകള്‍ കണ്ടെത്തി പരിഹരിക്കുക വഴിയായി വിഷാദത്തിനു കാരണമാക്കുന്ന സാമൂഹ്യസാഹചര്യങ്ങളെ തടയുകയും ചെയ്യുക എന്ന തത്വത്തിലാണ് IPT പ്രവര്‍ത്തിക്കുന്നത്. 
മൂന്ന് മുതല്‍ ഏഴ് വയസ്സുവരെയുള്ള കുട്ടികളില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു ചികിത്സാരീതിയാണ് പേരന്റ് - ചൈല്‍ഡ് ഇന്ററാക്ഷന്‍ തെറാപ്പി (Parent Child Interaction Therapy). മാതാപിതാക്കളുടേയും കുട്ടികളുടേയും പരസ്പര പെരുമാറ്റത്തില്‍ മാറ്റം വരുത്തുകയും ആരോഗ്യപരമായ കുടുംബാന്തരീക്ഷവും ആശയവിനിമയവും ഉറപ്പാക്കുകയും ചെയ്യുന്നതു കൂടാതെ, കുട്ടികളുടെ കളികളില്‍ മാതാപിതാക്കളെക്കൂടി പങ്കുചേര്‍ക്കുക വഴിയായി പരസ്പരബന്ധം ഊഷ്മളമാക്കുക കൂടി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചികിത്സാരീതി പ്രവര്‍ത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
 ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com