കേരളത്തിന്റെ കായികചരിത്രത്തിലെ മായാമുദ്ര: സന്തോഷ് ട്രോഫി സുവര്‍ണജൂബിലി

കേരളം എന്നും ചേര്‍ത്തുവെച്ച സന്തോഷം
കേരളത്തിന്റെ കായികചരിത്രത്തിലെ മായാമുദ്ര: സന്തോഷ് ട്രോഫി സുവര്‍ണജൂബിലി

ര്‍മ്മയില്ലേ, കേരള ഫുട്‌ബോളിന്റെ ആ സുവര്‍ണ്ണ നിമിഷം. എറണാകുളം മഹാരാജാസ് മൈതാനത്തെ ചൂളമരവും മുളയുംകൊണ്ടു തീര്‍ത്ത പതിന്നാല് തട്ടുകളുള്ള താല്‍ക്കാലിക ഗാലറി ആവേശത്തിമിര്‍പ്പില്‍ ആടിയുലയുകയായിരുന്നു. തോളുരുമ്മി, തോളുരുമ്മി അരലക്ഷത്തോളം കാണികള്‍. 1973 ഡിസംബര്‍ 27 സായംസന്ധ്യ. വിസ്‌ഫോടനത്തിന്റെ മഹാപ്രവാഹവും സംഹാരത്തിന്റെ അവസാന വാക്കുമായി കളിയില്‍ നിറഞ്ഞാടിയ നായകന്‍ ടി.കെ.എസ്. മണിയുടെ ഹാട്രിക്കില്‍ പ്രബലരായ റെയില്‍വേസിനെ കീഴക്കിയ കേരളത്തിനു ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അന്ന് ആദ്യ സന്തോഷമായി. പിന്നീട് ആറ് തവണ കൂടി ഫുട്‌ബോളിലെ ദേശീയ കിരീടമായ സന്തോഷ് ട്രോഫി കേരളം വെട്ടിപ്പിടിച്ചെങ്കിലും ഓരോ ചാമ്പ്യന്‍ഷിപ്പിന്റെ വരവിലും ആവര്‍ത്തിച്ചാഘോഷിക്കപ്പെടുന്ന ആ മഹത്തായ വിജയം ഒടുവില്‍ 2023 ഡിസംബര്‍ 27 ബുധനാഴ്ച സുവര്‍ണ്ണ ജൂബിലി നിറവിലെത്തി.
ഇന്ത്യന്‍ ഫുട്‌ബോളില്‍ കേരളത്തിന്റെ മേല്‍വിലാസം കാന്തികപ്രഭയോടെ എഴുതിച്ചേര്‍ത്ത '73-ലെ കന്നി വിജയം അനായാസമായിരുന്നില്ല. തഞ്ചാവൂരില്‍നിന്നു കൊച്ചിയിലേക്ക് കുടിയേറിയ ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജ് എന്ന പ്രഗല്‍ഭനായ പരിശീലകനും പ്രതിഭാസമ്പന്നരായ ഒരുപിടി കളിക്കാരുമുണ്ടായിരുന്നെങ്കിലും കടമ്പകള്‍ അനവധിയായിരുന്നു. കളത്തിനു പുറത്തെ ചില കളികള്‍ കൂടി ജയിച്ചാണ് സുന്ദര്‍രാജിന്റെ കുട്ടികള്‍ അന്ന് സിംഹാസനമേറിയത്.
കേരള ഫുട്‌ബോള്‍ ടീമിനെ ഇനിയും ദേശീയ വിജയങ്ങള്‍ തേടിയെത്തി എന്നിരിക്കാം. പക്ഷേ, അരനൂറ്റാണ്ടു മുന്‍പ്, പഴമയുടെ പച്ചപ്പട്ടണിഞ്ഞ മഹാരാജാസ് മൈതാനത്തും കണ്ണെത്തും ദൂരെ അറബിക്കടലിലും ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ച, ഒരു നാടിനെയാകെ ത്രസിപ്പിച്ച അതുപോലൊരു നിമിഷം കണ്ടുകിട്ടിയെന്നു വരില്ല. ആവേശത്തള്ളിച്ചയുടേയും ആഹ്ലാദപ്രകടനങ്ങളുടേയും ആനന്ദാശ്രുക്കളുടേയും അവിസ്മരണീയമായ രംഗങ്ങള്‍ക്കിടയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യന്‍ താരങ്ങളുടെ നിറസാന്നിധ്യമുണ്ടായിരുന്ന റെയില്‍വേസിനെ മറികടന്ന് സന്തോഷ് ട്രോഫിയില്‍ കന്നിമുത്തം ചാര്‍ത്തിയ കേരളത്തിനു രണ്ടുദിനം വൈകിയെത്തിയ ക്രിസ്തുമസ് സമ്മാനമായിരുന്നു അത്. അഥവാ ചരിത്രമായ നവവത്സര സമ്മാനം. സ്റ്റേഡിയത്തിലെ 44,000 വാട്ടിന്റെ വൈദ്യുതിവിളക്കുകളേക്കാള്‍ ഒരുപറ്റം യുവാക്കളുടെ മുഖങ്ങള്‍ പ്രശോഭിതമായി. അവിടെ അലയടിച്ച അഭിമാനവും ആഹ്ലാദവും കേരളക്കരയാകെ നിറഞ്ഞു.
ആദ്യ വിജയത്തിന്റെ അന്‍പതാം വാര്‍ഷികത്തിനു മൂന്നുനാള്‍ മുന്‍പ് വിടവാങ്ങിയ അന്നത്തെ ടീമിന്റെ വൈസ് ക്യാപ്റ്റനും 19 വര്‍ഷത്തിനുശേഷം 1992-ലും '93-ലും തുടര്‍ കിരീടങ്ങള്‍ നേടിയ ടീമുകളുടെ പരിശീലകനുമായ ടി.എ. ജാഫര്‍, കപ്പ് ഏറ്റുവാങ്ങിയ കണ്ണൂര്‍ താളിക്കാവ് ടി.കെ. സുബ്രഹ്മണ്യം എന്ന ക്യാപ്റ്റന്‍ മണി, എം.ഒ. ജോസ്, സി. ചേക്കു, എം.ആര്‍. ജോസഫ്, കലൈ പെരുമാള്‍, ടി.എ. ടൈറ്റസ് കുര്യന്‍, ബി. ദേവാനന്ദ്, കെ.വി. ഉസ്മാന്‍ കോയ, ജോണ്‍ ജെ. ജോണ്‍, കെ.പി. രത്‌നാകരന്‍ എന്നീ പതിനൊന്ന് കളിക്കാരും അസിസ്റ്റന്റ് കോച്ച് എ.വി. ദേവസിക്കുട്ടി, മാനേജര്‍ പി.പി. ജോസ്, അസിസ്റ്റന്റ് മാനേജര്‍ എം.എല്‍. ജോര്‍ജ്, അന്നത്തെ കെ.എഫ്.എ പ്രസിഡന്റ് ടി.ഒ. അബ്ദുള്ള എന്നിവരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും ഫുട്‌ബോള്‍ സ്‌നേഹികളുടെയെല്ലാം ഹൃദയത്തില്‍ അവര്‍ സിംഹാസനമേറി നില്‍ക്കുന്നു.
കേരളത്തിന്റെ കായികചരിത്രത്തില്‍ മായാമുദ്രിതമായി കിടക്കുന്ന ആ വിജയത്തിനു മതിയായ കാരണങ്ങളുണ്ടായിരുന്നു. കഴിവുറ്റ കളിക്കാരെ തെരഞ്ഞെടുത്ത്, നേരത്തെ പരിശീലനം നല്‍കിയപ്പോള്‍ അന്യാദൃശ്യമായ സംഘബലവും കേളീചാതുര്യവും കപ്പിലേക്കുള്ള വഴിയൊരുക്കി.

കര്‍ക്കശനായ പരിശീലകന്‍ 

പിടിവാശിക്കാരനും കര്‍ക്കശനുമായിരുന്നു പരിശീലകന്‍ സൈമണ്‍ സുന്ദര്‍രാജ്. കളിക്കുവേണ്ടി സമ്പൂര്‍ണ്ണമായും സമര്‍പ്പിച്ചവന്‍. അദ്ദേഹത്തിന്റെ പരിശീലനത്തില്‍ ഒരിക്കലെങ്കിലും കളിച്ചിട്ടുള്ളവര്‍ ആദരവോടുകൂടി മാത്രമേ ആ പേര് ഉച്ചരിച്ചു കണ്ടിട്ടുള്ളൂ. കാല്‍പ്പന്തുകളി പുതിയ സരണികളുടേയും കണ്ടുപിടുത്തങ്ങളുടേയും കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഇക്കാലത്തും അതീവ പ്രസക്തങ്ങളാണ് അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍.
കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ ആലുവായിലെ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ഉദയംകൊണ്ട ടീമുകള്‍ അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലും ഫുട്‌ബോളില്‍ ജ്വലിച്ചുനില്‍ക്കുകയുണ്ടായി. ഏലൂര്‍ ഫാക്ടും കളമശ്ശേരി പ്രീമിയര്‍ ടയേഴ്‌സുമാണ് ആ സ്ഥാപനങ്ങള്‍. മലയാളക്കരയുടെ ഫുട്‌ബോള്‍ പെരുമയ്ക്ക് പതിറ്റാണ്ടുകള്‍ പഴക്കമുണ്ടെങ്കിലും കൊച്ചിയില്‍നിന്ന് ഒരു ഫുട്‌ബോള്‍ സംഘം അറിയപ്പെട്ടു തുടങ്ങിയത് ഫാക്ടിലൂടെയാണ്. 1968-'74 കാലയളവില്‍ സഹ്യനുമപ്പുറം ഖ്യാതിപരത്തിയ ഫാക്ട് ഫുട്‌ബോള്‍ ടീമിന്റെ അണിയറയിലെ ആശാനായ സൈമണ്‍ സുന്ദര്‍രാജിനെ തിരുവനന്തപുരം ഏജീസ് ഓഫീസില്‍നിന്ന് ഫാക്ട് മുന്‍ ചെയര്‍മാന്‍ എം.കെ.കെ. നായര്‍ കണ്ടെത്തിയതാണ്. 1960-ലെ റോം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഏറ്റവും അവസാനത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായ സൈമണ്‍ സുന്ദര്‍രാജ് ഒരു കളിക്കാരനെന്നതിനേക്കാളും മികച്ച കണ്ടെത്തലുകാരനും പരിശീലകനുമെന്ന നിലയിലാണ് ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്.

സന്തോഷ് ട്രോഫിയുമായി കേരള ടീം
സന്തോഷ് ട്രോഫിയുമായി കേരള ടീം


സന്തോഷ് ട്രോഫി കളിച്ച് ദേശീയ ഫുട്‌ബോളില്‍ ഉയര്‍ന്നുവന്ന സൈമണ്‍ സുന്ദര്‍രാജ് 1959-ല്‍ ഒളിമ്പിക്‌സ് യോഗ്യതാമത്സരങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി നിര്‍ണ്ണായക ഗോളുകള്‍ നേടി. റോം ഒളിമ്പിക്‌സില്‍ ഹംഗറിയോട് തോറ്റ ഇന്ത്യ (2-1) ഫ്രാന്‍സിനെ പിടിച്ചുകെട്ടി (1-1). നിര്‍ണ്ണായക മത്സരത്തില്‍ പെറുവിനോട് തോറ്റെങ്കിലും (3-1) ഇന്ത്യയുടെ ഏക മറുപടിയും സുന്ദര്‍രാജിന്റേതായി. ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ഇന്ത്യയുടെ അവസാനത്തെ ഗോള്‍. ആറ് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും 1960-നുശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഒളിമ്പിക്‌സിനെത്തിയിട്ടില്ല.
കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ രണ്ടായി പിരിഞ്ഞ് തര്‍ക്കം മൂത്ത് കോടതിയില്‍ എത്തിനില്‍ക്കുന്ന സമയത്ത് '73-ലെ സന്തോഷ് ട്രോഫി മത്സരങ്ങള്‍പോലും കേരളത്തില്‍നിന്നു കെട്ടുകെട്ടുമെന്ന സ്ഥിതിയുണ്ടായിരുന്നു. ഈ അവസരത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ചീഫ് ജസ്റ്റിസ് പി. ഗോവിന്ദന്‍ നായരും ഹൈക്കോടതി നിയമിച്ച കമ്മിഷനായ കെ.പി. ദണ്ഡപാണിയുമാണ് രക്ഷയ്‌ക്കെത്തിയത്. അതുകൊണ്ടുതന്നെ, കേരളത്തെ പ്രഥമ സന്തോഷ് ട്രോഫി വിജയത്തിലേക്കെത്തിച്ചതിനു പരിശീലകന്‍ സൈമണ്‍ സുന്ദര്‍രാജ് നന്ദി പറയുന്നത് ഈ രണ്ടു പേരോടുമാണ്.
ഫാക്ടില്‍ കളിയും കോച്ചിങ്ങുമായി കഴിയാന്‍ സുന്ദര്‍രാജ് എടുത്ത തീരുമാനം മാറ്റിക്കാന്‍ ഗോവിന്ദന്‍ നായരുടേയും ദണ്ഡപാണിയുടേയും ഇടപെടലിലൂടെ കഴിഞ്ഞു. പത്രങ്ങളില്‍ പരസ്യം ചെയ്ത് എത്തിയ എല്ലാ കളിക്കാരേയും പങ്കെടുപ്പിച്ചായിരുന്നു സൈമണ്‍ സുന്ദര്‍രാജ്, ചട്ടവാസു, പേട്ട രവി, യു.പി. ജോണി, രാധാകൃഷ്ണന്‍ എന്നീ സെലക്ടര്‍മാരെ, പ്രീമിയര്‍ ടയേഴ്‌സിന്റേയും ഫാക്ടിന്റേയും മൈതാനങ്ങളില്‍ ട്രയല്‍സിലൂടെ കളിക്കാരെ തെരഞ്ഞെടുത്തത്. ഇതിനിടെ സുന്ദര്‍രാജിനെ മുഖ്യ പരിശീലകനായി ചുമതലപ്പെടുത്തിയിരുന്നു. 45 നാള്‍ നീണ്ട തീവ്ര പരിശീലനം.
'72-ലെ ഗോവ നാഷണല്‍സിലെ ടോപ് സ്‌കോററായിരുന്ന എന്‍.ജെ. ജോസിനെ ക്യാമ്പില്‍ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലി ചെറിയൊരു വിവാദവും ഇതിനിടെ ഉടലെടുത്തിരുന്നു. ക്യാമ്പില്‍ വൈകി എത്തിയതിനാല്‍ ജോസിനെ അച്ചടക്കത്തിന്റെ പേരില്‍ പരിശീലകന്‍ പുറത്താക്കിയിരുന്നു.
അപ്പോഴേയ്ക്കും നിയമയുദ്ധം കഴിഞ്ഞ് ടി.ഒ. അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള കെ.എഫ്.എ അംഗീകാരം നേടിയിരുന്നു. ടൂര്‍ണ്ണമെന്റ് തുടങ്ങുന്നതിനു മൂന്നു നാള്‍ മുന്‍പ് അവസാനവട്ട പരിശീലനത്തിനായി ടീം മഹാരാജാസ് ഗ്രൗണ്ടിലേക്ക് എത്തിയെങ്കിലും പരുക്കുകളുടെ പരമ്പര അവിടെ തുടങ്ങി.

1973ലെ ചാംപ്യന്‍ ടീം
1973ലെ ചാംപ്യന്‍ ടീം

പരുക്ക് വലച്ചു,
പകരക്കാര്‍ തിളങ്ങി
 

വലതു വിങ്ങില്‍ കളിക്കുന്ന ബ്ലാസി ജോര്‍ജിനായിരുന്നു ആദ്യം പരുക്കേറ്റത്. അദ്ദേഹം അന്ന് മികച്ച ഫോമിലായിരുന്നു. പകരം പുതുമുഖമായ ടൈറ്റാനിയത്തിന്റെ നജിമുദ്ദീനെ വലതു വിങ്ങിലിറക്കി. ആ തീരുമാനം പാളിയില്ല. ഡല്‍ഹിയുമായുള്ള ഉദ്ഘാടന മത്സരത്തില്‍ മറ്റൊരു ആഘാതം കൂടി കേരളത്തിനുണ്ടായി. ഇന്ത്യന്‍ താരമായ ഡോ. എം.ഐ. മുഹമ്മദ് ബഷീര്‍ കളി തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ പരുക്കേറ്റു പുറത്തായി. പകരം വീണ്ടും ഒരു പുതുമുഖമായ എം.ആര്‍. ജോസഫ് എത്തി. മത്സരഫലം സമനില (1-1) ആയിരുന്നു. അതോടെ ടീമിനെതിരെയും പരിശീലകനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. എന്നാല്‍, തുടര്‍ന്നുള്ള മത്സരങ്ങള്‍ വിമര്‍ശകര്‍ക്കുള്ള ചുട്ട മറുപടിയായി.
അടുത്ത മത്സരത്തില്‍ മണിപ്പൂരിനെ 3-1നു കീഴടക്കി ആദ്യ വിജയം കുറിച്ചെങ്കിലും ആ പോരാട്ടവും കേരളത്തിനു പരുക്ക് നല്‍കി. സ്റ്റോപ്പര്‍ ബാക്ക് സ്ഥാനത്ത് കളിച്ചിരുന്ന എം.ഒ. ജോസിനായിരുന്നു പരുക്കേറ്റത്. പകരമെത്തിയ ഉസ്മാന്‍ കോയ പുതുമുഖമായിരുന്നെങ്കിലും ഓരോ മത്സരം കഴിയുംതോറും കരുത്തുകാട്ടി.
ആദ്യ ഘട്ടത്തിലേക്ക് കടക്കാന്‍ കര്‍ണാടകയുമായി സമനിലയേ വേണ്ടിയിരുന്നുള്ളുവെങ്കിലും കേരളം ആ പോരാട്ടത്തില്‍ മികവിന്റെ പാതയിലെത്തി. എന്നാല്‍, കേരളത്തിനു അത് അല്പം പിരിമുറുക്കം ഉണ്ടാക്കുന്നതായിരുന്നു. അന്നുതന്നെ നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി മണിപ്പൂരിനു മേല്‍ വിജയം നേടുകയും കര്‍ണാടകം കേരളത്തെ തോല്പിക്കുകയും ചെയ്താല്‍ പണി പാളുമായിരുന്നു. ആതിഥേയര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുമായിരുന്നു. എന്നാല്‍, ഡല്‍ഹി-മണിപ്പൂര്‍ പോര് സമനിലയിലായി. മിന്നുന്ന ഫോമില്‍ കളിച്ച കേരളമാകട്ടെ, ശക്തരെന്നു കരുതിയ കര്‍ണാടകയെ 4-3നു തുരത്തി അടുത്ത റൗണ്ടിലേക്ക് ടിക്കറ്റെടുത്തു.
കര്‍ണാടകയുമായുള്ള മത്സരത്തോടെ പകരക്കാര്‍ ഉള്‍പ്പെട്ട ടീം ഫോമിന്റെ വഴി കണ്ടെത്തിയിരുന്നെങ്കിലും പരുക്കുമൂലം പുറത്തുപോയ കളിക്കാരെ തിരികെ എടുക്കണമെന്ന മുറവിളി ഉയര്‍ന്നു. എന്നാല്‍, മികച്ച രീതിയില്‍ കളിക്കുന്ന പുതിയ കളിക്കാരെ ഒഴിവാക്കാന്‍ പരിശീലകന്‍ തയ്യാറായില്ല. സെറ്റായ ഒരു ടീമിനെ പൊളിച്ചടുക്കാന്‍ മനസ്സില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ക്വാര്‍ട്ടര്‍ മുതല്‍ കളിമികവിന്റേയും പോരാട്ടവീര്യത്തിന്റേയും ലക്ഷ്യബോധത്തിന്റേയും പ്രതീകമായ കേരളത്തെയാണ് കണ്ടത്. യാഗാശ്വമായി മാറിയ ആ കളിസംഘം പിന്നീട് കുതിക്കുകയായിരുന്നു. ശക്തരായ ആന്ധ്രയായിരുന്നു എതിരാളികള്‍. കേരളം പതറിയില്ല. തിരിച്ചു കിട്ടാത്ത അഞ്ചു ഗോളിന് അവരെ തരിപ്പണമാക്കിക്കൊണ്ട്, പത്ത് വര്‍ഷത്തിനുശേഷം കേരളം അങ്ങനെ സെമിഫൈനലിലേക്ക് ഒരിക്കല്‍ക്കൂടെ എത്തി. ഒളിമ്പ്യന്‍ മൊയിനിന്റെ ശിക്ഷണത്തിലിറങ്ങിയ ആന്ധ്ര ടീമിന്റെ മുന്നേറ്റ നിരക്ക് കേരളത്തിന്റെ പ്രതിരോധത്തില്‍ ഒരു ചെറുപഴുതുപോലും കണ്ടെത്താനായില്ല. റാം മോഹന്‍ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റങ്ങളാകട്ടെ, രണ്ട് വട്ടം തകര്‍ക്കാന്‍ ഗോളി രവിക്കു കഴിഞ്ഞു.

കൊച്ചിയുടെ ആദരം: സുവര്‍ണ ജൂബിലി സംഗമം
കൊച്ചിയുടെ ആദരം: സുവര്‍ണ ജൂബിലി സംഗമം


കേരളത്തിന് ഇതിനിടെ വലിയൊരു ദൗര്‍ഭാഗ്യം വന്നു വീണിരുന്നു. പ്രഗല്‍ഭരായ ഗോളിമാര്‍ വിക്ടര്‍ മഞ്ഞിലയും കെ.പി. സേതുമാധവനും പരുക്കിന്റെ പിടിയിലായി. ആലുവ സെമിനാരി ഗ്രൗണ്ടില്‍ നടന്ന ഒരു പരിശീലന മത്സരത്തിലാണ് വിക്ടര്‍ കളം വിടേണ്ടിവന്നത്. കേരളത്തെ ഇതു മാനസികമായി തളര്‍ത്തി. കെ.എസ്.ഇ.ബിയുടെ താരമായ ജി. രവീന്ദ്രന്‍ നായര്‍ ഗോള്‍ വല കാക്കാനെത്തിയത് അങ്ങനെയാണ്.
ഇരുപാദ സെമിഫൈനലില്‍ മഹാരാഷ്ട്രയായിരുന്നു എതിരാളി. ഒന്നാംപാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനു കേരളം നിര്‍ണ്ണായക ലീഡു നേടി. ആദ്യ ഗോള്‍ വില്യംസിന്റെ വക. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ജോഹര്‍ദാസിന്റെ ഒറ്റയാന്‍ മുന്നേറ്റം മഹാരാഷ്ട്രയെ സമനിലയിലെത്തിച്ചു. വൈകാതെ ഇടതുപാര്‍ശ്വത്ത് അദ്ധ്വാനിച്ചു കളിച്ച എം.ആര്‍. ജോസഫ് തകര്‍പ്പനൊരു ഗോളിലൂടെ കേരളത്തെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാംപാദ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ കേരളം ഫൈനലിലേക്കു കടന്നു.
നായകന്‍ മണി, നജിമുദ്ദീന്‍, എം.ആര്‍. ജോസഫ്, വില്യംസ് തുടങ്ങിയവരിലൂടെ കേരളത്തിനു ശക്തവും സമ്മര്‍ദ്ദവുമുള്ള ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ കഴിയുമെന്ന് അതോടെ വ്യക്തമായി. സി.സി. ജേക്കബ്, ദേവാനന്ദ്, രത്‌നാകരന്‍ കൂട്ടുകെട്ട് ഉയര്‍ത്തിയ പ്രതിരോധദുര്‍ഗ്ഗം ഭേദിക്കാന്‍ ആര്‍ക്കും എളുപ്പമായിരുന്നില്ല. വിക്ടറിന്റേയും സേതുവിന്റേയും അഭാവത്തില്‍ കാവല്‍ക്കാരന്റെ കുപ്പായം പ്രാഗല്‍ഭ്യത്തോടെ അണിയാനാകുമെന്ന് രവിയും തെളിയിച്ചു.

ക്യാപ്റ്റന്‍ മണി
ക്യാപ്റ്റന്‍ മണി


ഇതര സെമിയില്‍ ബംഗാളിനു മടക്കയാത്ര നല്‍കി, ബംഗാള്‍ കളിക്കാര്‍ക്ക് ആധിപത്യമുള്ള റെയില്‍വേസ് കലാശപ്പോരിനെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബംഗാളിന്റെ തോല്‍വി. നായകന്‍ സുഭാഷ് ഭൗമിക്കും മുഹമ്മദ് സഹോദരന്മാരായ ഹബീബ്, അക്ബര്‍മാരും ഗൗതം സര്‍ക്കാരുമെല്ലാം അടങ്ങിയ ബംഗാള്‍ ടീമിന് കൊച്ചിയെ മോഹിപ്പിച്ച്, ഹാട്രിക്ക് കിരീട മോഹം തകര്‍ന്ന് മടങ്ങേണ്ടിവന്നു.
ഫൈനലില്‍ മറ്റൊരു വില്ലനായിരുന്നു ഇവിടെ കേരളത്തെ കാത്തിരുന്നത്. ഉണങ്ങിവരണ്ട ഗ്രൗണ്ടില്‍ കളിക്കുന്നതിനേക്കാള്‍, റെയില്‍വേസിന്റെ താരസാന്നിധ്യത്തില്‍ പ്രബലരായ ബംഗാളികള്‍ക്കു നനഞ്ഞ ഗ്രൗണ്ടില്‍ നന്നായി കളിക്കാനാവും. അതിനുവേണ്ടി ഗ്രൗണ്ടിലേക്ക് വെള്ളം പമ്പു ചെയ്യാനുള്ള ശ്രമം ഉണ്ടായേക്കാമെന്ന് സൈമണ്‍ സുന്ദര്‍രാജ് മുന്‍കൂട്ടി കണ്ടു. ഗ്രൗണ്ടിന്റെ കാര്യങ്ങളിലെ വിദഗ്ദ്ധന്‍ എന്ന പേരില്‍ വന്ന ഒരു ബംഗാളിയുടെ നേതൃത്വത്തിലായിരുന്നു നീക്കം. 
കേരളത്തിന്റെ പരിശീലകന്‍ ഭയപ്പെട്ടതുപോലെ, നേരം പുലര്‍ന്നുവരുമ്പോഴേയ്ക്കും ഒരാള്‍ ഗ്രൗണ്ട് നനയ്ക്കാന്‍ തുടങ്ങിയിരുന്നു. മാര്‍ക്കാര്‍മാരില്‍ ഒരാള്‍ തിടുക്കത്തില്‍ പാഞ്ഞെത്തി സുന്ദര്‍രാജിനെ വിവരമറിയിച്ചപ്പോഴേയ്ക്കും ഗ്രൗണ്ടിന്റെ പകുതിഭാഗം നനഞ്ഞു കുളമായി കഴിഞ്ഞിരുന്നു. വേഗമെത്തിയ അദ്ദേഹം പൈപ്പിന്റെ വാല്‍വ് അടച്ചു. ബംഗാളി വിദഗ്ദ്ധന്‍ തര്‍ക്കത്തിനെത്തിയെങ്കിലും കേരള മാനേജര്‍ പി.പി. ജോസ് കൃത്യമായി ഇടപെട്ടു. 


ഗ്രൗണ്ടിന്റെ ആ നനഞ്ഞ പകുതിയിലായിരുന്നു അന്ന് വൈകിട്ട് കേരളത്തിനെതിരെ റെയില്‍വേസിന്റെ രണ്ടാം ഗോള്‍ വീണത്. ഗോള്‍മുഖത്തേയ്ക്ക് വന്ന പന്ത് അടിച്ചകറ്റാന്‍ ദേവാനന്ദ് ശ്രമിക്കുമ്പോള്‍ ഗോള്‍കീപ്പര്‍ രവി അത് വിട്ടേക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ രവി വഴുതിവീണു. പന്തുരുണ്ട് നെറ്റിലേക്ക് കയറുകയും ചെയ്തു. മറുഭാഗത്തായിരുന്നെങ്കില്‍ ആ ഗോള്‍ വീഴുമായിരുന്നില്ല. 

ചരിത്രം കൂട്ടിനില്ലാതെ കളിച്ചു 

അരലക്ഷം കാണികള്‍ക്കു മുന്‍പില്‍ മണിയും സംഘവും കലാശക്കൊട്ടിനിറങ്ങുമ്പോള്‍ കിരീടം പ്രതീക്ഷിച്ചിരുന്നുവോ. എങ്കിലും അടക്കാനാവാത്ത മോഹത്തില്‍ ചരിത്രം കൂട്ടിനില്ലാതെ കേരളം കളിച്ചു. കിരീടം നേടുമെന്ന പ്രതീക്ഷ തങ്ങള്‍ക്കുണ്ടായിരുന്നുവെന്ന് അതിനുശേഷവും മണി ഒരിക്കലും പറഞ്ഞിട്ടില്ല. 


എതിരാളികളേയും വിമര്‍ശകരേയും ആരാധകരേയും ഒരുപോലെ വിസ്മയഭരിതരാക്കി നായകന്‍ മണി കളിക്കളം അടക്കിവാണു. ഒന്നാം പകുതിയില്‍ത്തന്നെ ഒളിമ്പ്യന്‍ മേവലാല്‍ പരിശീലിപ്പിച്ച റെയില്‍വേസിനു പാളം തെറ്റി. മുപ്പതാം മിനിറ്റില്‍ രണ്ട് എതിരാളികളെ വെട്ടിച്ചു കയറി നജിമുദ്ദീന്‍ നല്‍കിയ പന്ത് നെഞ്ചില്‍ ചേര്‍ത്ത് നിയന്ത്രിച്ച് നേരിടാന്‍ വന്ന പ്രതിരോധക്കാരനെ കൗശലപൂര്‍വ്വം മറികടന്ന് മണി തൊടുത്തുവിട്ട തകര്‍പ്പന്‍ ഷോട്ട് ഗോളി കമല്‍ഘോഷിനെ ഉരസിക്കൊണ്ട് വല തുളച്ചുകയറി. രണ്ടാം പകുതിയില്‍ ആ ബൂട്ടില്‍നിന്ന് രണ്ട് ഗോളുകള്‍ കൂടി പിറന്നു. റിയേല്‍വേസ് രണ്ട് ഗോള്‍ തിരിച്ചടിച്ച് ഉജ്ജ്വലമായി പൊരുതിയെങ്കിലും വിജയം സൈമണ്‍ സുന്ദര്‍രാജിന്റെ ശിഷ്യന്മാര്‍ക്കൊപ്പം നിന്നു. കളി തീരാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ റെയില്‍വേസിന്റെ വിശാഖപട്ടണത്തുകാരന്‍ സ്ട്രൈക്കര്‍ ചിന്ന റെഡ്ഡിയുടെ ശക്തമായ അടിയില്‍ പന്ത് രവിയുടെ കയ്യില്‍നിന്നു തെറിച്ചത് സംഭ്രമജനകമായ നിമിഷങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലെഫ്റ്റ് ബാക്ക് ജേക്കബ് നിര്‍ണ്ണായക നീക്കത്തിലൂടെ അപകടം ഒഴിവാക്കി. 


കളി കഴിഞ്ഞപ്പോള്‍ കേരളത്തിന്റെ താരങ്ങള്‍ തങ്ങളുടെ ധീരരായ പ്രതിയോഗികളെ കെട്ടിപ്പിടിച്ചു. പിന്നീട് പരസ്പരം ആശ്ലേഷിച്ച് ആനന്ദാശ്രുക്കള്‍ പൊഴിക്കവേ, മതിമറന്ന ജനക്കൂട്ടം ഒന്നടങ്കം എഴുന്നേറ്റുനിന്ന് അവരെ അഭിവാദ്യം ചെയ്തു. ജേതാക്കളായ കേരളടീമിനുവേണ്ടി ക്യാപ്റ്റന്‍ മണി ചീഫ് ജസ്റ്റിസ് പി. ഗോവിന്ദന്‍ നായരില്‍നിന്ന് സന്തോഷ് ട്രോഫി ഏറ്റുവാങ്ങി. പിറ്റേന്ന് പൊതു അവധി പ്രഖ്യാപിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിജയം ആഘോഷിച്ചത്. 


ജി. രവീന്ദ്രന്‍ നായര്‍, കെ.പി. രത്‌നാകരന്‍, കെ.വി. ഉസ്മാന്‍ കോയ, ബി. ദേവാനന്ദ്, സി.സി. ജേക്കബ്, ടി.എ. ജാഫര്‍ (വൈസ് ക്യാപ്റ്റന്‍), പി.പി. അബ്ദുള്‍ ഹമീദ്, എ. നജിമുദ്ദീന്‍, കെ.പി. വില്യംസ്, ടി.കെ.എസ്. മണി (ക്യാപ്റ്റന്‍) എം.ആര്‍. ജോസഫ് എന്നിവരാണ് ഫൈനലില്‍ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞത്. ആദ്യ ഇലവനില്‍ കളിച്ച പലരും പരുക്കേറ്റ് പുറത്തായിരുന്നു. വിക്ടര്‍ മഞ്ഞില, കെ.പി. സേതുമാധവന്‍, എം.ഐ. മുഹമ്മദ് ബഷീര്‍, ടൈറ്റസ് കുര്യന്‍, ജോണ്‍ ജെ. ജോണ്‍, സി. ചേക്കു, പി. പൗലോസ്, എം.ഒ. ജോസ്, പി.പി. പ്രസന്നന്‍, എം. മിത്രന്‍, വി. ബ്ലാസി ജോര്‍ജ്, കലൈപെരുമാള്‍, സേവ്യര്‍ പയസ്, എന്‍.കെ. ഇട്ടിമാത്യു, എന്‍.വി. ബാബു നായര്‍ എന്നിവരാണ് ആ ടീമിലെ മറ്റ് അംഗങ്ങള്‍. 


മുഖ്യപരിശീലകന്‍: സൈമണ്‍ സുന്ദര്‍രാജ്, സഹപരിശീലകര്‍: കെ.കെ. ഗോപാലകൃഷ്ണന്‍, എ.വി. ദേവസിക്കുട്ടി. പി.പി. ജോസ് മാനേജരും എം.എല്‍. ജോര്‍ജ് അസിസ്റ്റന്റ് മാനേജരുമായിരുന്നു. 

ക്യാപ്റ്റന്‍ മണി മുഖ്യാതിഥി
ജസ്റ്റിസ് ഗോവിന്ദന്‍ നായര്‍ക്ക് കളിക്കാരെ
പരിചയപ്പെടുത്തുന്നു


1941-ലെ പ്രഥമ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുമ്പോള്‍ കേരളം എന്നൊരു സംസ്ഥാനം ഇന്ത്യയുടെ ഭൂപടത്തില്‍ വരയ്ക്കപ്പെട്ടിരുന്നില്ല. പക്ഷേ, ഫുട്‌ബോള്‍ കളിയെ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന മലയാളിയുടെ സാന്നിദ്ധ്യം അന്നുതൊട്ടേ സന്തോഷ് ട്രോഫിയില്‍ ഉണ്ടായിരുന്നു. കല്‍ക്കട്ടയില്‍ നടന്ന ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ മദ്രാസ് ടീമിനുവേണ്ടി വി.എന്‍. തോമസ് എന്ന പാപ്പച്ചനും കെ.എന്‍. ഭാസ്‌കരന്‍ നായരും കളിക്കാനിറങ്ങി. പിന്നീട് ബോംബെയ്ക്കും സര്‍വ്വീസസിനും തിരുകൊച്ചിക്കും വേണ്ടി ഒട്ടേറെ മലയാളി ഫുട്‌ബോളര്‍മാര്‍ അങ്കം കുറിച്ചു. തിരുവല്ല പാപ്പനും കെ. ബാലഗോപാലനും ജനാര്‍ദ്ദനനും കെ.സി. പുരുഷോത്തമനും ഒളിമ്പ്യന്‍ റഹ്മാനും കെ.ടി. മാധവന്‍ നമ്പ്യാരും പവിത്രനുമെല്ലാം ഇങ്ങനെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ അന്യസംസ്ഥാനങ്ങളുടെ യശസ്സുയര്‍ത്താന്‍ വിയര്‍പ്പൊഴുക്കിയവരാണ്. 
1955-ല്‍ എറണാകുളത്ത്, ആദ്യമായി കേരളത്തിന്റെ മണ്ണിലേക്കെത്തിയ സന്തോഷ് ട്രോഫിയില്‍ പേട്ട രവീന്ദ്രന്റെ നേതൃത്വത്തിലിറങ്ങിയ മലയാളിനിരയുടെ നേട്ടം വിങ്ങര്‍ എം. വിന്‍സന്റ് ബിഹാറിനെതിരെ നേടിയ ഹാട്രിക്കില്‍ ഒതുങ്ങി. സന്തോഷ് ട്രോഫിയില്‍ ഒരു കേരള താരത്തിന്റെ ആദ്യ ഹാട്രിക്കായിരുന്നു അത്. 
നായകന്‍ മണിയുടെ ഹാട്രിക്കിന്റെ തിളക്കത്തില്‍ 1973-ല്‍ കൊച്ചിയില്‍ ട്രോഫി നേടിയ കേരളം തൊട്ടടുത്ത വര്‍ഷം അട്ടിമറിക്കപ്പെട്ടപ്പോള്‍ ജലന്തറില്‍ കിരീടമണിഞ്ഞത് പഞ്ചാബായിരുന്നു. രാജ്യാന്തര താരങ്ങള്‍ മാത്രമടങ്ങിയ ബംഗാളിനെ ഫൈനലില്‍ 6-0ന് പഞ്ചാബ് തകര്‍ത്തപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയായ കല്‍ക്കട്ട ഞെട്ടി. അന്ന് 31 വയസ്സുണ്ടായിരുന്ന ഇന്ദര്‍സിങ്ങ് ഹാട്രിക്ക് നേടി. മണിക്കും ഇന്ദര്‍സിങ്ങിനും ശേഷം സന്തോഷ് ട്രോഫി ഫൈനലില്‍ ഹാട്രിക്ക് നേടിയതിന്റെ ബഹുമതി, 2001-ല്‍ ഗോവക്കെതിരെ മുംബൈ കൂപ്പറേജില്‍ കേരളത്തെ ജയിപ്പിച്ച മൂന്ന് ഗോളുകള്‍ കുറിച്ച അബ്ദുള്‍ ഹക്കിമിനാണ്. 
കേരളപ്പിറവിക്കുശേഷം 1957-ല്‍ ഹൈദരാബാദില്‍ നടന്ന ആദ്യ നാഷണലില്‍ പേട്ട രവി നയിച്ച ടീം മൈസൂറിനെ അട്ടിമറിച്ചെങ്കിലും ഒടുവില്‍ സര്‍വ്വീസസിനോട് കീഴടങ്ങി. സര്‍വ്വീസസിനെ നയിച്ചതാകട്ടെ, മലയാളിയായ കെ. രാഘവന്‍. കൊച്ചിയിലെ ആദ്യ വിജയത്തിനുശേഷം ആറ് കിരീടങ്ങളിലേക്കുകൂടി (1992, 1993, 2001, 2004, 2018, 2022) എത്തിയ കേരളത്തിന്റെ സുദീര്‍ഘമായ സന്തോഷ് ട്രോഫി ചരിത്രത്തില്‍ എത്രയെത്ര ടീമുകള്‍, എത്രയെത്ര താരങ്ങള്‍. 

ചാംപ്യന്‍മാര്‍ക്ക്
കൊച്ചിയുടെ ആദരം 

ചരിത്രനേട്ടത്തിന്റെ അരനൂറ്റാണ്ട് തികയുന്ന വേളയില്‍ അഭിമാനതാരങ്ങള്‍ ഒത്തുകൂടിയ 2023 ഡിസംബര്‍ 27-ന് മഹാരാജാസ് സ്റ്റേഡിയം ഒരിക്കല്‍ക്കൂടി ആര്‍ത്തിരമ്പുന്ന ഓര്‍മ്മകളിലേക്ക് മടങ്ങി. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ അണിനിരന്ന ഘോഷയാത്ര താരങ്ങളുമായി മഹാരാജാസ് സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച് ഡി.എച്ച്. ഗ്രൗണ്ടില്‍ സമാപിച്ചപ്പോള്‍ കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. 
കൊച്ചി കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന 1973-ലെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിന്റെ സുവര്‍ണ്ണ ജൂബിലി സംഗമത്തോടനുബന്ധിച്ച് കൊച്ചി മേയേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയിച്ച സ്‌കൂള്‍, പ്ലസ് ടു, കോളേജ് ടീമുകള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും മേയര്‍ അഡ്വ. എം. അനില്‍കുമാറും ഹൈബി ഈഡന്‍ എം.പിയും ചേര്‍ന്നു കൈമാറി. ഇളംമുറക്കാരില്‍ ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഫുട്‌ബോള്‍ വിതരണം ചെയ്തു. ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജാണ്. ഒപ്പം കുട്ടികള്‍ക്ക് നഗരസഭ ജെഴ്സിയും നല്‍കി. 
ചരിത്രനേട്ടത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് സൈമണ്‍ സുന്ദര്‍രാജിനൊപ്പം വിക്ടര്‍ മഞ്ഞില, കെ.പി. സേതുമാധവന്‍, ജി. രവീന്ദ്രന്‍ നായര്‍, സി.സി. ജേക്കബ്, ഡോ. മുഹമ്മദ് ബഷീര്‍, പി. പൗലോസ്, കെ.പി. വില്യംസ്, ബ്ലാസി ജോര്‍ജ്, എം. മിത്രന്‍, പി.പി. പ്രസന്നന്‍, നജിമുദ്ദീന്‍, പി. അബ്ദുള്‍ ഹമീദ്, ഇട്ടി മാത്യു, വി.എന്‍. ബാബു നായര്‍ എന്നീ 14 കളിക്കാരാണ് എത്തിയത്. മരിച്ചുപോയ കളിക്കാരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. അന്ന് ഗോള്‍വല കാത്ത രവീന്ദ്രന്‍ നായര്‍ ഫൈനലിലെ പന്ത് ഗ്രൗണ്ടിലേക്ക് കൊണ്ടുവന്നു. പെനാല്‍റ്റി സ്പോട്ടില്‍നിന്ന് മേയര്‍ അനില്‍കുമാര്‍ തൊടുത്ത കിക്ക് രവീന്ദ്രന്‍ നായരുടെ കയ്യില്‍ തട്ടി ഗോള്‍ ലൈന്‍ മറികടന്നു. ഡെപ്യൂട്ടി മേയര്‍ കെ.എ. ആന്‍സിയ അധ്യക്ഷത വഹിച്ച ഡി.എച്ച് ഗ്രൗണ്ടിലെ ആദരിക്കല്‍ ചടങ്ങ് മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മേയറും ഹൈബി ഈഡന്‍ എം.പിയും ചേര്‍ന്ന് താരങ്ങള്‍ക്കു ഫലകവും കാഷ് അവാര്‍ഡും സമ്മാനിച്ചു. കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ വി.എ. ശ്രീജിത്, പി.ആര്‍. റെനീഷ്, എം.എല്‍.എ. ടി.ജെ. വിനോദ്, പരിപാടിയുടെ കോ-ഓഡിനേറ്റര്‍ വി.പി. ചന്ദ്രന്‍, കെ.എഫ്.എ അധ്യക്ഷന്‍ നവാസ് മീരാന്‍, മുന്‍ കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
ഞങ്ങള്‍ അവരെ ആദരിക്കുകയല്ല. ഇന്ന് ഇവിടെ 1973-ലെ ധീരരായ പോരാളികളുടെ സാന്നിധ്യത്തിലൂടെ ആദരിക്കപ്പെടുന്നത് കേരളവും കൊച്ചിയുമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മേയര്‍ അനില്‍കുമാര്‍ പറഞ്ഞത് കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. 
അന്നത്തേക്കാള്‍ ഞങ്ങള്‍ ഇന്ന് പ്രശസ്തരായി. ഐ ലീഗും ഐ.എസ്.എല്ലും വന്നു. കളിക്കാര്‍ക്ക് മികച്ച പ്രതിഫലം കിട്ടുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഏറെ മാറിയെങ്കിലും പോയകാല വസന്തത്തിന്റെ ഭാഗമാണ് താനെന്ന കാര്യത്തില്‍ അഭിമാനിക്കുന്നുവെന്ന് 1973-ലെ ടീമിലെ ഒന്നാം ഗോളിയായിരുന്ന വിക്ടര്‍ മഞ്ഞില പറഞ്ഞു.
1973-ലെ ടീമിന്റെ അതേ നിറത്തിലുള്ള ജെഴ്സി താരങ്ങള്‍ക്കു കൈമാറിയ രംഗം വികാരഭരിതമായിരുന്നു. മൂന്ന് നാള്‍ മുന്‍പ് മാത്രം ജീവിതത്തിന്റെ കളം വിട്ട ആ ടീമിന്റെ ഉപനായകന്‍ ടി.എ. ജാഫറിന്റെ മക്കളായ ബൈജുവും സഞ്ജുവും ജെഴ്സി സ്വീകരിച്ചത് കണ്ടുനിന്നവരുടെ കണ്ണിനെ ഈറനണിയിച്ചു. മേയേഴ്സ് കപ്പില്‍ മത്സരിച്ച ടീമുകളുടെ ക്യാപ്റ്റന്മാരും 1973-ലെ ടീമംഗങ്ങളും കോച്ച് സൈമണ്‍ സുന്ദര്‍രാജും പങ്കെടുത്ത, കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന മുഖാമുഖം പരിപാടിയും പുതുമയുള്ളതായിരുന്നു. ആദരിക്കല്‍ ചടങ്ങില്‍ ചാമ്പ്യന്‍ ടീമിനെ പ്രതിനിധീകരിച്ച് അന്നത്തെ ഗോള്‍ കീപ്പര്‍ കെ.പി. സേതുമാധവന്‍ നന്ദി പറഞ്ഞു. 

ഓര്‍മ്മയില്‍ എന്നും മഹാരാജാസ് മൈതാനം 
സന്തോഷ് ട്രോഫി കേരളത്തിന് എപ്പോഴും ഒരു വികാരമാണ്. ആവേശം നിറയുന്ന കളിമേടുകളില്‍ വലിയ താരങ്ങള്‍ വീറോടെ പൊരുതിയിരുന്ന കാല്‍പ്പന്തിന്റെ ഉത്സവമായിരുന്നു ഒരുകാലത്ത് സന്തോഷ് ട്രോഫി. മലയാളിയെ സംബന്ധിച്ചിടത്തോളം മറ്റൊരു കളിയേയും അവനിത്രയും പ്രണയിച്ചിട്ടില്ല; ആഗ്രഹിച്ചിട്ടില്ല. ഇടയ്ക്കിടെ പുറത്തെടുത്ത് പൊടിതട്ടി മിനുക്കി സൂക്ഷിച്ചുവെയ്ക്കാവുന്ന പുരാതനസ്മൃതിയായി ദേശീയ ഫുട്‌ബോള്‍ മേള ചവിട്ടിതാഴ്ത്തപ്പെട്ടു കൊണ്ടിരിക്കയാണെങ്കിലും സന്തോഷ് ട്രോഫിക്ക് മറ്റ് കളിയിടങ്ങളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന ഒരു കൊടിയടയാളമുണ്ട്. ഭൂമുഖത്തെ ഏറ്റവും വലിയ പ്രദര്‍ശനമായ ലോകകപ്പ് ഫുട്‌ബോള്‍ സ്വപ്നകഥ മാത്രമായ ഈ രാജ്യത്തിനു നമ്മുടേതെന്നു പറയാന്‍, നമുക്ക് വാക്കും രുചിയും നിറവും പകര്‍ന്നുകൊണ്ടാടാന്‍ ഈ ദേശത്തെങ്കിലും ജേതാക്കളാകാന്‍ ഒരു സന്തോഷ് ട്രോഫി മാത്രമേ ഉള്ളൂ.  ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും നല്ല പടയണിയെ കണ്ടെത്താനുള്ള സന്തോഷ് ട്രോഫി ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ 78-ാം വര്‍ഷത്തിലേക്കെത്തുന്ന ചരിത്രത്തില്‍ ബംഗാളാണ് സര്‍വ്വാധിപതികള്‍. 46 വട്ടം ഫൈനല്‍ കളിച്ച അവര്‍ ഒരിക്കല്‍ ഗോവയുമായി ട്രോഫി പങ്കിട്ടതടക്കം 32 തവണ ചാമ്പ്യന്മാരാണ്. പഞ്ചാബിന് എട്ടും പതിനഞ്ച് ഫൈനലുകള്‍ കണ്ട കേരളത്തിന് ഏഴും സര്‍വ്വീസസിന് ആറും ഗോവയ്ക്ക് അഞ്ചും കിരീടങ്ങളുണ്ട്. 


ഓര്‍മ്മയില്‍ എന്നും എറണാകുളത്തെ മഹാരാജാസ് മൈതാനമാണ്. ഈ കളിമേടാണ് ദേശീയ ഫുട്‌ബോളിന്റെ നെറുകയില്‍ നെഞ്ചുയര്‍ത്തി നില്‍ക്കാന്‍ കേരളത്തിന് ആത്മവിശ്വാസം നല്‍കിയത്. നമ്മുടെ ഏഴ് വിജയങ്ങളില്‍ രണ്ടും (1973, 1993) ഈ മൈതാനത്തായിരുന്നു. സന്തോഷ് ട്രോഫി മാത്രമല്ല, 1959-ലെ ഏഷ്യന്‍ കപ്പ് മേഖലാ ടൂര്‍ണ്ണമെന്റ്, നെഹ്‌റു കപ്പ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്, ദേശീയ ഹോക്കി, ദേശീയ ബാസ്‌കറ്റ് ബോള്‍, സൗത്ത് ഏഷ്യന്‍ ഗെയിംസ് അങ്ങനെ ചെറുതും വലുതുമായ ഒട്ടനവധി ടൂര്‍ണ്ണമെന്റുകള്‍ക്ക് വേദിയായ മറ്റൊരു മൈതാനവും കേരളത്തില്‍ വേറെയില്ല. 
1993-ല്‍ 49-ാം സന്തോഷ് ട്രോഫിയുടെ ഫൈനലിന് മഹാരാജാസ് സ്റ്റേഡിയത്തിലെ ഗാലറികള്‍ കാണികളെക്കൊണ്ട് നിറഞ്ഞ് സൂചികുത്താന്‍ ഇടമില്ലായിരുന്നു. ആര്‍ത്തുവിളിച്ച ആ ജനാരണ്യത്തിന്റെ മുന്‍പിലാണ്, മഹാരാഷ്ട്രയുടെ നെറ്റിലേക്ക് കേരള പൊലീസിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ സി.വി. പാപ്പച്ചന്റെ മാസ്മരിക ഗോള്‍ പതിച്ചത്. ഒപ്പം ഒരുപിടി കളിക്കാര്‍ പ്രതിഭാശേഷിയുടേയും നൈപുണിയുടേയും നിറവാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച ടൂര്‍ണ്ണമെന്റുമാണത്. കേരളം സന്തോഷ് ട്രോഫി നേടിയ ആ കളിയെ, ദേശീയ ചാമ്പ്യന്‍ഷിപ്പിലെ എക്കാലത്തേയും മികച്ച പ്രകടനമായാണ് വിലയിരുത്തിയിട്ടുള്ളത്. പാപ്പച്ചനും സംഘവും അത്ഭുതകഥ എഴുതിയ സന്തോഷ് ട്രോഫി എന്നാണ് കേരളം - മഹാരാഷ്ട്ര ഫൈനലിനെ, കളിയെഴുത്തിലെ കുലപതിയായിരുന്ന വിംസി വിശേഷിപ്പിച്ചത്. 
ഫുട്‌ബോളിനെ ഒരുപാട് സ്‌നേഹിക്കുന്ന ഒരു നാടിന്റെ നീണ്ട 29 സംവത്സരങ്ങളുടെ നിരാശയും ദൗര്‍ഭാഗ്യങ്ങളുമാണ് മഹാരാജാസ് മൈതാനത്ത് മണിയും സംഘവും കപ്പ് ഉയര്‍ത്തിയപ്പോള്‍ ഒരുമിച്ച് ഒഴുകിപ്പോയത്. 1973-ലെ ഫൈനല്‍ വിജയം സ്വതന്ത്ര കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തേയും രമണീയ മുഹൂര്‍ത്തവും നമ്മുടെ കായികവേദിയുടെ ഉജ്ജ്വല സ്മരണികയുമാണ്. 
ഫുട്‌ബോള്‍ ഇല്ലാതെ കേരളമില്ല. സന്തോഷ് ട്രോഫി ഇല്ലാതെ കേരള ഫുട്‌ബോളുമില്ല. നമുക്ക് ഇനിയും പന്തു തട്ടി ഉയരങ്ങളിലേക്ക് പറക്കണം. ദേശീയ ഫുട്‌ബോളില്‍ മേധാശക്തികളായി മാറണം. കാല്‍പ്പന്തിന്റെ ആ നല്ല കാലത്തേയ്ക്ക് തിരിച്ചുപോകാന്‍ കളിയിലും നമ്മുടെ ചിന്താഗതിയിലും വീക്ഷണത്തിലും കാതലായ മാറ്റം ഉണ്ടാവുന്നതിനൊപ്പം പ്രൊഫഷണലായ സമീപനവും കൂടിയേ തീരൂ.


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com