ബങ്കുബാബുര്‍ ബന്ധു മുതല്‍ അയലാന്‍ വരെ

അയലാന്‍ വരെ എത്തിനില്‍ക്കുന്ന ഏലിയന്‍ സിനിമകളുടെ ചരിത്രം സത്യജിത്ത് റേയോട് വേണ്ടത്ര കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്
സത്യജിത് റേ
സത്യജിത് റേ

യലാന്‍' എന്ന തമിഴ്സിനിമയുടെ പോസ്റ്റര്‍ കണ്ടപ്പോള്‍ത്തന്നെ പലരും സ്റ്റീവെന്‍ സ്പീല്‍ബെര്‍ഗിന്റെ 'ഇ.റ്റി.'ക്ക് പുതിയൊരു ഇന്ത്യന്‍ പതിപ്പുകൂടി എന്ന് ചിന്തിച്ചുകാണും. 'കോയി മില്‍ ഗയ' എന്ന ഹിന്ദി സിനിമ റിലീസ് ചെയ്യപ്പെട്ടപ്പോഴും സ്പീല്‍ബെര്‍ഗിന്റെ സിനിമയോടുള്ള സാമ്യമാണ് ചര്‍ച്ചയായത്. അന്യഗ്രഹജീവികളും അവയുടെ ആക്രമണവും മറ്റും ഹോളിവുഡില്‍ പുതിയ പ്രമേയങ്ങളല്ല. സൗരയൂഥത്തിനു പുറത്തുനിന്നും വന്നെത്തുന്ന മനുഷ്യരെക്കാള്‍ സാങ്കേതിക പുരോഗതി പ്രാപിച്ച അന്യഗ്രഹജീവികള്‍ മനുഷ്യരോട് യുദ്ധം ചെയ്യുമെന്നും അങ്ങനെ ഭൂമിതന്നെ നശിച്ചുപോവുമെന്ന ചിന്തകള്‍ക്കു ചലച്ചിത്രത്തില്‍ മാത്രമല്ല, സാഹിത്യത്തിലും ഒരുകാലത്തും ഒരു പഞ്ഞവുമില്ലായിരുന്നു. 1982-ലാണ് സ്പീല്‍ബെര്‍ഗിന്റെ 'ഇ.റ്റി.: ദ എക്സ്ട്രാ ടെറിസ്ട്രിയല്‍' റിലീസ് ചെയ്യപ്പെടുന്നത്. എന്നാല്‍ അതിനുമുമ്പേ, റിഡ്ലി സ്‌കോട്ട് ഏലിയന്‍ (Alien) എന്ന സിനിമ നിര്‍മ്മിച്ചിരുന്നു. 1979-ലാണ് റിഡ്ലിയുടെ ഏലിയന്‍ പുറത്തുവരുന്നത്. പക്ഷേ, ആരും പിന്നീട് അതേക്കുറിച്ച് ചര്‍ച്ച ചെയ്തില്ല. മുഴുനീളം വയലന്‍സ് നിറഞ്ഞ, ഒരു തട്ടുപൊളിപ്പന്‍ ബോംബുകഥ. അതൊരു ഹൊറര്‍ സിനിമയാണെന്നുപോലും പലര്‍ക്കും തോന്നിയിട്ടുണ്ട്. പക്ഷേ, സ്പീല്‍ബെര്‍ഗ് സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചത് അതുയര്‍ത്തിയ സെന്റിമെന്റ്സുകളുടെ പേരിലായിരുന്നു. ഒരു പരിധിവരെ അതൊരു കുറ്റബോധവുമായിരുന്നു. അന്യഗ്രഹജീവികളില്‍നിന്നുള്ള ആക്രമണസാധ്യത, ബഹിരാകാശത്തെപ്പോലും ആയുധമണിയിക്കുന്നതിനുള്ള ഒരു ന്യായീകരണമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്ന കാലത്താണ് അത് നിര്‍മ്മിക്കപ്പെട്ടത്. അമേരിക്ക കുപ്രസിദ്ധമായ സ്റ്റാര്‍ വാര്‍ പദ്ധതിയിലേക്ക് നീങ്ങുന്ന കാലം. അന്യഗ്രഹജീവികള്‍ക്കു മനുഷ്യരോട് യുദ്ധം ചെയ്യാന്‍ ഏതൊരു താല്പര്യവുമില്ലായിരിക്കും എന്നു പറയാന്‍ ശാസ്ത്രജ്ഞര്‍ തയ്യാറായിരുന്നില്ല. പക്ഷേ, അന്യഗ്രഹജീവിയെ നേരിട്ടു കണ്ട ഒരു കുട്ടിക്ക് അങ്ങനെ പറയാനാവുന്നു, സിനിമ കണ്ട ദശലക്ഷങ്ങള്‍ക്ക് അങ്ങനെ പറയാനാവുന്നു എന്നതിലായിരുന്നു സ്പീല്‍ബെര്‍ഗ് സിനിമയുടെ പ്രസക്തി. അന്യഗ്രഹജീവികള്‍ക്കെതിരെ യുദ്ധസന്നാഹമൊരുക്കുമ്പോള്‍ നിരുപദ്രവകാരിയായ ഒരു സൗഹൃദസമൂഹത്തെയാവും നിങ്ങള്‍ ഇല്ലായ്മ ചെയ്യാനൊരുങ്ങുന്നത് എന്ന കുറ്റബോധം പില്‍ക്കാലത്ത് ശീതയുദ്ധത്തിന്റെപോലും പിരിമുറുക്കത്തെ മയപ്പെടുത്തുന്നതായി. അത്തരമൊരു സന്ദേശം മാനവരാശിക്കു നല്‍കിയതില്‍ സ്പീല്‍ബെര്‍ഗ് വിജയിക്കുമ്പോഴും ഡൈനാമിറ്റുകള്‍ തകര്‍ത്ത ലോകത്തിന്റെ യുദ്ധചരിത്രങ്ങളുടെ, അനുബന്ധമായ ക്ഷാമങ്ങളുടെ, അനാഥത്വത്തിന്റെ, പട്ടിണിയുടെ ദൈന്യചിത്രങ്ങള്‍ക്കിടയില്‍ ഒരു ബംഗാളിചെറുകഥ അറിയപ്പെടാതെ കിടക്കുന്നത് കാണാം: അതെഴുതിയ ആളിന്റെ തന്നെ എക്കാലത്തേയും വലിയ നിരാശയുടെ പ്രതീകമായി: ബങ്കുബാബുര്‍ ബന്ധു (Bankubabur Bandhu).

അയലാന്‍
അയലാന്‍

ക്ഷാമകാലത്തിന്റെ സ്വപ്നം

റേയാണ് ആ കഥ എഴുതിയത്. സത്യജിത് റേ. എഴുതുക മാത്രമല്ല, ചെറുകഥയ്ക്ക് ആവശ്യമായ ചിത്രങ്ങളും അദ്ദേഹം തന്നെ വരച്ചു. കാരിക്കേച്ചറിന്റെ രൂപത്തിലുള്ള കരിപുരണ്ട ചിത്രങ്ങള്‍. അന്യഗ്രഹജീവിയെക്കുറിച്ചുള്ള കഥയാണ് എന്ന പേരില്‍ റേ എഴുതിയത്. പക്ഷേ, അന്നേവരെ ആരും കണ്ടിട്ടില്ലാത്ത അന്യഗ്രഹജീവിയുടെ രൂപം വരച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ വന്നത് എല്ലുന്തി, കൈകാലുകള്‍ മെലിഞ്ഞുനീണ്ട്, കണ്ണുകള്‍ കുഴിയിലാണ്ടുപോയ ഒരു രൂപമായിരുന്നു. 1943-ലെ ബംഗാള്‍ ക്ഷാമത്തിന് റേ ദൃക്സാക്ഷിയായിരുന്നു. പട്ടിണിക്കോലമായ ഒരു ബംഗാളിബാലന്‍. അവന്റെ സ്വപ്നങ്ങള്‍ ഇരുളടഞ്ഞുപോയിരിക്കുന്നു. ആഹാരമില്ലാത്ത ഒരുവന്‍ എന്ത് സ്വപ്നം കാണാനാണ്! ഈ ലോകത്തിന്റെ വിഭ്രമങ്ങളെയൊന്നും കൈപ്പിടിയിലൊതുക്കാന്‍ ന്യൂട്ട് ഹാംപ്സണിന്റെ ദ ഹങ്കറര്‍-ലെ നായകനെപ്പോലെ അവന് ലോകപരിചയമില്ല. പക്വതയുമില്ല. അന്യവല്‍ക്കരിക്കപ്പെടുന്നതിന്റെ മറ്റൊരു മുഖം. വരച്ചു! ഇങ്ങനെയായിരിക്കുമോ അന്യഗ്രഹജീവി എന്നുപോലും ആര്‍ക്കും സംശയം തോന്നാവുന്ന തരത്തില്‍ ഒരു കുട്ടിപ്രേതത്തെ അനുസ്മരിപ്പിക്കുന്ന രൂപം. ചിത്രവും ചെറുകഥയും അച്ചടിക്കപ്പെട്ടത് തന്റെ കുടുംബമാഗസിനില്‍ത്തന്നെയായിരുന്നു: സന്ദേശ്. സത്യജിത് റേയുടെ മുത്തച്ഛനായ ഉപേന്ദ്രകിഷോര്‍ റേ ആയിരുന്നു സന്ദേശ് ആരംഭിച്ചത്. ജീവിതഗന്ധിയായ ചെറുകഥകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെയായിരുന്നു സന്ദേശ് പ്രശസ്തമായത്. ഭാവിയിലെ ലോകം എങ്ങനെയായിരിക്കും എന്നതിനെ സൂചിപ്പിക്കുന്ന ശാസ്ത്രകഥകളും സന്ദേശ് പ്രസിദ്ധീകരിച്ചിരുന്നു. മുത്തച്ഛനുശേഷം സത്യജിത് റേയുടെ പിതാവായ സുകുമാര്‍ റേ സന്ദേശിന്റെ പ്രസാധനം മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോയിരുന്നു. സന്ദേശില്‍ സത്യജിത് റേ തുടര്‍ച്ചയായി കഥകളെഴുതിയിരുന്നു. സിനിമയെടുക്കുക എന്ന സങ്കീര്‍ണ്ണമായ പ്രവര്‍ത്തനത്തെക്കാള്‍ ആനന്ദം പകരുന്നതായിരുന്നു കഥകളെഴുതി പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായിട്ടുണ്ട്. ഒഴിവുസമയങ്ങളിലും സിനിമകള്‍ക്കിടയിലെ ആറുമാസങ്ങളോളം നീളുന്ന ഇടവേളകളിലും അദ്ദേഹം കഥകളെഴുതി. 1967-ലാണ് റേ ബങ്കുബാബുര്‍ ബന്ധു (Bankubabu's Friend) എഴുതുന്നത്. ബംഗാളിഭാഷയിലായിരുന്നു കഥ, സന്ദേശിലെ മറ്റു കഥകളെപ്പോലെ. അതുകൊണ്ട് ബംഗാളിനു പുറത്ത് അധികമാരും അതറിഞ്ഞില്ല.

ബങ്കുബാബൂര്‍ ബന്ധു- റേയുടെ ഇലസ്ട്രേഷന്‍
ബങ്കുബാബൂര്‍ ബന്ധു- റേയുടെ ഇലസ്ട്രേഷന്‍
പീറ്റര്‍ സെല്ലേഴ്സ്
പീറ്റര്‍ സെല്ലേഴ്സ്

ബങ്കുബാബുവിന്റെ സുഹൃത്ത്

ബങ്കുബാബു ഒരു സ്‌കൂള്‍ അദ്ധ്യാപകനാണ്. ബംഗാളിലെ ഒരു കുഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലായിരുന്നു ബങ്കുബാബു ജോലി ചെയ്തിരുന്നത്. ബംഗാളിഭാഷയും ഭൂമിശാസ്ത്രവുമാണ് അദ്ദേഹം പഠിപ്പിച്ചിരുന്നതെങ്കിലും ലോകത്തിലെ നാനാവിധ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. പുതിയ പുതിയ കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന് സംസാരിക്കാനുണ്ടായിരുന്നത്. എന്നാല്‍, ഗ്രാമവാസികള്‍ അതൊന്നും വിശ്വസിക്കാനോ അംഗീകരിക്കാനോ തയ്യാറായിരുന്നില്ല. അവര്‍ അദ്ദേഹത്തെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് സാധാരണമായിരുന്നു. അദ്ദേഹം പഠിപ്പിച്ചിരുന്ന കാക്കുര്‍ഗാച്ചി സ്‌കൂളിലെ കുട്ടികള്‍ പോലും അദ്ദേഹത്തെ കൂക്കിവിളിക്കുന്നതില്‍ രസം കണ്ടെത്തിയിരുന്നു. എങ്കിലും ഗ്രാമവാസികളുടെ കൂട്ടായ്മകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഒരുദിവസം അത്തരത്തിലുള്ള ഒരു കൂട്ടായ്മയില്‍ പങ്കെടുത്തശേഷം ഏറെ വൈകി മടങ്ങുകയായിരുന്നു അദ്ദേഹം. വൈദ്യുതിവിളക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ ഇരുട്ട് പരന്നുതുടങ്ങിയിരുന്നു. അന്ന് ചര്‍ച്ചചെയ്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടായിരുന്നു അദ്ദേഹം നടന്നിരുന്നത്. നേരം വൈകിയതിനാല്‍ പെട്ടെന്ന് വീടെത്താനായി മുളങ്കാടുകള്‍ നിറഞ്ഞ ഒരു കാട്ടുവഴിയിലൂടെ പോവാന്‍ അദ്ദേഹം തീരുമാനിച്ചു. പെട്ടെന്നാണ് ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഇളംചുവപ്പുനിറത്തിലുള്ള പ്രകാശം പുറപ്പെടുവിച്ചുകൊണ്ടിരുന്ന ഒരു പറക്കുംതളിക അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടത്. അത് നിലത്തിറങ്ങാന്‍ തുടങ്ങുകയായിരുന്നു. ബങ്കുബാബു ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് മറഞ്ഞുനിന്നു നോക്കി. പറക്കുംതളികയില്‍നിന്നും വിചിത്രരൂപിയായ ഒരു അന്യഗ്രഹജീവി പുറത്തിറങ്ങുന്നത് അദ്ദേഹം കണ്ടു. ജീവി തന്നെ കാണരുത് എന്നാണ് അദ്ദേഹം ആഗ്രഹിച്ചതെങ്കിലും അതിന് കഴിഞ്ഞില്ല. അന്യഗ്രഹജീവി തന്നെ ആക്രമിക്കുമോ എന്ന ഭയം പെട്ടെന്നുതന്നെ ഇല്ലാതായി. വൈകാതെ തന്നെ അവര്‍ തമ്മില്‍ ഒരു സൗഹൃദം ഉടലെടുത്തു. ക്രേനിയസ് എന്ന വിദൂരഗ്രഹത്തില്‍നിന്നാണ് താന്‍ വരുന്നതെന്നും ആംഗ് എന്നാണ് തന്റെ പേരെന്നും പറഞ്ഞുകൊണ്ടാണ് അന്യഗ്രഹജീവി സ്വയം പരിചയപ്പെടുത്തുന്നത്. അവര്‍ തമ്മില്‍ ദീര്‍ഘമായി സംസാരിച്ചു. മനുഷ്യര്‍ക്കില്ലാത്ത പല അതിന്ദ്രീയശക്തികളും അന്യഗ്രഹജീവിക്കുള്ളതായി ബങ്കുബാബുവിനു മനസ്സിലായി. മറ്റൊരാളുടെ മനസ്സ് വായിക്കാനുള്ള കഴിവാണ് അദ്ദേഹത്തിന് അതിശയമായി തോന്നിയത്. ഉത്തരധ്രുവം സന്ദര്‍ശിക്കാനുള്ള ബങ്കുബാബുവിന്റെ ആഗ്രഹം അദ്ദേഹം പറയാതെതന്നെ അറിഞ്ഞ അന്യഗ്രഹജീവി അദ്ദേഹത്തിന്റെ മനോമണ്ഡലത്തില്‍ അതിന്റെ ദൃശ്യങ്ങള്‍ നിറച്ചുകൊടുത്തു. മഞ്ഞുപാളികളേയും ധ്രുവക്കരടികളേയും നേരിട്ടുകാണുന്ന അനുഭൂതി. അതുപോലെ ധ്രുവദീപ്തി എന്ന അത്ഭുതക്കാഴ്ച കാണുന്നതിനുള്ള ആഗ്രഹവും അന്യഗ്രഹജീവി സാധിച്ചുകൊടുത്തു. ആമസോണ്‍ കാടുകളിലെ ആരും കണ്ടിട്ടില്ലാത്ത അതിശയങ്ങളും അന്യഗ്രഹജീവി ബങ്കുബാബുവിന്റെ മുന്നിലെത്തിച്ചു: അനാകോണ്ടകള്‍, പിരാനമത്സ്യം, ഞെട്ടിപ്പിക്കുന്ന വലിപ്പമുള്ള മുതലകള്‍. അതോടൊപ്പം ഒരിക്കലും മറക്കാനാവാത്ത വിലപ്പെട്ട ഒരു ഉപദേശവും ആംഗ് അദ്ദേഹത്തിനു നല്‍കി: ആരുടേയും അധിക്ഷേപവും പരിഹാസവും നിശ്ശബ്ദമായി സഹിക്കരുത്. പ്രതികരിക്കണം. ആരുടെ മുന്നിലും തലകുനിക്കരുത്. ധീരത എന്നതാണ് ജീവിതവിജയത്തിന്റെ കാതല്‍. അനവധി സംഭവങ്ങളിലൂടെ അന്യഗ്രഹജീവിയും ബങ്കുബാബുവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞുകൊണ്ടാണ് സത്യജിത് റേ തന്റെ ചെറുകഥ മുന്നോട്ടുകൊണ്ടുപോവുന്നത്. അന്യഗ്രഹജീവിയെ പരിചയപ്പെട്ടതിലൂടെ ബങ്കുബാബു ഒരു പുതിയ മനുഷ്യനായി മാറിയെന്നും ഗ്രാമവാസികള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കണക്കിലെടുക്കാന്‍ തുടങ്ങിയെന്നും പറഞ്ഞുകൊണ്ട് റേ തന്റെ ചെറുകഥ അവസാനിപ്പിക്കുന്നു.

ഏലിയന്‍ തിരക്കഥ

'സന്ദേശി'ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ബങ്കുബാബുര്‍ ബന്ധു എന്ന ചെറുകഥയും റേ പിന്നീട് എഴുതിയ ഏലിയന്‍ സിനിമയുടെ തിരക്കഥയും തമ്മില്‍ വ്യത്യാസമുണ്ട്. ചെറുകഥയിലെ അന്യഗ്രഹജീവി ക്രേനിയസ് എന്ന വിദൂരഗ്രഹത്തില്‍ നിന്നാണ് താന്‍ വരുന്നത്. ഏലിയനിലെ ജീവി ചൊവ്വാവാസിയാണ്. മാത്രമല്ല, ചൊവ്വാവാസിയുടെ യാത്രാപേടകം ഗ്രാമത്തിലെ ഒരു കുളത്തില്‍ വന്നുവീഴുകയാണ് ചെയ്യുന്നത്. സ്വര്‍ണ്ണനിറത്തിലുള്ളതും ഒരു സ്തൂപം പോലെ തോന്നിക്കുന്നതുമായ അതിന്റെ അറ്റത്തുള്ള ലൈറ്റുമാത്രമാണ് പുറത്തുകാണുന്നത്. താമരകള്‍ നിറഞ്ഞ കുളത്തില്‍നിന്നും അത് ഉയര്‍ന്നുനില്‍ക്കുന്നു. അതുകാരണം അത് ഭൂമിക്കടിയില്‍നിന്നും ഉയര്‍ന്നുവന്ന ഒരു ക്ഷേത്രമാണെന്ന് ഗ്രാമവാസികള്‍ കരുതുന്നു. അവര്‍ അതിനെ ആരാധിക്കാന്‍ തുടങ്ങുന്നു. എന്നാല്‍, ഇതൊന്നും അറിയാത്ത ഒരു ബാലന്‍ അവിടെ ഉണ്ടായിരുന്നു. ഹാബ എന്നായിരുന്നു അവന്റെ പേര്. തോട്ടങ്ങളില്‍നിന്നും പഴങ്ങള്‍ മോഷ്ടിച്ചും പിച്ചയെടുത്തുമാണ് അവന്‍ കഴിഞ്ഞിരുന്നത്. ഒരു ദിവസം രാത്രിയില്‍ അന്യഗ്രഹജീവി അവന്റെ സ്വപ്നത്തില്‍ കടക്കുന്നു. ഉറക്കമുണര്‍ന്ന ഹാബ, ഒരു ദിവസം അവനുമായി കളിച്ച ജീവിയെ നേരില്‍ കാണുന്നു. അവര്‍ തമ്മില്‍ പരിചയത്തിലാവുന്നു, വൈകാതെ അടുത്ത സുഹൃത്തുക്കളും. ഈ സമയത്ത് ദൂരെ നിന്നും അവിടേക്കെത്തിയ ബജോറിയ എന്ന ധനികനായ വ്യവസായി കുളത്തില്‍ വീണുകിടക്കുന്ന പറക്കുംതളികയുടെ മുകള്‍വശം കാണാനിടയാവുന്നു. അതൊരു സുവര്‍ണ്ണക്ഷേത്രത്തിന്റെ ഗോപുരമാണെന്നു തെറ്റിദ്ധരിക്കുന്ന ആ പ്രദേശം ഒരു തീര്‍ത്ഥാടനകേന്ദ്രമായി വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതിനായുള്ള ആദ്യപടിയെന്ന നിലയില്‍ ചില നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ജോ ഡെവ്ലിന്‍ എന്ന അമേരിക്കന്‍ എന്‍ജിനീയറെയാണ് ഇതിനായി ചുമതലപ്പെടുത്തുന്നത്. കല്‍ക്കട്ടയില്‍ നിന്നുള്ള മോഹന്‍ എന്ന ജേര്‍ണലിസ്റ്റും ഡെവ്ലിനെ അനുഗമിക്കുന്നു. നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നതും കാണാന്‍ കഴിയുന്നതുമായ കാര്യങ്ങളെ മാത്രം വിശ്വസിക്കുന്നവരായിരുന്നു ഇരുവരും. കുളത്തിലെ വെള്ളം വറ്റിച്ച് 'ക്ഷേത്രം' പൂര്‍ണ്ണമായും പുറത്തുകാണുന്ന തരത്തിലാക്കുക എന്നതായിരുന്നു ഡെവ്ലിന്‍ ചെയ്യേണ്ടിയിരുന്ന ആദ്യത്തെ പ്രവര്‍ത്തനം. പിന്നീട് കുളത്തിന്റെ അടിത്തട്ടില്‍ മാര്‍ബിള്‍ ഫലകങ്ങള്‍ പാകണം. 'ക്ഷേത്ര'ത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന തരത്തില്‍ കുളത്തിന്റെ നാലുവശങ്ങളില്‍നിന്നും മാര്‍ബിള്‍ പതിച്ച പടവുകള്‍ നിര്‍മ്മിക്കണം. ആര്‍ച്ചുകളും തൂണുകളുംകൊണ്ട് പടവുകള്‍ മനോഹരമാക്കണം. മുഖ്യ പ്രവേശനകവാടത്തിനടുത്ത് ഒരു മാര്‍ബിള്‍ ഫലകം സ്ഥാപിച്ച് അതില്‍ ഇങ്ങനെ എഴുതിവെക്കണം: ''പുനരുദ്ധരിച്ച് പുതുക്കിനിര്‍മ്മിച്ചത്: ഗഗന്‍ലാല്‍ ലക്ഷ്മികാന്ത് ബജോറിയ.'' ഇതിനായുള്ള പ്രവൃത്തികള്‍ എങ്ങനെ തുടങ്ങണം എന്ന് ആലോചിക്കവേ, അന്യഗ്രഹജീവി തന്റെ സന്ദര്‍ശനോദ്ദേശ്യം പൂര്‍ത്തീകരിക്കുന്ന തിരക്കിലായിരുന്നു. ഭൂമിയില്‍നിന്നും ചില സാമ്പിളുകള്‍ ശേഖരിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മടങ്ങണം. പക്ഷേ, താന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പുതിയ ലോകത്തിലെ കാഴ്ചകള്‍ ജീവിയെ വിസ്മയിപ്പിക്കുന്നു. മനുഷ്യര്‍ എങ്ങനെയാണ് കഷ്ടനഷ്ടങ്ങളില്‍പ്പെട്ട് ഉഴലുന്നതെന്നറിഞ്ഞ് അത് അതിശയിക്കുന്നു. അത് പരിഹരിക്കാനായി നടത്തുന്ന ശ്രമങ്ങളാവട്ടെ, വലിയ അപഖ്യാതികള്‍ക്കു കാരണമാവുകയും ചെയ്യുന്നു. ഒരു കര്‍ഷകന്റെ ചോളപ്പാടത്തെ മുഴുവന്‍ ഒറ്റ രാത്രികൊണ്ട് വിളവെടുപ്പിനു പ്രാപ്തമാക്കിയതായിരുന്നു അതിലൊന്ന്. അതുപോലെ മറ്റൊരു കര്‍ഷകന്റെ മാമ്പഴത്തോട്ടത്തിലെ മാവുകളെ മുഴുവന്‍ സീസണല്ലാത്ത കാലത്ത് പൂത്ത് കായ്പിടിക്കാന്‍ പര്യാപ്തമാക്കുന്നു. ദഹിപ്പിക്കാനായി ചിതയില്‍വെച്ച ഒരു വൃദ്ധന്‍ അദ്ദേഹത്തിന്റെ ചെറുമകന്റെ മുന്നില്‍വെച്ച് ഇമ ചിമ്മി കണ്‍തുറക്കുന്നു. ഇതെല്ലാം ഗ്രാമവാസികളെ ഭയചകിതരാക്കുന്നു. ഇതിലൂടെ ശാസ്ത്രചിന്തയോ അറിവോ എത്തിനോക്കിയിട്ടില്ലാത്ത (ഏതൊരു) ഉള്‍നാടന്‍ ഇന്ത്യന്‍ഗ്രാമത്തിന്റേയും സാമൂഹികവും സാംസ്‌കാരികവുമായ ജീര്‍ണ്ണാവസ്ഥയും കൂടിയാണ് റേ വെളിപ്പെടുത്താനാഗ്രഹിച്ചത്.

ഹോളിവുഡിലേക്ക്

1958-ലാണ് റേ ആദ്യമായി ഹോളിവുഡ് സന്ദര്‍ശിക്കുന്നത്. അപ്പോള്‍ മുതല്‍ക്കേ ഹോളിവുഡില്‍വെച്ച് ഒരു സിനിമ നിര്‍മ്മിക്കണം എന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 1964-ല്‍ പ്രശസ്ത ശാസ്ത്രകഥാകാരന്‍ ആര്‍തര്‍ സി. ക്ലര്‍ക്കുമായി നടത്തിയ കത്തിടപാടുകള്‍ ഈ ആഗ്രഹത്തിന് ജീവന്‍വെപ്പിച്ചു. കല്‍ക്കട്ടയില്‍ താനും ചില സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ഒരു സയന്‍സ് ഫിക്ഷന്‍ സിനിമാക്ലബ്ബിനെക്കുറിച്ച് പറയാനാണ് റേ ആദ്യമായി ആര്‍തര്‍ സി. ക്ലര്‍ക്കിനു കത്തെഴുതുന്നത്. ക്ലൂബ്ബിന് ആശംസകളര്‍പ്പിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. നേരില്‍ കാണുന്നത് പിന്നീട് ഹോളിവുഡില്‍വെച്ചായിരുന്നു. ക്ലര്‍ക്ക് 1951-ല്‍ എഴുതിയ ദ സെന്റിനെല്‍ (The Sentinel) അടക്കമുള്ള ആദ്യകാല ശാസ്ത്രകഥകളെ ആസ്പദമാക്കി സ്റ്റാന്‍ലി ക്യൂബ്രിക് എന്ന ഹോളിവുഡ് സംവിധായകന്‍ ഒരു സയന്‍സ്ഫിക്ഷന്‍ സിനിമ (Space Odyssey 2001) നിര്‍മ്മിക്കുന്നുണ്ടായിരുന്നു. ക്യൂബ്രിക്കും ക്ലര്‍ക്കും ചേര്‍ന്നായിരുന്നു അതിന് തിരക്കഥ തയ്യാറാക്കിയിരുന്നത്. അതുകൊണ്ട് ഏറെക്കാലം ക്ലര്‍ക്ക് ഹോളിവുഡില്‍ ഉണ്ടായിരുന്നു. റേ പറഞ്ഞ തീം അടിസ്ഥാനമാക്കിയുള്ള ഒരു സിനിമ നിര്‍മ്മിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി മൈക്ക് വില്‍സണ്‍ എന്ന ഒരു ഇടനിലക്കാരനെ ക്ലര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. മൈക്ക് വില്‍സണ്‍ അക്കാര്യത്തില്‍ വളരെയേറെ താല്പര്യം പ്രകടിപ്പിക്കുകയും റേ ഹോളിവുഡില്‍നിന്നും മടങ്ങിയ ശേഷം കല്‍ക്കട്ടയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്തു. റേയുടെ വസതിയില്‍ രണ്ടാഴ്ചയോളം തങ്ങിയ വില്‍സണ്‍ സന്ദേശിലെ ചെറുകഥയെ എത്രയും വേഗത്തില്‍ ഒരു തിരക്കഥയായി വികസിപ്പിക്കാന്‍ പ്രേരിപ്പിച്ചു. പൂര്‍ത്തിയായിക്കിട്ടിയ തിരക്കഥയെ വില്‍സണ്‍ തന്നെ നേരിട്ട് ഹോളിവുഡിലേക്ക് അയച്ചു. കൊളംബിയ പിക്ചേഴ്സിനെക്കൊണ്ട് തിരക്കഥ ഏറ്റെടുപ്പിക്കാന്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണെന്നാണ് വില്‍സണ്‍ പറഞ്ഞത്. എന്നാല്‍, കാര്യങ്ങള്‍ മുന്നോട്ടുപോയപ്പോള്‍ വില്‍സണിന്റെ പങ്കാളിത്തത്തെക്കുറിച്ചും അമിത താല്പര്യത്തെക്കുറിച്ചും റേയ്ക്ക് ചില സംശയങ്ങള്‍ ഉണ്ടായി. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും ഹോളിവുഡിലേക്ക് യാത്രചെയ്യാന്‍ തീരുമാനിച്ചത്.

അതിനിടെ തിരക്കഥ മൈക്ക് വില്‍സണ്‍ 90,000 ഡോളറിന് കൊളംബിയ പിക്ചേഴ്സിന് വിറ്റിരുന്നു. ഇതറിയാതെ, കൊളംബിയ പിക്ചേഴ്സുമായി റേ ചര്‍ച്ചകള്‍ ലക്ഷ്യം കണ്ടില്ല. എന്നാല്‍, അപ്പോഴും അദ്ദേഹം മൈക്ക് വില്‍സണെ പൂര്‍ണ്ണമായും അവിശ്വസിച്ചില്ല. 'ദ ഏലിയന്‍' എന്ന പേരില്‍ ചിത്രത്തിന്റെ നിര്‍മ്മാണം തുടങ്ങാന്‍പോവുന്നു എന്നാണ് വില്‍സണ്‍ റേയെ ധരിപ്പിച്ചിരുന്നതും. വില്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്നാണ് പറഞ്ഞിരുന്നത്. ആര്‍തര്‍ സി. ക്ലര്‍ക്ക് അല്പമൊക്കെ സാമ്പത്തികമായി സഹായിക്കും. അത്തരമൊരു ഉറപ്പ് ലഭിക്കുമ്പോള്‍ ആരും മറ്റു രീതിയില്‍ സംശയിക്കുമായിരുന്നില്ല എന്നാണ് റേ പിന്നീട് ഇതേക്കുറിച്ച് കല്‍ക്കട്ട സ്റ്റേറ്റ്സ്മാന്‍ എന്ന ന്യൂസ്പേപ്പറില്‍ എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞത്. എന്നാല്‍ അന്നും വില്‍സണിനെ പൂര്‍ണ്ണമായും വിശ്വസിക്കരുത് എന്ന് ബ്രിട്ടീഷ് നടിയും എഴുത്തുകാരിയുമായിരുന്ന മേരി സെറ്റണ്‍ (Marie Seton, 1910-1985) റേയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പില്‍ക്കാലത്ത് റേയുടെ ജീവിതചരിത്രം (Portrait of a Director: Satyait Ray) എഴുതിയ മേരി സെറ്റണ്‍ പറയുന്നതനുസരിച്ച്, വില്‍സണുമായുള്ള പങ്കാളിത്തം സിനിമ നില്‍ക്കുന്നതിനുള്ള മൂലധനം സ്വരൂപിക്കുന്നതില്‍ തന്നെ സഹായിക്കും എന്ന് റേ വിശ്വസിച്ചിരുന്നുവെന്നാണ്. സിനിമ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കണം എന്നാണ് റേ ആഗ്രഹിച്ചിരുന്നതത്രേ. ബംഗാളിയിലും ഇംഗ്ലീഷിലും ചിത്രം പുറത്തിറങ്ങണം എന്നും അദ്ദേഹം ആഗ്രഹിച്ചു. വിഷ്വല്‍ ഇഫക്ടുകള്‍ക്കു മാത്രം ഹോളിവുഡിനെ ആശ്രയിക്കാനായിരുന്നു തീരുമാനം. തീയേറ്ററിലെത്തുന്ന സിനിമയില്‍ ചില 'ഡയറക്ടേഴ്സ് കട്ടു'കള്‍ ഉള്‍പ്പെടുത്തി രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ വേദികളില്‍ പ്രദര്‍ശനത്തിനെത്തിക്കണമെന്നും റേ ആഗ്രഹിച്ചു. 1968 ജനുവരിയില്‍ ഷൂട്ടിങ്ങ് തുടങ്ങണം എന്നുപോലും തീരുമാനിച്ചു. കല്‍ക്കട്ടയില്‍നിന്നും അഞ്ചുമണിക്കൂര്‍ യാത്രചെയ്തു മാത്രം എത്തിച്ചേരാന്‍ കഴിയുന്ന ബോല്‍പൂര്‍ ആയിരുന്നു ലൊക്കേഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രശസ്ത ബ്രിട്ടീഷ് കൊമേഡിയന്‍ ആയിരുന്ന പീറ്റര്‍ സെല്ലേഴ്സ് (Peter Sellers, 1925-1980) അക്കാലത്ത് ദ പാര്‍ട്ടി (The Party, 1968) എന്ന ചിത്രത്തിന്റെ ഇന്ത്യയില്‍ വെച്ചു നടന്ന ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നു. രവി ശങ്കറിന്റെ വസതിയില്‍വെച്ച് പീറ്റര്‍ സെല്ലേഴ്സിനെ കാണാനിടയായ റേ, അദ്ദേഹത്തെ തന്റെ സിനിമയിലെ ധനാഢ്യനായ വ്യവസായി ബജോറിയയുടെ വേഷം ചെയ്യാന്‍ യോജിച്ച ആളായി കണ്ടു. 1967 മേയില്‍, റേയ്ക്ക് ഹോളിവുഡില്‍നിന്നും ഒരു കമ്പിസന്ദേശം ലഭിച്ചു. കൊളംബിയ പിക്ചേഴ്സ് 'ദ ഏലിയന്‍' (The Alien) നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ പൂര്‍ണ്ണസമ്മതം അറിയിക്കുന്നു. റേയ്ക്ക് ഡയറക്ടര്‍ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാം. മര്‍ലൊണ്‍ ബ്രാന്‍ഡൊ (Marlon Brando, 1924-2004), സ്റ്റീവ് മക്ക്വീന്‍ (Steve McQueen, 1930-1980) എന്നിവര്‍ മുന്‍നിര റോളുകള്‍ കൈകാര്യം ചെയ്യും. സ്പെഷ്യല്‍ ഇഫക്ട്സ് സോള്‍ ബാസ് (Saul Bass, 1920-1996) നിര്‍വ്വഹിക്കും. പക്ഷേ, മൈക്ക് വില്‍സണ്‍ പൊടുന്നനെയെന്നോണം സിനിമ പ്രൊഡ്യൂസ് ചെയ്യുന്നതില്‍നിന്നും പിന്‍മാറി. തന്ത്രപരമായി കാര്യങ്ങള്‍ നീക്കി പരിചയമുള്ള ആളായിരുന്നില്ല സത്യജിത് റേ. തിരക്കഥ തല്‍ക്കാലം അലമാരയില്‍ വെച്ചുപൂട്ടാനേ നിവൃത്തിയുള്ളൂ എന്ന വില്‍സണിന്റെ വാക്കിനെ തിരുത്താന്‍ അദ്ദേഹത്തിനായില്ല. അദ്ദേഹം കൊളംബിയ പിക്ചേഴ്സുമായി കരാറൊപ്പിടാതെ കല്‍ക്കട്ടയിലേക്കു മടങ്ങി. പക്ഷേ, അങ്ങനെ ചെയ്യുന്നതിലൂടെ സംഭവിക്കാവുന്ന കുഴപ്പങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കൊളംബിയ പിക്ചേഴ്സിന്റെ ബ്രിട്ടീഷ് സ്പിന്‍ഓഫ് ആയ കൊളംബിയ പിക്ചേഴ്സ് യു.കെ. 'ദ ഏലിയന്‍' പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നു എന്നറിഞ്ഞ് റേ 1967 ഒക്ടോബറില്‍ ലണ്ടനിലേക്കു പോയി. സിനിമയില്‍ ജോ ഡെവ്ലിന്‍ എന്ന അമേരിക്കന്‍ എന്‍ജിനീയറുടെ വേഷം ചെയ്യാന്‍ പരിഗണിച്ചിരുന്ന മര്‍ലൊണ്‍ ബ്രാന്‍ഡൊയ്ക്കു പകരം ആ വേഷം ചെയ്യാന്‍ ജെയിംസ് കോബേണ്‍ (James Coburn, 1928-2002) തയ്യാറാവുമോ എന്നറിയുകയും അദ്ദേഹത്തിന്റെ ഉദ്ദേശ്യമായിരുന്നു. പീറ്റര്‍ സെല്ലേഴ്സിനെ ഒന്നുകൂടി കാണുന്നതിനും അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, ചര്‍ച്ചകള്‍ ഫലം കണ്ടില്ല.

മാത്രമല്ല, ഒരു മുറിയില്‍ ഒറ്റയ്ക്കായപ്പോള്‍ കൊളംബിയ പിക്ചേഴ്സിന്റെ പ്രതിനിധി, വില്‍സണ്‍ കൈപ്പറ്റിയിരുന്ന അഡ്വാന്‍സ് തുകയായ 10,000 ഡോളറില്‍ സത്യജിത് റേയുടെ പങ്ക് കൈപ്പറ്റിയിരുന്നോ എന്ന് തിരക്കി. അപ്പോഴാണ് താന്‍ കബളിക്കപ്പെട്ടിരിക്കുന്നു എന്നും വില്‍സണ്‍ ഒരു തട്ടിപ്പുകാരനായിരുന്നുവെന്നും റേയ്ക്ക് ബോധ്യമായത്. അങ്ങനെയൊരു അഡ്വാന്‍സ് തുകയെക്കുറിച്ചുപോലും റേ അറിഞ്ഞിട്ടില്ലായിരുന്നു. അതേസമയം റേ എഴുതിയ തിരക്കഥയുടെ അനവധി പകര്‍പ്പുകള്‍ രഹസ്യമായും പരസ്യമായും പ്രചരിച്ചുകഴിഞ്ഞിരുന്നു. മാത്രമല്ല, അവയിലെല്ലാം ഇങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നത്: ''പകര്‍പ്പവകാശം: മൈക്ക് വില്‍സണ്‍, സത്യജിത് റേ''. തിരക്കഥ ആരും മോഷ്ടിച്ച് സിനിമയാക്കാതിരിക്കാനാണ് തന്റെ പേര് ഉള്‍ക്കൊള്ളിച്ചത് എന്നതായിരുന്നു മൈക്ക് വില്‍സണിന്റെ ന്യായീകരണം. എന്നാല്‍, കൊളംബിയ പിക്ചേഴ്സ് അപ്പോഴും റേയുടെ പക്ഷത്തായിരുന്നു. 'ദ ഏലിയന്‍' നിര്‍മ്മിക്കാം എന്നുതന്നെയാണ് അവര്‍ അപ്പോഴും പറഞ്ഞിരുന്നത്. പക്ഷേ, മൈക്ക് വില്‍സണിനെ ഒഴിവാക്കണം. എന്നാല്‍, അത് സാധ്യമാവുന്നതല്ല എന്ന് അധികം വൈകാതെ തന്നെ റേയ്ക്ക് മനസ്സിലായി. തനിക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന റോള്‍ വളരെ ചെറുതാണെന്നും അതുകൊണ്ട് പിന്‍മാറുന്നുവെന്നും പറഞ്ഞുകൊണ്ടുള്ള പീറ്റര്‍ സെല്ലേഴ്സിന്റേതായി വന്ന കത്ത് വീണ്ടും തിരിച്ചടിയായി. പീറ്ററിനെ തിരിച്ചുപിടിക്കാനായി റേ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. റേയും വില്‍സണും തമ്മില്‍ നല്ല അകല്‍ച്ചയിലായിരുന്നുവെങ്കിലും അവസാനം ഒരു കത്ത് റേയെ തേടിയെത്തി. പക്ഷേ, അതില്‍ ഇങ്ങനെയാണ് എഴുതിയിരുന്നത്: 'Dear Ravana, you may keep Seetha. She's yours, keep her and make her and the world happy' (പ്രിയപ്പെട്ട രാവണന്‍, അങ്ങ് സീതയെ കൈവശം വെച്ചുകൊള്ളൂ. സീത അങ്ങയുടേതാണ്. അവളേയും ഈ ലോകത്തേയും സന്തോഷിപ്പിക്കുക). ചുരുക്കത്തില്‍ റേയുടെ സ്വപ്നമായിരുന്ന 'ദ ഏലിയന്‍' നിര്‍മ്മിക്കപ്പെട്ടില്ല. അത് എന്നന്നേയ്ക്കുമായി പേപ്പറിലുറങ്ങി. 1968 ജൂലൈയില്‍ കൊളംബിയ പിക്ചേഴ്സില്‍നിന്നും തിരക്കഥയുടെ ഒറിജിനല്‍ നഷ്ടപ്പെടുകയും ചെയ്തു.

സ്പീല്‍ബെര്‍ഗിന്റെ സിനിമ

1982 ഓഗസ്റ്റ്-സെപ്റ്റംബറിലെ വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ റേ ഭാര്യാസമേതം പങ്കെടുത്തിരുന്നു. അകിരാ കുറാസോവ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം ഏറ്റുവാങ്ങാനായിരുന്നു അത്. അപ്പോള്‍ അവിടെ സ്പീല്‍ബെര്‍ഗിന്റെ ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു: ഇ.റ്റി: ദ എക്സ്ട്രാ ടെറിസ്ട്രിയല്‍ (E.T: The Extra Terrestrial). വളരെ യാദൃച്ഛികമായി അത് കാണാനിടയായ റേയ്ക്ക് അതിലെ അന്യഗ്രഹജീവിയുടെ രൂപവും സ്വഭാവവും താന്‍ വിഭാവനം ചെയ്തതിനോട് വളരെയധികം സാദൃശ്യം പുലര്‍ത്തുന്നതായി തോന്നി. കുട്ടികളോട് പ്രതിപത്തിയുള്ളതായിട്ടും അവരുമായി ചങ്ങാത്തം കൂടുന്നതായിട്ടുമാണ് അന്യഗ്രഹജീവിയെ അവതരിപ്പിച്ചിരുന്നത്. അതിന്ദ്രീയജ്ഞാനവും അഭൗമമായ കഴിവുകളും മനുഷ്യന്റെ ധിക്ഷണാശക്തിക്കും മുകളിലായ ബുദ്ധിയും സ്പീല്‍ബെര്‍ഗിന്റെ ഇ.റ്റിക്കും ഉണ്ടായിരുന്നു. തിരക്കഥയോടൊപ്പം റേ സ്‌കെച്ചുകളും വരച്ചിരുന്നു. പക്ഷേ, സ്പീല്‍ബെര്‍ഗ് അത് അതേപടി പകര്‍ത്തിയിരുന്നില്ല. റേ വരച്ച ഇ.റ്റിക്ക് കണ്ണുകള്‍ ഇല്ലായിരുന്നു. കണ്ണിനു പകരം രണ്ട് കറുത്ത കുഴികളാണ് റേ സങ്കല്പിച്ചത്. മനുഷ്യര്‍ക്ക് അപ്രാപ്യമായ കാഴ്ചകള്‍ കാണാന്‍ കഴിയുന്നതിനാല്‍ മനുഷ്യരുടേതുപോലുള്ള കണ്ണുകള്‍ വേണ്ട എന്ന് റേ കരുതി. സ്വഭാവത്തിന്റെ കാര്യത്തില്‍ റേ തന്റെ ഭാവനാസൃഷ്ടിയില്‍ കൂടുതലായി തമാശ നിറയ്ക്കാനാണ് തീരുമാനിച്ചത്. നേരമ്പോക്ക് സൃഷ്ടിക്കുന്ന തരത്തിലായിരുന്നു അത് പെരുമാറിയിരുന്നത്. എന്നാല്‍, സ്പീല്‍ബെര്‍ഗ് വളരെ സംവേദനക്ഷമതയാര്‍ന്ന, വികാരങ്ങളുള്ള, നിഷ്‌കളങ്കനായ ഒരു ജീവിയെയാണ് സൃഷ്ടിച്ചത്. ഭൂമിയിലുള്ള എന്തിനോടും അനുതാപപൂര്‍ണ്ണമായ സമീപനമാണ് അതിനുണ്ടായിരുന്നത്. തന്റെ കഴിവുകള്‍ ഉപയോഗിച്ച് ആരേയും അലോസരപ്പെടുത്താന്‍ സ്പീല്‍ബെര്‍ഗിന്റെ ഇ.റ്റി ആഗ്രഹിച്ചിരുന്നില്ല. ഇത്രയും പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സ്പീല്‍ബെര്‍ഗിനോട് തന്റെ തിരക്കഥയോടും പാത്രസൃഷ്ടിയോടുമുള്ള സാമ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റേ തുടക്കത്തില്‍ തയ്യാറായിരുന്നില്ല. ഫെസ്റ്റിവല്‍ വേദിയില്‍ സ്പീല്‍ബെര്‍ഗ് സിനിമ ചര്‍ച്ചയായതുമില്ല. അതുകൊണ്ട് അദ്ദേഹം മടങ്ങി.

1982-ലാണ് കൊളംബിയ പിക്ചേഴ്സ് ഇ.റ്റി: ദ എക്സ്ട്രാ ടെറിസ്ട്രിയല്‍ റിലീസ് ചെയ്തതെങ്കിലും 1983 ജനുവരിയിലാണ് ആര്‍തര്‍ സി. ക്ലര്‍ക്ക് അത് കാണുന്നത്. ചില സീനുകളുടെ കാര്യത്തില്‍പ്പോലും സാമ്യത ദര്‍ശിച്ച ക്ലര്‍ക്ക് റേയ്ക്ക് ഫോണ്‍ ചെയ്തു. റേയുടെ തിരക്കഥ സ്പീല്‍ബെര്‍ഗ് അതേപടി കോപ്പിയടിച്ചിരിക്കുന്നു; പക്ഷേ, പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന തരത്തില്‍! ''വിട്ടുകൊടുക്കരുത്...'' എന്ന ക്ലര്‍ക്കിന്റെ ഉപദേശപ്രകാരം റേ നേരിട്ടുതന്നെ സ്പീല്‍ബെര്‍ഗിന് കത്തെഴുതി. തന്റെ തിരക്കഥ കാണാതെ ഇ.റ്റി: ദ എക്സ്ട്രാ ടെറിസ്ട്രിയല്‍ എന്ന സിനിമ നിര്‍മ്മിക്കുക അസാധ്യമാണെന്നായിരുന്നു കത്തിന്റെ ചുരുക്കം. എന്നാല്‍, സ്പീല്‍ബെര്‍ഗ് അപ്പോള്‍ മാത്രമല്ല, പിന്നീട് പല തവണയായും എന്തെങ്കിലും തരത്തിലുള്ള കോപ്പിയടിക്കുള്ള സാധ്യത പൂര്‍ണ്ണമായും നിരാകരിച്ചു. റേയുടെ തിരക്കഥ ആദ്യമായി ഹോളിവുഡിലെത്തുമ്പോള്‍ താന്‍ വെറുമൊരു ഹൈസ്‌കൂള്‍ സ്റ്റുഡന്റ് മാത്രമായിരുന്നുവെന്നായിരുന്നു സ്പീല്‍ബെര്‍ഗിന്റെ വാദം; അതൊരു കളവായിരുന്നുവെങ്കിലും. 1965-ല്‍ സ്പീല്‍ബെര്‍ഗ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തീകരിച്ചിരുന്നു. 1967-ല്‍, റേ ഹോളിവുഡ് സന്ദര്‍ശിക്കുമ്പോള്‍ സ്പീല്‍ബെര്‍ഗ്, യൂണിവേഴ്സല്‍ സ്റ്റുഡിയോസിനുവേണ്ടി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചുകഴിഞ്ഞിരുന്നു. 1969 ആയപ്പോഴേക്കും അദ്ദേഹം ഹോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍നിര സംവിധായകരിലൊന്നായി മാറിക്കഴിഞ്ഞിരുന്നു. സ്പീല്‍ബെര്‍ഗ് റേയുടെ തിരക്കഥ കണ്ടിരുന്നു, പഠിച്ചിരുന്നു എന്നത് വ്യക്തമായിരുന്നു, പക്ഷേ, അത് സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല എന്നു മാത്രം.

എന്നാല്‍, സ്പീല്‍ബെര്‍ഗ് പറയുന്നത് പൂര്‍ണ്ണമായും അവിശ്വസിക്കാനും കഴിയാത്ത സ്ഥിതിയാണ്. കാരണം, പറക്കുംതളികയും അന്യഗ്രഹജീവികളും കഥാപാത്രമായി വരുന്ന ഒരു സിനിമ 1977-ല്‍ത്തന്നെ അദ്ദേഹം നിര്‍മ്മിച്ചിരുന്നു: ക്ലോസ് എന്‍കൗണ്ടേഴ്സ് ഓഫ് ദ തേര്‍ഡ് കൈന്‍ഡ് (Close Encounters of the Third Kind). ഇത്തരമൊരു സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ച ബാല്യകാല അനുഭവത്തെക്കുറിച്ച് സ്പീല്‍ബെര്‍ഗ് ഒരിക്കല്‍ വിശദീകരിക്കുകയുണ്ടായി. അഞ്ചോ ആറോ വയസുള്ളപ്പോള്‍ പിതാവ് അദ്ദേഹത്തിന്റെ മുറിയിലേക്ക് കടന്നെത്തി, ഉറങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു അത്ഭുതക്കാഴ്ച കാണാം എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയുണ്ടായി. ഏകദേശം ഇരുപതു മിനിട്ടോളം ഡ്രൈവുചെയ്തശേഷം അവര്‍ ഒരു വലിയ മൈതാനത്തിലെത്തി. അവിടെ ആയിരക്കണക്കിന് ആളുകള്‍ ആകാശത്തുതന്നെ മിഴിയുറപ്പിച്ച് നിലനിന്നിരുന്നു. അവര്‍ എന്തിനെയാണ് നോക്കി നില്‍ക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല. പിന്നീടാണ് ആകാശത്തുനിന്ന് എണ്ണിയാലൊടുങ്ങാത്ത പ്രകാശരേണുക്കള്‍ ചിതറിത്തെറിച്ച് എരിഞ്ഞൊടുങ്ങുന്നത് കാണാനായത്. കൊള്ളിമീനുകളുടെ ഒരു പ്രവാഹം ആയിരുന്നു അത്. ഒരിക്കലും മറക്കാനാവാത്ത ഈ കാഴ്ചയില്‍ നിന്നുമാണ് ക്ലോസ് എന്‍കൗണ്ടേഴ്സ് ഓഫ് ദ തേര്‍ഡ് കൈന്‍ഡ് പിറന്നതെന്ന് സ്പീല്‍ബെര്‍ഗ് പറയുന്നു. അന്നേ അങ്ങനെയൊരു ചിന്താദീപ്തി, അന്യമായ മറ്റൊരു ലോകത്തിലേക്കുള്ള ഒരു ജനാലച്ചില്ല് തുറന്നുകണ്ടതിലെ ഉന്മാദം തന്നെ ബാധിച്ചിരുന്നതായി അദ്ദേഹം പറയുന്നു.

കൊള്ളിമീനുകളുടെ ഈ അപരിചിത ലോകത്തില്‍നിന്നും നമ്മളെ തേടി അതിഥികള്‍ എത്തിയാലോ എന്ന ചിന്ത അന്നേ വിടര്‍ന്നിരുന്നതായി അദ്ദേഹം ഓര്‍ക്കുന്നു. അത് പിന്നെ കഥയും തിരക്കഥയും സിനിമയുമെല്ലാമായത് തന്റെ പ്രൊഫഷന്റെ ഏതെല്ലാമോ സന്ദിഗ്ദ്ധാവസ്ഥകളില്‍. അവയ്ക്കിടയില്‍ സത്യജിത് റേ ഇല്ലായിരുന്നു എന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. അക്കാര്യത്തില്‍ തനിക്ക് എന്തെങ്കിലും കടപ്പാടുണ്ടെങ്കില്‍ അത് തന്റെ പിതാവിനോടായിരിക്കുമെന്നും സ്പീല്‍ബെര്‍ഗ് പറയുന്നു. ഭൗമേതരമായ ജീവികളും സംസ്‌കാരവും നിലനില്‍ക്കുന്നുണ്ടെങ്കില്‍ത്തന്നെ അവര്‍ മനുഷ്യരില്‍നിന്നും എന്തായിരിക്കും ആഗ്രഹിക്കുകയെന്ന് താന്‍ തന്നെ തീരുമാനിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അതായിരുന്നു ഇ.റ്റി: ദ എക്സ്ട്രാ ടെറിസ്ട്രിയലിനെ വ്യത്യസ്തമാക്കിയതും. അന്‍പതുകളിലും അറുപതുകളിലും നിര്‍മ്മിക്കപ്പെട്ട ഏലിയന്‍ സിനിമകള്‍ പോലെ ആയിരുന്നില്ല അത്. വിവാഹമോചനം നേടി പിരിഞ്ഞുപോയ മാതാവിന്റെ അസാന്നിധ്യമുള്ള കുടുംബത്തിലായിരുന്നു താന്‍ വളര്‍ന്നത്. ഇ.റ്റി: ദ എക്സ്ട്രാ ടെറിസ്ട്രിയലില്‍ നാം കാണുന്ന കുടുംബവും സമാനമായ കുഴപ്പങ്ങളില്‍നിന്നും സ്വയം രക്ഷപ്രാപിക്കാന്‍ ശ്രമിക്കുന്നതാണ്. പക്ഷേ, അതിനിടയില്‍ വന്നുചേരുന്ന ചില യാദൃച്ഛികതകള്‍ വളരെ അസ്വാഭാവികമായിപ്പോയി എന്നുമാത്രം. സ്പീല്‍ബെര്‍ഗ് ഇത്തരത്തില്‍ സ്വയം ന്യായീകരിക്കുമ്പോഴും, അയലാന്‍ വരെ എത്തിനില്‍ക്കുന്ന ഏലിയന്‍ സിനിമകളുടെ ചരിത്രം, ''അന്യഗ്രഹജീവികള്‍ ശത്രുക്കളല്ല അവര്‍ ആഗ്രഹിക്കുന്നത് ശത്രുതയുമല്ല, സൗഹൃദമാണ്...'' എന്ന സന്ദേശമുയര്‍ത്തിയ സത്യജിത് റേയോട് ലോകം വേണ്ടത്ര കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്.

സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്
സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്
സത്യജിത് റേ
ഫലവത്താകുമോ ഇന്ത്യ മുന്നണി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com