എ.രാമചന്ദ്രന്റെ നടക്കാത്ത സ്വപ്നം

കേരളത്തില്‍ ചിത്രശില്‍പ്പശേഖരങ്ങളുടെ മ്യൂസിയം എന്ന നടക്കാത്ത സ്വപ്നം അവശേഷിപ്പിച്ചാണ് രാമചന്ദ്രന്‍ യാത്രയായത്
എ.രാമചന്ദ്രന്‍
എ.രാമചന്ദ്രന്‍

പ്രമുഖ ആർട്ട് ക്യൂറേറ്റർ സാറാ ഏബ്രഹാമിന്റെ ബാംഗ്ലൂരിലെ വസതിയിൽവെച്ചാണ്, തൊണ്ണൂറുകളുടെ മധ്യത്തിൽ എ. രാമചന്ദ്രൻ എന്ന വിഖ്യാത ചിത്രകാരനെ പരിചയപ്പെടുന്നത്. അപ്പോൾ നഗരത്തിലെ പ്രമുഖ ഗാലറിയിൽ കലായാത്രയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദർശനം നടക്കുന്നുണ്ടായിരുന്നു. അന്നത്തെ ആ അഭിമുഖം പിന്നീട് വിവിധയിടങ്ങളിലൂടെ സൗഹൃദത്തിന്റെ

വിശാലസ്ഥലികളായി വളർന്നു. ആ മഹാനായ കലാകാരന്റെ മുന്‍പിൽ വിനീതനും വിസ്മയഭരിതനുമായി നിരവധി തവണ ഇരുന്നു. കല, സാഹിത്യം, സംഗീതം, രാഷ്ട്രീയം തുടങ്ങി നിരവധി വിഷയങ്ങൾ സംസാരിച്ചു. തിരുവനന്തപുരത്ത് വഴുതക്കാട് കോട്ടൺ ഹിൽഹൈറ്റ്‌സിലെ

ഫ്ലാറ്റിൽ വെച്ചായിരുന്നു അധികം സംഭാഷണങ്ങളും നടന്നത്. പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്, അദ്ദേഹത്തെക്കാൾ പ്രായം, അനുഭവം, ധിഷണ തുടങ്ങിയ കാര്യങ്ങളിൽ എത്രയോ പിന്നിലുള്ള എന്നോട് ഇത്രയേറെ സൗഹൃദവും സന്തോഷവും പ്രകടിപ്പിച്ചതെന്ന്. ഓരോ സന്ദർശനം കഴിയുമ്പോഴും സ്വന്തം കലയെക്കുറിച്ചുള്ള പഠനങ്ങൾ അടങ്ങിയ പുസ്തകങ്ങൾ സമ്മാനമായി തരുമായിരുന്നു.

Bhanajn mandal of Dhowraji series
Bhanajn mandal of Dhowraji series
രാമചന്ദ്രന്റെ വിഖ്യാത ചിത്രപരമ്പരകൾ, യയാതി, പുരൂരവസ്സ് തുടങ്ങിയവ. ഇന്ത്യൻ ഇതിഹാസങ്ങളില്‍നിന്നും പുരാണങ്ങളിൽനിന്നും ആശയം ഉൾക്കൊണ്ടവയാണ്. അവയുടെ ചിത്ര പുനാരാഖ്യാനങ്ങളോ ആന്തരിക അന്വേഷണങ്ങളോ ആണ്.

തിരുവനന്തപുരത്തെ യൗവ്വനകാല ജീവിതമാണ് രാമചന്ദ്രനിലെ കലാവ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്. ഗുപ്തൻ നായർ, എൻ. കൃഷ്ണപിളള തുടങ്ങിയ അദ്ധ്യാപകരുടെ ക്ലാസ്സുകൾ രാമചന്ദ്രനിലെ കലാസ്വാദനത്തെ പ്രകാശിപ്പിച്ചു. ജി. അരവിന്ദൻ, എൻ. മോഹൻ തുടങ്ങിയവരുമായുള്ള സൗഹൃദവും രാമചന്ദ്രന്റെ കലാസാഹിത്യ സമീപനങ്ങളെ സ്വാധീനിച്ചു. സാഹിത്യവും സംഗീതവും ആ യൗവ്വനകാല ജീവിതത്തിന്റെ ഭാഗമായിരുന്നു. പിന്നീട് മലയാള സാഹിത്യപഠനം വിട്ട് കലയുടെ ലോകത്തേക്കെത്തി. പലപ്പോഴും ഞങ്ങളുടെ സംഭാഷണങ്ങൾക്കിടയിൽ ജി. അരവിന്ദൻ കടന്നുവരുമായിരുന്നു. അരവിന്ദനായിരുന്നു, എ. രാമചന്ദ്രന്റെ ആത്മശാലയിലെ പ്രസന്ന പ്രകാശം. സ്വാതന്ത്ര്യാനന്തര കാലത്ത് രൂപപെട്ടുവന്ന സാമൂഹിക രാഷ്ട്രീയാവബോധത്തിൽനിന്നാണ് രാമചന്ദ്രന്റെ കലാ ബോധ്യങ്ങൾ രൂപപ്പെട്ടുവരുന്നത്. സാഹിത്യം, കല, സിനിമ തുടങ്ങി ഓരോന്നിലും പ്രത്യക്ഷമായ ആധുനിക പരിപ്രേക്ഷ്യങ്ങളെ സ്വീകരിക്കാനും പുനഃസൃഷ്ടിക്കാനും ശ്രമിച്ചിരുന്ന യുവത്വത്തിന്റെ ജീവിത പശ്ചാത്തലമായിരുന്നു രാമചന്ദ്രന്റേതും. പാശ്ചാത്യ ആധുനികതയോടും കേരളീയ പാരമ്പര്യത്തോടും ഒരുപോലെ ആഭിമുഖ്യം പുലർത്തിയിരുന്നു. മാത്രമല്ല, രാഷ്ട്രീയത്തിന്റെ ആന്തരിക സമസ്യകളോട് സജീവമായി പ്രതികരിച്ചിരുന്നു. അരവിന്ദൻ, രാമചന്ദ്രൻ തുടങ്ങിയവരുടെ കലാസൃഷ്ടികളിൽ അത് പ്രത്യക്ഷമാണ്. അരവിന്ദന്റെ ഉത്തരായണം അതിന്റെ സാക്ഷ്യമാണ്. രാമചന്ദ്രന്റെ കലയിലും അതിന്റെ തുടർച്ചകൾ ഉണ്ട്. അവസാനകാലത്തെ ഗാന്ധി ചിത്രങ്ങളിൽവരെ അതിന്റെ പ്രതിഫലനങ്ങൾ ഉണ്ട്.

രാമചന്ദ്രന്റെ വിഖ്യാത ചിത്രപരമ്പരകൾ, യയാതി, പുരൂരവസ്സ് തുടങ്ങിയവ. ഇന്ത്യൻ ഇതിഹാസങ്ങളില്‍നിന്നും പുരാണങ്ങളിൽനിന്നും ആശയം ഉൾക്കൊണ്ടവയാണ്. അവയുടെ ചിത്ര പുനാരാഖ്യാനങ്ങളോ ആന്തരിക അന്വേഷണങ്ങളോ ആണ്. എന്നാൽ, അത് പരമ്പരാഗത കലാശൈലികളെ നിരാകരിക്കുകയും ആധുനിക രചനാസാധ്യതകളെ സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളിൽ സ്വാഭാവികമായി സംഭവിക്കാവുന്ന മതാത്മക ലാവണ്യശാസ്ത്ര സ്വാധീനം ഇവിടെ പ്രത്യക്ഷമാവുന്നില്ല. ആധുനിക കലയിലെ പുതിയ ലാവണ്യാനുഭവമായി അതു മാറി. ഇന്ത്യൻ കലയിലെത്തന്നെ സവിശേഷ ചരിത്രമാണ് ഈ ചിത്രപരമ്പരകൾ എന്നു വിലയിരുത്താം.

എ. രാമചന്ദ്രനും ഭാര്യ ചമേലിയും
എ. രാമചന്ദ്രനും ഭാര്യ ചമേലിയും
മനുഷ്യരെ മാത്രമല്ല, ഇന്ത്യൻ പ്രകൃതിയേയും രാമചന്ദ്രൻ കലയിലൂടെ കണ്ടെത്തി. രാജസ്ഥാൻ പ്രകൃതിയുടെ അസാധാരണ സൗന്ദര്യം പകർത്തിവച്ചു. പ്രകൃതിയെ അതിന്റെ നൈസർഗ്ഗിക ജീവിതച്ഛായയിൽ പകർത്തുകയാണ് രാമചന്ദ്രൻ ചെയ്തത്.

അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതസന്ദര്‍ഭങ്ങള്‍

രാം കിങ്കറുടെ ശിഷ്യനായിരുന്ന രാമചന്ദ്രൻ, ആ ജീനിയസ്സിന്റെ കലാജീവിത സമീപനങ്ങളാണ് പുതിയ അന്വേഷണങ്ങളിലൂടെ മൂന്നോട്ടുകൊണ്ടുപോയത്. അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതവിതാനങ്ങൾക്കാണ് രാമചന്ദ്രൻ പ്രാമുഖ്യം നൽകിയത്. മനുഷ്യാകാരങ്ങളേയും അവരുടെ ജീവിതവിനിമയങ്ങളേയും സാമൂഹിക സമീപനങ്ങളേയും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ശാന്തിനികേതനിലെ കലാപഠനം, കേവല വിദ്യാഭ്യാസത്തിനപ്പുറം കാഴ്ചപ്പാടുകൾ രൂപീകരിക്കാനുള്ള സന്ദർഭം കൂടിയായി മാറി. ഇന്ത്യൻ ജീവിതത്തേയും പ്രത്യേകിച്ച് ഗ്രാമീണ ജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ തലങ്ങളെ അടുത്തറിയാനുള്ള ശ്രമങ്ങൾ രാമചന്ദ്രൻ നടത്തി. ഉത്തരേന്ത്യയിലെ ഗ്രാമീണരോടൊപ്പം ജീവിച്ചുകൊണ്ടാണ് അവരുടെ ജീവിതസന്ദർഭങ്ങൾ പകർത്തിയത്. രാജസ്ഥാനിലെ ഗ്രാമങ്ങളിൽ എത്രയോ ദിവസങ്ങൾ ജീവിച്ചുകൊണ്ടാണ് ആ ജീവിതരേഖകൾ കൊരുത്തെടുത്തത്. സമകാലികരായ ആധുനിക ഇന്ത്യൻ ചിത്രകാരന്മാരിൽ പലരും താന്ത്രിക്ക് കലയുടേയും ആത്മീയാനുഭവങ്ങളുടേയും ഇടങ്ങൾ അന്വേഷിച്ചപ്പോഴാണ്, മനുഷ്യജീവിതത്തിന്റെ അനുഭവസ്ഥലികളിലേക്ക് രാമചന്ദ്രൻ സഞ്ചരിച്ചത്. കലയുടേയും ജീവിതത്തിന്റേയും പാരസ്പര്യം, അതിന്റെ ആഴങ്ങളിലും യാഥാർത്ഥ്യത്തിലും സൃഷ്ടിക്കാനാണ് രാമചന്ദ്രൻ ശ്രമിച്ചത്. ഇന്ത്യൻ ചിത്രകലയിൽ രാമചന്ദ്രന്റെ കലാവ്യക്തിത്വത്തെ അനന്യമാക്കുന്നത് ഈ സവിശേഷതയാണ്.

മനുഷ്യരെ മാത്രമല്ല, ഇന്ത്യൻ പ്രകൃതിയേയും രാമചന്ദ്രൻ കലയിലൂടെ കണ്ടെത്തി. രാജസ്ഥാൻ പ്രകൃതിയുടെ അസാധാരണ സൗന്ദര്യം പകർത്തിവച്ചു. പ്രകൃതിയെ അതിന്റെ നൈസർഗ്ഗിക ജീവിതച്ഛായയിൽ പകർത്തുകയാണ് രാമചന്ദ്രൻ ചെയ്തത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സവിശേഷ വിനിമയത്തിന്റെ സാധ്യതകളാണ് ആ ചിത്രപരമ്പരകളിൽ കാണുന്നത്.

ജി.അരവിന്ദന്‍
ജി.അരവിന്ദന്‍
അറുപതുകളിൽ തുടങ്ങുന്ന രാമചന്ദ്രന്റെ കലാജീവിതം, ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക സംഘർഷ സന്ദർഭങ്ങളിലൂടെയാണ് കടന്നുപോയത്. ആ സന്ദർഭങ്ങൾ ആ കലാവ്യക്തിത്വത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഓരോ ചിത്രങ്ങളിലും സ്വന്തം സാന്നിധ്യം രാമചന്ദ്രൻ സൃഷ്ടിക്കുന്നു. ചിത്രകാരന്റെ ശിരസ്സിന്റെ മുദ്ര നിരവധി ചിത്രങ്ങളിലുണ്ട്, വർണ്ണങ്ങൾക്കും വരകൾക്കുമിടയിലൂടെ കലാകാരൻ സ്വന്തം അസ്തിത്വത്തെ അന്വേഷിക്കുന്ന അസാധാരണ അനുഭവങ്ങളാണ് കാണുന്നത്. രാമചന്ദ്രൻ എന്ന കലാവ്യക്തിത്വത്തെ ചിത്രങ്ങളുടെ പ്രതലങ്ങളിലൂടെ തന്നെ വായിച്ചെടുക്കാനാവും.

അറുപതുകളിൽ തുടങ്ങുന്ന രാമചന്ദ്രന്റെ കലാജീവിതം, ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക സംഘർഷ സന്ദർഭങ്ങളിലൂടെയാണ് കടന്നുപോയത്. ആ സന്ദർഭങ്ങൾ ആ കലാവ്യക്തിത്വത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യൻ ജീവിതത്തിന്റെ പരിണാമങ്ങൾ സൂക്ഷ്മമായിത്തന്നെ തിരിച്ചറിഞ്ഞിരുന്നു. കലയുടെ രാഷ്ട്രീയവും രാഷ്ട്രീയത്തിന്റെ കലാസാധ്യതകളും മനസ്സിലാക്കിയിരുന്നു. രാഷ്ട്രീയത്തിലൂടെയും ചരിത്രത്തിലൂടെയും മിത്തുകളിലൂടെയുമാണ് കലയിലെ നിരന്തരാന്വേഷണങ്ങൾ സാധ്യമാക്കിയത്. രാമചന്ദ്രന്റെ ഗാന്ധി പരമ്പര, എല്ലാ അർത്ഥത്തിലും ആഴത്തിലുമുള്ള രാഷ്ട്രീയ പ്രസ്താവനകളാണ്. വർത്തമാനകാല ഇന്ത്യൻ സമൂഹത്തിലേക്കുള്ള ഗാന്ധിജിയുടെ ഉയിർത്തെഴുന്നേൽപ്പ്, കലയിലൂടെ സൃഷ്ടിക്കുകയാണ് രാമചന്ദ്രൻ ചെയ്തത്.

കേരളത്തിൽനിന്ന് ഇന്ത്യൻ കലാചരിത്രത്തിലേക്കു നടന്നുകയറിയ രാമചന്ദ്രൻ, മലയാളിയേയും കേരളത്തേയും ഉപേക്ഷിച്ചില്ല. വർഷാന്ത്യത്തിൽ അവധിക്കാല വിശ്രമത്തിനായി തിരുവനന്തപുരത്തെത്തുന്ന രാമചന്ദ്രൻ നഗരത്തിലെ പുസ്തകക്കടകളിൽ കയറി, സമകാലിക സാഹിത്യരചനകൾ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടുണ്ട്.

ജന്മദേശമായ ആറ്റിങ്ങലിൽ സ്വന്തം വീട് തേടിപ്പോയി വ്യഥിതനായി ക്ഷേത്രനടയിൽ ഇരുന്നത് ഇപ്പോഴും ഓർക്കുന്നു. ജീവിതത്തിന്റെ വേരുകൾ ഉണങ്ങാതെ സൂക്ഷിച്ചിരുന്നു.
Urvashi at Nagda Oil on canvas
Urvashi at Nagda Oil on canvas

സാഹിത്യാവബോധത്തെ സമകാലികമാക്കാൻ എപ്പോഴും ശ്രമിച്ചിരുന്നു. ഒരിക്കൽ ഒരു ടെലിവിഷൻ ചാനലിന്റെ എന്റെ ദേശം പരിപാടിക്കുവേണ്ടി അനന്തപത്മനാഭനും ഞാനും കൂടി രാമചന്ദ്രനോടൊപ്പം അനുയാത്ര ചെയ്തത് ഓർക്കുന്നു. ജന്മദേശമായ ആറ്റിങ്ങലിൽ സ്വന്തം വീട് തേടിപ്പോയി വ്യഥിതനായി ക്ഷേത്രനടയിൽ ഇരുന്നത് ഇപ്പോഴും ഓർക്കുന്നു. ജീവിതത്തിന്റെ വേരുകൾ ഉണങ്ങാതെ സൂക്ഷിച്ചിരുന്നു. കേരളത്തില്‍ തന്റെ ചിത്രശില്പശേഖരങ്ങളുടെ മ്യൂസിയം എന്ന നടക്കാത്ത സ്വപ്നം അവശേഷിപ്പിച്ചാണ് രാമചന്ദ്രൻ യാത്രയായത്.

എ.രാമചന്ദ്രന്‍
മായാനിദ്രകളിലേക്ക് നയിക്കുന്ന ഭ്രമകല്‍പ്പനകള്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com