ആര് ഭരിക്കണം? സൈന്യം തീരുമാനിക്കും: പാകിസ്താനിലെ ജനാധിപത്യവിശേഷങ്ങള്‍

പാകിസ്താനിലെ തെരഞ്ഞെടുപ്പുകളൊന്നും നീതിപൂര്‍വ്വകമായിട്ടല്ല നടക്കുന്നതെന്ന് എല്ലായ്പോഴും പരാതി ഉയരാറുണ്ടെങ്കിലും ഇത്തവണ ഉണ്ടായത് പാകിസ്താന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും അട്ടിമറിയുമാണ്.
ആര് ഭരിക്കണം? സൈന്യം തീരുമാനിക്കും: 
പാകിസ്താനിലെ ജനാധിപത്യവിശേഷങ്ങള്‍

പാകിസ്താന്‍ സൈന്യം ഇതുവരെ ഒരു യുദ്ധത്തിലും ജയിച്ചിട്ടില്ല. എന്നാല്‍, അവര്‍ ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും തോറ്റിട്ടില്ല.'' സര്‍വ്വതലത്തിലും തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിക്കപ്പെടുന്ന, ഫെബ്രുവരി എട്ടിനു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍, ഇമ്രാന്‍ ഖാന്റെ ഒരു അനുഭാവി സാമൂഹ്യമാധ്യമത്തില്‍ കുറിച്ച വാക്കുകളാണിത്. ഒരു കാന്‍സര്‍പോലെ പാകിസ്താന്‍ ജനാധിപത്യത്തെ കാര്‍ന്നുതിന്നുന്ന പട്ടാളത്തിന്റെ നേര്‍ക്ക് എയ്തുവിട്ട രോഷമായിരുന്നു ആ വാക്കുകള്‍. 1947-ല്‍ സ്വതന്ത്രമായതിനുശേഷമുള്ള പകുതിയോളം കാലവും പട്ടാളഭരണത്തിന്റെ കെടുതികള്‍ പേറേണ്ടിവന്ന പാകിസ്താനില്‍, അധികാരത്തില്‍ ഇല്ലാത്തപ്പോഴും ഭരണത്തിന്റെ താക്കോല്‍ സൈന്യത്തിന്റെ കയ്യിലാണ്. അതിനാല്‍, തിരശ്ശീലയ്ക്കു പുറകില്‍നിന്നുകൊണ്ട് തെരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നതും റാവല്‍പിണ്ടി ആസ്ഥാനമായുള്ള സൈനിക നേതൃത്വമാണ്.

പാകിസ്താനിലെ തെരഞ്ഞെടുപ്പുകളൊന്നും നീതിപൂര്‍വ്വകമായിട്ടല്ല നടക്കുന്നതെന്ന് എല്ലായ്പോഴും പരാതി ഉയരാറുണ്ടെങ്കിലും ഇത്തവണ ഉണ്ടായത് പാകിസ്താന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും അട്ടിമറിയുമാണ്. അതിനെ ശരിവയ്ക്കുന്നതാണ് അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലേയും യൂറോപ്യന്‍ യൂണിയനിലേയും തെരഞ്ഞെടുപ്പു നിരീക്ഷകര്‍ നടത്തിയ പ്രതികരണം. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളായ റോഖന്നയും ഇല്‍ഹാന്‍ ഒമറും പാകിസ്താന്‍ സൈന്യം തെരഞ്ഞെടുപ്പുഫല നിര്‍ണ്ണയത്തില്‍ ഇടപെടുന്നെന്നും അട്ടിമറിക്കുന്നെന്നും വരെ ആരോപിച്ചു. ഈ അവസ്ഥയെ സൂചിപ്പിച്ചുകൊണ്ടാണ് പാകിസ്താനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സഹീദ് ഹുസൈന്‍ പറഞ്ഞത്, ആര് അധികാരത്തില്‍ വരണമെന്നും ആര് വരരുതെന്നും സൈന്യം നേരത്തെ തീരുമാനിച്ചിട്ടാണ് തെരഞ്ഞെടുപ്പു നടത്തുന്നതെന്ന്. ഈ അവസ്ഥാവിശേഷത്തെ സൂചിപ്പിക്കാനാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പുകളുടെ പേരില്‍ നടക്കുന്നത് ഇലക്ഷനു പകരം സെലക്ഷനാണെന്നു വിമര്‍ശിക്കുന്നത്.

പൊതുവില്‍ സൈന്യത്തിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചാണ് ഇതുവരെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വന്നിട്ടുള്ളതെങ്കിലും അവര്‍ ഏറ്റവുമധികം ഇടപെടല്‍ നടത്തിയിട്ടും ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പട്ടാളനേതൃത്വത്തിന്, അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള കനത്ത പ്രഹരമാണ് നല്‍കിയത്. അത് പാകിസ്താനില്‍ വരാനിരിക്കുന്ന രാഷ്ട്രീയ ചലനങ്ങളുടെ നാന്ദിയായി കൂടായ്കയുമില്ല. തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ സൈന്യത്തിന്റെ അജണ്ട എന്തായിരുന്നുവെന്നും അവ നടപ്പിലാക്കാന്‍ അവര്‍ സ്വീകരിച്ച നടപടികള്‍ എന്തായിരുന്നെന്നും നോക്കിയാലാണ് അവര്‍ക്കു ലഭിച്ച പ്രഹരത്തിന്റെ ശേഷി അറിയാന്‍ പറ്റൂ.

ഈ തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ സൈന്യത്തിന്റെ അജണ്ട എന്തായിരുന്നുവെന്നും അവ നടപ്പിലാക്കാന്‍ അവര്‍ സ്വീകരിച്ച നടപടികള്‍ എന്തായിരുന്നെന്നും നോക്കിയാലാണ് അവര്‍ക്കു ലഭിച്ച പ്രഹരത്തിന്റെ ശേഷി അറിയാന്‍ പറ്റൂ.
നവാസ് ഷെരീഫ്
നവാസ് ഷെരീഫ്

വീണ്ടും നവാസ് ഷെരീഫ്

ആദ്യത്തെ നടപടി, കോടതി ശിക്ഷകളെത്തുടര്‍ന്നു നാടുവിട്ട പാകിസ്താന്‍ മുസ്ലിംലീഗ് നേതാവും മുന്‍പ് മൂന്നുതവണ പ്രധാനമന്ത്രിപദം വഹിച്ചയാളുമായ നവാസ് ഷെരീഫിനെ തിരികെ അധികാരത്തില്‍ കൊണ്ടുവരുകയെന്നതായിരുന്നു. രണ്ടാമത്തേത്, പാകിസ്താനില്‍ ഏറെ ജനപിന്തുണയുള്ള, 2022-ല്‍ അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി പദവിയില്‍നിന്നും പുറത്തായ പാകിസ്താന്‍ തെഹ്രീ-കെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാനെ ഏതു വിധേനയും തെരഞ്ഞെടുപ്പു രംഗത്തുനിന്നും നിഷ്‌കാസനം ചെയ്യുകയെന്നതും.

ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയും തുടര്‍ച്ചയായ ഭീകരാക്രമണങ്ങളും നൂറ്റാണ്ടിലെ വലിയ വെള്ളപ്പൊക്കവും സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയിലൂടെയാണ് പാകിസ്താന്‍ കടന്നുപോകുന്നത്. ഈ പ്രതിസന്ധികളെ തരണം ചെയ്യാന്‍ തങ്ങള്‍ക്കു വിശ്വസിക്കാവുന്ന വ്യക്തി എന്ന നിലയ്ക്കാണ് അവര്‍ ഷെരീഫിനെ കളത്തിലിറക്കിയത്. മുന്‍പ് മൂന്നുതവണ പ്രധാനമന്ത്രിയായിട്ടുള്ള, മൂന്നുതവണയും പട്ടാളത്തിന്റെ ഇടപെടലിലൂടെ അധികാരം നഷ്ടപ്പെട്ടിട്ടുള്ളയാളാണ് നവാസ് ഷെരീഫ്. ആദ്യതവണ, 1990-ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നെങ്കിലും സഖ്യകക്ഷികളില്‍ പങ്കാളികളായിരുന്ന പ്രധാനമന്ത്രി നവാസ് ഷെരീഫും പാകിസ്താന്റെ പ്രസിഡന്റായി അധികാരമേറ്റ ഗുലാം ഇസ്ഹാക് ഖാനും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സൈന്യത്തിന്റെ ഇടപെടലിന്റെ ഫലമായി 1993-ല്‍ പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവയ്‌ക്കേണ്ടി വന്നു. രണ്ടാംതവണ പ്രധാനമന്ത്രിയായിരുന്നപ്പോള്‍, 1999-ല്‍ പര്‍വേസ് മുഷറഫിന്റെ നേതൃത്വത്തിലുള്ള അട്ടിമറിയിലൂടെയാണ് നവാസ് ഷെരീഫ് പുറത്തായതെങ്കില്‍, 2017-ല്‍ മൂന്നാംതവണ അധികാരം നഷ്ടപ്പെട്ടതും സൈന്യവുമായുള്ള ഏറ്റുമുട്ടലിന്റെ ഫലമായായിരുന്നു.

അധികാരകേന്ദ്രങ്ങളോട് അടുത്തുനില്‍ക്കുന്നവര്‍ എന്തു കൊള്ളരുതായ്മ കാണിച്ചാലും ഭരണകൂടം അവരെ തഴുകിത്തലോടി പദവികള്‍ നല്‍കി ആദരിക്കും, എന്നാല്‍, എതിര്‍ത്താല്‍ ഭരണകൂടം അതിന്റെ ആവനാഴിയിലുള്ള എല്ലാ ആയുധങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുടെ വരെ പിന്തുണയോടെ പ്രയോഗിക്കുന്നതു പുതിയ കാലത്തിന്റെ രാഷ്ട്രീയമാണ്.

രസകരമായ മറ്റൊരു വസ്തുത, 2017-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി, 2018-ല്‍ ഇമ്രാനെ അധികാരത്തിലിരുത്തിയ സേന തന്നെയാണ് ഇപ്പോള്‍ നവാസി വീണ്ടും പച്ചക്കൊടി കാണിച്ചിരിക്കുന്നത് എന്നതാണ്. ഇപ്പോള്‍ ഇമ്രാനു സംഭവിച്ചതുപോലെ നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെടുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യപ്പെട്ട് രാജ്യം വിടേണ്ടി വന്നയാളാണ് നവാസ് ഷെരീഫ്. പാകിസ്താന്‍ മുസ്ലിംലീഗ് നേതാവായ നവാസ് ഷെരീഫിനെതിരായ എല്ലാ കേസുകളും കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് ഇളവുചെയ്തു കൊടുത്തത്. അധികാരകേന്ദ്രങ്ങളോട് അടുത്തുനില്‍ക്കുന്നവര്‍ എന്തു കൊള്ളരുതായ്മ കാണിച്ചാലും ഭരണകൂടം അവരെ തഴുകിത്തലോടി പദവികള്‍ നല്‍കി ആദരിക്കും, എന്നാല്‍, എതിര്‍ത്താല്‍ ഭരണകൂടം അതിന്റെ ആവനാഴിയിലുള്ള എല്ലാ ആയുധങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുടെ വരെ പിന്തുണയോടെ പ്രയോഗിക്കുന്നതു പുതിയ കാലത്തിന്റെ രാഷ്ട്രീയമാണ്.

അധികാരകേന്ദ്രങ്ങളോട് അടുത്തുനില്‍ക്കുന്നവര്‍ എന്തു കൊള്ളരുതായ്മ കാണിച്ചാലും ഭരണകൂടം അവരെ തഴുകിത്തലോടി പദവികള്‍ നല്‍കി ആദരിക്കും, എന്നാല്‍, എതിര്‍ത്താല്‍ ഭരണകൂടം അതിന്റെ ആവനാഴിയിലുള്ള എല്ലാ ആയുധങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുടെ വരെ പിന്തുണയോടെ പ്രയോഗിക്കുന്നതു പുതിയ കാലത്തിന്റെ രാഷ്ട്രീയമാണ്.

ആര് ഭരിക്കണം? സൈന്യം തീരുമാനിക്കും: 
പാകിസ്താനിലെ ജനാധിപത്യവിശേഷങ്ങള്‍
ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായി; ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയ്ക്കും ഏഴ് വർഷം തടവ്
ബിലാവല്‍ ഭൂട്ടോ സര്‍ദാരി
ബിലാവല്‍ ഭൂട്ടോ സര്‍ദാരിAnjum Naveed

സൈന്യം ഇമ്രാനെതിരെ

ഒരു കാരണവശാലും ഇമ്രാന്‍ ഖാന്‍ വീണ്ടും അധികാരത്തില്‍ വരരുതെന്നായിരുന്നു സൈന്യത്തിന്റെ തീരുമാനം. അതിനായി ഇമ്രാനെതിരെ ചുമത്തപ്പെട്ട നൂറ്റന്‍പതിലേറെ കേസുകളില്‍, നാലു കേസുകളില്‍, പ്രത്യേക കോടതിയുടെ സഹായത്തോടെ ഇമ്രാനെ 34 വര്‍ഷം തടവിനു ശിക്ഷിച്ചു. പ്രതിഭാഗത്തിന്റെ വാദംപോലും കേള്‍ക്കാതെയാണ് ഇമ്രാനു ശിക്ഷവിധിച്ചതെന്ന ആരോപണം അദ്ദേഹത്തിന്റെ വക്കീലന്മാര്‍ ഉയര്‍ത്തിയിട്ടുണ്ട്. 2023 മെയ് മാസം മുതല്‍ തന്നെ ഇമ്രാന്‍ ജയിലിനുള്ളിലാണ്. ശിക്ഷിക്കപ്പെട്ടപ്പോള്‍ പത്തു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും ഇമ്രാനെ വിലക്കുകയും ചെയ്തു.

അയോഗ്യനാക്കപ്പെട്ടുവെങ്കിലും ഇപ്പോഴും പാകിസ്താനിലെ ഏറ്റവും ജനപ്രിയനായ നേതാവ് ഇമ്രാന്‍ തന്നെയാണെന്നു സൈന്യത്തിനു നല്ല ബോധ്യമുണ്ടായിരുന്നു; അതിനാല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാകിസ്താന്‍ തെഹ്രി-കെ ഇന്‍സാഫ് (പി.ടി.ഐ.) എന്ന പാര്‍ട്ടി വിജയിച്ചേക്കാമെന്നും അവര്‍ കരുതി. ഇതു മനസ്സിലാക്കിയതുകൊണ്ടാണ് ഇമ്രാന്റെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യമാക്കുകയും അവരുടെ തെരഞ്ഞെടുപ്പു ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് നിഷേധിക്കുകയും ചെയ്തത്. കൂടാതെ, ഇമ്രാന്റെ പാര്‍ട്ടിയിലെ രണ്ടാമനും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന ഷാമുഹമ്മദ് ഖുറേഷിയും നിരവധി മുതിര്‍ന്ന നേതാക്കളും ജയിലിലടക്കപ്പെട്ടിരിക്കയാണ്. പി.ടി.ഐ. സ്ഥാനാര്‍ഥികള്‍ക്കു പ്രചാരണം നടത്താനുള്ള അവസരം നിഷേധിക്കപ്പെട്ടു, ടെലിവിഷന്‍ ചാനലുകളില്‍ ഇമ്രാന്‍ ഖാന്റെ പേരുപോലും പരാമര്‍ശിക്കുന്നതു വിലക്കി, ചില സ്ഥാനാര്‍ഥികളെ അവസാന ദിവസങ്ങളില്‍ അയോഗ്യരാക്കി, വോട്ടെണ്ണലില്‍ വിജയികളായവര്‍ തോറ്റതായി പ്രഖ്യാപിക്കപ്പെട്ടു എന്നിങ്ങനെ പല മാര്‍ഗ്ഗങ്ങളിലൂടെ ഇമ്രാന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ടും പിന്മാറാതെ ഇമ്രാന്റെ പാര്‍ട്ടിക്കാര്‍ സ്വതന്ത്രമായി മത്സരിച്ച് ആകെ തെരഞ്ഞെടുപ്പു നടന്ന 266-ല്‍ 101 സീറ്റ് നേടിയെന്നത് അവരുടെ വിജയത്തിന്റെ വ്യാപ്തിയാണ് കാണിക്കുന്നത്.

2018-ല്‍ അധികാരത്തില്‍ വരുമ്പോള്‍, കുടുംബാധിപത്യ രാഷ്ട്രീയത്തിന് അറുതിവരുത്തി മാറ്റത്തിന്റെ പുതിയ രാഷ്ട്രീയം കൊണ്ടുവരുമെന്നാണ് ഇമ്രാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, പാകിസ്താന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴിലില്ലായ്മയിലേക്കും ഭീകരവാദ ആക്രമണങ്ങളിലേക്കും പോകുന്നതാണ് കണ്ടത്. എന്നു മാത്രമല്ല, താലിബാനെ പിന്തുണച്ചും പ്രതിപക്ഷത്തെ അടിച്ചമര്‍ത്തിയും ജയിലിലടച്ചും ജനാധിപത്യവിരുദ്ധത പ്രകടമാക്കിയ നേതാവു തന്നെയാണ് ഇമ്രാനും. പക്ഷേ, പാകിസ്താനിലെ സര്‍വ്വശക്തമായ സൈന്യത്തിനെതിരായി മുന്നോട്ടു വരാന്‍ ഇമ്രാന്‍ കാണിച്ച ധീരതയെ പാകിസ്താനിലെ സമ്മതിദായകരില്‍ പകുതിയോളം വരുന്ന യുവാക്കള്‍ അംഗീകരിച്ചതിന്റെ തെളിവാണ് തെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പാര്‍ട്ടിക്കുണ്ടായ വിജയത്തിനു കാരണം. ആ യുവശക്തിയെ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍, പാകിസ്താന്‍ സൈന്യത്തിനും വരാന്‍ പോകുന്ന മന്ത്രിസഭയ്ക്കും കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

മുസ്ലിം ജനസംഖ്യയില്‍ ഇന്തോനേഷ്യ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന രാജ്യമായ പാകിസ്താനിലെ ഈ തെരഞ്ഞെടുപ്പ് എന്തൊക്കെ സന്ദേശങ്ങളാണ് നല്‍കുന്നത്?

1. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയെ 101 സീറ്റുകളില്‍ വിജയിപ്പിച്ചുകൊണ്ട് ജനങ്ങള്‍ സൈന്യത്തിനു ഇതുവരെ കാണാത്ത തിരിച്ചടി നല്‍കി. ഇത് സൈന്യത്തിന് പാകിസ്താന്‍ രാഷ്ട്രീയത്തിലുള്ള അപ്രമാദിത്വത്തിനു കനത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

2. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ എല്ലാ മേഖലകളിലും സൈന്യം ഇടപെട്ടിട്ടും ഇമ്രാന് ജനങ്ങള്‍ നല്‍കിയ വിജയം, നവാസ് ഷെരീഫിനു മുകളില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള സേനയുടെ ശക്തി ദുര്‍ബ്ബലമാക്കും.

3. 101 സീറ്റുകളുമായി നില്‍ക്കുന്ന പ്രതിപക്ഷത്തിനെതിരായി രൂപംകൊണ്ട കൂട്ടുമുന്നണി ദുര്‍ബ്ബലമാകും. അതിനാലാണ് മന്ത്രിസഭയെ നയിക്കുന്നതില്‍നിന്നും നവാസ് ഷെരീഫ് പിന്മാറിയത്.

4. ഏറ്റവും വലുതും പാകിസ്താന്‍ രാഷ്ട്രീയത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ പോകുന്നതും ഈ തെരഞ്ഞെടുപ്പിലുണ്ടായ യുവജനങ്ങളുടെ പങ്കാളിത്തവും സൈന്യത്തിന്റെ വിലക്കുകളെ മറികടന്ന അവരുടെ തെരഞ്ഞെടുപ്പു തന്ത്രവുമായിരുന്നു. സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗവും സമ്മതിദായകരില്‍ പകുതിയോളം വരുന്ന യുവാക്കളുടെ അഭൂതപൂര്‍വ്വമായ പങ്കാളിത്തവും അവര്‍ സൈന്യത്തിന്റെ നിലപാടുകള്‍ക്കെതിരായി നേടിയ വിജയവും വരുംനാളുകളില്‍, ജനാധിപത്യത്തിനനുകൂലമായ ചലനങ്ങള്‍ പാകിസ്താനില്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

സൈന്യത്തിന്റെ തീട്ടൂരങ്ങള്‍ക്കെതിരായി നില്‍ക്കാനുള്ള ജനങ്ങളുടെ നിലപാടും യുവാക്കളുടെ കടന്നുവരവും സാമൂഹ്യമാധ്യമങ്ങളുടെ വിജയിച്ച ഉപയോഗവും അറബ് വസന്തം കണ്ടതുപോലെ, സൈന്യാധിപത്യത്തിനും ഏകാധിപത്യത്തിനുമെതിരായ മുല്ലപ്പൂമണമുള്ള ഒരു പ്രതിഷേധക്കാറ്റ് പാകിസ്താനിലും അകലെയല്ല എന്നാണ് സൂചിപ്പിക്കുന്നത്.?

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com