പഞ്ചാബിലെ രാഷ്ട്രീയം ഇനിയെങ്ങനെ?

കര്‍ഷകപ്രക്ഷോഭം പഞ്ചാബിലെ രാഷ്ട്രീയത്തെ മാറ്റുന്നതെങ്ങനെ?
പഞ്ചാബിലെ രാഷ്ട്രീയം ഇനിയെങ്ങനെ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ചുരുങ്ങിയ സമയം മാത്രമാണ് അവശേഷിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മി ഷന്‍ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രചരണപരിപാടികളുമായി ഭരണപക്ഷവും പ്രതിപക്ഷവും മുന്നോട്ടുപോകുന്നു. മിക്ക സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തിലാണ്. ഇതിനിടയില്‍ നടക്കുന്ന കര്‍ഷകസമരം ബി.ജെ.പിയെ ഏതുവിധേനയാണ് ബാധിക്കുക? സമരം എന്തെങ്കിലും രാഷ്ട്രീയമാറ്റം സൃഷ്ടിക്കുമോ? സമരം ഒത്തുതീര്‍ന്നാല്‍ അത് ബി.ജെ.പിക്ക് ഗുണകരമായാണോ ബാധിക്കുക? ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല, പഞ്ചാബിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ഘടനയേയും സ്വാധീനത്തേയും കര്‍ഷകസമരം പൊളിച്ചെഴുതുമെന്നാണ് കരുതപ്പെടുന്നത്.

2020-'21 കാലഘട്ടത്തില്‍ വിവാദ കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി നടന്ന സമരത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ വീണ്ടും ദില്ലി ചലോ മാര്‍ച്ചിനു കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തത്. താങ്ങുവില വര്‍ദ്ധന എന്ന അവരുടെ ആവശ്യം വര്‍ഷങ്ങളായുണ്ട്. കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നത് കഴിഞ്ഞ സമരക്കാലത്തു നല്‍കിയ വാഗ്ദാനമാണ്. ഇങ്ങനെ പാലിക്കപ്പെടാത്ത ആവശ്യങ്ങള്‍ ഒട്ടേറെയുണ്ട്. ഇതൊക്കെ ഉന്നയിച്ചാണ് ഇത്തവണ അവര്‍ സമരരംഗത്തേക്ക് ഇറങ്ങിയത്.

150 കര്‍ഷക സംഘടനകള്‍ അണിനിരന്ന സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര സംഘടനയും 250ലേറെ കര്‍ഷക യൂണിയനുകള്‍ ഉള്‍പ്പെടുന്ന കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഒരുമിച്ചാണ് ഇക്കുറി സമരരംഗത്തുള്ളത്. ചെറുതും വലുതുമായ നാനൂറിലേറെ സംഘടനകള്‍ സമരത്തിനുണ്ട്. പഞ്ചാബ് തന്നെയാണ് ഇത്തവണയും സമരപ്രഭവകേന്ദ്രം. കഴിഞ്ഞ സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച ഇക്കുറി സമരരംഗത്തില്ല. 2020-21-ല്‍ സമരത്തിനു നേതൃത്വം നല്‍കിയിരുന്ന യഥാര്‍ത്ഥ സംയുക്ത കിസാന്‍ മോര്‍ച്ച 2022 ജൂലൈയില്‍ പിളര്‍ന്നിരുന്നു. എന്നാല്‍ സമരത്തിനു പിന്തുണയുണ്ട്.

ഫെബ്രുവരി 13-നാണ് കര്‍ഷകര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം തുടങ്ങിയത്. താങ്ങുവില ഉറപ്പാക്കുക, കടങ്ങള്‍ എഴുതിത്തള്ളുക, ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി, വ്യാപാരക്കരാറിലുള്ള മാറ്റം തുടങ്ങി പതിനഞ്ചോളം ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചത്. ഫെബ്രുവരി എട്ട് മുതല്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. ബി.ജെ.പി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരേ സ്വീകരിച്ച കടുത്ത നടപടികളാണ് ഇത്തവണത്തെ സമരത്തില്‍ വഴിത്തിരിവായത്. അതിര്‍ത്തിയായ ശംഭുവിലും ഖനൗരിയിലും ഇതിനകം അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്നു പേര്‍ ഹൃദയാഘാതംകൊണ്ട് മരിച്ചെന്നാണ് സര്‍ക്കാര്‍ വാദം. പൊലീസ് വെടിവെയ്പ്പില്‍ ഖനൗരിയില്‍ യുവകര്‍ഷകന്‍ ശുഭ് കരണ്‍ സിങ് കൊല്ലപ്പെട്ടതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. പൊലീസും കര്‍ഷകരും തമ്മില്‍ പലതവണ ഏറ്റുമുട്ടി. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ശുഭ് കരണ്‍ സിങ്ങിന്റെ കൊലപാതകത്തില്‍ കേസെടുക്കാതെ ഡല്‍ഹി ചലോ മാര്‍ച്ച് തുടരേണ്ടതില്ലെന്നു സംഘടനകള്‍ തീരുമാനമെടുത്തു. ഇത് കേന്ദ്രസര്‍ക്കാരിനു താല്‍ക്കാലിക ആശ്വാസമായി. രണ്ടാഴ്ചയിലേറെ അടച്ചിട്ടിരുന്ന അതിര്‍ത്തികള്‍ ഭാഗികമായി ഇതോടെ തുറന്നു. ഇന്റര്‍നെറ്റ് നിരോധനം നീക്കി. എന്നാല്‍, ഇത് ശാശ്വതമായ പരിഹാരമല്ലെന്നു കേന്ദ്രസര്‍ക്കാരിനും കര്‍ഷകര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ കര്‍ഷകസമരത്തിന്റെ ഗതിവിഗതികള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്നതില്‍ സംശയമില്ല. എന്തുവന്നാലും പിന്നോട്ടില്ലെന്നു കര്‍ഷകരും പ്രതിരോധിക്കുമെന്ന് സര്‍ക്കാരും നിലപാട് എടുത്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

പഞ്ചാബിലെ സഖ്യസാധ്യതകള്‍

പഞ്ചാബ് രാഷ്ട്രീയമാണ് മറ്റൊന്ന്. 2020-ലെ പ്രക്ഷോഭത്തിനുശേഷം പഞ്ചാബില്‍ ബി.ജെ.പി ജനസ്വാധീനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുവരികയായിരുന്നു. അപ്പോഴേക്കും രണ്ടാം കര്‍ഷകസമരം തുടങ്ങി. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയായ ശിരോമണി അകാലിദള്‍, കോണ്‍ഗ്രസ്, എ.എ.പി, ബി.ജെ.പി എന്നിവയാണ് പ്രധാന പാര്‍ട്ടികള്‍. ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത് എ.എ.പിയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് കോണ്‍ഗ്രസ്സും. ബി.ജെ.പിക്കു വലിയ ജനസ്വാധീനമില്ല. ഇതാണ് പഞ്ചാബിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ. മറ്റൊരു പ്രധാന കക്ഷിയായ ശിരോമണി അകാലിദളിന് ഇത്തവണ നിലനില്‍പ്പിന്റെ പോരാട്ടമാണ്. പ്രകാശ് സിങ് ബാദലിന്റെ വിയോഗത്തിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന നിലയില്‍ അകാലിദളിന്റെ ഭാവിയും ഇതോടെ നിര്‍ണ്ണയിക്കപ്പെടും. ശിരോമണി അകാലിദളുമായി നടത്തിയ സഖ്യ ചര്‍ച്ചകള്‍ എങ്ങുമെത്താത്തത് ബി.ജെ.പിക്കു വലിയ തിരിച്ചടിയാണ്.

2020-ലെ വിവാദ കാര്‍ഷിക ബില്ലുകളുടെ പശ്ചാത്തലത്തിലാണ് അകാലിദള്‍ - ബി.ജെ.പി സഖ്യത്തില്‍ വിള്ളല്‍ വീണത്. കര്‍ഷകപ്രക്ഷോഭം വിജയിച്ചതോടെ, കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചു. അതിന്റെ ഫലം തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. 2022-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അകാലിദള്‍ നിഷ്പ്രഭമായി. പകരം, ബി.ജെ.പി ആറു ശതമാനത്തിലധികം വോട്ടുശതമാനം നേടി. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കു കെട്ടിവച്ച കാശ്‌പോലും കിട്ടിയിരുന്നില്ലെന്നോര്‍ക്കണം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നാലു പാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാണ്.

എന്നാല്‍, ഇത്തവണ അകാലിദളിനൊപ്പം സഖ്യസാധ്യത അവസാനിപ്പിച്ചതോടെ ഗ്രാമ-നഗര വോട്ടുകള്‍ ഏകോപിപ്പിക്കാനുള്ള തന്ത്രം ബി.ജെ.പി ഇല്ലാതാക്കിയെന്ന് വിലയിരുത്തലുണ്ട്. കര്‍ഷക പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ അകാലിദളുമായി ബി.ജെ.പി അനുനയശ്രമം നടത്തുമോ എന്നതില്‍ ഇനിയും വ്യക്തതയില്ല. പ്രധാനമന്ത്രി മോദിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം ബി.ജെ.പിക്ക് ഗുണകരമാകുമോ എന്നാണ് ഇനി നോക്കേണ്ടത്. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനു വലിയ പ്രതിച്ഛായനഷ്ടം സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സും എ.എ.പിയും ആത്മവിശ്വാസത്തിലാണ്. കര്‍ഷകരുടെ പക്ഷത്താണ് തങ്ങളെന്ന് എ.എ.പി ആണയിട്ട് ആവര്‍ത്തിക്കുന്നു. കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ആണ്. ഒന്നും നഷ്ടപ്പെടാനില്ലാത്ത കോണ്‍ഗ്രസ് എ.എ.പിയുമായി സീറ്റ് ധാരണയില്‍ മുന്നോട്ടു പോകുന്നു. അതായത്, കര്‍ഷക പ്രക്ഷോഭം അവസാനിക്കാതെ അതിജീവിക്കാന്‍ പാടുപെടുന്ന അകാലിദളും ബി.ജെ.പിയും രാഷ്ട്രീയസഖ്യത്തിലേര്‍പ്പെടില്ലെന്നുറപ്പാണ്. സര്‍ക്കാരും കര്‍ഷകരുമായി നടത്തുന്ന ചര്‍ച്ചയിലെ ഫലമായിരിക്കും ഇത് നിര്‍ണ്ണയിക്കുക. എന്നാല്‍, നാലു റൗണ്ട് ചര്‍ച്ച നടത്തിയിട്ടും അത് ഫലം കണ്ടിട്ടില്ല. ശുഭ്കരണ്‍ സിങ്ങിന്റെ മരണത്തിനു ശേഷം ചര്‍ച്ചകള്‍ നടന്നിട്ടില്ല. താങ്ങുവില കൂട്ടുന്നതടക്കമുള്ള ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ആശാവഹമായ ഒരു നിലപാടും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. ഇനി, അനുഭാവപൂര്‍വ്വമായ നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അത് ബി.ജെ.പിക്കു രാഷ്ട്രീയഗുണം ചെയ്യുമെന്നര്‍ത്ഥം. കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമുണ്ടാക്കണമെന്ന് പഞ്ചാബിലെ ബി.ജെ.പി നേതാക്കളും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. കര്‍ഷകര്‍ക്കെതിരേയുള്ള ഹരിയാന പൊലീസിന്റെ സര്‍ക്കാര്‍ നടപടിക്കെതിരേ അവര്‍ ശക്തമായി രംഗത്തുവന്നിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ സുനില്‍ ജഖര്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിട്ടുമുണ്ട്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ സിങ് പ്രശ്നപരിഹാരം ഉടനുണ്ടാകുമെന്ന വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കര്‍ഷക പ്രക്ഷോഭം നടക്കവേ അത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തില്ലെന്ന് ഈ ഉദാഹരണം ചൂണ്ടിക്കാട്ടി പറയുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്.

നേട്ടം നല്‍കി യു.പി

2022 ഫെബ്രുവരി-മാര്‍ച്ച് കാലയളവിലാണ് ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ്. കര്‍ഷകരുടെ രാഷ്ട്രീയം സ്വാധീനിക്കുന്ന മണ്ണ്. യു.പിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ജാട്ട് വിഭാഗങ്ങള്‍ താമസിക്കുന്ന ജില്ലകള്‍ നിര്‍ണ്ണായകമായിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമോടിച്ച് അഞ്ച് പേരെ കൊലപ്പെടുത്തിയത് ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍, ഫലം പ്രഖ്യാപിച്ചപ്പോള്‍ പടിഞ്ഞാറന്‍ യു.പിയിലെ 24 ജില്ലകളിലെ 16 സീറ്റുകളില്‍ 85 ഉം ബി.ജെ.പി തന്നെ നേടി. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 15 സീറ്റ് മാത്രം കുറവ്.

യോഗിയുടെ സര്‍ക്കാരിനെതിരേ ഭരണവിരുദ്ധവികാരം ആഞ്ഞടിക്കുമെന്നു കരുതിയ സ്ഥാനത്താണ് ഇത്. ഷാമ് ലി ജില്ലയിലെ മൂന്നു സീറ്റുകള്‍ പാര്‍ട്ടിക്കു നഷ്ടമായി. മീററ്റിലെ ഏഴില്‍ നാലും. മുസാഫര്‍നഗറിലെ ആറ് സീറ്റുകളില്‍ നാലു സീറ്റുകള്‍ നഷ്ടമായി. എന്നാല്‍, ജാട്ട് വിഭാഗങ്ങള്‍ കൂടുതലുള്ള ആഗ്ര, മധുര, അലിഗഡ് എന്നിവ ബി.ജെ.പി തൂത്തുവാരുകയും ചെയ്തു. സംഭവം നടന്ന ലഖിംപൂരില്‍ വരെ ജയിച്ചത് ബി.ജെ.പിയാണ്. ജാതിപ്പോരാട്ടമായി അത് മാറി. സിഖുകാരും ബ്രാഹ്മണരും തമ്മിലുള്ള പോരാട്ടരീതിയിലേക്ക് അത് വന്നു. കൂടാതെ കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി ഗുജ്ജറുകളുമായി ധാരണയിലെത്തി. ഇതായിരുന്നു പ്രതിസന്ധികള്‍ക്കിടയിലും അനായാസമായി ജയിക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞത്. 403 സീറ്റുകളില്‍ 255 സീറ്റുകള്‍ ബി.ജെ.പിക്കു നേടാനുമായി. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കര്‍ഷക പ്രക്ഷോഭം നടക്കവേ അത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തില്ലെന്ന് ഈ ഉദാഹരണം ചൂണ്ടിക്കാട്ടി പറയുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്.

മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം നല്‍കിയിരുന്നു. ചരണ്‍സിങ്ങിന്റെ മകന്‍ അജിത്സിങ് സ്ഥാപിച്ചതും നിലവില്‍ അദ്ദേഹത്തിന്റെ ചെറുമകന്‍ ജയന്ത് ചൗധരി നയിക്കുന്നതുമായ ആര്‍.എല്‍.ഡിയെ എന്‍.ഡി.എയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ചരണ്‍സിങ്ങിന് മരണാന്തര ബഹുമതിയായി ഭാരതരത്‌നം നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

ഇത്തവണ, പശ്ചിമ യു.പിയിലെ പാര്‍ട്ടിശക്തിയായ ആര്‍.എല്‍.ഡിയെ കൂടെക്കൂട്ടാനൊരുങ്ങുകയാണ് ബി.ജെ.പി. കഴിഞ്ഞതവണ കര്‍ഷകപ്രക്ഷോഭത്തിന്റെ മുന്‍പന്തിയിലായിരുന്ന ആര്‍.എല്‍.ഡി ബി.ജെ.പിയുടെ അടിവേര് ഇളക്കുമെന്നാണ് അന്ന് പ്രഖ്യാപിച്ചത്. പിന്നീട് ഇന്ത്യ മുന്നണി വിട്ടെങ്കിലും എന്‍.ഡി.എ മുന്നണിയില്‍ ചേര്‍ന്നെന്നു പ്രഖ്യാപിക്കാന്‍ ബി.ജെ.പി തയ്യാറായിരുന്നില്ല. കര്‍ഷകസമരം തുടരുമ്പോള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നാല്‍ പശ്ചിമ യു.പിയില്‍ രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകുമോ എന്ന് ആര്‍.എല്‍.ഡിക്കും ആശങ്കയുണ്ട്.

മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം നല്‍കിയിരുന്നു. ചരണ്‍സിങ്ങിന്റെ മകന്‍ അജിത്സിങ് സ്ഥാപിച്ചതും നിലവില്‍ അദ്ദേഹത്തിന്റെ ചെറുമകന്‍ ജയന്ത് ചൗധരി നയിക്കുന്നതുമായ ആര്‍.എല്‍.ഡിയെ എന്‍.ഡി.എയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ചരണ്‍സിങ്ങിന് മരണാന്തര ബഹുമതിയായി ഭാരതരത്‌നം നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എം.എസ്. സ്വാമിനാഥന് ഭാരതരത്‌നം നല്‍കി ആശ്വസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരില്‍ ഊറ്റംകൊള്ളുന്നവര്‍ പ്രചരിപ്പിക്കുന്നതല്ല യാഥാര്‍ത്ഥ്യമെന്ന് കര്‍ഷകര്‍ക്കു കാണിച്ചുകൊടുക്കാനായി എന്നതാണ് കര്‍ഷകസമരത്തിന്റെ ഒരു പ്രത്യേകത. ജാതിയുടെ പേരില്‍, രാഷ്ട്രീയത്തിന്റെ പേരില്‍, അസംഘടിതരായ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിക്കുമെന്ന് ചിലരെങ്കിലും കരുതുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com