''ഇതിഹാസങ്ങള്‍ രത്നങ്ങളൊടുങ്ങാത്ത ഖനികള്‍; അവയില്‍നിന്ന് സര്‍ഗ്ഗശക്തി ധനം ഉജ്ജ്വല രത്നങ്ങള്‍ കണ്ടെടുക്കുന്നു''

കെ.വി. രാമകൃഷ്ണന്റെ കൃതികളെ ഡോ.എം.ലീലാവതി വിലയിരുത്തുന്നു
''ഇതിഹാസങ്ങള്‍ രത്നങ്ങളൊടുങ്ങാത്ത ഖനികള്‍; അവയില്‍നിന്ന് സര്‍ഗ്ഗശക്തി ധനം  ഉജ്ജ്വല രത്നങ്ങള്‍ കണ്ടെടുക്കുന്നു''

നവതിയോടടുത്ത ഒരു ഉഭയഭാഷാപണ്ഡിതന്‍ മൂന്നു വിശിഷ്ട കൃതികള്‍ രചിച്ചിരിക്കുന്നു. രണ്ടെണ്ണം ഇംഗ്ലീഷിലും ഒന്ന് മലയാളത്തിലും. ഇംഗ്ലീഷിലുള്ളവ ഷേയ്ക്സ്പിയര്‍ - നാടക നിരൂപണവും സ്വന്തം മലയാള കവിതകളുടെ വിവര്‍ത്തനവും. മലയാളത്തിലുള്ളത് രാമായണത്തിലെ ലക്ഷ്മണ പരിത്യാഗത്തെ ആസ്പദമാക്കിയുള്ള ഒരു ഖണ്ഡകാവ്യം.

ഇവ രചിച്ചിരിക്കുന്നത് ഇംഗ്ലീഷ് പ്രൊഫസറായും മാതൃഭൂമിയില്‍ വാരികയുടെ പത്രാധിപരായും ചിരകാലം പ്രവര്‍ത്തിച്ച മലയാള കവി കെ.വി. രാമകൃഷ്ണന്‍; മികച്ച കവിതകളുടെ ഇരുപതോളം സമാഹാരങ്ങള്‍; ശ്രദ്ധേയമായ ഉപന്യാസങ്ങളുടെ എട്ടു സമുച്ചയങ്ങള്‍; ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കുള്ള ഒന്‍പതു വിവര്‍ത്തനങ്ങള്‍, 'ഫ്രോസ്പെരോ ന്യൂബോണ്‍' എന്ന ഷേയ്ക്സ്പിയര്‍ നിരൂപണം - ഇവയാണ് മുന്‍രചനകള്‍. മുന്‍പറഞ്ഞ മൂന്നു ഗ്രന്ഥങ്ങളും 'എന്‍.വി. - എന്ന ശതാവധാനി'യും 2022-'23 വര്‍ഷങ്ങളിലെ രചനകള്‍ - സാഹിത്യ അക്കാദമിക്കുവേണ്ടി 'എന്‍.വിയുടെ ഗദ്യലേഖനങ്ങള്‍' എന്ന 11 വോള്യങ്ങളുള്ള ഗ്രന്ഥസഞ്ചയം എഡിറ്റ് ചെയ്തത് അനുപമമായ മറ്റൊരു സാഹിത്യസേവനം. എന്‍.വി. ട്രസ്റ്റിന്റെ മുഖപത്രമായ കവന കൗമുദിയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കുറച്ചുകാലം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പബ്ലിക്കേഷന്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതന്ദ്രവും അനുസ്യൂതവുമായ സാഹിത്യസേവനം അനുഷ്ഠിച്ചതിന്റെ ചരിതാര്‍ത്ഥത അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.

ഷേയ്ക്സ്പിയറുടെ രണ്ടു മുഖ്യനാടകങ്ങളുടെ (ദ ടെംപെസ്റ്റ്, കിങ് ലിയര്‍) പഠനത്തിലൂടെ ഏതാണ്ട് എല്ലാ ട്രാജഡികളേയും നിരീക്ഷിക്കുന്ന ഷേയ്ക്സ്പിയര്‍ - സാഹിത്യ നിരൂപണം പോലുള്ള ഉദ്യമങ്ങള്‍ മറ്റ് ഏതെങ്കിലും ഭാരതീയ ഭാഷാ പ്രവിശ്യകളിലുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. ഈ വസ്തുത തിരിച്ചറിഞ്ഞ് അദ്ദേഹം അര്‍ഹിക്കുന്ന ആദരം അദ്ദേഹത്തിന് അര്‍പ്പിക്കേണ്ടത് കേരളത്തിലെ സാഹിത്യ തല്പരരുടെ കര്‍ത്തവ്യമാണ്.

''ഇതിഹാസങ്ങള്‍ രത്നങ്ങളൊടുങ്ങാത്ത ഖനികള്‍; അവയില്‍നിന്ന് സര്‍ഗ്ഗശക്തി ധനം  ഉജ്ജ്വല രത്നങ്ങള്‍ കണ്ടെടുക്കുന്നു''
 ഗന്ധങ്ങളുടെ ആത്മകഥയില്‍നിന്നുള്ള ഭാഗം

രണ്ടു ശതകത്തോളം അടിമത്തം പേറിയതിനു കിട്ടിയ ഒരു പരിഹാരമാണ് ഇന്ത്യയില്‍ ഇംഗ്ലീഷ് ഭാഷയ്ക്കുണ്ടായ പ്രചാരം. ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ അവരുടെ ആജ്ഞകളനുസരിക്കുന്ന ഒരു സേവക വിഭാഗത്തെ രൂപപ്പെടുത്താന്‍ ഇംഗ്ലീഷ് ഭാഷ പ്രചരിപ്പിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൃഷ്ടിച്ചു. അവര്‍ സ്ഥാപിച്ച യൂണിവേഴ്സിറ്റികളില്‍ ഇംഗ്ലീഷ് പഠന വിഷയമാക്കുന്നതിന്റെ ഭാഗമായി ഷേയ്ക്സ്പിയര്‍ കൃതികള്‍ പ്രചരിപ്പിക്കുകയും ചെയ്തു. എന്റെ തലമുറയുടെ വിദ്യാഭ്യാസകാലത്ത്

ഷേയ്ക്സ്പിയറെ ഹൈസ്‌കൂള്‍ പഠനകാലത്തുതന്നെ പഠിക്കേണ്ടതുണ്ടായിരുന്നു. 'കോറിയോലാനസി'ലെ ഒരു ഭാഗമാണ് ഹൈസ്‌കൂള്‍ കാലത്ത് ഞാന്‍ പഠിച്ചത്. ഇന്റര്‍മീഡിയറ്റിന് ഷേയ്ക്സ്പിയറുടെ ഒരു നാടകവും ബിരുദപഠനത്തിനു രണ്ടെണ്ണവും പാഠ്യവിഷയത്തിലുള്‍പ്പെട്ടിരുന്നു.

'കിങ് റിച്ചേഡ് ദ സെക്കന്റ്' ഇന്റര്‍മീഡിയറ്റിനും, 'ആന്റണി ആന്റ് ക്ലിയോപാട്ര'യും, 'മച് എഡോ എബൗട്ട് നതിംങ്' ബിരുദ പഠനത്തിനും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റികളിലൂടെ ഷേയ്ക്സ്പിയര്‍ ഇന്ത്യയിലൊട്ടാകെ സഞ്ചരിച്ചു. ഷേയ്ക്സ്പിയര്‍ - അദ്ധ്യാപന വിദഗ്ദ്ധരായ പ്രൊഫസര്‍മാര്‍ (ബ്രിട്ടീഷുകാരും ഇന്ത്യക്കാരും) ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ പോഷിപ്പിക്കാന്‍ ഒട്ടൊന്നുമല്ല പ്രയത്‌നിച്ചത്. എങ്കിലും ഷേയ്ക്സ്പിയര്‍ പഠനഗ്രന്ഥങ്ങള്‍ വന്‍തോതില്‍ ഇവിടെ ഉണ്ടായില്ല. പി.കെ. ഗുഹയുടെ 'ട്രാജിക് റിലീഫ്'; ഓണ്‍ റ്റു പ്രോബ്ലംസ് ഓഫ് ഷേയ്ക്സ്പിയര്‍; അമരനാഥ ഝായുടെ ഷേയ്ക്സ്പീരിയന്‍ കോമഡി. യു.സി. നാഗ് രചിച്ച 'ദ ഇംഗ്ലീഷ് തിയേറ്റര്‍', 'മക്‌ബെത്ത് - എ കാരക്റ്റര്‍ സ്റ്റഡി', വി.കെ.എ. പിള്ളയുടെ 'ഷേയ്ക്സ്പിയര്‍ ക്രിട്ടിസിസം', ഡോ. സി. എന്‍. മേനോന്റെ 'ഷേയ്ക്സ്പിയര്‍ ക്രിട്ടിസിസം' - ഇത്രയുമേ എന്റെ അറിവില്‍പ്പെട്ടിട്ടുള്ളൂ. കേരളത്തില്‍നിന്നുണ്ടായ രണ്ടു നിരൂപണ ഗ്രന്ഥങ്ങളും വിഖ്യാതങ്ങളാണ്. വി.കെ.എ. പിള്ളയുടെ കൃതി 1933-ലും ഡോ. സി.എന്‍. മേനോന്റെ ഗ്രന്ഥം 1938-ലും പ്രകാശിതമായി. ഇവയ്ക്കുശേഷം പുറത്തുവന്ന ഏറ്റവും ശ്രദ്ധേയമായ ഷേയ്ക്സ്പിയര്‍ നിരൂപണമാണ് പ്രൊഫ. കെ.വി. രാമകൃഷ്ണന്റെ രചനകള്‍.

ഷേക്സ്പിയര്‍ പഠനങ്ങള്‍

ബ്രിട്ടീഷുകാരായ ഷേയ്ക്സ്പിയര്‍ - വിദഗ്ദ്ധരുടെ രചനകള്‍ക്കപ്പുറം പുതുതായി ഒന്നും പറയാനില്ലെന്ന തോന്നലാവാം പഠനഗ്രന്ഥങ്ങളുടെ വിരളതയ്ക്കു ഹേതു. ഡോ. സി.എന്‍. മേനോനും - പ്രൊഫ. രാമകൃഷ്ണനും ഭാരതീയ മൂല്യാന്വേഷണങ്ങളേയും സാഹിത്യ തത്ത്വചിന്തകളേയും കൂടി പ്രമാണങ്ങളാക്കുന്നുവെന്നതാണ് അവരുടെ കൃതികളിലെ പുതുമ. 'ഷേയ്ക്സ്പിയര്‍ ഇന്ത്യന്‍ പരിപ്രേക്ഷ്യത്തില്‍' എന്ന മലയാള ഗ്രന്ഥവും പ്രൊഫ. രാമകൃഷ്ണന്റെ ഗദ്യരചനകളിലുള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ ഷേയ്ക്സ്പിയര്‍ - നിരൂപണത്തില്‍ 'ദ ടെംപെസ്റ്റി'ലെ 'ഫ്രോസ്പെരോ'വിനേയും ലിയര്‍ നാടകത്തിലെ 'കിങ് ലിയറേ'യും മുഖ്യ ആലംബനങ്ങളാക്കിയിരിക്കുന്നെങ്കിലും ഷേയ്ക്സ്പിയര്‍ - ട്രാജഡികള്‍ സമഗ്രമായി പഠനവിധേയമാക്കിയിരിക്കുന്നതുകൊണ്ട്, കേരളത്തിലെ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് ഷേയ്ക്സ്പിയര്‍ പഠനത്തില്‍ ആഭിമുഖ്യമുളവാക്കാന്‍ ഈ കൃതികള്‍ സഹായിക്കും. ഇംഗ്ലീഷ് സാഹിത്യം, ബിരുദപഠനത്തിനും ബിരുദാനന്തര ബിരുദ പഠനത്തിനും വിഷയമാക്കുന്നവര്‍ക്കൊഴികെ മറ്റാര്‍ക്കും ഷേയ്ക്സ്പിയറെ അറിയാന്‍ വഴിയില്ലാത്ത രീതിയിലാണ് അടുത്തകാലത്തായി ഇംഗ്ലീഷ് പഠനത്തിന്റെ ഗതി. പ്രൊഫ. രാമകൃഷ്ണന്റെ കൃതികള്‍ ആ വിടവു നികത്താന്‍ ചുരുങ്ങിയ തോതിലെങ്കിലും സഹായിക്കും. 'ഷേയ്ക്സ്പിയര്‍ - ട്രാജഡി'യെന്ന സൂര്യന്‍ ഇന്ത്യയിലസ്തമിച്ചാല്‍, അതൊരു വലിയ ട്രാജഡി തന്നെയായിരിക്കും.

പുതിയ ഗ്രന്ഥമായ 'കിങ് ലിയര്‍ - കിരീടമില്ലാത്ത രാജാവ്' (King Lear - A King - without A Crown), 'അധികാരം' എന്ന ആശയത്തെ ആധാരശിലയാക്കി പടുത്തുയര്‍ത്തിയ സൗധമാണ്. 'അധികാരം' എന്ന പദത്തിന്റെ രണ്ട് അര്‍ത്ഥതലങ്ങളേയും ഭരണശക്തി (പവര്‍) കര്‍ത്തവ്യാസക്തി - ആസ്പദമാക്കിക്കൊണ്ടുള്ള അപഗ്രഥനമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രന്ഥത്തിന്റെ സശ്രദ്ധമായ പാരായണം ഷേയ്ക്സ്പിയര്‍ സാഹിത്യം ഒട്ടാകെ ആചമിക്കുന്നതിന്റെ ഫലമുളവാക്കുമെന്നതിനാല്‍, ഈ സദുദ്യമത്തെ ഭാരതീയരൊട്ടാകെ ശ്രദ്ധിക്കാന്‍ വഴി തുറക്കുംവിധമുള്ള അംഗീകാരം അതിനു ലഭിക്കേണ്ടത് നമ്മുടെ കാലഘട്ടത്തിനു ലഭിക്കേണ്ടുന്ന അനുഗ്രഹമാണ്. ഉദ്ദിഷ്ടം സുവ്യക്തമായിത്തന്നെ പ്രസ്താവിക്കാം: കേന്ദ്ര സാഹിത്യ അക്കാദമിപോലുള്ള സ്ഥാപനങ്ങളുടെ അംഗീകാരത്തിലൂടെ ഭാരതത്തിലെ പ്രാദേശിക ഭാഷകളിലേക്ക് ഇതിനു പ്രവേശം ലഭിക്കേണ്ടതുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവര്‍ത്തനം ചെയ്താല്‍, വായനക്കാരുണ്ടാവാത്ത കൃതികള്‍ വിവര്‍ത്തനം ചെയ്യുന്നത് വന്‍തോതില്‍ ധനം വൃഥാവ്യയം ചെയ്യലായിരിക്കുമല്ലോ - എല്ലാ പ്രദേശങ്ങളിലുള്ളവര്‍ക്കും ഗ്രഹിക്കാന്‍ കഴിയുന്നതും പ്രയോജനപ്പെടുന്നതുമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. ഇന്ത്യയിലുണ്ടാവുന്ന ഇംഗ്ലീഷ് ഗ്രന്ഥങ്ങളില്‍ നോവലും കവിതയുമാണ് പ്രായേണ ശ്രദ്ധിക്കപ്പെട്ടു പോരുന്നത്. നിരൂപണവും തുല്യമായ പരിഗണന അര്‍ഹിക്കുന്നു.

ലക്ഷ്മണ ദുരന്തം

2023-ല്‍ത്തന്നെ പുറത്തുവന്ന മലയാള ഖണ്ഡകാവ്യമാണ് 'ലക്ഷ്മണ ദുരന്തം.' കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത'യുടെ പിറവിയോടെ സീതാ പരിത്യാഗമെന്ന ദുരന്തം, കേരള സാഹിത്യരംഗത്ത് ചര്‍ച്ചാവിഷയമായി തുടര്‍ന്നുപോരുന്നു - നിരൂപണങ്ങളുടെ നിരൂപണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. നിരൂപണ നിരൂപണങ്ങള്‍ അന്യഭാഷകളിലേക്കു കടന്നുചെന്നാല്‍ വായനക്കാരുണ്ടാകുമോ എന്ന പരിഗണനയൊന്നും

അംഗീകാര സമര്‍പ്പണങ്ങളില്‍ ഉണ്ടായിക്കാണുന്നില്ല. അതുപോലെത്തന്നെയാണ് മറ്റു ഭാഷാ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഒരു താല്പര്യവുമുണ്ടാക്കാത്ത ആത്മകഥകളുടേയും നോവല്‍ - കഥാ - കവിതാ പഠനങ്ങളുടേയും ഗതി.

'ലക്ഷ്മണ ദുരന്ത'മെന്ന ഖണ്ഡകാവ്യം, 'ചിന്താവിഷ്ടയായ സീതപോലെ' ഇതരഭാഷകളിലേയ്ക്ക് പ്രവേശം ലഭിക്കേണ്ടുന്ന മൗലികതാവിശിഷ്ടമായ കൃതിയാണ്. കര്‍ത്തവ്യപാലനംപോലെ അനുല്ലംഘ്യമായ കര്‍മ്മമായിട്ടാണ് വാക്പാലനത്തെ ഇക്ഷ്വാകുവംശ രാജാക്കന്മാര്‍ കരുതിപ്പോന്നത്. സുഗ്രീവനു കൊടുത്ത വാക്കു പരിപാലിക്കുന്നതിനുവേണ്ടി, ഒളിഞ്ഞുനിന്നു കൊണ്ട് ബാലിയെ വധിക്കുന്ന അധര്‍മ്മംപോലും കരണീയമായി രാമന്‍ കരുതി. ബ്രഹ്മാവിന്റെ സന്ദേശവാഹകനായെത്തിയ യമനു കൊടുത്ത വാക്കു പാലിക്കാന്‍ വേണ്ടിയാണ് ലക്ഷ്മണനെ പരിത്യജിക്കേണ്ടിവന്നത്. ലക്ഷ്മണത്യാഗം സീതാത്യാഗംപോലെ രാമനെ കഠോരദുഃഖത്തിലാഴ്ത്തിയെങ്കിലും

ആ സംഭവം ആസ്പദമാക്കി കൃതികളേറെയുണ്ടായിട്ടില്ല. മലയാളത്തില്‍ വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍ രചിച്ച കൃതിയൊഴികെ ലക്ഷ്മണന്റെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള മറ്റൊരു കൃതിയുണ്ടെന്നു തോന്നുന്നില്ല. 'ലക്ഷ്മണ വിഷാദം' എന്ന അദ്ദേഹത്തിന്റെ കൃതി സീതാ പരിത്യാഗത്തെക്കുറിച്ചുള്ള ലക്ഷ്മണന്റെ പ്രതികരണങ്ങളാണ്; താന്‍ പരിത്യക്തനായതിനോടുള്ള പ്രതികരണമല്ല. പ്രൊഫ. രാമകൃഷ്ണന്റെ 'ലക്ഷ്മണ ദുരന്ത'മാകട്ടെ, പരിത്യക്തനായ ലക്ഷ്മണന്റെ ചിന്തകളത്രെ. അവയില്‍ സീതാപരിത്യാഗവും ഉള്‍പ്പെടുന്നു. ഏതോ ഒരുവന്‍, നാട്ടിലേതോ കോണില്‍ ജനകാത്മജയെക്കുറിച്ച് അപവാദം പറഞ്ഞുവെന്നു കേട്ടപാടെ ക്ഷുഭിതനായി സീതാപരിത്യാഗ നിശ്ചയമെടുത്തു എന്ന കെട്ടുകഥയെ ആസ്പദമാക്കിയുള്ളതാണ് ഈ കൃതിയിലെ ലക്ഷ്മണന്റെ പ്രതികരണം. അതിന്റെ വാസ്തവമന്വേഷിച്ചില്ല എന്ന പ്രസ്താവന രാമായണത്തേയോ രഘുവംശത്തേയോ ആസ്പദമാക്കിയുള്ളതല്ല - ജനങ്ങള്‍ എന്തു പറയുന്നു എന്നു യഥാതഥമായി അറിയിക്കാന്‍ രാമന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ ഭദ്രന്‍ 'നഗരങ്ങളിലും ജനപദങ്ങളിലും' പരക്കെ ജനങ്ങള്‍ പറയുന്നതെന്തോ അതു തുറന്നു പറഞ്ഞു.

കീദൃശം ഹൃദയേ തസ്യ സീതാസംഭോഗജം സുഖം

അങ്കമാരോപ്യ തുപുരാ രാവണേന ബലാദ് ഹൃതാം

ലങ്കാമപിപുരാ നീതാമശോകവനികാം ഗതാം

രക്ഷസാം വശമാപന്നാം കഥം രാമോനകുത്സ്യതി

അസ്മാകമപി ദാരേഷു സഹനീയം ഭവിഷ്യതി

യഫാഹികുരുതേ രാജാ പ്രജാസ്തമനുവര്‍തതേ

രൂക്ഷവും ബീഭത്സവുമായ ഈ വിമര്‍ശനം ഏതോ ഒരുവന്റേതു മാത്രമല്ല,

ഏവം ബഹുവിധാവാചോ വദന്തിപുരവാസിനഃ

നഗരേഷുചസര്‍വേഷ്ഠ, രാജന്‍, ജനപദേഷുച-

സകല നഗരങ്ങളിലും ജനപദങ്ങളിലും ആളുകള്‍ മഹാരാജാവിനെപ്പറ്റി ഇപ്രകാരം പറയുന്നുണ്ടെങ്കില്‍, തന്റെ സദസ്യരായ സുഹൃത്തുക്കളും അതറിഞ്ഞിട്ടുണ്ടാവുമല്ലോ. അതിനാല്‍ രാമന്‍ അവരോടൊക്കെ വസ്തുതയന്വേഷിച്ചു:

സര്‍വ്വേതു ശിരസാഭൂമാവഭിവാദ്യ പ്രണമ്യച

പ്രത്യൂചൂ രാഘവം ദീന മേവ മേതന്ന സംശയഃ-

''ഇതിഹാസങ്ങള്‍ രത്നങ്ങളൊടുങ്ങാത്ത ഖനികള്‍; അവയില്‍നിന്ന് സര്‍ഗ്ഗശക്തി ധനം  ഉജ്ജ്വല രത്നങ്ങള്‍ കണ്ടെടുക്കുന്നു''
കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ഭദ്രന്‍ പറഞ്ഞത് അവരെല്ലാം ശരിവെച്ചു. അതിനാല്‍ 'ലക്ഷ്മണ ദുരന്ത'ത്തിലുള്ള പ്രസ്താവം (ഒരാളോടുപോലും രാജാവ് അഭിപ്രായം തേടിയില്ല) രാമായണത്തിലുള്ളതിനെതിരാണ്. ഇതിഹാസ പ്രസ്താവം പൊളിച്ചെഴുതാനുള്ള സ്വാതന്ത്ര്യം പിമ്പെ വരുന്നവര്‍ ഉപയോഗിച്ചേക്കുമെന്ന രീതിയിലേ, ഈ ലക്ഷ്മണ ചിന്തയെ അനുകൂലിക്കാന്‍ കഴിയൂ. ഇതു സ്വതന്ത്ര കാവ്യമാണ്. രാമായണ നിരൂപണമല്ല. എങ്കിലും ഈ വ്യതിയാനത്തില്‍ വിപ്രതിപത്തി പുലര്‍ത്തുന്നവരുണ്ടാവും. 'ലക്ഷ്മണ ദുരന്ത'മെന്ന സ്വതന്ത്ര കാവ്യത്തിന്റെ മൂല്യത്തെ ഈ വ്യതിക്രമം തീവ്രമായി ബാധിക്കുന്നില്ല. സീതയുടെ ദുരന്തത്തിനു സീതയുടെ വാക്കുകള്‍ ഹേതുവായിത്തീര്‍ന്നതും ലക്ഷ്മണന്‍ അനുസ്മരിക്കുന്നുണ്ട്:

പണ്ടു പര്‍ണാശ്രമത്തിന്നു

കാവല്‍ നില്‍ക്കുന്ന വേളയില്‍

ദേവി വിഭ്രാന്തചിത്തയായ്

പഴുപ്പിച്ചൊരു നാരായം

ചെവിയില്‍ത്തിരുകുന്നപോല്‍

അരുതായ്മകള്‍ ചൊന്നതും

അപ്പാതകത്തില്‍ ദൈവത്തിന്‍

ശിക്ഷയെന്നും മനസ്വിനി

ഉള്ളിലന്നോര്‍ത്തിരിക്കണം.

സീതയ്ക്കു പറ്റിപ്പോയ തെറ്റുപോലെ എന്തെങ്കിലും തെറ്റ് തനിക്കു പറ്റിപ്പോയിട്ടുണ്ടോ എന്ന് ഈ കാവ്യത്തില്‍ ലക്ഷ്മണന്‍ ആത്മപരിശോധന ചെയ്തിട്ടുണ്ട്. എല്ലാ ദുരന്തത്തിനും കാരണം തനിക്കു പറ്റിപ്പോയ തെറ്റാണെന്നു കണ്ടെത്തുകയും ചെയ്യുന്നു.

പതിയെ അനുഗമിക്കുകയെന്ന കര്‍ത്തവ്യം സീതയ്ക്ക് അനുഷ്‌ഠേയമെങ്കില്‍, ഊര്‍മ്മിളയ്ക്കും അത് അപ്രകാരം തന്നെയാവുമെന്ന് ലക്ഷ്മണന്‍ പരിഗണിച്ചതേയില്ല. ഊര്‍മ്മിളയോടു യാത്ര പറഞ്ഞതുപോലുമില്ല. സീതയെപ്പോലെ കര്‍ത്തവ്യം അനുഷ്ഠിക്കാന്‍ ഊര്‍മ്മിളയെ അനുവദിച്ചിരുന്നെങ്കില്‍, ആശ്രമത്തില്‍ സീത ഏകാകിനിയാവില്ലായിരുന്നു. അങ്ങനെ സ്വന്തം കര്‍മ്മവ്യതിക്രമത്തിന്, സംഭവ പരിണാമത്തിലുള്ള പങ്ക് ലക്ഷ്മണന്‍ തിരിച്ചറിയുന്നു.

''സൂര്യവംശത്തിന്നു തീരാ-

ക്കളങ്കം വിരചിച്ചു ഞാന്‍''

എന്ന സ്വയം വിമര്‍ശനത്തിലെത്തിച്ചേരുന്നു. 'കര്‍മവിപാകം' എന്ന തത്ത്വത്തില്‍ ഊന്നിക്കൊണ്ടുള്ള ജീവിതദര്‍ശനമാണ്, ലക്ഷ്മണനെക്കൊണ്ട് ആത്മപരിശോധന ചെയ്യിക്കാനും താന്‍ ചെയ്ത ദുഷ്‌കര്‍മ്മമാണ് തന്റെ ദുരന്തത്തിനു ഹേതുവെന്ന നിഗമനത്തിലേയ്ക്ക് ലക്ഷ്മണനെ എത്തിക്കാനും ഹേതുവാകുന്നത്. ഊര്‍മ്മിളയോട് തെറ്റു ചെയ്തു എന്നും ആ തെറ്റിന്റെ പരിണതഫലമാണ്, ആശ്രമം വിട്ടുപോകാന്‍ പ്രേരണയായ ദുര്‍വചനങ്ങള്‍ സീത ഉച്ചരിക്കാനിടയാക്കിയതെന്നും ചിന്തിക്കുന്നവനായി ലക്ഷ്മണനെ മറ്റൊരു കവിയും കണ്ടെത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഊര്‍മ്മിളയോടു ചെയ്ത അനീതിയുടെ ധ്വനി ടാഗോറിന്റേയും

സുഗതകുമാരിയുടേയും കവിതകളിലുണ്ട്. എന്നാല്‍, രാവണന്‍ സീതയെ അപഹരിക്കുമായിരുന്നില്ല, ഊര്‍മ്മിള ആശ്രമത്തിലുണ്ടായിരുന്നെങ്കില്‍ എന്ന നിരീക്ഷണം ഈയൊരു കവിക്കു മാത്രം അവകാശപ്പെട്ടതാണ്. അത് വളരെ അര്‍ത്ഥവത്തായ ഒരു കണ്ടെത്തല്‍ തന്നെ. ഊര്‍മ്മിള കൂടെയുണ്ടായിരുന്നെങ്കില്‍ അശ്ലീലമായ ദുര്‍വചനങ്ങള്‍ സീതയുടെ നാവില്‍നിന്നു വീഴുമായിരുന്നില്ല. ലക്ഷ്മണനെപ്പോലെ ഊര്‍മ്മിളയും രാമനെ വധിക്കാന്‍ പോന്ന ഒരു രാക്ഷസനും ഭൂമിയിലില്ലെന്ന് വിശ്വസിക്കാന്‍ സഹായിച്ച്, സീതയെ ആശ്വസിപ്പിക്കുമായിരുന്നു. ഇപ്രകാരം ദുരന്തങ്ങള്‍ക്കെല്ലാം ഏക കാരണം താന്‍ ഊര്‍മ്മിളയോടു ചെയ്ത തെറ്റാണെന്ന് യുക്തിപൂര്‍വ്വമായ നിഗമനത്തിലെത്തുന്ന ലക്ഷ്മണനെ അവതരിപ്പിച്ചത് ഈ ഖണ്ഡകാവ്യത്തിലെ പാത്രസൃഷ്ടിയുടെ പരമവിജയമാണ്. കര്‍മ്മവിപാകമെന്ന തത്ത്വത്തില്‍ യുക്തി യുക്തത ഉണ്ടോ എന്ന സംശയം ആര്‍ക്കും ഉണ്ടാവുന്നവിധത്തില്‍ ആണ് ലോകത്തില്‍ പലതും സംഭവിക്കുന്നത്, ഭൂകമ്പം ഉണ്ടാകുന്നത് ഉന്നതര്‍ കീഴാളരോട് ചെയ്യുന്ന തെറ്റിന്റെ ഫലമാണെന്നു പറയുന്നത് ഗാന്ധിജിയായാലും ആ പ്രസ്താവനയെ ഒരു നുള്ള് ഉപ്പ് കൂട്ടിയല്ലാതെ അകത്താക്കാനാവില്ല. ജാതി വിവേചനമൊന്നുമില്ലാത്ത പ്രദേശങ്ങളിലും ഭൂകമ്പമുണ്ടാവുന്നു. പ്രകൃതിശക്തികള്‍ കോപിക്കുമ്പോഴുണ്ടാകുന്ന കൊടിയ ദുരന്തങ്ങള്‍ ദൈവം നല്‍കുന്ന ശിക്ഷയാണെന്നു പറയാന്‍ 'വിശ്വാസി'കള്‍ക്കേ കഴിയൂ. യുക്തിനീതമായി ചിന്തിക്കുന്നവര്‍ക്കാവില്ല. ലക്ഷ്മണന്റെ കര്‍മവിപാക ചിന്ത അമ്മട്ടിലുള്ളതല്ല; മാത്രമല്ല, ലക്ഷ്മണനെ കര്‍മവിപാക ചിന്തയിലേയ്ക്കു നയിക്കുന്നതല്ല ഈ കാവ്യത്തിലെ 'ഒറിജിനാലിറ്റി'; സീതയെ കാട്ടിലേയ്ക്കു കൂടെ കൊണ്ടുപോവാന്‍ രാമന്‍ ഒരുങ്ങിയപോലെ ഊര്‍മ്മിളയെ കൊണ്ടുപോവാന്‍ താനും ഒരുങ്ങേണ്ടതായിരുന്നു എന്നും ആ കര്‍ത്തവ്യം അനുഷ്ഠിക്കാഞ്ഞതിന്റെ ഫല പരമ്പരകളാണ് രാമനും സീതയ്ക്കും ഒരുപോലെ ജീവിതം ദുരന്തമായി പരിണമിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും യുക്തിപൂര്‍വ്വം സമര്‍ത്ഥിക്കുന്നതാണ്. ഈ ഖണ്ഡകാവ്യത്തിന്റെ നാരായവേര് ഈ ചിന്തയാണ്. ലക്ഷ്മണനോട് ദുര്‍വ്വചനങ്ങളുച്ചരിച്ചതിന്റെ ഫലമാണ് സ്വന്തം ദുര്‍വ്വിധികളുടെ ഹേതു എന്നു ചിന്തിക്കുന്ന സീതയെ സൃഷ്ടിച്ച കുമാരനാശാന് ('കുടിലം കര്‍മവിപാകമെന്ന പദങ്ങള്‍ ഉള്‍പ്പെട്ട 43-ാം ശ്ലോകവും 'കടുകര്‍മപാക'മെന്ന പദങ്ങളുള്ള 166-ാം ശ്ലോകവും)തുല്യമായ പദവിയില്‍, ഈ പുതിയ ചിന്ത 'ലക്ഷ്മണ ദുരന്ത' കര്‍ത്താവിനെ അവരോധിച്ചിരിക്കുന്നു. രാമന്‍ ലക്ഷ്മണനെ ത്യജിക്കാന്‍ ഹേതുവായതില്‍ ഈ കൃത്യവിലോപത്തിനു പങ്കില്ല. എന്നിട്ടും താന്‍ എന്തു തെറ്റാണ് സ്വജീവിതത്തില്‍ ചെയ്തുപോയതെന്ന ആലോചനയാണ് ഊര്‍മ്മിളയോടു ചെയ്ത തെറ്റിലേക്കെത്തിക്കുന്നത്. അതിനെക്കുറിച്ചുള്ള അവബോധം എക്കാലത്തും ഉണ്ടായിരുന്നിരിക്കണം. ആ കുറ്റത്തിനു കിട്ടിയ ശിക്ഷകളായി അഗ്‌നിപ്രവേശത്തിന് ചിതയൊരുക്കേണ്ടി വന്നതിനേയും സീതയെ (വാല്‍മീകിയുടെ ആശ്രമ പരിസരത്താണെങ്കിലും) കാട്ടിലുപേക്ഷിക്കാന്‍ കൊണ്ടുപോകേണ്ടി വന്നതിനേയും ലക്ഷ്മണന്‍ കരുതാതിരിക്കാന്‍ തരമില്ല. അതിലും വലിയ ശിക്ഷ ജ്യേഷ്ഠന്റെ വിയോഗദുഃഖം കണ്ടുകൊണ്ടിരിക്കേണ്ടി വന്നതും.

ഈ കുറ്റ-ശിക്ഷാ ബന്ധബോധം എക്കാലത്തും ലക്ഷ്മണന്റെ മനസ്സിലെ ശല്യം-ശരം-ആയി കുത്തിക്കുത്തി നോവിച്ചിരിക്കുമെന്നതിനാലാവണമല്ലോ, ഒടുവില്‍ രാമനാല്‍ പരിത്യക്തനായപ്പോള്‍ അതു പത്തി പൊക്കിയത്.

സീതയെ കുറ്റബോധത്തിന്റെ ചൂളയില്‍ ഉരുകുന്നവളായി പുനഃസൃഷ്ടിക്കാന്‍ വേണ്ടി കാവ്യം രചിച്ച കുമാരനാശാനെപ്പോലെത്തന്നെയാണ് ലക്ഷ്മണനെ കവി രാമകൃഷ്ണന്‍ പുനഃസൃഷ്ടി ച്ചിരിക്കുന്നത്.

പര്‍ണ്ണാശ്രമത്തില്‍ ഊര്‍മ്മിളയുണ്ടായിരുന്നെങ്കില്‍ രാമായണ കഥ മറ്റൊന്നാകുമായിരുന്നു എന്നും സ്വന്തം കര്‍ത്തവ്യലോപമാണ് രാമായണത്തിലെ ദുരന്തങ്ങള്‍ക്കെല്ലാം മൗലികഹേതുവെന്നും യുക്തിപൂര്‍വ്വം സ്ഥാപിക്കുന്ന കണ്ടെത്തലിന് പ്രാണപ്രതിഷ്ഠ നല്‍കാന്‍ പടുത്തുയര്‍ത്തിയ ശ്രീകോവിലും ക്ഷേത്രവുമാണ് കാവ്യത്തിന്റെ ഒട്ടാകെയുള്ള വാങ്മയശില്പം. ഇതിഹാസങ്ങള്‍ രത്‌നങ്ങളൊടുങ്ങാത്ത ഖനികളാണ്. അവയില്‍നിന്ന് സര്‍ഗ്ഗശക്തി ധനം ഓരോ കാലഘട്ടത്തിലും പുതിയ ഉജ്ജ്വല രത്‌നങ്ങള്‍ കണ്ടെടുക്കുന്നു; അഥവാ, രത്‌നങ്ങള്‍ക്ക് നവംനവ പ്രഭ പ്രസരിപ്പിക്കാന്‍ കഴിയുമാറ് സ്വന്തം രീതിയില്‍ പട്ടം ചെത്തുന്നു. ഷേയ്ക്‌സ്പിയറും കാളിദാസനും ചെയ്തതും അതാണ്. പുതിയ കഥ കെട്ടിയുണ്ടാക്കിയിട്ടല്ല, പഴയതില്‍നിന്ന് പുതിയ രീതിയിലുള്ള പുനഃസൃഷ്ടിയിലൂടെയാണ് അവര്‍ 'ഒറിജിനല്‍' ആയത്.

പ്രൊഫ. രാമകൃഷ്ണന്റെ ഈ കൃതി ഉന്നത സാഹിത്യ സ്ഥാപനങ്ങളുടെ അംഗീകാരമര്‍ഹിക്കുന്നു.

വിവര്‍ത്തന കവിതാസമാഹാരം

'നയാഗര'യെന്ന സ്വന്തം മലയാള കവിതയില്‍ ആ അത്ഭുത പ്രതിഭാസത്തെ, 'പുരാവൃത്ത'മെന്ന് (മിത്ത്) തോന്നിക്കുന്ന പുതിയ കഥ സൃഷ്ടിച്ചും കൊണ്ടാണ് അവതരിപ്പിക്കുന്നത്. ഗംഗാനദിയായി ഇന്ത്യാ ഭൂഖണ്ഡത്തിലൊഴുകുന്ന ജലപ്രപാതത്തെപ്പറ്റി 'ഭഗീരഥപ്രയത്‌നം'പോലുള്ള പുരാവൃത്തം സൃഷ്ടിച്ച പ്രാചീന ഭാവനയ്ക്കു സമാനമായ ഒരു ഉജ്ജ്വല സങ്കല്പമാണത്: ഇങ്ങനെയൊരു 'മിത്ത്' ഒരു ഇന്ത്യന്‍ കവി സൃഷ്ടിച്ചിട്ടുണ്ടെന്ന് അമേരിക്കയിലേയും കാനഡയിലേയും ജനതതി അറിയണമെങ്കില്‍ അതിന് ഇംഗ്ലീഷില്‍ വിവര്‍ത്തനമുണ്ടായേ തീരൂ; അഖിലലോക പ്രശസ്തിയാര്‍ജ്ജിക്കാനര്‍ഹമായ 'മിത്തി'ന്റെ സൃഷ്ടിക്കുള്ള പ്രാധാന്യം ലോകശ്രദ്ധയില്‍ കൊണ്ടുവരത്തക്കവണ്ണം വിവര്‍ത്തന കവിതാസമുച്ചയത്തിന് 'നയാഗ്ര ഫാള്‍സ് ആന്റ് അദര്‍ പോയംസ്' (Niagara falls and other poems) എന്നു ശീര്‍ഷകം നല്‍കിയിരിക്കുന്നു. ഇരുപതോളം കവിതാസമാഹാരങ്ങളുണ്ടായിട്ടും അവയില്‍ പലതും മികച്ചവയായിരുന്നിട്ടും കവിതയ്ക്കു മാത്രമായി ഉദ്ദിഷ്ടമായ വിശിഷ്ടാംഗീകാരത്തിന്റെ വരണമാല്യം അദ്ദേഹത്തിന്റെ രചനയുടെ കണ്ഠത്തിലര്‍പ്പിക്കപ്പെട്ടിട്ടില്ല. 'മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെ'ന്ന നാടന്‍ ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് പലതവണ വരണങ്ങളുണ്ടായത്.

ഈ വിവര്‍ത്തന സമുച്ചയത്തില്‍, അദ്ദേഹത്തിന്റെ ശ്രേഷ്ഠങ്ങളായ പല രചനകളും ഉള്‍പ്പെട്ടിട്ടുണ്ട്. വിവര്‍ത്തന വിഭാഗത്തിനു മാത്രമായി ഇന്ത്യയിലെ സമുന്നത സാഹിത്യ സ്ഥാപനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത് ഭാരതീയ ഭാഷകളിലുണ്ടാവുന്ന മികച്ച കൃതികള്‍ ആദാന-പ്രദാനങ്ങളിലൂടെ എല്ലാ പ്രാദേശിക ഭാഷകളിലേക്കും സംക്രമിക്കണമെന്ന മഹത്തായ ലക്ഷ്യത്തോടെയാണ്. ഈ വിവര്‍ത്തനകൃതി ഉത്തരവാദപ്പെട്ടവരുടെ കണ്ണില്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു കവി ഇപ്രകാരം മൂന്നു വിഭാഗങ്ങളില്‍ ഉന്നതസ്ഥാനമുള്ള കൃതികള്‍ ഒരേ കാലയളവില്‍ പ്രകാശിപ്പിക്കുന്നത് ഒരു അസാധാരണ

പ്രതിഭാസം തന്നെ. നവതിയെ സമീപിക്കുന്ന ഒരു പ്രതിഭാശാലിയുടെ ഈ അപ്രതിമമായ നേട്ടം ഉദ്‌ഘോഷിക്കാതിരുന്നാല്‍, അത് കേരളീയ സഹൃദയ സമൂഹത്തില്‍നിന്നുണ്ടാവുന്ന അപരിഹാര്യമായ കൃത്യവിലോപവും കാചകാഞ്ചനങ്ങളെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന മൂല്യ വിവേചനശക്തിയുടെ അഭാവവുമായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com