120 മൈല്‍ വേഗതയിലേക്ക്വെയില്‍ മുറിച്ചെത്തുന്ന സ്വപ്നം

കരമന കളിയിക്കാവിള പാത.ഏപ്രില്‍ നട്ടുച്ച തല്‍സമയം:

രമന കളിയിക്കാവിള പാത.
ഏപ്രില്‍ നട്ടുച്ച തല്‍സമയം:
വെയിലും വേഗതയും
ഇണചേരുന്നതിന്റെ
വിഷ്വലായി മരീചിക.
പനിച്ചു രസിച്ച് ഹൈവേ എന്നും
നൃത്തം ചെയ്ത് വെയില്‍ എന്നും പറയാം.
അവിചാരിതം വന്ന കാറ്റ്
നെഞ്ചും കുത്തി റോഡില്‍ വീണ്
പിടഞ്ഞെണീറ്റ് വയലായിരുന്ന
മൈതാനത്തിലേക്ക് ഓടി മാഞ്ഞു.
ആകാശം പേടിച്ച് പിന്നെയും പിന്‍വാങ്ങി.
ഒന്നു വിയര്‍ക്കാനും കഴിയാതെ
കറങ്ങി ചുഴലിയായി വീഴുന്ന മനുഷ്യനെ
മാംസത്തോടെ കുടിച്ചു തീര്‍ക്കുന്നതാവണം
റോഡ് കാണുന്ന സ്വപ്നം.

കിണറായിരുന്നിടം പൊക്കിള്‍ പോലെ
വയലായിരുന്നിടം വയര്‍ പോലെ
കുന്നായിരുന്നിടം നെഞ്ചിന്‍ കൂടും അരക്കെട്ടും പോലെ
പാറയായിരുന്നിടം തല പോലെ
ഉറവയായിരുന്നിടം ഹൃദയം പോലെ
റോഡിനകത്തിരുപ്പുണ്ടല്ലോ.

മേഘങ്ങള്‍ കുത്തിന് പിടിച്ച്
ഭീഷണിപ്പെടുത്തുമെന്നും
ആകാശം താണുവന്ന്
അടിവയറ്റിലേക്ക് പെയ്ത് നിറഞ്ഞ് 
ഒരു തണുപ്പിന് ജന്മം നല്‍കുമെന്നും
വേഗതകളെയെല്ലാം ഞെട്ടിച്ചുകൊണ്ട്
മിന്നലില്‍ ഊഞ്ഞാലാടി
യുഗങ്ങളെ വാരിയണിഞ്ഞൊരു സ്വപ്നം
കോരിത്തരിപ്പിക്കുമെന്നും
ഉഷ്ണത്തിന്റെ കൊടുംമൊട്ടയിലേക്ക്
വീണു പ്രഖ്യാപിച്ചു,
ഭൂമിയെ ഉള്ളില്‍ ചേര്‍ത്ത ഒരു തുള്ളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com