ശ്വാസം: രഗില സജി എഴുതിയ കവിത

തീവണ്ടികള്‍ പ്ലാറ്റ്ഫോമിലേക്ക് വരുമ്പോഴുംപോകുമ്പോഴും ആയിരക്കണക്കിനാളുകളുടെശ്വാസീ കൂടിക്കുഴഞ്ഞ്ഭൂമി വിറക്കുന്നു.
ശ്വാസം: രഗില സജി എഴുതിയ കവിത

1.
ശ്വാസത്തിന്റെ വിരലുകള്‍
തൊട്ടുനോക്കിയിട്ടുണ്ടോ?
കാറ്റിലേക്ക് ഹൃദയം തുറന്നിട്ടവരുടെ
നഖമുനകള്‍ കമ്പനപ്പെടുന്നതിന്റെ
താളം ചെവിയോര്‍ത്താല്‍ മതി.

2.
തീവണ്ടികള്‍ പ്ലാറ്റ്ഫോമിലേക്ക് വരുമ്പോഴും
പോകുമ്പോഴും ആയിരക്കണക്കിനാളുകളുടെ
ശ്വാസീ കൂടിക്കുഴഞ്ഞ്
ഭൂമി വിറക്കുന്നു.

ശരീരങ്ങള്‍, അവയുണ്ടാക്കിയ
ചലനത്തെക്കുറിച്ച്
യാത്രയിലൊരിക്കല്‍ പോലും
അറിയുന്നില്ലല്ലോ.

3.
ശ്വാസത്തിന്റെ
ഉടല്‍ കണ്ടിട്ടുണ്ടോ?

വെള്ളത്തിലാഴത്തില്‍
നീന്തി മറയുന്നതിന്റെയോ
മുങ്ങിപ്പോയതിന്റെയോ
ജീവന്റെ കുമിളകള്‍
പ്രതലത്തിലേക്ക് കിതച്ചെത്തി
നൃത്തം ചെയ്യുന്നതില്‍ നോക്കൂ.

4.
മുകളിലേക്ക് കയറുന്തോറും
വായു കീഴ്പെടുത്തിക്കൊണ്ടിരുന്നു.
ഉയരത്തില്‍ പറക്കുന്ന
തുമ്പികളുടെ
ചിറകിന്റെ ശ്വാസീ കേട്ടുകേട്ട് നടന്നു.

താഴേക്ക് നോക്കുമ്പോള്‍
കയറിപ്പോന്നിടം
കാണുന്നില്ല.
ഇടം വലം
കൈ കാല്
ഒന്നുമില്ല.

നെഞ്ചുയര്‍ന്ന് താഴുന്ന
ആയത്തില്‍
ഒപ്പം പറക്കാന്‍
എത്രയാണെന്നോ
തുമ്പികള്‍.

5.
എന്ത് ചെയ്യണമെന്ന
ആലോചനയുണ്ടായില്ല.
അനക്കം കാട്ടാതെ കിടക്കുന്ന
നിന്റെ ചുണ്ടിലേക്ക്
ചുണ്ട് ചേര്‍ത്തു.

ഒരേ ശ്വാസത്തിന്റെ
രുചി
നമ്മെയെത്രനാള്‍
ഒറ്റയായ് കൊരുത്തിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com