ഒരു വിപ്ലവത്തിന്റെ അന്ത്യം: കെആര്‍ ടോണി എഴുതിയ കവിത

ഞാന്‍ കാട്ടിലേക്കോടിക്കയറി;കുറച്ചുനേരമായിആരോ അനുഗമിക്കുന്നതുപോലെതോന്നിയിരുന്നു.
ഒരു വിപ്ലവത്തിന്റെ അന്ത്യം: കെആര്‍ ടോണി എഴുതിയ കവിത

ഞാന്‍ കാട്ടിലേക്കോടിക്കയറി;
കുറച്ചുനേരമായി
ആരോ അനുഗമിക്കുന്നതുപോലെ
തോന്നിയിരുന്നു.
ശ്വാസമടക്കിപ്പിടിച്ചുകൊണ്ട്
പൊന്തക്കാട്ടില്‍ ഒളിഞ്ഞുനിന്ന്
കുറേ നേരം ശ്രദ്ധിച്ചു:
എന്നാല്‍ പാദപതനം
തുടര്‍ന്നു കേള്‍ക്കുകയുണ്ടായില്ല.
അടുത്തുണ്ടായിരുന്ന മരക്കുറ്റിയിലെ
ചിതല്‍പ്പുറ്റിലേക്കു
ഞാന്‍ തുറിച്ചുനോക്കി:
അത് രഹസ്യപ്പൊലീസാണോ?
ഞാന്‍ നിലംപറ്റി ഇഴയാന്‍ തുടങ്ങി.
നീളന്‍പുല്ലുകള്‍ക്കിടയിലൂടെ
ഇഴയുമ്പോള്‍
ആര്‍ക്കും കാണാന്‍ കഴിയില്ലെങ്കിലും,
അതത്ര എളുപ്പമായിരുന്നില്ല.
ലക്ഷ്യം വളരെ അടുത്തിരുന്നു.
മാര്‍ഗ്ഗവും ശരിയായിരുന്നു.
'ഇത്തവണ ഞാന്‍ നേടും'
എന്റെ മനസ്സു മന്ത്രിച്ചു
ഉശിരോടെ ഞാന്‍ ചാടിയെണീറ്റു!
ചുറ്റും ആരുമുണ്ടായിരുന്നില്ല,
ഞാനല്ലാതെ!
എന്നെ തിരിച്ചറിയാന്‍
എനിക്കുപോലും കഴിഞ്ഞില്ല!
അത്രയ്ക്ക് ഞാന്‍ മാറിപ്പോയിരുന്നു!
കാരണം, പൊന്തക്കുള്ളില്‍വെച്ച്
ഞാന്‍ വേഷം മാറിയിരുന്നു!
വിപ്ലവം നടക്കാനുള്ള സാഹചര്യം
ആസന്നമായെന്നു തോന്നി.
ഉണ്ടനിറച്ച എന്റെ തോക്കിന്റെ
കാഞ്ചിയില്‍ ഞാന്‍ കൈവച്ചു.

അപ്പോള്‍ തലയില്‍ പുല്ലുകെട്ടും
മുളങ്കുറ്റിയും
കൈയില്‍ അരിവാളുമായി
ഒരു കാട്ടുപെണ്ണ് വരുന്നതു കണ്ടു.
അവള്‍ രഹസ്യപ്പൊലീസല്ലെന്ന്
എനിക്കുറപ്പുണ്ടായിരുന്നു.
കാരണം, അവള്‍ക്ക്
പൊക്കം കുറവായിരുന്നു!
ചന്തവും വടിവുമുള്ളതായിരുന്നു
അവളുടെ ശരീരം.
പൃഥുവായ പൃഷ്ഠത്തില്‍
സമൃദ്ധമായ മുടി
മുട്ടിയുരുമ്മിക്കൊണ്ടിരുന്നു.
ഒരു വിപ്ലവകാരിക്ക്
തൊഴിലാളിവര്‍ഗ്ഗത്തോടെന്നപോലെയുള്ള
വിശ്വസ്തത അഭിനയിച്ചുകൊണ്ട്
ഞാന്‍ അവള്‍ക്കുനേരെ നീങ്ങി.
''നിങ്ങളാണോ എനിക്കു പിന്നില്‍
പാദപതനമുണ്ടാക്കിയത്?''
ഗാംഭീര്യത്തോടെ,
ഉറച്ച ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു.
മറുപടിയായി
എതിര്‍വിപ്ലവസൈന്യവിഭാഗത്തിന്റെ
യൂണിഫോം അവള്‍ പൊക്കിക്കാട്ടി!
ഞാന്‍ നടുങ്ങി.
അതോടെ എന്റെ പ്രച്ഛന്നവേഷം
അവള്‍ക്കു വെളിവായി.
എന്നാല്‍ ആയുധംവെച്ചു കീഴടങ്ങാന്‍
ഞാന്‍ തയ്യാറായില്ല!
ഉടന്‍ ഒരു വെടിപൊട്ടി!
ഒരു യഥാര്‍ത്ഥ വിപ്ലവകാരിയെപ്പോലെ,
അവളുടെ തിളങ്ങുന്ന
കണ്ണുകളിലേക്കു നോക്കി,
അഭിമാനത്തോടെ
ഞാന്‍ ജീവാര്‍പ്പണം ചെയ്തു!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com