പിന്‍വിളി: സാവിത്രി രാജീവന്‍ എഴുതിയ കവിത

ഓര്‍മ്മയുടെ തീരം ചേര്‍ന്ന് അവര്‍  നിരതെറ്റാതെ നിന്നു വശം തിരിഞ്ഞ് പാതിമുഖം വെളിവാക്കി;
പിന്‍വിളി: സാവിത്രി രാജീവന്‍ എഴുതിയ കവിത

ഓര്‍മ്മയുടെ തീരം ചേര്‍ന്ന് 
അവര്‍  നിരതെറ്റാതെ നിന്നു 
വശം തിരിഞ്ഞ് 
പാതിമുഖം വെളിവാക്കി;
അച്ഛന്‍, അമ്മ, അമ്മാവന്‍ ,
മുത്തശ്ശി,  മുത്തശ്ശന്‍,  ഗാന്ധി; 
നെഹ്‌റു, ഹിറ്റ്ലര്‍, 
മാവോ തുടങ്ങി   
ചരിത്രത്തിലും ചിത്രത്തിലും 
ജീവിതത്തിലും 
അടയാളങ്ങളും  പാടുകളും 
പതിപ്പിച്ചു  മടങ്ങിയവര്‍ 
പഴയ  കറുപ്പും വെളുപ്പും ചിത്രത്തിലെന്നപോലെ 
ശബ്ദമില്ലാതെ, മുഖംതാഴ്ത്തി 
മുന്നില്‍
  
എന്തു സംഭവിക്കുന്നൂ എന്നൊരന്ധാളിപ്പില്‍ 
ശരീരം വിട്ടുപോകുന്ന ഒരാത്മാവ് 
സ്വാഭാവികമെന്നോണം 
അവര്‍ക്കിടയിലേക്കാകാം    അലസമായി 
നടന്നു കയറുന്നത്  
ഇരുളും വെളിച്ചവും വീണ ബിംബങ്ങള്‍ പോലെ  
മരിച്ചവര്‍ ഉലാത്തുന്ന   ഒളിത്താവളം 

പക്ഷേ,  പോകാനായുന്ന  
നിങ്ങളുടെ അവസാന ശ്വാസത്തെ
 പിടിച്ചുകൊണ്ട്  
പ്രിയമുള്ളവരാരെങ്കിലും 
പെട്ടെന്ന് 
നിഴലില്‍ നിന്നും രൂപത്തെ എന്നപോലെ, 
നിങ്ങളെ പിന്നിലേക്കാഞ്ഞു വലിച്ചെന്നുവരും 
അപ്പോഴാണ് 
'കാഞ്ചനസീത' 1 യിലെ 
അവസാന ഷോട്ടിലെന്നോണം 
നിങ്ങളുടെ  ചുറ്റും  തപിക്കുന്ന വന്‍കാട്
 അതിന്റെ ഉടല്‍  
ക്ഷുബ്ധമായ കൊടുംകാറ്റിനാല്‍   കുലുക്കുക 
അല്ലെങ്കില്‍ നിങ്ങളുടെ ഉള്‍നാഡികള്‍ 
 പ്രാണവായുവിനായി 
നിങ്ങളെ കുലുക്കിയുണര്‍ത്തുക 
നിങ്ങള്‍ നിത്യേന കാണുന്ന 
മുളങ്കാടും  ചെടികളും മരങ്ങളും 
പുഴയിലെ ഓളങ്ങളും 
ആ നേരം ഒരുമിച്ചുണര്‍ന്നെണീക്കും  

അപ്പോള്‍ 
കണ്ടുമറന്ന സിനിമയില്‍ നിന്നെന്നപോലെ
'സീതേ... സീതേ'  2 എന്ന രാമന്റെ നീണ്ട വിളിക്കൊപ്പം 
അമ്മേ... അമ്മേ എന്ന കുഞ്ഞുങ്ങളുടെ വിളിയിലെ   
ആന്തലിന്റെ തള്ളലില്‍ 
 നിങ്ങള്‍   കറുപ്പിലും വെളുപ്പിലും 
 മങ്ങിയ നിറത്തിലുമുള്ള 
ചിത്രങ്ങളിലേക്കെന്നപോലെയുള്ള 
നിങ്ങളുടെ അവസാന നടത്തം നീട്ടിവയ്ക്കും  
...

1. ജി. അരവിന്ദന്റെ സിനിമ 
2.  കാഞ്ചനസീതയിലെ അവസാന രംഗം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com