മേല്‍വിലാസം: ശ്രീകുമാര്‍ മുഖത്തല എഴുതിയ കവിത

''കൊച്ചൂഞ്ഞ് പൊട്ടന്‍ മുഖത്തല''യെന്നുള്ളകത്തു വിലാസത്തിലെത്തുന്നു.വായിച്ചില്ലേലും തുറന്നു വായിച്ചാലും ഓരാതെ സത്യമിരിക്കുന്നു.
മേല്‍വിലാസം: ശ്രീകുമാര്‍ മുഖത്തല എഴുതിയ കവിത

മേല്‍വിലാസം തിരെഞ്ഞങ്ങോട്ടു പോകുവാന്‍
പോസ്റ്റുമാന്‍ നിന്നു പരുങ്ങുന്നു
'കൊച്ചൂഞ്ഞ്, പൊട്ടന്‍, മുഖത്തല'യെന്നാണ്
കീറിയ ലക്കോട്ടില്‍ കാണുന്നു.

എന്നാലും കത്തിനിന്നകമറിയാന്‍ വയ്യ
വല്ലാത്ത വേവാണീ സഞ്ചാരം.
നാടായ നാട്ടിലും മേടായ മേട്ടിലും
കാലന്‍ കുടയുമായ്‌പ്പോയിട്ടും
കണ്ടതേയില്ല തപാല്‍ക്കവറില്‍ക്കണ്ട
കൊച്ചൂഞ്ഞിനെ മാത്രമെങ്ങെങ്ങും
പന്ത്രണ്ടു ചേരി കറങ്ങിയെത്തേണമീ-
കത്തെല്ലാം കൊണ്ടുകൊടുത്തീടാന്‍.
ഓരോയിടത്തുമിളവേറ്റു സംഭാരം
മോന്തിക്കുടിക്കുമ്പോ ചോദിപ്പൂ:
''കൊച്ചൂഞ്ഞ്, പൊട്ടന്‍, മുഖത്തല''യെന്നൊരു
കത്തുണ്ടതാരെന്നറിയാമോ?
പുത്തന്‍മേലീലൊരു കൊച്ചുണ്ടതിന്റെ പേര്‍
കൊച്ചൂഞ്ഞ്, പക്ഷേ, പൊട്ടില്ലല്ലോ!
വാര്യരുസാറിന്റെ മൂത്തമോന്‍ കൊച്ചൂഞ്ഞ്
വായില്‍ക്കൊള്ളാത്ത പഠിപ്പുണ്ടേ.
തെങ്ങു ചെത്തുന്നതും കൊച്ചൂഞ്ഞ്, പക്ഷേയീ-
'പൊട്ടന്‍' വിലാസം; എളിയില്‍ കത്തി!
ആരിതയച്ചതീ കത്ത് ചുറ്റിക്കുവാന്‍
ആരായുന്നുണ്ടു പലരിപ്പോള്‍.
കത്തുകിട്ടേണ്ടവന്‍ കൊച്ചൂഞ്ഞ് പൊട്ടനീ-
കത്തയയ്ക്കുന്നതും കൊച്ചൂഞ്ഞ്.
ആകെത്തളര്‍ന്നു വിയര്‍ത്തു വീടിന്‍പടി
കേറുമ്പോളമ്മ കയര്‍ക്കുന്നു.
''കൊച്ചൂഞ്ഞേ പൊട്ടാ നീയിന്നുമെനിക്കുള്ള-
മുക്കൂട്ടു വാങ്ങാന്‍ മറന്നല്ലോ!''
പിന്നില്‍ തലയ്ക്കടികൊണ്ടപോലല്ലയോ
മിന്നല്‍ വെളിച്ചം പരക്കുന്നു.
''കൊച്ചൂഞ്ഞ് പൊട്ടന്‍ മുഖത്തല''യെന്നുള്ള
കത്തു വിലാസത്തിലെത്തുന്നു.
വായിച്ചില്ലേലും തുറന്നു വായിച്ചാലും 
ഓരാതെ സത്യമിരിക്കുന്നു.
വീണ്ടുമിറങ്ങിനടക്കുന്നു പിറ്റേന്ന്
കൊച്ചൂഞ്ഞിന്‍ കത്തുമായാര്‍ക്കു ചേതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com