മന്ത്രവാദിനി: സച്ചിദാനന്ദന്‍ എഴുതിയ കവിത

അവര്‍ രാത്രികളില്‍ പൂച്ചകളോടൊത്ത്നൃത്തം ചെയ്യുന്നത് എന്റെ മകള്‍ കണ്ടിട്ടുണ്ട്ഗൗളികള്‍ അവരുടെ വിളി കേള്‍ക്കുമായിരുന്നു
മന്ത്രവാദിനി: സച്ചിദാനന്ദന്‍ എഴുതിയ കവിത

ന്റെ അമ്മ  മന്ത്രവാദിനിയായിരുന്നു
അവര്‍ രാത്രികളില്‍ പൂച്ചകളോടൊത്ത്
നൃത്തം ചെയ്യുന്നത് എന്റെ മകള്‍ കണ്ടിട്ടുണ്ട്
ഗൗളികള്‍ അവരുടെ വിളി കേള്‍ക്കുമായിരുന്നു
എട്ടുകാലികളുടെ എട്ടു കാലുകളും  ചൂണ്ടുവിരല്‍കൊണ്ട്
അവര്‍ ചൊല്‍പ്പടിക്ക് നിര്‍ത്തി
അവരുടെ ഒറ്റനോട്ടത്തില്‍ പാറ്റകള്‍
കൈകാലുകളുയര്‍ത്തി  മലര്‍ന്നു കിടന്നു.

അവരുടെ കാലടിയൊച്ച കേട്ടാല്‍ എലികള്‍
ഇരുളില്‍ തങ്ങളെ പറഞ്ഞയച്ച
യക്ഷികളുടെ മടിയിലേക്ക് തിരിച്ചുപോയി
മൂങ്ങകള്‍ മൂളുമ്പോള്‍ അവര്‍ തിരിച്ചു മൂളി.
 
പെറാത്ത പൈക്കളും  അവര്‍ക്കായി പാല്‍ചുരത്തി
തെങ്ങുകള്‍ അവരെ കാണുമ്പോള്‍ കുനിഞ്ഞു
കരിക്കുകള്‍ പൊഴിച്ചു കൊടുത്തു
അവരുടെ തലോടലില്‍ മാവുകള്‍ പൂത്തു
വീട്ടിലെ തവികളും തളികകളും  പോലും
അവര്‍ പറയും പോലെ അണിനിരന്നു.   

പ്രേതങ്ങള്‍ അവരെ കാണുമ്പോള്‍
അയല്‍ക്കാരികളാണെന്നു ഭാവിച്ചു ചിരിച്ചു
അവര്‍ക്ക് പുല്ലുകളുടേയും ഉറുമ്പുകളുടേയും
നിഘണ്ടു കാണാതെ അറിയാമായിരുന്നു
പല പര്യായങ്ങളുപയോഗിച്ച് അവര്‍
മഴയുടെ താളങ്ങളും കാറ്റിന്റെ കാലങ്ങളും മാറ്റി
ഇടിമിന്നല്‍ ചുഴറ്റി മേഘങ്ങളെ തന്റെ വഴിയില്‍ മേയ്ച്ചു.

അമ്മയുടെ ശിരസ്സിനു ചുറ്റും
ചിത്രശലഭങ്ങളുടെ ഒരു വലയമുണ്ടായിരുന്നു
കാക്കകളെ ഓരോന്നിനേയും അവര്‍
പൂര്‍വ്വജന്മങ്ങള്‍കൊണ്ട് തിരിച്ചറിഞ്ഞു
അണ്ണാന്മാരെ  അവരുടെ വരകളിലൂടെ  
പേര്‍ വായിച്ചു വിളിച്ചു മലയാളം പഠിപ്പിച്ചു.

അച്ഛന്റെ മലമുകളിലെ മരണം അവര്‍
മുറുക്കിത്തുപ്പിയതിന്റെ ഭൂപടം നോക്കി പ്രവചിച്ചു
ആ ഉടുപ്പുകള്‍ തിരിച്ചു വന്നപ്പോള്‍ അവയില്‍
അച്ഛനുണ്ടെന്നപോലെ കെട്ടിപ്പിടിച്ചു
കാക്ക വിരുന്നു വിളിക്കും മുന്‍പേ
അവര്‍ അതിഥികള്‍ക്ക്   അരി അടുപ്പത്തിട്ടു
പിറക്കാനിരിക്കുന്ന ഓരോ പേരക്കുട്ടിക്കും
തെങ്ങും വാഴയും ചീരയും വെണ്ടയും നട്ടു.

അമ്മയ്ക്കു പ്രവചിക്കാന്‍ കഴിയാതിരുന്നത്
അവരുടെ ലോകത്തിന്റെ അവസാനം മാത്രമാണ്
അതിന്റെ ഇരുട്ടിലിരുന്നാണ് ഞാന്‍ ഓരോന്ന്
ഓര്‍ത്തെടുക്കുന്നത്: അറ, പറ, മുറം, മുഴം,
തേക്കുപാട്ടുകള്‍, വെറ്റിലപ്പാട്ടുകള്‍,
നെല്‍വിത്തുകളുടെ ആരുകളുള്ള പേരുകള്‍,
എന്റെ കറുകറുത്ത വേരുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com