ഒരുക്കങ്ങള്‍: ചന്ദ്രമതി എഴുതിയ കവിത

നോക്കൂ, ഞാന്‍ മരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതു സംഭവിക്കും.എന്റെ ശരീരം കാണാന്‍ നീ വരണം.
ഒരുക്കങ്ങള്‍: ചന്ദ്രമതി എഴുതിയ കവിത

നോക്കൂ, ഞാന്‍ മരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതു സംഭവിക്കും.
എന്റെ ശരീരം കാണാന്‍ നീ വരണം.

ഞാന്‍ പറഞ്ഞിട്ടുണ്ട്,
ആവശ്യമില്ലാതെ എന്നെ വിരൂപയാക്കരുത്.
മൂക്കിലെ പഞ്ഞി, താടിയിലെ കെട്ട്,
മുറുക്കെ പിടിച്ചുകെട്ടിയ മുടി,
മൊബൈല്‍ മോര്‍ച്ചറി,
ഇതൊക്കെ ഏറ്റം അനിവാര്യമെങ്കില്‍ മാത്രം.

നല്ല നിറമുള്ള സാരി ഉടുപ്പിക്കണം.
പച്ച, നീല, മെറൂണ്‍...
പുതപ്പിക്കുന്നെങ്കില്‍ നെഞ്ചിനു താഴെ മാത്രം.
മുടി മുഖത്തിനു ചുറ്റും വിടര്‍ത്തിയിടണം
പുരികമെഴുതണം, പൊട്ടുവേണം,
ഇമകളില്‍ കരിപ്പെന്‍സിലോടണം
ചത്തുകിടന്നാലും ചമഞ്ഞു വേണ്ടേ കിടക്കാന്‍?
കാരണം നീ എന്നെക്കാണാന്‍ വരില്ലേ!

എന്റെ സന്തോഷവും കണ്ണുനീരും
വാശിയും പിണക്കവും സ്വപ്നവും ഭീതിയും
എന്നേക്കാളറിഞ്ഞവന്‍
കത്തികള്‍ കൊണ്ട് അവര്‍ വരഞ്ഞ മുറിവുകള്‍
വടുപോലുമില്ലാതെ തലോടി മായ്ച്ചവന്‍
നിന്റെ ലാളനയില്‍
പ്രണയവും കാമവും ജ്വലിച്ചു കത്തിയിരുന്ന
ഈ ശരീരത്തെ അവര്‍ കത്തിച്ചുകളയും
അപ്പോള്‍,
അന്ത്യദര്‍ശനം മനോഹരമാക്കണ്ടേ?

പ്രിയനെ, നീ വരുമ്പോള്‍
ശരീരം വിട്ടുയര്‍ന്നു നില്‍ക്കുന്ന ഞാന്‍
കുളിര്‍മയായി നിന്നെത്തഴുകും
അതു നീ തിരിച്ചറിയണം
പുകച്ചുരുളുകളെ കാണാന്‍ നീ നില്‍ക്കണ്ട.
വിഷാദ ബിന്ദുവായി നിന്‍ മനസ്സില്‍
ഒരു മാത്ര നിന്നിട്ട് ഞാനലിഞ്ഞുപോകും.

ശരീരമില്ലാതെ നമ്മള്‍ നേര്‍ക്കുനേര്‍ വന്നാല്‍
ജീവനേ, നീയെന്നെ തിരിച്ചറിയുമോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com