ഇരുഭൂപടങ്ങള്‍ക്കിടയില്‍: പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

ഇപ്പഴും രണ്ട് കുളമുണ്ട് തൊടിയില്‍ കളരിക്കുളം, വടക്കേക്കുളം ചൊല്ലിഅതിരിട്ട് നിര്‍ത്തിയ ജലദേശ വിസ്തൃതി
ഇരുഭൂപടങ്ങള്‍ക്കിടയില്‍: പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

പ്പഴും രണ്ട് കുളമുണ്ട് തൊടിയില്‍ 
കളരിക്കുളം, വടക്കേക്കുളം ചൊല്ലി
അതിരിട്ട് നിര്‍ത്തിയ 
ജലദേശ വിസ്തൃതി

1
നീന്തലും തുടിക്കലും മദിക്കലും 
പരിചയിച്ചുധൃത വീര്യമായ്
ത്രസിച്ച കളരിക്കുളം.
കല്‍പ്പടവ്, ചാരെ കരിമ്പന
തലയെടുപ്പെ,ഴുന്നള്ളാന്‍ വാഴ്ത്തും
ഉങ്ങിന്‍ പച്ചത്തഴപ്പ്
വിലങ്ങനെ ചാടാന്‍ ചരിഞ്ഞ് നില്‍ക്കും 
തെങ്ങ,തില്‍ വന്നിരിക്കും 
വേഗവിരുതാലെയ്യുന്ന പൊന്മ.
കളരിക്കുളം- ആണ്‍ ചൂരു മാത്രം
ശ്വസിക്കുന്ന ക്ലാസ്സ് മുറി മാതിരി-
ഓതി ചിരിക്കുന്നൊരാശാനുമോര്‍മ്മയില്‍ 
നീരുവറ്റി വാതജ്വരത്തില്‍
ഓളം തിളങ്ങാതെ നിശ്ചല ജലാശയം.

2

വടക്കേക്കുളം, അടക്കിപ്പിടിച്ച 
ചിരിയും കരച്ചിലും ഈറനുടുത്ത് 
ഒതുങ്ങിനില്‍ക്കും തീണ്ടാരി
പരിഭ്രമമാര്‍ന്ന പായല്‍ ജലാശയം. 
അലക്കുകാരവും ചെങ്കല്ലും 
കലഹിച്ച ചെത്തം 
വാക്കെല്ലാം ഊളിയിട്ടോരു
നീര്‍ക്കോലിപോലെയുഴറുന്ന നട്ടുച്ച.
താളിയും എണ്ണയും ജാള്യനഗ്‌നത-
യിലാകെ മിനുങ്ങുന്ന സന്ധ്യ,
പെണ്‍പള്ളിക്കൂടമെന്നാശാത്തിചൊല്ലിയ,
ആണ്‍നോട്ടമെത്തും കൈതമുറിവോ-
ലുന്ന കൂരിരുള്‍ പൊന്തകള്‍.

*
ജലപ്പിശാചെന്നില്‍ കുഴല്‍തിരിക്കുമ്പോള്‍
വലഞ്ഞകൈവിരല്‍ വരണ്ട് കോറുന്നു:
യുദ്ധമോ, ഉള്‍ക്കലാപങ്ങളോ,
രോഗബാധയോ, കാലഭീതിയോ
ഉപേക്ഷിതം ഈ രണ്ടു രാജ്യങ്ങള്‍ 
ഭൂതകാല വിഭവഭൂപടം മുക്കും ചതിക്കുഴി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com