അഴുക്ക്: മ്യൂസ് മേരി എഴുതിയ കവിത

ആകാശമൊരു പെരുമഴയായിപെയ്തിറങ്ങും മുന്‍പേയവര്‍ആണും പെണ്ണുമായിഉടല്‍മുറിഞ്ഞു വീണിരുന്നു
അഴുക്ക്: മ്യൂസ് മേരി എഴുതിയ കവിത

കാശമൊരു പെരുമഴയായി
പെയ്തിറങ്ങും മുന്‍പേയവര്‍
ആണും പെണ്ണുമായി
ഉടല്‍മുറിഞ്ഞു വീണിരുന്നു
പിന്നീടെപ്പോഴോ
തൊടാന്‍പാടില്ലെന്നു
പറഞ്ഞിട്ടും
അവള്‍ തൊട്ടു
വേപ്പുമരം
നിന്നിടത്തു
നിന്നുണങ്ങി
അരൂതച്ചെടിയില്‍
പുഴുതിന്നു ജീവിതം
തണ്ടിലുടക്കിനിന്നു
കെട്ടിപ്പിടിച്ച
കെട്ട്യോന്‍
പട്ടടയിലെരിഞ്ഞു
തീണ്ടാരിത്തുണി-
യിലാഭിചാരം
ചെയ്ത കാമുകന്‍
കെട്ടിഞാന്നു ചത്തു
പിന്നെപ്പെരുമഴയില്‍ 
മിന്നല്‍ പെയ്തിറങ്ങുമ്പോള്‍
ദേവാലയം 
നെടുകെപ്പിളര്‍ന്നു
അശുദ്ധിയുടെ
വേദപുസ്തകം
താള്‍മറിഞ്ഞ്
അടയാളവാക്യം
തിരഞ്ഞു
പള്ളിതഴുതിട്ടു
പൂട്ടിത്തിരികെ
നടക്കുമ്പോള്‍
മിനാരങ്ങളില്‍
പറന്നിരുന്ന്
കൊക്കുചേര്‍ത്ത്
കിഴവന്‍ പ്രാക്കള്‍
കൊത്തിപ്പിരിഞ്ഞു
നാരിമാരെത്താത്ത
ഉള്ളകങ്ങളില്‍
സന്ധ്യചുകന്നൊഴുകി
നേരമൊട്ടു
വൈകിയെന്നോര്‍ത്ത്
വേഗംകിതയ്ക്കുന്ന
പടികളിലേയ്ക്കെത്തി-
നില്‍ക്കുമ്പോള്‍
പതിവ് രീതിയൊന്നും
മാറാതെ ഗോപുരം
വയസ്സറിയിച്ച്
നിലാവും
ഒന്നരയുടുത്തിട്ടും
അകവടിവുകള്‍
കണ്ടുഴിഞ്ഞ്
മാമരങ്ങള്‍
ചിരിച്ചാര്‍ത്തു
അകത്തോട്ടോ
പുറത്തോട്ടോ
നിന്നിട്ടോ
ഇരുന്നിട്ടോ
മുട്ടുകുത്തിയോ
നമിച്ചൊതുങ്ങിയോ
ചോദ്യങ്ങള്‍
ഇമയടക്കങ്ങളില്ലാതെ
പെയ്യുന്നു
മഴ നനഞ്ഞ്
മരണപുസ്തകം
വായിക്കുമ്പോള്‍
ആരിവളാരിവള്‍
ആര്‍പ്പുവിളികളാല്‍
വായ്ക്കരിവിതറുമ്പോള്‍
കല്ലറയ്ക്കുള്ളിലും
കബറിനുള്ളിലും
ചിതയ്ക്കുള്ളിലും
പുറ്റുവളര്‍ന്നൊരു
മൈതാനം ഇരമ്പുന്നു
അഴുക്ക്, അഴുക്ക്, അഴുക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com