ചുണ്ടുകള്‍ കൊണ്ട്  നീയത്  ചെയ്തപ്പോള്‍: പിഎന്‍ ഗോപീകൃഷ്ണന്‍എഴുതിയ കവിത

ചുണ്ടുകള്‍കൊണ്ട് നീയത് ചെയ്തപ്പോള്‍ലോകം അട്ടിമറിയേണ്ടതായിരുന്നു.പക്ഷേ, ലോകം ഉണ്ടായിരുന്നില്ല.
ചുണ്ടുകള്‍ കൊണ്ട്  നീയത്  ചെയ്തപ്പോള്‍: പിഎന്‍ ഗോപീകൃഷ്ണന്‍എഴുതിയ കവിത

ചുണ്ടുകള്‍കൊണ്ട് നീയത് ചെയ്തപ്പോള്‍
ലോകം അട്ടിമറിയേണ്ടതായിരുന്നു.
പക്ഷേ, ലോകം ഉണ്ടായിരുന്നില്ല.

നിന്റെ പേരറിയില്ല.
മസ്‌കറ്റില്‍, ഇരുണ്ട ഡാന്‍സ് ബാറില്‍
എനിക്കായെന്ന മട്ടില്‍
നീയെറിഞ്ഞ ചിരി മാത്രം ഉണ്ട്. 

അത് ചിരി തന്നെയായിരുന്നു.
പക്ഷേ, എന്റെ ഭാഷയിലെ ചിരി എന്ന പദം
ആ ചിരി കണ്ട് പേടിച്ചിരിക്കണം. 
കാരണം, ഞാന്‍ അപ്പോള്‍ പേടിച്ചു. 

അത് ഒരു അടയാളമെങ്കില്‍
അതിനു പിന്നിലെ പൊരുളെന്ത്?
ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന്
അവള്‍ എന്തിന്, എന്നോട് പറയണം?

ദരിദ്രര്‍ ചിരിക്കുമ്പോള്‍
ഒരു വയല്‍ മുഴുവന്‍ കതിരിടുന്നു.
ധനികര്‍ ചിരിക്കുമ്പോള്‍
ഒരു നഗരം കുറച്ചുകൂടി ഉയരുന്നു.
പുരുഷന്‍ ചിരിക്കുമ്പോള്‍
ഒരു ചില്ല് തെറിക്കുന്നു.
സ്ത്രീ ചിരിക്കുമ്പോള്‍
ഒരു കനല്‍ എരിയുന്നു.
കുട്ടികള്‍ ചിരിക്കുമ്പോള്‍
ഒരു വിത്ത് മുളയ്ക്കുന്നു.

വൃദ്ധച്ചിരി ശൂന്യനോട്ടം.
കോളനിച്ചിരിയല്ല, ഫ്‌ലാറ്റുചിരി.
ആശുപത്രിച്ചിരിയല്ല, നിരത്തുചിരി.
ചിരിനിഘണ്ടുവിന്റെ
മുഴുവന്‍ താളും കീറിയിട്ടും
നിന്റെ ചിരി അതില്‍ ഇല്ല.

ഡാന്‍സ്ബാറിന് പുറത്ത്
വിളക്കുകളുടെ ചിരി.
കാറില്‍ കയറി ഗഫൂര്‍ക്ക
താക്കോല്‍ തിരിച്ചപ്പോള്‍
മുന്‍വിളക്കുകളുടെ ചിരി.
പക്ഷേ, നിന്റെ ചിരിക്ക്
മറ്റൊരു വെളുപ്പ്. 

ആ പല്ലുകള്‍ വെളുത്തതായിരുന്നോ?
ഓര്‍മ്മയില്ല.
ആ കണ്ണുകള്‍ ഇരുണ്ടതായിരുന്നോ?
ഓര്‍മ്മയില്ല.

ഓര്‍മ്മ ഇത്രയും ചെറുതായി
ഒരിക്കലും ഇരുന്നിട്ടില്ല.
ഓര്‍മ്മ ഇത്രയും ലഘുവായി
ഇതിനു മുന്‍പ് പറന്നിട്ടില്ല.
എങ്കിലും
പഴയ സോവിയറ്റു യൂണിയന്റെ ഭൂപടം പോലെ
ഭൂമിയില്‍ ഏറ്റവും കനമുള്ള രാജ്യം പോലെ
ആ ചിരി
എന്നെ ചവിട്ടിത്താഴ്ത്തി.
പുതിയ സോവിയറ്റു യൂണിയനിലെ
ധൂമരാജ്യങ്ങള്‍ പോലെ
എന്നെ കീറിപ്പറത്തി.
ജോര്‍ജ്ജിയയിലെ ഒരു വീട്ടില്‍നിന്നും
തെരുവിലേക്കും
തെരുവില്‍നിന്ന് ചരിത്രത്തിലേക്കും
ആ ചിരി
വിചിത്രമായ് പടര്‍ന്നു.

സാക്ഷി മാത്രമാണ് കവിതയെന്ന്
എനിക്കപ്പോള്‍
കുറ്റം ബോധിച്ചു.

കവിത അവിടെയുണ്ടായിരുന്നു.
നിനക്കൊപ്പം.
ചിലപ്പോള്‍ മുഴുമിക്കാനാകാതെ പോയ
ഒരു വാക്കിന്റെ വിതുമ്പലില്‍.
ചിലപ്പോള്‍ പറഞ്ഞുപോയ
ഒരു വാക്കിന്റെ പിടച്ചലില്‍.
കവിത സംഭവിക്കുന്നതല്ല.
കവിത എഴുതുന്നതല്ല.
സംഭവം നിര്‍മ്മിക്കുന്ന അസംഭാവ്യതയാണ്.
എഴുത്ത് അവശേഷിപ്പിക്കുന്ന അസാധ്യതയാണ്.

അവിടെ, അവിടെയാണ്
ആ ചിരി.
താരകങ്ങളില്‍ അല്ല.
ഒരിക്കല്‍ നമ്മുടെ വിമാനപ്പാളങ്ങള്‍
താരകങ്ങളിലേക്ക് നീണ്ടേയ്ക്കും.
പക്ഷേ,
ആ ചിരിയിലേക്ക് പാതയില്ല.

നിന്നെ കണ്ടുമുട്ടുമെങ്കില്‍
ആദ്യവാചകം എന്തായിരിക്കും?
''ലോകത്തിലെ ഏറ്റവും ശക്തരായിരുന്ന
മനുഷ്യരില്‍ ഒരാള്‍
ഞങ്ങളില്‍ നിന്നായിരുന്നു'' എന്നോ?
ഒരിക്കലും ചിരിക്കാത്ത ശക്തരുടെ മുഖത്ത്
പില്‍ക്കാലമെറിയുന്ന ചെളിയോ ചിരി?
നിനക്ക്, ഞാനും ഒരു മുഖം മാത്രം.
മായേണ്ട, മാഞ്ഞുകൊണ്ടിരിക്കുന്ന ഒന്ന്. 

ഞാന്‍ തിരയടിക്കാത്ത കരയില്‍നിന്നും
തിരയടിക്കുന്ന കടല്‍ താണ്ടി വരുന്നു.
ഗഫൂര്‍ക്ക, മലയാള വടിവില്‍
അറബി ഞൊറിഞ്ഞുടുക്കുന്നു.
ബാറിന് മുന്നിലെ ഫ്‌ലെക്സില്‍
നിന്റെ പടത്തിന് അകമ്പടി സേവിച്ച്
ജോര്‍ജ്ജിയ കിടക്കുന്നു. 

ഈ ലോകം കുഴപ്പിക്കുന്നത്.
ഈ ലോകം ഭാഷകള്‍ മാത്രമല്ല.
നിശ്ശബ്ദത മാത്രമല്ല
അവയെ വേര്‍തിരിക്കുന്ന
കടുത്ത രേഖകള്‍ കൂടി. 

നിന്റെ ചിരി
ഈ രേഖകളെ വെല്ലുവിളിക്കുന്നു.
അതിന് പാസ്പോര്‍ട്ടില്ല.
വിസയില്ല
അറസ്റ്റ് ചെയ്യേണ്ട ചിരിയാണത്.
പക്ഷേ, ചിരിക്കെതിരെ
സഞ്ചരിക്കേണ്ട വാറണ്ട് ഏത് ?

രേഖകള്‍ വരച്ചത്
വിദ്വേഷത്തെ, വെറുപ്പിനെ.
എന്റെ രാജ്യം സ്വതന്ത്രമെന്ന് ഞാന്‍.
നിന്റെ രാജ്യം സ്വതന്ത്രമെന്ന് നീ. 
എന്റെ രാജ്യം വെറുപ്പില്‍നിന്നും
സ്വതന്ത്രമല്ലെന്ന് ഞാന്‍.
നീ ഒട്ടും സ്വതന്ത്രയല്ലെന്ന് നീ. 

ഈ കാര്‍
മസ്‌കറ്റിലൂടെ തന്നെയോ
പോകുന്നതെന്ന്
എനിക്കറിയില്ല.
ഇത് ദുബായ് ആയാലും
എനിക്കൊന്നുമില്ല.
നീ വേഷം കെട്ടിയ പുരുഷന്‍ ആയാലും
എനിക്കൊന്നുമില്ല.
നിന്റെ പ്രായം ഇരുപതോ അമ്പതോ എന്നത്
എനിക്ക് പ്രശ്‌നമല്ല.
നീ രാവിലെ പല്ലുതേയ്ക്കുന്ന
പേസ്റ്റിന്റെ ബ്രാന്റ് എന്റെ പ്രശ്‌നമല്ല.

പക്ഷേ, ആ ചിരി
എല്ലാം പ്രശ്‌നമാക്കുന്നു.
ഒരു നിശാശലഭം പോലെ
അത്
എന്റെ ആത്മാവിന്റെ ചുമരില്‍ വന്നിരിക്കുന്നു.
ഇടയ്ക്കിടയ്ക്കു പറക്കുമ്പോള്‍
എന്റെ സ്ഥലത്തെ
അല്‍ല്പാല്പമായ് അരിയുന്നു.

അതെ. അതിന് മൂര്‍ച്ചയുണ്ട്.
അത്തരം ചിരികളില്‍ നിന്നാണ് ബ്ലേഡ് കണ്ടുപിടിച്ചത്.
മൂര്‍ച്ചയാണ് ശരീരത്തെ
ഏറ്റവും ആഴത്തില്‍ ആശ്ലേഷിക്കുന്നത്.
അത്
രക്തത്തെ സ്വതന്ത്രമാക്കുന്നു.
കാലിപ്പാട്ട പോലെ
ശരീരം മറിഞ്ഞുവീഴുന്നു.
അടക്കിവെച്ച വാക്കുകള്‍
തൂവിത്തെറിക്കുന്നു.
ഒരു വാക്കൊഴിച്ച്.

ആ വാക്ക്
എന്തായിരുന്നാലും
ആ വാക്ക് വേദന തന്നെ.
ആ വാക്ക് എന്തായിരുന്നാലും
ആ വാക്ക് ഇരുട്ടുതന്നെ. 

വേദന വസ്തുവല്ല.
വസ്തുത്വത്തിന്റെ മരണം.
ഫ്യൂസായ ബള്‍ബാണ് വേദന. 

''എന്റെ ജനതയുടെ ഫിലമെന്റ്
കെട്ടുപോയിരിക്കുന്നു''
നിന്നെക്കാണാന്‍ ഇടവന്നാല്‍
ഞാന്‍ പറയുമായിരുന്നു.
''എന്റെ ജനതയുടെ വൈദ്യുതിനിലയം
തന്നെ തകര്‍ന്നിരിക്കുന്നു''
നീ പറയുമോ? 

ഓര്‍മ്മപ്പറവ തിരിച്ചുവന്ന്
എന്റെ ചില്ലയിലിരിക്കുന്നു.
വെളുപ്പുകലര്‍ന്ന തവിട്ടുമുടിയായിരുന്നു, നിന്റെ.
മുലകളെ ഉയര്‍ത്തിയും താഴ്ത്തിയും
ഒരു കിതപ്പ് നിന്നില്‍ വസിച്ചിരുന്നു.
അത്, ഒരു ഇന്ത്യന്‍ കിതപ്പായിരുന്നില്ല.
മസ്‌കറ്റിന്റെ കിതപ്പുമായിരുന്നില്ല.
ജോര്‍ജ്ജിയന്‍ കിതപ്പുപോലുമായിരുന്നില്ല.
അത് ഭൂമിയുടെ തിളയ്ക്കുന്ന ഉള്ളുപോലെ
എന്തോ ആയിരുന്നു. 

മണ്ണടിഞ്ഞ സോവിയറ്റുലാന്റ് മാസികയുടെ
കണ്ണുവഴുതുന്ന മിനുപ്പ്
എനിക്കോര്‍മ്മ വന്നു.
അതിലെഴുതപ്പെട്ട
സ്വാസ്ഥ്യത്തിന്റെയും സന്തോഷത്തിന്റെയും
ഭാഷ
എനിക്കോര്‍മ്മ വന്നു.
എന്റെ പാഠപുസ്തകത്തിലെ
പരുപരുത്ത സര്‍ക്കാര്‍ മുദ്ര
എനിക്കോര്‍മ്മ വന്നു.

പക്ഷേ, ആ ചിരി ജിപ്‌സിയായിരുന്നു.
മതില്‍ ചാടുമ്പോലെ
അത് രാഷ്ട്രങ്ങള്‍ ചാടുന്നു.

ഞങ്ങളുടെ ചിരികള്‍
ഭാഷയുടെ ഞരമ്പുകള്‍ ആയിരുന്നു.
അവയെ ഞങ്ങള്‍ കുഞ്ചന്‍ നമ്പ്യാര്‍
എന്ന് വിളിച്ചു.
സഞ്ജയന്‍ എന്ന് വിളിച്ചു.
വി.കെ.എന്‍. എന്ന് വിളിച്ചു.
അയ്യപ്പപ്പണിക്കര്‍ എന്ന് വിളിച്ചു.
അബു എബ്രഹാം എന്ന് വിളിച്ചു.
കെ.ജി.എസ്, സച്ചി, സക്കറിയ, ഒ.വി. വിജയന്‍, മാധവിക്കുട്ടി,
ജോണെബ്രഹാം എന്നൊക്കെ
പിന്നെയും പിന്നെയും വിളിച്ചു.

പക്ഷേ, ഈ ചിരി
ആല്‍ബട്രോസ് പക്ഷിയായിരുന്നു.
വെടിവെച്ചു വീഴ്ത്തപ്പെട്ട പോലെ
അതെന്റെ മനസ്സില്‍ വീണു.
വീണ സ്ഥലം നോ മാന്‍സ് ലാന്‍ഡായി.

ചിരി പ്രതിമകളെപ്പോലല്ല.
ഓര്‍മ്മയെ പെട്ടെന്ന് ഘനീഭവിപ്പിക്കുന്നില്ല.
ചിരി ഭാഷയെപ്പോലല്ല.
ഭൂമിശാസ്ത്രത്തെ അത് ക്രോഡീകരിക്കുന്നില്ല.
ആ ചിരി ഒരു ലക്ഷ്യം അല്ല.
ലക്ഷ്യത്തിലേക്ക് തൊടുത്ത അമ്പല്ല.
തത്ത്വമോ ശാസ്ത്രമോ അല്ല.
കാറില്‍ യാത്ര ചെയ്യുന്ന എന്നെപ്പോലെ
ഏതെങ്കിലും കുതിരയില്‍
അത് സവാരി ചെയ്യുന്നില്ല.
ഫോണിലെ അക്കങ്ങളെപ്പോലെ
അര്‍ത്ഥവത്താകുന്നില്ല.

ആ ചിരി
രണ്ട് ചുണ്ടുകള്‍ കൊണ്ടുണ്ടാക്കിയ പാളങ്ങളില്‍
നീ നടത്തുന്ന സങ്കടവിപ്ലവം.

എനിക്ക്, പെട്ടെന്ന്
കുത്തിച്ചാവാന്‍ തോന്നി.
ഒരു നിലവിളി
ആകാശത്തേക്ക് വിക്ഷേപിക്കാന്‍ തോന്നി.
ചുറ്റുമുള്ള സ്ഥലത്തിന്റെ
ഘടന തകര്‍ക്കാന്‍ തോന്നി.

എന്റെ രാജ്യം പൊടിയില്‍
കിടക്കുന്നു.
എന്റെ രാജ്യം അതിനെ
അതില്‍ തന്നെ അടക്കം ചെയ്യുന്നു.
അതില്‍ കുത്തിയ കൊടികള്‍
ശവകുടീരത്തെ വിളംബരം ചെയ്യുന്നു.
അതില്‍ വരച്ച പാതകള്‍
ഭീതിക്ക് ഗതിവിഗതികള്‍ ഉണ്ടാക്കുന്നു.
അതിന്റെ അന്തിമമായ ക്യാന്‍വാസില്‍
അവിദഗ്ദ്ധരായ ചിത്രകാരന്മാര്‍
ഭാവിയെ കെട്ടുപിണയ്ക്കുന്നു.

ഞാന്‍ തൊട്ടടുത്തിരിക്കുന്ന
ഗഫൂര്‍ക്കയെ സ്വപ്നം കാണുന്നു.
ഗഫൂര്‍ക്ക തൊട്ടുനില്‍ക്കുന്ന മസ്‌കറ്റില്‍നിന്നും
സ്വപ്നം കൊണ്ടകലുന്നു.
നിന്റെ രാജ്യം മസ്‌കറ്റിനെ സ്വപ്നം കണ്ടില്ല.
പകരം, ഒരു ഡാന്‍സ്ബാറിനെ
സ്വപ്നം കണ്ടു.
പെട്ടെന്നു ചെറുതായിപ്പോയ
ഒരു സ്വപ്നത്തിന്റെ ബാക്കിപത്രമോ
ഈ ചിരി?

എന്റെ നാട്ടില്‍ ചിരി പറയുന്നത്
അതെ എന്നാണ്.
ഞങ്ങളുടെ ഭാഷയില്‍ ചിരി പറയുന്നത്
ശരി, ശരി എന്നാണ്.
ഞങ്ങളുടെ നിരത്തില്‍
ചിരി ചെയ്യുന്നത്
ആഹ്ലാദം എന്നാണ്

ഇല്ല, എന്ന് പറയുന്ന ചിരിയെ
ഞാന്‍
ഒരു വിസിറ്റിങ്ങ് കാര്‍ഡു പോലെ
എടുത്തുവെക്കട്ടെ.
കോര്‍ണിഷില്‍ എത്തിയപ്പോള്‍
ഞാന്‍ കരുതി.
അതിനെതിരെയുള്ള പഴയ മാര്‍ക്കറ്റില്‍
വളഞ്ഞ കത്തിയുടെ ഓര്‍മ്മക്കുറിപ്പുകള്‍**
വെള്ളി പോലെ തിളങ്ങുന്നു.

വസ്തുക്കളുടെ ചിരി
എനിക്കോര്‍മ്മ വന്നു.
അലകുകളുടെ ചിരി.
തീവണ്ടി ചക്രങ്ങളുടെ ചിരി.
ചെറിയ ചെറിയ കല്‍ക്കരിത്തുണ്ടുകള്‍
നീറിനീറിപ്പുകയുന്ന
അടുപ്പുകളുടെ ചിരി.

നീ പറയുമായിരിക്കും
ജോര്‍ജ്ജിയയിലെ ശ്മശാനങ്ങളെപ്പറ്റി,
അതിനുള്ളില്‍ ചെറിയ ചെറിയ പൂക്കള്‍ വിടര്‍ത്തുന്ന
പടര്‍വള്ളികളെപ്പറ്റി,
നീ പറയുമായിരിക്കും
മാഞ്ഞുപോയ പാഠപുസ്തകങ്ങളെപ്പറ്റി,
മൃതശരീരങ്ങളിലെന്നപോല്‍
അതില്‍ ഇഴയുന്ന പുഴുക്കളെപ്പറ്റി,
അവ ആയിത്തീരേണ്ട
ശലഭങ്ങളെപ്പറ്റി.

സുവിശേഷങ്ങള്‍ ഇടകലര്‍ന്ന
ഒരു ബൈബിളിന്റെ
കലങ്ങിയ വ്യാഖാനം പോലെ
ആ ചിരിയെ ഞാനപ്പോള്‍
വായിച്ചു.
അന്നേരം ഒരു പള്ളി
എന്റെ ഉള്ളില്‍ തകര്‍ന്നുവീണു.
പൊടിയില്‍ ഒടിഞ്ഞ കുരിശ്
മൂടിനിന്നു.

പക്ഷേ,
മസ്‌കറ്റ് വേറൊന്നായിരുന്നു.
ഗഫൂര്‍ക്കയ്ക്ക് അതറിയാമായിരുന്നു.
ഒരു ജോര്‍ജ്ജിയന്‍ ശരീരം പിഴിഞ്ഞ്
ഒരു ചിരിയെടുക്കാന്‍
രണ്ട് റിയാല്‍ ധാരാളമായിരുന്നു.

അവള്‍ നൃത്തം ചവിട്ടുകയായിരുന്നു.
അലര്‍മേല്‍ വള്ളിയെപ്പോലല്ല.
ഈ ലോകത്തെ കാലുകൊണ്ട് ചവിട്ടിത്താഴ്ത്തി.
ഈ അന്തരീക്ഷത്തെ
കൈകള്‍കൊണ്ട് കുഴച്ച് മറിച്ച്.
ഈ ഭാഷയെ ഒച്ചകൊണ്ട് കലക്കി.

പക്ഷേ, ആ ചിരി വേറിട്ട് നിന്നു.
ഒരുപക്ഷേ അത്, ആ മുഖത്തിന്റേതല്ലായിരിക്കും
ഏത് മുഖത്തിന്റേത്
എന്നന്വേഷിക്കുന്ന
തൊണ്ടിമുതല്‍ പോലെ
അതില്‍ മുഖങ്ങള്‍ പെരുമാറിയിരിക്കും.
ഓരോ രാജ്യവും
ഒരു പൊലീസ് സ്റ്റേഷന്‍ മാത്രം
എന്ന് മനസ്സിലാക്കിയ
ഒരു വലിയ ചിരിക്ക് മുന്‍പേ പുറപ്പെട്ട
ചെറിയ ചിരി ആയിരുന്നിരിക്കും.

ജോര്‍ജ്ജിയയുടെ ശരീരം
എത്ര ചെറുത് എന്നോര്‍ത്ത്
മസ്‌കറ്റിലേക്ക് വന്ന ചിരിയായിരുന്നില്ല, അത്.
ഭൂമിയുടെ ശരീരം എത്ര ചെറുത്
എന്ന് കരുതി
ബഹിരാകാശത്തേക്കു പറന്ന
ചിരിയായിരുന്നു, അത്.

എങ്കില്‍ എന്നിലിരിക്കുന്നത്
ആ ചിരി പോലും ആയിരിക്കില്ല.
അതിന്റെ നിഴല്‍ ആയിരിക്കും.
അത്
വേറെ എവിടെയോ ആയിരിക്കും.

ജോര്‍ജ്ജിയയില്‍
അവളുടെ കുഞ്ഞിനടുത്ത്
കട്ടിലില്‍ കൂനിക്കൂടിയിരിക്കുന്ന
ഏതോ വ്‌ലാഡിമീറിനടുത്ത്.
അല്‍ വാദി-കബീറിലൂടെ കടന്നുപോകുമ്പോഴും
ഞാന്‍
ആല-ചേറ്റുവ റോഡില്‍
ആയിരിക്കും പോലെ.

ഓരോ ഗോതമ്പുമണിയിലും
ഓരോ മുറിവിന്റെ പാടുകാണുംപോലെ.
ഓരോ ചുണ്ടും
ഓരോ മുറിവിന്റെ
രണ്ട് ഇതളുകള്‍ ആകും പോലെ
ഓരോ പുസ്തകവും മുറിഞ്ഞു മുറിഞ്ഞു
അനേകം താളുകള്‍ ആകും പോലെ
ഓരോ കൈകളും
വിരലുകളായി മുറിഞ്ഞിരിക്കും പോലെ.

അവളും എന്നില്‍നിന്ന്
മുറിഞ്ഞിരിക്കുന്നു.
എന്നാല്‍ ചേര്‍ന്നും ഇരിക്കുന്നു.

ഇനി ഈ കാറ്
ഓരോ ചക്രം നീങ്ങുംതോറും
മുറിവിന്റെ വിടവ്
കൂടിക്കൂടി വരും.
എന്റെ വിമാനം ഉയരും തോറും
തിരശീല കീറും പോലെ
ആ മുറിവും മുറിയും.

ഗഫൂര്‍ക്ക വണ്ടി നിര്‍ത്തി.
ചിരിക്കുന്ന വിമാനത്താവളത്തില്‍
ഞാനൊറ്റയായി.
എന്നെ മുറിച്ച് രാജ്യങ്ങള്‍
ആണുങ്ങളും പെണ്ണുങ്ങളും
കുഞ്ഞുങ്ങളുമായ്
കടന്നുപോകുന്നു.
ഭരണഘടന കഴിഞ്ഞാല്‍
വിശുദ്ധമായ പുസ്തകം
പാസ്പോര്‍ട്ടാണ് എന്ന്
വിളംബരം ചെയ്യുന്നു.

സംസ്‌കാരം തേച്ച് പിടിപ്പിച്ച
ജന്തുക്കളുടെ പരേഡ്
ഒരു ഇന്‍സ്റ്റലേഷന്‍ പോലെ
പലതാകുന്നു.
ക്യൂ നില്‍ക്കുന്നു. ചിതറുന്നു.
ചിതറിയവര്‍ ചായകൊണ്ട്
വായനകൊണ്ട്
ചാരായം കൊണ്ട്
വീണ്ടും കൂടിച്ചേരാന്‍ തത്രപ്പെടുന്നു.

ആംഗ്യഭാഷയുടെ നിഘണ്ടുപോലെ
ബില്‍ബോര്‍ഡുകള്‍
ചിഹ്നങ്ങളെ നിര്‍മ്മിക്കുന്നു.
നടക്കുന്ന ജനത
പറക്കുന്ന ജനതയായി
പരിണമിക്കുന്ന
തലതിരിഞ്ഞ ദേശം പോലെ
വിമാനത്താവളം
സ്വയം ഭൂപടം വരയ്ക്കുന്നു.

നാളെ എന്നെ കസ്റ്റംസ്
പിടിക്കുമായിരിക്കും.
ഒരു ചിരിയെ കള്ളക്കടത്തിയതിന്റെ പേരില്‍.

ഞാന്‍ പറയും.
ഒക്ടോബര്‍ വിപ്ലവത്തിന്
നൂറു വയസ്സെത്തി എന്നത് തെറ്റ്.
മരിച്ചവയ്ക്ക് വയസ്സില്ല.

ഞാന്‍ പറയുമായിരിക്കും.
വെടിക്കെട്ട് നോക്കിയിരിക്കാന്‍
ജന്മദേശത്തിലേക്ക്
തിരിച്ചുവന്നതാണ്.

എനിക്കിനി വാച്ച് വേണ്ട.
പകരം നേരങ്ങളെ അടയാളപ്പെടുത്താന്‍
ആ ചിരി
കൈയില്‍ കെട്ടിയാല്‍ മതി.

*സ്റ്റാലിന്‍ (ജോര്‍ജ്ജിയ ആണ് സ്റ്റാലിന്റെ ജന്മനാട് )
** ഒമാന്റെ പരമ്പരാഗത ചിഹ്നം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com