അന്നത്തെ ദിവസം: ടിവി ശൂലപാണി എഴുതിയ കവിത 

വയറുവേദനക്ക് ഗുളിക വാങ്ങിയിട്ടില്ലകാലില്‍ പുരട്ടാനുള്ള തൈലം മറന്നുകുട്ടികള്‍ക്കുള്ള മിഠായിപ്പൊതി സഞ്ചിയിലുണ്ട്
അന്നത്തെ ദിവസം: ടിവി ശൂലപാണി എഴുതിയ കവിത 

തിവുപോലെ
വിളക്കു കൊളുത്തിക്കാട്ടുന്ന സന്ധ്യക്ക്
വീടിന്റെ ഉമ്മറത്ത്
വേലപ്പയുടെ സൈക്കിള്‍ ബെല്ലടിച്ചു.
ചായ്പില്‍ സൈക്കിള്‍ നിര്‍ത്തി
അയാള്‍ പണിയായുധങ്ങള്‍
കാരിയറില്‍നിന്ന് ഇറക്കിവെച്ചു.
അങ്ങാടി സാമാനങ്ങള്‍
നിറച്ച സഞ്ചിയുമായി
ചവിട്ടുപടി കയറുമ്പോള്‍
വിളക്കു കത്തിച്ചു വരുന്ന
കല്യാണിയുടെ മുഖത്ത്
ചിരിക്കുന്ന തിരിനാളങ്ങള്‍.
നെറ്റിയില്‍ വരച്ച ഭസ്മക്കുറിയില്‍
ചന്തമിട്ട പ്രാര്‍ത്ഥനകള്‍.
സഞ്ചി വാങ്ങി 
അവള്‍ അകത്തേക്ക് പോയി.
അരി, മുളക്, മസാലക്കൂട്ടുകള്‍
ചായ, പഞ്ചസാര, മത്സ്യം...
അവള്‍ എല്ലാം വേറെ വെച്ചു.

കിണറ്റില്‍നിന്ന്
വെള്ളം മുക്കി തലയിലൊഴിച്ച്
'ലൈഫ് ബോയ്' പതപ്പിക്കുമ്പോള്‍
വേലപ്പ ഓര്‍ത്തു:
വയറുവേദനക്ക് ഗുളിക വാങ്ങിയിട്ടില്ല
കാലില്‍ പുരട്ടാനുള്ള തൈലം മറന്നു
കുട്ടികള്‍ക്കുള്ള 
മിഠായിപ്പൊതി സഞ്ചിയിലുണ്ട്
പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ക്ക്
ആ മാസത്തെ 
'ലേബര്‍ഇന്ത്യ' കിട്ടിയിട്ടില്ല.
കുളി കഴിഞ്ഞ്
അലക്കി വെച്ച കള്ളിമുണ്ടും
കയ്യില്ലാത്ത ബനിയനും ധരിച്ച്
ഉമ്മറത്തിരുന്ന്
കട്ടന്‍ചായയും
അരിമണി വറുത്തതും കഴിച്ചു.

അകത്തിരുന്ന്
കുട്ടികള്‍ പഠിക്കുന്നു
അടുക്കളയില്‍
മീന്‍ പൊരിക്കുന്ന മണം.
അയാള്‍ ബീഡിയെടുത്ത് കത്തിച്ചു.
മുറ്റത്ത് മുല്ലപ്പൂക്കള്‍ വിരിഞ്ഞിരിക്കുന്നു.
ആകാശത്ത് വെളുത്ത വാവ്
അടുത്ത വീട്ടിലെ റേഡിയോയില്‍
'നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍.'
ദൂരെ ഒരു പുഴയില്‍
ഓളങ്ങള്‍ മുറിച്ചുപോകുന്ന
സ്വപ്നങ്ങളുടെ വഞ്ചി.


കിണ്ണത്തില്‍ ചോറുവിളമ്പി
അവള്‍ വിളിച്ചു.
കുട്ടികള്‍ ചുറ്റുമിരുന്നു.
വാക്കുകള്‍ കൂട്ടിയും കുറച്ചും
അവള്‍ ഓടിനടന്നു
ഒപ്പമിരുന്നു.
പാത്രങ്ങളില്‍നിന്ന്
അന്നത്തെ ദിവസം
വെണ്ണീറുകൊണ്ട് കഴുകിക്കളഞ്ഞു.

കുട്ടികള്‍ കിടന്നപ്പോള്‍
അവള്‍ വന്ന് കൈപിടിച്ചു
''ഒന്നിങ്ങ്ട് വര്ണ്ണ്ടോ
നേരം പാതിരയായി''
വാതിലടഞ്ഞു
വിളക്കുകളണഞ്ഞു.
വിരിച്ചിട്ട പായില്‍
പരിഭവങ്ങളും പരാതികളും
പുതച്ചു കിടന്നു.
കണ്മഷിയും കൈത്തഴമ്പും
കെട്ടിപ്പിടിച്ചു.
രാത്രി
ഒരു തൂവല്‍ താഴെയിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com