കടല്‍ ആരുടെ വീടാണ്?: മോന്‍സി ജോസഫ് എഴുതിയ കവിത

പഥികന്‍ മാത്രംമഴകൊണ്ടുമഴകൊണ്ട് മഴകൊണ്ട്ഭൂമി ചിലപ്പോള്‍ലഹരിയായി.
കടല്‍ ആരുടെ വീടാണ്?: മോന്‍സി ജോസഫ് എഴുതിയ കവിത

ജീവന്റെ വാതിലുകളില്‍
ഞാന്‍ മുട്ടിവിളിച്ചുകൊണ്ടിരുന്നു
മുട്ടുവിന്‍ തുറക്കപ്പെടും
നീ പറഞ്ഞു
ഒന്നും തരിമ്പും 
തുറന്നില്ല.

പഥികന്‍ മാത്രം
മഴകൊണ്ടു
മഴകൊണ്ട് മഴകൊണ്ട്
ഭൂമി ചിലപ്പോള്‍
ലഹരിയായി.

കടല്‍ ആരുടെ
വീടാണ്?
ഇന്നു രാത്രിയും ഞാന്‍
ചോദിച്ചു
നീ പറഞ്ഞു
എന്റെയല്ല
നിന്റെയോ?

പല മനുഷ്യരുടെ അടുത്തും
ഞാന്‍ വീട് തിരഞ്ഞുനടന്നു
പല മാതിരി മനുഷ്യര്‍
ബഹുഭാഷ, ബഹുകൃതവേഷം
വഴി അറിയാത്തതുപോലെ
അവര്‍ തിരിഞ്ഞുനടന്നു
അവരും മിണ്ടാതെ മണ്ടിനടന്നു.
ഈ മനുഷ്യനെ ഞാന്‍ കണ്ടിട്ടേ ഇല്ല പോലും

വീടുകള്‍ മാറിമാറി
താമസിച്ചു
എന്നിട്ടെന്ത്?
ഭൂമി കടലിനോട് പറഞ്ഞു
വഴി തരൂ
കടല്‍ ഉണ്ടായി
ദൈവം ആ വെളിച്ചത്തിലൂടെ
വടികുത്തി
നടന്നുപോയി
വീടുകളില്‍ മുട്ടിനടക്കുന്ന
എന്നെ അന്ധന്‍
എന്ന് വിളിച്ചില്ല
ഭാഗ്യം
ഒരുവേള 
എന്നെ മനസ്സിലായിക്കാണുമോ?
ഉത്തരമില്ലാതെ 
ഉറങ്ങാന്‍ കഴിയാതെ
കണ്ണുനിറഞ്ഞിട്ടുണ്ട്

കടല്‍ത്തീരത്ത് ഒരു പെണ്ണിനെ 
കെട്ടിപ്പിണഞ്ഞ് കിടന്നിട്ടുണ്ട്
ലോകത്തുനിന്ന് ഒളിച്ചുതാമസിക്കാനെന്നപോലെ
പഥികന്‍ പാട്ടുപാടി
അതുവഴിപോയി
പാമ്പുകള്‍ക്ക് മാളമുണ്ട്
മനുഷ്യപുത്രന് തലചായ്ക്കാനിടമില്ല

ദൂരെ ഒരു രാത്രിസുന്ദരി
കടലില്‍ കുളിക്കുന്നുണ്ട്
ഇത്തിരിനേരം
നമുക്കതു നോക്കിയിരിക്കാം
നിന്റെ ദുഃഖം കുറയുമായിരിക്കും
നീ പറഞ്ഞു
മാദകമായും മനോഹരമായും 
നീ പറഞ്ഞു
ചോദ്യങ്ങള്‍ നിറുത്തൂ
നിന്നെ ശാന്തനാക്കാം

എന്റെ ഇതളുകളില്‍
കുഞ്ഞിനെപ്പോലെ
ഒളിച്ചുനിന്നോളൂ
ഇതാണു നിന്റെ വീട്
അധികനേരമില്ല, അധികനേര
മില്ല, മകനേ...
എന്നിട്ടു ഞാന്‍ ചോദിച്ചു
കൊണ്ടിരുന്നു,
സസ്യങ്ങളുടെ മുകുളങ്ങളില്‍
വെളിച്ചത്തിന്റെ തുഞ്ചത്ത്
നിന്റെ കൈകളില്‍...

കടല്‍ ആരുടെ വീടാണ്?
ജീവന്റെ വാതിലുകളില്‍
ഞാന്‍ മുട്ടിവിളിച്ചുകൊണ്ടിരുന്നു
ചോദ്യങ്ങള്‍ വേണ്ട
നീ പറഞ്ഞു
അനന്തത ഇവിടെ
രാപാര്‍ക്കുന്നുണ്ട്
മനുഷ്യര്‍ വന്നുപോവുന്നുണ്ട്
മീന്‍പിടിക്കാന്‍ വരുന്നവര്‍
വഴക്കുണ്ടാക്കുന്നുണ്ട്
മീനുകള്‍ പറഞ്ഞു
ഒടുവില്‍ എല്ലാ വീടുകളും
ഒഴിയേണ്ടിവരും

ഞാനും നീയും തമ്മില്‍
നീയും അവളും തമ്മില്‍
ഭേദമെന്ത്?
ഭേദമെന്ത്?
കടല്‍ എന്നോട് 
ചോദിച്ചു
ഞാന്‍ വെറുതെ അവിടെനിന്നു
ദൈവം എന്റെ കവിളില്‍
തലോടി പുഞ്ചിരിപൊഴിച്ച് 
മാഞ്ഞുപോയി
ഞാനിനി എന്തുചെയ്യും?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com