ഊത: സമുദ്ര നീലിമ എഴുതിയ കവിത

നീലയില്‍ ഒരാള്‍ശവം ഒഴുകി വന്നതിന്‍വിലാപം നീണ്ട ഗോവണിയായെന്നില്‍നേര്‍ത്തുനേര്‍ത്തു മേല്‍പ്പോട്ടുയര്‍ന്നുആര്‍ക്കുവേണ്ടിയീ കരച്ചിലെന്നറിയാത്തവണ്ണം.
ഊത: സമുദ്ര നീലിമ എഴുതിയ കവിത

നീലയില്‍ ഒരാള്‍ശവം ഒഴുകി വന്നതിന്‍
വിലാപം നീണ്ട ഗോവണിയായെന്നില്‍
നേര്‍ത്തുനേര്‍ത്തു മേല്‍പ്പോട്ടുയര്‍ന്നു
ആര്‍ക്കുവേണ്ടിയീ കരച്ചിലെന്നറിയാത്തവണ്ണം.

കണ്ടു ഞാന്‍ പണ്ടൊരിക്കല്‍ ഉള്‍വനത്തില്‍
കണ്ടല്‍ക്കാടുകള്‍ പിണഞ്ഞ നീരിളക്കത്തില്‍
കാട്ടുപൂക്കള്‍ നിലാവിലടിമുടി പൂത്തുനില്‍ക്കുന്നു
കാട്ടിലനങ്ങാതെ നിശ്ചലം ചുവപ്പും നീലയും.

എന്തെയിവയ്ക്കിളക്കമില്ല തെല്ലും, ഈ ഋതുവി-
ലിതു കണ്ടാല്‍ മതിയോ തണ്ടില്‍ നൃത്തം
എന്നോര്‍ക്കവെ തോണിയിലെന്തോ തടഞ്ഞു
ഞാന്നുലഞ്ഞു തുഴയും ഞാനുമൊഴുക്കില്‍.

പൂര്‍ണ്ണചന്ദ്രന്‍ തന്‍ നിഴല്‍ വീണുകിടപ്പതില്‍
ചെന്നുതട്ടിയോ, അതിശയം-പ്പെട്ടു ഞാന്‍
ചെളിത്തട്ടയിലുടക്കി തോണിനിന്നു, പച്ചയില്‍ ചുറ്റി
പേടിയും പരാക്രമവും എന്‍ എല്ലിലേക്കാഞ്ഞു.

കല്ലിലോ കമ്പിലോ കാലുകളൂന്നിയൂക്കിലടുപ്പിച്ച
തോണിക്കരികെ പാതിപൊങ്ങിക്കിടക്കുന്നൊരാള്‍,
ചപ്പുചവറിന്‍ കുപ്പ അതേപടി, കമഴ്ന്ന കിടപ്പ്,
ചില്ല്, മരം, മൃഗം, മീനും തറഞ്ഞ ശരീരം.

നേരമഴുകിയതിന്‍ കറമണം ഇലകളിലുപ്പ്,
മുഖം ആരുടേതെന്ന് കാണാനില്ലീ വനത്തില്‍
പ്രേതരാത്രിയിലെന്നുറച്ചു ദൂരെ മാറി-
യിരുന്നു, വേരുകള്‍ക്കിടയില്‍ ഒരേ ഞണ്ടുകള്‍.

ഇങ്ങുനിന്നേ കാഴ്ച കൃത്യം, ഉടുപ്പിനടിയില്‍
തൊലിനീങ്ങിയതില്‍പ്പിന്നെ വെളിപ്പെട്ട പച്ചമാംസം
ഊതനിറത്തില്‍ നിര്‍വ്വികാരം തിളങ്ങുന്നതിന്‍ ചന്ദ്രക്കല.

ചെറുപ്പം കാലുറകളില്‍ ഊതയാകിലും
ഇളംനിറങ്ങള്‍ മാലാഖമാരായി മരിക്കയില്ല തന്നെ.

ഊതയെങ്കില്‍ അപരമൃതി നിശ്ചയം-
മെന്നൊരു കാലം ലാവ തൊലിക്കടിയില്‍
കെട്ടിക്കിടന്നതിന്‍ കല്ലിപ്പോ നീ.

അതെ, ഞാനതിന്‍ ബാക്കിപത്രം,
ഒഴുക്കിലടിഞ്ഞതൊക്കെയും ചീഞ്ഞതും.

കണ്ടലിന്‍ മരതക മജ്ജയ്ക്കുള്ളില്‍
വെള്ളം വലിഞ്ഞുകേറിയിപ്പോളിതിപ്പോള്‍
കൊണ്ടുപോയേക്കുമെന്നാശ്വസിച്ചു
നമ്മള്‍ ഗ്രഹം മാറി ശ്വസിച്ചു.

ശേഷം  ശോകം ക്രിയ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com