ഇളയച്ഛന്‍: ശ്യാം സുധാകര്‍ എഴുതിയ കവിത

മുത്തച്ഛനുണ്ടായിരുന്നുആനക്കൊമ്പു കൊണ്ടൊരു ചെല്ലംപന്നിത്തേറ്റ കൊണ്ടൊരു കഠാരകഴുത്തിലൊരു പുലിനഖം.
ഇളയച്ഛന്‍: ശ്യാം സുധാകര്‍ എഴുതിയ കവിത

മുത്തച്ഛനുണ്ടായിരുന്നു
ആനക്കൊമ്പു കൊണ്ടൊരു ചെല്ലം
പന്നിത്തേറ്റ കൊണ്ടൊരു കഠാര
കഴുത്തിലൊരു പുലിനഖം.

ഇളയച്ഛനെ കാണും വരെ
എനിക്കുണ്ടായിരുന്നില്ല
ഇത്തരത്തിലൊരു മോഹവും-
ആ നീളന്‍ പല്ലില്‍
ബുദ്ധനെ കൊത്തി
ഒരു ലോക്കറ്റ്!

കൊത്തനാശാരി ഉറച്ചു പറഞ്ഞതാണ്:
സംഗതി എത്തിച്ചുതന്നാല്‍
സസൂക്ഷ്മം അതിലൊരു
ബുദ്ധന്റെ പുഞ്ചിരി.

ഇളയച്ഛന്‍ ധാരാളിയായിരുന്നു.
ചോദിക്കുന്നവര്‍ക്കെല്ലാം
ചോദിക്കാതെ കൊടുക്കുന്നവനായിരുന്നു.

ഒരു തടിയന്‍ തോക്ക്
വീടുവെക്കാനൊരിടം
പാറപ്പുറത്തെ ലക്ഷ്മിക്ക് ഒരാണ്‍കുഞ്ഞ്.
ഇളയച്ഛന്‍ പറഞ്ഞാല്‍
മഞ്ഞുകാലത്തുപോലും മാവുകള്‍ പൂത്തിരുന്നു.
ഗര്‍ഭം ധരിച്ച പ്ലാവുകള്‍ വിട്ട്
കടവാതിലുകള്‍ കൂട്ടമായ് പലായനം ചെയ്തിരുന്നു.
എങ്കിലും
പല്ലു ചോദിക്കാന്‍ ഞാന്‍ മടിച്ചു.
(ചോദിച്ചാല്‍ ഒരുപക്ഷേ,
ചോദിക്കാതെ തന്നെ തരുമായിരുന്നു.)

ഓരോ തവണ നാട്ടില്‍ വരുമ്പോഴും
ഇളയച്ഛന്റെ ഓരോ പല്ലുകള്‍
കാറ്റോ കീരിയോ കൊണ്ടുപോയി.
വിഷു, ഓണം, ജന്മദിനം-
കാലത്തിന്റെ മുന്‍വരി
നാല്, മൂന്ന്, രണ്ട്
പതിയെ കൊഴിഞ്ഞ്
ഒന്നു മാത്രം ബാക്കിയായി.

ഇന്നലെ,
ഇളയച്ഛനെ കുളിപ്പിക്കുമ്പോള്‍
പതിയെ ഇളക്കിനോക്കി,
വന്നില്ല.

ആല്‍മരം മണ്ണില്‍ എന്നപോലെ
ഉറച്ചിരിക്കുന്നു.

സൂക്ഷിച്ചു നോക്കിയപ്പോള്‍
പല്ലില്‍ മുറുക്കാന്‍ കൊണ്ടൊരു
ബുദ്ധശിരസ്സ്
എന്നോട്
'ആഗ്രഹം വെടിയൂ' എന്ന്
പുഞ്ചിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com