കുളക്കരയിലെ മരത്തില്‍ ഒരു പൊന്മാന്‍: ബാബു സക്കറിയ എഴുതിയ കവിത

നാലഞ്ചു ദിവസമായിഒരു പൊന്മാന്‍ഏതുനേരത്തു നോക്കിയാലുമതിനെഅവിടെത്തന്നെ കാണാം
കുളക്കരയിലെ മരത്തില്‍ ഒരു പൊന്മാന്‍: ബാബു സക്കറിയ എഴുതിയ കവിത


                
മുറ്റത്തേക്കിറങ്ങിച്ചെന്നു നോക്കാം

താഴെ ആ ജാതിമരത്തിന്മേലുണ്ട്
നാലഞ്ചു ദിവസമായി
ഒരു പൊന്മാന്‍
ഏതുനേരത്തു നോക്കിയാലുമതിനെ
അവിടെത്തന്നെ കാണാം
അതേ കൊമ്പത്ത്
അതേ ഇരിപ്പ്
അപ്പുറത്തെ ചെരിവില്‍ത്തറഞ്ഞ്
ഒരേ നോട്ടം

ഞാനുമൊന്നു നോക്കട്ടെ

ജാതിമരത്തിനപ്പുറം
ആ ചെരിവില്‍
വരള്‍മണ്ണില്‍
അലയിളക്കുന്നുവോ പൊന്മാന്‍നോട്ടം

എത്രവേഗമവിടെയൊരു
കുളം
കുളം
കുളം

കുളത്തെച്ചുറ്റി
ഈറകളുടെയൊരു വലയം
അതിനിടയിലൊരു തുറവ
അവിടെയൊരലക്കുകല്ല്
കല്ലിന്മേല്‍ തുണിയലച്ചുവീഴുമൊച്ച
ഈറകള്‍ക്കിടയിലെങ്ങോ
പേടിച്ചോ
നാണിച്ചോ
കെറുവിച്ചോ
ഒരു കുളക്കോഴിക്കിണുക്കം
തുളുമ്പിനില്‍ക്കും ഈറനിഴലുകള്‍ക്കിടയില്‍
കുളംതുടിപ്പിക്കും മീനിളക്കം
കുളക്കടവിലൊരു കാട്ടുചെമ്പകം
അതിന്റെ കൊമ്പത്തനങ്ങാ
തനങ്ങാതൊരു 
പൊന്മാന്‍

നിക്കറഴിച്ചിട്ട് പൊന്മാനെക്കാള്‍ മുന്‍പേ
ഞാന്‍
ഞാന്‍
ഞാന്‍

നീലച്ചൊരു ചിറകടിയൊച്ച
തലയ്ക്കുമീതേ പാഞ്ഞുപോയല്ലോ
ദേഹത്തു വീണല്ലോ വെള്ളത്തുള്ളികള്‍
ഒരു തുള്ളി തൊട്ടു മണത്തുനോക്കട്ടെ,

മീന്‍മണം

മുറ്റത്തിങ്ങനെ
നോക്കിനില്‍ക്കുമ്പോള്‍, അവിടെ
വരണ്ടുകിടക്കുമൊരു ചെരിവ്
ചെരിവിനിപ്പുറമൊരു ജാതിമരം
അതിന്റെ കൊമ്പത്തൊരു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com