മറുകാറ്റ്: വിഎം ഗിരിജ എഴുതിയ കവിത

എന്റമ്മേ,1 പുന്നശ്ശേരി നമ്പീടെ കോളേജല്ലേഏറിയാല്‍  ഒരിത്തിരി ഫെമിനിസം!
മറുകാറ്റ്: വിഎം ഗിരിജ എഴുതിയ കവിത

ട്ടാമ്പി കോളേജില്‍ 
സി അയ്യപ്പന്‍  എന്റെ  മാഷായിരുന്നു.
മാഷ് ഇത്രേം നല്ല എഴുത്തുകാരനായിരുന്നു 
എന്നെനിക്കറീല്യായിരുന്നു ട്ടോ.

എന്റമ്മേ, പുന്നശ്ശേരി നമ്പീടെ കോളേജല്ലേ
ഏറിയാല്‍  ഒരിത്തിരി ഫെമിനിസം!

അല്ലാ, പട്ടാമ്പിയില്‍ കോളേജുണ്ടായിരുന്നില്ലെങ്കിലേ 
ഞങ്ങള്‍ ഒന്നും കോളേജിന്റെ പടി  കാണില്ലായിരുന്നു.
ബസ്‌കൂലിക്കുള്ള  പതിനഞ്ച്  പൈസക്ക് പോലും കഷ്ടപ്പാടായിരുന്നു.

അമ്മയ്ക്കല്ലേ  സ്‌കോളര്‍ഷിപ്പ്  ഉണ്ടായിരുന്നേ.

അതൊക്കെ കൊല്ലാവസാനേ  കിട്ടൂ-
2യോഗക്ഷേമ സഭേടെ സ്‌കോളര്‍ഷിപ്പ്  
ഞാന്‍ വാങ്ങീട്ടേ  ഇല്ല.
നമ്പൂര്യായേന്റെ ഒന്നും വേണ്ടാ എന്ന് അച്ഛനും 
ഒറപ്പിച്ചു  പറഞ്ഞു.

ഓ... സ്‌കോളര്‍ഷിപ്പിന് അങ്ങനെ ഒന്നൂല്ല്യാ.
ബുദ്ധിജീവികളുടേം നദികള്‍ടേം  ഫ[ബ]ണ്ടിന്റെ  
ഉറവിടം ചോദിക്കാന്‍ പാടില്ലാന്നാ.

ഏയ്... എന്റച്ഛന്‍ നല്ല കമ്മ്യൂണിസ്റ്റായിരുന്നു.

അദ്ധ്വാനിക്കാത്ത തൊഴിലാളിപിന്തുണയന്‍!

അദ്ധ്വാനിക്കില്ലാന്നോ!
ഒരു മിനിറ്റ് വിശ്രമിച്ചിട്ടേയില്ല.
പയ്യിനെ കറന്നും മേച്ചും ചാണം വാരിയും നടന്നു 
നട്ടം  തിരിഞ്ഞു.

അപ്പൊ ചാമിയോ? ചാമിയെപ്പറ്റി  അമ്മ പറയാറില്ലേ.
വടി കുത്തി വയസ്സായി എന്നിട്ടും ഒന്നു കാണാന്‍ 
മുത്തശ്ശന്‍  പോയിട്ട്  മൂന്നാം ദിവസം മരിച്ച ചാമി?

ചാമിയെക്കാളും കഷ്ടപ്പാടാ ഞങ്ങക്കേ.
എന്നാലും ചാമീടെ തെങ്ങിന്റെ  തടം എടുക്കലേ 
3പട്ടിക്കാന്തൊടീടെ  വേഷം പോലെയായിരുന്നുവത്രെ.

കഷ്ടം... അമ്മെ, ചാമി, ഭാര്‍ഗവി, കല്യാണി...
വെറും പേര്. നാണാവില്ലെ അമ്മയ്ക്ക്.

അപ്പൊ നീയല്ലേ പറഞ്ഞു ജെ.എന്‍.യൂല് 
പ്രൊഫസര്‍മാരേ പേരാ വിളിക്ക്യാ എന്ന്.

അത് പോലാണോ ഇത്...
അത് തുല്യത.
ഇതേ ദളിത് വിരുദ്ധത.

കല്യാണി തണ്ടാത്ത്യായിരുന്നു എന്നൊന്നും  
എനിക്കറീലായിരുന്നു.
ഭാര്‍ഗവി നായരായിരുന്നൂന്നും.
കല്യാണിക്ക് നല്ല മൂക്കുത്തി  ഉണ്ടായിരുന്നു-
അമ്മയ്ക്ക് ചരട് മാത്രമേ കണ്ടിട്ടുള്ളൂ.
ഒരിക്കല്‍ ശ്വാസംമുട്ടുള്ള എന്നേമെടുത്തു  കല്യാണി
സ്‌കൂളീന്ന്   വീട് വരെ നടന്നു...
ഭൂമി തന്നെ എന്നെ എടുത്തു  നടക്കുകയായിരുന്നു 
എന്നാ തോന്ന്യേ...
എനിക്ക് കല്യാണ്യേ   എന്തിഷ്ടമായിരുന്നൂന്നോ.

ഓ... സവര്‍ണ്ണരുടെ  condescending  sympathi.

നമ്പൂരി സ്ത്രീകളെക്കാളും  ഭേദാ മറ്റെല്ലാവരും.
അയ്യോ.
എന്തൊരിരുട്ടാ. എന്തൊരു കണ്ണീരാഴാ. പേടിയാവുണു.

ഓഹോ... വയറ്റിലിണ്ടാക്കീട്ടു ചവിട്ടിക്കൊന്നും 
വഴി നടക്കാന്‍ പറ്റാണ്ടു  പൂര്‍ണ്ണ ഗര്‍ഭിണികളെ 
വട്ടം ചുറ്റിച്ചും 
തിന്നാതെ കൊന്നും 
പട്ടിണിക്കിട്ടു പതം  വരുത്തിയും 
എന്തൊരു സുഖമായിരുന്നു.
എന്റമ്മേ. സംഘികള്‍ടെ രാഷ്ട്രീയം ആണ് അമ്മേടേം.

ഞാന്‍ ജനിച്ചത് എന്റെ ഇഷ്ടപ്രകാരം അല്ലല്ലോ.

കണ്ടോ കണ്ടോ... എന്നാലും  ഈ  മൃദു സവര്‍ണ്ണ  
ഹിന്ദുവാദം 
മരിക്കും വരെ അമ്മയ്ക്ക് ശത്രു തന്നെ.

അപ്പോ  നിനക്കോ?
എന്റമ്മേ. പട്ടാമ്പി കോളേജ്  ആണോ ഈ ജെ.എന്‍.യു/
ദല്‍ഹി  യൂണിവേഴ്സിറ്റി/അംബേദ്കര്‍ സര്‍വ്വകലാശാല 
4 'ഐസ' ജയിച്ച ക്യാംപസ്സാ!
ഞങ്ങള്‍ രാവു പകലാക്കി സമരം ചെയ്യുന്നോരാ.

അപ്പൊ ജാതി നിലനിര്‍ത്തണം എന്നാണോ-
എനിക്ക് ഈ ജാതി ചുമന്നു ചുമന്നു വയ്യാണ്ടായി.

''ചാമീടെ ചെറുമി വന്നിട്ടുണ്ട് അമ്മേ'' എന്ന് 
അമ്മ  കുട്ടിക്കാലത്തു വിളിച്ചു പറഞ്ഞിട്ടില്ലേ.
''നായടി വന്ന്വേ... പിടിയരി കൊടുക്ക്വേ''
എന്നാര്‍ത്തു വിളിച്ചിട്ടില്ലേ...
കുഞ്ഞുമുളയന്‍  വന്നു, ആശാരി നാരാണന്‍ വന്നു,
മമ്മി മാപ്ല വന്നു, അപ്രത്തെ ഉമ്മ കേയ്ക്ക് കൊണ്ടത്തന്നു,
മൊതലിയാര് ഒരു ചുരയ്ക്ക തന്നത്‌കൊണ്ട് 
ഒരു കൂട്ടാന്‍ ഉണ്ടായി,
ഭാസ്‌കരന്‍ മുതലാളി  പയ്യിനെ വാങ്ങിപ്പോയി...
എന്തൊരു language  ആണിത്  അമ്മെ.
Indian languages carry  the legacy of  casteism.

അന്നെല്ലാവരും അങ്ങനെ തന്ന്യാ പറഞ്ഞിരുന്നേ.
ഞാന്‍ 5രാമന്‍ കുട്ടീന്നും കൃഷ്ണന്‍കുട്ടിപ്പൊദ്വാള്  അപ്പുട്ടിപ്പൊദ്വാള്
നമ്പീശന്‍ന്നുമാ   പറഞ്ഞിരുന്നേ,
6വൈത്തി  ഭാഗോതര്, വൈലോപ്പിള്ളി, പി സീ എന്നൊക്കെ.
ഞാന്‍ കുട്ടിയാണ് എന്ന് എനിക്കറീല്ലായിരുന്നിരിക്കും.
അന്ന് പേര് പറഞ്ഞു എന്നെ ഉള്ളൂ 
രാമങ്കുട്ടിയാശാനും  പട്ടിക്കാംതൊടീം  അച്ഛനും-
മൂന്നാളുമില്ലാതെ ഞാനൂല്യ.
അന്ന് പേര് പറഞ്ഞു എന്നെ ഉള്ളൂ.

അമ്മേ.7ഉദയകുമാറിന്റെ Writing  the  first perosn  വായിക്കണം,
അമ്മയ്ക്ക് ഇപ്പോഴും മാരാരും എം.എന്‍. വിജയന്‍ മാഷും മാത്രം.

അപ്പൊ വിജയന്‍ മാഷേ വിജയാ എന്ന് വിളിച്ചാപ്പോരേ.

അയ്യോ... അത് എനിക്ക് പറ്റില്ല. ശീലിച്ചുപോയില്ലേ.
അച്ഛന്‍ പാര്‍ട്ടി വിടുന്നതിനു മുന്‍പേ 
വിജയന്‍ മാഷ് ഭക്തനാ.

ഞാനാശാന്റെ ഭക്തയാ. കുമാരനാശാനില്ലെങ്കില്‍  ഞാനൂല്ല.

അമ്മേ. ആശാന്റെ ദളിത് politics ഒരുപാടു problematic ആയിരുന്നു.
മുസ്ലിങ്ങളോടും അതെ.

ആശാന്റെ ജീവിതം മുഴുവന്‍ SNDPയിലും 
ഭരണസഭയിലും ഹോമിച്ചില്ലേ.

ശ്രീനാരായണഗുരുവും ആശാനും 
അദ്ധ്വാനിക്കുന്നവരെ  സവര്‍ണ്ണര്‍ 
ആക്കാനാണ് നോക്കിയത് എന്നുമാവാം.
അവരുടെ ദൈവങ്ങളെ ഒക്കെ കാട്ടില്‍ കളഞ്ഞിട്ടു 
ഒരു ശിവപ്രതിഷ്ഠ.

വൃത്തി, വ്യവസായം, കള്ളു  കുടിക്കായ്ക 
ഇതൊക്കെയല്ലേ പറഞ്ഞുള്ളൂ.

ഇതാണ് അമ്മയുടെ പട്ടാമ്പി ഘരാന! 
സര്‍വ്വം ലളിതമാക്കും.

ജാതി കൊണ്ടുള്ള ഒരവകാശവും ശരിയല്ല നീള്‍ക്കാലം.
കുറവും മേന്മയും.
നമ്പൂരിമാരുടെ ശാന്തിപ്പണി, തോട്ടിപ്പണി രണ്ടും 
എനിക്ക് ഒരുപോലെ.

കണ്ടോ കണ്ടോ. ശാന്തിപ്പണീം തോട്ടിപ്പണീം ഒരുപോലെയെന്നോ.
എന്നാ ഒരു പൂണൂലിട്ടോന്‍ പോയി ചെയ്യുമോ തോട്ടിപ്പണി?
ഒരു തോട്ടി ഗുരുവായൂര്‍ മേല്‍ശാന്തിയും?

ഞാന്‍ പറഞ്ഞത് അതല്ല.

ഏതല്ല? അമ്മ പറഞ്ഞ് പറഞ്ഞ് ഒരു സംഘിയായിപ്പോയി.

ഞാനോ. ഞാന്‍ സംഘിയോ...
ഞാന്‍ പ്രണയം മാത്രേ പ്രാര്‍ത്ഥിക്കുന്നുള്ളൂ.


ഓ... പ്രണയം. മീര, കൃഷ്ണന്‍, രാധ-എനിക്ക്  
ഛര്‍ദ്ദിക്കാന്‍   വരുന്നു. അല്ല. 
അമ്മ സംവരണത്തിനെതിരാണോ?!

അനുകൂലവുമാണ്, എതിരുമാണ്.
ഈ ദുര്‍ബ്ബലത കാലാകാലം നീണ്ടുനില്‍ക്കണം  എന്ന് എനിക്കില്ല.
ചരിത്രം മാറാനേ  പാടില്ലേ, അത് പുള്ളിപ്പുലിയുടെ  പുള്ളിയാണോ?

കണ്ടോ... പുലിയല്ല പൂച്ച പുറത്തുചാടി.
ചാമി കൊണ്ട്വരുന്ന പനനൊങ്കിന്റെ  സ്വാദ് 
ചക്കേടേം  മാങ്ങേടേം  സ്വാദ്.

എനിക്കോര്‍മേള്ളപ്പോ   മുതല് നാറണ റേഷനരിയാ.

8ജയമോഹന്റെ 'നൂറു സിംഹാസനങ്ങള്‍' അമ്മ വായിച്ചിട്ടില്ലേ.
ജയമോഹന്‍... എന്തൊരു തീക്ഷ്ണത, കടുപ്പം, കൂര്‍ത്ത് കൂര്‍ത്ത്...
ഞാനതു വായിച്ചിട്ടു ഉറങ്ങിയേ ഇല്ല.

അമ്മേടെ ഇല്ലം പൊളിച്ചുകളയുണ്ടായിരുന്നു...
നല്ല ഒരു റിസോര്‍ട്ട് ആക്കായിരുന്നു.

എന്റെ ഇല്ലം, വെറും പൊട്ടിപ്പൊളിഞ്ഞു ചോരുന്ന പെരയായിരുന്നു.
മഴവെള്ളപ്പാത്രങ്ങളുടെ സംഘ സംഗീതം.

അതല്ല, തറവാട്.

എനിക്ക് തറവാടൂല്ല്യ, വെളിപാടൂല്ല്യ.
എന്റെ അച്ഛന്‍ ബസ്‌കൂലി ഇല്ലാഞ്ഞ് പട്ടാമ്പീന്ന്
പരുത്തിപ്ര  വരെ നടന്ന ദരിദ്രനാ.

ദാരിദ്ര്യം വേറെ ജാതി വേറെ.

പശു പെറാറായാ മുത്തശ്ശ്യമ്മമാര്  വിളക്ക് വെച്ച് പ്രാര്‍ത്ഥിക്കാറുള്ളതോ.
ചെറുമികളുടെ പ്രസവത്തിനു മുണ്ടും അരീം കൊടുത്തേക്കണതോ.

തൊടാറില്ലല്ലോ ചെറുമികളെ-അല്ല കാണാറുണ്ടോ.

എന്റമ്മ എല്ലാവര്‍ക്കും  ഒരേ പാത്രത്തിലന്ന്യാ  ഭക്ഷണം  കൊടുത്തത്.

അമ്മെ കല്യാണം കഴിച്ചു കൊടുത്തൊന്നും ഇല്ലാലോ. 

എന്തിന്? എനിക്ക് നടാനും അറീല്ല , കൊയ്യാനും അറീല്ല...
ഒന്നും നട്ടില്ല. കാളിദാസശ്ലോകം അല്ലാതെ.

ചരിത്രം തിരിഞ്ഞുനിന്ന് അമ്മയോട് ചോദിക്കും.

എന്റെ തൊട്ടുപിറകില്‍ നീ ഇല്ലേ.

വൈരുദ്ധ്യാത്മകമായ കര്‍തൃത്വ നിരപേക്ഷമായ സ്വാത്മവാദത്തിലൂന്നാത്ത വര്‍ഗ്ഗവിശകലനത്തിനും അപ്പുറമുള്ള അംബേദ്ക്കറിനും  പരിഹരിക്കാന്‍ പറ്റാത്ത ബുദ്ധിസത്തിന്റെ ട്രാജക്ടറിയുടെ പാളിച്ചകള്‍ മാറ്റിയാല്‍...

എനിക്കിതൊന്നും മനസ്സിലാവില്ല.
ഞാന്‍ പഠിച്ച പട്ടാമ്പി കോളേജില്‍ ഒക്കെ പാവങ്ങള്‍ ആയിരുന്നു.

അമ്മ ഉത്തരം പറയേണ്ടിവരും.

ഇല്ല. ഞാന്‍  എന്നോട് ചോദ്യങ്ങള്‍  ചോദിച്ചുകൊണ്ടിരിക്കയെ ഉള്ളൂ.


അപ്പൊഴേക്കോടീ  പാടത്തിന്‍  പച്ചക്കടല്‍, 
താഴെ, ഞാറിന്റെ വിരലുകള്‍ കൊരുത്ത ചളി നെഞ്ച് 
കാണാതെ പച്ചപ്പിന്റെ താമരയില തുള്ളി.

കീറിത്തുന്നിയ  ഫ്രോക്കും; കീറിയ കുറിമുണ്ടും-
ഞാനും കാളിയും തോട്ടില്‍ പരല്‍മീന്‍  തിരയുന്നു,
നേദിച്ചോരപ്പത്തിനു  പകരം, കൊയ്യക്കകള്‍ 
ഓടുന്നു  കരം മാറി...

ഒരു കാറ്റൂതുന്നുണ്ടത്, നിന്റെ പേര്‍  വിളിക്കുന്നൂ 
മറുകാറ്റൂതുന്നുണ്ട്, നിന്റെ പേര്‍  മുഴങ്ങുന്നൂ.
ഇരുകാറ്റിലും ചേര്‍ന്ന് കിടന്ന് നുറുങ്ങുന്ന
മലയില്‍നിന്നും വരുമൂത്തില്‍ എന്‍ പേരുണ്ടെന്നോ.
-----
1. പുന്നശ്ശേരി നീലകണ്ഠശര്‍മ, സംസ്‌കൃത പണ്ഡിതന്‍. അദ്ദേഹത്തിന്റെ പേരിലാണ് ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് പട്ടാമ്പി രൂപം കൊണ്ടത്. ജാതി പരിഗണന ഇല്ലാതെ സംസ്‌കൃതം പഠിപ്പിച്ചു അദ്ദേഹം.
 2. നമ്പൂതിരി വിമോചനത്തിനുവേണ്ടി ഉണ്ടാക്കപ്പെട്ട ഒരു സഭ. ഇപ്പോള്‍ ജാതിയെ ഊട്ടി ഉറപ്പിക്കുന്ന ഒരു പിന്തിരിപ്പന്‍ സംഘം.
3.  പ്രശസ്ത കഥകളി നടന്‍ പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍. കല്ലുവഴിയുടെ കുറ തീര്‍ന്ന അഭിനയാചാര്യന്‍.
4.  ALL INDIA STUDENTS ASSOCIATION. CPI  LIBERATION-ന്റെ വിദ്യാര്‍ത്ഥി സംഘടന. നല്ലോണം ഇടതു ചായ്വ് ഉള്ളത്.
5. പ്രശസ്ത കഥകളി നടന്‍  കലാമണ്ഡലം രാമന്‍കുട്ടി നായര്‍, ചെണ്ട  വിദഗ്ധന്‍ കൃഷ്ണന്‍ കുട്ടി പൊതുവാള്‍, മദ്ദള വിദഗ്ധന്‍ അപ്പുക്കുട്ടി പൊതുവാള്‍, പാട്ടുകാരന്‍ നീലകണ്ഠന്‍ നമ്പീശന്‍.
6. ചെമ്പൈ വൈദ്യനാഥ ഭാഗവതരെ മുന്‍പ് അങ്ങനെ പറഞ്ഞിരുന്നു. പി.സി. ഉറൂബ് തന്നെ.
7. Writing the First Perosn: Literature, History and Autobiography in Modern Kerala 
പുതു എഴുത്തുകാരന്‍ ഉദയകുമാറിന്റെ ശ്രദ്ധേയ പുസ്തകം.

 8. പ്രശസ്ത തമിഴ് എഴുത്തുകാരന്റെ ജാതീയത പരിശോധിക്കുന്ന ഒരു നോവല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com