കൂര്‍ഗിലെ കുരുമുളക് തോട്ടത്തില്‍: കെജിഎസ് എഴുതിയ കവിത 

കരുണ്‍ജിവക്കീല്‍ എന്റെ ചെവിയില്‍ക്കടന്നു:സംഭവം ആരെങ്കിലും കണ്ടെന്ന് നീ കണ്ടോ?
കൂര്‍ഗിലെ കുരുമുളക് തോട്ടത്തില്‍: കെജിഎസ് എഴുതിയ കവിത 


രുണ്‍ജിവക്കീല്‍ എന്റെ ചെവിയില്‍ക്കടന്നു:
സംഭവം ആരെങ്കിലും കണ്ടെന്ന് നീ കണ്ടോ?
ഇല്ല.
ഏതെങ്കിലും ഫ്‌ലാറ്റിന്റെ ഏതെങ്കിലും ജനാലച്ചില്ലില്‍ 
ഒരു നിഴലനക്കം?
ഇല്ല.
നോക്കിയോ ചുറ്റിലും? റോഡിലും ? ഫ്‌ലൈ ഓവറിലും?   
നോക്കി.
എന്ത് കണ്ടു?
തെരുവില്‍ ഒരു കൊല.
ആര്‍ ആരെ ?
ആരോ ആരെയോ.

വ്യക്തമാക്കിയാല്‍?
ഓള്‍ഡ് മദ്രാസ് റോഡിലെ അന്തിത്തിരക്കില്‍  
ബീഫ് ബീഫ് എന്നലറി ഒരു കത്തി
ഒരു വഴിപോക്കനെ കുത്തി വീഴ്ത്തി;
ഒരു ദരിദ്രവൃദ്ധനെ.
വാര്‍ന്ന ചോര റോഡില്‍ കമഴ്ന്ന് കിടന്നു,
കീറിപ്പറിഞ്ഞ ഉടലും ഉടുപ്പും കടന്ന്
ലോകവുമായി നൂല്‍ബന്ധം പോലുമില്ലാത്ത 
ദീന നഗ്‌നതയില്‍.
ഞെട്ടലും വേദനയും മനസ്സിലാവായ്കയും 
അതിന്റെ കയത്തിലമര്‍ന്നു.

ആള് കൂടിയോ?
ആള്‍ത്തിരക്കിലായിരുന്നു മിന്നല്‍ക്കൊല.
സിനിമയിലല്ലാതെ പച്ചയ്ക്കൊരു കുത്തിക്കൊല കണ്ട
ത്രില്ലിലോ പേടിയിലോ  ജനം ഞെട്ടി നിന്നു.

രക്ഷിക്കാനാരെങ്കിലും?
ഇല്ല. കണ്ടില്ല.  
വാല്‍ അകിടിലൊട്ടിയ ഒരു നഗരനായയായി, ഞാനും.
പേടിയായിരുന്നു എനിക്കും, ഒന്ന് കുരയ്ക്കാന്‍ പോലും. 

മരിക്കുന്നവന്റെ കണ്ണിലെ ക്യാമറയില്‍    
എല്ലാം പതിയുന്നെന്ന്  തോന്നി.
കുറ്റത്തിനു് കൊന്നവനേയും
മരണത്തിനു് കുത്തേറ്റവനേയും പണ്ടേ
പരിചയമുണ്ടായിരുന്നെന്ന് തോന്നി.
തമ്മിലറിയാത്തവരായിരുന്നു
കൊന്നവനും മരിച്ചവനും മറ്റെല്ലാരും.
ദുരന്തത്തിലും ആരും അറിഞ്ഞില്ലന്യോന്യം.

അത് വിട്. 
ആ സമയത്ത് ആ നിരത്തിന്റെ പിന്നിലെ
ഓഫീസുകളുടെ നടുമുറ്റത്തേക്ക് വാനുകള്‍ 
പായുന്നത് നീ കണ്ടോ? 
വാനില്‍നിന്നും ബന്ദോസിലേക്കും
ബന്ദോസില്‍നിന്ന് വാനിലേക്കും വോട്ടുപെട്ടികള്‍
മാറിക്കേറുന്നത് നീ കണ്ടോ?
കാണാതെ? 
കണ്ണ് വ്യൂ ഫൈന്‍ഡര്‍; സ്ലൈഡുകള്‍ മാറി മാറി വരും,
കാണും; വേറെന്താ കണ്ണിനു് പണി?
എന്ത്?
പെട്ടി മാറുന്നതും വാനുകള്‍ ചീറിപ്പായുന്നതും കണ്ടു.
കണ്ടോ?
കണ്ടു; എന്തിനാ ഈ വെപ്രാളമെന്ന് മാത്രം
കാണാനായില്ല.

ഇല്ല. നീയൊന്നും കണ്ടില്ല.
കുത്തലോ ചാവലോ 
വാനോ പെട്ടിയോ ഒന്നും.

ആര് ചോദിച്ചാലും നീ അന്ന് 
കൂര്‍ഗിലെ കുരുമുളക് തോട്ടത്തില്‍.
മറിച്ചെന്തെങ്കിലും മിണ്ടിപ്പോയാലോ
മിണ്ടില്ല നീ പിന്നെ. 

ചിത്രീകരണം - സുധീഷ് കോട്ടേമ്പ്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com