സത്യസന്ധനും ബുദ്ധിമാനും: രാവുണ്ണി എഴുതിയ കവിത    

ഗുമസ്തന്റെ വീട് സത്യസന്ധനുംസത്യസന്ധന്റെ വീട് ഗുമസ്തനുംസ്വന്തം വീടു തന്നെ ആയിരുന്നു
സത്യസന്ധനും ബുദ്ധിമാനും: രാവുണ്ണി എഴുതിയ കവിത    

 രിടത്തൊരിടത്ത്
ഒരു ജ്യോത്സ്യനും ഗുമസ്തനും ഉണ്ടായിരുന്നു
അവര്‍ അയല്‍ക്കാരും ചങ്ങാതിമാരും ആയിരുന്നു.
ജ്യോത്സ്യന്‍, ബുദ്ധിമാന്‍, കഷ്ടിപിഷ്ടി ജീവിതം
ഗുമസ്തന്‍, സത്യസന്ധന്‍, പൊത്തുംപിടിയും ജീവിതം
ഗുമസ്തന്റെ വീട് സത്യസന്ധനും
സത്യസന്ധന്റെ വീട് ഗുമസ്തനും
സ്വന്തം വീടു തന്നെ ആയിരുന്നു

യൗവ്വനം വന്നുദിച്ചപ്പോള്‍
അവര്‍ സന്തോഷത്തോടെ അയല്‍നാടുകളില്‍നിന്നു
കല്യാണം കഴിച്ചു
ഇരുവര്‍ക്കും ആണ്‍മക്കളുണ്ടായി

ജ്യോത്സ്യന്റെ മകന്‍, സത്യസന്ധന്‍,
പഠിച്ചു പാസ്സായി
ടെസ്റ്റുകള്‍ തുരുതുരാ എഴുതി
സര്‍ക്കാര്‍ ഗുമസ്തനായി നാടുചുറ്റി

ഗുമസ്തന്റെ മകന്‍, കുശാഗ്രബുദ്ധി,
പഠിക്കാതെ, പാസ്സാവാതെ
ടെസ്റ്റൊന്നും കടക്കാനാവാതെ
ജ്യോത്സ്യം പഠിച്ചു
ബോര്‍ഡുവെച്ചു വീട്ടിലിരുപ്പായി

ജ്യോത്സ്യന്റെ മകന്‍ ഗുമസ്തന്‍ സത്യസന്ധന്‍
പി.എഫ്. എടുത്തു സ്‌ക്കൂട്ടര്‍ വാങ്ങി
ഗുമസ്തന്റെ മകന്‍ ജ്യോത്സ്യന്‍ ബുദ്ധിമാന്‍
ബാങ്ക് എക്കൗണ്ടില്‍നിന്നു ഇത്തിരിയെടുത്ത്
പുതു മോഡല്‍ കാറുവാങ്ങി

സത്യസന്ധനായ ജ്യോത്സ്യന്റെ മകന്‍ ഗുമസ്തന്‍
ലോണെടുത്തു വീടുവെച്ചു
പില്‍ക്കാലം ലോണ്‍ തിരിച്ചടക്കാനാവാതെ
വീടും സ്‌ക്കൂട്ടറും ജപ്തിയായി

ബുദ്ധിമാനായ ഗുമസ്തന്റെ മകന്‍ ജ്യോത്സ്യന്‍
അക്കൗണ്ടില്‍നിന്നു ഇത്തിരീശ എടുത്ത്
പുതുമോഡല്‍ കാറുകള്‍ വാങ്ങിക്കൂട്ടി
പുരയിടങ്ങള്‍ വാങ്ങിക്കൂട്ടി

അക്കൂട്ടത്തില്‍
സത്യസന്ധന്റെ വീടും
ബുദ്ധിമാന്‍ ലേലത്തില്‍ എടുത്തു

സത്യസന്ധന്റെ വീട്ടില്‍ ബുദ്ധിമാന്‍ താമസമാക്കി
അങ്ങനെ അച്ഛന്മാരുടെ ചങ്ങാത്തം
മക്കള്‍ അത്യത്ഭുതകരമായി തുടര്‍ന്നു

ബുദ്ധിയും സത്യസന്ധതയുമില്ലാത്ത ഒരു ഗുമസ്തകവി എഴുതിയ
ഗുണപാഠങ്ങളില്ലാത്ത ഒരു ഗദ്യകവിതയിലെ
നായകകഥാപാത്രങ്ങളായി എന്ന വൃത്താന്തം അറിയാതെ
സത്യത്തിന്റെയും ബുദ്ധിയുടെയും കുഴമറിച്ചിലുകള്‍ മനസ്സിലാവാതെ
അവര്‍ കാലം കഴിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com