'സ്മാരകങ്ങള്‍'- ബാബു സക്കറിയ എഴുതിയ കവിത

ഇരുപത്തഞ്ചോളം വര്‍ഷങ്ങള്‍താമസമില്ലാതെ കിടന്നൊരു വീട് വാടകയ്ക്കെടുത്ത്താമസം തുടങ്ങിയ അന്നു രാത്രിയില്‍അവളെന്നോടു പറഞ്ഞു,മറ്റാരുടേയോ ഓര്‍മ്മകള്‍കൊണ്ട്ശ്വാസംമുട്ടും പോലെ
'സ്മാരകങ്ങള്‍'- ബാബു സക്കറിയ എഴുതിയ കവിത

രുപത്തഞ്ചോളം വര്‍ഷങ്ങള്‍
താമസമില്ലാതെ കിടന്നൊരു വീട് വാടകയ്ക്കെടുത്ത്
താമസം തുടങ്ങിയ അന്നു രാത്രിയില്‍
അവളെന്നോടു പറഞ്ഞു,
മറ്റാരുടേയോ ഓര്‍മ്മകള്‍കൊണ്ട്
ശ്വാസംമുട്ടും പോലെ

ഞാനവളുടെ ചങ്കും പുറവും
പതുക്കനെ തടവിക്കൊടുത്തു
ചേര്‍ത്തു കിടത്തിയപ്പൊഴാ ഹൃദയം പറഞ്ഞു,
മറ്റേതോ കാലത്തിന്റെ കലര്‍പ്പുള്ള മിടിപ്പുകള്‍

പിന്നീടൊരു ദിവസം
വീടിനു പിന്നില്‍ കാടുകേറിക്കിടക്കുന്ന സ്ഥലം തെളിച്ച്
പച്ചക്കറികള്‍ നടണമെന്ന് അവള്‍ പറഞ്ഞു

കിളച്ചുചെല്ലുമ്പോള്‍
പുറത്തേക്കു വന്നുകൊണ്ടിരുന്നു
മണ്ണേറെക്കാലം പൊതിഞ്ഞുസൂക്ഷിച്ചവ
ടൂത്ത്ബ്രഷ്
പേന്‍ചീപ്പ്
ഷേവിംഗ്സെറ്റ്
റബ്ബര്‍പ്പന്ത്
ഒടിഞ്ഞ സ്പൂണ്‍
ചെരിപ്പ്
ഇലക്ട്രിക് ബള്‍ബ്
കുറ്റിപ്പെന്‍സില്‍
മെഴുകുതിരിസ്റ്റാന്‍ഡ്, അങ്ങനങ്ങനെ
എല്ലാം കോരിയെടുത്ത് ഒരിടത്തു കൂട്ടിയിട്ടു
കൂട്ടത്തിലൊരു ഇന്‍ഹേലറും കണ്ടു
ഞാനതു കയ്യിലെടുത്തു
ഞെരുങ്ങിയിടറിവരുമൊരു വീര്‍പ്പ്
വിരലുകളില്‍ തടഞ്ഞെന്നു തോന്നി
ആരുടേയോ ചങ്കും പുറവും തടവാനായി
അറിയാതെ തൂമ്പ താഴെയിട്ടു

ഈ ജനലരികില്‍
തണലിനെ ചുറ്റിപ്പിടിച്ചുനില്‍ക്കുന്ന ചില്ലപ്പടര്‍പ്പുകളിലേക്ക്
മറ്റൊരു ദിവസത്തെ കാഴ്ചയിലേക്കെന്നപോലെ നോക്കിയിരിക്കുമ്പോള്‍
ശ്വാസംമുട്ടുന്ന പോലെ

ഞാനാരുടെയെങ്കിലും തുടര്‍ച്ചയാണോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com