'വീണ്ടെടുപ്പ്'- ശ്രീകുമാര്‍ മുഖത്തല എഴുതിയ കവിത

കിളിക്കാലടയാളത്തില്‍ഭൂപടത്തിന്റെ രേഖകള്‍ഇടവും വലവും നോക്കിഞാന്‍ വരച്ചിട്ടു ഭൂമിയില്‍
'വീണ്ടെടുപ്പ്'- ശ്രീകുമാര്‍ മുഖത്തല എഴുതിയ കവിത

കിളിക്കാലടയാളത്തില്‍
ഭൂപടത്തിന്റെ രേഖകള്‍
ഇടവും വലവും നോക്കി
ഞാന്‍ വരച്ചിട്ടു ഭൂമിയില്‍.

ധാതുക്കള്‍ 1രസവും സത്തും
കാറ്റും കടലുമൊക്കെയും 
ഒരൊറ്റ വിരലിന്‍ തുമ്പാല്‍
കൈവശം വച്ചു പോന്നു ഞാന്‍

ആലക്തിക പ്രഭാവത്താല്‍
രാത്രിയെപ്പകലാക്കി ഞാന്‍
പകലിന്‍ വെണ്‍മയെബ്ഭീതി-
പ്പെടുത്തി വിളറിച്ചു ഞാന്‍.

പെണ്ണിന്റെയുടല്‍, മണ്ണിന്റെ
ഫലം പേറിയ ഗര്‍ഭവും
അമര്‍ത്തിക്കാല്‍ക്കീഴില്‍ വച്ചു
2കൈലാസോദ്ധാരമാടി ഞാന്‍

മെലിഞ്ഞ കൈവിരല്‍, ക്ഷീണം
കലര്‍ന്നുള്ള വചസ്സുകള്‍
അരുതെന്നോതിയിട്ടുണ്ടാം
ആരു കേട്ട,വയൊക്കെയും.

ഇന്നിപ്പോള്‍ നോക്കിനില്‍ക്കുമ്പോള്‍
ഭൂമി സര്‍വ്വത്ര നിശ്ചലം
3ശൂന്യതയ്ക്കു കളിപ്പാനാ-
യാരൊരുക്കിയരങ്ങുകള്‍?

ഒറ്റയ്ക്കിറങ്ങി നില്‍ക്കുന്നൂ
മൃതി, 4സന്തപ്ത സൈ്വരിണി
രോദനങ്ങള്‍ മരയ്ക്കുന്ന
നിര്‍വ്വികാരത ചുറ്റിലും

ആരവാരങ്ങളെല്ലാം പോ-
യൊറ്റയ്ക്കകത്തിരിപ്പു ഞാന്‍
പേടിയാവുന്നു കാണാത്ത-
കാണാനാവാത്ത ശത്രുവോ?

ചാരത്തുണ്ടാവുമോ? തന്റെ-
യുള്ളില്‍ത്താന്‍ കുടിയേറുമോ?
തൊട്ടടുത്തു വരുന്നോന്റെ
പ്രാണവായുവിലാവുമോ?

ഭയം! തീവ്രഭയം! സര്‍വ്വം
ബന്ധിച്ചിട്ട നിലയ്ക്കു ഞാന്‍
എന്നാലും പേടി! എങ്ങന്റെ-
5യാഭൂതികള്‍! വിഭൂതികള്‍

അന്ത്യരംഗമിതെന്നെന്റെ-
യന്തരംഗം നിനയ്ക്കവേ
സാന്ത്വനംപോലെ നീളുന്നൂ
വിസ്മയത്തിന്റെ കൈവിരല്‍.

അമ്മയുടെ വാക്കുകള്‍: 
''നിന്റെ പേടിച്ചരണ്ടുള്ള
പിന്നാക്കം മാറിനില്‍ക്കലില്‍
6കാന്തിമത്തായ ജീവന്റെ
ശുദ്ധി നേടി വരുന്നു ഞാന്‍.

7പൃഥ്വിയെന്നു വിളിക്കുമ്പോള്‍
വിശാലം നിന്റെ ക്ഷേത്രമായ്
8ഭൂമിയെന്നു വിളിച്ചാറെ
എല്ലാമെന്നില്‍ ഭവിച്ചതായ്

9ക്ഷിതിയെന്നു വിളിച്ചപ്പോള്‍
പ്രാണികള്‍ക്കുള്ള ഗേഹമായ്
നീ 10'ഉര്‍വ്വര'യെന്നപ്പോള്‍
ദാരിദ്ര്യത്തെയൊടുക്കി ഞാന്‍

ഒക്കെയും നീ മറന്നാലും
11ഭൂതധാത്രിയതാകയാല്‍
നിന്നെ ഞാന്‍ ചേര്‍ത്തുനിര്‍ത്തുന്നു
ശരിപ്പേ'രമ്മ'യാകയാല്‍

-------------

മനുഷ്യന്‍ ഒരു മഹാവ്യാധിക്കു മുന്നില്‍ നിസ്സഹായയാവുകയും എന്നാല്‍ തളരാതെ പോരാടുകയും ചെയ്യുന്ന കാലത്തിന്റെ സാക്ഷ്യം.

1. രസം എന്നാല്‍ ജലം എന്നും അര്‍ത്ഥം
2. രാവണന്റെ കൈലാസമുയര്‍ത്തല്‍-കഥകളിയരങ്ങ് മനസ്സില്‍
3. 'കരുണ'യിലെ ശ്മശാനവര്‍ണ്ണനയില്‍ ആശാന്‍, ശൂന്യതയ്ക്കു കളിപ്പാനൊരുക്കിയിട്ട സ്ഥലം, എന്നു പറയുന്നു.
4. സ്വതന്ത്രയായി വിഹരിക്കുന്നവള്‍
5. ആഭൂതി - അമാനുഷികബലം, വിഭൂതി -  സിദ്ധികള്‍
6. മനുഷ്യന്‍ പഠിക്കുന്ന പാഠം. ലോകത്ത് മാലിന്യം കുറയുന്നു.
7. പൃഥ്വി-വിശാലതയുള്ളത്
8. ഭൂമി-എല്ലാം സംഭവിക്കുന്നത്
9. ക്ഷിതി-പ്രാണികള്‍ നിവസിക്കുന്നത്
10. ഉര്‍വ്വര-ദാരിദ്ര്യത്തെയൊടുക്കുന്നത്
11. എല്ലാറ്റിന്റേയും വളര്‍ത്തമ്മ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com