'തായ്‌വേരിനാല്‍'- സെറീന എഴുതിയ കവിത

ഉറക്കം മുറിയുന്ന രാത്രികളില്‍കഥകളുടെ പിരിയന്‍ ഗോവണിയിറങ്ങി അവരെന്റെ അരികില്‍ വന്നുഎനിക്കും എനിക്കറിയാത്ത മറ്റൊരു  എനിക്കുമിടയില്‍ അനേകംവിടവുകളെഅര്‍ത്ഥങ്ങളാക്കി,വിടര്‍ന്ന  ചിരിയോടെ അവരിരുന്നു
'തായ്‌വേരിനാല്‍'- സെറീന എഴുതിയ കവിത

ന്റെ ഉമ്മുമ്മയുടെ ഉമ്മ
മുപ്പത്തിരണ്ടില്‍ ഭ്രാന്ത് വന്ന് മരിച്ചുപോയി
എന്റെ ഉമ്മ പോലും കണ്ടിട്ടില്ലാത്ത അവരെ
ഞാന്‍ കണ്ടിട്ടുണ്ട്.

ഉറക്കം മുറിയുന്ന രാത്രികളില്‍
കഥകളുടെ പിരിയന്‍ ഗോവണിയിറങ്ങി അവരെന്റെ അരികില്‍ വന്നു
എനിക്കും എനിക്കറിയാത്ത മറ്റൊരു  എനിക്കുമിടയില്‍ അനേകം
വിടവുകളെ
അര്‍ത്ഥങ്ങളാക്കി,
വിടര്‍ന്ന  ചിരിയോടെ അവരിരുന്നു

അവരെ കുറിച്ചു കേട്ട കഥകള്‍,
പൊടി പറ്റാത്ത
നിലക്കണ്ണാടിപോലെ തിളങ്ങി
അതില്‍ ഞാന്‍ നഗ്‌നയായി നിന്നു.

മറ്റെങ്ങും വെളിപ്പെടാത്ത
അടയാളങ്ങളുടെ ആഴവും
അകാരണമായ കരച്ചിലിന്റെ വേരുകളും
തെളിഞ്ഞു വന്നു

മരിച്ചതിനാല്‍ എന്നേക്കാള്‍  
ചെറുപ്പമായിരുന്ന,
എണ്ണ കിനിയുന്ന വിരലുകള്‍കൊണ്ട്
അവരെന്നെ തൊട്ടു.  
മറന്നേ പോയ ഇനിപ്പെന്ന വാക്ക് തെളിഞ്ഞു

ചൂരല്‍ക്കാട്ടിലേക്കുള്ള അവരുടെ
പ്രാന്തന്‍നടത്തങ്ങള്‍
കൊടും മഴയെ കരിം വേനലിനെ
തടുത്ത ഉടല്‍

ഒരു വ്യാകരണത്തിനും വഴങ്ങാതെ
ഉള്ളില്‍ കുതറുന്നതെന്തെന്ന്
കവിതപോലെ അറിഞ്ഞു
ഹൃദയത്തിന്റെ
കുരുക്കുകള്‍ ഓരോന്നായി
അഴിഞ്ഞഴിഞ്ഞു വന്നു

മരിച്ചുപോയതിനാല്‍ മാത്രം
അവരെ തൊടാതെ പോയ
ഉടവുകളും  ഉലച്ചിലുകളും
അവരുടെ ചുളിവുകളെ
ഏറ്റുവാങ്ങാനിരിക്കുന്ന
എന്റെ തൊലി

പരസ്പരം തോളത്തു കൈവെച്ചു
തീവണ്ടി മുറികളാകുന്ന
കുട്ടികളെപ്പോലെ
പുറത്ത് കേള്‍ക്കാത്തൊരു
ഇരമ്പത്തില്‍ മുങ്ങി
വണ്ടിയും യാത്രക്കാരും ഞങ്ങളായി
പാളം തെറ്റുന്നതും
വേഗം വന്നിടിച്ചു ചാവുന്നതും ഞങ്ങളായി

ഭ്രാന്തിയായിരിക്കാനും
മരിച്ചുപോവാനും
ബലമുണ്ടായിരുന്ന  ഒരുവളോട്,
മരുന്നുകളാലും  കീറിക്കളയുന്ന
മരണമൊഴികളാലും  
മറുകര കടക്കുന്ന
ഒരുവള്‍ക്ക് തോന്നുന്ന
പ്രേമമെന്നവര്‍ ചിരിച്ചു.

രണ്ട് തലമുറകളുടെ
വലിയ നദിക്കരയില്‍നിന്നും
മുങ്ങിപ്പോകാന്‍ വേണ്ടി മാത്രം
പുറപ്പെടുന്ന ഒരു  തോണിയില്‍
കയറുമ്പോള്‍ വീഴാതിരിക്കാന്‍
അവരെന്റെ കൈ മുറുകെ പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com