'കാഴ്ചപ്പാട്'- ആര്‍ദ്ര എഴുതിയ കവിത

ഉറുമ്പുകളു,റുമ്പുകള്‍ നിലത്ത്, ചുമരിന്റെ മടക്കില്‍, മേശക്കാലില്‍, ജനലിന്റെ പടിയില്‍, പാളിതുറക്കും വിടവില്‍...
'കാഴ്ചപ്പാട്'- ആര്‍ദ്ര എഴുതിയ കവിത

റുമ്പുകളു,റുമ്പുകള്‍ നിലത്ത്, 
ചുമരിന്റെ മടക്കില്‍, 
മേശക്കാലില്‍, 
ജനലിന്റെ പടിയില്‍, പാളി
തുറക്കും വിടവില്‍...
മെല്ലെയടിവച്ചടിവച്ച് 
നടപ്പൂ പിന്നില്‍പ്പിന്നില്‍...

കിടന്നുകാണാം മാന 
മെനിയ്ക്കീ മുറിയുടെ 
മടിയില്‍നിന്നും. 
കാറ്റില്‍ മരങ്ങള്‍
അവയുടെ പച്ചച്ച കുപ്പായങ്ങള്‍,
ഇളക്കി ആടുംവണ്ണം 
ചുവടുവയ്പതും...
മഞ്ഞഞൊറികള്‍ പോലെ 
പഴുത്തിലകള്‍ കൊഴിപ്പതും... പല
നിറത്തില്‍ പൂക്കള്‍ 
കുടഞ്ഞെറിഞ്ഞെന്നെ വന്നു
കളിക്കാന്‍ വിളിപ്പതും...

കിടന്നു കാണും മാനം
കിടന്നു കാണും തൊടി
കിടന്നു കാണും വഴി
കിടന്നാല്‍ കാണാമെല്ലാം...

കിടപ്പിലുരുളുന്ന പകലും രാവും
മെല്ലേ ഉടുപ്പൂരിയാല്‍ കാണും 
തൊലിയും മിനുസവും
അരോഗദൃഢമെന്നുടല്‍... ആരും
തൊടാന്‍ കൊതിക്കും കൈകള്‍,
പതുത്ത വയര്‍, കവില്‍ത്തടങ്ങള്‍
മറുകുകള്‍, മുലകള്‍, വടിവുകള്‍
കിടക്കുന്നിവയെല്ലാം
മുറിയില്‍ എനിക്കൊപ്പം...

മനസ്സുമുടലും ഐക്യപ്പെടുന്നീ മട്ടില്‍
ഏതോ സമരം ചെയ്യും മട്ടില്‍...
കിടപ്പില്‍... തളര്‍ച്ചയില്‍...
കിടക്കവിരിയില്‍ ദേഹ
മുരസുമിടങ്ങളില്‍,
അറിയാം ജീവന്‍ തന്നെ
വിടാതെ നില്‍ക്കും വിധം.

ചെവിയില്‍, കണ്ണില്‍, നാവില്‍
തൊലിയില്‍, നാസാരന്ധ്ര
ച്ചുഴിയില്‍ ജീവന്‍ പേറും 
കളിമണ്‍ പ്രതിമപോല്‍...

നിഴലും നിഴല്‍മായ്ക്കുമിരുളും
തിരിച്ചെത്തും പകലും
കാറ്റിന്നുപ്പും കടലിന്നിരമ്പവും
മതി,യീ മുറിയുടെയരികില്‍ 
ജനാലയ്ക്കല്‍ കിടന്നു കാണാം
ഞാനീ പ്രപഞ്ചം... ജീവന്‍
 ചുക്കിച്ചുളിഞ്ഞ് കൊഴിയുമ്പോള്‍
പശിദാഹവും തീര്‍ന്ന്, 
പതുക്കെയെഴുന്നേറ്റ്,
നടന്നുനീങ്ങും മുറി കടന്ന്,
വരാന്തയും മതിലും നാടും
കടന്നകലെ മറയും ഞാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com