'ക്ലോണ്‍ റിപ്പബ്ലിക്കിലെ ഡിനോസര്‍ മുട്ടകള്‍'- സുദീപ് ടി. ജോര്‍ജ് എഴുതിയ കവിത

ഒരേമുഖമുള്ളവരെ മാത്രം വഴിയില്‍ കാണുന്ന ഒരു ദിവസംഉച്ചതിരിയാന്‍ കാത്തുനില്‍ക്കരുത്.മൈനകളും മാടത്തകളും മതിലിലെ പുഴുക്കളെ കൊത്തിത്തിന്നുന്നത് നോക്കരുത്
'ക്ലോണ്‍ റിപ്പബ്ലിക്കിലെ ഡിനോസര്‍ മുട്ടകള്‍'- സുദീപ് ടി. ജോര്‍ജ് എഴുതിയ കവിത

രേമുഖമുള്ളവരെ മാത്രം വഴിയില്‍ കാണുന്ന ഒരു ദിവസം
ഉച്ചതിരിയാന്‍ കാത്തുനില്‍ക്കരുത്.
മൈനകളും മാടത്തകളും 
മതിലിലെ പുഴുക്കളെ 
കൊത്തിത്തിന്നുന്നത് നോക്കരുത്.
കാറപകടത്തില്‍ പെടരുത്.
കപ്പലില്‍ കയറരുത്.
തൊണ്ടയിലെ 
കുങ്കുമവളയത്തില്‍ 
വെള്ള വരഞ്ഞ 
പച്ചത്തത്തയുടെ കൂക്കു കേട്ട് 
മലകളിലേക്കു പോവരുത്.
കയത്തിലേക്കെയ്യരുത്.

ഒരേമുഖമുള്ളവരെ വഴിയില്‍ കാണുന്ന ദിവസം
കൊങ്കണിലെ ഇരട്ടവരയന്‍ മാര്‍ജിനിലൂടെ
പോര്‍ബന്തറിലേക്ക് പോര്‍ക്കുതിരകളെ കയറ്റി അയയ്ക്കാം.
പാടലീപുത്രത്തിലേക്ക് പഴുത്ത കൈതച്ചക്കകള്‍ കൊടുത്തുവിടാം.
ബനാറസിലെ വയലുകളില്‍
ജനിതകം തിരുത്തിയ
പരുത്തി വിതയ്ക്കാം.
പൗരത്വമില്ലാത്ത ഇലകള്‍
ഉണക്കിപ്പൊടിച്ചു തിളപ്പിച്ച്
ആസാം ആപ്പിള്‍വാലിയുടെ പരസ്യത്തിനൊപ്പം 
പശുവിന്‍പാല്‍ ചേര്‍ത്ത് കുടിക്കാം.

ഒരേമുഖമുള്ളവര്‍ കൂട്ടിക്കൊണ്ടു പോകാന്‍ 
വീട്ടില്‍ വരുന്ന ദിവസം
ഒരു റോസച്ചെടിയുടെ രണ്ടു മുള്ളുകള്‍ക്കിടയിലെ വിശാലതയില്‍
അഴിഞ്ഞോടുക.
തുറമുഖത്തുനിന്നു വാങ്ങിയ പെര്‍മിറ്റ് കാട്ടി
കടലില്‍ കൃത്യം മൂന്നുവട്ടം മുങ്ങുക.
തിരയടിച്ചു വീണ്
ഒരു മുങ്ങല്‍ കൂടിപ്പോയാല്‍
നാഗ്പൂരില്‍നിന്നു ലഡാക്കിലേക്കുള്ള
ഹൈവേയിലെ മഞ്ഞ് 
നാലുദിവസം കോരുക.
നാരുള്ള പച്ചക്കറികളും 
ഉണങ്ങിയ പഴങ്ങളും 
മാത്രം ഭക്ഷിച്ച്,
ഹിമാനികള്‍ തണുപ്പിച്ച
ഗുഹാമുഖത്തൊരു സമോവര്‍ കത്തിക്കുക.
അതിരാവിലെ ഉണര്‍ന്ന്
ഒരു തീവണ്ടി പിടിച്ച് മറ്റൊരാളെ കയറ്റി വിടുക.

നാല്പത്തിനാല് വരികളെഴുതിയ കടലാസിനാല്‍
കാലവര്‍ഷത്തിനൊരു കപ്പല്‍ക്കുഞ്ഞിനെ കൊടുത്തിട്ട്
ആളുക... ആളുക... ആളുകളാവുക.

ഇതൊരു കവിതയല്ല.
ഒരു വരിയും ഇനി കവിതയാകില്ല.
ഇന്നലെ രാത്രിയില്‍
ഈ റിപ്പബ്ലിക്കിലെ അവസാന കവിതയും 
കൊല്ലപ്പെട്ടു.

എല്ലാ ലിപികളും
ഡിനോസറുകള്‍ക്കൊപ്പം നടക്കാന്‍ പോയിരിക്കുന്നു.
വാക്കുകള്‍ ഇനി
ഡിനോസറിന്റെ മുട്ടകള്‍ മാത്രം വിരിയിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com