'മറുപുറത്ത്'- ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത
By ജെനി ആന്‍ഡ്രൂസ് | Published: 31st December 2020 05:28 PM |
Last Updated: 31st December 2020 05:28 PM | A+A A- |

വിരല്‍നീട്ടിത്തൊടാതെ തന്നെ
ഞാന്‍ വിശ്വസിക്കുന്നു, വിശ്വസിക്കുന്നു,
ഈ ജനലിലൂടെ ചൊരിയപ്പെടുന്നത്
മുഴുവനാകാശവുമെന്ന്,
ഈ പകല്‍നക്ഷത്രങ്ങളുടെയെല്ലാം
നിരന്തരപ്രകാശം ഉള്ളില്‍ നിറച്ചതെന്ന്.
ഈ കുഴങ്ങല്‍ എല്ലാ കുഴങ്ങലുകളുടേയും
കണികയടുങ്ങിയത്.
ഈ നടവഴി, എല്ലാ
ചലനചഞ്ചലങ്ങള്‍ക്കും ഉരകല്ല്.
അവ ഇഴഞ്ഞ മന്ദഗതികളും
അവ പാറിയ ദ്രുതഗതികളും.
യുക്തികള്‍ വലനെയ്യല്‍ നിര്‍ത്തി
നിഷ്‌ക്രിയമിരിക്കേ, എളുപ്പമാണ്
ലോകങ്ങളെ ചമയ്ക്കുവാന്‍.
ഇങ്ങുവന്നുദിക്കു,ന്നസ്തമിക്കുന്നു
ഉദയമല്ലാത്തവ,
അസ്തമയവുമല്ലാത്തവ.
ദൃശ്യതയുടെ മറുപുറത്ത്
ഒരു സ്വപ്‌നമായ് ഞാന്‍ ഒട്ടിയിരിക്കുന്നു.
ഭൂമിയെ വായിക്കുവാന്‍
മറ്റൊരു കണ്ണട.
മലമുകളില്‍ പൂക്കളെന്നപോല്‍
കാഴ്ചയുടെ വിടര്‍ച്ച.
താഴ്‌വാരത്തട്ടുകളും
പൂത്തുലയുകയാണ്,
ഭേദാഭേദങ്ങളിലൂടെ
ഭേദം തോന്നാതെ.
ലോകം, കണ്ണുകളുടെയെല്ലാം
നോട്ടം നീളുന്നൊരു വെളിമ്പുറം,
തല്‍ക്കാലത്തെ വിളമ്പിച്ചേര്‍ത്ത
മേശപ്പുറം.
ലോകവുമിപ്പോള്‍ കാണു,ന്നൊരു സ്വപ്‌നം:
ചമയങ്ങള്‍ ചിലത് അണിഞ്ഞും
രംഗങ്ങള്‍ ചിലത് ആടിയും
കാണികളായ് പകച്ചുനിന്നും
ആദ്യകാണ്ഡം തികച്ച്
ദ്വിതീയത്തിന്‍ പടിയിലേക്ക്
ഉയിരുകള്‍ ഉദ്ഗമിക്കുമെന്ന്
കണ്ണുകളെല്ലാം തന്നിലൂടെ
തനിക്കപ്പുറമുള്ളവയിലേക്ക്
നോട്ടം തിരിക്കുമെന്ന്.