'ഭൂപടത്തില്‍ ഇല്ലാത്തത്'- ശിവദാസ് പുറമേരി എഴുതിയ കവിത

ഉറക്കത്തിന്റെഊടുവഴിയിലൂടെ നടന്നുനടന്നുചിലപ്പോള്‍ നീ എത്തിച്ചേരുകമരിച്ചതുപോലെ മറന്നുപോയനിന്റെ പഴയ വീട്ടുമുറ്റത്തായിരിക്കും.
'ഭൂപടത്തില്‍ ഇല്ലാത്തത്'- ശിവദാസ് പുറമേരി എഴുതിയ കവിത

റക്കത്തിന്റെ
ഊടുവഴിയിലൂടെ നടന്നുനടന്നു
ചിലപ്പോള്‍ നീ എത്തിച്ചേരുക
മരിച്ചതുപോലെ മറന്നുപോയ
നിന്റെ പഴയ വീട്ടുമുറ്റത്തായിരിക്കും.

അതിര്‍ത്തിവേലികടന്ന്
ഒതുക്കുകല്ലുകള്‍ കയറുമ്പോള്‍
പണ്ടെന്നോ വീശിയ
പരിചിതമായ
ഒരു തണുത്തകാറ്റ്
നിന്നെ തൊട്ടുതലോടി
കടന്നുപോകും.
പൊടിഞ്ഞുവീഴുന്ന
ചാറ്റല്‍മഴയും നനഞ്ഞ്
നീ നടന്നുവരുന്നതു കണ്ട്
കാറ്റ് ഇലകളോട്
സ്വകാര്യം പറയും.
ചില്ലകള്‍ നിന്നെ നോക്കി
തലയാട്ടും.
നിനക്കേറെയിഷ്ടപ്പെട്ട
പാര്‍വ്വതിപ്പൂക്കളും
ചെമ്പരത്തിയും
പതിവിലുമേറെ ഭംഗിയോടെ
വിരിഞ്ഞുനില്‍ക്കും.
നിന്റെ വരവുകണ്ടു മുത്തശ്ശി
ചിരിച്ചുകൊണ്ട്
മുറ്റത്തിറങ്ങിനില്‍ക്കും
ഓടിച്ചെന്ന് മുത്തശ്ശിയെ
കെട്ടിപ്പിടിക്കുമ്പോള്‍
നടവഴിയില്‍ ചിലച്ചുകൊണ്ടിരുന്ന
ചവേലാതിപ്പക്ഷികള്‍
പറന്നുപോകും.
മുത്തശ്ശി നിന്റെ നെറ്റിയില്‍
തണുത്ത ഉമ്മകള്‍ വെക്കും.

കോലായിലിരുന്ന്
മുത്തച്ഛന്‍ ചിരിക്കും
തണുത്ത കൈകളാല്‍
നിന്നെ ചേര്‍ത്തുപിടിച്ച്
വിശേഷങ്ങള്‍ തിരക്കും
അപ്പോള്‍ തണുത്ത കാറ്റ്
വീശിക്കൊണ്ടിരിക്കും.

അകത്തുനിന്ന്
ആരോ വിളിക്കുന്നതായി തോന്നും.
കാണാനാവാത്ത
ഒരു കുഞ്ഞുപാദസരക്കിലുക്കം
നിന്നെ കൈപിടിച്ച്
അകത്തേക്കു കൊണ്ടുപോകും.

പഴയൊരാ വീടിന്റെ
വെളിച്ചം കുറഞ്ഞ
കൊച്ചുമുറിയുടെ
ജാലകപ്പടിയിലും
കട്ടിലിനടിയിലും
നീയെന്തോ തിരഞ്ഞുകൊണ്ടിരിക്കും.

സമയം പോകുന്നതറിയില്ല.
യാത്ര പറഞ്ഞതും
ഇറങ്ങിയതും
ഓര്‍മ്മയുണ്ടാകില്ല.
തണുപ്പ് കൂടിവരുമ്പോള്‍
ഉറക്കത്തിന്റെ ഭൂഖണ്ഡത്തില്‍നിന്നും
പുറത്താക്കപ്പെട്ടതുപോലെ
പുതപ്പ് നേരെയാക്കി
ഇരുട്ടിലേക്ക് കണ്ണുകള്‍ തുറന്ന്
മഴയൊച്ചകേട്ട്
നീ വെറുതേ കിടക്കും.
മരിച്ചുപോയ പ്രിയപ്പെട്ടവര്‍
പാര്‍ക്കുന്ന
നിന്റെ നിലവിലില്ലാത്ത വീട്ടിലേക്കുള്ള വഴി
ഓര്‍ത്തെടുക്കാനാവാതെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com